കുടുംബം രോഗാതുരമാവാതിരിക്കണമെങ്കില്‍

//കുടുംബം രോഗാതുരമാവാതിരിക്കണമെങ്കില്‍
//കുടുംബം രോഗാതുരമാവാതിരിക്കണമെങ്കില്‍
സംതൃപ്ത കുടുംബം

കുടുംബം രോഗാതുരമാവാതിരിക്കണമെങ്കില്‍

‘സര്‍, എനിക്കെന്റെ ഉമ്മാനെ പേടിയാണ്; ഏതോ ഒരാളുടെ ഫോണ്‍ വരുമ്പോള്‍ ഉമ്മയുടെ  സ്വരം മാറുന്നു; വല്ലാതെ കൊഞ്ചിക്കുഴയുന്നു; അത് ഉപ്പയല്ലെന്ന് എനിക്കറിയാം… തന്റെ മക്കളെ കൊന്ന് കാമുകനോടൊപ്പം പോയ ഒരുവളെക്കുറിച്ച് പത്രത്തില്‍ വായിച്ചതിനു ശേഷം ഉമ്മയോടൊപ്പം കിടക്കാന്‍ പോലും എനിക്ക് പേടിയാണ്…’

‘എനിക്കിപ്പോള്‍  വിവാഹം വേണ്ട. എന്നാല്‍ ഉപ്പയും ഉമ്മയും എന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു; ഒരാള്‍ കാണാന്‍ വന്നിരുന്നു. അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ തന്നെ ഞാന്‍ ഞെട്ടിപ്പോയി; ഞാന്‍ ഏറ്റവുമധികം വെറുക്കുന്ന മുഖം. എന്നെ ചെറുപ്പത്തില്‍ പിടിക്കാന്‍ ശ്രമിച്ച അടുത്ത കുടുംബക്കാരന്റെ അതേ മുഖഛായ. എനിക്ക് പ്രായമായിത്തുടങ്ങുമ്പോഴായിരുന്നു ആ സംഭവം. വീട്ടില്‍ വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറുന്ന ഒരു ബന്ധു- അയാള്‍ ആരാണെന്ന് ഞാന്‍ പറയില്ല- എന്നെ കയറിപ്പിടിച്ചു. ഞാന്‍ കുതറി മാറിയെങ്കിലും അയാള്‍ എന്നെ എന്തൊക്കൊയോ ചെയ്തു. ഞാനിത് ഉമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ‘ഇതിനി ആരോടും പറയേണ്ട’യെന്നാണ്. അയാളുടെ അതേ മുഖമാണ് എന്നെ കാണാന്‍ വരുന്നവരെയെല്ലാം നോക്കുമ്പോള്‍ ഞാന്‍ കാണുന്നത്’

‘ഒരാള്‍ വിവാഹാലോചനയുമായി വന്നപ്പോഴേക്കും അയാളെ കെട്ടാനാണ് എന്റെ വല്ലിമ്മ എന്നോട് പറയുന്നത്. അയാള്‍ ആളു പോക്കാണ്. അയാളെ കല്യാണം കഴിച്ചില്ലെങ്കില്‍ പിന്നെ എനിക്ക് കല്യാണങ്ങളൊന്നും വരില്ലെന്നാണ് വല്ലിമ്മാന്റെ അഭിപ്രായം. ഞങ്ങ ളുടെ കുടുംബത്തിന് അത്ര വലിയ ചീത്തപ്പേരാണുള്ളത്. ഉപ്പയും ഉമ്മയും വിവാഹമോചിതരാണ്. ഉമ്മാനെ കല്യാണം കഴിച്ചിരിക്കുന്നത് ഉപ്പാന്റെ അനുജന്‍ തന്നെയാണ്; അങ്ങനെ വേണ്ടി വന്നതാണ്. ഉപ്പ വേറൊരു സ്ത്രീയെ വിവാഹം ചെയ്തു ജീവിക്കുന്നു. മതബോധമുള്ള ഒരാളെ വിവാഹം ചെയ്ത് നല്ലൊരു കുടുംബജീവിതം നയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇപ്പോള്‍ അന്വേഷിച്ചു വന്ന വിവാഹം ചെയ്താല്‍ എനിക്ക് അതിന് കഴിയില്ലെന്നുറപ്പാണ്. ഞാന്‍ എന്തു ചെയ്യണം?’

‘ലോകത്ത് ഇന്നുവരെ ഒരു ബാപ്പയും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ഞാനിപ്പോള്‍. എന്റെ വിവാഹിതയല്ലാത്ത മകള്‍ ഗര്‍ഭിണി യാണിപ്പോള്‍. അതിന്റെ ഉത്തരവാദിയാകട്ടെ എന്റെ ആദ്യ മകളുടെ ഭര്‍ത്താവും. എന്റെ മരുമകന് വീട്ടില്‍ നല്‍കിയ സ്വാതന്ത്ര്യമാണ് പ്രശ്‌നമായത്. ഭാര്യാസഹോദരിയെ സ്വന്തം സഹോദരിയെപ്പോലെയാണ് അവന്‍ കാണുന്നതെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചു. എന്താണിനി ചെയ്യുക?’

ഈ കരച്ചിലുകള്‍ നമ്മുടെയെല്ലാം കുടുംബങ്ങള്‍ക്കുള്ളില്‍ നിന്നുള്ളവയാണ്; ബന്ധുക്കള്‍ക്കിടയില്‍ നിന്നുള്ളവയാണ്; അയല്‍പ്പക്കങ്ങളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നവയാണ്. നാം എങ്ങോട്ടു പോയിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍! മുഖമക്കനയിട്ടവരുടേതാണ് ഈ കണ്ണുനീരുകള്‍ എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. മതത്തിന്റെ പുറംമോടികള്‍ വെറും അലങ്കാരങ്ങളും മേല്‍വിലാസവുമായി മാറുകയും ആത്മാവ് നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള ഗതികേട്. വിശുദ്ധഖുര്‍ആനും തിരുസുന്നത്തും വരച്ചു കാണിച്ച ധാര്‍മികത ഏടുകളില്‍ മാത്രം സ്ഥിതി ചെയ്യുകയും പുതിയ തലമുറയുടെ മൂല്യം നിശ്ചയിക്കുവാന്‍ നാം ദൃശ്യശ്രാവ്യമാധ്യമങ്ങളെയും അഭ്രപാളിയെയും ഏല്‍പിക്കുകയും ചെയ്തപ്പോഴുണ്ടായ സ്വാഭാവികമായ അപചയങ്ങള്‍!

ഇസ്‌ലാമികമായ പാഠങ്ങളിലേക്കുള്ള മടക്കമാണ് പരിഹാരമെന്ന വസ്തുത എല്ലാ മുസ്‌ലിംകളും അംഗീകരിക്കും. പക്ഷെ, എങ്ങനെ? നമ്മുടെ വീടും പരിസരവും ഇസ്‌ലാമീകരിക്കുവാന്‍ നാം ഒരുക്കമാണോ? അല്ലാഹു അനുവദിച്ചവരുടെ മുമ്പിലല്ലാതെ മറ്റാര്‍ക്കും മുമ്പില്‍ നഗ്നതയുടെ ചെറിയൊരു അംശവും പ്രദര്‍ശിപ്പിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യാന്‍ നാം സന്നദ്ധമാണോ? വിവാഹബന്ധത്തിന് അനുവദി ക്കപ്പെട്ട സ്ത്രീ-പുരുഷന്മാര്‍ ഒറ്റക്കാകരുതെന്നും ഒറ്റക്ക് യാത്ര ചെയ്യരുതെന്നുമുള്ള പ്രവാചകനിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണോ? അന്യപുരുഷന്മാരുടെ മുമ്പില്‍ നേരിട്ടാണെങ്കിലും ഫോണിലൂടെയാണെങ്കിലും കൊഞ്ചിക്കുഴയരുതെന്നും അവരെ ആകര്‍ഷിക്കുവാന്‍ കൈകാലുകള്‍ക്കൊണ്ട് ശബ്ദമുണ്ടാക്കരുതെന്നുമുള്ള ഇസ്‌ലാമികമായ അനുശാസനങ്ങള്‍ സ്വീകരിക്കുവാന്‍ നമുക്ക് കഴിയുമോ? അന്യരെ കാണുമ്പോള്‍ കണ്ണു താഴ്ത്തണമെന്ന ഖുര്‍ആനിക നിര്‍ദേശം പാലിക്കുവാന്‍ മുസ്‌ലിം സ്ത്രീ-പുരുഷന്മാര്‍ സന്നദ്ധരാണോ? മക്കളെ ഇസ്‌ലാമികമായി വളര്‍ത്തുവാനും അവര്‍ക്കാവശ്യമായ ധാര്‍മിക വിദ്യാഭ്യാസവും പ്രചോദനവും നല്‍കുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? പുതിയ തലമുറയുടെ തലച്ചോറില്‍ സ്‌നേഹത്തെയും ലൈംഗികതയെയും പ്രേമത്തെയുമെല്ലാം കുറിച്ച തെറ്റായ ധാരണകള്‍ കുത്തി നിറയ്ക്കുന്ന ദൃശ്യശ്രാവ്യ മാധ്യങ്ങളുടെ സ്വാധീനത്തില്‍ നിന്ന് നമ്മുടെ വീടിനെയും കുടുംബത്തെയും മുക്തമാക്കുവാന്‍ നാം ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടോ? മുതിര്‍ന്നു വരുന്ന മക്കള്‍ക്ക് ഇസ്‌ലാമികമായ കുടുംബ-ലൈംഗിക വിദ്യാഭ്യാസം നല്‍കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? ഇവയ്ക്കുള്ള ഉത്തരം ‘ഇല്ല’ യെന്നാവുന്നതുകൊണ്ടു തന്നെയാണ് ഇന്നത്തെ ദുരന്തങ്ങള്‍ എന്നു വ്യക്തം.

മാറ്റം അനിവാര്യമാണ്. സ്വതന്ത്ര ലൈംഗികതയുടെ കുത്തൊഴുക്കില്‍ നമ്മുടെ കുടുംബവും രോഗാതുരമാവാതിരിക്കണമെങ്കില്‍ നാം സ്വയം മാറിയേ തീരൂ. സ്വയം മാറാന്‍ സന്നദ്ധരാവുന്നവരില്‍ മാത്രമെ അല്ലാഹു പരിവര്‍ത്തനമുണ്ടാക്കുകയുള്ളുവെന്ന ഖുര്‍ആന്‍ ബോധനം ശ്രദ്ധേയമാണ്”

”ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല, തീര്‍ച്ച” (ഖുര്‍ആന്‍ 13:11)

print

3 Comments

  • ഈ കാലത്ത് കുടുംബത്തിലെഎല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനമാണ് ഇത്.അയൽവാസികളും സുഹൃത്തുക്കളും മറ്റു അകന്ന ബന്ധുക്കളും ഇന്ന് കുടുംബത്തിൽ പെരുമാറുന്നതും ഇടപഴകുന്നതും ഇസ്ലാമിക മര്യാദകൾക്ക് വിരുദ്ധമാണ് .അതുതന്നെയാണ് കുടുംബബന്ധങ്ങൾ ശിഥിലമാകുന്നത് ഏറി കൊണ്ടിരിക്കാൻ ഇടവരുത്തിയത് എന്നും അറിയാത്തവരായി ആരും ഉണ്ടാകില്ലെങ്കിലും ഇത്തരം ഇസ്ലാമിക മര്യാദകൾ ലംഘിക്കുവാൻ ആണ് ഇന്ന് ഒട്ടുമിക്ക കുടുംബ നേതൃത്വവും പ്രചോദനം നല്കികൊണ്ടിരിക്കുന്നത് എന്നത് വളരെ ഖേദകരമായ സംഗതിയാണ്.

    Abdul Rahman vm 27.02.2019
  • Very informative

    Abu Abdurahman 01.03.2019
  • ماشاءالله
    ഇന്ന് ആരും ശ്രദിക്കാതെ പോകുന്ന കാര്യങ്ങൾ. തുടക്കം തന്നെ അതിന്റെ ഗൗരവം മനസ്സിലാക്കിത്തരുന്നു.

    muhammed ameer 16.07.2019

Leave a comment

Your email address will not be published.