

1857 മുതല്‍ 1947 ഓഗസ്റ്റ് 15 വരെ ആന്‍ഡമാനില്‍ നടന്ന അധിനിവേശ ശക്തികളുടെ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും സീമകളില്ലാത്ത ക്രൂരതയും ചിത്രീകരിക്കുന്ന നോവലാണ് ‘കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍’. കാലാപാനി എന്ന സംജ്ഞനാമം കൊണ്ട് വിവക്ഷിക്കുന്നത് ആന്തമാന്‍ ദ്വീപസമൂഹത്തെയാണ്. 1857 മുതല്‍ ഇന്‍ഡ്യയില്‍ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിനുശേഷം, ആയിരക്കണക്കിന് ജനങ്ങളെയാണ് കാലാപാനി എന്ന് വിളിക്കപ്പെട്ടിരുന്ന ആന്തമാനിലേക്ക് നാടുകടത്തുകയും അവിടെവെച്ച് പൈശാചികമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കുകയും ചെയ്തത്. കാട്ടുനിവാസികള്‍ മാത്രമുണ്ടായിരുന്ന ആന്തമാനെ ഒരു നാഗരികതയാക്കി മാറ്റിയെടുക്കുന്നതില്‍ ബ്രിട്ടീഷുകാരുടെ പ്രധാന ആയുധം ഇന്‍ഡ്യക്കാരായ സ്വാതന്ത്ര്യസമര സേനാനികളുടെ വിയര്‍പ്പും രക്തവുമാണ്. വായനക്കാരെ വൈകാരികമാക്കുംവിധമുള്ള ഒരു ‘സാങ്കല്‍പിക’ കഥയല്ല ‘കാലാപാനി’. മറിച്ച് പതിറ്റാണ്ടുകള്‍ ആന്‍ഡമാനില്‍ ജീവിച്ചും അനേകം ചരിത്രപുസ്തകങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമുള്ള പഠനത്തിന്റെയും ഫലമാണ് ഈ പുസ്തകം.
വെള്ളം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഉറക്കം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ അനുഭവിച്ച പീഡനങ്ങള്‍ പ്രതിപാദിക്കുന്ന ഈ നോവല്‍ കണ്ണീരോടുകൂടിയല്ലാതെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ല. 1857 മുതല്‍ 1947 ഓഗസ്റ്റ് വരെ കാലാപാനിയില്‍ നടന്ന സംഭവങ്ങള്‍ തീയതി സഹിതം വിവരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ വലിയ സവിശേഷത. തുടര്‍ന്ന് അധിനിവേശത്തിനുശേഷം 1948 മുതല്‍ 2008 വരെ നടന്ന സംഭവങ്ങളും അവസാനഭാഗത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പണ്ഡിതന്‍മാര്‍, സമുദായനേതാക്കള്‍, സാധാരണക്കാര്‍ തുടങ്ങി വ്യത്യസ്ത തുറകളിലുള്ളവര്‍ ആന്‍ഡമാനിലെ ശിക്ഷാജീവിതം അനുഭവിച്ചവരാണ്. ആന്തമാനിലേക്ക് നാടുകടത്തിയ സ്വാതന്ത്ര്യസമര സേനാനികളില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നുവെന്ന് ഈ പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാം. പിടിക്കപ്പെട്ട പ്രതി മുസ്‌ലാമാണെങ്കില്‍, പ്രത്യേകിച്ച് ‘വഹാബി’യാണെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന് അവരോട് കലിപ്പ് കൂടും. കാരണം പിറന്ന നാടിന്റെ മോചനത്തിനുവേണ്ടി അധ്വാനിക്കല്‍ മതപരമായ ബാധ്യതയായി നോക്കിക്കാണുന്നവരാണ് ഈ വിഭാഗം.
“വഹാബികളെ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കരുത്, അവര്‍ ബ്രിട്ടീഷുകാരുടെ ഒന്നാംനിര ശത്രുക്കളാണ്, ഇന്‍ഡ്യയിലും ആന്തമാനിലും ഇന്നത്തെ നിലയില്‍ ലോകത്തുതന്നെ” എന്നായിരുന്നു വഹാബികളെക്കുറിച്ചുള്ള ബ്രിട്ടീഷ് കാഴ്ചപ്പാടെന്നും ഈ നോവലില്‍ പറയുന്നു. 1969 മുതല്‍ 2008 വരെ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈദ്യുതി വിഭാഗത്തില്‍ വ്യത്യസ്ത തസ്തികകളില്‍ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശി കുണ്ടനി മുഹമ്മദ് സാഹിബിന്റെ ഈ പുസ്തകത്തിന്റെ പ്രസാധനവും വിതരണവും നിളാ ബുക്‌സാണ്. ചരിത്രത്തെ ബോധപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന പുതിയ കാലത്ത് കാലാപാനി നിര്‍വഹിക്കുന്ന ദൗത്യം ഉന്നതമാണ്.
മുൻഗാമികൾ ജീവൻ കൊടുത്ത് നേടിത്തന്ന സ്വാതന്ത്ര്യമുപയോഗിച്ച് പുതുതലമുറ അടിച്ചു’ ‘ പഴയ ചരിത്ര മോർക്കാൻ എവിടെയാണ് നേരം?
മുൻഗാമികൾ ജീവൻ കൊടുത്ത് നേടിത്തന്ന സ്വാതന്ത്ര്യമുപയോഗിച്ച് പുതുതലമുറ അടിച്ചു തിമിർക്കുമ്പോൾ പഴയ ചരിത്ര മോർക്കാൻ എവിടെയാണ് നേരം?