പണയത്തിന്റെ വര്‍ണചിറകിലേറി മനോസൗധങ്ങള്‍ തീര്‍ക്കുന്ന കാലമായിട്ടാണ് കാമ്പസ് ജീവിതത്തെ കലാകാരന്‍മാരും സാഹിത്യകാരന്‍മാരും പരിചയപ്പെടുത്തുന്നത്. കാമ്പസുമായി ബന്ധപ്പെട്ട ഏതേതു പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാലും പ്രണയനിബിഡ കഥകളും കവിതകളുമായി ധന്യമാണെന്നു മനസ്സിലാകും. മനുഷ്യനുണ്ടായ കാലം മുതല്‍ തന്നെ എതിര്‍ലിംഗത്തിലുള്ളവരോടുള്ള അഭിനിവേശം അന്തര്‍ലീനമാണ്. ഇത് നന്മയുടെ പാതയിലാവണം. സ്രഷ്ടാവ് പഠിപ്പിച്ച മാതൃകയിലാവണം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.
ആളുകളധികവും വഴിതെറ്റുന്ന ഒരു കാലഘട്ടമാണ് കാമ്പസ് കാലം. ഒരു വിഭാഗം കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കുമൊക്കെ അടിമയാകുമ്പോള്‍ മറ്റൊരുവിഭാഗം പൈങ്കിളി പ്രണയങ്ങള്‍ക്ക് വശംവദരാകുന്നു.
കൗമാരമനസ്സുകളെ വഴിതെറ്റിക്കുന്ന ചതിക്കുഴികളാണ് ഓരോ പ്രണയവും. എല്ലാ പ്രണയത്തിനുപിന്നിലും വ്യക്തമായ ലൈംഗിക അഭിനിവേശം മാത്രമാണ് എന്നതാണ് പഠനറിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. ഒരു വ്യക്തിക്ക് എതിര്‍ലിംഗത്തിലുള്ള മറ്റൊരാളോട് ആകര്‍ഷണം തോന്നാനുള്ള മുഖ്യകാരണം അവനിലെ ലൈംഗിക ഉത്തേജന ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അമിതോല്‍പാദനം മൂലമാണെന്നതാണ് ശാസ്ത്രീയ വീക്ഷണം. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം അതിനനുബന്ധമായ വികാരവേലിയേറ്റങ്ങള്‍ക്ക് ജാലകം തുറന്നുകൊടുക്കുന്ന വഴിയാണ് ഓരോ പ്രണയങ്ങളും. കേരളത്തിലെ ഒരു അറിയപ്പെടുന്ന കോളേജിലെ വിദ്യാര്‍ത്ഥിയുടെ പഴ്‌സില്‍ നിന്നും അധ്യാപകന്‍ ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള വസ്തുക്കള്‍ കണ്ടെടുത്ത ഗതികേടാണ് നമ്മുടെ കാമ്പസുകളില്‍. കാമകേളികള്‍ക്ക് ക്ലാസ്‌റൂമുകള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥി സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. കാടടച്ചു വെടിവെക്കുകയല്ല, അധികം അങ്ങനെ തന്നെ എന്നതാണ് വാസ്തവം. എയ്ഡ്‌സ് പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളും സിമ്പോസിയങ്ങളും കൗണ്‍സിലിംഗുകളുമൊക്കെ നമ്മുടെ കാമ്പസുകളെയും യൂണിവേഴ്‌സിറ്റികളെയുമൊക്കെ കേന്ദ്രീകരിച്ചാണ് അധികവും നടക്കുന്നത് എന്ന വസ്തുതകളും കൂടി ചേര്‍ത്തുവായിച്ചാല്‍ കുട്ടികളുടെ ധാര്‍മിക നിലവാരത്തകര്‍ച്ചയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും.
മൊബൈല്‍ ഫോണ്‍ വ്യാപകമായതോടു കൂടി ലൈസന്‍സില്ലാതെ പ്രണയബന്ധങ്ങളും പെരുകി. ഓഫറുകളും സൗജന്യ മെസേജുകളും നല്‍കി മൊബൈല്‍ കമ്പനികള്‍ യുവാക്കളെ പിഴിഞ്ഞെടുക്കുന്നു. ഇതെല്ലാം ഭാവിതലമുറക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു.
വഴിതെറ്റി വരുന്ന മിസ്ഡ് കോളുകള്‍ക്കും മെസ്സേജുകള്‍ക്കും പിന്നില്‍ ജീവിതം തന്നെ പണയപ്പെടുത്തുന്ന ഒരു യുവതലമുറ. മറുതലക്കല്‍ ആരാണെന്നറിയണമെന്നില്ല. ദൈര്‍ഘ്യമേറിയ ദിനരാത്രങ്ങളില്‍ പ്രേമസല്ലാപങ്ങള്‍ നടത്താന്‍ ഇവര്‍ വിളിച്ചു തള്ളുന്ന ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണുതള്ളിപ്പോകും. തിരിച്ചറിവില്ലാത്ത ഇത്തരം പ്രണയബന്ധങ്ങളില്‍ അക്കിടിപറ്റി കഴിഞ്ഞാണ് പലരും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത്. അപ്പോഴേക്കും ഏറെ വൈകിയിരിക്കും. പലതും നഷ്ടമായി കഴിഞ്ഞിട്ടിട്ടുണ്ടാകും. ഇവിടെയെല്ലാം ഏറിയപങ്കും നഷ്ടം പെണ്ണിനുതന്നെ. അതാണ് അനഘയും ശാരിയും പോലുള്ളവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പ്രൈമറിതലത്തിലെ കുട്ടികളുടെ കയ്യില്‍പോലും മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ യുട്യൂബും ഗൂഗിളുമൊക്കെ സെര്‍ച്ചുചെയ്യുന്ന കാലമാണിത്. നഴ്‌സറി റൈംസില്‍ തുടങ്ങി ഗൈമിലും മ്യൂസിക്കിലും ഒടുക്കം ചാറ്റിംഗിലും ചീറ്റിംഗിലുമൊക്കെയായി നീളുന്നു യുവതലമുറയുടെ ഭാവി. പ്രണയ പ്രവര്‍ത്തനമാണ് ആഗോള ഫോണ്‍ കുത്തുകകളുടെ ധനവിനിമയ മാര്‍ഗം തന്നെ.
പേരറിയാത്ത നൊമ്പരമാണ് സത്യത്തില്‍ പ്രണയം. തുടക്കവും ഒടുക്കവും നൊമ്പരം മാത്രം സമ്മാനിച്ചു വേദിവിടുന്ന ബലിഷ്ഠമായ വികാരം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരുതരം മാനസിക പീഡനം. യൂത്ത് ചാനലുകള്‍, സ്വകാര്യ എഫ്.എമ്മുകള്‍, സോഷ്യല്‍ നെറ്റ് സൈറ്റുകള്‍ ഒക്കെയും പ്രണയമെന്ന ഊരാക്കുടുക്കിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുകയാണ്. മിക്ക പീഡനകേസുകള്‍ക്കു പിന്നിലും ഇത്തരം വീണ്ടുവിചാരമില്ലാത്ത ഇറങ്ങിത്തിരിക്കലിന്റെ കഥകള്‍ പറയാനുണ്ടാകും. ഒടുക്കം ഈ പെണ്‍കുട്ടികള്‍ക്ക് ഇരകള്‍ എന്ന സഹതാപ പരിവേഷം നല്‍കി മാധ്യമങ്ങള്‍ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തിലൊരു സഹതാപത്തിനു അര്‍ഹരാണോ ഇവര്‍?
പ്രണയങ്ങളിലധികവും പുരുഷകേന്ദ്രീകൃതമാണ്. അവന്റെ മനസ്സിലെ ലൈംഗിക ചോദനകളുടെ വൈകാരിക ഭാവമാണ് പ്രണയമായി മൊട്ടിടുന്നത്. ഇത് തിരിച്ചറിയാനാവാത്ത പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും നഷ്ടമാണ് സംഭവിക്കുന്നത്. ഒരുപക്ഷേ അതവളുടെ ശരീരമാകാം അല്ലെങ്കില്‍ ജീവിതം തന്നെ ഹോമിക്കലാകാം. വൈജ്ഞാനിക വിസ്‌ഫോടനകാലഘട്ടത്തില്‍ ഇത്തരം അറിവില്ലായ്മകള്‍ മാപ്പര്‍ഹിക്കാത്ത തെറ്റുകളാണ്.
വാലന്റൈന്‍സ് ഡേ എന്ന പേരില്‍ വളരെ മോശമായ പ്രവൃത്തികളാണ് പൊതുസമൂഹത്തില്‍ പോലും അരങ്ങേറുന്നത്. പ്രണയിക്കാന്‍ ഒരു ദിവസം കണ്ടെത്തുകയും അതിന്റെ മറപിടിച്ച് സകല കോപ്രായങ്ങളും കാണിച്ചുകൂട്ടുന്ന ഒരു സമൂഹം. മറുത്തുപറയാന്‍ പാടില്ലല്ലോ, ‘സദാചാരപോലീസാ’യിപ്പോകില്ലേ? ഉണരണം നാം നമുക്കുവേണ്ടി, വരുംതലമുറക്കുവേണ്ടി നട്ടെല്ലുള്ള ഒരു പൊതുസമൂഹമായി നാം മാറണം.
ഇവിടെ പ്രകൃതിമതമായ ഇസ്‌ലാം പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു. തന്റേതായ പുരുഷന്റെ സ്‌നേഹവും അംഗീകാരവും സ്ത്രീയുടെയും, തന്റേതായ സ്ത്രീയുടെ സ്‌നേഹവും അംഗീകാരവും പുരുഷന്റെയും നേട്ടമായതുകൊണ്ട് തികച്ചും ജൈവികമായ വികാരമാണ് പ്രണയം. അത് ജീവിതത്തെ ആര്‍ദ്രവും മധുരവും ധനാത്മകവുമാക്കുന്നു. ജീവിതത്തില്‍ സ്‌നേഹത്തിന്റെ വില മനസ്സിലാക്കുന്ന ഇസ്‌ലാം പ്രണയിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു. പക്ഷേ ഇസ്‌ലാമിക പ്രണയം വിവാഹശേഷമാണ്. വിവാഹശേഷം പ്രണയമോ എന്നു പരിഹസിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ. മക്കളും പേരമക്കളുമൊക്കെയായിട്ടും ദമ്പതിമാര്‍ക്കിടയില്‍ പ്രണയത്തിന്റെ ലാഞ്ചന പോലുമില്ലാത്ത ബന്ധങ്ങളെ കുടുംബമെന്നു വിളിക്കാമോ? വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം പ്രണയരഹിതമായ കുടുംബങ്ങള്‍ അഴികളില്ലാത്ത തടവറകളാണ് എന്നുതിരിച്ചറിഞ്ഞ് ദാമ്പത്യജീവിതത്തില്‍ ഇണകള്‍ക്കുണ്ടായിരിക്കേണ്ട പരസ്പര സ്‌നേഹത്തെക്കുറിച്ചു ഊന്നിപ്പറയുന്നു. ‘ഇഹലോകത്ത് ഏറ്റവും നല്ല വിഭവം സ്വാലിഹായ സ്ത്രീയാണെന്നു ഉണര്‍ത്തിക്കൊണ്ട് സ്ത്രീസമൂഹത്തെ ആദരിക്കുന്ന ഇസ്‌ലാം ഭര്‍ത്താവ് തന്റെ ഭാര്യക്ക് സ്‌നേഹത്തോടെ നല്‍കുന്ന ഒരു ഉരുളയിലും പുണ്യമുണ്ടെന്നു പഠിപ്പിച്ചുകൊണ്ട് ഇണകള്‍ക്കിടയില്‍ മാധുര്യവും സ്‌നേഹവും വളര്‍ത്തുകയാണ് ചെയ്യുന്നത്.
ഖേദകരമെന്നു പറയട്ടെ ഇന്നധികവും വിവാഹത്തിനു മുമ്പ് കാമുകീകാമുകന്‍മാര്‍ ഉള്ള സ്‌നേഹം മുഴുവന്‍ പരസ്പരം പങ്കുവെക്കുന്നു. തന്റെ ഏറ്റവും നല്ല വ്യക്തിത്വം കാഴ്ചവെച്ച കമിതാക്കള്‍ പരസ്പരം ഇഷ്ടം കൂടുതല്‍ കവരാന്‍ ശ്രമിക്കുന്നു. എത്ര പ്രതികൂല സാഹചര്യത്തെയും സധൈര്യം നേരിട്ട് അവര്‍ വിവാഹിതരാകുന്നു. എന്നാല്‍ വിവാഹശേഷം യഥാര്‍ത്ഥജീവിതവുമായി മുന്നോട്ടുപോകുാന്‍ കഴിയാതെ വരുന്നു. സ്വാഭാവികമായുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പോലും ക്ഷമിക്കാന്‍ സാധിക്കാതെ വരുകയും ദാമ്പത്യജീവിതം ശ്വാസം മുട്ടലായി അനുഭവപ്പെടുകയും ചെയ്യും. കാരണം വിവാഹത്തിനു മുമ്പുള്ള വ്യക്തികളെ മാത്രമേ ഇവര്‍ക്ക് പരിചയമുളളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ മുഖംമൂടി അഴിഞ്ഞുവീഴുകയും ഇവര്‍ പരസ്പരം ബാധ്യതയാവുകയും ചെയ്യും. ഇത്തരം കേസുകളധികവും ഒടുവില്‍ വിവാഹമോചനത്തില്‍ കലാശിക്കുകയാണ് പതിവ്.
വ്യക്തി സ്വയം തന്നെ പൂര്‍ണനാകുമെന്ന ആധുനിക വാദത്തില്‍ പ്രണയം എന്നത് പവിത്രമാണ്! ഇവിടെ കുടുംബജീവിതവും പങ്കുവെക്കലുകളും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കലാണ്. ഷര്‍ട്ടഴിക്കുന്ന ലാഘവത്തോടെ ഇണയെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യാം. മനസ്സിനല്ല ശാരീരിക ആവശ്യങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. അതുകൊണ്ടുതന്നെ പ്രണയവിവാഹങ്ങളും മോചനങ്ങളുമെല്ലാം ഇവര്‍ക്ക് ഒരു വിഷയമേയല്ല. ഇതാണത്രെ വ്യക്തിസ്വാതന്ത്ര്യം!
തൊണ്ണൂറുശതമാനം പ്രണയവിവാഹങ്ങളും പരാജയമാണ്. അതുമായി ബന്ധപ്പെട്ട സകല ദുരിതങ്ങളും അടയാളങ്ങളും പേറേണ്ടിവരുന്നതാവട്ടെ അധികവും പെണ്‍കുട്ടികളും. വികാരങ്ങള്‍ മനുഷ്യരെയല്ല മനുഷ്യര്‍ വികാരങ്ങളെയാണ് നിയന്ത്രിക്കേണ്ടത്. ഉന്നതമായ ദൈവികബോധം മനുഷ്യന് ആ കഴിവു നല്‍കുന്നുണ്ട്. ജീവിതത്തില്‍ റബ്ബും ദീനും മറ്റെല്ലാ വികാരങ്ങളെയും കവച്ചുവെക്കുമ്പോഴാണ് മനുഷ്യനു ലക്ഷ്യബോധം ഉണ്ടാകുന്നത്.
No comments yet.