കരുണയുടെ ജലം കൈകളിലൂടെ ഉറന്നൊഴുകട്ടെ

//കരുണയുടെ ജലം കൈകളിലൂടെ ഉറന്നൊഴുകട്ടെ
//കരുണയുടെ ജലം കൈകളിലൂടെ ഉറന്നൊഴുകട്ടെ
ആനുകാലികം

കരുണയുടെ ജലം കൈകളിലൂടെ ഉറന്നൊഴുകട്ടെ

ജീവിതത്തിലെ ആശ്വാസ സന്ദര്‍ഭങ്ങളിലും പ്രയാസപ്പെടുന്ന അവസരങ്ങളിലും അല്ലാഹുവിന്‍റെ വിധികളില്‍ സംതൃപ്തിയടഞ്ഞും, ഏത് പരിതസ്ഥിതികളിലും അവനെ സൂക്ഷിച്ചും അവന്‍റെ കല്‍പനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചും ഐഹികലോകത്തെ ഫലപ്രദമാക്കാനായാല്‍ അത് വിശ്വാസിക്ക് ലഭിക്കുന്ന ദൈവികാനുഗ്രഹമാണ്. നല്ല പ്രവര്‍ത്തനങ്ങള്‍, നല്ല സംസാരങ്ങള്‍, നല്ല വിചാരങ്ങള്‍, നല്ല പ്രാര്‍ത്ഥനകള്‍ ഇവയെല്ലാം മുസ്‌ലിമിന്‍റെ ദിനചര്യയില്‍ ദരിദ്രാവസ്ഥയെന്നൊ സമ്പന്നാവസ്ഥയെന്നൊ പരിഗണിക്കാതെ നിലനില്‍ക്കേണ്ടവയാണ്. ജീവിത്തിലെ ഉയര്‍ച്ചാ താഴ്ചകളിലെല്ലാം വിശ്വാസം ചോര്‍ന്നു പോകാതെ സല്‍പ്രവൃത്തികളില്‍ നിരതമാകാന്‍ സാധിക്കണമെങ്കില്‍ വളരെയേറെ സൂക്ഷ്മതയും ക്ഷമയും അനിവാര്യമാണ്. അതിന്ന് അല്ലാഹുവില്‍ നിന്ന് മഹത്തായ പ്രതിഫലമുണ്ടുതാനും.

തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച. (യൂസുഫ്: 90)

അഗതികളെ സഹായിക്കുക, പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പട്ടിണിയനുഭവിക്കുന്നവര്‍ക്ക് അന്നദാനം നടത്തുക, പ്രയാസപ്പെടുന്നവന്‍റെ ആവശ്യങ്ങളറിഞ്ഞ് നിവൃത്തിച്ചു കൊടുക്കുക എന്നീ ജീവകാരുണ്യ കര്‍മ്മങ്ങളെല്ലാം മുസ്‌ലിമിന്‍റെ വിശ്വാസ ജീവിതത്തില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട സദ്‌വൃത്തികളാണ്. പ്രവാചകന്‍റെ(സ്വ) അധ്യാപനങ്ങളില്‍ ഈ സംഗതികള്‍ പ്രാധാന്യപൂര്‍വ്വം പ്രസ്താവിക്കപ്പെട്ടതായി കാണാനാകും.

ഇബ്നു ഉമര്‍ (റ) നിവേദനം. ഒരു വ്യക്തി പ്രവാചകനെ സമീപിച്ച് ഇപ്രകാരം ചോദിച്ചു; അല്ലാഹുവിന്‍റെ റസൂലേ, മനുഷ്യരില്‍ ആരോടാണ് അല്ലാഹുവിന് ഏറെ സ്നേഹമുള്ളത്? ഏത് പ്രവൃത്തികളോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുള്ളത്? റസൂല്‍ (സ്വ) പറഞ്ഞു: ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരിയായ വ്യക്തിയെയാണ് അല്ലാഹുവിന് ഏറെ സ്നേഹം. ഒരു മുസ്‌ലിമിന് സന്തോഷം പകരുക, അവന്‍റെ പ്രയാസങ്ങളെ പരിഹരിക്കുക, അവന്‍റെ കടബാധ്യതകളെ നിവൃത്തിച്ചു നല്‍കുക, അവന്‍റെ വിശപ്പകറ്റുക തുടങ്ങി നീ ചെയ്യുന്ന പ്രവൃത്തികളോടാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം. (ത്വബ്റാനി)

നാം ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പഠിപ്പിച്ചത് പട്ടിണിക്കാരന് പശിയടക്കാന്‍ ഭക്ഷണം നല്‍കുക എന്നതാണ്.

അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ് (റ) നിവേദനം. ഒരാള്‍ അല്ലാഹുവിന്‍റെ റസൂലി(സ്വ)നോട് ചോദിച്ചു: ഇസ്‌ലാമില്‍ ഏറ്റവും ഉത്തമമായ കര്‍മ്മമേതാണ്? നബി (സ്വ) പറഞ്ഞു: നീ ഭക്ഷണം നല്‍കുക എന്നതും, നിനക്ക് പരിചയമുള്ളവന്നും പരിചയമില്ലാത്തവന്നും നീ സലാം ആശംസിക്കുക എന്നതുമാണ്. (മുത്തഫഖുന്‍ അലൈഹി)

വിശക്കുന്നവന്‍റെ പശിയകറ്റാന്‍ ഭക്ഷണം നല്‍കുന്നത് നിസ്സാര കാര്യമല്ല. സത്യവിശ്വാസികള്‍ക്ക് ഇസ്‌ലാം നല്‍കുന്ന സുപ്രധാന ശാസനയാണത്. ആളെ നോക്കിയല്ല ഭക്ഷണം നല്‍കേണ്ടത്. വിശന്നിരിക്കുന്നവന്‍ ആരായാലും മുസ്‌ലിം പരിഗണിക്കേണ്ടത് അവന്‍റെ വിശപ്പിനെയാണ്. നിങ്ങളില്‍ ഉത്തമന്‍ അന്നദാനം ചെയ്യുന്നവനാണ് എന്ന പ്രവാചകന്‍റെ പൊതുനിര്‍ദ്ദേശം സുഹൈബ് (റ) പ്രസ്താവിച്ചത് ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകരക്ഷിതാവില്‍ നിന്നുള്ള ശാശ്വതമായ അനുഗ്രഹങ്ങള്‍ക്ക് വിധേയരാകുന്ന പുണ്യവാന്‍മാരുടെ ഗുണങ്ങളായി അല്ലാഹു എടുത്തു പറഞ്ഞവയില്‍ ഒന്ന് ഐഹിക ലാഭേച്ഛ കൂടാതെ ആവശ്യക്കാര്‍ക്ക് അവര്‍ ഭക്ഷണം നല്‍കുന്നവരാണ് എന്നാണ്.

നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരനും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഇന്‍സാന്‍ : 7-9)

സമാധാനത്തോടെ ആശ്വാസപൂര്‍വ്വം സ്വര്‍ഗ്ഗപ്രവേശനത്തിന് സാധ്യമാക്കുന്ന ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നിടത്തും പ്രവാചക തിരുമേനി(സ്വ) ഭക്ഷണം നല്‍കുന്നതിനെ എടുത്തു പറഞ്ഞിട്ടുണ്ട്.

അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) അരുളി: നിങ്ങള്‍ പരമകാരുണികനെ ആരാധിക്കൂവീന്‍, നിങ്ങള്‍ ഭക്ഷണം നല്‍കുവീന്‍, നിങ്ങള്‍ സലാം വ്യാപിപ്പിക്കുവീന്‍, എങ്കില്‍, സമാധാനപൂര്‍വ്വം നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. (ബുഖാരി, അദബുല്‍ മുഫ്റദ്)

പരലോകത്ത് സ്വര്‍ഗ്ഗാവകാശികളായി പ്രഖ്യാപിക്കപ്പെടുന്നവര്‍ വലതുപക്ഷക്കാരാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. ജീവത കാലത്ത് അവര്‍ അനുഷ്ഠിച്ചിരുന്ന ചില സല്‍കര്‍മ്മങ്ങളെപ്പറ്റിയും പ്രസ്തുത പ്രസ്താവനയില്‍ അല്ലാഹു സൂചിപ്പിക്കുന്നുണ്ട്. അതിപ്രകാരമാണ്:

അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.കുടുംബബന്ധമുള്ള അനാഥയ്ക്ക് അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്. അതിനു പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍. (അല്‍ബലദ്: 14-18)

സാമൂഹ്യ ജീവിതത്തില്‍ മുസ്‌ലിം നിര്‍ബന്ധമായും പാലിക്കേണ്ട ഇസ്‌ലാമികമായ പൗരധര്‍മ്മബോധങ്ങളില്‍ ഒന്നാണ് ഭക്ഷണദാനമെന്നത്. മനുഷ്യര്‍ക്കു മാത്രമല്ല. ഏത് ജീവിയോട് കരുണ കാണിക്കുന്നതും അല്ലാഹുവില്‍ നിന്ന് പ്രതിഫലാര്‍ഹമാണ്. പച്ചക്കരളുള്ള ഏത് ജീവിക്ക് ചെയ്യുന്ന കരുണയിലും പ്രതിഫലമുണ്ട് എന്നതാണ് പ്രവാചകന്‍റെ അധ്യാപനം. അയല്‍വാസിയുടെ വിശപ്പ് പരിഗണിക്കാത്തവന്‍ വിശ്വാസിയുടെ ഗണത്തില്‍പ്പെടില്ല എന്ന ഗൗരവമേറിയ ശാസനയും നബി തിരുമേനി (സ്വ) നല്‍കിയിട്ടുണ്ട്. തന്‍റെ പ്രിയ സ്വഹാബിയായ അബൂദര്‍റി(റ)നെ വിളിച്ച്, അബൂ ദര്‍റ്, നീ കറിയുണ്ടാക്കുന്നുവെങ്കില്‍ വെള്ളം കൂട്ടി വെക്കുക, നീ നിന്‍റെ അയല്‍വാസിയെ പരിഗണിക്കുക എന്ന് നബി (സ്വ) പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്.

മുസ്‌ലിം സ്വാര്‍ത്ഥനല്ല. സഹജീവികളെ കൂടെച്ചേര്‍ത്തു നിര്‍ത്തുന്നവനാണ്. തനിക്കു കൈവരുന്ന അനുഗ്രഹങ്ങളില്‍ നിന്ന് ഐഹികേച്ഛ കൂടാതെ നല്‍കുന്നവനാണ്. സ്വന്തത്തിനു കൈവരാനാഗ്രഹിക്കുന്ന നന്മകള്‍ അന്യര്‍ക്കുമുണ്ടാകണം എന്ന് കൊതിക്കുന്നവനാണ്. ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരിയായവനെയാണ് അല്ലാഹുവിന് ഏറ്റവും സ്നേഹം എന്ന പ്രവാചക പാഠത്തെ ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നവനാണ്.

സാഹചര്യങ്ങളെയെല്ലാം സല്‍കര്‍മ്മങ്ങള്‍ക്കും അതുവഴി അല്ലാഹുവിന്‍റെ സംപ്രീതിക്കുമായി ഉപയോഗപ്പെടുത്തുന്ന സത്യവിശ്വാസി, മനുഷ്യപ്പറ്റുള്ള ഏതൊരു കര്‍മ്മത്തില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുകയില്ല. തന്‍റെ വിശപ്പടക്കാന്‍ കയ്യിലുള്ള ഭക്ഷണം മറ്റൊരാളുടെ വിശപ്പടക്കാന്‍ കൂടി മതിയാകുന്നതാണ് എന്ന ബോധമായിരിക്കും മുഅ്മിനുകളുടേത്. അവരങ്ങനെയാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.

അബൂഹുറയ്റ (റ) നിവേദനം അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേര്‍ക്ക് മതിയാകുന്നതാണ്. മൂന്നു പേരുടെ ഭക്ഷണം നാലുപേര്‍ക്കു മതിയാകുന്നതാണ്. (ബുഖാരി)

നബി (സ്വ) എത്രമാത്രം കൃത്യതയോടെയാണ് മുസ്‌ലിംകളില്‍ സാമൂഹ്യ പ്രതിബദ്ധതാബോധം സന്നിവേശിപ്പിക്കുന്നത് എന്ന് ചിന്തിക്കുക. രണ്ടുപേര്‍ക്കളുള്ള ഭക്ഷണം രണ്ടു പേര്‍ തന്നെ തിന്നുതീര്‍ക്കുന്ന മനസ്ഥിതിയല്ല വേണ്ടതെന്നും, അതിലേക്ക് ഒരു മൂന്നാമനെക്കൂടി ചുറ്റുവട്ടത്തു നിന്നും പ്രതീക്ഷിക്കണമെന്നും പരിഗണിക്കണമെന്നും പഠിപ്പിക്കുന്ന ലോകഗുരുവാണ് മുഹമ്മദു നബി (സ്വ).

ഈ മഹാമാരിക്കാലത്ത്, തുരുത്തുകളിലൊറ്റപ്പെട്ടുപോയ അവസ്ഥയിലാണ് നമ്മുടെ പല സഹോദരങ്ങളും. നിതൃവൃത്തിക്കുള്ള ഉപജീവനത്തിനായി പുറത്തേക്കിറങ്ങാന്‍ കഴിയാതെയാണ് പലരും അവരവരുടെ വീടുകളിലുള്ളത്. വേണ്ടത്ര ഭക്ഷണമില്ലാതെയും വിഭവങ്ങളില്ലാതെയും പ്രയാസപ്പെടുന്ന അത്തരം സഹോദരങ്ങളെ സഹായിക്കാനും അവര്‍ക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങള്‍ എത്തിച്ചു കൊടുക്കാനും പരിശ്രമിക്കേണ്ട സന്നിഗ്ദഘട്ടത്തിലാണ് നമ്മളുള്ളത്. കരുണയും നന്മയും നമ്മിൽ നിന്നും ഉറന്നൊഴുകേണ്ട സന്ദർഭമാണ് നിലവിൽ. അല്ലാഹുവും പ്രവാചകനും(സ്വ) നമ്മെ ഉദ്ബോധിപ്പിച്ച ജീവകാരുണ്യ സംരംഭങ്ങളിലെല്ലാം പ്രതിഫലേച്ഛയോടെയുള്ള ഇടപെടലുകൾ നമ്മളിൽ നിന്നുമുണ്ടാകണം. പരലോക ജീവിതത്തിലേക്കു വേണ്ടിയുള്ള വിഭവ സമാഹരണമാണ് യഥാർത്ഥത്തിൽ പ്രസ്തുത ഇടപെടലുകൾ.

print

No comments yet.

Leave a comment

Your email address will not be published.