ഓണം: ആഘോഷത്തിന്റെ മതവും ദേശീയതയും

//ഓണം: ആഘോഷത്തിന്റെ മതവും ദേശീയതയും
//ഓണം: ആഘോഷത്തിന്റെ മതവും ദേശീയതയും
ആനുകാലികം

ഓണം: ആഘോഷത്തിന്റെ മതവും ദേശീയതയും

ഓണം കേരള്‍ കാ ദേശീയ ത്യോഹാര്‍ ഹേ?

അക്ഷരപ്പിച്ച വെച്ച് വളര്‍ന്ന കുഞ്ഞുനാള്‍ മുതല്‍ മലയാളിയുടെ സാമാന്യബോധത്തില്‍ ഉറച്ചുപോയ പ്രമേയമാണ് ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ് എന്നത്. ഓണം മലയാളി സ്വത്വത്തിന്റെ ഭാഗമായും സംസ്‌കാരത്തിന്റെ പ്രതീകമായും പൈതൃകം, പാരമ്പര്യം, ആര്‍ഷസംസ്‌കാരം, ദേശീയബോധം, ഭാരതീയം തുടങ്ങിയ മലയാള സംജ്ഞകള്‍ക്ക് കാവല്‍നില്‍ക്കുന്നതുമായ സമകാലിക സാഹചര്യത്തില്‍ സ്തുതിപാഠങ്ങളല്ലാത്ത ഏതൊരു പരാമര്‍ശവും ക്യാപിറ്റല്‍ പണിഷ്‌മെന്റോളം ശിക്ഷ വിധിക്കാന്‍ ഇടയാക്കുന്ന ഭീകരക്കുറ്റമാണെന്ന സവര്‍ണബോധത്തെ ഉള്‍ക്കൊണ്ട് തന്നെയാണ് ഇത്തരമൊരു കുറിപ്പെഴുതുന്നത്.

ഓണത്തെ സമൂഹത്തില്‍ ജ്വലിപ്പിച്ച് നിര്‍ത്തുന്നത് രണ്ട് ഘടകങ്ങളാണ്. ദേശീയത എന്നത് തങ്ങളുടെ നടുമുറ്റത്തോളം ‘വിശാല’മാണെന്നും അതില്‍ പൂക്കളം തീര്‍ത്തല്ലാതെ യാതൊരു ആചാരവും ആഘോഷങ്ങളും വരരുതെന്നും അതിനു പുറം തിരിഞ്ഞു നില്‍ക്കുന്നവരെല്ലാം കുലംകുത്തികളാണെന്നും വിശ്വസിക്കുന്ന വരേണ്യബോധമാണ് ഒന്നാമത്തേത്. ഇരട്ടപെറ്റ ഒന്നാം പത്രത്താള് പോലെ ഇരട്ടിക്കിരട്ടി ലാഭം കൊയ്യുന്ന കമ്പോള കേന്ദ്രീകൃതമായ മാധ്യമവ്യവസ്ഥിതിയാണ് രണ്ടാമത്തേത്. ഈ രണ്ട് ഘടകങ്ങളും മാറ്റിനിര്‍ത്തിയാല്‍ ”നമ്പൂരാര്‍ക്കെല്ലാര്‍ക്കും നല്ലൊരു കമ്പിത്തായവും, നായന്മാര്‍ക്കെല്ലാര്‍ക്കും നല്ലൊരു കയ്യാങ്കളി”യുമായി മാത്രം അവശേഷിക്കാന്‍ വിധിക്കപ്പെട്ടതാണ് ഈ സവര്‍ണാഘോഷം. ബക്രീദും ക്രിസ്തുമസും പോലെ തികച്ചും മതപരമായ ചട്ടക്കൂടുള്ള ഓണമെന്ന ആഘോഷത്തെ സ്വാതന്ത്ര്യദിനം, റിപബ്ലിക്ക് ദിനം തുടങ്ങിയ ദേശീയമാനമുള്ള ഉത്സവങ്ങളുടെ ഗണത്തിലേക്ക് കൈപിടിച്ച് കയറ്റിയത് 1960ലെ പട്ടം താണുപിള്ളയുടെ സര്‍ക്കാറാണ്. കൊച്ചി, കോഴിക്കോട് രാജാക്കന്മാര്‍ ചിങ്ങമാസത്തിലെ അത്തത്തോടനുബന്ധിച്ച് നടത്തിയിരുന്ന അത്തച്ചമയം നിര്‍ത്തലാക്കിയ ശേഷം 1961 മുതല്‍ സര്‍ക്കാര്‍തലത്തില്‍ ആഘോഷിച്ച് വരുന്നതാണ് ‘അത്താഘോഷ’മെന്ന് ആചാരാനുഷ്ഠാനകോശത്തില്‍ വിശദീകരിക്കുന്നുണ്ട്.

രാഷ്ട്രപിതാവിനെ കൊല്ലാന്‍ കൂട്ടുനിന്ന ദാമോദര്‍ സവര്‍ക്കരുടെ അര്‍ധകായ ചിത്രം ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കുടിയിരുത്തിയതില്‍ പ്രതികരിക്കാത്ത ജനത ‘സമത്വ കേരള സ്രഷ്ടാവായ’ മഹാബലിയെ തിരസ്‌കൃതനാക്കാന്‍ കൂട്ടുനിന്ന വാമനനെ വാഴ്ത്തുന്ന ‘വാമനോല്‍സവ’ത്തെ ദേശീയോത്സവമാക്കി മാറ്റിയതില്‍ പ്രതിഷേധിക്കുമെന്ന് കരുതാന്‍ നിവൃത്തിയില്ല. അതേസമയം ഓണമാഘോഷിക്കാത്തവരെല്ലാം രാജ്യദ്രോഹികളും പാരമ്പര്യവിമര്‍ശകരും നാനാത്വത്തില്‍ ഏകത്വത്തിലെ തെറിച്ച കൊള്ളികളുമായി വിലയിരുത്തപ്പെടുമ്പോള്‍ അത്തരമൊരു ആഘോഷത്തിന്റെ ഐതിഹ്യത്തെ കുറിച്ചും അതിലെ രാഷ്ട്രീയക്കളികളെ കുറിച്ചും പഠിക്കേണ്ടി വരും. അതല്ലാതെ ഒരു ബഹുമത സമൂഹത്തിലെ ഇതര മതവിഭാഗങ്ങളുടെ ആഘോഷങ്ങളോടുള്ള വിരോധമോ അതാഘോഷിക്കുന്നവരോടുള്ള പ്രതിലോമ നിലപാടോ ഈ കുറിപ്പിന്റെ പ്രേരകമല്ല. ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ തങ്ങള്‍ എത്രത്തോളം തല്‍പരരാണോ അതേയളവില്‍ മറ്റളുള്ളവര്‍ക്ക് അവരുടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ശ്രമിക്കാന്‍ കൂടി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മനസിലാക്കുമ്പോഴേ സഹിഷ്ണുതയെ കുറിച്ചുള്ള മതപാഠങ്ങള്‍ പൂര്‍ണമാകൂ എന്ന് വിശ്വസിക്കുന്നവനാണ് ഈ ലേഖകനും.

ഓണത്തെ ‘സര്‍വദേശീയ പീഠ’ത്തില്‍ പ്രതിഷ്ഠിച്ചതിനെ ക്രാന്തദര്‍ശിത്വമുള്ള സാംസ്‌കാരിക നായകര്‍ തുടക്കം മുതലേ എതിര്‍ത്തുപോന്നിട്ടുണ്ട്. ”എല്ലാ ജനങ്ങളെ കൊണ്ടും ഭസ്മം തൊടിപ്പിക്കുകയും തുളസിത്തറ വലം വെപ്പിക്കുകയും രാമനാമം ജപിപിക്കുകയുമല്ല ദേശീയോദ്ഗ്രഥനം”(1) എന്ന് തായാട്ട് എഴുതിയതും ”ഓണം കേരളത്തിന്റെ ദേശീയാഘോഷമാണെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധനുണയാണ്. കാരണം, ആര്യന്മാര്‍ പറയുന്ന കഥ പരിശോധിച്ചാല്‍, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടേതു മാത്രമാണെന്നു കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വണ്ണാനും ക്രിസ്ത്യാനിയും മുസ്‌ലിമും മറ്റും അഹിന്ദുക്കളാണ്. ചെറുന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്? അതു ഭീകരവാദമല്ലേ വിശേഷിച്ച്, ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്റെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാവുക? ഏതാനും അഹിന്ദുക്കള്‍ കാര്യമറിയാതെ സവര്‍ണരെ ഓണാഘോഷത്തില്‍ അനുകരിക്കുന്നെന്നു കരുതി, ഓണം കേരളത്തിന്റെ ദേശീയാഘോഷമാകുന്നതെങ്ങനെ?”(2) എന്ന് കെ. മുകുന്ദനെഴുതിയതും ഈയൊരു പരിപ്രേഷ്യത്തിലാണ്.

സ്വന്തം മതത്തില്‍ നിന്ന് മാത്രമല്ല ഇതരമതസ്ഥരുടെ ഭാഗത്ത് നിന്നും ‘നിര്‍ബന്ധ ഓണ’ത്തിനെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. ഉദയം പേരൂര്‍ സുനഹദോസിലെ ഒരു കാനോന്‍ അനുശാസിക്കുന്നത് ഓണമാഘോഷിക്കരുത് എന്ന് തന്നെയാണ്.

മതപരമായ ഒരാഘോഷമെന്ന നിലയില്‍ ഓണം കൊണ്ടാടുന്നതിനെ വിമര്‍ശിക്കുകയല്ല ഇവരൊന്നും ചെയ്തതെന്നും, മറിച്ച് അതിന്റെ മതലേബല്‍ മാറ്റിവെച്ച് മലയാളിയുടെ പൊതുപ്ലാറ്റ്‌ഫോമിലേക്ക് അതിനെ ഒളിച്ചുകടത്താനും ദേശീയക്കുപ്പായം തയ്പ്പിച്ചു നല്‍കാനുമുള്ള ശ്രമങ്ങളെ എതിര്‍ക്കുകയാണ് ചെയ്തതെന്നും വ്യക്തം. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതിനെതിരെ ഇ.എം.എസ് പ്രതികരിച്ചതും തുമ്പയില്‍ തേങ്ങയുടച്ച് റോക്കറ്റ് വിക്ഷേപിച്ചതിനെ സക്കറിയ്യ ആക്ഷേപിച്ചതും സര്‍ക്കാര്‍ പരിപാടികളില്‍ സെറ്റ് മുണ്ടുടുത്ത മങ്കമാരും മാവേലി സ്റ്റോറില്‍ പൂണൂലിട്ട മഹാബലിമാരും വിമര്‍ശിക്കപ്പെട്ടതുമെല്ലാം ഈയൊരു ഭൂമികയില്‍ നിന്നു കൊണ്ടാണ്. അതല്ലാതെ ഗോബലിയുടെ നിയമതടസ്സം നീക്കാന്‍ ഹരജി നല്‍കുമ്പോള്‍ സസ്യഭക്ഷണത്തിന്റെ പോഷകത്തെ കുറിച്ചും, തുളസിത്തറ വലം വെയ്ക്കാന്‍ നിസ്സഹകരിക്കുമ്പോള്‍ തുളസിയിലയുടെ ഔഷധമൂല്യത്തെ കുറിച്ചും വാചാലരാവുന്നവരോട് പാവക്കയെ ഞങ്ങള്‍ ബലിയറുക്കാറില്ലെന്നും വിറ്റാമിന്‍ ഗുളികയെ ഞങ്ങള്‍ വലംവെക്കാറില്ലെന്നും പറഞ്ഞ് ഉദാരമനസ്സോടെ രംഗമൊഴിയാനേ നിവൃത്തിയുള്ളു.

ഓണം: ഐതിഹ്യങ്ങള്‍ പറയുന്നത്…

ഒരു പ്രദേശത്തോ സമൂഹത്തിലോ കാതോടുകാതോരം പ്രചരിച്ച് വേരുറച്ച കഥകള്‍ക്കാണ് ഐതിഹ്യം എന്ന് പറയുന്നത് ‘എന്നിങ്ങനെയാണു പോല്‍’ എന്നാണ് ഐതിഹ്യ ശബ്ദത്തിന്റെ നിഷ്പത്തി. അതു കൊണ്ട് തന്നെ പൂര്‍വഗാമികള്‍ മുതല്‍ പറഞ്ഞ് പ്രചരിച്ച ഒരു കഥയെന്നതിലുപരി ഐതിഹ്യങ്ങളെയും ഇതിഹാസങ്ങളെയും വിലയിരുത്തുന്നത് വിവരക്കേടാവും. ഓണത്തെ കുറിച്ചുള്ള ഐതിഹ്യമെടുത്തു നോക്കിയാലും ഈ പൊരുത്തക്കേടുകള്‍ വ്യക്തമാവും.

എന്നാല്‍ ഐതിഹ്യങ്ങളിലെ അബദ്ധങ്ങളല്ല ഓണത്തെപ്പോലുള്ള ഒരു ആഘോഷത്തെ വിലയിരുത്തുമ്പോള്‍ പ്രഥമമായി പരിഗണിക്കേണ്ടത്. മറിച്ച് ദേശീയ പ്രാധാന്യമുണ്ടെന്ന് അവകാശപ്പെടുന്നതില്‍ ഈ ഐതിഹ്യങ്ങള്‍ എത്രത്തോളം സത്യസന്ധമാണ് എന്നതാണ്. ഇക്കാര്യം ശരിയാംവണ്ണം വിലയിരുത്തിയാല്‍ മനസ്സിലാവും ദേശീയതയെ ഉദ്ദീപവിപ്പിക്കുന്ന ഒരു സംഭവം പോലും ഇതില്‍ കാണുകയില്ലെന്ന്. മാത്രമല്ലഹിന്ദുമതത്തിന്റെ ചട്ടക്കൂടുകളെ ഭേദിച്ച് പുറത്ത് കടക്കാവുന്ന ഒരൊറ്റ കാര്യം പോലും ഇതില്‍ കണ്ടെത്തുക സാധ്യമല്ല തന്നെ. നിരവധി കഥകളും കഥാശാഖകളുമുള്ള ആഘോഷമാണ് ഓണം. പല ഐതിഹ്യങ്ങളും തമ്മില്‍ സാരമായ അന്തരങ്ങളുണ്ട് താനും. അതേസമയം ഓരോ ഐതിഹ്യങ്ങള്‍ക്കും പിന്‍ബലമേകുന്ന ലിഖിതരേഖകള്‍ഹൈന്ദവപ്രമാണങ്ങളില്‍ നിന്ന് കണ്ടെടുക്കാനും കഴിയും. കേരളം ഭരിച്ചിരുന്ന നിരവധി സദ്‌സ്വഭാവങ്ങളുള്ള അസുര ചക്രവര്‍ത്തിയായിരുന്നു മഹാബലി എന്ന കാര്യത്തില്‍ എല്ലാ ഐതിഹ്യങ്ങളും യോജിക്കുന്നുണ്ട്. ഓണ ഐതിഹ്യവുമായി ബന്ധപ്പെട്ട് അല്‍പമെങ്കിലും ആധികാരികത അവകാശപ്പെടാവുന്നതും കുറച്ചെങ്കിലും പൂര്‍വപര ബന്ധം പാലിക്കുന്നതുമായ ഐതിഹ്യം ശ്രീ മഹാഭാഗവതത്തിലേതാണ്. ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്‌കന്ധത്തില്‍ 18 മുതല്‍ 23 വരെയുള്ള അധ്യായങ്ങളിലായി വിവരിക്കുന്ന പുരാണകഥ ഇങ്ങിനെയാണ്.(3)

കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരുമായി അറിയപ്പെട്ടു.

അസുരന്മാരില്‍ പിറന്ന ഗുരുഭക്തനും അതിസമര്‍ഥനുമായ ചക്രവര്‍ത്തിയായിരുന്നു മഹാബലി. സ്വര്‍ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി മഹാബലി വാണു. സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാരെല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടി സ്തുതിച്ചു ദേവസമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷനാക്കി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ല കാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതു വരെ അവരോട് സന്ധിചെയ്യാനും അസുരന്മാരുടെ സഹായത്തോടു കൂടി സ്വര്‍ണവര്‍ണമായ മന്ദാരപര്‍വതത്തെ കടക്കോലായും സര്‍പരാജാവായ വാസുകിയെ കയറായും സങ്കല്‍പിച്ച് പാലാഴിമഥനം ചെയ്ത് അമൃത് നേടി ഫലം അനുഭവിക്കാനും ശ്രീഹരി ഉപദേശിച്ചു.

ശേഷം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. മഥനത്തില്‍ നിന്ന് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശ്രുഭ്രനിറമുള്ള ഗജാപധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗന്തത്തെ മഹാവിഷണുവും സ്വീകരിച്ചു. മഥനത്തില്‍ നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു. തുടര്‍ന്ന് പുറത്തുവന്ന ശ്രീദേവിയെ താമരദളമാല ചാര്‍ത്തി മഹാവിഷ്ണു വരിച്ചു.

സമുദ്രമഥനത്തില്‍ നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതമകുംഭവുമായി മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതംകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണനീയമായ സൗന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍ നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതു കൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാത്തതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വതങ്ങളെ സൃഷ്ടിച്ചും അഗ്നിപടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചതോടെ അസുരന്മാരുടെ തന്ത്രപ്രയോഗങ്ങള്‍ നിശേഷം ശമിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ നിശ്ചേഷ്ടനാക്കി.

തുടര്‍ന്ന് നാരദമുനിയുടെ വാക്കിനെ മാനിച്ച് കോപം ഉള്ളിലൊതുക്കി ദേവന്മാര്‍ സ്വര്‍ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശ്രുക്രമഹര്‍ഷിയെ സമീപിച്ചു. ശ്രുക്ര മഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞ് വേറിട്ട് പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്ര മഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വും സിദ്ധിച്ചു. ചക്രവര്‍ത്തിയുടെ ശക്തി വീണ്ടെടുത്ത് സ്വര്‍ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത് എന്നുപേരായ യാഗം നടത്തി യുദ്ധത്തിനാവശ്യമായ സര്‍വസാമഗ്രികളും സമ്പാദിച്ചു. അന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനഃശക്തി, ദേഹശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗം ഉപേക്ഷിച്ച് വേഷം മാറി സഞ്ചരിച്ചു കാലം കഴിച്ചു. അനന്തരം മഹാബലി സ്വര്‍ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ അധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്താനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.

ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത് ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദേശപ്രകാരം വ്രതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മമാര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോട് പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ് വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മം കൂടിയായി മാറി.

ഭിക്ഷ തേടുന്ന ബ്രഹ്മണകുമാരന്റെ വേഷത്തില്‍ വാമനന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലെത്തി. നര്‍മദാതീരത്തുളള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയിരുന്നത്. അനേകം ധര്‍മകര്‍മങ്ങളും ദാനകര്‍മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ലാം എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനന്റെ കാല്‍ കഴുകി ജലം തീര്‍ഥമെന്നോളം ശിരസ്സില്‍ തളിച്ചു.

മഹാബലി ചക്രവര്‍ത്തി പറഞ്ഞു ”യജ്ഞം വിജയകരമായി അവസാനിച്ച ആ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ലാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍കാന്‍ തയ്യാറാണ്. പശുവോ, ഭൂമിയോ, സ്വര്‍ണമോ, കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ലാം തരാന്‍ നാം ഒരുക്കമാണ്.”

വാമനന്‍ പറഞ്ഞു: ”സര്‍വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജീവിച്ചത്. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.(4)

കേവലം രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗവും അളന്ന് തന്റേതാക്കിയ വാമനന്‍ മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലമന്വേഷിക്കുകയും, കൊടുക്കാന്‍ കഴിയാതെ വന്ന് സുതലത്തില്‍ പ്രവേശിക്കേണ്ടി വരികയും ചെയ്യുന്ന സംഭവങ്ങളാണ് തുടര്‍ന്ന് ഭാഗവതത്തില്‍ കാണുന്നത്.

ശുക്രാചാര്യരുടെ വിലക്ക് വകവെക്കാതെ ശിരസ്സ് കുനിച്ച മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും പ്രജാതല്‍പരനായ മാവേലി ആണ്ടുതോറും അദൃശ്യനായി കേരളം സന്ദര്‍ശിക്കുമെന്നും മറ്റ് ഐതിഹ്യങ്ങള്‍ പറയുന്നു.

ഇതു കൂടാതെ വാമനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുന്ന ചടങ്ങായും(5) സിദ്ധാര്‍ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ച ശ്രാവണമാസത്തിലെ തിരുവോണ നാളായും(6) ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം മതാശ്ലേഷണവുമായി ബന്ധപ്പെട്ട് ചിങ്ങ മാസത്തിലെ ഉത്സവമായും(7) ഭൂമിയില്‍ ആഴ്ന്ന് കിടന്ന് വര്‍ഷത്തിലൊരിക്കല്‍ മുളക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമായുമെല്ലാം(8) ഓണത്തെ പരിചയപ്പെടുത്തുന്ന പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ശാസ്ത്രീയത തിരയുന്നത് ഭൂഷണമല്ല. അതേസമയം ഐതിഹ്യമായാലും സാമാന്യയുക്തിയെ വെല്ലുവിളിക്കുന്ന പൊരുത്തക്കേടുകള്‍ക്കും വൈരുധ്യങ്ങള്‍ക്കും നേരെകണ്ണടയ്ക്കുന്നത് ഉദ്ബുദ്ധരായ ആളുകള്‍ക്ക് ഭൂഷണമല്ല താനും. മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ നാരായവേര് തന്നെ അബദ്ധങ്ങളുടെ മണ്ണിലാണെന്നത് എത്രമാത്രം സങ്കടകരമല്ല!

ത്രേതായുഗത്തിലെ വിഷ്ണുവിന്റെ മൂന്ന് അവതാരങ്ങളില്‍ ഒന്നാമത്തേത് വാമനനും രണ്ടാമത്തേത് പരശുരാമനും, മൂന്നാമത്തേത് ശ്രീരാമനുമാണ്. ഇതില്‍ രണ്ടാമത്തെ അവതാരമായ പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന കേരളത്തിലെ രാജാവായ മഹാബലിയെയാണ് അദ്യാവതാരമായ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്ന് പറയുന്നത്! 3600 ദേവവര്‍ഷങ്ങളടങ്ങിയ ത്രേതായുഗത്തിനെ മൂന്ന് ഭാഗമായി തിരിച്ചാല്‍ വാമനാവതാരം പൂര്‍ത്തിയായതിന് ശേഷം പിറവിയെടുത്ത പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന് പറഞ്ഞാല്‍ എങ്ങിനെയാണ് വിശ്വസിക്കാന്‍ കഴിയുക?!

ഓണാഘോഷം ഹൈന്ദവമല്ലെന്നോ?

ഓണാഘോഷത്തില്‍ പങ്ക്‌ചേരാന്‍ വിമുഖത കാണിക്കുന്നവരെ രാജ്യദ്രോഹികളാക്കാന്‍ തത്രപ്പെടുന്നവര്‍ക്കും ഓണം ഹൈന്ദവവിശ്വാസത്തെ ഉപജീവിക്കുന്നില്ലെന്നും മതേതരത്വത്തിന്റെ വിശാലമായ ക്യാന്‍വാസിലാണ് അതിന്റെ സ്ഥാനമെന്നും ഗീര്‍വാണം മുഴക്കുന്നവര്‍ക്കും ഓണവുമായി ബന്ധപ്പെട്ട ആചാരകര്‍മങ്ങള്‍ ഒന്നു വിലയിരുത്തിയാല്‍ മതിയാവും, അതിന്റെ മതകീയത ബോധ്യപ്പെടാന്‍.

ആചാരങ്ങളിലെ മതബിംബങ്ങള്‍

ഏതൊരു ആഘോഷത്തിന്റെയും ചടങ്ങുകള്‍ അതുള്‍ക്കൊള്ളുന്ന ദര്‍ശനത്തിന്റെ പ്രകടരൂപമാണ്. ചടങ്ങുകളിലെ കര്‍മങ്ങള്‍ വീക്ഷിച്ചാല്‍ അത് മുന്നോട്ടുവെക്കുന്ന ആദര്‍ശമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയും. ഓണഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളും ഇതില്‍ നിന്ന് ഭിന്നമല്ല. ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്ന ഏതെങ്കിലും ചടങ്ങുകള്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് നിലവിലുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലായെന്നു തന്നെയാണ് ഉത്തരം. മറിച്ച് ഹൈന്ദവ മതബിംബങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി കര്‍മങ്ങള്‍ അതിലുണ്ട് താനും.

പ്രാദേശികമായി വ്യത്യസ്തങ്ങളായ പല ഐതിഹ്യങ്ങളും ചടങ്ങുകളുമുള്ള ഉത്സവമാണ് ഓണം. ഹൈന്ദവാചാരങ്ങളിൽ പൊതുവേ കണ്ടുവരുന്ന ഈ വസ്തുത ഓണത്തിന്റെ കാര്യത്തില്‍ ഒട്ടധികമുണ്ട് താനും. അതുകൊണ്ട് തന്നെ ഓണാഘോഷ ചടങ്ങുകള്‍ക്ക് നിയതമായ ഒരു രൂപം നിര്‍ദേശിക്കുക സാധ്യമല്ല. അതേസമയം ഏതുതരം ഭേദങ്ങള്‍ക്കും പ്രാമാണികമായി പിന്‍ബലമവകാശപ്പെടാനും വലിയ പ്രയാസമൊന്നുമില്ല. ഓണവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകള്‍ ഹ്രസ്വമായി ഒന്നു പരിചയപ്പെടാം.

തൃക്കാക്കരയപ്പന്‍

ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. തിരുവോണ പുലരിയില്‍ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുമ്പില്‍ ആവണിപ്പലകയിലിരുന്ന് സാങ്കല്‍പിക ഓണത്തപ്പന്റെ കളിമണ്‍ ബിംബത്തിന് മുമ്പില്‍ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്നത് തൊട്ട് തുടങ്ങുന്നു ഈ ചടങ്ങ്. തൂശനിലയില്‍ ദര്‍ഭപ്പുല്ല് വിരിച്ചാണ് തൃക്കാക്കരയപ്പനെ ഇരുത്തുക. തെക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങുമുണ്ട്. വീട്ട് മുറ്റത്തോ ഇറയത്തോ ആണ് ‘ഓണം കൊള്ളുക’ എന്ന ചടങ്ങ് നടക്കുന്നത്. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളില്‍ തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിലിരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ തുടങ്ങിയവ കൊണ്ട് അലങ്കരിക്കുന്നു. നിലവിളക്ക് ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടൊപ്പം നേദിക്കുന്നു. തുടര്‍ന്ന് ഒരു പ്രത്യേക പ്രാര്‍ഥന മൂന്ന് തവണ ചൊല്ലി ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷ്ണം ഗണപതിക്കും മറ്റൊന്ന് മഹാബലിക്കും നിവേദിക്കുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി നേദിച്ചതിന് ശേഷം മാത്രമേ ഈ ഭക്ഷണം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നല്‍കൂ…

തൃക്കാക്കരയപ്പന്റെ ചരിത്രത്തെ കുറിച്ചും തൃക്കാക്കര ക്ഷേത്രത്തെ കുറിച്ചുമെല്ലാം പഠനം നടത്തിയാല്‍ ഹിന്ദു ഐതിഹ്യവുമായി അതിനുള്ള നാഭീ-നാള ബന്ധം ബോധ്യമാവും. ദേശീയബോധമുണര്‍ത്തുന്ന ചടങ്ങളുകള്‍ക്ക് ഇവയിലൊന്നും യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല സവര്‍ണതയെ പുല്‍കുന്ന ഐതിഹ്യങ്ങളും കര്‍മങ്ങളും ഇതില്‍ എമ്പാടുമുണ്ട് താനും.

ഓണപ്പൂക്കളം

തിരുവോണ ദിവസം ആഗമനാവുന്ന മാവേലി മന്നനെ സ്വീകരിക്കാനാണ് ഓണപ്പൂക്കളം തയ്യാറാക്കുന്നത്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ഇതിന് പ്രത്യേക രൂപവും ആകൃതിയുമെല്ലാമുണ്ട്. ആദ്യദിനമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. തുടര്‍ന്ന് ഓരോ ദിവസവും പൂക്കളം കൂടി വരുന്നു ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂ പാടുള്ളൂ. ഉത്രാടനാളില്‍ പൂക്കളം പരമാവധി വലുതാകും.

പത്തുനിലയിലാണ് പൂക്കളം ഒരുക്കേണ്ടതെന്നും ഒന്നാം നിലയില്‍ ഗണപതി, രണ്ടാമത്തേതില്‍ ശിവശക്തി, മൂന്നാമത്തേതില്‍ ശിവന്‍ നാലാമത്തേതില്‍ ബ്രഹ്മാവ്, അഞ്ചാമത്തേതില്‍ പഞ്ചപ്രാണങ്ങള്‍, ആറില്‍ ഷണ്‍മുഖന്‍, ഏഴില്‍ ഗുരുനാഥന്‍, എട്ടില്‍ ദിക്പാലകന്മാര്‍ ഒമ്പതില്‍ ഇന്ദ്രന്‍, പത്തില്‍ വിഷ്ണു എന്നീ ക്രമത്തില്‍ സങ്കല്‍പിച്ചു വേണമെന്നും വ്രതചൂഡാമണിയില്‍ പ്രസ്താവിച്ചിരിക്കുന്നു.(9)

ഓണവമായി ബന്ധപ്പെട്ട അത്തച്ചമയത്തിലും ഓണക്കാഴ്ച്ചയിലും ഉത്രാടപ്പാച്ചിലിലുമെല്ലാം ഈ ഹൈന്ദവബിംബങ്ങള്‍ കാണാം. മാത്രമല്ല ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന അനുഷ്ഠാന കലകളായ ഓണത്തെയ്യം, വേലന്‍തുള്ളന്‍ തുടങ്ങിയവയിലും ഓണക്കുമ്മാട്ടിക്കളി, ഓണക്കളി, ഓച്ചിറക്കളി, കമ്പിത്തായം കളി, ഭാരക്കളി, കൈകൊട്ടിക്കളി, പുലിക്കളി, കിളിത്തട്ടുക്കളി… തുടങ്ങിയ കളികളിലും ഹൈന്ദവ ഐതിഹ്യങ്ങള്‍ കാണാന്‍ കഴിയും. കേരളത്തില്‍ നിലവിലുള്ള ധാരാളക്കണക്കിന് ഓണപ്പാട്ടുകളെടുത്ത് പരിശോധിച്ചാല്‍ ഈ ഐതിഹ്യങ്ങളുടെ നല്ലൊരു വാഗ്മയ ചിത്രം ലഭിക്കും.

ചരിത്രത്തിലെ ഓണം

ഓണവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഐതിഹ്യങ്ങളും ആചാരങ്ങളുമാണ് ഇത്രയും വിലയിരുത്തിയത്. ഐതിഹ്യങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ചരിത്രത്തെ മോചിപ്പിച്ചെടുത്താലും ഹൈന്ദവോത്സവമെന്ന വൃത്തത്തിനുള്ളില്‍ മാത്രമായിരിക്കും അതിന്റെ സ്ഥാനം. ഒരിക്കലും ഭാരതത്തിന്റെയോ കേരളത്തിന്റെയോ വിശാലമായ മതേതരഭൂമികയിലേക്ക് ഓണത്തെ പറിച്ചുനടാന്‍ കഴിയില്ല എന്നതാണ് വസ്തുത.

ബി.സി 300 മുതല്‍ രേഖപ്പെടുത്തപ്പെട്ട സംഘകാല കൃതികളെ വ്യക്തമായി അപഗ്രഥിച്ച ചരിത്രകാരന്മാര്‍ ഓണത്തെകുറിച്ചുള്ള പ്രാചീന പരാമര്‍ശങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ‘ഇന്ദ്രവിഴ’ എന്നാണ് അന്ന് ഓണത്തിന് പറഞ്ഞിരുന്നത് എന്നുമാണ് ഈ വാദത്തെ ഖണ്ഡിക്കുന്നവര്‍ എടുത്തുപറയാറുള്ളത്. എന്നാല്‍ മേല്‍പറഞ്ഞ ആഘോഷം ഓണമായിരുന്നില്ലെന്നും മറിച്ച് വറുതിയുടെ നാളുകള്‍ക്ക് ശേഷം വൈദേശിക നാവികര്‍ നാട്ടിലെത്തുന്നതിനോടുള്ള സന്തോഷ സൂചകമായി സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നും അതിന്റെ സ്വഭാവം പഠനവിധേയമാക്കിയാല്‍ ബോധ്യപ്പെടും. കേരളത്തില്‍ പണ്ടുമുതല്‍ക്കേ ഇടവമാസം മുതല്‍ കര്‍ക്കിടകം അവസാനിക്കുന്നത് വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങള്‍ നടക്കുമായിരുന്നില്ല. ഇത് മൂലം കുരുമുളക് നശിച്ചു പോവുമെന്നതിനാലും കപ്പലുകള്‍ക്ക് സഞ്ചാരം ദുഷ്‌കരമാകുമെന്നതിനാലും കപ്പലോട്ടവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇടപെടലുകളും നിര്‍ത്തിവെക്കും. കപ്പലുകളെല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളില്‍ കാത്തിരിക്കും. പിന്നീട് വ്യാപാരം ആരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോടുകൂടിയാണ്. സാഹസികരായ നാവികര്‍ വിദേശത്ത് നിന്ന് പൊന്നുകൊണ്ടുവരുന്നതിനെ സൂചിപ്പിക്കാനായാണ് ഇക്കാലത്ത് പൊന്നിന്‍ ചിങ്ങമാസം എന്നു പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകളാണ്.‘ചിങ്ങമാസത്തിലെ പൗര്‍ണമി നാളില്‍ കപ്പലുകള്‍ കടലിലിറക്കുന്നതും നാളികേരവും പഴങ്ങളും കടലിലെറിഞ്ഞ് ആഹ്‌ളാദം പങ്കുവെക്കുന്നതും വിദേശവ്യാപാരികളെ സ്വീകരിക്കുന്നതുമായ സംഭവങ്ങള്‍ അകനാനൂറ് എന്ന കൃതിയില്‍ വായിക്കാന്‍ കഴിയും. ഇതിനെ ഓണത്തിന്റെ പ്രാകൃതരൂപമായി പരിചയപ്പെടുത്തുന്നത് അതിന്റെ മതകീയസ്വഭാവം ഇല്ലായ്മ ചെയ്യാനാണ്.

അതേസമയം സംഘസാഹിത്യത്തിലെ തന്നെ പത്തുപാട്ടുകളിലുള്‍പ്പെടുന്ന മധുരൈ കാഞ്ചിയില്‍ ഓണത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. ബി.സി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാങ്കുടി മരുതനാര്‍ എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരമായ മധുരയില്‍ ഓണമാഘോഷിച്ചിരുന്നതായി അതില്‍ വര്‍ണനയുണ്ട്. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയില്‍ ശ്രാവണ പൗര്‍ണമി നാളിലായിരുന്നു മധുരയിലെ ഈ ഓണാഘോഷം. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന പെരിയാഴ്‌വരുടെ തിരുമൊഴി എന്ന ഗ്രന്ഥത്തിലും ഓണത്തെകുറിച്ച് പരാമര്‍ശമുണ്ട്. ചേരന്മാരെ അനുകരിച്ചായിരിക്കാം അവര്‍ ഓണാഘോഷം നടത്തിയിരുന്നത് എന്നാണ് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്.

പ്രശസ്ത ചരിത്രകാരനായ എം.ജി.എസ് നാരായണന്‍ ഈ നിരീക്ഷണത്തോട് യോജിക്കുന്നുണ്ട്. ”ഓണം മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജന്മനക്ഷത്രത്തെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ വൈഷ്ണവര്‍ക്ക് ഏറെ പ്രധാനമാണ്. തമിഴകത്തെ ഏറ്റവും പ്രാചീനമായ ബ്രഹ്മണക്ഷേത്രം സ്ഥാപിതമായത് തിരുപ്പതിയിലാണ്. അവിടുത്തെ ബാലാജി എന്ന ബാലദേവന്‍ (കുട്ടിദൈവം) അസുരരാജാവായ മഹാബലിയെ തന്ത്രപൂര്‍വം ചവിട്ടിത്താഴ്ത്തി ബ്രഹ്മണദേവന്മാര്‍ക്കും അവരുടെ അനുയായികള്‍ക്കും ലോകം നേടിക്കൊടുത്ത വാമനന്‍ ബ്രാഹ്മണബാലന്‍ തന്നെയാകുന്നു. വാമനന്റെ ജന്മദിനത്തിലെ ഉത്സവമായ ശ്രാവണഉത്സവം പ്രസ്തുത ക്ഷേത്രത്തില്‍ കൃത്യമായി ആഘോഷിച്ചുവരുന്നു. വാമനന്‍ മുഖ്യദേവനായി ഗണിക്കപ്പെട്ടു പോരുന്ന മധ്യകേരളത്തിലെ തൃക്കാക്കര വിഷ്ണുക്ഷേത്രത്തിലും ഓണം ആഘോഷിക്കാറുണ്ട്. ഒമ്പതാം ശതകത്തിന്റെ ഒടുവിലെ നാമ്മാല്‍വാറില്‍ ഈ ക്ഷേത്രത്തിന്റെ വര്‍ണനയുള്ളതില്‍ നിന്ന് ഇത് ഒമ്പതാം നൂറ്റാണ്ടില്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം. 10-11 നൂറ്റാണ്ടുകളിലെ ഏതാനും ലിഖിതങ്ങള്‍ ഈ ക്ഷേത്രത്തിന്റെ തറകളില്‍ രേഖപ്പെട്ട് കാണുന്നു. (അയ്യര്‍,1992:2(7) ഡി. ജി,എച്ച്,എല്‍,എം); 3(35-37,39,41-42,44). കുലശേഖരപ്പെരുമാള്‍ തന്നെ നിര്‍മിച്ചതായിരിക്കണം ഈ ക്ഷേത്രം. വാമനനോട് ഒരു പ്രത്യേക താല്‍പര്യം വെച്ചുപുലര്‍ത്തിയിരുന്നയാളാണ് അദേഹമെന്നതിന് തെളിവുണ്ട്. താപതിസംവരണ എന്ന തന്റെ നാടകത്തില്‍ വാമനനെ പുകഴ്ത്താന്‍ അദ്ദേഹം വഴിവിട്ട് അവസരം സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ തിരുവോണാഘോഷങ്ങളുടെ മുഖ്യകേന്ദ്രം തൃക്കാക്കര വിഷ്ണുക്ഷേത്രം തന്നെയാണ്. ഇതിനു പുറമെ, പ്രസ്തുത ദിവസം കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ പ്രതിമ കേരളത്തിലെ എല്ലാ വീടുകളിലും ആരാധിക്കപ്പെടുന്നു. ആകയാല്‍, എല്ലാ വിഭാഗം ജനങ്ങളുടെയും ഏറ്റവും പ്രസിദ്ധപ്പെട്ട പൊതു ആഘോഷമായ ഓണോത്സവം വൈഷ്ണവ ചക്രവര്‍ത്തിയായ കുലശേഖരപ്പെരുമാളിന്റെ സംഭാവനയാണെന്നൂഹിക്കാവുന്നതാണ്. കുടിയാന്മാര്‍ ഭൂവുടമകള്‍ക്കു നല്‍കുന്ന തിറക്ക് ഓണോത്സവവുമായുള്ള ബന്ധം ക്രമേണ വികസിച്ചുവന്നതായിരിക്കണം. കുലശേഖരന്‍ വൈഷ്ണവഭക്തി സമ്പ്രദായം പരിചയപ്പെടുത്തിയതോടെ തന്നെ ഒരാഘോഷം എന്ന നിലയില്‍ ഓണം ആരംഭിച്ചിരിക്കണം.”(10)

വിഷ്ണുവിന്റെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഓണത്തിനുള്ളത് എന്നും വിഷ്ണു-കൃഷ്ണ-വാമനന്റെ ജന്മനാളാണ് ഓണാഘോഷ മാസമെന്നുമാണ് ചരിത്രകാരനായ രവിവര്‍മ്മ സമര്‍ഥിക്കുന്നത്. ”ഒരു കാലത്ത് ഓണമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉത്സവമാണ് ഇന്നത്തെ ബ്രഹ്മോത്സവം (തിരുപ്പതിയിലെ ഉത്സവം) എന്ന് കരുതുന്നതില്‍ തെറ്റുണ്ടാവില്ല. ഭാദ്രമാസത്തില്‍ ശുക്ലദ്വാദശിയും തിരുവോണവും ഒന്നിച്ചുവന്ന ദിവസമായിരുന്നു വിഷ്ണുവിന്റെ പിറന്നാള്‍ എന്നാണല്ലോ പുരാണപ്രശസ്തി. ഇന്നത്തെ കേരളത്തിലെപ്പോലെ പഴയ തമിഴകത്ത് നക്ഷത്രമനുസരിച്ചായിരുന്നു പിറന്നാളുകള്‍ ആഘോഷിച്ചിരുന്നത്. ശുക്ലദ്വാദശിയും തിരുവോണവും എല്ലാ കൊല്ലങ്ങളിലും ഒരുമിച്ചുവരാഞ്ഞതുകൊണ്ട് വിഷ്ണുവിന്റെ പിറന്നാള്‍ തീരുമാനിക്കുന്നതില്‍ അന്ന് തിരുവോണത്തിനായിരുന്നു പ്രാഥമ്യം കൊടുത്തിരുന്നത്-അതായത് ശുക്ലദ്വാദശിയല്ലെങ്കിലും തിരുവോണനാളിലാണ് പിറന്നാള്‍ ആചരിച്ചു പോന്നത്. അങ്ങനെ, ആഘോഷത്തിന് ഓണം എന്ന പേരുണ്ടായി. ഇടക്കാലത്ത് തമിഴ്‌നാട്ടില്‍ നക്ഷത്രത്തെ വിട്ടുകളഞ്ഞ് പിറന്നാളുകള്‍ തിഥിയനുസരിച്ച് ആചരിക്കുന്ന സമ്പ്രദായം നടപ്പിലായി. അപ്പോള്‍ വിഷ്ണുവിന്റെ പിറന്നാളാഘോഷം ഭാദ്രപദത്തിലെ തിരുവോണത്തിന് പകരം അതേമാസത്തിലെ ശുക്ലദ്വാദശിയിലായി. അതോടു കൂടി ഓണമെന്ന പേര് നിരര്‍ഥകമാവുകയും അത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.”(11)

ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍.വി കൃഷ്ണവാര്യര്‍ പറഞ്ഞുവെച്ചിട്ടുള്ളത്.(12) പുരാതന ഇറാഖിലെ അസീറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ഗോത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസീറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടുകൂടിയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി തെളിവായി സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ ‘കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണനാളിലായിരുന്നിരിക്കാം അതുകൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളിനെ അദ്ദേഹത്തിന്റെ പിറന്നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം’(13) എന്നാണ് ചരിത്രകാരനായ സോമന്‍ ഇലവംമൂട് സമര്‍ഥിക്കുന്നത്.

മലബാര്‍ മാന്വലി(14)ന്റെ കര്‍ത്താവ് ലോഗന്റെ അഭിപ്രായത്തില്‍ എ.ഡി 825 മുതലാണ് ഓണം ആഘോഷിച്ചുതുടങ്ങിയത്. മഹാബലിയുടെ ഓര്‍മക്കായ് ഭാസ്‌കരന്‍ രവിവര്‍മ്മയാണ് ഇത് ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരളചരിത്ര കര്‍ത്താവ് കെ.കെ കൃഷ്ണപിഷാരടി എ.ഡി 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി അല്‍ബിറൂണിയും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്‌രീസിയും 1159ല്‍ ഫ്രഞ്ച് സഞ്ചാരി ബെഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.

പത്താം നൂറ്റാണ്ടില്‍ കണ്ടെടുത്ത സ്ഥാണു രവികുലശേഖരന്‍ എന്ന രാജാവിന്റെ ലിഖിതത്തില്‍ വിദേശ നിര്‍മിത വസ്തുക്കള്‍ ഓണക്കാഴ്ച നല്‍കി പന്ത്രണ്ടു വര്‍ഷത്തെ ദേശീയോത്സവത്തിന്റെ മേല്‍നോട്ടം ഏറ്റുവാങ്ങിയിരുന്നതായി കാണാം. കേരളത്തിലെ രാജാക്കന്മാരെല്ലാം ആ പള്ളി ഓണത്തില്‍ പങ്കുചേരാന്‍ തൃക്കാക്കര എത്തിച്ചേര്‍ന്നിരുന്നു. കാലക്രമത്തില്‍ ഇത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തിവരികയും പിന്നീട് കേരളസര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.(15)

പതിനാലം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേശത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദ്ദണ്ഡ ശാസ്ത്രികളുടെ(16) കൃതികളിലും ഓണത്തെകുറിച്ച് പരാമര്‍ശമുണ്ട്. 1286ല്‍ മതപ്രചരണാര്‍ഥം കേരളത്തിലെത്തിയ ഫ്രയര്‍ ഒഡോറിക്കും 1347ല്‍ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവുകളെപ്പറ്റി തങ്ങളുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്.(17)

ചുരുക്കത്തില്‍, ഓണത്തെ കുറിച്ചുള്ള ഐതിഹ്യമെടുത്തു പരിശോധിച്ചാലും ചരിത്രം വിലയിരുത്തിയാലും ആചാരാനുഷ്ഠാനങ്ങള്‍ പഠനവിധേയമാക്കിയാലും ചെന്നെത്തുന്നത് ഓണം ഹൈന്ദവ സംസ്‌കാരവുമായി ഇഴുകിചേര്‍ന്ന ആഘോഷമാണ് എന്നതിലേക്കാണ്. മാത്രമല്ല, ഓണമാഘോഷിക്കാത്ത ഇതര വിഭാഗങ്ങള്‍ ദേശവിരുദ്ധരാണെന്ന തരത്തിലേക്ക് വരെ വളര്‍ന്ന സവര്‍ണ വര്‍ഗീയത നിലനില്‍ക്കുവോളം ‘ഭാര്‍ഗവ ക്ഷേത്രത്തില്‍ ശ്രീ ചക്രമായി, ഭാസുര സംസ്‌കാര ദര്‍പ്പണമായ്’ പരിചയപ്പെടുത്തുന്ന ഓണാഘോഷത്തെ ദേശീയോത്‌സവമായി മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയില്ല.

Ref:

1. തായാട്ട് ശങ്കരന്‍: ഓണം വരുന്നു കൈകൊട്ടിക്കളിയും.

2. കെ. മുകുന്ദന്‍ പെരുവട്ടൂര്‍, കെ.ഇ.എന്‍ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്ന കൃതിയില്‍ നിന്നെടുത്തു ചേര്‍ത്തത്.

3. ശ്രീ മഹാഭാഗവതം അഷ്ടമസ്‌കന്ധത്തില്‍ 18 മുതല്‍ 23 വരെയുള്ള അധ്യായങ്ങളുടെ ആശയം.

4. ശ്രീ മഹാഭാഗവതം, http://sreyas.in എന്ന വെബ്‌സൈറ്റില്‍ നിന്ന്.

5. വി.വി.കെ വാലത്ത്: സ്ഥലനാമ ചരിത്രങ്ങള്‍, എറണാകുളം ജില്ല, കേരള സാഹിത്യ അക്കാദമി.

6. വേലായുധന്‍ പണിക്കശ്ശേരി: അന്വേഷണം, ആസ്വാദനം-ലേഖനങ്ങള്‍, കറന്റ് ബുക്‌സ്.

7. പി.ഒ പുരുഷോത്തമന്‍: ബുദ്ധന്റെ കാല്‍പാടുകള്‍.

8. ഡോ: പി. രഞ്ജിത്ത്: പ്രാചീന കേരളത്തിന്റെ കാര്‍ഷികസംസ്‌കാരം ഒരു മുഖവുര.

9. വ്രതചൂഡാമണി: ഉദ്ധരണം: സര്‍വ വിജ്ഞാനകോശം.

10. എം.ജി.എസ് നാരായണന്‍: The Impact of Vaishnava Bhakti Movement in Kerala: Evolution of Onam Festival in Medieval & Modern Times: Journal of the Institute for Resear-ch in Social Science & Humanities (Volume 1, November 1, Jan 2006).

11. കെ.ടി രവിവര്‍മ്മ: ഋഗ്വേദം മുതല്‍ ഓണപ്പാട്ടുകള്‍ വരെ: ത്രിവിക്രമ-ബലിമിത്തിന്റെ വികാസപരിണാമങ്ങള്‍, ഡി.സി ബുക്‌സ് കോട്ടയം.

12. എന്‍.വി കൃഷ്ണവാര്യര്‍ കലോത്സവം, പൂര്‍ണ പബ്ലിക്കേഷന്‍.

13. സോമന്‍ ഇലവംമൂട്: പ്രാചീന കേരള സംഗ്രഹം, ധന്യാ ബുക്‌സ്, പുതുപ്പള്ളി.

14. വില്യം ലോഗന്‍: മലബാര്‍ മാന്വല്‍.

15. Onam: Carnival of Kerala: www.abo-ut.com

16. സംസ്‌കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പോഷണം നടത്തിയിട്ടുള്ള ദക്ഷിണഭാരത പണ്ഡിതന്‍. ക്രിസ്തുവര്‍ഷം 15ാം ശതകത്തിനടുത്ത് ജീവിതകാലം. പതിനെട്ടരക്കവികളില്‍ പ്രമുഖന്‍.

17. അവലംബം: http://ml.wikipedia.org

print

1 Comment

  • ബക്രീദ് എന്ന പദം നാം ഒഴിവാക്കേണ്ടത് അല്ലേ? ഈദുൽ അദ്ഹ എന്നോ വലിയ പെരുന്നാൾ എന്നോ പോരെ?

    Alavi 31.08.2020

Leave a comment

Your email address will not be published.