ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -3

//ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -3
//ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -3
ആനുകാലികം

ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -3

ഭീകരതയുടെ മനഃശാസ്ത്രം

സാധാരണയായി മനുഷ്യ ചരിത്രത്തിന്റെ പുസ്തകങ്ങള്‍ തുടങ്ങുന്നത് സൂമറിന്റെയും ഈജിപ്തിന്റെയും നാഗരികതകളില്‍ നിന്നാണ്. ഏകദേശം 3000 ബി.സിയില്‍ നിന്നവിടന്നിങ്ങോട്ട് അവസാനിക്കാത്ത യുദ്ധങ്ങളുടെ നിരകള്‍ അരങ്ങേറിയ ഇടമാണ് ഭൂമി. 1740നും 1897നും ഇടയില്‍ യൂറോപ്പില്‍ മാത്രമുണ്ടായ യുദ്ധങ്ങളും വിപ്ലവങ്ങളുമൊക്കെക്കൂടെ ഇരുന്നൂറില്‍പരം വരുമെന്നാണ് കണക്ക്. അഥവാ ചരിത്രത്തിലെങ്ങും മനുഷ്യന്‍ എന്തിന്റെയെങ്കിലും പേരിലായി പ്രകടിപ്പിച്ചു കാണുന്ന ഗുണം തന്നെയാണ് പരസ്പരം യുദ്ധം ചെയ്യാനും വെട്ടിപ്പിടിക്കാനുമുള്ള ത്വര. ഇതൊരു അടിസ്ഥാന മനുഷ്യസ്വഭാവമായതുകൊണ്ടുതന്നെ ഇതിന്റെ കാരണങ്ങളന്വേഷിച്ചുള്ള മനഃശാസ്ത്ര പഠനങ്ങള്‍ തീര്‍ത്തും പ്രസക്തമാണ്.

പരിണാമ മനഃശാസ്ത്രജ്ഞര്‍ (Evolutionary Psychologists) ഈ പ്രഹേളികയ്ക്ക് മറുപടിയായി പറയുന്നൊരു കാര്യം ഇതെല്ലാം മനുഷ്യജനിതകത്തിന്റെ തന്നെ ഗുണമാണെന്നാണ്. മനുഷ്യന്‍ സ്വാര്‍ത്ഥ ജീനിനുടമയായതുകൊണ്ടും അതിജീവനത്തിനായും പരിമിത വിഭവങ്ങള്‍(Limited Resources)ക്കായും യുദ്ധം ചെയ്യേണ്ടത് പരിണാമപരമായ ഒരനിവാര്യതയായതു കൊണ്ടും പ്രകൃതി നിര്‍ദാരണം വഴി അത്തരമൊരു ഗുണം വികസിച്ചുണ്ടായിവന്നുവെന്നാണ് ഇത് വിശദീകരിക്കുന്നത്.

മനുഷ്യന്റെ ആക്രമബുദ്ധിയെ ജീവശാസ്ത്രപരമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യനില്‍ പ്രത്യേകിച്ച് പുരുഷഹോര്‍മോണായ Testosterone ന്റെ അളവ് കൂടുതലായിക്കാണുന്നതും പുരുഷനില്‍ നൈസര്‍ഗികമായി അടങ്ങിയിട്ടുള്ള അക്രമ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. Serotonin എന്ന മറ്റൊരു ഹോര്‍മോണ്‍ കുറയുന്നതും ഹിംസബുദ്ധിയ്ക്ക് കാരണമാകാം. Serotonin പരീക്ഷണപരമായി മൃഗങ്ങളില്‍ കുത്തിവെക്കപ്പട്ടപ്പോള്‍ അവ കൂടുതല്‍ ശാന്തസ്വഭാവക്കാരായി പ്രകടമായി എന്ന നിരീക്ഷണപരമായ അടിസ്ഥാനം കൂടെ ഇതിനുണ്ട്.

പരിണാമപരവും ജീവശാസ്ത്രപരവുമായ ഇത്തരം തെളിവുകള്‍ക്കുപുറമെ പുരുഷന്‍മാരില്‍ പ്രത്യേകിച്ച് ദര്‍ശിക്കാവുന്ന യുദ്ധോത്സുകതയെ വിശദീകരിക്കുന്ന Male Warrior Syndrome Theory യും, സ്വത്വബോധത്തില്‍ പ്രേരിതമായി നടക്കുന്ന മനുഷ്യന്റെ പരസ്പരമുള്ള കടന്നാക്രമണങ്ങളെ വിശദീകരിക്കുന്ന Henri Tajfel ന്റെ Social Identity Theory യുമൊക്കെ ഈ രംഗത്ത് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ സഹായകമാണ്. തജ്‌ഫേലിന്റെ സിദ്ധാന്തപ്രകാരം മനുഷ്യന്‍ എന്നും ഒരു ഗ്രൂപ്പിന്റെ ഭാഗമായി ജീവിക്കാനും അറിയപ്പെടാനും ആഗ്രഹിക്കുന്നവനാണ്. ഒരു ഗ്രൂപ്പിനകത്ത് എത്തുന്നതോടെ ഒരു വ്യക്തി അനുഭവിക്കുക കൂടുതല്‍ സംരക്ഷണവും സുരക്ഷാബോധവുമാണ്. അതവന്റെ അതിജീവനത്തിന് സ്വാഭാവികമായും കൂടുതല്‍ സഹായകരവുമാണെന്ന കാര്യത്തിലും സംശയമില്ല. ഇങ്ങനെ ഒരു സംഘത്തിനകത്ത് ആ ഗ്രൂപ്പ് നല്‍കുന്ന സുരക്ഷിതബോധം അനുഭവിച്ച് ജീവിക്കുന്നവര്‍ രണ്ടു തരത്തിലായിരിക്കും ലോകത്തെ നോക്കിക്കാണുക. ഒന്ന് തന്റെ സംഘത്തിനകത്തുള്ളവരെ സഹോദര മനുഷ്യരായും (In group), അതല്ലാത്തവരെ അന്യമനുഷ്യരായും. ഇങ്ങനെ നിലനില്‍ക്കുന്ന ഒരു ഗ്രൂപ്പ് പുറംലോകവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ വ്യക്തിപരമായ സ്വത്വബോധം മനുഷ്യനു നശിക്കുകയും ഗ്രൂപ്പിന്റെ മൊത്തം ചോതനയ്ക്കും, ലക്ഷ്യത്തിനും അനുസരിച്ചവരുടെ പ്രവൃത്തികള്‍ നിശ്ചയിക്കപ്പെടുകയുമൊക്കെ ഉണ്ടാകുന്നു എന്നാണ് de-individuation theory പറയുന്നത്. അഥവാ ഒറ്റയ്ക്കുള്ളപ്പോള്‍ ഉള്ള വ്യക്തി ആയിരിക്കില്ല മനഃശാസ്ത്രപരമായി മനുഷ്യൻ ഒരു സംഘത്തിനകത്ത് ആകുമ്പോൾ. തന്റെ സംഘം പുറംലോകവുമായി ഒരു സായുധ സംഘര്‍ഷത്തിലാണെങ്കില്‍ അയാള്‍ കൂടുതല്‍ ആക്രമണത്വരയോടെ ആ സംഘബോധത്തിന്റെ കൂടെയാണ് നിക്കുക. യുദ്ധങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും ഒക്കെ യുക്തിയതാണ്.

നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ എന്തുകൊണ്ട് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു എന്നതും പുരുഷന്മാർ മാത്രം എന്തുകൊണ്ട് കൂടുതല്‍ ആക്രമണബുദ്ധിയുള്ളവനായിയെന്നും മെയില്‍ വാരിയര്‍(male warrior) തിയറിയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് എളുപ്പം.

പരിണാമപരമായി പറഞ്ഞാല്‍ ഒരു സംഘത്തിനകത്ത് ജീവിക്കുന്നതാണ് വ്യക്തിയുടെ അതിജീവനത്തിന് കൂടുതല്‍ യോജിച്ചതെന്ന കാര്യം വിശദീകരിച്ചതാണ്. ഇങ്ങനെ സംഘമാകുമ്പോള്‍ ലഭിക്കുന്ന സുരക്ഷാബോധം മാത്രമല്ല ലാഭം. സംഘപരമായി വ്യക്തി കൂടുതല്‍ കരുത്തനാവുക കൂടിയാണ് അവിടെ സംഭവിക്കുന്നത്. ഈ കരുത്തിനെ ഉപയോഗപ്പെടുത്തി അന്യസംഘങ്ങളെയും ഗോത്രങ്ങളെയും ആക്രമിക്കുന്നതും വ്യക്തിപരമായി മനുഷ്യന് ഗുണം തന്നെയാണ്. കാരണം പരിമിതമായ വിഭവങ്ങള്‍ക്കായുള്ള യുദ്ധത്തിലാണ് പ്രത്യക്ഷമായും പരോക്ഷമായുമൊക്കെ മനുഷ്യര്‍. അതിനാല്‍ തന്നെ ഒരന്യ ഗോത്രത്തെ ആക്രമിക്കുന്നതിലൂടെ കൂടുതല്‍ വിഭവങ്ങളും പ്രദേശങ്ങളും പ്രത്യുല്‍പാദന ഇണകളും കീഴ്‌പ്പെടുകയാണ് സംഭവിക്കുന്നത്. അങ്ങനെതന്നെ ഈ വിജയികളുടെ ജീനുകളായിരിക്കും കൂടുതല്‍ അതിജയിക്കുന്നതും. പുരുഷന്‍മാരില്‍ സ്വന്തം ഗ്രൂപ്പിനോട് അധികതാല്‍പര്യം കാണുന്നതിന്റെയും അന്യസംഘങ്ങളുമായുള്ള സംഘര്‍ഷബുദ്ധിയുടേയുമൊക്കെ അടിസ്ഥാനം ഇതാണെന്നാണ് മെയില്‍ വാരിയല്‍ സിന്‍ഡ്രോം സിദ്ധാന്തിക്കുന്നത്.

ഇത് ശരിക്കൊന്ന് പുരുഷ ബുദ്ധിയെ നിരീക്ഷിച്ചാല്‍ തന്നെ മനസ്സിലാകുന്ന കാര്യമാണ്. പെണ്‍കുട്ടികള്‍ പാവകളുമൊത്ത് കളിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ തോക്കുപോലുള്ള ആയുധ സമാനമായ കളിപ്പാട്ടങ്ങളെ ഇഷ്ടപ്പെടുന്നു. കൂടുതല്‍ സംഘട്ടന രംഗങ്ങളുള്ള സിനിമകളെ അമിതാവേശത്തോടെ കാണുന്നു.

ഈയടുത്ത് വന്‍പുരുഷാകര്‍ഷണം നേടിയെടുത്ത Pub-G പോലുള്ള Gameകള്‍ക്ക് പിറകിലുള്ള മനഃശാസ്ത്രം പോലുമിതാണ്. Game രൂപത്തിലാണെങ്കിലും പരസ്പരം സായുധമായി ആക്രമിക്കുമ്പോഴും കൊല്ലുമ്പോഴും അതില്‍ സുഖിക്കുന്ന ഒരു പ്രാകൃത മനുഷ്യന്റെ ജനിതക ഗുണം നമുക്കുള്ളിലുണ്ട്.

പറഞ്ഞുവന്നത് യുദ്ധങ്ങളും, പരസ്പര ആക്രമങ്ങളും, രക്തച്ചൊരിച്ചിലും, എല്ലാം മനുഷ്യനാഗരികതകളിലെല്ലാം ആവര്‍ത്തിച്ചിട്ടുള്ളതാണ്. മനുഷ്യനും ആ പ്രകൃതമുള്‍ക്കൊള്ളുന്നവനാണ്. അത് പ്രകടമാകാന്‍ ഉതകുന്ന സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകളില്‍ അത് പുറത്തുവരികയും ചെയ്യുന്നു. ഐഎസിന്റെയും അല്‍ ക്വാഇദയുടെയുമൊക്കെ ഉല്‍പത്തി പരിസരത്തെ മനഃശാസ്ത്രപരമായി വിലയിരുത്തിയാല്‍ അകത്തു മറഞ്ഞിരിക്കുന്ന ഒരു ഭീകരവാദിയെ മനുഷ്യനില്‍ സൃഷ്ടിക്കാന്‍ പോന്ന സാമൂഹ്യ രാഷ്ട്രീയ പരസരങ്ങളും പ്രോപ്പഗണ്ടകളും അതിനുപിറകില്‍ ഉണ്ട്.

ഐഎസ് ഉപയോഗിച്ച മനഃശാസ്ത്രം!

ഐഎസിന്റെ ചരിത്രമെന്ന ഭാഗം വായിച്ചാല്‍ മനസ്സിലാകും മതവ്യാഖ്യാനങ്ങളല്ല, മറിച്ച് അത് രൂപപ്പെട്ടുവരാന്‍ ചില സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന്. തങ്ങളുടെ മണ്ണില്‍ പാശ്ചാത്യന്‍ ശക്തികള്‍ നടത്തുന്ന അധിനിവേശമെന്ന പ്രശ്‌നമുയര്‍ത്തിയാണ് ഭീകരസംഘടനകള്‍ രൂപംകൊണ്ടതുതന്നെ. ചില രാഷ്ട്രീയ സാഹചര്യങ്ങളെ ഉയര്‍ത്തിക്കാട്ടി ഭീകരരെ സൃഷ്ടിക്കാന്‍ കഴിയുന്നതുപോലും മനഃശാസ്ത്രപരമായ ചില തന്ത്രങ്ങളിലൂടെയാണ്. മനുഷ്യ ചരിത്രത്തിലെന്നും മനുഷ്യനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച, സോഷ്യല്‍ ഐഡന്റിറ്റി തിയറി പറയുന്ന പോലൊരു തീവ്ര സ്വത്വബോധമാണതിന് സുപ്രധാന ഹേതു ഘടകം.

മതം ഇത്തരം രാഷ്ട്രീയമായ കലഹങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവരപ്പെടുന്നതുപോലും അതിന്റെ ഭാഗമായാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം മതമെന്നത് ഒരു സുപ്രധാന ഘടകമായതുകൊണ്ടുതന്നെ ആ സ്വത്വബോധത്തെ(group identity) ഉപയോഗിക്കുന്നത് കൂടുതല്‍ മനുഷ്യരെ ആകര്‍ഷിക്കാനും മതപരമായ ന്യായം അവകാശപ്പെടാനുള്ള ഉപാധിയുമാണ്. ഏതൊരു സംഘത്തിനും ആള്‍ബലം ഉണ്ടാക്കിയെടുക്കാനുള്ളൊരു മാര്‍ഗം തന്നെയാണിത്.

ഇന്‍ഡ്യയില്‍ ഹിന്ദു എന്ന സ്വത്വത്തിന്റെ പ്രതിനിധികളാണ് തങ്ങളെന്ന് അവകാശപ്പെടുന്നതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് തുടരെ തുടരെ ജയിക്കാന്‍ കഴിയുന്നത്. അത്തരമൊരു യുക്തി ഉപയോഗിച്ചു കഴിഞ്ഞാല്‍ Social Identity Theory പറയുന്നപോലൊരു സ്വത്വബോധമാണ് സ്വാഭാവികമായും വ്യക്തികളില്‍ പ്രവര്‍ത്തിക്കുക. നമുക്കായി ഉള്ള നമ്മുടെ കൂട്ടരും അതല്ലാത്തവരും എന്നു നൈസര്‍ഗികമായി തന്നെ അവര്‍ മനുഷ്യനെ വിഭജിച്ചു കാണും. അതിന്റെ ഫലമായി തങ്ങളുടെ കൂട്ടര്‍ക്കായി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. എത്രത്തോളമെന്നു വച്ചാല്‍ സംഘത്തിനൊപ്പമാകുമ്പോള്‍ സ്വന്തം യുക്തിക്കപ്പുറം സംഘത്തിന്റെ പൊതുബോധത്തിനനുസരിച്ചായിരിക്കും മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അത്തരമൊരു സംഘത്തെ നശീകരണത്തിന് ഉപയോഗിക്കാനും വളരെ എളുപ്പമായിരിക്കും. ഗുജറാത്തില്‍ വംശീയ കൂട്ടക്കൊലകള്‍ക്കും, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ഒപ്പം നില്‍ക്കുമ്പോള്‍ വ്യക്തിത്വ ബോധം ഇല്ലാതാവുകയും സംഘബോധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണവര്‍ ആ സമയത്ത് മനുഷ്യരല്ലാതാകുന്നത്. ഈ ആക്രമണങ്ങള്‍ക്കെല്ലാം മുന്നിലുണ്ടായിരുന്ന പലരും ദിവസങ്ങള്‍ക്കുശേഷം കുറ്റസമ്മതം നടത്തുന്നതും പശ്ചാത്താപം പ്രകടിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ക്കും കാരണം ആക്രമണ സമയത്ത് അവര്‍ യുക്തിക്കതീതമായി പ്രവര്‍ത്തിക്കുതാണ്. പറഞ്ഞുവന്നത് ഐഎസിന്റെ മാത്രമല്ല ആര്‍.എസ്.എസിന്റെയും മനഃശാസ്ത്രമിതാണ്. ഭൂരിപക്ഷമാകുന്നിടത്ത് നാസ്തികര്‍ വിശ്വാസികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുമ്പോഴും ഈ മനഃശാസ്ത്രം തന്നെയാണ് പ്രവര്‍ത്തിക്കുക. അഥവാ ഭീകരതയുടെ വേര് കിടക്കുന്നത് മതത്തിലല്ല മറിച്ച് മനുഷ്യ മനശാസ്ത്രത്തിലാണ്.

രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിസന്ധികള്‍ക്കനുസരിച്ച് മതം മനഃശാസ്ത്രപരമായി ഉപയോഗിക്കപ്പെടുക മാത്രമാണ് ഐഎസിന്റെ കാര്യത്തില്‍ സംഭവിക്കുന്നുള്ളൂ. ഇത് ഐഎസിന്റെയും അല്‍ ക്വാഇദയുടെയുമൊക്കെ ഉല്‍പത്തിക്ക് ഹേതുവായ 1790ലെ അഫ്‌ഗാന്‍ സോവിയറ്റ് യുദ്ധസന്ദര്‍ഭത്തെ വിശകലന വിധേയമാക്കിയാല്‍ കൂടുതല്‍ വ്യക്തമാണ്. സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിനെതിരെയുള്ള അഫ്‌ഗാന്‍ ചെറുത്തുനില്‍പ്പിനെ ഒരു അന്തര്‍ദേശീയ ജിഹാദായി രൂപപ്പെടുത്താന്‍ അമേരിക്കക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. സോവിയറ്റ് വിരുദ്ധ യുദ്ധത്തെ വെറും ദേശീയാടിസ്ഥാനത്തില്‍ മാത്രമാക്കി സംഘടിപ്പിച്ചാല്‍ അതിനാവശ്യമായ മനുഷ്യവിഭവത്തെ അഫ്‌ഗാനില്‍ നിന്നുതന്നെ കണ്ടെത്തേണ്ടതായുണ്ട്. ആള്‍ബലം കുറയുന്നത് യുദ്ധപരാജയത്തിനും കാരണമാകും. അതുകൊണ്ടാണ് അമേരിക്ക അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തെ ഇസ്‌ലാമിനെതിരെയുള്ള ആക്രമണമായി വ്യാഖ്യാനിച്ച് ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള തീവ്ര മുസ്‌ലിംകളെ അഫ്‌ഗാനിലേക്ക് ക്ഷണിച്ചതും അങ്ങനെ ഉണ്ടാക്കിയ ആള്‍ബലത്തെ ആയുധവും പണവും നല്‍കി സഹായിച്ചതും.
അന്താരാഷ്ട്ര ഭീകരസംഘടനകളുടെ ഉല്‍പത്തിക്കു കാരണമായ അമേരിക്കയുടെ ഈ രാഷ്ട്രീയ നീക്കത്തില്‍ തന്നെ മതമെന്ന സ്വത്വബോധത്തെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നതു കാണാം. മനുഷ്യന്റെ മതപരമായ സ്വത്വം അപകടത്തിലാണെന്നും തന്റെ വിഭാഗത്തിന്റെ രക്ഷക്കായി സായുധമായി പോരാടണമെന്നും പറയുന്നത് വ്യക്തിയെ യുദ്ധരംഗത്തെത്തിക്കാന്‍ മനഃശാസ്ത്രപരമായി ഏറ്റവും നല്ല വഴിയാണ്. പ്രത്യേകിച്ച് മനുഷ്യന്‍ പരിണാമപരമായിത്തന്നെ സ്വത്വപരമായ യുദ്ധങ്ങളെ ഇഷ്ടപ്പെടുന്നവനായതുകൊണ്ടും.

ശേഷം ഐഎസിന്റെ രൂപീകരണത്തിനും ഇറാക്വില്‍ ഉപയോഗപ്പെടുന്നത് ഈ തിയറിയാണ്.

ഐഎസിന്റെ പിതാമഹനായ സര്‍ക്വാവി അഫ്‌ഗാന്‍ യുദ്ധാനന്തരം ഇറാക്വിലെത്തിയ ശേഷം അവിടുത്തെ ശിയാ ഭൂരിപക്ഷത്തിനെതിരെ കലാപങ്ങള്‍ സംഘടിപ്പിക്കുകയും ശിയാ-സുന്നി യുദ്ധങ്ങള്‍ക്ക് തീ കൊടുക്കുകയും ആണ് ചെയ്തത്. സ്വാഭാവികമായും ഭൂരിപക്ഷത്തിനെതിരെയുള്ള കലാപങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കേണ്ടി വന്നതോടെ നിഷ്പക്ഷരായ സുന്നികള്‍ക്ക് പോലും പ്രതിരോധത്തിനായി സര്‍ക്വാവി നേതൃത്വം കൊടുക്കുന്ന അല്‍ ക്വാഇദ ഓഫ് ഇറാക്വ് എന്ന തീവ്ര സംഘത്തിനൊപ്പം നില്‍ക്കേണ്ട അവസ്ഥ വന്നു. ഇറാക്വില്‍ സര്‍ക്വാവിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടനയ്ക്ക് ജനപിന്തുണ ഉണ്ടാകുന്നതും അങ്ങനെയാണ്.

അഫ്‌ഗാനിസ്ഥാനില്‍ അമേരിക്കന്‍ മതമെന്ന സ്വത്വബോധത്തെ ഉപയോഗപ്പെടുത്തിയാണ് ഭീകരസംഘങ്ങള്‍ക്ക് ബീജമിട്ടു കൊടുത്തതെങ്കില്‍ ഇറാക്വില്‍ സര്‍ക്വാവി ചെയ്തത് സുന്നി, ശിയാ സ്വത്വബോധങ്ങളെ തമ്മില്‍ കലഹിപ്പിച്ച് തന്റെ കൂടെ നില്‍ക്കാന്‍ വേണ്ട തീവ്ര ചിന്താഗതിക്കാരെ ഉല്‍പ്പാദിപ്പിക്കുകയാണ്.

ചുരുക്കത്തില്‍ “They are attacking us and therefore we have to attack them” എന്ന തത്വത്തെ മനഃശാസ്ത്രപരമായി ഉണ്ടാക്കിയെടുക്കുകയാണ് ഈ രണ്ടിടത്തും ചെയ്തത്.

ആധുനിക ഐഎസ് ഭീകരരെ നിരീക്ഷിച്ചാലും അത് മനസ്സിലാകും. തങ്ങള്‍ക്കെതിരെയുള്ള പാശ്ചാത്യന്‍ കൈയ്യേറ്റവും രാഷ്ട്രീയവുമൊക്കെയാണ് അവര്‍ ഉന്നയിക്കുന്ന വര്‍ത്തമാനങ്ങള്‍.

ഭീകരതയെ സംബന്ധിച്ച പഠനങ്ങളില്‍ വിദഗ്ധനും മുന്‍ CIA ഓഫീസറും സൈക്യാട്രിസ്റ്റുമായ Sagemanന്റെ പഠനങ്ങള്‍ ഈ രംഗത്ത് കൂടുതല്‍ ആധികാരികമാണ്. Sageman ഐഎസിന്റെ മതബന്ധത്തെ വിലയിരുത്തുന്നതിങ്ങനെയാണ്: “Religion has a role. but it was a role of justification. It’s not why they do this, or why young people go there. To give themselves a bit more legitimately, they use Islam as their justification. It’s not about religion, its about identity… You identify with the victims with the gays being killed by your enemies.”
മുകളില്‍ ഉദ്ദരിച്ച രാഷ്ട്രീയവും സാമൂഹ്യവും സ്വത്വപരവുമായ കാരണങ്ങളാണ് ഭീകരരെ നയിക്കുന്നതെന്നാണ് ഇദ്ദേഹവും വിലയിരുത്തുന്നത്.

ഒരു സാമൂഹ്യ പഠനം പറയുന്നത് 2001നും 2010നും ഇടയ്ക്ക് UK യില്‍ നടന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ഭാഗമായവരില്‍ 31 ശതമാനം പേര്‍ പുതുതായി ഇസ്‌ലാമിലേക്ക് കടുന്നുവന്നവരാണെന്നാണ്. ഈ പുതുമുസ്‌ലിംകളെ ഭീകരതയിലേക്കു നയിക്കുന്ന ചോതനയെന്തെന്നും Sageman തന്റെ പഠനങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്. Identity is important to them. They have invested a lot of their own efforts and identity to become this Muslim, and because of this identity is so important to them. They see other Muslims being slaughtered and say i need to protect my community.”
പുതിയ മതം സ്വീകരിക്കുന്നതിനായി കൂടുതല്‍ കഷ്ടതകളും നഷ്ടങ്ങളും സഹിച്ചവരായിരിക്കുമവര്‍. അതുകൊണ്ടു തന്നെ അവര്‍ക്കവരുടെ മത സ്വത്വവും, ഐഡന്റിറ്റിയും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മൂല്യമുള്ളതാണ്. അതിനാല്‍ തന്റെ സമുദായത്തിന്റെ ആളുകള്‍ കഷ്ടപ്പെടുന്നെങ്കില്‍ അതിനെതിരെ പോരാടണമെന്ന വികാരവും അത്തരക്കാരില്‍ കൂടുതലായിരിക്കുകയും ചെയ്യും.
കേരളത്തില്‍ നിന്നും ഐഎസിലേക്ക് പലായനം ചെയ്തവരില്‍ സിംഹഭാഗവും നവമുസ്‌ലിംകളാണെന്ന സത്യത്തെക്കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ഐഎസിലേക്ക് ആളെ നയിക്കുന്നതിന്റെ ചോതനകള്‍ വിശദീകരിക്കുന്ന ഈ മതേതര തിയറികളുടെ ആധികാരികതയാണ് തെളിയുന്നത്.

രാഷ്ട്രീയ പ്രതിരോധത്തിന് ആളുകളെ സൃഷ്ടിക്കാനുള്ള ശക്തമായൊരു മാര്‍ഗം എന്ന നിലയ്ക്ക് അവരുടെ ഐഡന്റിറ്റിയെ ഉന്നയിച്ച് ആളുകളെ ക്ഷണിക്കുന്നു. മതം അവിടെ ഒരു ഐഡന്റിറ്റി എന്ന നിലയ്ക്ക് സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു.
പക്വതയെത്താത്ത തലച്ചോറുകള്‍ ഈ പ്രോപ്പഗണ്ടയില്‍ വഞ്ചിതരായി ആവേശത്തോടെ ആ ആത്മഹത്യാ മുനമ്പുകളിലേക്ക് പായുന്നു. എന്നിട്ട് സ്വയം മരിച്ച് നരകം വരിക്കുന്നു.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.