ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -2

//ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -2
//ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -2
ആനുകാലികം

ഐഎസിലേക്ക് ആളെ കയറ്റുന്നതാര്? -2

Print Now
ഐഎസിന്റെ മതനിലവാരം

ഭീകരവാദത്തിന്റെ പ്രേരണയും കാരണവും അന്വേഷിച്ചുള്ള നിരവധി സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നാസ്തികര്‍ക്കാകെ പരിചയം മതമാണ് ഭീകരരെ സൃഷ്ടിക്കുന്നതെന്ന ഡോക്കിന്‍സുമാരുടെ പൊള്ളയായ വര്‍ത്തമാനം മാത്രമാണ്. തങ്ങളുടെ മതവിരോധ മനഃശാസ്ത്രത്തെ തൃപ്തിപ്പെടുത്തലാണ് ലക്ഷ്യം എന്നതുകൊണ്ട് തന്നെ അതിനപ്പുറം ചിന്തിക്കാനോ പഠിക്കാനോ മനസ്സിലാക്കാനോ ഈ സ്വയംപ്രഖ്യാപിത ബുദ്ധിജീവികളൾക്ക് കഴിയുകയുമില്ല. വാസ്തവത്തില്‍ 1400 വര്‍ഷങ്ങള്‍ക്കിടയിലൊരിടത്തും മുസ്‌ലിം പണ്ഡിതലോകത്തിനൊന്നും മനസ്സിലാകാതിരുന്ന ഒരു പ്രത്യേകതരം ഭീകര ആശയം ഇസ്‌ലാമില്‍നിന്നും വായിച്ചെടുക്കാന്‍ പുതിയ കാലത്തെ കുറച്ച് ഭീകരസംഘങ്ങള്‍ക്ക് മാത്രം കഴിയുന്നു എന്നുവാദിച്ചു വരുന്നത് തന്നെ വിഡ്ഡിത്തമാണ്.

ഇനി ഈ പുതിയകാല ഭീകരസംഘങ്ങളുടെ മാതൃപ്രസ്ഥാനങ്ങളെയും അതിന്റെ പിതാക്കന്‍മാരെയും എടുത്തു നോക്കിയാലും ഒരു മുഫ്തിമാരെയും കിട്ടില്ല. ഐഎസിന്റെ ഉല്‍പത്തിക്ക് ഹേതുവായി വര്‍ത്തിച്ചിട്ടുളളത് അല്‍ ക്വാഇദയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. അതിന്റെ സ്ഥാപക നേതാക്കളാരും മതപണ്ഡിതരോ മതനേതാക്കളോ പോലുമല്ല. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഇറാഖില്‍ പൊരുതാന്‍ ബിന്‍ലാദനാല്‍ നിയമിതനായ, ഐഎസിന്റെ മാതൃസംഘടനയെന്നു വിളിക്കാവുന്ന അല്‍ ക്വാഇദ ഇന്‍ ഇറാക്വ് (IQI)ന് നേതൃത്വം കൊടുത്ത Abu-Musah Al Sarqawi യുടെ ഭൂതകാലം തന്നെ ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലാത്തതും അരാജകത്വം നിറഞ്ഞതുമാണ്. കവര്‍ച്ചക്കാരനും കൂട്ടിക്കൊടുപ്പുകാരനും മദ്യപാനിയുമെല്ലാമായിരുന്ന സര്‍ക്വാവി നിയമവിരുദ്ധമായി ആയുധങ്ങള്‍ കയ്യിൽ വെച്ചതിനെ തുടര്‍ന്ന് ജോര്‍ദാനില്‍ പിടിക്കപ്പെടുകയും തുടര്‍ന്ന് ജയിലില്‍വെച്ച് മറ്റു കുറ്റവാളികളില്‍നിന്നാണ് ഭീകരതയുടെ ആശയങ്ങൾ മനസ്സിലാക്കുന്നതുപോലും. അതിനുമുമ്പ് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആറു മാസത്തെ ജയില്‍ശിക്ഷ അനുഭവിക്കുക കൂടെ ചെയ്ത ആളാണ് സര്‍ക്വാവി എന്നാണ് ജോര്‍ദാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഒരു കവര്‍ച്ചക്കാരനും കൊള്ളക്കാരനും ബലാത്സംഗ പ്രേമിയുമൊക്കെയാണ് ഇസ്‌ലാമിന്റെ മഹത്തായ വിശുദ്ധ വിപ്ലവം നടത്താന്‍ വന്നിരിക്കുന്നതെന്നും കൂടെ ചേരല്‍ കടമയാണെന്നുമൊക്കെ കരുതുന്നവരെ പോലെ തന്നെ വിഡ്ഡിത്തമാണ് ആ കൊള്ളസംഘം ഇസ്‌ലാമാണെന്ന് വിമര്‍ശിക്കുന്നതും.

ഐഎസിന്റെ ഈ അടിസ്ഥാന നിലവാരം കേവലം വല്ലുപ്പയായ സര്‍ക്വാവിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് അതിന്റെ ആധുനിക യുദ്ധപ്പോരാളികളുടെയും നിലവാരമില്ലായ്മ സമമാണ്. ഇസ്‌ലാമിനെ സംബന്ധിച്ച പ്രാഥമിക വിവരം പോലുമില്ലാത്തവര്‍ക്ക് വായിക്കാനുള്ള Islam for Dummies ഉം Koran for Dummies ഉം Amazon വഴി വാങ്ങി വായിച്ചതിന്റെ അടുത്ത ദിവസങ്ങളിലായാണ് ബര്‍മിങ്ഹാം സ്വദേശികളായ Yusuf Sarwar ഉം Mohammed Ahmad ഉം ജിഹാദികളാകാന്‍ സിറിയയിലേക്ക് പലായനം ചെയ്തത് എന്ന വാര്‍ത്ത തന്നെ ഭീകരരുടെ മതനിലവാരം പറഞ്ഞു തരുന്നുണ്ട്.

1400 വര്‍ഷത്തിനിടയ്ക്ക് ഇസ്‌ലാമിക പണ്ഡിതലോകത്തിന് മനസ്സിലാകാത്ത ഇസ്‌ലാമിനെ Islam for Dummies വായിച്ചുമാത്രം പരിചയമുള്ളവര്‍ക്ക് കിട്ടുന്നെങ്കില്‍ അവിടെ മതത്തിനപ്പുറം മറ്റു പലതിനും റോള്‍ ഉണ്ട് എന്നതുതന്നെയാണ് വാസ്തവം.

ഐഎസിന്റെ ചരിത്രം

ക്വുര്‍ആനില്‍ രാഷ്ട്ര പ്രതിരോധത്തിന്റെ ഭാഗമായി പറയുന്ന വാക്യങ്ങള്‍ വായിച്ച് തെറ്റിദ്ധരിച്ച് പെട്ടെന്നാര്‍ക്കോ ഉണ്ടായൊരു വെളിപാടിന്റെ പ്രതിഫലനമാണ് ഐഎസ് എന്നു യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ക്ക് വാദിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. പിന്നെ ഐഎസിനെ സൃഷ്ടിച്ചതെന്താണെന്നു ചോദിച്ചാല്‍ അതിനതിന്റെതായ രാഷ്ട്രീയവും ചരിത്രപരവും മനഃശാസ്ത്രപരവുമായ പരിസരങ്ങളുണ്ട്.

ഐഎസിന്റെയും അല്‍ ക്വാഇദയുടെയും വേരുകള്‍ ചികഞ്ഞാല്‍ എത്തുക ഒരേ സ്ഥലത്താണ്. അഫ്‌ഗാന്റെ മണ്ണില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ മേല്‍നോട്ടത്തില്‍ നടന്ന മുജാഹിദീന്‍ പ്രതിരോധ സംഘങ്ങളില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്.

അഫ്‌ഗാനെതിരെയുള്ള കടന്നുകയറ്റം മൊത്തം ഇസ്‌ലാമിനുമെതിരെയുള്ള കയ്യേറ്റമായി വ്യാഖ്യാനിച്ച് സൗദിയിലെയും മറ്റു രാഷ്ട്രങ്ങളിലെയും തീവ്രചിന്താഗതിക്കാരെ ഒരുമിച്ചുകൂട്ടി അത്തരമൊരു പ്രതിരോധസംഘം ഉണ്ടാക്കിയാല്‍ മാത്രമല്ല CIA യ്ക്ക് കീഴില്‍ Operation cydone എന്ന പേരുനല്‍കി അഫ്‌ഗാന്‍ മുജാഹിദ് ഗ്രൂപ്പുകള്‍ക്ക് ആയുധവും പണവും നല്‍കി പിന്തുണ നല്‍കിയതും ഇന്നത്തെ അമേരിക്ക തന്നെയാണ്. ഈ അഫ്‌ഗാന്‍ ഗ്രൂപ്പുകളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് അല്‍ ക്വാഇദയുടെ പിതാവായ ഉസാമ ബിന്‍ ലാദനും, ഐഎസിന്റെ പിതാമഹനായ സര്‍ക്വാവിയുമെല്ലാം. അഥവാ ഈ ആധുനിക ഭീകര സംഘങ്ങള്‍ക്കൊക്കെ അങ്ങ് അഫ്‌ഗാന്‍ ഭൂമിയില്‍ ബീജമിട്ടതിലും ഒരു അന്താരാഷ്ട്ര ജിഹാദ് എന്ന ലോക സങ്കല്‍പം രൂപപ്പെടുത്തിയതിലും അമേരിക്കയ്ക്ക് തന്നെയാണ് വലിയ പങ്ക്. തുടര്‍ന്നുണ്ടായ അല്‍ ക്വാഇദ എന്ന ഭീകരസംഘടന അമേരിക്കയുടെ ഇറാക്വ് അധിനിവേശത്തിനെതിരെയും സായുധമായി യുദ്ധം പ്രഖ്യാപിച്ചു. അതിനായി ബിന്‍ലാദനാല്‍ ഇറാക്വിലെ അല്‍ ക്വാഇദ ഡിവിഷന്റെ തലവനായി നിയമിതനായ വ്യക്തിയാണ് സര്‍ക്വാവി. 2006 ജൂണ്‍ എട്ടിന് ബാഗ്ദാദില്‍ വച്ചുനടന്ന അമേരിക്കന്‍ വ്യോമാക്രമത്തില്‍ സര്‍ക്വാവി മരണപ്പെട്ടു. തുടര്‍ന്ന് തല്‍സ്ഥാനത്ത് അവരോധിതനായ ഈജിപ്ഷ്യന്‍ ജിഹാദിസ്റ്റ് അബൂ അയ്യൂബുല്‍ മിസ്വ്‌രിയാണ് ഇറാക്വിലെ സുന്നി സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്നു രൂപപ്പെട്ട മുജാഹിദീന്‍ ശൂറാ കൗണ്‍സിലിനെ Islamic State of Syria (ISI) എന്ന ഒരൊറ്റ സംഘടനയാക്കി മാറ്റിയത്. 2010 ഏപ്രിലില്‍ അമേരിക്കന്‍ ഇറാക്വ് സംയുക്ത സൈനിക നീക്കത്തില്‍ അബൂ അയ്യൂബുല്‍ മിസ്വ്‌രി കൊല്ലപ്പെട്ടെങ്കിലും പിന്‍ഗാമിയായി മുന്നേ നിശ്ചയിച്ചിരുന്ന അബൂബക്വര്‍ അല്‍ ബാഗ്ദാദി 2010 മെയില്‍ Islamic State of Iraq ന്റെ പുതിയ നേതാവായി അവരോധിതനായി.

2011 മാര്‍ച്ചില്‍ സിറിയയില്‍ അഭ്യന്തര യുദ്ധം ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ ഇറാക്വില്‍നിന്നും സിറിയയിലേക്ക് അയച്ചു. തുടര്‍ന്ന് സിറിയന്‍ ബശ്ശാര്‍ അല്‍ അസദ് ഗവണ്‍മെന്റിനെതിരെ സായുധ സമരത്തിലേര്‍പ്പെട്ടിരുന്ന വിമത സൈന്യം ഈ ഇറാക്വ് സംഘവുമായി ലയിച്ച് അന്നുസ്‌റ ഫ്രണ്ട് എന്ന പേരില്‍ സായുധ സമരം തുടര്‍ന്നു.

2011 ഡിസംബറില്‍ അമേരിക്കന്‍ സൈന്യം ഇറാക്വില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങിയതോടെ ബാഗ്ദാദിയുടെ കീഴില്‍ ISI കൂടുതല്‍ ശക്തിപ്രാപിക്കുകയും നൂരി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള ശിയാ ശവണ്‍മെന്റിന്റെ സുന്നീ വിരുദ്ധ നിലപാടുകള്‍ ISIയ്ക്ക് സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ വന്‍സ്വാധീനം നേടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സിറിയയിലെ അന്നുസ്‌റ ഫ്രണ്ടിനെയും ISIനെയും ലയിപ്പിച്ച് Islamic State of Iraq and Syria എന്ന ഒരൊറ്റ സംഘടനയായി പ്രഖ്യാപിക്കുകയും അബൂബക്വര്‍ അല്‍ ബാഗ്ദാദി അതിന്റെ സ്വയം പ്രഖ്യാപിത ഖലീഫയാവുകയും ചെയ്തു.

(തുടരും)

No comments yet.

Leave a comment

Your email address will not be published.