ഐഎസിലേക്ക് ആളെ കയറ്റുന്നതാര്?

//ഐഎസിലേക്ക് ആളെ കയറ്റുന്നതാര്?
//ഐഎസിലേക്ക് ആളെ കയറ്റുന്നതാര്?
ആനുകാലികം

ഐഎസിലേക്ക് ആളെ കയറ്റുന്നതാര്?

Print Now
എസിന്റെ പൂര്‍ണമായ പതനം സംഭവിച്ചുകൊണ്ടിരിക്കെത്തന്നെ കീഴടങ്ങപ്പെടുന്ന ഐഎസ് മലയാളികളെ ചൂണ്ടിക്കാട്ടി ഐഎസിന്റെ മലയാളി മുസ്‌ലിം ബന്ധം ചര്‍ച്ചയാക്കിക്കൊണ്ടിരിക്കുന്നു. അവിടെയുംഐഎസിന് മതന്യായീകരണമുണ്ടെന്നാരോപിച്ച് ഇസ്‌ലാമിനെ പ്രതിചേര്‍ത്ത് സംസാരിക്കാനാണ് മതവിരോധികളായ കേരള നവനാസ്തികര്‍ ഉത്സാഹം കാണിച്ചുകാണുന്നത്.

ഈയവസരത്തില്‍ തീര്‍ച്ചയായും ഐഎസ് പോലുള്ള ഭീകര സംഘങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ മനഃശാസ്ത്രവും ചോതനയും ഭീകരതയുടെ കാരണങ്ങളെയും പരിശോധിക്കേണ്ടത് അനിവാര്യമാണ്.

യുദ്ധം ഇസ്‌ലാമിക വീക്ഷണത്തില്‍

ഐഎസുമായി ഇസ്‌ലാമിനെ പ്രതിചേര്‍ത്തു സംസാരിക്കുന്ന വിമര്‍ശന സാഹിത്യങ്ങളെല്ലാം ഇസ്‌ലാമിന്റെ യുദ്ധസംബന്ധമായ നിലപാടുകളെ അടര്‍ത്തിയെടുത്തുണ്ടാക്കുന്ന ദുരാരോപണങ്ങളും ദുര്‍വ്യാഖ്യാനങ്ങളുമാണെന്ന കാര്യം ഈ ഇസ്‌ലാം വിമര്‍ശകര്‍ക്കുപോലും സ്വയം ബോധ്യം കാണും. അത്തരമൊരു യുദ്ധംപോലും വ്യക്തികള്‍ തന്നിഷ്ടപ്രകാരം നടത്തുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. കൃത്യമായ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു രാഷ്ട്രത്തിലെ ഭൂരിപക്ഷ ജനവിഭാഗം ഇസ്‌ലാമിനെ സ്വന്തം ആദര്‍ശമായി അംഗീകരിക്കുകയും ഇസ്‌ലാമിനെ രാഷ്ട്രീയമായി അവര്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ഉണ്ടായിവരുന്ന ഇസ്‌ലാമിക രാഷ്ട്രത്തിനുകീഴില്‍ ഭരണാധികാരികളുടെ ഉത്തരവും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സായുധസേനയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് അത്തരമൊരു യുദ്ധം. അതായത് ഇന്‍ഡ്യന്‍ ഭരണകൂടത്തിനുകീഴില്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ആര്‍മി അതിന്റെ ശത്രുപക്ഷവുമായി നടത്തുന്ന യുദ്ധം പോലെ മാത്രമാണത്. അതല്ലാതെ വ്യക്തികള്‍ തന്നിഷ്ടപ്രകാരം സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നെങ്കില്‍ അത് ഫിത്‌നയും, ഫിത്‌ന കൊലയേക്കാള്‍ വലിയ അപരാധമാണെന്ന ക്വുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ അര്‍ഹിക്കുന്നതുമാണ്.

ക്വുര്‍ആന്‍ യുദ്ധത്തെ അംഗീകരിക്കുന്നതുപോലും ഒരു രാഷ്ട്രസംവിധാനത്തിനു കീഴിലാണെന്നു മാത്രമല്ല ആ രാഷ്ട്ര സംവിധാനത്തിനകത്ത് ജീവിക്കുന്ന പൗരന്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കും ഉറപ്പു നല്‍കുകയെന്ന പൗരാവകാശ സംരക്ഷണത്തിനുള്ള പ്രായോഗിക മാര്‍ഗം കൂടിയാണ്.

അല്ലാഹു ആദരിച്ച ഒരു ജീവനും അന്യായമായി വധിക്കപ്പെടരുത് എന്നു പറയുന്നതിലൂടെ മനുഷ്യജീവന്‍ പവിത്രവും, ദൈവാദരവുമുള്ളതാണെന്ന വിശിഷ്ട അസ്തിത്വബോധം തന്നെ മനുഷ്യജീവന് ഇസ്‌ലാം നല്‍കുന്നുണ്ട്. എങ്കിലും മൊത്തം സമൂഹത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന, സമൂഹത്തിനാപത്തായ വ്യക്തികള്‍ വധിക്കപ്പെടേണ്ടത് സമൂഹത്തിന്റെ സുരക്ഷക്കായി സ്വീകരിക്കേണ്ട പ്രായോഗിക മാര്‍ഗങ്ങളാണ്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ അന്യായമായ കൊലകളെ വിലക്കുന്ന ഇസ്‌ലാം ന്യായമായ കാര്യങ്ങള്‍ക്ക് അതിനനുവാദം നല്‍കുകയും ചെയ്തു. സൗമ്യയെന്നൊരു പാവം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദഛാമിയും ഡല്‍ഹി കൂട്ട ബലാത്സംഗ കേസ് പ്രതികളുമൊക്കെ കൊല്ലപ്പെടേണ്ടവര്‍ ആണെന്ന കാര്യം ഭൂരിപക്ഷ ബുദ്ധിജീവി സമൂഹം പോലും അംഗീകരിക്കുന്നുണ്ടല്ലോ. രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രുസൈന്യത്തെയും, ഭീകരവാദികളെയും പ്രായോഗികമായി തന്നെ ഇന്‍ഡ്യന്‍ സേന കൊല്ലുന്നുണ്ട്. ഇത്തരമൊരു രാഷ്ട്രസേവനവും സാമൂഹ്യ ഗുണകാംക്ഷയും മാത്രമാണ് ഇസ്‌ലാമിക ഭരണകൂടം നടത്തുന്ന കൊലകളിലും കാണൂ.

ഇങ്ങനെ വ്യക്തികള്‍ സമൂഹത്തിനാപത്താകുന്ന അവസ്ഥയ്ക്ക് പകരം ഒരു സംഘം തന്നെ സാമൂഹ്യദ്രോഹികളാകുന്ന അവസ്ഥ ഉണ്ടാകാം. സ്വാഭാവികമായും വ്യക്തികള്‍ സമൂഹത്തിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കാള്‍ കൂടുതലായിരിക്കും ഒരു വലിയ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍. അവിടെയാണ് ഇസ്‌ലാം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള സായുധ പ്രതിരോധവും യുദ്ധവും അനുവദിക്കുന്നത്.

കൃത്യമായും ഒരു ആധുനിക രാഷ്ട്രം കൈക്കൊള്ളുന്ന നിയമങ്ങളും പ്രതിരോധ സംവിധാനങ്ങളുമൊക്കെത്തന്നെയാണിത്. അതല്ലാതെ ഒരു സമൂഹത്തോട് വിരോധമുണ്ടെങ്കില്‍ പോലും അതിന്റെ പേരില്‍ ഇസ്‌ലാം യുദ്ധം അനുവദിക്കുന്നില്ലെന്നു മാത്രമല്ല വിരോധമുള്ളവരോട് പോലും നീതി പാലിക്കണമെന്നും നീതി പാലിക്കലാണ് ദൈവഭക്തിക്ക് ഏറ്റവും യോജിച്ചതെന്നും പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. അതുകൊണ്ട് തന്നെ അതിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടൊരു അന്യമതവിദ്വേഷ യുദ്ധം ദൈവനീതിക്കെതിരാണ്; ഇസ്‌ലാമിനുമെതിരാണ്.

സ്വാഭാവികമായും സാമൂഹ്യസുരക്ഷയെയും രാഷ്ട്ര സംരക്ഷണത്തെയും കരുതിക്കൊണ്ട് ഇസ്‌ലാമും അതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. മറ്റേതൊരു രാഷ്ട്രത്തിലുമെന്നപോലെ ഈ പ്രതിരോധ മാര്‍ഗം മാത്രമാണ് ഇസ്‌ലാമിലെ യുദ്ധവും സായുധജിഹാദും.

ഇതിന്റെ സാമൂഹ്യ-രാഷ്ട്രീയ മാനങ്ങളെയെല്ലാം അടര്‍ത്തി മാറ്റിയാല്‍ അതിനെ തമ്മില്‍ത്തല്ലായും യുദ്ധക്കൊതിയായും ആര്‍ക്കും ദുര്‍വ്യാഖ്യാനിക്കാം. അതില്‍ സിറിയയിലേക്ക് പലായനം ചെയ്യാനുള്ള ഉത്തേജകം ഉണ്ടെന്നുപറഞ്ഞ് യുവജനങ്ങളെ പറ്റിക്കാം. ലക്ഷക്കണക്കിനു വരുന്ന മുസ്‌ലിം സമൂഹത്തിനുനേരെ തിരിഞ്ഞുനിന്ന് അവരോടുള്ള വിദ്വേഷത്തിന്റെ പുറത്ത് ഐസിസാണ് യഥാര്‍ത്ഥ ഇസ്‌ലാം എന്നു പറയുമ്പോള്‍ കുറച്ചെങ്കിലും ആളുകള്‍ വഴിതെറ്റി ആ ആത്മഹത്യാ മുനമ്പുകളിലേക്ക് പോയില്ലെങ്കില്‍ ആണ് അത്ഭുതം.

വിമര്‍ശനമെന്ന പേരിലാണെങ്കിലും ഇത്തരം പോഴത്തരങ്ങള്‍ ഉന്നയിച്ച് ഒരു സമുദായത്തിന്റെ തന്നെ രക്തം ചിന്താന്‍ പ്രേരണയാകുന്ന കുറച്ച് ഇസ്‌ലാം വിരോധികള്‍ തന്നെയാണ് ചിലര്‍ക്കെങ്കിലും ഭീകരതയുടെ ബീജം പറഞ്ഞുകൊടുക്കുന്നത്. സമുദായ ദ്രോഹമെന്നതിലുപരി രാഷ്ട്ര ദ്രോഹമാണിത്.

ചുരുക്കത്തില്‍ രണ്ടുകൂട്ടരാണ് ഈ കൊച്ചുകേരളത്തില്‍ സദാ ഇസ്‌ലാം ഐഎസാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരു കൂട്ടര്‍ ഭീകരസംഘടനകളിലേക്ക് ചേക്കേറി സ്വയം മരിച്ച് നശിച്ചുകൊണ്ടിരിക്കുന്നു. മറ്റേ കൂട്ടര്‍ ഇന്നും സ്വയം ബുദ്ധിജീവികളാണെന്നു പറഞ്ഞ് മൊത്തം മുസ്‌ലിം സമുദായത്തെയും നോക്കി നിങ്ങളുടെ മതം ശരിക്കും പറയുന്നത് ഐഎസിന്റെ ആശയമാണെന്നു പറഞ്ഞ് അവരെക്കൂടെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഭീകരതയും മതവും തമ്മിലെന്ത്?

ആശയപരമായി മതവിരോധികളായതുകൊണ്ട് തന്നെ ഭീകരതയെ മതവുമായി ചേര്‍ത്ത് വ്യാഖ്യാനിക്കാനാണ് നാസ്തികര്‍ക്ക് പൊതുവില്‍ താല്‍പര്യം. വലിയ ബുദ്ധിജീവികളെന്ന് കരുതുന്നവര്‍ പോലും അല്‍പം ചരിത്രബോധമോ, സാമൂഹ്യബോധമോ ഇല്ലാതെ ഇതൊക്കെ ഏറ്റുപിടിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. നാസ്തികരെ സംബന്ധിച്ചിടത്തോളം സാമൂഹ്യ നന്മയോ ഭീകരവാദത്തിന് പരിഹാരം കാണലോ ഒന്നുമല്ല ചോതന. മറിച്ച് മതങ്ങളെ അവഹേളിക്കാന്‍ കിട്ടുന്ന സാഹചര്യങ്ങളെ ഉപയോഗിക്കാനും അങ്ങനെ ഉള്ളില്‍ തളം കെട്ടിക്കിടക്കുന്ന മതവിരോധം പ്രകടിപ്പിക്കാനുള്ള അവസരവുമാണതവര്‍ക്ക്. അതുപേക്ഷിച്ച് സത്യസന്ധമായി ചരിത്ര വിശകലനം നടത്തുന്നവര്‍ക്ക് മതത്തെയല്ല മറിച്ച് മനുഷ്യ മനഃശാസ്ത്രമാണ് ഭീകരതയ്ക്ക് പിന്നില്‍ വായിക്കാന്‍ കഴിയുക. അതുകൊണ്ട് തന്നെയാണ് മനുഷ്യചരിത്രം യുദ്ധങ്ങളുടെ ഭീകരത കൊണ്ട് ചുവന്നു തന്നെ കിടക്കുന്നത്. ഈ യുദ്ധം വംശത്തിന്റെയും വര്‍ഗത്തിന്റെയും ഗോത്രത്തിന്റെയും നിറത്തിന്റെയും കുലത്തിന്റെയും ഒക്കെ പേരിലാണ് മനുഷ്യചരിത്രത്തിലെങ്കില്‍ ഇന്നതു ദേശീയതയുടെയും കക്ഷിരാഷ്ട്രീയങ്ങളുടെയും ആശയങ്ങളുടെയും എല്ലാം പേരില്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ടി.പിയെ 51 വെട്ടിനു കൊന്നവരുടെ പ്രേരണ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തിരയുന്നതുപോലൊരു മണ്ടത്തരം തന്നെയാണ് ഭീകരതയ്ക്ക് പ്രേരണ മതഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനിച്ചു കണ്ടെത്തുന്നവരും ചെയ്യുന്നത്.

ഈ മനഃശാസ്ത്രമൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത നാസ്തികരുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ നാസ്തിക രാഷ്ട്രീയ ചരിത്രം തന്നെയൊന്നു പഠിച്ചു നോക്കട്ടെ. നാസ്തിക അല്‍ബേനിയ മുതല്‍ ആധുനിക ചൈന വരെ ഭീകരതയ്ക്ക് മതവുമായൊരു ബന്ധവുമില്ലെന്ന് പല്ലിളിച്ചു തന്നെ പറഞ്ഞുതരും.

1944 നവംബറില്‍ കമ്മ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടി ഭരണത്തിലെത്തിയശേഷം ലോകത്തെ ആദ്യത്തെ നാസ്തിക രാഷ്ട്രമായി (first atheist state of the world) അല്‍ബേനിയ സ്വയം പ്രഖ്യാപിച്ചു. പ്രസ്തുത ഭരണഘടനയുടെ Article 37ല്‍തന്നെ അല്‍ബേനിയ ഒരു ഔദ്യോഗിക നാസ്തിക രാഷ്ട്രമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നങ്ങോട്ട്‌ മതത്തിനെതിരെയുള്ള യുദ്ധം തന്നെയാണ് നാസ്തിക അൽബേനിയയിൽ അരങ്ങേറിയത്. ബലാൽക്കാരമായി തന്നെ രാഷ്ട്രത്തിനകത്ത് നിന്നും മത ചിഹ്നങ്ങളെ തകർത്തും മത സ്ഥാപനങ്ങൾ പിടിച്ചെടുത്തും, വിശ്വാസ സ്വാതന്ത്രം നിഷേധിച്ചും, എതിർത്തവരെ കൊന്ന് തള്ളിയും മതേതര ഭീകരത കാഴ്ച്ച വെച്ച ഔദ്യോഗിക നാസ്തിക രാഷ്ട്രത്തിന്റെ കയ്യിൽ തിരഞാലും ദൈവമില്ലെന്ന ഒരന്ധവിശ്വാസം അല്ലാതെ വിശ്വാസികളെ പീഡിപ്പിക്കാൻ പറയുന്ന മത ഗ്രന്ഥങ്ങളൊന്നും കിട്ടില്ല. ലോകത്താദ്യമായി നിലവിൽ വന്ന നാസ്തിക ഭരണകൂടത്തിന്റെ ഈ സ്ഥിതി തന്നെയാണ് പിന്നങ്ങോട്ടുള്ള നാസ്തിക രാഷ്ട്രങ്ങളിലും കാണാൻ കഴിയുക.

നിരീശ്വരത്വത്തിന്റെ ഏറ്റവും ഉയർന്ന രൂപമായ ശാസ്ത്രീയ നാസ്തികത പിൻപറ്റുന്നവരാണ് തങ്ങളെന്ന് അവകാശവാദം പറഞ്ഞിരുന്ന സോവിയറ്റ് യൂണിയനിലെ അവസ്ഥ നോക്കിയാൽ കൂടുതൽ പരിതാപകരമാണത്. 1924 മുതൽ 1953 വരെ സ്റ്റാലിന്റെ ഭരണകാലത്ത് മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം മതമുള്ളവരുടേം ഇല്ലാത്തവരുടേം എല്ലാം കൂട്ടി ഇരുപത് മില്യണിൽ അധികം വരും. വ്യക്തികളുടെ മത സ്വാതന്ത്രം നിഷേധിച്ചും, മത സ്ഥാപനങ്ങൾ തകർത്തും, പുരോഹിതന്മാരെ കൊന്നും, പ്രവർത്തിക്കാൻ ഈ നാസ്തിക ഭരണകൂടത്തിന് കീഴിൽ തീവ്ര നാസ്തിക ( militant atheist groups) സംഗങ്ങൾ തന്നെയുണ്ടായിരുന്നു എന്നാണ് ചരിത്രം. ഈ ചരിത്രാവർത്തനം നാസ്തിക ചൈനയിൽ ഇന്ന് നേർക്കുനേരെ നടക്കുന്നതുമാണ്. റമളാൻ വ്രത നിരോധവും, മത സ്വതന്ത്ര നിഷേധവും കൊണ്ട് കുറച്ച് നാളുകളായി കുപ്രസിദ്ധിയാർജ്ജിച്ച് വന്ന ചൈനയിലെ സാമൂഹ്യാവസ്ഥകൾ ഇപ്പോൾ അതിഭീകരമാണ്. പൊതു ഇടങ്ങളിലെല്ലാം പരിധിയിലധികം ക്യാമറകൾ കൊണ്ട് ജനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിന് പുറമെ, സ്വന്തം ഫോണുകളിൽ സ്പൈ സോഫ്റ്റ്‌വെയറുകൾ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും അങ്ങനെ സ്വകാര്യ ജീവിതത്തിലേക്കു വരെ തലകടത്തി നിരീക്ഷിക്കുന്നതും അവിടുത്തെ ഭരണകൂടം തന്നെയാണ്.

രാഷ്ട്രമുഖത്തുനിന്നും മതചിഹ്‌നങ്ങളെ നീക്കം ചെയ്യാനുള്ള അല്‍ബേനിയന്‍ മോഡല്‍ വ്യഗ്രത തന്നെ ചൈനയും കൈക്കൊള്ളുന്നതായി അടുത്തിടെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചരിത്രപ്രധാനമായ മസ്‌ജിദുകളെത്തന്നെ ഇടിച്ചുനിരത്തിയതിന്റെ തെളിവുകള്‍ ഗൂഗ്ള്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ബി.ബി.സി റിപ്പോര്‍ട്ടര്‍ അതിൽ സമര്‍ത്ഥിക്കുന്നുണ്ട്. നിലവിലുള്ള ചുരുക്കം മസ്‌ജിദുകള്‍ പോലും പൂര്‍ണ ക്യാമറ നിരീക്ഷണത്തിലും ഇമാമുമാര്‍ക്ക് പോലും സ്വന്തം താടി രോമം നീട്ടി വളര്‍ത്താന്‍ അനുവാദമില്ലാത്ത അവസ്ഥയുമാണുള്ളത്.

ഇതിനെല്ലാമുപരി മതം എന്നായാലും നശിക്കാനുള്ളതാണെന്നും ഞങ്ങള്‍ ആ നാശത്തെ കുറച്ചു നേരത്തെയാക്കാനാണ് ശ്രമിക്കുന്നതെന്നും നാസ്തികന്യായം പറഞ്ഞു മൗലികവാദികളെന്നാരോപിച്ച് ലക്ഷക്കണക്കിനു മുസ്‌ലിംകളെയാണ് Thought transformation ക്യാമ്പുകളിൽ പിടിച്ചടച്ചു വെച്ചിരിക്കുന്നത്. ശിന്‍ജ്യാങ് പ്രവിശ്യയിലെ ഈ ക്യാമ്പുകളില്‍ ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ തടവില്‍ കഴിയുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ മനുഷ്യാവകാശങ്ങള്‍ക്കായി തടവുകാരെ നരഹത്യകള്‍ക്ക് വിധേയരാക്കുന്നതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുമുണ്ട്. ഇത്തരം ക്യാമ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ പുറംലോകമറിയാന്‍ ചൈന സമ്മതിക്കാത്ത പരിമിതികളുള്ളതുകൊണ്ട് ഈ ക്യാമ്പുകളില്‍ സംഭവിക്കുന്നതെന്തെന്ന് പൂര്‍ണമായും പുറത്തെത്തുന്നു പോലുമില്ല.

ഈ പറഞ്ഞതൊന്നും ഏതെങ്കിലും ഭീകരസംഘടനകളുടെ കാര്യമല്ല. മറിച്ച് നാസ്തികര്‍ക്കെവിടെയൊക്കെ ഭരണം കിട്ടിയിട്ടുണ്ടോ അവിടെയെല്ലാം എതിര്‍ ആശയക്കാര്‍ക്കെതിരെ പ്രയോഗിച്ച നിലപാടുകളുടെ നിലവാരമാണിതൊക്കെ.

ഇന്നും ഏറ്റവും കൂടുതല്‍ നരഹത്യകള്‍ നടത്തിയ മനുഷ്യരെ ഗൂഗ്‌ളില്‍ തിരഞ്ഞാല്‍ മനുഷ്യക്കുരുതികളുടെ കണക്കുകൊണ്ട് ഹിറ്റ്‌ലറെ പോലും തോല്‍പ്പിച്ച് മുന്നില്‍കാണുന്ന ആദ്യത്തെ രണ്ടു വ്യക്തികളും നിരീശ്വരത്വം അടിസ്ഥാന ആദര്‍ശമാക്കി ജീവിച്ച പ്രമുഖ വ്യക്തികളാണ്. 70 മില്യണ്‍ മനുഷ്യരെ കൊന്ന മാവോ ഒന്നാമനും, 25 മില്യണ്‍ മനുഷ്യരെക്കൊന്ന ജോസഫ് സ്റ്റാലിന്‍ രണ്ടാമനും എന്നാണ് നരഹത്യ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നാമനായിക്കാണുന്ന ഹിറ്റ്‌ലര്‍ പോലും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ ഉപയോഗിച്ച് തന്റെ വംശീയതക്ക് ന്യായം പറയുകയും അതിനനുസരിച്ച് നരഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയായിരുന്നവെന്നാണ്.

അഥവാ പറഞ്ഞുവന്നത് ഭീകരതയും മതവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നു മാത്രമല്ല, മതനിഷേധികളും നാസ്തികരുമായ വ്യക്തികളാണ് മനുഷ്യനശീകരണത്തിന് ചരിത്രത്തിലെന്നും മുന്നില്‍ നിന്നിട്ടുള്ളതും. വെറുപ്പാണ് ഭീകരവാദികള്‍ക്ക് പ്രേരണയാകുന്നത് എന്നതുകൊണ്ട് തന്നെ മതത്തോടുള്ള വെറുപ്പിനെ അടിസ്ഥാന ആദര്‍ശമാക്കിക്കൊണ്ട് നടക്കുന്ന നാസ്തികരിലും മതവിരോധവും മനുഷ്യവിരോധവും ഭീകരതയുമൊക്കെ പ്രകടമാവുക സ്വാഭാവികമാണ്. നാസ്തികര്‍ക്ക് ഭൂരിപക്ഷവും ഭരണവും കൈയ്യില്‍ വരുന്നിടത്ത് എതിര്‍ ആശയക്കാരെ മൃഗസമാനമായി അടിച്ചമര്‍ത്തുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും ഭീകരചോതന ഈ നിരീശ്വര സ്വത്വബോധം തന്നെ…!

(അവസാനിച്ചിട്ടില്ല)

No comments yet.

Leave a comment

Your email address will not be published.