ഏപ്രിൽ ഫൂളും ഇസ്‌ലാമും

//ഏപ്രിൽ ഫൂളും ഇസ്‌ലാമും
//ഏപ്രിൽ ഫൂളും ഇസ്‌ലാമും
ആനുകാലികം

ഏപ്രിൽ ഫൂളും ഇസ്‌ലാമും

Print Now
ളവ് പറയൽ വളരെ മോശമായ സ്വഭാവമാണ് എന്നത് നിസ്തർക്കമാണ്. മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ മതമായ ഇസ്‌ലാംമതത്തിന്റെ താൽപര്യവും അത് തന്നെയാണ്. വിശുദ്ധ ഖുർആനും നബിചര്യയും കളവിനെയും കളവ് പറയുന്നതിനേയും വളരെ ഗൗരവത്തോടെ വിലക്കുന്നുണ്ട്. കളവ് പറയുന്നവന്റെ പര്യവസാനം വളരെ മോശമായിരിക്കും എന്നും പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്.

മനുഷ്യരുടെ അഭിമാനത്തിനും, അവകാശങ്ങൾക്കും, രകതത്തിനും ക്ഷതമേൽപ്പിക്കാവുന്ന ഒരു തരത്തിലുമുള്ള കളവിനേയും ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മനുഷ്യ ജീവൻ രക്ഷിക്കുവാനോ, രണ്ട് ആളുകൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കുന്നതിനോ, അല്ലെങ്കിൽ ഭാര്യ ഭർത്താക്കന്മാർക്കിടയിൽ സ്നേഹബന്ധം നിലനിർത്താൻ വേണ്ടിയോ മാത്രമാണ് ഇസ്‌ലാം, നിബന്ധനകളോടെ, കളവ് പറയുന്നതിനെ അനുവദിച്ചിട്ടുള്ളത്.

കളവ് പറയുവാനും, തനിക്ക് വായിൽ തോന്നിയത് വിളിച്ചു പറയാനും ഒരു ദിവസമോ, സമയമോ ഇസ്‌ലാം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ, ഇന്ന് ജനങ്ങൾക്കിടയിൽ പരിചിതമായ ഏപ്രിൽ മാസം ഒന്നാം തീയതിയിലെ കളവ് പറയാൻ പപ്രത്യേമായി ഒരു ദിവസം അഥവാ ഏപ്രിൽ ഫൂൾ എന്നത് ഇസ്‌ലാമിക സംസ്കാരത്തിന് അന്യമാണ്. ഇത്തരം ഒരു സംസ്കാരം ധാരാളം അധാർമ്മിക പ്രവർത്തനങ്ങളുടെ പ്രകട രൂപമാണ്.

ഒന്ന്: കളവ് പറയൽ നിഷിദ്ധമാണ്

അല്ലാഹു പറയുന്നു: “അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍ തന്നെയാണ് വ്യാജവാദികൾ”. (വിശുദ്ധ ഖുർആൻ, സൂറ: നഹ്ൽ: 105).

ഇവിടെ അല്ലാഹു പറയുന്നത്; സത്യനിഷേധികളുടെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കിയവരുമാണ് കളവ് പയുന്നവർ, എന്നാൽ പ്രവാചകനും അനുയായികളും സത്യത്തിന്റേയും സത്യസന്ധതയുടേയും ആളുകളാണ് എന്നാണ്.

ശത്രുക്കൾക്ക് പോലും ബോധ്യമുണ്ടായിരുന്ന വസ്തുതയാണത്. അബ്സീനിയയിലേക്ക് പലായനം ചെയ്തു ചെന്ന മുസ്‌ലിംകളെ പറ്റി, മക്കാ മുശ്‌രിക്കുകളോട് ഹിർഖൽ ചക്രവർത്തി: ‘നിങ്ങൾക്ക് അവർ ഈ ആദർശം (ഇസ്‌ലാമിനെ കുറിച്ച്) സംസാരിക്കും മുൻപുള്ള കാലത്ത്, അവർ കള്ളം പറയുന്നവരാണെന്ന ആരോപണം ഉണ്ടായിരുന്നോ’ എന്ന് ചോദിച്ചപ്പോൾ, അവരുടെ അന്നത്തെ നേതാവായിരുന്ന അബൂ സുഫ്‌യാന് ഉണ്ടായിരുന്ന മറുപടി: ഇല്ലാ എന്ന് മാത്രമായിരുന്നു.

രണ്ട്: കളവ് പറയൽ കപട വിശ്വാസികളുടെ ലക്ഷണം

നബി (സ) പറഞ്ഞു: “കപട വിശ്വാസിയുടെ ലക്ഷണം മൂന്നാണ്; അവൻ സംസാരിച്ചാൽ കളവ് പറയും, കരാർ ചെയ്താൽ ലംഘിക്കും, വിശ്വസിച്ചാൽ ചതിക്കും”. (ബുഖാരി, മുസ്‌ലിം)

കളവിന്റെ വ്യത്യസ്തമായ രൂപങ്ങളെ പ്രത്യേകം എടുത്തുദ്ധരിച്ച് അതിന്റെ ഗൗരവം ഇസ്‌ലാം ലോകരെ ബോധ്യപ്പെടുത്തുന്നത് വിശുദ്ധ ഖുർആനിന്റേയും പ്രവാചകന്റെയും അദ്ധ്യാപനങ്ങളിലൂടെ നമുക്ക് വായിക്കാം.

ഏറ്റവും മ്ലേഛമായ കളവ്: അല്ലാഹുവിന്റെയും പ്രവാചകന്റേയും പേരിൽ പ്രചരിപ്പിക്കുന്ന കളവുകളാണ് കളവുകളിൽ ഏറ്റവും ഗുരുതരമായിട്ടുള്ളത്.

അല്ലാഹു പറയുന്നു:
“നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്‌, ഇത് നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച”. (വിശുദ്ധ ഖുർആൻ, സൂറ: നഹ്ൽ: 116)

നബി (സ) പറഞ്ഞു:
“ആര് എന്റെ മേൽ കളവ് പറഞ്ഞുവോ, അവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ”. (ബുഖാരി, മുസ്‌ലിം)

കച്ചവടങ്ങളിൽ കളവ് പറയൽ:

അബൂ ദറിൽ(റ) നിന്ന്: നബി (സ) പറഞ്ഞു:
“മൂന്ന് ആളുകളോട് അല്ലാഹു അന്ത്യനാളിൽ സംസാരിക്കുകയില്ല, അവരിലേക്ക് നോക്കുകയില്ല, അവരെ സംസ്കരിക്കുകയില്ല, അവർക്കാകുന്നു കഠിനമായ ശിക്ഷ” അബൂ ദർ (റ) പറയുന്നു; അല്ലാഹുവിന്റെ ദൂതർ അപ്രകാരം മൂന്ന് തവണ പറഞ്ഞു. -അദ്ധേഹം നബിയോട്- ചോദിച്ചു: അവർ പരാജിതരും നഷ്ടകാരികളുമാണ്; ആരാണ് നബിയേ ആ കൂട്ടർ?. നബി (സ) പറഞ്ഞു: “ഞെരിയാണിക്ക് താഴെ വസ്ത്രം ഇറക്കിയിട്ടവനും, ചെയ്തത് വിളിച്ചു പറഞ്ഞു നടക്കുന്നവനും, കള്ളസത്യം ചെയ്ത് തന്റെ ചരക്കുകൾ ചെലവഴിക്കുന്നവനും”. (മുസ്‌ലിം: 106).

കേൾക്കുന്നത് മുഴുവന് ഉദ്ധരിക്കൽ:

നബി(സ) പറഞ്ഞു:
“താൻ കേട്ടത് മുഴുവൻ ഉദ്ധരിക്കുന്നത് തന്നെ കളവായി (പാപമായി) ഒരാൾക്ക് മതിയായതാണ്”. (മുസ്‌ലിം: 5)

ബോധപൂർവം അല്ലാതെതന്നെ വസ്തുത പരിശോധിക്കാതെ ഉദ്ധരിക്കുക എന്നത് കളവും, ബോധപൂർവം ഉദ്ധരിക്കുകയാണ് എങ്കിൽ അതു പാപവും ആയി ഗണിക്കപ്പെടും എന്ന് മുകളിൽ പറഞ്ഞ ഹദീസിന്റെ വിശദീകരണമായി പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.

തമാശ രൂപേണയുള്ള കളവുകൾ:

പലരും കരുതുന്നത്, തമാശകൾ പറയുന്നിടത്ത് ഇത്തരം വിലക്കുകളില്ല എന്നതാണ്. സത്യത്തിൽ, ആ ഒരു തെറ്റിദ്ധാരണയാണ് പലരേയും ഏപ്രിൽ ഫൂൾ ആചരണമെന്ന പേരിൽ കളവ് പറയാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ പറയുന്നവൻ എത്ര നല്ലവനായിരുന്നാലും, ഏതവസ്ഥയിലും കളവ് പറയാൻ പ്രകൃതി മതമായ ഇസ്‌ലാം അനുവദിക്കുന്നില്ല.

നബി(സ) പറഞ്ഞു:
“ഞാൻ തമാശ പറയും, പക്ഷേ, ഞാൻ സത്യമായത് അല്ലാതെ പറയുകയില്ല”. (മുഅജമുൽ കബീർ- ത്വബറാനി: 12/391).

അതുപോലെ, തമാശ രൂപേണ ആളുകളെ ഭയപ്പെടുത്തുന്നതിനേയും പ്രവാചകൻ (സ) നിരുത്സാഹപ്പെടുത്തിയതായി കാണുവാൻ സാധിക്കും.

നബി (സ): “ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്തൽ അനുവദനീയമല്ല”. (അബൂ ദാവൂദ്: 5004)

കുട്ടികളെ കളിപ്പിക്കാൻ വേണ്ടി കളവ് പറയൽ:

വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്; പ്രത്യേകിച്ച് മാതാപിതാക്കൾ കുട്ടികളോട് അവരെ കളിപ്പിക്കുവാനോ, മറ്റു കാര്യങ്ങൾ ചെയ്യിപ്പിക്കുവാനോ വേണ്ടി കളവ് പറയുക എന്നുള്ളത്. ഈയൊരു രീതിയെ വളരെയധികം ഗൗരവത്തോടെയാണ് പ്രവാചകൻ (സ) വിലക്കിയിട്ടുള്ളത്.

അബ്ദുല്ലാഹിബ്നു ആമിർ (റ) പറഞ്ഞു: ഒരുദിവസം നബി (സ) ഞങ്ങളുടെ വീട്ടിലുള്ള സമയത്ത് എന്റെ മാതാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് എന്നെ വിളിച്ചു; “മോനേ ഇങ്ങോട്ട് വരൂ.. ഞാൻ നിനക്ക് (എന്തെങ്കിലും) തരാം”. അപ്പോൾ നബി (സ) പറഞ്ഞു: “നിങ്ങൾ എന്താണ് അവന് കൊടുക്കാൻ ഉദ്ധേശിച്ചത്?”. അവർ പറഞ്ഞു: ഞാൻ അവന് ഈന്തപ്പഴമാണ് നൽകുന്നത്. അപ്പോൾ പ്രവാചകൻ (സ) അവരോടു പറഞ്ഞു: ശരി, എന്നാൽ നിങ്ങളെങ്ങാനും അവന് ഒന്നും കൊടുക്കുമായിരുന്നില്ലാ എങ്കിൽ, നിങ്ങളുടെ മേൽ ഒരു കള്ളം രേഖപ്പെടുത്തപ്പെടുമായിരുന്നു.” ( അബു ദാവൂദ്: 4991)

ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി കളവ് പറയൽ:

പൊതുജനത്തിന്റെ കൈയ്യടി നേടാൻ എന്തും പറയാൻ മടിയില്ലാത്ത സംസ്കാരമാണ് ലോകത്ത് പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നത്. അതിനെ കോമഡി എന്നോ ട്രോൾ എന്നോ പേരും വിലാസവും മാറ്റിയാലും കളവ് കളവു തന്നെയാണ്.

നബി(സ) പറഞ്ഞു:

“ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി സംസാരത്തിൽ കളവ് പറയുന്നവന് നാശം, അവനാകുന്നു നാശം, അവനാകുന്നു നാശം”. (തുർമുദി: 235)

ഈ ഹദീസിൽ പ്രയോഗിച്ച, “വൈൽ” എന്ന പദത്തിന്റെ വിവക്ഷയായി, നരകത്തിലെ താഴ്‌വര, നാശം എന്നിങ്ങനെ രണ്ടു അർത്ഥങ്ങൾ മുഹദ്ദിസുകൾ രേഖപ്പെടുത്തിയതായി കാണാം. രണ്ടായിരുന്നാലും കാര്യം ഗുരുതരം തന്നെയാണ്.

കളവിന്റെ അനന്തരഫലം

ഹൃദയം കപടമാകും:

അല്ലാഹു പറയുന്നു:
“അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്‌. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌”. (വിശുദ്ധ ഖുർആൻ, സൂറ: തൗബ:77).

അധാർമ്മികതയിലേക്കും നരകത്തിലേക്കും നയിക്കപ്പെടുന്നു:

നബി(സ) പറഞ്ഞു:
“തീർച്ചയായും, സത്യസന്ധത നൻമയാണ്. നൻമ സ്വർഗ്ഗത്തിലേക്കാണ് നയിക്കുന്നത്. നിശ്ചയം, ഒരു അടിമ സത്യസന്ധത മുറുകെപ്പിടിച്ചു, അവസാനം (അല്ലാഹുവിങ്കൽ) അവന് സിദ്ദിഖ് (സത്യസന്ധൻ) എന്ന് രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും, തീർച്ചയായും, കളവ് അധർമ്മമാണ്. അധർമ്മം നരകത്തിലേക്കാണ് വഴികാണിക്കുന്നത്. തീർച്ചയായും, ഒരു അടിമ, കളവ് അവലംബമാക്കി, അവസാനം (അല്ലാഹുവിങ്കൽ) കള്ളൻ എന്ന് രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും”. (ബുഖാരി, മുസ്‌ലിം)

അന്ത്യനാളിൽ മുഖം കരുവാളിച്ചതാകും:

“ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍ കറുത്തിരുണ്ടതായി നിനക്ക് കാണാം. നരകത്തിലല്ലയോ അഹങ്കാരികള്‍ക്കുള്ള വാസസ്ഥലം!”. (ഖുർആൻ, സൂറ: സുമർ: 60)

ഉമർ (റ) പറഞ്ഞു: “തമാശയിൽ പോലും കളവ് പറയുന്നത് ഉപേക്ഷിക്കുന്നത് വരേയ്ക്കും നിനക്ക് വിശ്വാസത്തിന്റെ പൂർണ്ണത പ്രാപിക്കാൻ സാധിക്കുകയില്ല”. (മുസ്വന്നഫ്: 5/236)

ചുരുക്കത്തിൽ, മുകളിൽ സൂചിപ്പിച്ച ഏപ്രിൽ ഫൂൾ, അഥവാ കളവ് പറയാനുള്ള ദിനം ആചരിക്കുന്ന സംസ്കാരത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല, അത് വിശ്വാസിക്ക് ഭൂഷണവുമല്ല. കാരണം ഇസ്‌ലാം മാനവിക മൂല്യങ്ങളുടേയും സകല നന്മകളുടേയും മതമാണ്. മനുഷ്യരെ സൃഷ്ടിക്കുകയും, അവന് വേണ്ടി ഭൂമിയെ സംവിധാനിച്ചവനും യുക്തിമാനും പ്രതാപശാലിയുമായ അല്ലാഹുവിന്റെ വിധിവിലക്കുകളാണ് ഇസ്‌ലാം.

1 Comment

  • ഇത്തരം ലേഖനങ്ങൾ ഇനിയും വരട്ടെ

    Hasanudheen. M 04.04.2020

Leave a comment

Your email address will not be published.