പാലിയന്തോളജി

//പാലിയന്തോളജി
//പാലിയന്തോളജി
ഖുർആൻ / ഹദീഥ്‌ പഠനം

പാലിയന്തോളജി

എന്റെ ഖുര്‍ആന്‍ വായന

അസംഭവ്യമെന്ന് ക്ഷിപ്ര വീക്ഷണം നമ്മോട് അടക്കം പറയുന്ന ഒരു സമസ്യക്ക്‌ അടിക്കുറിപ്പെഴുതുന്ന‌ അതിസാഹസവും വിചിത്രവുമായ ഖുർആൻ വിശേഷം, അസാംഗത്യം ഒട്ടും അനുഭവപ്പെടാതെ അവതരിപ്പിച്ചത്‌ ഇവിടെ പങ്കു വെയ്‌ക്കട്ടെ!‌

പ്രതിയോഗികളെ നിഷ്പ്രഭരാക്കുന്ന വാദങ്ങളും, കുറിക്കു കൊള്ളുന്ന മറുപടികളും പ്രവാചകന്മാര്‍ അനുവര്‍ത്തിച്ചിട്ടുണ്ട്.‍ ഇബ്രാഹീം നബിയുടേയും, മൂസാ ‍നബിയുടേയും വാഗ്വാദങ്ങളില്‍ നമുക്കത്‌ കാണാം. ഓര്‍ക്കാപുറത്ത്‌ കിട്ടുന്ന വായടപ്പന്‍ മറുപടി പ്രതിയോഗിയുടെ ആത്മവീര്യം ചോര്‍ത്തിക്കളയാൻ പോന്നതാണ്. തന്റെ ചിന്തക്ക് വിഷയീഭവിച്ചിട്ടില്ലാത്ത വൈജ്ഞാനിക തീക്ഷ്ണതയില്‍, ഉന്നയിക്കപ്പെട്ട വാദമുഖത്തെ നിഷ്പ്രഭമാക്കി, എതിരാളിയെ സ്തബ്ദനാക്കുന്ന പ്രതികരണ രീതിയും ഖുര്‍ആനില്‍ കാണാം.

മരണവും, പുനര്‍ജ്ജന്മവും, പരലോകവും, വിചാരണയും പ്രബോധനം ചെയ്യവേ പ്രഹസനാത്മകമായി പ്രതികരിക്കുന്നവര്‍ക്ക് മറുപടിയായി സൂറത്തു ഇസ്രാഇല്‍ ഖുര്‍ആന്‍ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു:

‎وقالوا اإذا كنا عظاما ورفاتا ءانا لمبعوثون خلقًا جديدًا
‎قل كونوا حجارة أو حديدا ‪(17:49, 50)

“അവര്‍ (നിന്നോട് പരിഹാസത്തോടെ) ചോദിക്കുന്നു: ഞങ്ങൾ (മരിച്ച്) അസ്ഥികളും, ചാരവുമായി തീര്‍ന്ന ശേഷവും പുതിയ ഒരു സൃഷ്ടിയായി പുനരുജ്ജീവിപ്പിക്കപ്പെടുമെന്നാണോ (താങ്കള്‍ പറയുന്നത്)? എന്ന്.

(അവരോട്) പറഞ്ഞേക്കുക, (അതല്ല) നിങ്ങളിനി ഒരു ശിലയോ, ഇരുമ്പോ ആയി മാറിയാലും (ശരി, പുനരുജ്ജീവിക്കപ്പെടുക തന്നെ ചെയ്യും)”. വിശുദ്ധ ഖുർആൻ 17:49-50.
‎‫ ‬
സ്വാഭാവികമായി “എല്ലും ചാരവുമായി തീര്‍ന്ന ശേഷമോ പുനരുജ്ജീവിപ്പിക്കപ്പെടുന്നത്?” എന്ന പരിഹാസത്തിന് അതിലും നിസ്സാരമായി, “നിങ്ങളിനി പുകയോ, കാറ്റോ ആയി മാറിയാലും ശരി” എന്ന നിലവാരത്തിലുള്ള മറുപടിയായിരുന്നില്ലേ ഉചിതമെന്ന്‌ നമുക്ക് തോന്നാം. എന്നാല്‍ നമ്മുടെ കേവല ബൗദ്ധിക തലത്തിന്നപ്പുറം, “ശിലയും”, “ഇരുമ്പും” ആയി മാറിയാലും,‍ എന്ന മറുപടി വളരെ ബോധപൂര്‍വ്വമാണെന്ന് മാത്രമല്ല, പ്രതിയോഗിയെ സംബന്ധിച്ചേടത്തോളം അപ്രതീക്ഷിതവുമാണ്.
തുടർന്നുള്ള വചനത്തിൽ “ഇനി അതിലും കടുപ്പം കൂടിയതോ, കുറഞ്ഞതോ ആയി സങ്കൽപിക്കാനാവുന്ന മറ്റ്‌ അവസ്ഥാന്തരങ്ങളായാലും” എന്ന ഒരു പരാമർശത്തോടെ അതിന്റെ അസ്വാഭാവികത പരിഹരിച്ച്‌ പൊതു സ്വീകാര്യത വരുത്തുന്നുമുണ്ട്‌, പ്രഥമ പ്രതികരണത്തിന്റെ പ്രാധാന്യം ഒട്ടും നഷ്ടപ്പെടുത്താതെ. പുനർ നിർമ്മിതിക്ക് എല്ലിനേക്കാളും, ചാരത്തേക്കാളും സങ്കീർണ്ണമല്ലല്ലോ കല്ലും, ഇരുമ്പും. അപ്പോൾ സൂചന മറ്റൊന്നായിരിക്കില്ലേ…

ഈ അസ്വാഭാവികതയകറ്റാന്‍ ശകലം ശാസ്ത്രാവബോധം ഉപകരിച്ചേക്കും.

ആധുനിക ശാസ്ത്ര ശാഖകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നത്രെ പാലിയന്തോളജി (PALAEONTOLOGY) അഥവാ “പുരാജീവശാസ്ത്രം”.

ഫോസിലുകളെക്കുറിച്ചുള്ള പഠനം പാലിയന്തോളജിയുടെ സുപ്രധാന ഭാഗമാണ്. പ്രാചീന ജീവ വ്യവസ്ഥയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വിവരം ലഭിക്കുന്നത് ഈ പഠനത്തില്‍ നിന്നാണ്.

ജീവന്‍ നശിച്ച ജന്തുവോ സസ്യമോ ജീര്‍ണിക്കുന്നതും തുടര്‍ന്ന് മണ്ണില്‍ അലിഞ്ഞ് ചേര്‍ന്ന് നിശ്ശേഷം ഇല്ലാതായിത്തീരുന്നതും നമുക്കറിയാവുന്നതാണല്ലോ. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ മറ്റൊരു തരത്തിലും സംഭവിക്കുന്നുണ്ട്. ജീവന്‍ വെടിഞ്ഞ് മണ്ണിലും, ജലത്തിലും ആണ്ടുകിടക്കുന്ന വസ്തുക്കളില്‍ ജീര്‍ണനകാരികളായ ബാക്ടീരിയകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭ്യമാകാത്ത വിധം മണ്ണും ചെളിയും മൂടപ്പെടുകയും, ക്രമേണ ധാതുലവണങ്ങള്‍ അലിഞ്ഞു ചേര്‍ന്ന ലായനികള്‍ ഇവയുടെ സുഷിരങ്ങളിലൂടെ അകത്ത് പ്രവേശിക്കാൻ ഇടയാവുകയും ചെയ്യുന്നു. അപ്രകാരം കാല്‍സൈറ്റ് (Calcite), ശിവധാതുക്കല്ല് (Opel), സ്ഫടികക്കല്ല് (Quartz), ഫെറസ് സള്‍ഫൈഡ് (Ferrous Sulphide) തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ അവയ്ക്കുള്ളില്‍ അടിഞ്ഞ് കൂടി സുഷിരങ്ങള്‍ ഭദ്രമായി അടയപ്പെടുകയും ചെയ്യുന്നതോടെ ആ ഭൗതികാവശിഷ്ടം അതേപടി നിലനില്‍ക്കാന്‍ ഈടും ഉറപ്പും കൈവരിക്കുകയും നാശങ്ങളെ അതിജയിക്കാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നു. ഇതാണ് “ഫോസില്‍” (fossil) എന്ന പേരില്‍ അറിയപ്പെടുന്നത്.

ഫോസിലുകളെക്കുറിച്ചുള്ള പഠനം വളരെ ആധുനികമാണ്. പതിനേഴാം നൂറ്റാണ്ടില്‍ ആദ്യമായി ഒരു ഫോസില്‍ കണ്ടുകിട്ടിയതോടെ മാത്രമാണ് ഇത്തരം ഒരു പ്രക്രിയയെക്കുറിച്ച് ശാസ്ത്ര ലോകത്തിന് ബോധ്യമാകുന്നതും ഈയൊരു ശാത്രശാഖ രൂപം കൊള്ളാന്‍ സാഹചര്യമാകുന്നതും. എന്നാല്‍ 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിച്ച ഖുര്‍ആനിലെ മേല്‍ സൂക്തത്തില്‍ ഇത് സംബന്ധമായ വ്യക്തമായ സൂചനയാണ് നമുക്ക് ലഭിക്കുന്നത്:

ഫോസിലുകള്‍ രൂപപ്പെടുന്നത് കാല്‍സൈറ്റ്, ഓപെല്‍, ക്വാര്‍ട്സ്, ഫെറസ് സള്‍ഫൈഡ് എന്നിത്യാതി പദാര്‍ത്ഥങ്ങളാലാണെന്ന് നാം കണ്ടു. കാല്‍സ്യവും കാര്‍ബണും ചേര്‍ന്നുള്ള ക്രിസ്റ്റല്‍ രൂപമാണ് കാല്‍സൈറ്റ്. കാല്‍സൈറ്റ്‌, ശിവധാതുക്കല്ല്‌, സ്ഫടികക്കല്ല്‌ ഇവ മൂന്നും ശിലകളില്‍ പെട്ടതാണ്. ശിലകളില്‍ തന്നെ അടങ്ങിയതായി കാണപ്പെടുന്ന ഫെറസ് സല്‍ഫൈഡ് (FeS), ജലത്തിന്റെ (H2O) സാന്നിദ്ധ്യത്തില്‍ ഓക്സീകരിക്കപ്പെടുകയാണെങ്കില്‍ ആ രാസ പ്രവര്‍ത്തനത്തില്‍ നിന്നും ലഭ്യമാകുന്നത് ഹൈഡ്രജന്‍ സള്‍ഫൈഡും (H2S), ഫെറസും (Fe) ആയിരിക്കും. ഇതില്‍ H2S വാതകമായി സ്വതന്ത്രമാകുകയും, Fe ബാക്കിയാവുകയും ചെയ്യുന്നു. Fe (ഫെറസ്) എന്നത് ഇരുമ്പിന്റെ രാസ നാമമാണ്.

അതായത്, ജീവികള്‍ ജീവന്‍ വെടിഞ്ഞു കഴിഞ്ഞാല്‍ ഒന്നുകില്‍ ജീര്‍ണിച്ച് മണ്ണില്‍ ലയിക്കുന്നു; അല്ലെങ്കില്‍ ക്രമേണ ശിലയോ ഇരുമ്പോ ആയി രൂപാന്തരം പ്രാപിച്ച് ഫോസിലുകളായി മാറുന്നു.

വിശുദ്ധ ഖുര്‍-ആന്‍ പ്രയോഗിച്ച ‘ഹിജാറത്ത്’, ‘ഹദീദ്’ എന്നീ പദങ്ങള്‍ ഫോസിലുകളെ കുറിച്ചുള്ള എത്ര കൃത്യമായ വിശദീകരണമാണെന്ന് ശ്രദ്ധിക്കുക.

നബി(സ)യുടെ കാല ഘട്ടത്തിലെ ജനതയെക്കാളേറെ ഇക്കാര്യം പ്രസക്തമാകുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫോസിലുകള്‍ കണ്ടെത്തുന്നതിലൂടെ ജീവന്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ക്ക് മറ്റൊരു അവസ്ഥാന്തരം കൂടിയുണ്ടെന്ന് മനസ്സിലാക്കുന്ന ഈ ആധുനിക സമൂഹത്തിലാണ്. ഖുര്‍ആന്‍ അവതീര്‍ണ്ണ ഘട്ടത്തിലോ, ഈ അടുത്ത കാലത്തിന് മുമ്പ് വരെയോ മനുഷ്യന് അറിവില്ലാത്ത ഒരു വസ്തുതയാണ് ഭൗതികാവശിഷ്ടം ഇങ്ങനെ ഫോസിലുകളായിത്തീരുന്നു എന്നുള്ളത്. ഒരു വ്യത്യസ്ഥമായ മറുപടി എന്ന നിലക്ക് മാത്രമേ ഈ പരാമര്‍ശം അന്നവര്‍ കണ്ടിരിക്കാനിടയുള്ളൂ; പ്രത്യേകിച്ച്‌ തുടർ വചനത്തിലെ പൊതു വൽക്കരണത്തിലൂടെ. ഖുര്‍ആനിക പരാമർശങ്ങള്‍ അതവതരിക്കപ്പെട്ട കാലത്തേക്ക് മാത്രം ബാധകമായതല്ല എന്ന ധാരണക്ക്‌ ഊന്നല്‍ നല്‍കുക കൂടിയാണ് ഈ സൂക്തം. തന്നെയുമല്ല ഇതിന്റെ ഉറവിടം ത്രികാലജ്ഞനായ അല്ലാഹുവില്‍ നിന്ന് തന്നെയെന്നും ബോധ്യപ്പെടും.

ഈ സൂക്തം നബി(സ)യിലൂടെ ആധുനിക പ്രബോധകര്‍ക്ക് വേണ്ടി അവതരിച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും പത്ത് നൂറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം ജനങ്ങള്‍ മനസ്സിലാക്കാന്‍ പോകുന്ന ഒരു സംഗതി, ഏഴാം നൂറ്റാണ്ടില്‍ പറഞ്ഞു വെച്ചത് നബി (സ) അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനായതുകൊണ്ടും, ദിവ്യ സന്ദേശവുമായി ഇനി ഒരു പ്രവാചകന്‍ വരാനില്ലാത്തതു കൊണ്ടും, ഖുര്‍ആനിനു ശേഷം മറ്റൊരു ദിവ്യ വെളിപാട് അവതരിക്കാനില്ലാത്തത് കൊണ്ടും ആയിരിക്കാം എന്നാണ് എന്റെ വിശ്വാസം.

“ഇത് തന്നെയാണ് സത്യം എന്ന് ബോധ്യമാകുവോളം ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക് കാണിച്ചു കൊണ്ടേയിരിക്കും” (ഖുര്‍ആന്‍ 41:53).

print

No comments yet.

Leave a comment

Your email address will not be published.