അറബി ഭാഷയിലെ ‘മഈശത്ത്’ എന്ന മനോഹരമായ പദം കേവലമൊരു ഉപജീവന മാർഗത്തെയല്ല, മറിച്ച് ജീവിതത്തിന്റെ സർവ്വതലങ്ങളെയും തൊട്ടുനിൽക്കുന്ന നിലനിൽപ്പിന്റെ ആധാരശിലയെയാണ് പ്രതിനിധീകരിക്കുന്നത്. ലളിതമായ അർത്ഥതലങ്ങളിൽ നോക്കിയാൽ, ഒരു മനുഷ്യൻ തന്റെ പ്രാണനെ പരിരക്ഷിക്കുന്നതിനും നിലനിൽപ്പിനുമായി ഭൂമിയിൽ നടത്തുന്ന സകല പ്രയത്നങ്ങളുടെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണ് മഈശത്ത്.
വിശുദ്ധ ഖുർആൻ ഈ വിശ്വസത്യത്തെ അത്യന്തം ഗഹനവും ഹൃദ്യവുമായ ശൈലിയിൽ ഇപ്രകാരം അനാവരണം ചെയ്യുന്നു: “തീർച്ചയായും നാം നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലമൊരുക്കുകയും, അവിടെ നിങ്ങൾക്ക് ജീവിതോപാധികൾ (മആഇശ്) സംവിധാനിക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും നിങ്ങൾ എത്ര കുറച്ചുമാത്രമേ നന്ദിയുള്ളവരാകുന്നുള്ളൂ.” (സൂറത്തുൽ അഅ്റാഫ്: 10)
ഈ വേദവചനത്തിലെ ‘മആഇശ്’ എന്ന പ്രയോഗം വെറും ഭൗതിക വിഭവങ്ങളിലൊതുങ്ങുന്നില്ല. അതൊരു മഹാസങ്കൽപ്പമാണ്. പ്രപഞ്ചനാഥൻ മനുഷ്യനായി ഒരുക്കിവെച്ച പ്രകൃതിയുടെ കനിവുകളും, മനുഷ്യൻ തന്റെ അധ്വാനം കൊണ്ട് വികസിപ്പിച്ചെടുക്കുന്ന ജീവിത സൗകര്യങ്ങളും, അവന്റെ നിലനിൽപ്പിന് ആധാരമായ സകല ജീവൽപ്രക്രിയകളും ഈ പദത്തിനുള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ദൈവികമായ കരുണയും മാനുഷികമായ കഠിനാധ്വാനവും തമ്മിലുള്ള സുന്ദരമായ ഒരു സമന്വയമാണ് ‘മഈശത്ത്’ എന്ന പദം നമുക്ക് കാട്ടിത്തരുന്നത്.
ഒരു രാഷ്ട്രത്തിന്റെ നട്ടെല്ലും അതിലെ ജനതയുടെ പുരോഗതിയുടെ അടിസ്ഥാന ശിലയുമാണ് കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ. ദൃഢവും സുതാര്യവുമായ സാമ്പത്തിക ദർശനങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും കരുത്തിനെയും പരിപോഷിപ്പിക്കുന്നു. ചരിത്രത്തിന്റെ ഏടുകൾ മറിച്ചുനോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത്, ഏത് ഭരണകൂടമാണോ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിച്ചത്, അവരാണ് ലോകത്തിന് മുൻപിൽ തലയുയർത്തി നിന്നിട്ടുള്ളത് എന്നാണ്. ആധുനിക വികസിത രാഷ്ട്രങ്ങളുടെ അഭിവൃദ്ധിക്ക് പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
സമ്പത്തിന്റെ വിതരണവും സാമ്പത്തിക പരിഷ്കാരങ്ങളും ഏതൊരു ഭരണക്രമത്തിലും ഒഴിച്ചുകൂടാനാവാത്ത പ്രകൃതിനിയമം പോലെ സുപ്രധാനമാണ്. ദൈവികമായ വിഭവങ്ങളെ മനുഷ്യൻ എപ്രകാരം നീതിയോടെ വിനിയോഗിക്കണമെന്നും അവയുടെ പ്രാധാന്യം എത്രത്തോളമാണെന്നും അല്ലാഹുവിവിധ ശൈലികളിലൂടെ തന്റെ അന്ത്യവേദഗ്രന്ഥത്തിൽ ഉണർത്തുന്നുണ്ട്. വിശുദ്ധ ഖുർആനിലെ സൂറത്തു ഇബ്രാഹീമിലെ മുപ്പത്തിരണ്ടാം സൂക്തം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളെയും പ്രപഞ്ചത്തിന്റെ വിഭവലഭ്യതയെയും ഇപ്രകാരം വർണ്ണിക്കുന്നു:
അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്. അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു..” (ഇബ്രാഹീം: 32)
ദൈവിക വെളിപാടുകളിലെ സാമ്പത്തിക സുസ്ഥിരത :
ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ആകാശഭൂമികളുടെ വിസ്മയങ്ങളെ വിവരിക്കുമ്പോൾ, കേവലമായ പ്രകൃതിവർണ്ണനകൾക്കപ്പുറം മാനവരാശിയുടെ നിലനിൽപ്പിനാധാരമായ സാമ്പത്തിക വ്യവസ്ഥയുടെ സുപ്രധാനമായ വിതാനങ്ങളെയാണ് വരച്ചുകാട്ടുന്നത്. ആഴത്തിലുള്ള ചിന്തയോടെ ഈ സൂക്തങ്ങളെ സമീപിക്കുമ്പോൾ, ഹരിതാഭമായ കാർഷികവൃത്തിയും, വിഭവസമൃദ്ധമായ ഫലവർഗ്ഗ വ്യാപാരവും, സമുദ്രമാർഗ്ഗമുള്ള വാണിജ്യ പാതകളും അത്യന്തം മനോഹരമായ സൂചനകളായി അവിടെ തെളിയുന്നു.
മനുഷ്യനെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുകയും വിഭവങ്ങളുടെ മൂല്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്ന വിജ്ഞാനത്തിന്റെ മഹാസാഗരമാണ് വിശുദ്ധ ഖുർആൻ. മാനവപിതാവായ ആദം നബി (അ) യെ കൃഷിയിലേക്കും അനുബന്ധമായ ഉൽപാദന പ്രക്രിയകളിലേക്കും നയിച്ചതിലൂടെ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദിപാഠങ്ങൾ അല്ലാഹു തന്നെ നിശ്ചയിച്ചു നൽകി. സാമ്പത്തിക നിയമങ്ങളെയും അച്ചടക്കത്തെയും കുറിച്ചുള്ള ഖുർആനിക വിശദീകരണങ്ങൾ ഏതൊരു ബുദ്ധിമാനെയും വിസ്മയിപ്പിക്കാൻ പോന്നതാണ്.
സൂറത്തുൽ ബഖറയിലെ ‘ആയത്തുദ്ദൈൻ’ (കടമിടപാട് സൂക്തം) ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ദേശകാല ഭേദമന്യേ സർവ്വരും ഒരുപോലെ അംഗീകരിക്കുന്ന സാമ്പത്തിക തത്ത്വങ്ങളാണ് ഈ സുദീർഘമായ വചനത്തിൽ പെയ്തിറങ്ങുന്നത്. ഇടപാടുകളിലെ പവിത്രമായ വിശ്വാസ്യത, എഴുത്തുകാരന്റെ അപാരമായ സത്യസന്ധത, സാക്ഷ്യങ്ങളുടെ കൃത്യത, ഇടപാടുകാർ തമ്മിലുള്ള ധാർമ്മികമായ കരാറുകൾ—ലോകാവസാനം വരെ മാനവരാശിക്ക് വഴികാട്ടുന്ന ഉന്നതമായ സാമ്പത്തിക പാഠങ്ങളാണിവ.
തിരുമൊഴികളിലെ സാമ്പത്തിക ശുദ്ധീകരണം:
തിരുനബി(സ)യുടെ ഓരോ വചനങ്ങളും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പുരോഗതിക്കും ആത്മീയമായ ശുദ്ധീകരണത്തിനുമുള്ള നിയമരേഖകളാണ്. ചൂഷണത്തിന്റെ വിഷം കലർന്ന പലിശയെ ഒരു സാമ്പത്തിക വ്യവസ്ഥയുടെ വേരറുക്കുന്ന മഹാവിപത്തായി പ്രഖ്യാപിച്ചുകൊണ്ട് ഇസ്‌ലാം അതിനെ കർശനമായി നിരോധിച്ചു. പലിശയുടെ ആഴങ്ങളിൽ അകപ്പെട്ടവർക്കുള്ള ഗൗരവകരമായ താക്കീത് ഹദീസുകളിൽ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു:
“പലിശ ഭുജിക്കുന്നവനെയും അത് നൽകുന്നവനെയും അതിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നവനെയും അതിന് സാക്ഷികളാകുന്നവരെയും അല്ലാഹുവിന്റെ തിരുദൂതൻ (സ) ശപിച്ചിരിക്കുന്നു. ‘അവരെല്ലാം കുറ്റകൃത്യത്തിൽ ഒരുപോലെ പങ്കാളികളാണ്’ എന്നും അവിടുന്ന് അരുളി.” (സ്വഹീഹ് മുസ്ലിം)
സാമ്പത്തിക വിനിമയങ്ങളിൽ സുതാര്യതയും നീതിയും ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ പ്രമാണങ്ങൾ നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നത്. അധ്വാനത്തിന്റെ വിശുദ്ധിയും വിതരണത്തിന്റെ നീതിയും സമന്വയിക്കുന്ന ഒരു സുന്ദര ലോകത്തെയാണ് ഈ ദർശനങ്ങൾ ലക്ഷ്യം വെക്കുന്നത്.
ചൂഷണവിരുദ്ധ സാമ്പത്തിക ക്രമം:
മേൽസൂചിപ്പിച്ച ഹദീസിലൂടെ, സമ്പദ്‌വ്യവസ്ഥയെ കാർന്നുതിന്നുന്ന ഒരു മഹാവിപത്തിനെതിരെയാണ് പ്രവാചകൻ (സ) മുന്നറിയിപ്പ് നൽകുന്നത്.ഖുർആൻ അവതരിക്കുന്ന കാലഘട്ടത്തിൽ അറേബ്യയുടെ മണ്ണിൽ പലിശയുടെ വിഷവേരുകൾ ആഴത്തിൽ പടർന്നിരുന്നു. അത് സാധാരണക്കാരുടെ ജീവിതത്തെ കടക്കെണിയുടെ ഇരുളിലാഴ്ത്തുകയും അവരുടെ സ്വപ്നങ്ങളെ തകർത്തെറിയുകയും ചെയ്തു.
പലിശയുടെ ക്രൂരതയ്ക്കൊപ്പം തന്നെ, വിപണിയിൽ കൃത്രിമമായ ദൗർലഭ്യം സൃഷ്ടിക്കുന്ന ‘ഇഹ്തികാർ’ (പൂഴ്ത്തിവെപ്പ്) എന്ന നീചമായ പ്രവണതയെയും ഇസ്‌ലാം കടപുഴക്കി. കാരുണ്യത്തിന്റെ പ്രവാചകൻ (സ) ഇപ്രകാരം പ്രഖ്യാപിച്ചു: “ഹൃദയത്തിൽ പാപം പേറുന്നവനല്ലാതെ പൂഴ്ത്തിവെപ്പിന്റെ ചതിക്കുഴികൾ നിർമ്മിക്കുകയില്ല.” (തിർമിദി)
സാമ്പത്തിക രംഗത്തെ സകല ചൂഷണങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രവാചകൻ(സ)സ്വീകരിച്ചത്. പ്രവാചകത്വത്തിന്റെ പ്രഭ പരക്കുന്നതിന് മുൻപ് തന്നെ അവിടുന്ന് ഒരു ഉത്തമ വ്യാപാരിയായിരുന്നു എന്നത് ചരിത്രത്തിലെ അദ്ഭുതകരമായ ഏടാണ്. ഉമ്മുൽ മുഅ്മിനീൻ ഖദീജ(റ)യുടെ കച്ചവടസംഘവുമായി സിറിയയുടെ മണ്ണിലേക്ക് പുറപ്പെട്ട ആ യുവാവ് കാണിച്ച സത്യസന്ധതയും സൂക്ഷ്മതയും വിപണിയിലെ പുതിയ പാഠങ്ങളായിരുന്നു. ചരക്കുകൾ പൂർണ്ണമായി വിറ്റുതീരുന്നതിനൊപ്പം, സമാനതകളില്ലാത്ത ലാഭം ആ കച്ചവടത്തിൽ കൈവന്നു. അവിടുത്തെ വിശ്വസ്തതയും കച്ചവടതന്ത്രങ്ങളും സിറിയൻ വിപണിയെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു.
മദീന: ഒരു സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കം:
മദീന എന്ന നഗരരാഷ്ട്രത്തിന്റെ ഉദയത്തോടെ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പുതിയ ചക്രവാളങ്ങൾ തുറക്കപ്പെട്ടു. ഹിജ്റ രണ്ടാം വർഷത്തിൽ ‘സകാത്ത്’ നിർബന്ധമാക്കപ്പെട്ടതോടെ പൊതുക്ഷേമത്തിനും ഭരണക്രമത്തിനും സുസ്ഥിരമായൊരു വരുമാനസ്രോതസ്സ് കൈവന്നു. അതിനു മുൻപുള്ള കാലഘട്ടത്തിൽ ഭരണപരമായ ആവശ്യങ്ങൾക്കായി വിഭവങ്ങൾ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എങ്കിലും, ഹൃദയവിശാലതയുള്ള സ്വഹാബിവര്യന്മാരുടെ അകമഴിഞ്ഞ സഹായങ്ങൾ ആ പ്രതിസന്ധികളെ മറികടക്കാൻ തുണയായി. കൃഷിയിലും വാണിജ്യത്തിലും വ്യാപൃതരായ അനുയായികൾ രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറയെ തങ്ങളുടെ വിയർപ്പുകൊണ്ട് സുരക്ഷിതമാക്കി.
ഹിജ്റ രണ്ടാം വർഷം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത് വിജയങ്ങളുടെയും വഴിത്തിരിവുകളുടെയും വർഷമായിട്ടാണ്. ജിഹാദിന്റെ അനുമതി ലഭിച്ചതോടെ നടന്ന നിർണ്ണായകമായ വിജയങ്ങൾ മദീനയുടെ അതിരുകൾ വികസിപ്പിക്കുക മാത്രമല്ല, രാഷ്ട്രത്തെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്തു.
പുരോഗതിയുടെ സാമ്പത്തിക രൂപരേഖ:
ഒരു രാഷ്ട്രത്തിന്റെ പരമാധികാരവും പുരോഗതിയും അതിന്റെ സുദൃഢമായ സാമ്പത്തിക നയങ്ങളുമായി ആഴത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത വികസനം തകരാൻ പോകുന്ന സൗധം പോലെയാണ്. അത് ഒരു ഇസ്‌ലാമിക രാഷ്ട്രമായാലും അല്ലെങ്കിലും, കൃത്യമായ ആസൂത്രണവും വിഭവങ്ങളുടെ നീതിപൂർവ്വമായ വിതരണവുമാണ് ഏതൊരു വിജയത്തിന്റെയും ആത്യന്തികമായ ആധാരം. മദീനയുടെ മണ്ണ് ലോകത്തിന് കാണിച്ചുതന്നത് നീതിയിലധിഷ്ഠിതമായ ആ സാമ്പത്തിക ദർശനമാണ്.
രാഷ്ട്രത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ:
വിഭവങ്ങളുടെ നീതിപൂർവ്വമായ വിന്യാസം ഏതൊരു ഭരണകൂടത്തിന്റെയും നിലനിൽപ്പും ജനക്ഷേമവും അതിന്റെ സുദൃഢമായ സാമ്പത്തിക അടിത്തറയെ ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് ജീവവായു പകരുന്നത് താഴെ പറയുന്ന സുപ്രധാന സ്രോതസ്സുകളാണ്:
1 നികുതി: പൗരധർമ്മത്തിന്റെ പങ്കാളിത്തം:
ഒരു രാഷ്ട്രത്തിന്റെ പുരോഗതിയുടെ ചക്രങ്ങൾ ചലിക്കുന്നത് ജനങ്ങളിൽ നിന്നുള്ള നികുതി വിഹിതം കൊണ്ടാണ്. പദവികൾക്കോ പ്രതാപങ്ങൾക്കോ അതീതമായി, ഓരോ പൗരനും തന്റെ വരുമാനത്തിന്റെ ഒരു വിഹിതം പൊതുനന്മയ്ക്കായി സമർപ്പിക്കാൻ ബാധ്യസ്ഥനാണ്. ജനങ്ങളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന ഭരണകൂടത്തിന്, സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കാനും അവ ഈടാക്കാനുമുള്ള പരമാധികാരമുണ്ട്.
2 കൃഷി: ഉൽപാദനത്തിന്റെ ഹരിതവിപ്ലവം:
മണ്ണിന്റെ മണമുള്ള സാമ്പത്തിക നയമാണ് കൃഷി. വിദേശ ഇറക്കുമതികളുടെ ഭാരമില്ലാതെ ഒരു രാജ്യത്തെ സ്വയംപര്യാപ്തതയുടെ നെറുകയിലെത്തിക്കാൻ കാർഷിക സമൃദ്ധിക്ക് സാധിക്കും. ജലസമൃദ്ധമായ നദികളും ശാസ്ത്രീയമായ ജലസേചന മാർഗ്ഗങ്ങളും ചേരുമ്പോൾ, മണ്ണ് സ്വർണ്ണം വിളയുന്ന ഖനിയായി മാറുന്നു. കൃഷിയിലെ ഉണർവ് രാഷ്ട്രത്തിന്റെ ആരോഗ്യത്തിന്റെയും സാമ്പത്തിക സ്വതന്ത്ര്യത്തിന്റെയും അടയാളമാണ്.
3 സകാത്ത്: സാമ്പത്തിക വിശുദ്ധിയുടെ അടയാളം:
ഇസ്‌ലാമിക സാമ്പത്തിക ദർശനത്തിലെ ഏറ്റവും ഉദാത്തമായ അദ്ധ്യായമാണ് സകാത്ത്. സമ്പത്ത് ചുരുക്കം ചില കൈകളിൽ കുന്നുകൂടുന്നത് തടയാനും ദരിദ്രർക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും സകാത്ത് സഹായിക്കുന്നു. ഒരു ഇസ്‌ലാമിക ഭരണകൂടം സകാത്ത് വസൂൽ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വ്യവസ്ഥാപിതമായ സംവിധാനങ്ങൾ ഒരുക്കുന്നു. മൃഗസമ്പത്ത് മുതൽ കച്ചവട നിക്ഷേപങ്ങൾ വരെ ഇതിന്റെ പരിധിയിൽ വരുന്നു.
4 ഉശ്രും ജിസ്‌യയും : ഭൂമിയിലെ സമർപ്പണവും സുരക്ഷാ ഉറപ്പും:
ഭൂമിയിലെ വിളവുകളുടെ സകാത്താണ് ‘ഉശ്ര്’. വിയർപ്പൊഴുക്കിയ മണ്ണിൽ നിന്നും ലഭിക്കുന്ന കനികൾക്ക് അല്ലാഹു നിശ്ചയിച്ച വിഹിതം നൽകുന്നതിലൂടെ സാമ്പത്തിക രംഗം കൂടുതൽ അനുഗ്രഹീതമാകുന്നു.
മറ്റൊരു പ്രധാന ഭാഗമാണ് ‘ജിസ്‌യ’. ഒരു മുസ്ലിം ഭരണകൂടത്തിന് കീഴിൽ കഴിയുന്ന മുസ്ലിമേതര പൗരന്മാർക്ക് നൽകുന്ന സുരക്ഷയ്ക്കും സംരക്ഷണത്തിനും പകരമായി സ്വീകരിക്കുന്ന ഈ തുക, സൗഹാർദ്ദപരമായ സഹവർത്തിത്വത്തിന്റെ ഭാഗമാണ്.
5 വ്യാപാരം : വിപണിയുടെ ചലനാത്മകത:
വാണിജ്യരംഗത്തെ വളർച്ചയാണ് ഒരു രാജ്യത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നത്. വ്യാപാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കയറ്റുമതിയും ഇറക്കുമതിയും സജീവമാകുന്നു. നീതിപൂർവ്വമായ നികുതികളിലൂടെ വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കാൻ ഭരണകൂടം ശ്രദ്ധിക്കുന്നു. വിപണിയിലെ ഈ ചലനാത്മകതയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ കാത്തുസൂക്ഷിക്കുന്നത്. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണവും സുതാര്യമായ ഭരണക്രമവും ചേരുമ്പോഴാണ് ഒരു രാഷ്ട്രം യഥാർത്ഥത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നത്.
ഖലീഫ ഉമർ (റ): ഭരണതന്ത്രജ്ഞതയുടെയും സാമ്പത്തിക പരിഷ്കരണത്തിന്റെയും പ്രതീകം:
സ്വഹാബികളിലെ ശ്രേഷ്ഠപണ്ഡിതൻ എന്ന പദവിക്കതീതമായി, ഖലീഫ ഉമറി (റ) ന്റെ അഭിപ്രായങ്ങളെ സ്ഥിരീകരിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ നിരവധി സൂക്തങ്ങൾ അവതരിച്ചത് തന്നെ അദ്ദേഹത്തിന്റെ അഗാധമായ ഉൾക്കാഴ്ചയുടെ സാക്ഷ്യപത്രമാണ്. അദ്ദേഹം ഒരു മികച്ച വ്യാപാരി കൂടിയായിരുന്നു. കച്ചവടത്തിന്റെ സൂക്ഷ്മമായ തന്ത്രങ്ങളിലും നിയമങ്ങളിലും അദ്ദേഹത്തിന് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. മൗലാനാ ഷാ മുഈനുദ്ദീൻ നദ്‌വി തന്റെ ചരിത്രഗ്രന്ഥത്തിൽ ഇപ്രകാരം കുറിക്കുന്നു: “ഉമറി (റ) ന്റെ പ്രധാന ഉപജീവനമാർഗ്ഗം വ്യാപാരമായിരുന്നു. ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപും ശേഷവും അദ്ദേഹം ഈ തൊഴിൽ തുടർന്നുപോന്നു.”
സാമ്പത്തിക പരിഷ്കാരങ്ങൾ: ഐശ്വര്യത്തിലേക്കൊരു ചുവടുവെപ്പ്:
നീതിയുടെ തണലിൽ ഒരു സുസ്ഥിര സാമ്രാജ്യം കെട്ടിപ്പടുക്കാൻ തന്റെ അസാമാന്യമായ ഭരണതന്ത്രജ്ഞത മഹാനായ ഉമർ (റ) വിനിയോഗിച്ചു. പതിനാല് നൂറ്റാണ്ടുകൾക്കിപ്പുറവും ലോകം ആദരവോടെ സ്മരിക്കുന്ന അദ്ദേഹത്തിന്റെ സാമ്പത്തിക വിപ്ലവങ്ങൾ ഇവയാണ്:
അധികാര വികേന്ദ്രീകരണം: ഭരണനിർവ്വഹണം സുഗമമാക്കുന്നതിനും വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കുന്നതിനുമായി അദ്ദേഹം സാമ്രാജ്യത്തെ ശാസ്ത്രീയമായി വിവിധ പ്രവിശ്യകളായി വിഭജിച്ചു.
സ്ഥിതിവിവരക്കണക്കുകൾ: ആധുനിക ഭരണകൂടങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന വിധത്തിൽ ജനസംഖ്യാ കണക്കെടുപ്പും അവ കൃത്യമായി രേഖപ്പെടുത്താനുള്ള സർക്കാർ കാര്യാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു.
അടിസ്ഥാന സൗകര്യവികസനം: വാണിജ്യപാതകളിൽ സുരക്ഷയൊരുക്കാൻ ചെക്ക് പോസ്റ്റുകളും സമുദ്രമാർഗ്ഗമുള്ള യാത്രകൾക്ക് പാലങ്ങളും അദ്ദേഹം നിർമ്മിച്ചു. നാഗരികതയുടെ വളർച്ചയ്ക്കായി ആസൂത്രിതമായ പുതിയ നഗരങ്ങൾക്ക് അടിത്തറ പാകി.
നഗരവൽക്കരണം: ആസൂത്രിതമായ പുതിയ നഗരങ്ങൾക്ക് അദ്ദേഹം അടിത്തറ പാകി.
കാർഷിക പരിഷ്കാരം: കർഷകർക്ക് ഭൂമി വിതരണം ചെയ്യുന്നതിലും കൃഷി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം നൂതനമായ ശൈലികൾ കൊണ്ടുവന്നു. ജലസേചനത്തിനായി കനാലുകൾ നിർമ്മിക്കുകയും കൃഷിയെ സാമ്പത്തിക അടിത്തറയാക്കി മാറ്റുകയും ചെയ്തു.
സാമൂഹിക സുരക്ഷ: പട്ടിണിയും ക്ഷാമവും തുടച്ചുനീക്കാൻ പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. വിധവകൾക്കും അശരണർക്കും കുട്ടികൾക്കും നീതിപൂർവ്വമായ പെൻഷനുകളും ആനുകൂല്യങ്ങളും ഉറപ്പാക്കി.
വാണിജ്യ പുരോഗതി: സമുദ്രമാർഗ്ഗമുള്ള കയറ്റുമതിയും ഇറക്കുമതിയും വ്യാപിപ്പിച്ചു.
ബൈത്തുൽ മാൽ: പൊതുസമ്പത്ത് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ‘ബൈത്തുൽ മാൽ’ എന്ന പേരിൽ വ്യവസ്ഥാപിതമായ ഭരണഘടനയോടുകൂടിയ സാമ്പത്തിക സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു.
നികുതി പരിഷ്കാരം: ഭൂമിയുടെ ഉൽപാദനക്ഷമതയനുസരിച്ച് ‘ഖറാജ്’ (ഭൂനികുതി) എന്ന വിപ്ലവകരമായ നികുതി രീതി അദ്ദേഹം നടപ്പിലാക്കി.
ജനസംഖ്യാ കണക്കെടുപ്പ്: ആസൂത്രിത ഭരണത്തിന്റെ ആണിക്കല്ല്
ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചില കാര്യങ്ങൾ അടിസ്ഥാന നിബന്ധനകളായും മറ്റുചിലത് അതിന്റെ തൂണുകളായും പരിഗണിക്കപ്പെടുന്നു. ഇതിൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുക എന്നത് ഭരണകൂടത്തിന്റെ കേന്ദ്രധർമ്മമാണ്. ഇതിനായി ഖലീഫ ഉമർ (റ) ജനസംഖ്യാ കണക്കെടുപ്പ് കാര്യാലയങ്ങൾ സ്ഥാപിക്കുകയും സർക്കാർ തലത്തിൽ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾക്ക് അടിത്തറ പാകുകയും ചെയ്തു.
ജനസംഖ്യാ രജിസ്റ്ററുകൾ തയ്യാറാക്കുന്നതിനായി ഉമർ (റ) സഹാബികളുമായി കൂടിയാലോചന നടത്തിയതിനെക്കുറിച്ച് ചരിത്രകാരനായ ഇബ്നു സഅദ് ഇപ്രകാരം രേഖപ്പെടുത്തുന്നു: ഉസ്മാൻ (റ): “കൃത്യമായ കണക്കില്ലെങ്കിൽ വിഭവങ്ങൾ ചിലർക്ക് രണ്ടുതവണ ലഭിക്കാനും മറ്റുചിലർക്ക് ഒന്നുപോലും ലഭിക്കാതെ പോകാനും സാധ്യതയുണ്ട്. സ്വീകർത്താക്കളെ കൃത്യമായി തിരിച്ചറിയാൻ അവരുടെ പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം; അല്ലെങ്കിൽ ഭരണത്തിൽ അരാജകത്വം ഉണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു.”
അലി (റ): പറഞ്ഞു:ഖജനാവിൽ എത്തുന്ന ധനം ഓരോ വർഷവും വിതരണം ചെയ്യുക, അതിൽ ഒന്നും നീക്കിവെക്കരുത്” എന്ന് അദ്ദേഹം നിർദ്ദേശിച്ചു. വലീദ് ബിൻ ശാമ: “അമീറുൽ മുഅ്മിനീൻ! ഞാൻ സിറിയയിൽ നിന്ന് വന്നവനാണ്. അവിടുത്തെ ഭരണാധികാരികൾ ഉദ്യോഗസ്ഥരെയും സൈനികരെയും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങ് അപ്രകാരം ഒരു ‘ദഫ്‌തർ’ തയ്യാറാക്കുകയും സൈന്യത്തെ വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക.” അങ്ങനെ, സകല വശങ്ങളും പരിശോധിച്ച ഉമർ (റ) അവരുടെ ഉപദേശം സ്വീകരിക്കുകയും വിപ്ലവകരമായ ഈ പരിഷ്കാരം നടപ്പിലാക്കുകയും ചെയ്തു. (ത്വബഖാത്ത് ഇബ്നു സഅദ്, വാല്യം രണ്ട്, പേജ് നമ്പർ: 70)
ഈ മഹനീയമായ ആശയങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ഉമർ (റ) ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ ഔദ്യോഗിക ഭരണരജിസ്റ്ററിന് രൂപം നൽകി.
ബസ്വറയിലെ ജനസംഖ്യാ കണക്കെടുപ്പ്:
ഇബ്നു ജരീർ ത്വബ്‌രി(റഹ്) രേഖപ്പെടുത്തുന്നത് പ്രകാരം, ആദ്യം ബസ്വറയിൽ ഖാദിസിയ യുദ്ധത്തിൽ പങ്കെടുത്ത രണ്ടായിരം സൈനികരാണുണ്ടായിരുന്നത്. പിന്നീട് ഉഖ്ബ ബിൻ ഗസ്‌വാനോടൊപ്പം അയ്യായിരം പേർ കൂടി അവിടെയെത്തി. കൂഫയിൽ മൂവായിരം പേരുണ്ടായിരുന്നു. ഉമർ (റ) ഇവരെയെല്ലാം ഏകീകരിക്കുകയും തുല്യമായ പരിഗണനയോടെ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്തു.(താരിഖ് ത്വബ്‌രി, വാല്യം മൂന്ന്, പേജ് നമ്പർ: 70)
ചരിത്രകാരനായ ഇബ്നു ഖൽദൂൻ ഈ പരിഷ്കാരങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നു: “ഹിജ്റ 16-ാം വർഷത്തോടെ വലിയ യുദ്ധങ്ങളിൽ നിന്ന് ഇസ്‌ലാമിക സൈന്യത്തിന് ഭാഗികമായ വിശ്രമം ലഭിക്കുകയും, ഇറാഖിന് മേൽ പൂർണ്ണാധിപത്യം സ്ഥാപിക്കുകയും ചെയ്തു. യർമൂക് യുദ്ധത്തിലെ പരാജയത്തോടെ റോമൻ സൈന്യത്തിന്റെ ആത്മവീര്യം തകരുകയും ചെയ്ത ഘട്ടത്തിൽ, ഖലീഫ ഉമർ (റ) ഭരണപരമായ അടുത്ത ഘട്ടത്തിലേക്ക് കടന്നു.”
കൃത്യമായ നികുതി നിശ്ചയിക്കുന്നതിനായി അദ്ദേഹം ഇറാഖിലെ ജനസംഖ്യാ കണക്കെടുപ്പും ഭൂമിയുടെ അളവെടുപ്പും നടത്തി. പ്രമുഖ സ്വഹാബി സഅദ് ബിൻ അബീ വഖാസ് (റ) അതീവ ജാഗ്രതയോടെയാണ് ജനസംഖ്യാ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകൾ തയ്യാറാക്കിയത്. ഒരു ജനതയുടെ സാമ്പത്തിക ശേഷിയും കൃഷിഭൂമിയുടെ വ്യാപ്തിയും അറിഞ്ഞുമാത്രം നികുതി നിശ്ചയിക്കുക എന്ന നീതിപൂർവ്വമായ ഭരണരീതിയാണ് ഇവിടെ പ്രകടമാകുന്നത്. (ആധാരം: താരിഖ് ഇബ്നു ഖൽദൂൻ, വാല്യം 1, പേജ്: 311)
പ്രവിശ്യാ വിഭജനം: ഭരണക്രമത്തിലെ വികേന്ദ്രീകരണം:
ഖലീഫ ഉമറി (റ) ന്റെ ഭരണകാലത്ത് ഇസ്‌ലാമിക സാമ്രാജ്യം അതിവേഗം വികസിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിർത്തികൾ ചക്രവാളങ്ങൾ കടന്ന് വളർന്നപ്പോൾ, ഈ വിശാലമായ ഭൂപ്രദേശങ്ങളെ കാത്തുസൂക്ഷിക്കാൻ പ്രവിശ്യാ വിഭജനം അനിവാര്യമായിത്തീർന്നു. ഭരണപരമായ മികവിനും സാമ്പത്തിക അച്ചടക്കത്തിനുമായി അദ്ദേഹം സാമ്രാജ്യത്തെ ശാസ്ത്രീയമായി വിവിധ പ്രവിശ്യകളായി വിഭജിക്കുകയും അവിടങ്ങളിൽ ധർമ്മനിഷ്ഠയുള്ള ഗവർണർമാരെ നിയോഗിക്കുകയും ചെയ്തു.
ഡോ. മുഫ്തി ഇമ്രാനുൽ ഹഖ് കല്യാണവി ഈ ആസൂത്രണമികവിനെ ഇപ്രകാരം വർണ്ണിക്കുന്നു: ഭരണസൗകര്യത്തിന്റെയും സാമ്പത്തിക സുതാര്യതയുടെയും അടിസ്ഥാനത്തിൽ ഉമർ (റ) വിഭജിച്ച പ്രവിശ്യകൾ ഇവയായിരുന്നു:
പ്രവിശ്യകളുടെ രൂപീകരണം: അഹ്‌വാസ്, ബഹ്‌റൈൻ എന്നിവയെ ഓരോ പ്രവിശ്യകളാക്കി മാറ്റി. സജിസ്താൻ, മക്രാൻ, കിർമാൻ എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ച് മറ്റൊരു പ്രത്യേക പ്രവിശ്യ രൂപീകരിച്ചു. ത്വബരിസ്താൻ ഒരു സ്വതന്ത്ര പ്രവിശ്യയായി പ്രഖ്യാപിച്ചു.
പേർഷ്യൻ വിഭജനം: വിശാലമായ പേർഷ്യൻ ഭൂപ്രദേശത്തെ മൂന്ന് ഭരണപ്രദേശങ്ങളായി അദ്ദേഹം വിഭജിച്ചു.
ഇറാഖിന്റെ വിഭജനം: ഇറാഖിനെ രണ്ട് പ്രധാന ഭാഗങ്ങളായി തിരിച്ചു; അതിൽ ഒന്നിന്റെ ആസ്ഥാനം കൂഫയും രണ്ടാമത്തേതിന്റേത് ബസ്വറയുമായിരുന്നു.
സിറിയൻ മേഖല: സിറിയയെയും രണ്ടായി വിഭജിച്ചു. ഇതിൽ ഒന്നിന്റെ കേന്ദ്രം ഹിംസും മറ്റൊന്നിന്റേത് ദമാസ്കസുമായിരുന്നു.
ഫലസ്തീൻ: ഇതിനെ ഒരൊറ്റ സ്വതന്ത്ര പ്രവിശ്യയായി അദ്ദേഹം അടയാളപ്പെടുത്തി.
ആഫ്രിക്കൻ തീരങ്ങൾ: ഈജിപ്തിന്റെ ഉപരി-താഴ്ന്ന മേഖലകളും പടിഞ്ഞാറൻ ലിബിയൻ മരുഭൂമിയും ചേർത്തുകൊണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തെ മൂന്ന് ഭരണഭാഗങ്ങളായി വിഭജിച്ചു. (കിതാബുൽ കഫാല വൻ നഫഖാത്ത്, പേജ് നമ്പർ: 136)
ഫലസ്തീൻ: ചരിത്രപരമായ സവിശേഷത:
ഫലസ്തീൻ പ്രവിശ്യയുടെ ഭരണപരമായ സൂക്ഷ്മതയെക്കുറിച്ച് ചരിത്രകാരനായ ഇബ്നു ഖൽദൂൻ ഇപ്രകാരം നിരീക്ഷിക്കുന്നു: “ബൈത്തുൽ മുഖദ്ദസ് വിജയത്തിന് പിന്നാലെ ഫലസ്തീന്റെ ഭരണചക്രം രണ്ടായി തിരിക്കപ്പെട്ടു. ഒരു ഭാഗത്തിന്റെ ചുമതല അൽഖമ ബിൻ ഹക്കിമിന് നൽകുകയും ‘റംല’ ആസ്ഥാനമായി പ്രവർത്തിക്കാൻ അദ്ദേഹം നിയോഗിക്കപ്പെടുകയും ചെയ്തു. രണ്ടാമത്തെ ഭാഗത്തിന്റെ നായകത്വം അൽഖമ ബിൻ മുഹ്‌രിസിനായിരുന്നു; അദ്ദേഹം ചരിത്രപ്രസിദ്ധമായ ‘ബൈത്തുൽ മുഖദ്ദസ്’ കേന്ദ്രമാക്കി നീതിനിർവ്വഹണം നടത്തി” ( താരിഖ് ഇബ്നു ഖൽദൂൻ, പേജ് നമ്പർ: 273, വാല്യം ഒന്ന്)
“എങ്കിലും, ലഭ്യമായ ഈ രണ്ട് ചരിത്രരേഖകൾക്കിടയിൽ ഒരു കാര്യത്തിൽ മാത്രം ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്; ഫലസ്തീനെ ഒരൊറ്റ പ്രവിശ്യയായിട്ടാണോ അതോ രണ്ട് ഭാഗങ്ങളായി വിഭജിച്ചാണോ നിശ്ചയിച്ചത് എന്നതാണത്. എങ്കിലും, നമ്മുടെ പ്രധാന ലക്ഷ്യം ഭരണപരമായ വികേന്ദ്രീകരണത്തെ കുറിച്ചുള്ള പഠനമാണ്. ആ വസ്തുതയാകട്ടെ, ഈ രണ്ട് ചരിത്രരേഖകളിലും ഒരുപോലെ വ്യക്തവുമാണ്.” വിഖ്യാത ചരിത്രകാരനായ ഇബ്നു ഖൽദൂൻ ആ ഭരണതന്ത്രജ്ഞതയെ ഇപ്രകാരം അടയാളപ്പെടുത്തുന്നു: “സാമ്രാജ്യത്തിന്റെ സുഗമമായ പ്രയാണത്തിനായി ഉമറുൽ ഫാറൂഖ് (റ) തന്റെ അധീനതയിലുള്ള ഭൂപ്രദേശങ്ങളെ കൃത്യമായ അതിർവരമ്പുകളോടെ പ്രവിശ്യകളായി വിഭജിച്ചു. ഇസ്‌ലാമിക ചരിത്രത്തിൽ കാലഘട്ടത്തിന്റെ സ്പന്ദനമറിഞ്ഞ് ശാസ്ത്രീയമായ ഭരണവിഭജനം നടത്തിയ ആദ്യത്തെ ഭരണാധികാരി അദ്ദേഹമാണ്. മക്ക, മദീന, ശാം, ജസീറ, ബസ്വറ, കൂഫ, മിസ്‌ർ, ഫലസ്തീൻ എന്നിങ്ങനെ എട്ട് പ്രവിശ്യകളായി അദ്ദേഹം ലോകത്തെ ക്രമീകരിച്ചു. സമാധാന ഉടമ്പടിക്ക് ശേഷം ഫലസ്തീന്റെ ഭരണം അദ്ദേഹം രണ്ട് ഭാഗങ്ങളായി വിഭജിച്ച് കൂടുതൽ കരുത്തുറ്റതാക്കി.” (ആധാരം: താരിഖ് ഇബ്നു ഖൽദൂൻ, വാല്യം 1, പേജ്: 308)
ലണ്ടനിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ പ്രമുഖ പണ്ഡിതൻ ഡോ. അല്ലാമാ ഖാലിദ് മഹ്‌മൂദ് തന്റെ ‘ഖുലഫാഉർ റാശിദീൻ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കുറിക്കുന്നു: “ഖലീഫ ഉമർ ഫാറൂഖ് (റ) വിശാലമായ സാമ്രാജ്യത്തെ വിവിധ പ്രവിശ്യകളായി വിഭജിച്ചു. ഓരോ പ്രവിശ്യയിലും ഭരണപരമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കായി പ്രത്യേക കാര്യാലയങ്ങൾ അദ്ദേഹം സ്ഥാപിച്ചു. ഇതിനുപുറമെ, വാർത്താവിനിമയം സുഗമമാക്കുന്നതിനായി ഒരു തപാൽ വകുപ്പിനും അദ്ദേഹം രൂപം നൽകി.” (ആധാരം: ഖുലഫാഉർ റാശിദീൻ, വാല്യം 2, പേജ്: 242)
പ്രവിശ്യാ ഭരണകൂടം: അധികാര വിതരണവും വികേന്ദ്രീകരണവും:
ഓരോ പ്രവിശ്യയുടെയും ഭരണം സുഗമമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഖലീഫ ഉമർ (റ) പ്രധാനപ്പെട്ട ആറ് ഉന്നത ഉദ്യോഗസ്ഥരെ നിശ്ചയിച്ചിരുന്നു. ഒരു ആധുനിക ഭരണകൂടത്തിന്റെ ശൈലിയിൽ ഓരോ വകുപ്പിനും കൃത്യമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹം നൽകി:
1: വാലി (ഗവർണർ): പ്രവിശ്യയുടെ പരമാധികാരിയായ ഭരണാധികാരി. 2: കാത്തിബ്: ഗവർണറുടെ ചീഫ് സെക്രട്ടറി). 3: കാത്തിബ് അദ്-ദീവാൻ: സൈനിക കാര്യാലയത്തിന്റെ മേധാവി. 4: സാഹിബുൽ ഖറാജ് : റവന്യൂ വകുപ്പിന്റെയോ ലാൻഡ് ബോർഡിന്റെയോ തലവൻ. 5: സാഹിബുൽ അഹ്ദാസ് : ക്രമസമാധാന ചുമതലയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ. 6:സാഹിബു ബൈത്തിൽ മാൽ: ഖജനാവിന്റെയും സാമ്പത്തിക കാര്യങ്ങളുടെയും മേധാവി. 7: ഖാളി: നീതിന്യായ നിർവ്വഹണത്തിന്റെ തലവൻ. ഇദ്ദേഹത്തെ (ചീഫ് ജസ്റ്റിസ്) എന്നും വിശേഷിപ്പിച്ചിരുന്നു. (ആധാരം: താരിഖ് ഇബ്നു ഖൽദൂൻ, വാല്യം 1, പേജ്: 308)
പാതകളും പാലങ്ങളും: ഒരു നഗരാസൂത്രണ വിപ്ലവം:
ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയിൽ ഗതാഗത സൗകര്യങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നു. നഗരങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളും പ്രധാന പാതകളും പാലങ്ങളും മികച്ച രീതിയിൽ നിർമ്മിക്കുക എന്നത് വികസനത്തിന്റെ മുൻഗണനയായി ഖലീഫ ഉമർ (റ) കണ്ടു. ഈ രംഗത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ആധുനിക എഞ്ചിനീയറിംഗിനെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.
പ്രശസ്ത ചരിത്രകാരനായ ഇബ്നു ജരീർ അത്വബ്‌രി രേഖപ്പെടുത്തുന്നു: കൂഫ നഗരത്തിന്റെ നിർമ്മാണ വേളയിൽ, ഖലീഫയുടെ കൃത്യമായ നിർദ്ദേശങ്ങൾ സഅദ് ബിൻ അബീ വഖാസ് (റ) അബുൽ ഹയ്യാജിനെ അറിയിച്ചു. ഖലീഫയുടെ നഗരാസൂത്രണ നിയമങ്ങൾ ഇപ്രകാരമായിരുന്നു:
പ്രധാന വീഥികൾ: പ്രധാന ഹൈവേകൾക്ക് 40 മുഴം വീതി(80അടി)ഉണ്ടായിരിക്കണം. ഉപപാതകൾ: രണ്ടാം നിരയിലുള്ള റോഡുകൾക്ക് 30 മുഴം വീതി ഉറപ്പാക്കണം. ഇടവഴികൾ: ഏറ്റവും ചെറിയ ഇടവഴികൾക്കും പോലും കുറഞ്ഞത് 21അടി വീതി ഉണ്ടായിരിക്കണം. (റഫറൻസ്: താരിഖ് ത്വബ്‌രി, വാല്യം മൂന്ന്, പേജ്: 50)
കാലാതീതമായ ദീർഘവീക്ഷണം:വികസനത്തിന്റെ പ്രധാന വീഥികൾ
ആധുനിക ഗതാഗത സംവിധാനങ്ങളോ യന്ത്രവാഹനങ്ങളോ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആ നൂറ്റാണ്ടിൽ, വരാനിരിക്കുന്ന കാലത്തെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഖലീഫ ഉമറി (റ) ന്റെ പരിഷ്കാരങ്ങൾ അത്ഭുതകരമാണ്. രാജവീഥികൾക്ക് അദ്ദേഹം നിശ്ചയിച്ച കൃത്യമായ അളവുകളും വീതിയും പ്രായോഗിക ബുദ്ധിയുടെയും ഭരണനൈപുണ്യത്തിന്റെയും ഉദാത്ത മാതൃകയാണ്.
പാതകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിൽ അദ്ദേഹം പുലർത്തിയ കണിശതയെക്കുറിച്ച് ഷാ മുഈനുദ്ദീൻ നദ്‌വി ഇപ്രകാരം നിരീക്ഷിക്കുന്നു: ”വിജയിക്കപ്പെട്ട പ്രദേശങ്ങളിലെ ജനതയുമായി ഉണ്ടാക്കിയിരുന്ന സമാധാന ഉടമ്പടികളിൽ പോലും രാഷ്ട്രത്തിന്റെ ഭൗതിക വികസനത്തിന് അദ്ദേഹം വലിയ മുൻഗണന നൽകിയിരുന്നു. സമാധാന ഉടമ്പടിയുടെ ഭാഗമായി പൊതുവഴികളും പാലങ്ങളും നിർമ്മിച്ചു നൽകുക എന്നത് ഒരു പ്രധാന കരാറായി അദ്ദേഹം വ്യവസ്ഥ ചെയ്തു. പ്രമുഖ ചരിത്രകാരനായ ത്വബ്‌രി ഹിജ്റ 16-ാം വർഷത്തിലെ ഒരു വിഖ്യാതമായ ഉടമ്പടിയെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു:
“ആ നാട്ടിലെ കർഷകർ പൊതുപാതകളും പാലങ്ങളും നിർമ്മിക്കാൻ ബാധ്യസ്ഥരാണ്. മാത്രമല്ല, ജനങ്ങളുടെ വാണിജ്യ ആവശ്യങ്ങൾക്കായി സുരക്ഷിതമായ ചന്തകൾ ഒരുക്കണമെന്നും ഖലീഫ നിഷ്‌കർഷിച്ചിരുന്നു.” (ആധാരം: താരീഖെ ഇസ്‌ലാം – ഷാ മുഈനുദ്ദീൻ നദ്‌വി, വാല്യം 1, പേജ്: 186)
പ്രശസ്ത പണ്ഡിതൻ അല്ലാമാ ജലാലുദ്ദീൻ സുയൂത്വി ഖലീഫ ഉമറി (റ) ന്റെ ഭരണകാലത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു: “പാലങ്ങളുടെ നിർമ്മാണം, കനാൽ ശുചീകരണം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് പ്രത്യേക വിഹിതം അദ്ദേഹം അനുവദിച്ചിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഭരണകൂടം നേരിട്ട് പണം ചെലവഴിച്ചിരുന്നു എന്നതിന് ഇത് വലിയ തെളിവാണ്” (റഫറൻസ്: ഹുസ്നുൽ മുഹാദറ, വാല്യം 1, പേജ്: 63)
ജലപാതകളിലെ വികസനം: വ്യാപാരത്തിന്റെ പുതിയ ചക്രവാളങ്ങൾ :
ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഉമർ (റ) അതീവ താല്പര്യം കാണിച്ചു. ചരിത്രകാരനായ ഇബ്നു ജരീർ ത്വബ്‌രി രേഖപ്പെടുത്തുന്നു:“ അംറ് ബിൻ ആസ് (റ), സമുദ്രയാന പാതകളിൽ പാലങ്ങൾ നിർമ്മിക്കുന്നതിനായി ഖലീഫ ഉമർ (റ) വിനോട് ഔദ്യോഗികമായി അനുവാദം തേടുകയും അദ്ദേഹം അത് നൽകുകയും ചെയ്തു. (റഫറൻസ്: താരിഖ് ത്വബ്‌രി, വാല്യം 3, പേജ്: 28)
ചുരുക്കത്തിൽ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ക്ഷേമൈശ്വര്യങ്ങൾക്കും സാമ്പത്തിക അഭിവൃദ്ധിക്കും ജലപാതകളിലൂടെയുള്ള സുഗമമായ ഗതാഗതം അത്യന്താപേക്ഷിതമാണെന്ന് ഖലീഫ ഉമർ (റ) തിരിച്ചറിഞ്ഞു. ചരക്കുനീക്കം എളുപ്പമാക്കുന്നതിനും ദൂരപരിധി കുറച്ചുകൊണ്ട് വ്യാപാര ബന്ധങ്ങൾ ദൃഢമാക്കുന്നതിനും ജലാശയങ്ങൾക്ക് കുറുകെ പാലങ്ങൾ നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
കാർഷിക വിപ്ലവവും കനാലുകളുടെ നിർമ്മാണവും:
സാമ്പത്തിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഓരോ പൗരനും മാന്യമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനും ഖലീഫ ഉമർ (റ) വലിയ പ്രാധാന്യം നൽകി. ഒരു ക്ഷേമരാഷ്ട്രത്തിന്റെ നട്ടെല്ല് കൃഷിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിനായി തരിശുഭൂമികളെ ഫലഭൂയിഷ്ഠമാക്കാനും കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാനുമായി അദ്ദേഹം വിപുലമായ ഒരു കനാൽ ശൃംഖല തന്നെ രൂപപ്പെടുത്തി.
ഈ പരിഷ്കാരത്തിന് പിന്നിലെ ദീർഘവീക്ഷണം ഇപ്രകാരമായിരുന്നു: എല്ലാവരും ഉദ്യോഗസ്ഥരോ കലാകാരന്മാരോ ആകണമെന്നില്ല. എല്ലാ പൗരന്മാരെയും സർക്കാർ ഖജനാവിൽ നിന്നുള്ള വേതനത്തിലൂടെ മാത്രം സംരക്ഷിക്കുക എന്നത് പ്രായോഗികവുമല്ല. അതുകൊണ്ടുതന്നെ, ജനങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും അന്തസ്സോടെ ജീവിക്കാനും കൃഷിയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി
ജലസേചന വിപ്ലവം: മണലാരണ്യത്തിലെ നീർച്ചാലുകൾ:
പ്രജകളുടെ ദാഹമകറ്റുന്നതിനും കൃഷിഭൂമികളെ സജീവമാക്കുന്നതിനുമായി ഖലീഫ ഉമർ (റ) നടപ്പിലാക്കിയ ജലസേചന പദ്ധതികൾ ഭരണതന്ത്രജ്ഞതയുടെ വിസ്മയങ്ങളാണ്. പ്രകൃതിദത്തമായ തടസ്സങ്ങളെ ദീർഘവീക്ഷണത്തോടെ അതിജീവിച്ച് അദ്ദേഹം നിർമ്മിച്ച പ്രധാന കനാലുകൾ ചരിത്രത്തിൽ ഇപ്രകാരം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു:
1: നഹർ അബൂ മൂസ (റ) : ബസ്വറയിലെ ജനങ്ങൾ അനുഭവിച്ചിരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അറുതി വരുത്താനാണ് ഈ കനാൽ വിഭാവനം ചെയ്തത്. ദാഹജലത്തിനായി ആറ് മൈലുകളോളം ചുട്ടുപൊള്ളുന്ന മണലിലൂടെ സഞ്ചരിക്കേണ്ടിയിരുന്ന ബസ്വറാനിവാസികൾക്കായി, ടൈഗ്രീസ് (ദജ്‌ല) നദിയിൽ നിന്ന് ഒൻപത് മൈൽ നീളമുള്ള ഒരു കനാൽ വെട്ടി മുറിച്ചു കൊണ്ടുവരാൻ അബൂ മൂസൽ അശ്അരി (റ) വിനോട് ഖലീഫ കൽപ്പിച്ചു. ഈ പദ്ധതിയോടെ ബസ്വറയിലെ ഓരോ ഭവനങ്ങളിലും ജലം സമൃദ്ധമായി ഒഴുകിയെത്തി. (അൽ ഫാറൂഖ്, അല്ലാമാ ശിബ്ലി നുഅ്മാനി, പേജ്: 214)
2. നഹർ മഅ്ഖൽ : ടൈഗ്രീസ് നദിയിൽ നിന്ന് തന്നെ നീർച്ചാലുകൾ കീറി നിർമ്മിച്ച മറ്റൊരു പ്രധാന കനാലാണിത്. പ്രമുഖ സ്വഹാബി മഅ്ഖൽ ബിൻ യസാർ (റ) വിന്റെ നേതൃത്വത്തിൽ നിർമ്മിച്ചതിനാൽ ഈ കനാൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ ചരിത്രത്തിൽ ഇടംപിടിച്ചു.
3. നഹർ സഅദ് : പ്രശസ്ത സേനാനായകൻ സഅദ് ബിൻ അബീ വഖാസ് (റ) വിന്റെ മേൽനോട്ടത്തിലാണ് ഈ കനാൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ മലനിരകൾ തീർത്ത വൻമതിലുകൾ ആ ഘട്ടത്തിൽ ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് വലിയ വെല്ലുവിളിയായി ഉയർന്നു.
4. നഹർ അമീറുൽ മുഅ്മിനീൻ : ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയതും തന്ത്രപ്രധാനവുമായ ജലപാതയാണിത്. ഹിജ്റ 18-ൽ അറേബ്യയിൽ കടുത്ത ദാരിദ്ര്യവും ക്ഷാമവും പിടിമുറുക്കിയപ്പോൾ, ഈജിപ്തിൽ നിന്ന് ധാന്യങ്ങൾ എത്തിക്കാൻ ഖലീഫ തീരുമാനിച്ചു. കരമാർഗ്ഗമുള്ള ദുർഘടയാത്ര കാലതാമസമെടുക്കുമെന്ന് തിരിച്ചറിഞ്ഞ ഉമർ (റ), നൈൽ നദിയെ ചെങ്കടലുമായി (ബഹ്‌റുൽ ഖുൽസും) ബന്ധിപ്പിക്കുന്ന 69 മൈൽ (മറ്റൊരു റിപ്പോർട്ടിൽ 99 മൈൽ) നീളമുള്ള ഒരു കൂറ്റൻ കനാൽ നിർമ്മിച്ചു. ഇതോടെ ഈജിപ്തിൽ നിന്നുള്ള കപ്പലുകൾക്ക് നേരിട്ട് മദീനയുടെ തീരങ്ങളിലേക്ക് ജീവൻരക്ഷാ ധാന്യങ്ങളുമായി എത്താൻ സാധിച്ചു. (താരിഖ്-ഇ-ഇസ്‌ലാം, ശാ മുഈനുദ്ദീൻ നദ്‌വി, വാല്യം 1, പേജ്: 186)
തരിശുഭൂമികളിലെ ഹരിതവിപ്ലവം : മണ്ണറിഞ്ഞ മഹാഭരണാധികാരി
സാമ്രാജ്യത്തിന്റെ വിസ്തൃതിയല്ല, മറിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് പ്രജകളുടെ ഐശ്വര്യമെന്ന് ഖലീഫ ഉമർ (റ) തിരിച്ചറിഞ്ഞു. ജലസേചന പദ്ധതികൾക്കൊപ്പം അദ്ദേഹം നടപ്പിലാക്കിയ വിപ്ലവകരമായ ഭൂനയങ്ങൾ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറയെ വജ്രസമാനമാക്കി. തരിശുഭൂമികളെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ വിളംബരത്തെക്കുറിച്ച് അല്ലാമാ ശിബ്ലി നുഅ്മാനി ഇപ്രകാരം കുറിക്കുന്നു: “ഭരണസീമയ്ക്കുള്ളിലെ തരിശുഭൂമികൾ ആർക്കാണോ ഹരിതാഭമാക്കാൻ കഴിയുന്നത്, ആ മണ്ണ് അവർക്ക് സ്വന്തം എന്നതായിരുന്നു ഖലീഫയുടെ പ്രഖ്യാപനം. എന്നാൽ ഈ ഔദാര്യത്തിനൊപ്പം കർക്കശമായൊരു വ്യവസ്ഥയും അദ്ദേഹം ചേർത്തു; കൃഷിക്കായി ഭൂമി ഏറ്റെടുക്കുന്നവർ മൂന്ന് വർഷത്തിനകം അത് ഫലസമൃദ്ധമാക്കിയിരിക്കണം. മൂന്ന് ശരത്കാലങ്ങൾ പിന്നിട്ടിട്ടും മണ്ണ് തരിശായി തന്നെ തുടരുന്നുവെങ്കിൽ ആ ഭൂമി തിരിച്ചുപിടിക്കുന്നതാണ്” (അൽ ഫാറൂഖ്, പേജ്: 198)
ഈ വിപ്ലവകരമായ ഉടമസ്ഥാവകാശം ജനങ്ങളിൽ വലിയ ആവേശമുണ്ടാക്കി. യുദ്ധഭീതിയിൽ പലായനം ചെയ്തവർക്ക് തിരിച്ചുവരാനും തങ്ങളുടെ പൂർവ്വികരുടെ കൃഷിയിടങ്ങൾ വീണ്ടെടുക്കാനുമുള്ള അവസരം അദ്ദേഹം ഒരുക്കി. വൈകാതെ മണലാരണ്യത്തിലെ തരിശുനിലങ്ങൾ ഹരിതസമൃദ്ധിയിലേക്ക് വഴിമാറുകയും കർഷകരിൽ ആത്മവിശ്വാസം നിറയുകയും ചെയ്തു.
സാമൂഹിക നീതിയും ഭൂനികുതി പരിഷ്കാരങ്ങളും :
ഭരണകൂടത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുമ്പോൾ തന്നെ പ്രജകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഖലീഫ ഉമർ (റ) അതീവ ജാഗ്രത പുലർത്തിയിരുന്നു. കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ അമുസ്‌ലിം പ്രജകളുടെ കൃഷിഭൂമി അവർക്ക് തന്നെ തിരിച്ചുനൽകിക്കൊണ്ട്, അവരെ ആ മണ്ണിൽ സമാധാനത്തോടെ ജീവിക്കാൻ അദ്ദേഹം അനുവദിച്ചു. കർഷകരുമായി ചർച്ച ചെയ്ത് അവരുടെ കൂടി താൽപ്പര്യങ്ങൾ പരിഗണിച്ചാണ് ഭൂനികുതി നിയമങ്ങൾ അദ്ദേഹം ആവിഷ്കരിച്ചത്. നിലവിലുണ്ടായിരുന്ന പല നല്ല ഭരണരീതികളും മാറ്റം വരുത്താതെ അദ്ദേഹം തുടർന്നുപോന്നു.
അമുസ്‌ലിം പ്രജകളുടെ കടമകളെയും അവർക്ക് നൽകിയ പരിഗണനകളെയും കുറിച്ച് ചരിത്രകാരനായ ഇബ്നു ജരീർ അത്വബ്‌രി ഇപ്രകാരം രേഖപ്പെടുത്തുന്നു: “പാതകൾ, പാലങ്ങൾ, ചന്തകൾ, കൃഷിയിടങ്ങൾ എന്നിവയുടെ സംരക്ഷണം കർഷകരുടെ ഉത്തരവാദിത്തമായിരുന്നു. മുസ്ലിംകൾക്ക് ആവശ്യമായ വഴികാട്ടികളായി പ്രവർത്തിക്കുന്നതിനോടൊപ്പം, തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് വിനയപൂർവ്വം അവർ ജിസ്‌യ (സംരക്ഷണ നികുതി) അടയ്ക്കുകയും വേണം. സമൂഹത്തിലെ പ്രമാണിമാർക്കും ഇതേ നിയമം ബാധകമായിരുന്നു; അവർ നികുതി ഒടുക്കുന്നതിനൊപ്പം രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ബാധ്യസ്ഥരായിരുന്നു.” (താരിഖ് അത്വബ്‌രി, വാല്യം 3, പേജ്: 43)
സാമ്പത്തിക അച്ചടക്കവും നികുതി പരിഷ്കാരങ്ങളും:
ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത അതിന്റെ നികുതി വ്യവസ്ഥയിലെ സുതാര്യതയെയും കർഷകരുടെ ക്ഷേമത്തെയും ആശ്രയിച്ചിരിക്കുന്നു. ജിസ്‌യ ഉൾപ്പെടെയുള്ള നികുതികൾ പിരിക്കുന്നതിൽ കൃത്യമായ തത്ത്വങ്ങൾ ഖലീഫ നടപ്പിലാക്കി. കർഷകരുടെ ക്ഷേമത്തിനായി ഭരണകൂടം അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ, പ്രജകൾ തങ്ങളുടെ കടമകൾ സന്തോഷത്തോടെ പൂർത്തിയാക്കുന്നു എന്നതായിരുന്നു ഉമറി (റ) ന്റെ ദർശനം.
നികുതി പിരിവിലെ സൂക്ഷ്മത:
റവന്യൂ പിരിവിൽ ഖലീഫ പുലർത്തിയിരുന്ന അതീവ ജാഗ്രതയെക്കുറിച്ച് ശാ മുഈനുദ്ദീൻ നദ്‌വി ഇപ്രകാരം നിരീക്ഷിക്കുന്നു:“ നികുതിയായി ലഭിക്കുന്ന ധനം മദീനയിൽ എത്തുമ്പോൾ, അത് പിരിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അതിക്രമമോ അനീതിയോ നടന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ഖലീഫ വിശ്വസ്തരായ വ്യക്തികളുടെ സാക്ഷ്യം തേടുമായിരുന്നു. ഈ കരുണാർദ്രമായ സമീപനവും സൂക്ഷ്മതയും കാരണം ഇറാഖിലെ നികുതി വരുമാനത്തിൽ അത്ഭുതകരമായ വർദ്ധനവുണ്ടായി. എട്ടു കോടിയിൽ നിന്ന് അത് പത്തു കോടി ഇരുപതിനായിരം ദിർഹമായി ഉയർന്നു.” (ആധാരം: താരിഖുൽ ഇസ്‌ലാം, വാല്യം 1, പേജ്: 177)
ഉശൂർ: ആധുനിക നികുതി വ്യവസ്ഥയുടെ അടിത്തറ:
ഇസ്‌ലാമിക രാഷ്ട്രത്തിൽ വിദേശ വ്യാപാര നികുതി അഥവാ കസ്റ്റംസ് ഡ്യൂട്ടിക്ക് തുടക്കം കുറിച്ചത് ഖലീഫ ഉമർ (റ) ആയിരുന്നു. ഇതിനുമുമ്പ് ഇത്തരമൊരു നികുതി സമ്പ്രദായം മുസ്‌ലിംകൾക്കിടയിൽ നിലവിലുണ്ടായിരുന്നില്ല. ചരിത്രകാരനായ ഇബ്നു ഖൽദൂൻ രേഖപ്പെടുത്തുന്നത് പോലെ, ഭരണകൂടത്തിന് ലഭിച്ച തികച്ചും പുതുമയുള്ള ഒരു വരുമാന സ്രോതസ്സായിരുന്നു ഇത്.
ഈ പരിഷ്കാരത്തിന്റെ പശ്ചാത്തലം ഇപ്രകാരമാണ്: മുസ്‌ലിം വ്യാപാരികൾ അയൽരാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുകയും അവിടങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തപ്പോൾ, ആ രാജ്യങ്ങളിലെ നിയമമനുസരിച്ച് വ്യാപാര വസ്തുക്കൾക്ക് പത്ത് ശതമാനം നികുതി ഈടാക്കുന്നതായി ഖലീഫയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിന് പ്രതികരമായി, ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് വരുന്ന വിദേശ വ്യാപാരികളിൽ നിന്നും സമാനമായ നികുതി ഈടാക്കാൻ അദ്ദേഹം ഉത്തരവിട്ടു.
നികുതി നിരക്കുകൾ: ഈ സംവിധാനം വിപുലീകരിച്ചുകൊണ്ട് ഖലീഫ ഉമർ (റ) താഴെ പറയുന്ന രീതിയിൽ നികുതി നിരക്കുകൾ നിശ്ചയിച്ചു: യുദ്ധത്തിലേർപ്പെട്ട വിദേശ രാജ്യങ്ങളിലെ വ്യാപാരികൾ (ഹർബികൾ): 10 ശതമാനം, അമുസ്‌ലിം പ്രജകൾ (ദിമ്മികൾ): 5 ശതമാനം, മുസ്‌ലിം വ്യാപാരികൾ: 2.5 ശതമാനം നിശ്ചയിച്ചു .
മാനവികമായ നിയമങ്ങൾ:
നികുതി പിരിവിൽ പോലും ഉമർ (റ) പുലർത്തിയ നീതിയും സ്വകാര്യതയോടുള്ള ബഹുമാനവും ശ്രദ്ധേയമാണ്: 200 ദിർഹത്തിൽ താഴെ മൂല്യമുള്ള ചരക്കുകളെ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. വ്യാപാര ആവശ്യത്തിനുള്ള വസ്തുക്കൾക്കും പരസ്യമായി വിൽക്കുന്ന സാധനങ്ങൾക്കും മാത്രമേ നികുതി ഏർപ്പെടുത്തിയിരുന്നുള്ളൂ. നികുതിയുടെ പേരിൽ ഒരാളുടെയും വ്യക്തിപരമായ സാധനസാമഗ്രികൾ പരിശോധിക്കാനോ അവരെ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചു. (താരിഖ് ഇബ്നു ഖൽദൂൻ, വാല്യം 1, പേജ്: 312)
ബൈത്തുൽ മാൽ: ഒരു ക്ഷേമരാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ:
ഒരു രാഷ്ട്രത്തിന്റെ വിഭവങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെടുന്നതിലും അത് അർഹരായവരിലേക്ക് സുതാര്യമായി എത്തിച്ചേരുന്നതിലുമാണ് ആ ഭരണകൂടത്തിന്റെ വിജയം കുടികൊള്ളുന്നത്. ശക്തമായ ഒരു ഖജനാവിന്റെയും സൂക്ഷ്മമായ കണക്കുപുസ്തകങ്ങളുടെയും അഭാവത്തിൽ പൊതുമുതൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന തിരിച്ചറിവാണ് ‘ബൈത്തുൽ മാൽ’ എന്ന വിപ്ലവകരമായ സംവിധാനത്തിന് രൂപം നൽകാൻ ഖലീഫ ഉമറി (റ) നെ പ്രേരിപ്പിച്ചത്.
ചരിത്രകാരനായ ഹാഫിസ് മുജീബുള്ള നദ്‌വി ഈ ഭരണപരിഷ്കാരത്തെ ഇപ്രകാരം അടയാളപ്പെടുത്തുന്നു:“ ഫാറൂഖി ഭരണത്തിന് മുൻപുള്ള കാലഘട്ടത്തിൽ ഇസ്‌ലാമിക രാഷ്ട്രത്തിൽ സ്ഥിരമായ ഒരു ഖജനാവ് നിലവിലുണ്ടായിരുന്നില്ല; ലഭിക്കുന്ന വിഭവങ്ങൾ അപ്പപ്പോൾ തന്നെ വിതരണം ചെയ്യുന്നതായിരുന്നു അന്നത്തെ രീതി. എന്നാൽ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിരുകൾ വികസിച്ചതോടെ, ഹിജ്റ 15-ാം വർഷത്തിൽ സുശക്തമായ ഒരു ഖജനാവിന്റെ ആവശ്യകത ഖലീഫയ്ക്ക് ബോധ്യപ്പെട്ടു. തുടർന്ന് മജ്‌ലിസുശ്ശൂറയുടെ (ഉപദേശക സമിതി) പൂർണ്ണമായ അംഗീകാരത്തോടെ മദീനയിൽ അദ്ദേഹം ഒരു ബൃഹത്തായ പൊതുഖജനാവ് അഥവാ ‘ബൈത്തുൽ മാൽ’ സ്ഥാപിച്ചു.
ഭരണകൂടത്തിന്റെ സേവനങ്ങളും നിയന്ത്രണങ്ങളും കേവലം തലസ്ഥാന നഗരിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ, രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാൻ ഖലീഫ ഉമർ (റ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനെക്കുറിച്ച് ‘സീയറുസ്സ്വഹാബ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഭരണസിരാകേന്ദ്രമായ മദീനയിൽ മാത്രമല്ല, സാമ്രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ജില്ലകളിലും ഭരണവകുപ്പുകളുടെ ശാഖകൾ അദ്ദേഹം സ്ഥാപിച്ചു. ഓരോ പ്രദേശത്തെയും കാര്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നതിനായി സ്വതന്ത്രരായ പ്രത്യേക ഉദ്യോഗസ്ഥരെയും അദ്ദേഹം അവിടെ നിയമിച്ചു.” (സീയറുസ്സ്വഹാബ, വാല്യം 1, പേജ്: 125)
ബൈത്തുൽ മാൽ: സുതാര്യതയുടെയും സുരക്ഷയുടെയും കേന്ദ്രം:
രാഷ്ട്രത്തിന്റെ സമ്പത്ത് അതീവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഖലീഫ ഉമർ (റ) ഗാംഭീര്യമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുകയും അവയ്ക്ക് കർശനമായ കാവൽ ഏർപ്പെടുത്തുകയും ചെയ്തു. പൊതുഖജനാവ് എപ്പോഴും ജനങ്ങൾ അധികമായി ഒത്തുകൂടുന്ന പള്ളിക്ക് സമീപം തന്നെ നിർമ്മിക്കണമെന്ന് അദ്ദേഹം പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഇത് ഭരണകൂടത്തിന്റെ സാമ്പത്തിക ഇടപാടുകൾ ജനസമക്ഷം സുതാര്യമായിരിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്.
രജിസ്റ്ററുകളുടെ ശാസ്ത്രീയക്രമീകരണം : സാമ്പത്തിക ഇടപാടുകളിൽ പൂർണ്ണമായ വ്യക്തത വരുത്താൻ വിവിധ വരുമാന സ്രോതസ്സുകളെ അദ്ദേഹം ശാസ്ത്രീയമായി വർഗ്ഗീകരിച്ചു: യുദ്ധാർജ്ജിത സ്വത്ത് (ഗനീമത്ത്), സകാത്ത്, സ്വദഖ, ഭൂനികുതി, ഉശൂർ എന്നിവയ്ക്കായി പ്രത്യേക കാര്യലയങ്ങൾ അദ്ദേഹം സ്ഥാപിച്ചു. ഓരോ വകുപ്പിനും കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രജിസ്റ്ററുകൾ തയ്യാറാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്കുള്ള പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നത്.
പ്രമുഖ പണ്ഡിതൻ അല്ലാമാ ജലാലുദ്ദീൻ സുയൂത്വി(റഹ്)യുടെ നിരീക്ഷണമനുസരിച്ച്, ഇത്തരത്തിൽ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നത് ഹിജ്റ 20-ാം വർഷം മുഹറം മാസത്തിലായിരുന്നു. (താരിഖുൽ ഖുലഫാ – സുയൂത്വി, പേജ്: 148)
പൊതുമേച്ചിൽപുറങ്ങളും ഭക്ഷ്യസംഭരണവും:
മാതൃകാപരമായ കരുതലുകൾ: ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തുന്നതിൽ കന്നുകാലിവളർത്തലിനുള്ള സുപ്രധാന പങ്കിനെ ഖലീഫ ഉമർ (റ) തിരിച്ചറിഞ്ഞു. പ്രകൃതിവിഭവങ്ങൾ പ്രജകൾക്ക് എങ്ങനെ തുല്യമായി വിതരണം ചെയ്യാം എന്നതിന് ലോകത്തിന് മാതൃകയായ ചില പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി:
1: പൊതുമേച്ചിൽപുറങ്ങൾ : അതിവിശാലമായ മേച്ചിൽപുറങ്ങൾ അദ്ദേഹം ഒരുക്കി. മദീനയിലെ ഇത്തരം പുൽമേടുകളുടെ സംരക്ഷണത്തിന് അദ്ദേഹം നേരിട്ട് നേതൃത്വം നൽകി. അവിടെ അദ്ദേഹം പുറപ്പെടുവിച്ച വിളംബരം സാമൂഹിക നീതിയുടെ വിസ്മയിപ്പിക്കുന്ന ഉദാഹരണമായിരുന്നു: “ഈ പൊതുമേച്ചിൽപുറങ്ങൾ ദരിദ്രർക്ക് മാത്രമുള്ളതാണ്. സമ്പന്നർക്ക് സ്വന്തം നിലയ്ക്ക് തീറ്റയും സ്ഥലവും കണ്ടെത്താൻ ശേഷിയുണ്ട്. അതിനാൽ, പാവപ്പെട്ടവരുടെ ഏക ഉപജീവനമാർഗ്ഗമായ ഈ മേച്ചിൽപുറങ്ങളിൽ ദരിദ്രരുടെ കന്നുകാലികൾക്ക് മാത്രമേ പ്രവേശനമുള്ളൂ.”
2. ഭക്ഷ്യസംഭരണ ശാലകൾ (അഹ്‌റ): യുദ്ധകാലത്തോ ക്ഷാമകാലത്തോ രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ‘അഹ്‌റ’ എന്ന പേരിൽ ഒരു സ്വതന്ത്ര വകുപ്പ് തന്നെ അദ്ദേഹം രൂപീകരിച്ചു. ‘ധാന്യപ്പുര’ എന്നർത്ഥമുള്ള ‘ഹരി’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഈ വിപുലമായ ഭക്ഷ്യസംഭരണ സംവിധാനത്തിന്റെ സിറിയയിലെ ചുമതലക്കാരനായി ഉമർ ബിൻ ഉഖ്‌ബ(റ)നെ അദ്ദേഹം നിയോഗിച്ചു. ഒരു നാടിന്റെ സാമ്പത്തിക ഭദ്രത നിലനിൽക്കുന്നത് അവിടുത്തെ ഭക്ഷ്യസംഭരണ ശേഷിയിലാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
“പ്രശസ്ത ചരിത്രഗ്രന്ഥമായ ‘ഫുതൂഹുൽ ബുൽദാനിൽ’ ഈ സംവിധാനത്തെക്കുറിച്ച് അതിവിപുലമായ പ്രതിപാദ്യങ്ങളുണ്ട്. എങ്കിലും, വിവരണ ദൈർഘ്യം ഭയന്ന്, ഖലീഫ ഉമർ (റ) അടിത്തറയിട്ട ഈ മഹത്തായ വകുപ്പിന്റെ ലഘുവായൊരു ആമുഖം മാത്രമേ ഇവിടെ അവതരിപ്പിക്കുന്നുള്ളൂ.”
3: സുരക്ഷാചൗക്കികളും തപാൽ സംവിധാനവും : വ്യാപാര പാതകളെ ചലനാത്മകമാക്കാൻ പാതയോരങ്ങളിൽ അദ്ദേഹം സുരക്ഷാ ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ചു. ഇത് സാധനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കുകയും യാത്രക്കാർക്ക് നിർഭയമായി സഞ്ചരിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ വാർത്താവിനിമയ രംഗത്ത് വിപ്ലവം കുറിച്ചുകൊണ്ട് അദ്ദേഹം ഒരു ‘തപാൽ വകുപ്പും’ സജ്ജമാക്കി. ആധുനിക കാലത്തെ വിവരസാങ്കേതിക വിദ്യയ്ക്ക് തുല്യമായ പ്രാധാന്യമാണ് അക്കാലത്ത് ഈ സംവിധാനത്തിനുണ്ടായിരുന്നത്.
അഴിമതിക്കെതിരെയുള്ള ഉരുക്കുമുഷ്ടി:
സുതാര്യതയുടെ ഭരണ പാഠങ്ങൾ : ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയെ കാർന്നുതിന്നുന്ന ഏറ്റവും മാരകമായ രോഗമാണ് അഴിമതിയും കൈക്കൂലിയും. ഈ വിപത്തുകളിൽ നിന്ന് തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കാൻ അതീവ ജാഗ്രതയോടെയുള്ള നടപടികളാണ് ഖലീഫ ഉമർ (റ) സ്വീകരിച്ചത്. ഭരണാധികാരി പ്രജകളുടെ സേവകനാണെന്ന ബോധ്യം ഉദ്യോഗസ്ഥരിൽ ഉറപ്പിക്കാൻ അദ്ദേഹം ചില കർശന നിയമങ്ങൾ നടപ്പിലാക്കി:
1: ഗവർണർമാരുടെ പരസ്യവിചാരണ: പ്രവിശ്യാ ഭരണാധികാരികളുടെ മേൽ ഖലീഫയ്ക്ക് കർശനമായ നിരീക്ഷണമുണ്ടായിരുന്നു. ഹജ്ജ് വേളയിൽ എല്ലാ ഗവർണർമാരും മക്കയിൽ നിർബന്ധമായും ഹാജരാകണമെന്ന് അദ്ദേഹം ഉത്തരവിട്ടു. അവിടെ വെച്ച് ജനങ്ങളുടെ സാന്നിധ്യത്തിൽ അവരുടെ ഭരണത്തെക്കുറിച്ച് പരസ്യമായ വിചാരണ നടക്കുമായിരുന്നു. ജനങ്ങളുടെ പരാതികൾക്ക് നേരിട്ട് മറുപടി നൽകാൻ ഭരണാധികാരികൾ ബാധ്യസ്ഥരായിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥൻ ജനങ്ങൾക്ക് അപ്രാപ്യനാണെന്ന് ബോധ്യപ്പെട്ടാൽ നിമിഷനേരം കൊണ്ട് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമായിരുന്നു. ഉമറി (റ) ന്റെ ഭരണത്തിൽ ‘കൈക്കൂലി’ എന്ന വാക്കിന് പോലും പ്രസക്തിയില്ലാതിരുന്നത് നീതി നടപ്പിലാക്കുന്നതിലെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കാരണമാണ്.
2: സമ്പത്തിന്റെ കണക്കെടുപ്പും തുല്യനീതിയും : ഉദ്യോഗസ്ഥർ അധികാരം ഏറ്റെടുക്കുമ്പോഴുള്ള സ്വത്തുവിവരങ്ങൾ അദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഉറപ്പാക്കാൻ ഉന്നതരായ ഉദ്യോഗസ്ഥരെ പോലും പരസ്യമായി ശിക്ഷിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല. പ്രവാചകൻ മുഹമ്മദ് നബി (സ) യിൽ നിന്ന് നേരിട്ട് ശിക്ഷണം ലഭിച്ച സ്വഹാബികളെയാണ് അദ്ദേഹം ഭരണപരമായ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുന്നത് എന്നത് ഭരണത്തിന്റെ പരിശുദ്ധി വർദ്ധിപ്പിച്ചു.
3: സുസ്ഥിരമായ സാമ്പത്തിക ദർശനം : സാമ്പത്തിക ഭദ്രതയില്ലാതെ ഒരു രാഷ്ട്രത്തിന് സുസ്ഥിരമായി നിലനിൽപ്പില്ലെന്ന് ഉമർ (റ) ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിൽ മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത പുതിയ ഭരണവകുപ്പുകൾക്ക് അദ്ദേഹം രൂപം നൽകി. പ്രവാചകൻ (സ) കാണിച്ചുതന്ന ഉദാത്തമായ ജീവിതമാതൃകയും ഖുർആനിക തത്ത്വങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഓരോ വിപ്ലവകരമായ പരിഷ്കാരത്തിന്റെയും ആധാരശില.
ഖലീഫ ഉമറി (റ) ന്റെ സാമ്പത്തിക നയങ്ങളുടെ ഖ്യാതി നൂറ്റാണ്ടുകൾക്കിപ്പുറവും ലോകത്തിന്റെ നാലുദിക്കുകളിലും അലയടിക്കുന്നു. ആധുനിക ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ അദ്ദേഹത്തിന്റെ ഭരണമാതൃകകൾ ഇന്നും മികച്ച വഴികാട്ടിയാണ്.
മൊഴിമാറ്റം : മുനീർ ഖാസിമി തളിപ്പറമ്പ്

No comments yet.