ഈ മരുന്നെന്താ ആർക്കും വേണ്ടാത്തത് ?

//ഈ മരുന്നെന്താ ആർക്കും വേണ്ടാത്തത് ?
//ഈ മരുന്നെന്താ ആർക്കും വേണ്ടാത്തത് ?
ആനുകാലികം

ഈ മരുന്നെന്താ ആർക്കും വേണ്ടാത്തത് ?

Print Now
ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും ഇപ്പോഴത്തെ ആഗ്രഹം കോവിഡിന് എത്രയും പെട്ടെന്ന് ഒരു മരുന്ന് കണ്ടെത്തുകയെന്നതാണ്. ഞാൻ വെറുതെ ആലോചിച്ചു നോക്കാറുണ്ട്, എന്തായിരിക്കും ആ മരുന്ന് കണ്ടുപിടിക്കുന്നവന്റെ അവസ്ഥയെന്ന്! ലോകത്തുള്ള സകല മനുഷ്യരും സർവ്വവും മറന്നു പ്രശംസ കൊണ്ടവനെ മൂടും; ഈ നൂറ്റാണ്ടിന്റെ തന്നെ ഹീറോയായി ഒരു നിമിഷം കൊണ്ടവൻ മാറും!

ലോകമെമ്പാടുമുള്ള ഈ ശാസ്ത്രജ്ഞന്മാർ എന്തിനാണീ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്? ഒരു സൂക്ഷ്മാണുവിനെ തുരത്താൻ… എന്നിട്ടോ, ലോകജനതയെ മരണത്തിൽ നിന്നും രക്ഷിക്കാൻ! തീർച്ചയായും ഏറെ ശ്ലാഘനീയവും ത്യാഗപൂർണ്ണവുമായ ഒരു ശ്രമം തന്നെ! എത്രയും പെട്ടെന്ന് വിജയിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്യുന്നു. അല്പം ചില ചിന്തകൾ കൂടെ ഈയൊരു അവസരത്തിൽ പങ്കുവെക്കാനാഗ്രഹിക്കുന്നു.

നിങ്ങൾ ആലോചിച്ചിട്ടുണ്ടോ, കൊറോണക്ക് വാക്സിൻ കണ്ടുപിടിച്ചാൽ തന്നെ യഥാർത്ഥത്തിൽ മരണത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ ആർക്കാണ് കഴിയുക? ശാസ്ത്രം എത്രയൊക്കെ വളർന്നാലും, എന്തൊക്കെ മരുന്ന് കണ്ടുപിടിച്ചാലും ഇവിടെ ജനിച്ചവരെല്ലാം ഒരിക്കൽ മരിക്കും; ആ മരണത്തെക്കുറിച്ചെന്താ ആർക്കും ഒരു പരിഭ്രമവുമില്ലാത്തത്?

മനുഷ്യന്റെ അന്ത്യം എപ്പോൾ വേണമെങ്കിലുമാകാം. ഏതോ നൂറ്റാണ്ടിൽ നടക്കാനിരിക്കുന്ന ഒന്നായി അതിനെ ആരും കാണേണ്ട. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോവിഡ് കാരണമുള്ള ഈ ലോക് ഡൗണും നിയന്ത്രണങ്ങളുമൊന്നും ഇല്ലാതിരുന്നെങ്കിൽ അപകടങ്ങളിലും മറ്റുമായി നമ്മിൽ പലരും ഒരുപക്ഷെ ഇപ്പോൾ തന്നെ മരണപ്പെട്ടിട്ടുണ്ടാകുമായിരുന്നു.

കേവലം ഒരു വൈറസിനെ നേരിടാൻ ഇത്രമേൽ ജാഗ്രത കാണിക്കുന്ന നാം നമ്മുടെ ജീവിതലക്ഷ്യത്തെ കുറിച്ച് തികഞ്ഞ ഉദാസീനതയല്ലേ പുലർത്താറ്? ‘കോവിഡിന് ശേഷം എന്ത്’ എന്ന് മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന നമ്മൾ മരണത്തിനു ശേഷം വല്ല സാദ്ധ്യതതകളുമുണ്ടോ എന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇനി, ശാശ്വതമായ ഒരു ജീവിതത്തെക്കുറിച്ച്‌ വല്ലവനും വന്നു പറഞ്ഞാൽ തന്നെ ‘ഞങ്ങളുടെ പൂർവികരുടെ വിശ്വാസം അങ്ങനെയല്ല’ എന്ന് പറഞ്ഞു എത്ര നിസ്സാരമായി നാമതിനെ തള്ളിക്കളയുന്നു; താൽക്കാലിക ആശ്വാസം നൽകുന്ന മരുന്നിന്റെ കാര്യത്തിൽ പോലുമില്ലാത്ത നിഷ്കർഷത!

സുഹൃത്തേ, മരണത്തിനു ശേഷമുള്ള ജീവിതമെന്നത് നാം കഷ്ടപ്പെട്ടും ഗവേഷണം നടത്തിയും ഉണ്ടാക്കിയെടുത്ത ഒരു സങ്കൽപ്പമല്ല. അത് യാഥാർഥ്യമാകാനും നമ്മുടെയാരുടെയും ഒരു പ്രയത്നവും ആവശ്യമില്ല. നമ്മെ സൃഷ്‌ടിച്ച സാക്ഷാൽ ദൈവം തമ്പുരാൻ തന്നെ അത് നമുക്ക് ഉറപ്പു നൽകിയിട്ടുണ്ട്. നിനച്ചിരിക്കാതെ, പാതി വഴിയിൽ നിലച്ചു പോകുന്ന നമ്മുടെ ജീവിതത്തിനൊരു പൂർണ്ണതയേകാനും, സത്യവും ധർമവും മൂല്യവും മുറുകെപ്പിടിക്കുന്ന ജീവിതങ്ങൾക്കെല്ലാം അർത്ഥമുണ്ടാകാനും, സകലരുടെയും കർമങ്ങൾക്ക് നീതിയുക്തമായ പ്രതിഫലം നല്കപ്പെടാനും മരണത്തിനു ശേഷമൊരു ജീവിതം കൂടിയേ തീരൂ.

ഭൗതിക ജീവിതത്തിൽ എങ്ങനെ ഒരു മിനുട്ടു കൂടി അധികം ജീവിക്കാം എന്ന് ഗവേഷണം നടത്തുന്ന സഹോദരങ്ങൾ തന്നെ, മരണാനന്തര ജീവിതത്തെ എങ്ങനെയൊക്കെ നിഷേധിക്കാമെന്ന ഗവേഷണമാണ് നടത്തുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം!

സഹോദരങ്ങളെ, ഈ ലോകത്ത്‌ എല്ലാവർക്കും എല്ലാം സാധിക്കില്ല. പലരെയും പല പരിമിതികളോടെയുമാണ് ദൈവം സൃഷ്ടിച്ചത്. എന്നാൽ മരണാനന്തര ജീവിതം അങ്ങനെയല്ല, ഏവർക്കും ഒരുപോലെ പ്രാപ്യമാണത്. ദേശമോ, ഭാഷയോ, സമ്പത്തോ, സൗന്ദര്യമോ, അധികാരങ്ങളോ ഒന്നും തന്നെ അതിന് മാനദണ്ഡങ്ങളല്ല. തനിക്ക് ജീവൻ നൽകിയ സ്രഷ്ടാവിനെ തിരിച്ചറിയുകയും അവന്റെ നിർദേശങ്ങളനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന ആർക്കും എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ് ആ ശാശ്വത ജീവിതം; എത്ര നീതിമാനാണ് നമ്മുടെ രക്ഷിതാവെന്ന് നോക്കൂ…

പല സുഹൃത്തുക്കളും പറയാറുണ്ട്, ‘എന്ത് വേണമെങ്കിലും പറഞ്ഞോ, പക്ഷെ വിശ്വാസത്തെക്കുറിച്ചു മാത്രം പറയരുത്!’ സഹോദരങ്ങളെ, ഇതിനേക്കാൾ നല്ലത് എന്തുണ്ട് നിങ്ങളുമായി പങ്കുവെക്കാൻ? തങ്ങളുടെ നാടും ജോലിയുമെല്ലാം ഉപേക്ഷിച്ച്‌ ത്യാഗം ചെയ്യാനോ, കൂടെപ്പിറപ്പുകാരെയും കുടുംബക്കാരെയുമെല്ലാം ശത്രുക്കളായി കണ്ട് സകല ബന്ധങ്ങളും വിഛേദിക്കാനോ ഈ ദർശനം ആരോടും കൽപ്പിക്കുന്നില്ല. ആകെ പറയുന്നത്, എന്നെയും നിങ്ങളെയും, ഈ ലോകത്തെ തന്നെയും സൃഷ്ടിച്ചു പരിപാലിക്കുന്ന യഥാർത്ഥ സൃഷ്ടാവിനെ കണ്ടെത്താനും അനുസരിക്കാനും മാത്രമാണ്.

ഇനി, ജീവൻ നഷ്ടപ്പെട്ടവക്ക് പിന്നീടൊരിക്കലും അത് തിരിച്ചു ലഭിക്കില്ലെന്നാണ് നിങ്ങളുടെ വാദമെങ്കിൽ, ‘കൊറോണ വൈറസ്’ ഇനിയുമേറെ നിങ്ങളെ പഠിപ്പിക്കാനുണ്ടെന്ന് ചുരുക്കം. ജീവൻ നഷ്ടപ്പെട്ട ‘വൈറസ്’ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിന് വീണ്ടും ജീവൻ വെക്കപ്പെടുന്നത് തീർച്ചയായും ചിന്തിക്കുന്നവർക്കെല്ലാം ഒരു ദൃഷ്ടാന്തമാണ്.

1 Comment

  • Very nice writeup..

    ASHIK THUKALIL SHAJAHAN 10.05.2020

Leave a comment

Your email address will not be published.