
മുഹമ്മദ് നബി(സ)യുടെ മഹത്വം ചർച്ച ചെയ്താൽ എഴുത്തിന്റെ ദൈർഘ്യം കൂടുമെന്നതിനാൽ ഇവിടെ ഈസാ നബി(അ)യുടെ പേര് പരാമർശിച്ച ഭാഗം മാത്രമാണ് ചർച്ചക്കെടുക്കുന്നത്. ഖുർആനിൽ ഈസാ നബിയുടെ പേരുള്ള 25 ആയത്തുകൾ ഇവയാണ്. 2: 87, 136, 253. 3: 45, 52, 55, 59, 84. 4: 157, 163, 171. 5: 46, 78, 110, 112, 114, 116. 6: 85. 19: 34. 33: 7. 42: 13. 43: 63. 57: 27. 61: 6, 14.
ഈസാ നബി(അ)ക്ക് പല സവിശേഷതകളുമുണ്ട്. പിതാവിന്റെ അസാന്നിധ്യത്തിലുള്ള ജനനമാണ് ഏറ്റവും പ്രധാനം. അതുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ, പ്രവാചകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ, എതിർപ്പുകൾ, വളരെ പ്രത്യേകപ്പെട്ട ലൗകിക വിരാമം, അതിനു പിറകെ അദ്ദേഹം ദൈവമാണെന്നുള്ള ആരോപണവും, അതിനോടൊത്ത് ഒരു മതത്തിന്റെ വളർച്ചയും. എന്ത് കൊണ്ടാണ് ഇത്രയും പ്രാവശ്യം ഈസാ നബി(അ)യുടെ പേര് ആവർത്തിച്ചു വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കൂടുതൽ ചിന്തിക്കേണ്ടി വരില്ല,
അത്ഭുത ജനനം പരാമർശിക്കുന്ന ഭാഗമാണ് 3: 45, ‘ … മർയമേ, തീർച്ചയായും അല്ലാഹു അവൻറെ പക്കൽ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവൻറെ പേർ മർയമിൻറെ മകൻ മസീഹ് ഈസാ എന്നാകുന്നു…’
പ്രവാചക ദൗത്യവും ഇഞ്ചീൽ എന്ന വിശുദ്ധ വേദ ഗ്രന്ഥവും പറയുന്ന ഭാഗമാണ് 43: 63 , 57: 27 , 5:46, ‘അവരെ (ആ പ്രവാചകൻമാരെ)ത്തുടർന്ന് അവരുടെ കാൽപാടുകളിലായിക്കൊണ്ട് മർയമിൻറെ മകൻ ഈസായെ തൻറെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സൻമാർഗനിർദേശവും, സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നൽകി. അതിൻറെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവർക്ക് സദുപദേശവുമത്രെ അത്.’
നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക 42: 13 ൽ കാണുന്നത്, എന്ന കല്പനയുണ്ടായിരുന്ന നൂഹ് , ഇബ്രാഹീം (അ) അവരുടെ അനുയായികൾ തുടങ്ങിയവരോടൊപ്പം ഈസാ നബി(അ)യെയും പരാമർശിക്കുന്നു.
പ്രവാചക ദൗത്യവുമായി ബന്ധപ്പെട്ട് ഈസാ നബി (അ) കാണിച്ച അത്ഭുതങ്ങൾ, 5:110, അത് കാണുമ്പോൾ പ്രത്യക്ഷമായ മാരണമെന്ന് പറഞ്ഞു പരിഹസിച്ച ഇസ്രയേലികളുടെ സ്വഭാവം കാണാം.
സ്വന്തം ദൗത്യ നിർവഹണത്തിൽ പിന്തുണ ലഭിക്കാതിരിക്കുമ്പോഴുള്ള വേവലാതിയും ഹവാരീങ്ങളുടെ പിന്തുണാ പ്രഖ്യാപനവും 3: 52 ൽ വായിക്കാം. അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നതിൽ ഹവാരീങ്ങളുടെ പാത പിൻപറ്റാൻ ഖുർആൻ പറയുന്ന ഭാഗമാണ് 61:14 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിൻറെ സഹായികളായിരിക്കുക. മർയമിന്റെ മകൻ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാർഗത്തിൽ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു….
ഈസാ എന്ന പേര് ആദ്യമായി പരാമർശിക്കുന്ന 2: 87, സത്യദൗത്യവുമായി വരുന്ന പ്രവാചകരെ തള്ളിപ്പറയുകയും കൊല്ലുകയും ചെയ്യുന്ന യഹൂദ സമൂഹത്തിന്റെ കാര്യവും സത്യത്തിനു പകരം അസത്യത്തെ സ്വീകരിച്ച് അതിലിലൂടെ വരുമാനം പറ്റുന്ന പൗരോഹിത്യ സ്വഭാവവും അയവിറക്കുന്നതിനിടയിലാണ് വരുന്നത്.
മുഹമ്മദ് നബി(സ)യെ കുറിച്ച സുവിശേഷം അറിയിക്കുന്ന ഈസാ നബി (അ) 61: 6 ‘… എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാൻ….’
അനുസരണക്കേടും അതിക്രമവും നിമിത്തമായി ഈസാ നബി(അ)യുടെ ശാപം ലഭിക്കാൻ മാത്രം അക്രമ പ്രവർത്തനങ്ങൾ ചെയ്ത യഹൂദരുടെ ചിത്രമാണ് 5: 78 ൽ കാണുക.
റോമാ ഭരണകൂടത്തിന് മേൽ ഒറ്റിക്കൊടുത്തിട്ടാണ് യഹൂദർ യേശുവിനെ കുരിശിലേക്ക് കൊണ്ട് പോകുന്നത്. അവിടെ അല്ലാഹുവിന്റെ ഇടപെടൽ അനിവാര്യമാണ്. അതിലൂടെ യഹൂദരുടെ കുതന്ത്രം വിജയിച്ചിട്ടില്ല, യേശു കുരിശിലേറിയിട്ടില്ല എന്നും വധിക്കപ്പെട്ടിട്ടില്ല എന്നും 4:157 വചനം പറയുന്നു. സത്യ നിഷേധികൾ തന്ത്രം പ്രയോഗിക്കുമ്പോൾ മറു തന്ത്രം പ്രയോഗിക്കുകയും ഈസാ നബി (അ) അക്രമികളിൽ നിന്ന് രക്ഷിച്ച് വാനിലേക്ക് ഉയർത്തുന്നതും വരച്ചു കാട്ടുന്ന 3: 55.
ഈസാ നബി(അ)യുടെ ആകാശാരോഹണം കഴിഞ്ഞ് ഏറെ വൈകാതെ അദ്ദേഹത്തിന് ദൈവിക ആളത്തത്തിൽ മൂന്നിൽ ഒരാളെന്ന പരിവേഷം നൽകുന്ന പുതിയൊരു ചിത്രം രൂപപ്പെട്ടപ്പോൾ 4: 171 ത്രിത്വത്തെ പേരെടുത്ത് പരാമർശിക്കുന്നു, ‘മർയമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കൽ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങൾ പറയരുത്. നിങ്ങളുടെ നൻമയ്ക്കായി നിങ്ങൾ (ഇതിൽ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതിൽ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ….’
പരിശുദ്ധ മാതാവിനെ ആരാധനാ മൂർത്തിയാക്കുന്നതിനെതിരിൽ അറിയിപ്പ് (5: 116). ആദം നബി(അ)യെ മാതാവിന്റെയും പിതാവിന്റെയും അഭാവത്തിൽ സൃഷ്ടിക്കാൻ സാധിക്കുന്ന അല്ലാഹുവിന് പിതാവിന്റെ മാത്രം അഭാവത്തിൽ യേശുവിനെ സൃഷ്ടിക്കാൻ സാധിക്കും എന്ന് ബുദ്ധിയോടു സംവദിച്ച് യാഥാർഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന ഭാഗമാണ് 3:59. ആ പേര് പറയാതെ തന്നെ, പുത്രത്വ വാദവും മറ്റും നിഷേധിക്കുന്ന വചനങ്ങളും ഖുർആനിൽ കാണാം (അൽ കഹ്ഫ് 2).
ചുരുക്കിപ്പറഞ്ഞാൽ, പിൻഗാമികൾ സൃഷ്ടിച്ച ഇല്ലാക്കഥകൾ ഇല്ലായ്മ ചെയ്ത് ഉള്ള കഥകളെ ശരിക്കു പറയേണ്ടി വന്നതിനാലാണ് ഈസാ നബി(അ)യുടെ പേര് ആവർത്തിച്ചു പറയേണ്ടി വന്നത്. ഇല്ലാക്കഥകൾ പിൻപറ്റി ജീവിക്കുന്നവരെ മാർഗഭ്രംശം വന്നവർ എന്ന രൂപത്തിലാണ് മുസ്‌ലിംകൾ കാണുന്നത്. ആ രൂപത്തിൽ അകപ്പെടാതിരിക്കാൻ എപ്പോഴും പ്രാർത്ഥന ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു അവർ.
ഈസാ നബി (അ) അതിശ്രേഷ്ഠനായ പ്രവാചകനാണ്. എന്നാൽ മുഹമ്മദ് നബി(സ)യേക്കാൾ ശ്രേഷ്ടനാണോ? അല്ല, മാത്രമല്ല, നബി(സ)യോളം ശ്രേഷ്ഠത അദ്ദേഹത്തിനില്ല. മുഹമ്മദ് നബി(സ)യും അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്. എന്നാൽ, ഗുണങ്ങൾ വാഴ്ത്തുമ്പോൾ ക്രൈസ്തവ സമൂഹം കാണിച്ച പോലെ മുഹമ്മദ് നബി(സ)യെ ദൈവിക പദവിയിലേക്ക് ഉയർത്തരുത് എന്ന് കൃത്യമായി പഠിപ്പിക്കപ്പടുന്നുണ്ട് മുസ്‌ലിം സമൂഹത്തിന്.
കാരണം, അല്ലാഹുവല്ലാത്ത ഒരാൾക്കും ദിവ്യത്വത്തിന്റെ ഇത്തിരി അംശം പോലും ഇല്ല തന്നെ. പ്രവാചകന്മാരുടെ അത്ഭുതങ്ങൾ അല്ലാഹുവിന്റെ ഇടപെടലുകളാണ്. അല്ലാഹുവിന് ചെയ്യാൻ സാധ്യമല്ലാത്ത കാര്യങ്ങൾ ഒന്നുമില്ലല്ലോ.
No comments yet.