
അബ്ദുല്ലാ ഇബ്‌നു ഉമര്‍ ഉദ്ധരിക്കുന്നു: ഞങ്ങള്‍ നബി(സ)യുടെ അടുക്കലായിരിക്കെ, അദ്ദേഹം പറഞ്ഞു: ”വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇലകള്‍ പൊഴിക്കാത്ത ഒരു വൃക്ഷമുണ്ട്; ഒരു മുസ്‌ലിമിന്റെ ഉപമ ആ വൃക്ഷമാണ്. അത് ഏതാണെന്ന് എന്നോട് പറയാമോ?” അപ്പോള്‍ ജനങ്ങള്‍ ഗ്രാമങ്ങളിലെ വൃക്ഷങ്ങളെപ്പറ്റി ആലോചിക്കാന്‍ തുടങ്ങി. ആ വൃക്ഷം ഈത്തപ്പനയാണെന്ന് എന്റെ മനസ്സില്‍ എനിക്ക് തോന്നി. ‘അത് ഈത്തപ്പനയാണ്’ എന്നുപറയാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു. അബൂബക്കറും ഉമറും (റ) സംസാരിക്കാത്തത് ഞാന്‍ കണ്ടു; അപ്പോള്‍ (അവര്‍ സംസാരിക്കാത്തപ്പോള്‍) ഞാന്‍ സംസാരിക്കുന്നതില്‍ എനിക്കു വെറുപ്പു തോന്നി. പ്രവാചകാനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഏതാണത്?’ അവിടുന്ന് പറഞ്ഞു: ‘അത് ഈത്തപ്പനയാണ്’. അങ്ങനെ ഞങ്ങള്‍ പിരിയവെ ഞാന്‍ (എന്റെ പിതാവ്) ഉമറി(റ)നോട് എന്റെ മനസ്സില്‍ തോന്നിയ ഉത്തരത്തെപ്പറ്റി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”(പ്രവാചകസന്നിധിയില്‍വെച്ച്) നീ അത് പറഞ്ഞിരുന്നുവെങ്കില്‍ എനിക്ക് ചുവന്ന ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറ്റവും പ്രിയങ്കരം അതായിരുന്നു.”
ബുഖാരി, മുസ്‌ലിം തുടങ്ങി ഒരുപാട് ഹദീഥ് ഗ്രന്ഥങ്ങളില്‍ വ്യത്യസ്ത വിശദാംശങ്ങളോടെ നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിന്റെ സംയോജിത രൂപമാണ് മുകളില്‍ കണ്ടത്. നിരവധി പാഠങ്ങളടങ്ങിയ ഈ ഹദീഥ് വളരെ അമൂല്യമാണ്. പൗരാണികരും ആധുനികരുമായ ലോകപ്രസിദ്ധ ഹദീഥ് പണ്ഡിതന്മാര്‍ പ്രസ്തുത ഹദീഥില്‍ നിന്നും നിത്യജീവിതത്തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ നമുക്കു വിവരിച്ചുതരുന്നുണ്ട്. ഒരു സത്യവിശ്വാസി എപ്രകാരമായിരിക്കണമെന്ന് മുസ്‌ലിംകളെയും എപ്രകാരമായിരിക്കുമെന്ന് മുസ്‌ലിമിതരരെയും ഒരുപോലെ പഠിപ്പിക്കുന്നതാണ് പ്രസ്തുത ഹദീഥ്.
ഒന്ന്, വിശ്വാസിയെ ഇലപൊഴിക്കാത്ത മരത്തോട് അഥവാ ഈത്തപ്പനയോടാണ് പ്രവാചകന്‍ (സ) ഉപമിച്ചത്. ഋതുഭേദങ്ങളോട് മല്ലിട്ട്, ഇല പൊഴിക്കാതെ, എന്നും തണലായി നില്‍ക്കുന്ന മരം പോലെയാണ് വിശ്വാസി. ജീവിതഭൂമികകള്‍ ഏതു താണ്ടിക്കടക്കുമ്പോഴും, ദേശ ഭാഷ വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ക്കുമീതെ സഹജീവികള്‍ക്ക് താങ്ങും തണലുമായി വിശ്വാസി തുടരുന്നു. ‘ഏതുഭാഗവും ഉപകാരപ്രദമായ ഈത്തപ്പന പോലെ’ വിശ്വാസിയുടെ മുഴുവനും സഹജീവികള്‍ക്കുപകാരപ്രദമാണെന്നും സമാനനിവേദനത്തില്‍ പ്രവാചകന്‍ (സ) പ്രസ്താവിച്ചതായി കാണാം. നന്മയും ഗുണവുമാണ് ഏതവസ്ഥയിലും ഒരു മുസ്‌ലിമില്‍ നിന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുക, അല്ലെങ്കില്‍ ലഭിക്കേണ്ടത് എന്നര്‍ത്ഥം. ഈത്തപ്പന തണല്‍ നല്‍കാറുള്ളത് ആരുടെയും മുഖം നോക്കിയല്ല. ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും അത് തണലാണ്. മതമോ ജാതിയോ നിറമോ ഭാഷയോ പരിശോധിച്ചല്ല പന മധുരമേറിയ ഈത്തപ്പഴം നല്‍കാറുള്ളത്. വിശക്കുന്നവനാരായാലും ഈത്തപ്പന തന്റെ പഴത്തിന് മധുരമേ നല്‍കാറുള്ളൂ. ഈത്തപ്പഴം ആര്‍ക്കും വിവേചനത്തിന്റെ കയ്പ്പുനല്‍കാറില്ല. അതുപോലെ ആര്‍ക്കും ഏതവസ്ഥയിലും നന്മ ചെയ്യുന്നവനാണ് മുസ്‌ലിം.
രണ്ട്, അധ്യായന-അധ്യാപന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കൂട്ടത്തിലേക്ക്രണ്ടു വിലപ്പെട്ട നബിപാഠങ്ങള്‍ ഹദീഥില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം. ഒന്ന്, കേവല ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കുപരി ശ്രോതാക്കളെ സജീവമാക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന നല്ലൊരു അധ്യാപകനെ നാം പ്രവാചകനില്‍ കാണുന്നു. ചോദ്യോത്തരങ്ങളും ചര്‍ച്ചകളും കൊണ്ട് ജീവസ്സുറ്റതായിരുന്നു പ്രവാചകന്റെ ക്ലാസ്സുകള്‍. അതിനാല്‍ തന്നെ ഹൃദ്യമായിരുന്നു അദ്ദേഹം പഠിപ്പിച്ച പാഠങ്ങള്‍. രണ്ട്, ഉദാഹരണങ്ങളും ഉപമകളും കൊണ്ട് സമ്പുഷ്ടമായിരുന്നു തിരുമൊഴികള്‍. അറബികള്‍ക്ക് പരിചിതമായ കാര്യങ്ങള്‍കൊണ്ട് വിശ്വാസത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മഹാസങ്കല്‍പങ്ങളെ ഉപമിച്ചും ഉദാഹരിച്ചും അവരുടെ മനം കവര്‍ന്നു പ്രവാചകനായ ഗുരുവര്യന്‍. പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സരളവും മനോരമ്യവുമായി അനുഭവപ്പെട്ടു.
മൂന്ന്, അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ശ്രേഷ്ഠത ഹദീഥിലൂടെ വ്യക്തമാകുന്നു. ഉത്തരം പറയുന്നതിനുമുമ്പ് അവര്‍ രണ്ടുപേരിലേക്കുമാണ് ഇബ്‌നു ഉമര്‍ നോക്കുന്നത്. സദസ്സിലെ ഏറ്റവും ശ്രേഷ്ഠരായ രണ്ടുപേര്‍. അവര്‍ മിണ്ടാത്തപ്പോള്‍ ഞാനെങ്ങനെ സംസാരിക്കും?
നാല്, പ്രായംകൊണ്ടും സ്ഥാനംകൊണ്ടും മുതിര്‍ന്ന പ്രവാചകാനുചരന്മാര്‍ക്ക് യുവാക്കള്‍ നല്‍കിയ ബഹുമാനമെത്രയാണെന്ന് ഇബ്‌നു ഉമറിലൂടെ നാം കാണുന്നു. പറയുന്നതും വാദിക്കുന്നതും ന്യായമാണെങ്കില്‍ പോലും സദസ്സിലെ കാരണവന്‍മാരെ അവമതിക്കരുത്, അവരോട് അപമര്യാദ കാണിക്കരുത്. ഒരു കാര്യത്തില്‍ തര്‍ക്കവുമായി പ്രവാചകസന്നിധിയിലേക്ക് വന്ന രണ്ടുപേരുടെ ന്യായവാദം കേള്‍ക്കവെ മുതിര്‍ന്നവനേക്കാള്‍ മുമ്പ് ഇളയവന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ നബി (സ) അത് തടയുകയുണ്ടായി എന്നതുകൂടി ഇവിടെ ഓര്‍മിക്കണം. മാതാപിതാക്കള്‍, ഗുരുവര്യന്‍മാര്‍, പണ്ഡിതനേതാക്കള്‍ തുടങ്ങി നമുക്ക് മുമ്പില്‍ ഇരിക്കുന്ന അബൂബക്കര്‍-ഉമറുമാരെ ആദരിക്കുക.
അഞ്ച്, ഉമറെന്ന വാപ്പ അബ്ദുല്ലയെന്ന മകനെയും പ്രവാചകസന്നിധിയിലേക്ക് കൊണ്ടുപോയതുകൊണ്ടാണ് ഈ ഹദീഥ് നമുക്ക് ലഭിച്ചത്. കുടുംബത്തെയും സന്താനങ്ങളെയും ബന്ധുമിത്രാദികളെയും ആശ്രിതരെയും നാം കടന്നുപോകുന്ന നന്മകളിലേക്ക് കൂടെ കൊണ്ടുപോവുക.
ആറ്, മരത്തെപ്പറ്റിയുള്ള ചോദ്യത്തിനുള്ള ഉത്തരം മുതിര്‍ന്ന പ്രവാചകാനുചരന്മാര്‍ക്ക് കിട്ടിയില്ല. ചെറുപ്പക്കാരനായ അബ്ദുല്ല(റ)ക്കാണ് കിട്ടിയത്. ചില കാര്യങ്ങള്‍ അങ്ങനെയാണ്. അറിവും ഗ്രാഹ്യശേഷിയും വ്യത്യാസപ്പെട്ടിരിക്കും. മഹാപണ്ഡിതകേസരികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങളില്‍ ചിലപ്പോള്‍ താരതമ്യേന ചെറിയ പദവിയിലുള്ളവര്‍ക്ക് അറിവുണ്ടായേക്കാം. അതുകൊണ്ട് അഹങ്കരിക്കരുത്. ആരെയും ചെറുതായി കാണരുത്. അറിയാത്തതിനെ അധിക്ഷേപിക്കരുത്. അറിവ് ആരോടുചോദിച്ചും ആര്‍ജ്ജിക്കുക. എത്ര പണ്ഡിതര്‍ക്കും അറിയാത്തതായി പലതുമുണ്ടാകും.
ഏഴ്, നമുക്ക് ശരിയാണെന്നു തോന്നുന്നതെല്ലാം പൊതുജനങ്ങള്‍ക്കിടയില്‍ വിളിച്ചുപറയരുത്. ഇബ്‌നു ഉമര്‍ കാണിച്ച സംയമനം നോക്കൂ. ശരിയാണെന്ന് തോന്നുമ്പോഴേക്കും വിളിച്ചുപറയേണ്ട ഒന്നല്ല അറിവ്. പഠനവും താരതമ്യങ്ങളും ചര്‍ച്ചകളുമെല്ലാം കൊണ്ട് സമ്പുഷ്‌വും ദൃഢവുമാക്കുക അറിവിനെ.
എട്ട്, ”നീ അത് പറഞ്ഞിരുന്നുവെങ്കില്‍ എനിക്ക് ചുവന്ന ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറ്റവും പ്രിയങ്കരം അതായിരുന്നു” എന്ന ഉമറി(റ)ന്റെ വാക്കുകളിലൂടെ, ഒരു വിശ്വാസിയുടെ അടുക്കല്‍ ഇഹലോകത്തിനുള്ള വിലയെത്ര താഴ്ന്നതാണെന്നും മതബോധത്തിന്റെയും അറിവിന്റെയും വില എത്ര ഉയര്‍ന്നതാണെന്നും നമുക്ക് ബോധ്യപ്പെടുന്നു.
ഈ ഹദീസിന്റെ നമ്പർ തരുമോ
ബുഖാരി: 61, 4356, 5707….
മുസ് ലിം: 5035….
good..jazakallahu khair