ഇഹലോകത്തല്ല ജീവിതം !

//ഇഹലോകത്തല്ല ജീവിതം !
//ഇഹലോകത്തല്ല ജീവിതം !
ഖുർആൻ / ഹദീഥ്‌ പഠനം

ഇഹലോകത്തല്ല ജീവിതം !

Print Now
അബൂ ഹുറൈറ(റ)യില്‍ നിന്നും; പ്രവാചകന്‍ (സ) പറഞ്ഞു: ‘വ്രതം പരിചയാണ്’ (ബുഖാരി 1894, മുസ്‌ലിം 1151)

വിശപ്പും ദാഹവും മനുഷ്യന്റെ ഇന്ദ്രീയങ്ങള്‍ക്ക് അനുഭവശേഷി വര്‍ദ്ധിപ്പിക്കുന്നു. അവ അവന്റെ ചിന്താശേഷിയെയും ബുദ്ധിയെയും ധനാത്മകമായ വികാരങ്ങളെയും ഉപഭോഗതൃഷ്ണ സൃഷ്ടിക്കുന്ന അവാസ്തവിക ലോകത്ത് നിന്നും മോചിപ്പിക്കുന്നു. അമിതഭക്ഷണം മനുഷ്യനെ ശാരീരികവും മാനസികവുമായി അലസ്സനാക്കുകയും ദേഹേച്ഛകള്‍ക്ക് അടിമപ്പെടുത്തുകയും ചെയ്യുന്നു. വിശപ്പ് മനസ്സിനെ ശുദ്ധീകരിക്കുകയും ദേഹേച്ഛകളുടെ ദുസ്സ്വാധീനങ്ങളെ ഇല്ലാതാക്കുകയും സൂക്ഷ്മമായ അറിവ് സമ്മാനിക്കുകയും ചെയ്യുമെന്ന് ബശര്‍ ഇബ്‌നുല്‍ ഹാരിസ് (റ) പറയുന്നുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്: 10/184)

റമള്വാനില്‍ ഒരു മാസം മുഴുവന്‍ പകലില്‍ വിശപ്പും ദാഹവും സഹിക്കുവാനും ഭോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും അനുശാസി ക്കുക വഴി മതബോധവും ഭക്തിയും നന്ദിയും ധര്‍മനിഷ്ഠയും വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യമെന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്. (2:183, 185). ചുരുങ്ങിയത് റമള്വാനിലെ പകലെങ്കിലും ഒരു വിശ്വാസി ദാരിദ്ര്യത്തെ അനുഭവിച്ചറിയുന്നു. ചിന്തകളില്‍ നിന്നും അവനെ മത്തനാക്കുന്ന ആഹാര-ഭോഗങ്ങള്‍ വര്‍ജ്ജിക്കുന്നതോടെ അവന്റെ മുമ്പിലുള്ള അശ്രദ്ധയുടെയും ആലസ്യത്തിന്റെയും സുഖാസ ക്തിയുടെയും ആവരണവും നീങ്ങിപ്പോകുന്നു. തത്ഫലമായി മൃഗീയമായ വികാരങ്ങളില്‍നിന്നും ദേഹേച്ഛകളുടെ അതിപ്രസര ണത്തില്‍ നിന്നും അവന്‍ രക്ഷപെടുന്നു. സ്വശരീരത്തിലും മനസ്സിലും കൈവരുന്ന ഈ നിയന്ത്രണാധികാരം അവയെ നിലക്കുനിര്‍ത്താനും തിന്മകളില്‍ നിന്നും കാത്തുരക്ഷിക്കാനും അവനെ പ്രാപ്തനാക്കുന്നു. വ്രതം പരിചയാണെന്നത് കൊണ്ടുള്ള ഉദ്ദേശം ദേഹേച്ഛകളില്‍ നിന്നും തിന്മകളില്‍ നിന്നും അത് വ്രതമാചരിക്കുന്നവനെ സംരക്ഷിക്കപ്പെടുന്നുവെന്നാണെന്ന് ഇമാം ഇബ്‌നുല്‍ അസീര്‍ തന്റെ ‘നിഹായഃ’യില്‍ വ്യാഖ്യാനി ക്കുന്നുണ്ട്. ”വ്രതം ഒരു പാഠശാലയാണ്. വിവേകം, സഹനം, സത്യസന്ധത, വിശിഷ്ട ഗുണങ്ങള്‍, സല്‍സ്വഭാവങ്ങള്‍, ശ്രേഷ്ഠമായ സംസാരങ്ങളും കര്‍മങ്ങളും എന്നിവയെല്ലാമാണ് അവിടുത്തെ പാഠ്യപദ്ധതികള്‍” (അഹ്കാമുസ്സ്വിയാം: 51)

വിശപ്പും ദാരിദ്ര്യവും മതബോധത്തെയും ധര്‍മനിഷ്ഠയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠനവിധേയമാക്കുന്നുണ്ട് ഇമാം ഇബ്‌നു ഖല്‍ദൂന്‍ തന്റെ ‘മുഖദ്ദിമ’യില്‍. നാഗരികതയുടെ സമസ്ത മുഖങ്ങളും അവധാനതയോടെ നിരീക്ഷണപഠനത്തിനു വിധേയമാക്കിയ അദ്ദേഹത്തിന്റെ ചരിത്രതത്വദര്‍ശനത്തിന്റെ ആകെത്തുകയായ ഈ ഗ്രന്ഥത്തിലെ ഒരു അധ്യായത്തിന്റെ പേര് ഇവ്വിധമാണ്: ”ഭക്ഷണസ മൃദ്ധിയും വിശപ്പും മൂലം സമൂഹത്തിലുണ്ടാകുന്ന സ്ഥിതിഭേദങ്ങള്‍: മനുഷ്യശരീരത്തിലും സ്വഭാവത്തിലും അവയുണ്ടാക്കുന്ന സ്വാധീന ഫലങ്ങളും”. അദ്ദേഹം എഴുതുന്നു: ”ഗോതമ്പും കറിക്കൂട്ടങ്ങളും കിട്ടാനില്ലാത്ത മരുഭൂവാസികള്‍ക്ക് സുഖസമൃദ്ധിയില്‍ കഴിയുന്ന മലനാട്ടുകാരേക്കാള്‍ നല്ല ശരീരാരോഗ്യവും സ്വഭാവഗുണങ്ങളും ഉള്ളതായി കാണാം. അവര്‍ക്ക് സ്വഭാവഗുണങ്ങള്‍ സന്തുലിതമാണ്. അറിവുകളിലും നിരീക്ഷണശേഷിയിലും ഊര്‍ജ്ജസ്വതയും കാണപ്പെടുന്നു.

ഇതിനു കാരണം ഏറെക്കുറെ അനുമാനിക്കാവുന്നതാണ്. ഭക്ഷണത്തിന്റെ ആധിക്യവും അതുള്‍ക്കൊള്ളുന്ന അധികമായ ചീത്ത കൂട്ടുചേ രുവകളും ദുര്‍നീരുകളും ശരീരത്തില്‍ വിനാശകരമായ അധികപ്പറ്റു വസ്തുക്കള്‍ ഉണ്ടാക്കിവിടുന്നു എന്നതാണ്. അതുവീണ്ടും അമിതമായ വീക്കം ശരീരത്തില്‍ വരുത്തുകയും പല പല ഹാനികരമായ ചീത്തക്കൂറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ളതാണ് വിളറി യ നിറവും വികൃതമായ ശരീരരൂപവും; നാം നേരത്തെ പറഞ്ഞതുപോലെ മാംസം വളരെ വര്‍ദ്ധിച്ചുപോയതാണ് കാരണം. ഈ നീരുകള്‍ അതിന്റെ ചീത്ത അംഗങ്ങളോടുകൂടി തലച്ചോറില്‍ എത്തുന്നതുകൊണ്ട് ഇത് മനസ്സിനെയും ചിന്താശക്തിയെയും മന്ദീഭവിപ്പിക്കുന്നു. ഫലം, മൂഢത്വം, അശ്രദ്ധ. മൊത്തത്തില്‍ അസന്തുലിതസ്ഥിതിയും.

സമ്പല്‍സമൃദ്ധിയുള്ള, ധാരാളം കൃഷിയും കന്നുകാലികളുമുള്ള പാചകക്കൂട്ടുകളും പഴവര്‍ഗങ്ങളും ധാരാളമുള്ള മേഖലകളില്‍ പാര്‍ക്കു ന്നവരില്‍ ഗ്രഹണശക്തി കുറഞ്ഞുകാണുന്നു; മൂഢത്വം കാണപ്പെടുന്നു; ശരീരം വീര്‍ത്തു തടിച്ചുകാണാം. പചനങ്ങളും ഗോതമ്പും ധാരാളം കഴിക്കുന്ന ബര്‍ബ്ബറുകളുടെ സ്ഥിതിയാകട്ടെ ബാര്‍ലിയും ‘ദുര്‍റാ’യും മാത്രം കഴിച്ച് ക്ലേശിച്ചു ജീവിക്കുന്ന ‘മസ്മൂദാ’ ബാര്‍ബറുകളുടെയും ‘ഗുമറ’, ‘ഡൂസ്’ എന്നിവിടങ്ങളിലെ ആളുകളുടെയും സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാണപ്പെടുന്നതും ഇതുതന്നെയാണ്. ഇക്കൂട്ടര്‍ക്ക് ബുദ്ധിപരമായും ശാരീരികമായും ഉള്ള മെച്ചം കാണാം. ഇതുപോലെ തന്നെ മഗ്‌രിബ് പ്രദേശത്ത് മൊത്തത്തില്‍ പചനങ്ങളും ‘ബുര്‍റും’ ധാരാളം ഭക്ഷിക്കുന്നവരും, സ്‌പെയിന്‍കാരും തമ്മിലും സ്ഥിതിവ്യത്യാസം ഇതുതന്നെ. സ്‌പെയിനില്‍ വെണ്ണ തീരെ കാണാനില്ല. അവരുടെ മുഖ്യാഹാരം ‘ദുര്‍റ’യാണ്. എന്നാല്‍ സ്‌പെയിന്‍കാര്‍ക്ക് ബുദ്ധികൂര്‍മത, ഊര്‍ജ്ജസ്വലത, ഗ്രഹണശക്തി എന്നിവ മറ്റാര്‍ക്കും ഇല്ലാത്ത അളവില്‍ നാം കാണുന്നു. ഇതേസ്ഥിതി സ്ഥിരവാസകേന്ദ്രങ്ങളിലും നഗരങ്ങളിലും ഉള്ളവരോട് താരതമ്യപ്പെടുത്തുമ്പോഴും നമുക്ക് കാണാം.

അതുകൊണ്ട് നാം മനസ്സിലാക്കേണ്ടത് ഈ സമൃദ്ധി ശരീരത്തിലും അതിന്റെ സ്ഥിതികളിലും ചെലുത്തുന്ന സ്വാധീനം ഒടുവില്‍ മതത്തിന്റെ യും ദൈവാരാധനയുടെയും കാര്യങ്ങളില്‍ വരെ പ്രതിഫലിക്കുന്നുവെന്നതാണ്. മരുഭൂവാസികളായാലും പട്ടണവാസികളായാലും ഞെങ്ങി ഞെരുങ്ങി ജീവിക്കുന്നവര്‍, ആസ്വാദനങ്ങള്‍ വിട്ടൊഴിഞ്ഞ് വിശപ്പുംപേറി കഴിയുന്നവര്‍, ഐശ്വര്യത്തിലും സമൃദ്ധിയിലും കഴിയുന്നവരെ ക്കാള്‍ കൂടുതല്‍ മതബോധമുള്ളവരും മതാനുഷ്ഠാനങ്ങളിലേര്‍പ്പെടുന്നവരും ആയി കാണപ്പെടുന്നു. മാത്രമല്ല, മതഭക്തന്‍മാരെ നഗരങ്ങളില്‍ കുറവായേ കാണപ്പെടുന്നുള്ളൂ. മാംസം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഗോതമ്പുറവ എന്നിവയുടെ അധികരിച്ച ഉപയോഗത്തോടു നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്ന കര്‍ക്കശസ്വഭാവം, അശ്രദ്ധ എന്നീ ഗുണങ്ങള്‍ അവരില്‍ പൊതുവെ കാണപ്പെടുന്നതാണ് ഇതിനുകാരണം. അതുകൊണ്ട് മതഭക്തന്‍മാരെയും ലോകവിരക്തി നേടിയ വിശിഷ്ടന്‍മാരെയും പ്രത്യേകമായി കാണാന്‍ കഴിയുന്നത്, ഭക്ഷണത്തിന് ഞെരുങ്ങിക്കഴിയുന്ന മരുഭൂവാസികളുടെ ഇടയിലാണ്. അതുപോലെത്തന്നെ ഒരു പട്ടണത്തില്‍ തന്നെയുള്ള ആളുകളുടെ ഭിന്നസ്ഥിതിഗതികള്‍ സമ്പത്ത്, ഐശ്വര്യം എന്നിവയുടെ കൂടുതലോ കുറവോ അനുസരിച്ച് മേല്‍പറഞ്ഞ വിധത്തില്‍ മാറുന്നതായി കാണാം…. (മുഖദ്ദിമ)

ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ അബ്ബാസി ഭരണത്തിന്റെ തകര്‍ച്ചയോടെ പൂര്‍ത്തിയായ മുസ്‌ലിംകളുടെ പതനത്തിന്റെ ഓരോ ചരിത്രഘട്ടങ്ങളെയും തലമുറകളെയും അവരുടെ സ്ഥിതിഭേദങ്ങളെയും മുന്‍നിര്‍ത്തികൊണ്ട് ഇബ്‌നു ഖല്‍ദൂന്‍ ഇക്കാര്യം തെളിയിക്കു ന്നുണ്ട്. മതബോധം അതിന്റെ അത്യുംഗശൃംഖങ്ങളില്‍ നിലനിന്നിരുന്ന പ്രവാചകാനുചരന്‍മാരുടെ കാലം വിശപ്പിന്റെയും ത്യാഗങ്ങളു ടെയും കാലമായിരുന്നു. സമൃദ്ധി സാമൂഹികതലത്തില്‍ നിലനില്‍ക്കവെ തന്നെ വ്യക്തിജീവിതത്തില്‍ വിരക്തിയും വിശപ്പും ദാഹവും കാത്തുസൂക്ഷിക്കുന്നവരായിരുന്നു അവരില്‍ ഭൂരിഭാഗവും. സമ്പല്‍സമൃദ്ധിയുടെ ഒഴുക്ക് കരകവിയുകയും ഒരു കുതിരപ്പടയാളിക്ക് ഒരു യുദ്ധത്തില്‍ ലഭിക്കുന്ന വിഹിതം ഏറെക്കുറെ 30,000 സ്വര്‍ണനാണയങ്ങളായിരുന്നുവെങ്കിലും അവരുടെ ജീവിതം പഴയ ദാരിദ്ര്യരേഖയില്‍ തന്നെ നിന്നു…

”ഉമര്‍ തനിക്കുണ്ടായിരുന്ന ഏകവസ്ത്രം തുകല്‍കഷ്ണമുപയോഗിച്ച് കീറുകള്‍ അടച്ചതായിരുന്നു. അലി പറയുക പതിവായിരുന്നു: ‘ഹേ! സ്വര്‍ണമേ, വെള്ളിയേ എന്നെ നീ പ്രലോഭിപ്പിക്കേണ്ട! മറ്റാരെയെങ്കിലും ആയിക്കൊള്ളൂ!’ അബൂമൂസ കോഴിയിറച്ചി ഭക്ഷിക്കുമായി രുന്നില്ല. അത് അവരുടെയിടയില്‍ വിരളമായിരുന്നതുകൊണ്ട് ആ ഭക്ഷണം അവര്‍ക്ക് പരിചയമില്ല. അരിപ്പകള്‍ അവര്‍ക്കറിയി ല്ലായിരുന്നു. ഗോതമ്പ് ഉമിയോടൊപ്പമാണ് അവര്‍ ഭക്ഷിച്ചിരുന്നത്. എന്നിട്ട് അവര്‍ നേടിയ സമ്പാദ്യങ്ങള്‍ ലോകജനതകളിലാരും നേടിയിട്ടില്ലാത്തത്ര അധികമായിരുന്നു.” (മുഖദ്ദിമ)

ഈ ഘട്ടത്തില്‍ സ്ഥിരവാസ നാഗരികതയില്‍പെട്ട ധൂര്‍ത്തും ആഢംബരങ്ങളും അമിതഭോഗങ്ങളുമൊന്നും അവര്‍ക്കുണ്ടായില്ല. അവര്‍ക്ക് തലയിണകള്‍ നല്‍കപ്പെട്ടപ്പോള്‍ അത് തുണിക്കഷ്ണങ്ങള്‍ കൊണ്ടുള്ള തുണിക്കെട്ടുകളാണെന്നവര്‍ കരുതി. കൈസര്‍ ചക്രവര്‍ത്തിയുടെ ഖജനാവുകളില്‍ കര്‍പ്പൂരം കണ്ടിട്ട് അത് ഉപ്പാണെന്നു കരുതിക്കൊണ്ട് ഭക്ഷണത്തോടു ചേര്‍ത്തവര്‍ കഴിച്ചു. ഈ വിരക്തിയുടെയും മിതത്വത്തിന്റെയും കാലമാണ് മുസ്‌ലിംകള്‍ ഏറ്റവും ആത്മാര്‍ത്ഥവും ആഴവുമുള്ള മതഭക്തി കാത്തുസൂക്ഷിച്ചിരുന്ന കാലഘട്ടം. ശേഷം സമ്പല്‍സമൃദ്ധിയുംട ഉപഭോഗതൃഷ്ണയും അവരുടെ മതബോധത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. സമൂഹത്തില്‍ ധൂര്‍ത്തന്‍മാരും തടിയന്‍മാരും അധികരിച്ചു. തടിയന്‍മാരെ കണ്ടാല്‍, ”ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കി തരേണമേ, തീര്‍ച്ചയാ യും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം” (ക്വുര്‍ആന്‍ 44:12) എന്ന സൂക്തം ഓതിയിരുന്നവരായിരുന്നു അവര്‍! ‘ബിദ്അത്തി’ന്റെ ആളുകളെ അഥവാ പുത്തന്‍വാദികളെ തിരിച്ചറിയാനുള്ള ലക്ഷണമായി ‘പൊണ്ണത്തടി’യെ ഗണിച്ചിരുന്ന ഒരു ജനതയുടെ പരിണാമം!! (ലാ തഹ്‌സന്‍: 223) അബ്ബാസി കാലഘട്ടത്തിലെ വിവാഹധൂര്‍ത്തിന്റെ വിചിത്രമായ ഒരു വിവരണം നല്‍കി ‘മഖദ്ദിമ’ ഈ പരിണാമം നമ്മെ ബോധ്യപ്പെടുത്തുന്നു. ഹസ്സന്‍ ഇബ്‌നു സഹലിന്റെ മകള്‍ ബുറാനുമായുള്ള ‘മഅ്മൂന്റെ’ വിവാഹനിശ്ചയവും വിവാഹവുമാണ് രംഗം:

”നൂറ്റിനാല്‍പത് ഒട്ടകങ്ങള്‍ ചുമക്കുന്ന ഭാരം വിറക് ഒരു വര്‍ഷം മുഴുവനും അടുക്കളാവശ്യത്തിന് ശേഖരിക്കപ്പെട്ടിരുന്നു. വിവാഹരാത്രി യില്‍ ഒരു രാത്രികൊണ്ട് തന്നെ അവയെല്ലാം തീര്‍ന്നു! വിവാഹദിവസം ഹസന്‍ ഇബ്‌നു സഹല്‍, മഅ്മൂന്റെ കൂടെ വന്നവര്‍ക്ക് ഒരു വലിയ സദ്യ നല്‍കി. അതിലെ ഒന്നാംകിടയില്‍ പെട്ടയാളുകള്‍ക്ക് വയലുകളും തോട്ടങ്ങളും തീറെഴുതിക്കൊണ്ടുള്ള പ്രമാണങ്ങളില്‍ കസ്തൂരി ക്കട്ടകള്‍ പൊതിഞ്ഞാണ് അല്‍ഹസന്‍ വിതരണം ചെയ്തത്. ഓരോരുത്തര്‍ക്കും അവരവരുടെ ഭാഗ്യമനുസരിച്ച് സന്ദര്‍ഭം പോലെ ഇവ കിട്ടി. രണ്ടാമത്തെ ഇനം അതിഥികള്‍ക്ക് അല്‍ ഹസന്‍ വിതരണം ചെയ്തത് പതിനായിരം ദീനാറുകള്‍ വീതം നിറച്ച സഞ്ചികള്‍ ആയിരുന്നു. മൂന്നാമത്തെ ഇനക്കാര്‍ക്ക് അത്രയും ദിര്‍ഹം വീതം നിറച്ച സഞ്ചികളായിരുന്നു കിട്ടിയത്. ഇതിനെല്ലാം പുറമെ, മഅ്മൂന്‍ തന്റെ കൊട്ടാരത്തില്‍ താമസിച്ച സമയം ഇതിനെക്കാള്‍ അനവധി മടങ്ങ് ധനം അദ്ദേഹം ചെലവഴിച്ചു. വിവാഹസമ്മാനമായി മഅ്മൂന്‍ ബുറാന് വിവാഹരാത്രി നല്‍കിയത് ആയിരം പവിഴങ്ങള്‍ ആയിരുന്നു. നൂറുമന്ന് വീതമുള്ള സാമ്പ്രാണിത്തിരികള്‍ ആണ് അദ്ദേഹം പുകച്ചത്. ഒരു മന്ന് 1.2/3 റാത്തല്‍ വരും. അവരുടെ പരവതാനികള്‍ സ്വര്‍ണനൂലുകള്‍ തുന്നിച്ചേര്‍ത്ത് പവിഴങ്ങളും മുത്തുകളും വെച്ചുപിടിപ്പിച്ചതായിരുന്നു.”

ഈ ധൂര്‍ത്തുകള്‍ക്കും ആഢംബരങ്ങള്‍ക്കും അമിതഭോഗങ്ങള്‍ക്കുമൊപ്പം സാമൂഹികമായി മുസ്‌ലിംകള്‍ ദുര്‍ബലമായി. അവരുടെ ചിന്താമണ്ഡലങ്ങള്‍ ശൂന്യമായി. കൂര്‍മബുദ്ധി, ഭാവന, സര്‍ഗാത്മകഭക്തി തുടങ്ങിയവയെല്ലാം വറ്റിവരണ്ടു. പകരം സുഖഭോഗതൃഷ്ണ, അലസത, ഭീരുത്വം, കാപട്യം, അജ്ഞത എന്നീ ദുര്‍ഗുണങ്ങള്‍ സ്ഥാനം പിടിച്ചു. തുടര്‍ന്ന് എല്ലാ മേഖലകളിലും അവര്‍ ചരിത്രത്തില്‍ പി
ന്നോട്ടടിച്ചു. അബ്ബാസി ഭരണകൂടത്തിന്റെ അവസാനഘട്ടത്തില്‍ ഈ പതനം പൂര്‍ത്തിയായി. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ താര്‍ത്താറികളുടെ ആക്രമണങ്ങളോടെ തകര്‍ന്നടിഞ്ഞ അബ്ബാസി ഭരണകൂടത്തിനുകീഴില്‍ ജീവിച്ചിരുന്ന സമൂഹം ലജ്ജാവഹമാംവിധം ഭീരുത്വത്തിലും ദുര്‍ബലതയിലും ഉപഭോഗ സംസ്‌കാരത്തിലും ആദ്യമെ മുങ്ങിമരിച്ചു കഴിഞ്ഞിരുന്നുവെന്ന് ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വി വിവരിക്കുന്നുണ്ട്.

”താര്‍ത്താരികള്‍ ആദ്യമായി ബുഖാറയിലെത്തി. അതിനെ തകര്‍ത്തു തരിപ്പണമാക്കി. മുഴുവന്‍ പട്ടണവാസികളെയും കൊന്നൊടുക്കി. തുടര്‍ന്ന് സമര്‍ഖന്ദിനെ ചുട്ടുചാമ്പലാക്കി. റയ്യ്, ഹമദാന്‍, സഞ്ചാന്‍, ഖസ്‌വീന്‍, മറൂ, സൈനാബൂര്‍, ഖവാറസം എന്നീ പ്രശസ്തമായ ഇസ്‌ലാമിക പട്ടണങ്ങള്‍ക്കും ഇതേ ഗതിയുണ്ടായി. ഇസ്‌ലാമിക ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ഖവാറസം രാജാവ് താത്താരികളെ ഭയന്ന് വിരണ്ടോടി. താത്താരികള്‍ അദ്ദേഹത്തെ തേടിപിടിച്ച് ഒരു ദ്വീപില്‍വെച്ച് കഥ കഴിച്ചു. ഖവാറസം രാജാവ് പരാജയപ്പെട്ടതോടെ ഇറാനും തുര്‍ക്കിയും അടക്കമുള്ള പശ്ചിമ രാജ്യങ്ങള്‍ മുഴുവനും താത്താരികള്‍ കയ്യടക്കി. ഈ പ്രദേശങ്ങളിലെ ജനങ്ങളെല്ലാം ഭയവിഹ്വലരായി. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒരു താത്താരി ഒറ്റക്ക് കടന്നുചെല്ലുകയും ഒന്നിനുപുറകെ ഒന്നായി മുഴുവന്‍ ആളുകളെയും വധിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി. വീട്ടില്‍ താത്താരി സ്ത്രീ പുരുഷവേഷത്തില്‍ കടന്നുചെന്ന് മുഴുവന്‍ ആളുകളെയും വകവരുത്തിയിരുന്നു. ഒരിക്കല്‍ ഒരു താത്താരി ഒരു മുസ്‌ലിമിനെ പിടികൂടി, അയാള്‍ പറഞ്ഞു: ഞാന്‍ വീട്ടില്‍ പോയി കത്തിയെടുത്തു കൊണ്ടുവരുന്നതുവരെ ഇവിടെ തന്നെ തലവെച്ചു കിടക്കുക. ആ മുസ്‌ലിം ഭയന്നുവിറച്ച് അവിടെ തന്നെ കിടന്നു. അദ്ദേഹം പട്ടണത്തിലെ വീട്ടില്‍പോയി കത്തിയെടുത്തു കൊണ്ടുവരുന്നതുവരെ ഇദ്ദേഹത്തിന് ഓടാനുള്ള ധൈര്യം പോലും വന്നില്ല.

ഇബ്‌നു അസീര്‍ കുറിക്കുന്നു: ഈ സംഭവം അങ്ങേയറ്റം ഭയാനകമാണ്. ഇത് എഴുതണോ വേണ്ടയോ എന്നത് പലവര്‍ഷം ഞാന്‍ ഇടയാട്ടത്തിലായിരുന്നു. അവസാനം ഇപ്പോള്‍ എഴുതുന്നതുതന്നെ അങ്ങേയറ്റം വേദനയോടെയാണ്. അതെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മരണവൃത്താന്തം അറിയിക്കാന്‍ ആര്‍ക്കാണ് കഴിയുക! അവരുടെ നിന്ദ്യതയുടെ കഥനം കേള്‍ക്കാന്‍ ആര്‍ക്കാണ് സാധിക്കുക! ഹാ കഷ്ടം, ഞാന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍! ഈ സംഭവത്തിനുമുമ്പ് ഞാന്‍ മരിച്ചുപോയിരുന്നുവെങ്കില്‍! ഈ സംഭവം എഴുതാന്‍ എന്റെ ധാരാളം സുഹൃത്തുക്കള്‍ എന്നെ പ്രേരിപ്പിച്ചു. എന്നിട്ടും ഞാന്‍ അതിനു തയ്യാറായില്ല. എഴുതാതിരുന്നതുകൊണ്ട് ഗുണമൊന്നുമില്ലല്ലോ എന്ന് കണ്ടതിനാല്‍ ഇപ്പോള്‍ ഞാന്‍ അത് എഴുതുകയാണ്. ഇത് ഒരു മഹാസംഭവവും വന്‍ദുരന്തവുമാണ്. ലോകചരിത്രത്തില്‍ ഇതിനുതുല്യമായ ഒരു സംഭവവുമില്ല. മുഴുവന്‍ മനുഷ്യരെയും വിശിഷ്യ, മുഴുവന്‍ മുസ്‌ലിംകളെയും ഈ സംഭവം നേര്‍ക്കുനേര്‍ ബാധിച്ചു. ആദം (അ) മുതല്‍ ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല; യഅ്ജൂജ് മഅ്ജൂജ് സംഭവം ഒഴിച്ച് ഇനി ലോകാവസാനം വരെ ഇങ്ങനെയൊരു സംഭവം ഉണ്ടാവുകയില്ല എന്നുപറഞ്ഞാല്‍ തെറ്റാവുകയില്ല. ഈ കാലന്‍മാര്‍ ഒരാളോടും കരുണ കാണിച്ചില്ല. വൃദ്ധരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി. സ്ത്രീകളുടെ വയറുകീറി പിഞ്ചുപൈതങ്ങളെയും അടിച്ചുകൊന്നു. (ഇന്നാലില്ലാഹി…) ഒരു തിരമാല പോലെ ഉയര്‍ന്ന ഈ സംഭവം വളരെ വേഗത്തില്‍ ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു.” (അല്‍കാമില്‍ 12/147, 148) (ഇസ്‌ലാമിലെ നവോത്ഥാന നായകന്‍മാര്‍ 221, 22)

നാഗരികതയുടെയും ആത്മീയതയുടെയും സമ്പൂര്‍ണതയില്‍ നിന്നും അല്ലെങ്കില്‍, മാനവികതയുടെ വിശേഷലക്ഷണങ്ങളുടെയും സാമൂഹിക ഉല്‍കൃഷ്ടതയുടെയും ഉത്തുംഗശ്രേണിയില്‍ നിന്നും ‘സമഗ്രമായ പതന’ത്തിലേക്കുള്ള ചരിത്രത്തിലെ ഈ പരിണാമം നമുക്ക് ബോധ്യപ്പെടുത്തി തരുന്ന വസ്തുത എന്താണ്? ഒട്ടിയ വയറും കാലിയായ കീശയും നല്‍കുന്ന പാഠങ്ങളുടെ പ്രാധാന്യവും വിരക്തിയുടെയും സരളജീവിതത്തിന്റെയും മഹത്വവുമാണത്. ‘ദാരിദ്ര്യമല്ല നിങ്ങളുടെ മേല്‍ ഭയപ്പെടുന്നത്; ഇഹലോക ജീവിതത്തിലെ സുഖഭോഗങ്ങളുടെ ആധിക്യമാണ്’ എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഓര്‍ക്കുക. (മുസ്‌ലിം 2961)

 

1 Comment

  • MA SHA ALLAH

    MISHAB HUSSAIN 03.04.2019

Leave a comment

Your email address will not be published.