ഇസ്‌ലാമിന്റെ യുദ്ധഭൂമിക -8

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -8
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -8
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -8

സ്വാതന്ത്ര്യ യുദ്ധങ്ങൾ നടത്തേണ്ടതാര് ?

ഇസ്‌ലാം സ്വീകരിക്കുകയോ ആചരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും അവയുടെ പേരിൽ മർദ്ദനങ്ങളും പീഢനങ്ങളും അനുഭവിക്കേണ്ടി വരുകയും ചെയ്യുന്ന ദുരവസ്ഥ ഇല്ലാതാകുവാനും ഇസ്‌ലാം മതം പൂർണമായും ഉൾക്കൊണ്ട് ജീവിക്കാനും പരസ്യമായി പ്രബോധനം ചെയ്യാനും കഴിയുന്ന ഒരു സാമൂഹിക വ്യവസ്ഥ മറ്റു രാഷ്ട്രങ്ങളിലും നിലവിൽ വരുത്തുക എന്ന ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഏകാധിപത്യ രാഷ്ട്രങ്ങളോട് ഒരു ഇസ്‌ലാമിക രാഷ്ട്രം നടത്തുന്ന യുദ്ധങ്ങളാണ് സ്വാതന്ത്ര്യ യുദ്ധങ്ങൾ എന്ന് നാം വ്യക്തമാക്കി. മുസ്‌ലിംകളെ ഒന്നടങ്കം നശിപ്പിക്കാൻ ഏതെങ്കിലുമൊരു ശത്രു സമൂഹം സംഘടിതമായി യുദ്ധത്തിനു വന്നാൽ അവരെ സംഘടിതമായോ ഒറ്റക്കോ പ്രതിരോധിക്കുന്നതിന് ഇസ്‌ലാമിക രാഷ്ട്രത്തിലേയോ ഇസ്‌ലാമികേതര രാഷ്ട്രത്തിലേയോ മുസ്‌ലിംകൾക്ക് ഒരു രാഷ്ട്രമോ ഭരണാധികാരിയോ നിബന്ധന വെച്ചിട്ടില്ല. പക്ഷെ സ്വാതന്ത്ര്യ യുദ്ധങ്ങൾ ആകട്ടെ ഇസ്‌ലാമിക രാഷ്ട്രം ഏകാധിപത്യ രാഷ്ട്രത്തോട് നടത്തുന്ന യുദ്ധമാണ്. അതിന് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നേതൃത്വവും ഭരണാധികാരിയുടെ ആജ്ഞയോ അനുവാദമോ നിർബന്ധമാണ്. അഥവാ, പ്രതിരോധത്തിനല്ലാതെ ശത്രുക്കളോട് അങ്ങോട്ട് യുദ്ധം ചെയ്യണമെങ്കിൽ ഒരു ഇസ്‌ലാമിക രാഷ്ട്രവും ഭരണാധികാരിയും ഉണ്ടായിരിക്കണം, തോന്നുന്നവർ വാളും ബോംബുമെടുത്ത് നടപ്പാക്കാനുള്ള ചാവേർ ആക്രമണങ്ങളോ വർഗീയ കലാപങ്ങളോ അല്ല ഇസ്‌ലാമിലെ ‘സ്വാതന്ത്ര്യ യുദ്ധങ്ങൾ’ അല്ലെങ്കിൽ ‘ജിഹാദു ത്വലബ് ‘. അതും മുമ്പ് സൂചിപ്പിച്ചതു പോലെ മത സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന ഓട്ടോക്രസികളോടാണ് സ്വാതന്ത്ര്യ യുദ്ധങ്ങൾ.

‘യുദ്ധം ചെയ്യാൻ ഭരണാധികാരിയുടെ നേതൃത്വം ഇസ്‌ലാമിൽ നിബന്ധനയാക്കപ്പെട്ടിരിക്കുന്നു’ (إذن الإمام في الجهاد ) എന്ന ശൈഖ് മുഹമ്മദ് ജമീൽ അൽഹമ്മാമിയുടെ ലേഖത്തിന്റെ ആശയ വിവർത്തനമാണ് ചുവടെ. (ഉദ്ധരണം: https://hmmami.wordpress.com/2011/05/28/778/amp/)

ജിഹാദു ത്വലബ് (സ്വാതന്ത്ര്യ യുദ്ധങ്ങൾ) ഭരണാധികാരിയുടെ നേതൃത്വത്തിലും അനുവാദത്തിലും മാത്രമേ സംഘടിപ്പിക്കാൻ അനുവാദമുള്ളു എന്നതിനുള്ള ചില തെളിവുകൾ ലേഖനത്തിൽ നിന്നും വായിച്ചെടുക്കാം:

ഒന്ന്, “സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് ദൈവദൂതനിലേക്കും അവരിലെ കൈകാര്യകർത്താക്കളിലേക്കും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.”
(ഖുർആൻ : 4:83)

മുസ്‌ലിം സമുദായം അഭിമുഖീകരിക്കേണ്ടി വരുന്ന യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ‘ഉലുൽ അംറ്’ അഥവാ ‘കൈകാര്യകർത്താക്ക’ളാണ് നേതൃത്വം വഹിക്കേണ്ടത്, സമുദായത്തിലെ അംഗങ്ങൾക്ക് സ്വന്തമായി അക്കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.

രണ്ട്, “സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (ധര്‍മ്മസമരത്തിന്ന്‌) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക. എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു!” (ഖുർആൻ: 9:38)

ഇവിടെ ധര്‍മ്മസമരത്തിന്ന്‌ ഇറങ്ങിപ്പുറപ്പെടാൻ ആജ്ഞ പുറപ്പെടുവിക്കുന്നത് ഭരണാധികാരികളാണ്. ഈ ആജ്ഞയുടെ അനുവർത്തികൾ മാത്രമാണ് പ്രജകൾ; സ്വയം തീരുമാനങ്ങൾ പുറപ്പെടുവിക്കുന്നവരല്ല.

മൂന്ന്, പ്രവാചകൻ (സ) പറഞ്ഞു:
الإمام جُنَّة ، يُقاتَل من ورائه
“ഇമാം (ഭരണാധികാരി) സംരക്ഷണ കവചമാണ്, അദ്ദേഹത്തിന് പിന്നിൽ (അണിനിരന്നാണ്) യുദ്ധം ചെയ്യപ്പെടുന്നു…” (സ്വഹീഹുൽ ബുഖാരി: 2956)

ഭരണാധികാരിക്ക് കീഴിലായിരിക്കണം യുദ്ധം നയിക്കപ്പെടേണ്ടതെന്ന് അർത്ഥശങ്കക്കിടമില്ലാത്ത വിധം, ഖണ്ഡിതമായി ഹദീസ് തെളിയിക്കുന്നു.

നാല്, പ്രവാചകൻ (സ) പറഞ്ഞു:
إذَا اسْتُنْفِرْتُمْ فَانْفِرُوا
“നിങ്ങള്‍ (ധര്‍മ്മസമരത്തിന്ന്‌) ഇറങ്ങിപ്പുറപ്പെടാൻ വിളിക്കപ്പെട്ടാൽ, ഇറങ്ങി പുറപ്പെട്ടു കൊള്ളുക.” (സ്വഹീഹു മുസ്‌ലിം: 1864)

അപ്പോൾ യുദ്ധം ചെയ്യേണ്ടത് വിളമ്പരം കേട്ടാലാണ്. ഈ വിളമ്പരം പുറപ്പെടുവിക്കുന്നത് ‘ഉലുൽ അംറ്’ ആകുന്നു. ഇമാം നവവി പറഞ്ഞു: “ഭരണാധികാരി നിങ്ങളെ യുദ്ധത്തിനായി വിളിച്ചാൽ നിങ്ങൾ ചെല്ലണം എന്നാണ് ഹദീസിന്റെ അർത്ഥം.” (ശർഹു മുസ്‌ലിം: 9:12)

അഞ്ച്, ഭരണാധികാരിക്ക് കീഴിൽ യുദ്ധങ്ങൾ നയിക്കപ്പെടുക എന്നതാണ് പ്രവാചകന്റേയും (സ) അദ്ദേഹത്തിന്റെ അനുചരന്മാരുടേയും മാതൃക. പ്രവാചക ശിഷ്യന്മാരിൽ ആരും തന്നെ പ്രവാചകനാകുന്ന അന്നത്തെ ഭരണാധികാരിയുടെ അനുവാദം കൂടാതെ യുദ്ധം നടത്തിയിട്ടില്ല; ഒരിക്കലും.

അതുകൊണ്ടാണ് പ്രവാചകാനുചരന്മാർ യുദ്ധത്തിൽ പങ്കെടുക്കാനുള്ള അനുവാദം
പ്രവാചകനോട് ചോദിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ അനുവാദത്തിന് അവലംബിച്ചായിരുന്നു അവരുടെ യുദ്ധ പങ്കാളിത്തം എന്നും പ്രമാണങ്ങൾ വ്യക്തമാക്കുന്നത്:

“(നബിയേ,) നിനക്ക് അല്ലാഹു മാപ്പുനല്‍കിയിക്കുന്നു. സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമായി ബോധ്യപ്പെടുകയും കള്ളം പറയുന്നവരെ നിനക്ക് തിരിച്ചറിയുകയും ചെയ്യുന്നത് വരെ നീ എന്തിനാണ് അവര്‍ക്ക് അനുവാദം നല്‍കിയത്‌?”
(ഖുർആൻ: 9:43 )

“ഇനി (യുദ്ധം കഴിഞ്ഞിട്ട്‌) അവരില്‍ ഒരു വിഭാഗത്തിന്‍റെ അടുത്തേക്ക് നിന്നെ അല്ലാഹു (സുരക്ഷിതനായി) തിരിച്ചെത്തിക്കുകയും, അനന്തരം (മറ്റൊരു യുദ്ധത്തിന് നിന്‍റെ കൂടെ) പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക: നിങ്ങളൊരിക്കലും എന്‍റെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങള്‍ എന്‍റെ കൂടെ ഒരു ശത്രുവോടും യുദ്ധം ചെയ്യുന്നതുമല്ല…” (ഖുർആൻ: 9: 83)

ആഇശ (റ) യുദ്ധത്തിൽ പങ്കാളിയാവാൻ അനുവാദം ചോദിച്ചപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങളുടെ ധർമ്മ സമരം ഹജ്ജാകുന്നു.” (സ്വഹീഹുൽ ബുഖാരി: 2748)

ഇബ്നു ഉമർ യുദ്ധത്തിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ, അദ്ദേഹം മുതിർന്ന പ്രായക്കാരനല്ലാത്തതിനാൽ പ്രവാചകൻ (സ) അനുവാദം നൽകിയില്ലെന്നും ഹദീസിൽ കാണുന്നു. (സ്വഹീഹുൽ ബുഖാരി: 2549)

ആറ്, പ്രവാചകൻ (സ) പറഞ്ഞു:
الغزو غزوان : فأما مَنِ ابتغى وجهَ اللهِ ، وأطاع الإمامَ ، وأنفق الكريمةَ ، وياسَر الشريكَ ، واجتنب الفسادَ ، فإنَّ نومَه ونبهَه أجرٌ كلُّه ، وأما مَنْ غزا فخرًا ورياءً وسُمعةً وعصى الإمامَ وأفسد في الأرضِ ، فإنه لم يرجِعْ بالكَفَافِ

“യുദ്ധം രണ്ടുതരമാണ്: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്, ഇമാമിനെ (ഭരണ നേതൃത്വം) അനുധാവനം ചെയ്ത്, വിശിഷ്ടമായ ധനം ചെലവഴിച്ച്, കൂടെ സമരം ചെയ്യുന്നവരുടെ പ്രയാസങ്ങൾ നീക്കി കൊടുത്ത്, (ഭൂമിയിൽ) കുഴപ്പങ്ങൾ (ഉണ്ടാക്കാതെ അവ) ഒഴിവാക്കി ഒരുവൻ യുദ്ധം ചെയ്താൽ അവന്റെ ഉറക്കവും ഉണർച്ചയും എല്ലാം പ്രതിഫലാർഹമാകുന്നു. എന്നാൽ ഒരുവൻ പ്രൗഢിക്കും ലോകമാന്യതക്കും പ്രസിദ്ധിക്കും വേണ്ടിയും, ഇമാമിനെ അനുസരിക്കാതെയും, ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചും യുദ്ധം ചെയ്താൽ അവന് (യുദ്ധം ചെയ്ത സമ്പാദിച്ച പാപങ്ങൾ ഇല്ലാതാക്കുവാൻ) വേണ്ടിയ പ്രതിഫലവുമായല്ല അവൻ (യുദ്ധത്തിൽ നിന്ന്) മടങ്ങിയെത്തുന്നത്.” (സുനനു അബൂദാവൂദ്: 2515, സുനനു നസാഈ: 3188, മുസ്നദു അഹ്‌മദ്: 22095)

(കുഴപ്പങ്ങൾ ഉണ്ടാക്കുക എന്നത് കൊണ്ടുദ്ദേശിച്ചത് യുദ്ധം ചെയ്യുന്ന എതിർപക്ഷക്കാരുടെ ഭൂമിയും വാസസ്ഥലവും നശിപ്പിക്കുക, അവരുടെ നാട് ചുട്ടെരിക്കുക, യുദ്ധത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നരോടും യുദ്ധം ചെയ്യുക, യുദ്ധം ചെയ്യാൻ കൽപ്പിക്കപ്പെട്ട സൈനികരെയല്ലാതെ വധിക്കുക എന്നിങ്ങനെയുള്ള യുദ്ധ ക്രൂരതകൾ ഒഴിവാക്കുക എന്നാണ്: അദ്ദുറുസ്സനിയ്യ)

ധർമ്മ സമരത്തിന്റെ കാര്യത്തിൽ ഭരണ നേതൃത്വത്തോടുള്ള അനുസരണം നിർബന്ധമാണെന്നും ഭരണാധികാരിയെ ധിക്കരിച്ച് സ്വന്തമായി ധർമ്മ സമരത്തിൽ ഏർപ്പെടുന്നത് നിഷിദ്ധമാണെന്നും ഹദീസ് തെളിയിക്കുന്നു.

ഏഴ്, യുദ്ധസന്നാഹങ്ങൾ ക്രമീകരിക്കുന്നതിനും ശത്രുക്കളെ തിരിച്ചറിഞ്ഞ് നിജപ്പെടുത്തുന്നതിനും സമയവും സന്ദർഭവും നിശ്ചയിക്കുന്നതിനുമെല്ലാം ഒരു ഭരണാധികാരി അനിവാര്യമാണ് എന്ന് ചിന്തിച്ചാൽ തന്നെ മനസ്സിലാക്കാവുന്നതേയുള്ളു. നിഷ്ഫലവും ഉദ്ദേശിക്കപ്പെട്ട നന്മ നേടി തരാത്തതുമായ അവ്യവസ്ഥാപിതമായ കലാപങ്ങളോ കുഴപ്പങ്ങളോ അല്ല ഇസ്‌ലാമിലെ ധർമ്മ സമരങ്ങളുടെ ഉദ്ദേശം. ബുദ്ധിയും വിവേകവുമുള്ള ആർക്കും ഇത് തിരിച്ചറിയാവുന്നതാണ്. യുദ്ധങ്ങളിൽ പങ്കെടുക്കാൻ മാതാപിതാക്കളുടെ സമ്മതം അനിവാര്യമാണെങ്കിൽ അതിനേക്കാൾ അനിവാര്യമല്ലേ ഭരണ നേതൃത്വത്തിന്റെ അനുവാദം ?!

ഹസനുൽ ബസ്വരി പറഞ്ഞു: “ഇസ്‌ലാമിലെ നാലു സുപ്രധാന കാര്യങ്ങൾ ഭരണാധികാരിയുടെ ചുമതലയാണ്: ഭരണം, യുദ്ധാർജിത സ്വത്ത്, യുദ്ധം, ജുമുഅ (സംഘടിപ്പിക്കൽ).”
(മസാഇലുൽ ഇമാം അഹ്‌മദ് രിവായത്തു ഹർബൽ കർമാനി: 392)

ഇബ്നുൽ മനാസ്വീഫ് അൽ കുർത്വുബിയുടെ ‘അൽ ഇഞ്ചാദ് ഫീ അബ്‌വാബിൽ ജിഹാദ്’ എന്ന ഗ്രന്ഥത്തിലെ (1/133) ഒരു ഭാഗം കാണുക: “അദ്ധ്യായം മൂന്ന്: ധർമ്മ സമരം സ്വീകാര്യ യോഗ്യമാവാനുള്ള നിബന്ധനകൾ, അക്കാര്യത്തിൽ ഭരണ നേതൃത്വത്തെ അനുസരിക്കൽ അനിവാര്യമാണെന്നുള്ള തെളിവുകൾ…

ധർമ്മ സമരം സ്വീകാര്യയോഗ്യമാവാനുള്ള നിബന്ധനകളിൽ രണ്ടാമത്തേത് ഭരണാധികാരിയെ അനുസരിക്കുക എന്നതാകുന്നു…”

അബുൽ ബറക്കാത്ത് അബ്ദുസ്സലാം ഇബ്നു തീമിയ്യ പറഞ്ഞു: “ഭരണാധികാരിയുടെ അനുവാദമില്ലാതെ യുദ്ധം ചെയ്യൽ അനുവദനീയമല്ല.” (അൽ മുഹരിർ: 2:341)

ഇബ്നു തീമിയ്യ പറഞ്ഞു: “ഭരണകർത്താക്കളല്ലാതെ യുദ്ധം സംഘടിപ്പിക്കാവതല്ല.”
(മിൻഹാജുസുന്ന: 6:11)

ഇതേ അഭിപ്രായം തന്നെ ഇമാം ത്വഹാവി ഇബ്നുൽ മദീനി, അബൂ സുർഅ, അബൂ ഹാതിം അർറാസി, അഹ്മദിബ്നു ഹമ്പൽ തുടങ്ങി ഒട്ടനവധി പണ്ഡിതരിൽ നിന്നും ഉദ്ധരിക്കപ്പെട്ടതായി ഇബ്നു തീമിയ്യ സൂചിപ്പിക്കുന്നു.

ഇമാം ക്വുർതുബി പറഞ്ഞു: “ഒരു യുദ്ധ സംഘവും ഭരണാധികാരിയുടെ അനുവാദമില്ലാതെ പുറപ്പെടരുത്; ഭരണാധികാരി അവർക്കു പിന്നിൽ നിരീക്ഷകനായും പോഷക ശക്തിയായും ഉണ്ടായിരിക്കാൻ വേണ്ടി…” (അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ: 5/177)

ഇബ്നു ഖുദാമ പറഞ്ഞു: “ധർമ്മ സമരത്തിന്റെ ഉത്തരവാദിത്തം ഭരണാധികാരിയുടെ മേൽ നിക്ഷിപ്തമാണ്. അക്കാര്യത്തിൽ ഭരണാധികാരിയാണ് (ഗുണ-ദോഷങ്ങൾ) ഗവേഷണം നടത്തേണ്ടത്..” (അൽ മുഗ്‌നി: 16/13)

“ഭരണനേതൃത്വത്തിന്റെ അനുവാദമില്ലാതെ പ്രജകൾ പുറപ്പെടരുത്. കാരണം യുദ്ധവുമായി ബന്ധപ്പെട്ട നേതൃത്വം ഭരണാധികാരിയിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. ശത്രുക്കളെ സംബന്ധിച്ച് വിശദമായ അറിവ് ഭരണ നേതൃത്വത്തിനാണ് ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ഭരണാധികാരിയുടെ അഭിപ്രായത്തെ അവലംബിക്കണം. മുസ്‌ലിംകളുടെ ഗുണദോഷങ്ങളെ സംബന്ധിച്ച വിശാലമായ അറിവ് ഭരണാധികാരിക്കാണുണ്ടാവുക. ഇനി ശത്രുക്കൾ പൊടുന്നനെ മുസ്‌ലിംകളെ ഇങ്ങോട്ട് ആക്രമിക്കുകയാണെങ്കിൽ (പ്രതിരോധത്തിനായി) ഭരണാധികാരിയുടെ സമ്മതം കാത്തു നിൽക്കേണ്ടതില്ല.”
(അൽ മുഗ്‌നി: 9/213)

ബഹൂതി പറഞ്ഞു: “ഭരണാധികാരിയുടെ അനുവാദമില്ലാതെ യുദ്ധം ചെയ്യൽ അനുവദനീയമല്ല. കാരണം, ഭരണാധികാരിയാണ് യുദ്ധത്തെ സംബന്ധിച്ച് ഏറ്റവും ജ്ഞാനമുള്ളവൻ, അയാളിലേക്കാണ് യുദ്ധത്തിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടിരിക്കുന്നതും.”
(കശ്ഫുൽ കനാഅ്: 3/72)

ഇമാം അഹാനവി അൽ ഹനഫിയുടെ ‘ഇഅ്ലാഉ സുനൻ’ (12/4-5) എന്ന ഗ്രന്ഥത്തിലെ ഒരു അദ്ധ്യായത്തിന്റെ പേര് ഇപ്രകാരമാണ്:
“ധർമ സമരങ്ങൾക്ക് ഭരണാധികാരി ഉണ്ടായിരിക്കൽ നിബന്ധനയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിം സമുദായത്തിന് ഭരണാധികാരി ഇല്ലെങ്കിൽ (ഭരണ നേതൃത്വത്തെ കൊണ്ടല്ലാതെ നയിക്കപ്പെടുന്ന യുദ്ധങ്ങളിൽ നിന്നും കലാപങ്ങളിൽ നിന്നും) വിട്ടു നിൽകണമെന്ന മത കൽപ്പന.”

പ്രസ്തുത അദ്ധ്യായത്തിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു:
“… ധർമ്മ സമരത്തിന് ഭരണ നേതൃത്വം ഉപാധിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നും ഈ ഉപാധിയോടു കൂടെ അല്ലാതെ ധർമ്മ സമരം സ്വീകാര്യയോഗ്യമല്ലെന്നും ഹദീസുകളിൽ തെളിവുണ്ട് … ഭരണ നേതൃത്വമില്ലാതെ ധർമ്മ സമരം സ്വീകാര്യമാകില്ല എന്നതിന് (പ്രവാചക ശിഷ്യൻ) ഹുദൈഫയിൽ (റ) നിന്നുമുള ദീർഘമായ ഹദീസ് തെളിവാണ്:

“ഹുദൈഫ (റ) പറയുന്നു: ഞാൻ പ്രവാചകനോട് ചോദിച്ചു: “ആ നന്മക്ക് ശേഷം തിന്മ വരുമോ ?” പ്രവാചകൻ (സ) പറഞ്ഞു: “അതെ ! നരക കവാടങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവർ. ആർ അവർക്ക് ഉത്തരം ചെയ്തുവോ അവനെ അവർ നരകത്തിലേക്ക് എറിയും.” ഞാൻ ചോദിച്ചു: “ആ ഘട്ടം എനിക്ക് എത്തിയാൽ ഞാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ കൽപ്പിക്കുന്നത്?” പ്രവാചകൻ (സ) പറഞ്ഞു: “നീ മുസ്‌ലിംകളുടെ ഇമാമിന്റേയും (ഭരണാധികാരി) ജമാഅത്തിന്റേയും (ഇസ്‌ലാമിക രാഷ്ട്രം) കൂടെ നിൽക്കുക.” ഞാൻ ചോദിച്ചു: “അവർക്ക് ഒരു ഇമാമും ജമാഅത്തും ഇല്ലെങ്കിലോ?”. പ്രവാചകൻ (സ) പറഞ്ഞു: “എങ്കിൽ കക്ഷികളെയെല്ലാം നീ വെടിയുക; വൃക്ഷത്തിന്റെ വേര് കടിച്ചു പിടിച്ചിട്ടെങ്കിലും. നീ ആ നിലയിലായിരിക്കെ നിനക്ക് മരണം വന്നുചേരുന്നത് വരെ.” (സ്വഹീഹുൽ ബുഖാരി: 6708)

ഇസ്‌ലാമിക സമൂഹത്തിൽ ജീവിക്കുന്ന ഒരു മുസ്‌ലിം – അവർക്ക് ഒരു ഭരണാധികാരി ഇല്ലെങ്കിൽ – യുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഹദീസിൽ നിന്നും മനസ്സിലാക്കാം. രാഷ്ട്രമോ ഭരണാധികാരിയോ ഇല്ലാതെ പൂർത്തീകരിക്കപ്പെടാത്ത ധർമ സമരം നയിക്കാൻ മുസ്‌ലിം കൽപ്പിക്കപ്പെട്ടിട്ടില്ല.
(ഇഅ്ലാഉ സുനൻ: 12/4-5 )

ശൈഖ് അബ്ദുല്ല ഇബ്നു അബ്ദുല്ലത്വീഫ്, ശൈഖ് ഹസൻ ഇബ്നു ഹുസൈൻ, ശൈഖ് സഅ്ദിബ്നു ഹമദ് ഇബ്നു അതീഖ്, മുഹമ്മദ് ഇബ്നു അബ്ദുല്ലത്വീഫ് എന്നിവർ ശൈഖ് അബ്ദുൽ അസീസ് ഇബ്നുൽ ഇമാം അബ്ദുർഹ്മാൻ ആലു ഫൈസ്വലിന് എഴുതിയ കത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു..

“മുസ്‌ലിംകൾക്കിടയിൽ ഭിന്നതയും ചില ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ കക്ഷിത്വവും ഉടലെടുക്കാൻ കാരണമായ ഒരു പ്രശ്നം ഞങ്ങളുടെ നിരീക്ഷണത്തിൽ പെടുകയുണ്ടായി; ഭരണാധികാരിയെ അവഗണിച്ചു കൊണ്ടുള്ള കലാപങ്ങളാണത്. ജിഹാദിനെ (ധർമ്മസമരം) ഉദ്ദേശിച്ചാണ് തങ്ങൾ അവ സംഘടിപ്പിക്കുന്നത് എന്ന് കലാപകാരികൾ വാദിക്കുന്നു. എന്നാൽ, ധർമ്മ സമരവും ശത്രുക്കളുമായുള്ള സന്ധിയും കുറ്റ കൃത്യങ്ങൾക്കുള്ള പ്രതിക്രിയകളും എല്ലാം ഭരണാധികാരിക്കു മാത്രം അവകാശപ്പെട്ടതും ബന്ധപ്പെട്ടതുമാണെന്ന യാഥാർഥ്യം അവർ മനസ്സിലാക്കുന്നില്ല. അക്കാര്യങ്ങളിൽ ഭരണീയർക്ക് നിയമവും ഭരണവും കയ്യിലെടുക്കാൻ യാതൊരു അവകാശവുമില്ല. ധർമ്മ സമരത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അവയുടെ ഉപാധികളെ പറ്റി വിശദീകരിക്കവെ “ഭരണാധികാരിയെ അനുസരിച്ചു കൊണ്ടും” എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഭരണാധികാരിയെ കൂടാതെയോ സമ്മതമില്ലാതെയോ യുദ്ധത്തിന് കൊടി കെട്ടി പുറപ്പെടുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരം ചെയ്യുന്നവനല്ല.” (അദ്ദുററു സ്സനിയ്യ: 9/95)

“യുദ്ധം ആരംഭിക്കുക, യുദ്ധത്തിൽ പ്രവേശിക്കുക എന്നിവയൊക്കെ മുസ്‌ലിംകളുടെ കൈകാര്യ കർത്താക്കളുടെ (ഭരണ നേതൃത്വത്തിന്റെ) കാര്യങ്ങളിൽ പെട്ടതാണ്.” എന്ന് സഊദി അറേബ്യയുടെ പരമോന്നത പണ്ഡിത സംഘടനയുടെ ഫത്‌വ ബോർഡായ ‘അല്ലജ്നത്തു ദ്ദാഇമ’ ഫത്‌വ നൽകുകയുണ്ടായി.” (ഫതാവാ ലജ്നത്തു ദ്ദാഇമ: 12/12)

ശൈഖ് ഇബ്നു ഉസൈമീൻ എഴുതി:
“ഏത് കാരണത്താലും, ഭരണാധികാരിയുടെ ആജ്ഞാനുവാദം കൂടാതെയുള്ള യുദ്ധം അനുവദനീയമല്ല. കാരണം യുദ്ധവും ധർമ്മ സമരവുമൊക്കെ ഭരണകർത്താക്കളെ സംബോധന ചെയ്ത് കൊണ്ടാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്, സമൂഹത്തിലെ ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമല്ല അത്… അതുകൊണ്ട് ഭരണാധികാരിയുടെ സമ്മതമില്ലാത്ത യുദ്ധം വിമതവും പരിധി വിട്ട അഴിഞ്ഞാട്ടവുമാകുന്നു. കാരണം ഭരണാധികാരിയുടെ അനുവാദം കൂടാതെ ജനങ്ങൾക്കാർക്കും അവരുടെ ഹിതമനുസരിച്ച് യുദ്ധം ചെയ്യൽ അനുവദിക്കപ്പെട്ടാൽ സമൂഹത്തിൽ അരക്ഷിതാവസ്ഥയാണ് സംജാതമാവുക. തോന്നുന്നവരൊക്കെ കുതിര പുറത്തു കയറി യുദ്ധം ചെയ്യാൻ തുടങ്ങും. അത്തരമൊരു കുത്തഴിഞ്ഞ അവസ്ഥ സംജാതമായാൽ ഭയാനകരമായ കുഴപ്പങ്ങളാണ് അത് മൂലം സംഭവിക്കുക.”
(അശ്ശർഹുൽ മുംതിഅ്: 8:25)

ശൈഖ് ഫൗസാൻ എഴുതി:
“യുദ്ധം കൽപ്പിക്കേണ്ടതും സംഘടിപ്പിക്കേണ്ടതും മുസ്‌ലിംകളുടെ ഭരണാധികാരിയാണ്. ഭരണാധികാരിയുടെ ഉത്തരവാദിത്തത്തിൽ പെട്ടതാണ് ധർമ സമരം സംഘടിപ്പിക്കുക, സൈന്യത്തെ വ്യവസ്ഥപ്പെടുത്തുക, അവയെ നയിക്കുകയോ നയിക്കുന്ന നേതാക്കളെ നിശ്ചയിക്കുകയോ ചെയ്യുക എന്നുള്ളത്. അപ്പോൾ ധർമ്മ സമരം ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. ഭരണാധികാരിയുടെ നേതൃത്വത്തിലായി കൊണ്ടല്ലാതെ യുദ്ധം ചെയ്യൽ മുസ്‌ലിംകൾക്ക് അനുവദിക്കപ്പെട്ടിട്ടില്ല.” (അൽ ജിഹാദു വദവാബിതുഹു: 32)

(അവസാനിച്ചു)

print

1 Comment

  • അൽഹംദുലില്ലാഹ്.. ഇത്ര കൃത്യമായി വിശദീകരിച്ചെഴുതി തെറ്റിദ്ധാരണകൾ തിരുത്തിയ ലേഖകന് അല്ലാഹു ഏറ്റവും നല്ല പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ…

    Afreen 18.11.2020

Leave a comment

Your email address will not be published.