ഇസ്‌ലാമിന്റെ യുദ്ധഭൂമിക -7

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -7
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -7
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -7

Print Now
സ്‌ലാം മുഹമ്മദ് നബിയിലൂടെ കടന്നുവന്ന കാലഘട്ടത്തിൽ ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥയിലൂടെയുള്ള ഈ ഓട്ട പ്രദക്ഷിണത്തിലൂടെ എന്താണ് നാം മനസ്സിലാക്കുന്നത് ? ഡെമോക്രസിയിലും സെക്കുലറിസത്തിലും ഊന്നി ഇന്ന് ലോകത്ത് നിലനിൽക്കുന്ന രാഷ്ട്രഘടനയായിരുന്നില്ല അന്നത്തേത്. അന്യ മതങ്ങളേയോ ആദർശങ്ങളേയോ സംസ്കാരങ്ങളേയോ വെച്ചുപൊറുപ്പിക്കാത്ത സ്വേച്ചാധിപത്യ ഭരണകൂടങ്ങളായിരുന്നു ലോകത്ത് ഭൂരിഭാഗവും രാജ്യങ്ങളിലും നിലനിന്നിരുന്നത്. ജനാധിപത്യമോ മത സഹിഷ്ണുതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത കിരാത വാഴ്ച്ച.

ഇതാണ് ഇസ്‌ലാമിന്റെ യുദ്ധഭൂമിക. ഈ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഊന്നി നിന്നു കൊണ്ടേ ഇസ്‌ലാമിലെ യുദ്ധങ്ങളെ വായിച്ചറിയാവൂ. പ്രതിരോധത്തിനും മത സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങൾ മുഴുവനും. ഈ സമൂഹങ്ങൾക്ക് മുമ്പിലാണ് “ഒന്നുകിൽ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കിൽ ജിസ്‌യ നൽകുക, അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാവുക” എന്ന് ഇസ്‌ലാമിക സമൂഹം പ്രഖ്യാപിച്ചത്. അതല്ലാതെ ഇന്ന് ലോകത്ത് നിലനിൽക്കുന്ന മതേതര സ്വഭാവമോ ആദർശ സഹവർത്തിത്വമോ രാഷ്ട്രീയ പ്രകൃതിയായി സ്വീകരിച്ച സാമൂഹിക പശ്ചാത്തലത്തോടായിരുന്നില്ല പ്രസ്തുത സമരങ്ങൾ. ഈ സമൂഹത്തോട് അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സായുധ സമരത്തിൽ ഏർപ്പെടുകയല്ലാതെ മറ്റെന്താണ് മുസ്‌ലിംകളുടെ – പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ആവിർഭാവ ഘട്ടത്തിൽ – മുമ്പിലുണ്ടായിരുന്ന വഴി !!

പ്രതിരോധ യുദ്ധങ്ങളല്ലാത്ത ഇസ്‌ലാമിക യുദ്ധങ്ങൾ തന്നെയും നിർബന്ധിത മതപരിവർത്തനത്തിനു വേണ്ടിയല്ല നടന്നത് എന്നർത്ഥം. മറിച്ച്, മത സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ടാണ് ഒന്നുകിൽ ജിസ്‌യ നൽകുക എന്ന മൂന്നാമതൊരു ഓപ്‌ഷൻ ശത്രുക്കൾക്കു മുമ്പിൽ വെക്കപ്പെട്ടത്. നിർബന്ധിത മതപരിവർത്തനമായിരുന്നു സ്വാതന്ത്ര്യ യുദ്ധങ്ങളുടെ ലക്ഷ്യമെങ്കിൽ ശത്രുക്കൾക്കു മുമ്പിൽ രണ്ടേ രണ്ട് തിരഞ്ഞെടുപ്പുകളേ ഇസ്‌ലാം മുന്നോട്ടു വെക്കുമായിരുന്നുള്ളു; ഒന്നുകിൽ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കിൽ യുദ്ധത്തിൽ കൊല്ലപ്പെടുക. പക്ഷെ, മൂന്നാമതൊരു ഓപ്ഷൻ ഇസ്‌ലാം ശത്രു സൈന്യത്തിന് മുന്നിൽ വെച്ചു… ജിസ്‌യ നൽകുക എന്ന മൂന്നാമത്തെ ഓപ്‌ഷൻ. ഇസ്‌ലാമിക ഭരണത്തിനു കീഴിൽ പൂർണ്ണ മത സ്വാതന്ത്ര്യങ്ങളോടെയും അവകാശങ്ങളോടെയും ജീവിക്കാൻ ഇതു വഴി ഒരു അമുസ്‌ലിമിന് സാധിക്കുന്നു. കാരണം, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഭരണ വ്യവസ്ഥ തീവ്രമതവികാരത്തിൽ അധിഷ്ഠിതമായ സ്വേച്ഛാധിപത്യ ഭരണകൂടമല്ല; ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ മതഭരണമാണ്. അവിടെയും ഇസ്‌ലാമിക ഭരണത്തിനു കീഴിൽ പ്രസ്തുത സമൂഹങ്ങളെ അടക്കിഭരിക്കുകയല്ല ലക്ഷ്യം. മറിച്ച്, അന്നത്തെ തിയോക്രാറ്റിക്ക് ഓട്ടോക്രസികളിൽ (തീവ്രമതവികാരത്തിൽ അധിഷ്ഠിതമായ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ) ഇസ്‌ലാമിൽ ആകൃഷ്ടരാകുന്നവർക്ക് ഇസ്‌ലാം സ്വീകരിക്കാനുള്ള വഴിയൊരുക്കാനും ഇസ്‌ലാം അനുസരിച്ചുള്ള ജീവിതം എളുപ്പമാവാനും ഇസ്‌ലാമിക പ്രബോധനം സാധ്യമാകാനും അവരുടെ മേൽ ഭരണം നേടിയെടുക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ കടന്നുവരവിനെ ആ കാലഘട്ടത്തിലെ ഗോത്ര സമൂഹങ്ങളും നാട്ടുരാജ്യങ്ങളും മത സമുദായങ്ങളും എത്രത്തോളം അസഹിഷ്ണുതയോടെയാണ് സ്വീകരിച്ചത് എന്ന് ചരിത്രസാക്ഷ്യങ്ങളോടെ നാം വിശദീകരിച്ചല്ലോ. ഇത്തരമൊരു ലോക വ്യവസ്ഥയിൽ ഇസ്‌ലാമിന്റെ അതിജീവനവും പ്രചാരണവും മറ്റെന്തു മാർഗത്തിലൂടെയാണ് സാധ്യമാകുമായിരുന്നത്? ഇത്തരമൊരു ഭൂമികയിൽ സമ്പൂർണ അഹിംസ രാഷ്ട്രീയ നയമായി ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കിൽ ഇതര സമൂഹങ്ങൾ ഇസ്‌ലാമിനെ വിഴുങ്ങുമായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറം വെളിച്ചം കാണാതെ അജ്ഞതയുടെ അഗണ്യകോടിയിൽ അലിഞ്ഞില്ലാതെയാവുമായിരുന്നു (; ദൈവത്തിൽ നിന്നുള്ള മതമായിരുന്നില്ല ഇസ്‌ലാം എങ്കിൽ.)

പക്ഷെ ഇസ്‌ലാം ദൈവത്തിൽ നിന്നുള്ള ആദർശമായത് കൊണ്ടും പ്രാവർത്തിക മതമായത് കൊണ്ടും അനിവാര്യ ഘട്ടങ്ങളിലുള്ള സായുധ സമരങ്ങൾക്ക് അനുവാദം നൽകപ്പെട്ടു. ഇസ്‌ലാം ദൈവത്തിൽ നിന്നുള്ള സന്മാർഗ സന്ദേശമാണ്. അത് ലോകം മുഴുവനും – കുടിലും കൊട്ടാരവും വ്യത്യാസമില്ലാതെ – എത്തിക്കുക എന്നത് ദൈവത്തിന്റെ ബാധ്യതയാണല്ലോ. അവൻ സ്വയം ഏറ്റെടുത്ത ബാധ്യത. അതിന് സാമൂഹിക അസഹിഷ്ണുതയും രാഷ്ട്രീയ തടസ്സങ്ങളും വിഘ്നങ്ങളായി കൂടാ. സത്യത്തിന്റെ ശത്രുക്കൾ രാഷ്ട്രങ്ങളുടേയും നാട്ടുരാജ്യങ്ങളുടേയും അതിർത്തികളിൽ വാളേന്തി നിൽക്കുകയും വാതിലുകൾ കൊട്ടിയടക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ വാളുകൊണ്ടല്ലാതെ ആ തടസ്സത്തെ നീക്കാൻ കഴിയില്ലായിരുന്നു. ഇന്നത്തെ ലോക-രാഷ്ട്ര വ്യവസ്ഥ അന്നത്തേതല്ല. രാഷ്ട്രങ്ങളുടെ വാതിലുകൾ ഏത് ആദർശങ്ങൾക്കും മതങ്ങൾക്കും മുമ്പിൽ – താത്ത്വികമായെങ്കിലും – മലർക്കേ തുറന്നിടപ്പെട്ടിരിക്കുകയാണ്, ഇന്ന്. ഇവിടെ, വാതിലുകളുടെ കാവൽക്കാർ വാളേന്തി നിൽക്കുന്നില്ല. പിന്നെയെന്തിന് മുസ്‌ലിംകൾ വാളെടുക്കണം ?!. വാതിലുകൾ കൊട്ടിയടക്കപ്പെട്ടാലല്ലേ ചവിട്ടി തുറക്കേണ്ടതുള്ളു ?!. തുറന്നു കിടക്കുന്ന വാതിൽ ആരെങ്കിലും ചവിട്ടി തുറക്കാൻ ശ്രമിക്കുമോ?!!

ഐക്യ രാഷ്ട്ര സഭയുടെ പൊതു സഭ (ജനറൽ അസംബ്ലി) പാസ്സാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights – UDHR) ലോക രാഷ്ട്രങ്ങൾ താത്ത്വികമായി അംഗീകരിക്കുന്ന നിലയിലാണ് ആധുനിക ലോകക്രമം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉള്ളടങ്ങിയ വകുപ്പുകളുടെ ചില ഭാഗങ്ങൾ കാണുക:

വകുപ്പ്: 1
മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചിട്ടുള്ളവരാണ്. അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ് മനുഷ്യന് വിവേകബുദ്ധിയും മനസ്സാക്ഷിയും സിദ്ധമായിരിക്കുന്നത്.

വകുപ്പ്: 2
ജാതി, മതം, നിറം, ഭാഷ, സ്ത്രീപുരുഷഭേദം, രാഷ്ട്രീയാഭിപ്രായം, സ്വത്ത്, കുലം എന്നിവയെ കണക്കാക്കാതെ ഈ പ്രഖ്യാപനത്തിൽ പറയുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സർവ്വജനങ്ങളും അർഹരാണ്.

ഒരു വ്യക്തി ഉൾപ്പെടുന്ന രാജ്യത്തിന്റേയോ പ്രദേശത്തിന്റേയോ (സ്വതന്ത്രമോ, പരിമിത ഭരണാധികാരത്തോടുകൂടിയതോ ഏതുമാകട്ടെ) രാഷ്ട്രീയമായതോ അധികാരാതിർത്തിപരമായതോ അന്താരാഷ്ട്രമായതോ ആയ സ്ഥിതിയെ അടിസ്ഥാനമാക്കി ഈ പ്ര്യഖ്യാപനത്തിലെ അവകാശങ്ങളെ സംബന്ധിച്ചേടത്തോളം യാതൊരു വ്യത്യാസവും യാതൊരാളോടും കാണിക്കുവാൻ പാടുള്ളതല്ല.

വകുപ്പ്: 7
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. യാതൊരു ഭേദവും കൂടാതെ നിയമത്തിന്റെ പരിരക്ഷക്ക് എല്ലാവരും അർഹരാണ്. ഈ പ്രഖ്യാപനത്തെ ലംഘിച്ചുകൊണ്ടുള്ള ഏതൊരു വിവേചനത്തിനും അങ്ങനെയുള്ള വിവേചനങ്ങൾക്കായുള്ള പ്രേരണയ്‌ക്കും എതിരെ എല്ലാവർക്കും തുല്യരക്ഷക്ക് അർഹതയുണ്ട്.

വകുപ്പ്: 8
ഭരണഘടനയാലോ നിയമത്താലോ സമ്മതിക്കപ്പെട്ട മൗലികവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമാനുസൃതമായ പ്രതിവിധി തേടാനുള്ള അവകാശം എല്ലാവർക്കും ഉണ്ടായിരിക്കുന്നതാണ്.

വകുപ്പ്: 18
സ്വതന്ത്രചിന്തക്കും സ്വതന്ത്ര മതവിശ്വാസത്തിനും എല്ലാവർക്കും അധികാരമുണ്ട്‌. ഒറ്റക്കായോ കൂട്ടമായിത്തന്നേയോ മതം മാറുവാനും പരസ്യമായോ രഹസ്യമായോ തന്റെ മതവിശ്വാസങ്ങളെ പ്രകടിപ്പിക്കുവാനും ആചരിക്കുവാനും ആരാധിക്കാനുമുള്ള അധികാരവും ഇതിൽതന്നെ അടങ്ങിയിരിക്കുന്നു.

വകുപ്പ്: 19
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്നു എല്ലാവർക്കും അധികാരമുണ്ട്‌. അതായത്‌ യാതൊരു തടസ്സവും കൂടാതെ അഭിപ്രായങ്ങളെ ആരായുവാനും മറ്റുള്ളവർക്ക്‌ ഏതൊരുപാധിയിൽ കൂടിയും യാതൊരതിർത്തികളെയും കണക്കാക്കാതെ എല്ലായിടത്തുമെത്തിക്കുവാനുള്ള അധികാരവുമുണ്ടെന്നു താൽപ്പര്യം.
( https://www.un.org/en/universal-declaration-human-rights/index.html)

ഇത്തരം അവകാശങ്ങളുടേയും സ്വാതന്ത്ര്യങ്ങളുടേയും സാക്ഷാൽക്കാരത്തിനായിരുന്നു ഇസ്‌ലാമിലെ ‘സ്വാതന്ത്ര്യ യുദ്ധങ്ങൾ’ എന്ന് ഓർക്കുക. അപ്പോൾ ഇസ്‌ലാം സ്വാതന്ത്ര്യ യുദ്ധങ്ങളിലൂടെ ലക്ഷ്യം വെച്ച വ്യവസ്ഥാ മാറ്റം ആധുനിക ലോക ക്രമത്തിൽ സാക്ഷാത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. രാഷ്ട്രങ്ങൾ ഈ മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ പൗരത്വ കരാറുകളെന്ന നിലക്ക് തത്ത്വത്തിലെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരം കരാറുകൾ പാലിക്കുന്നതിന് ഇസ്‌ലാം അങ്ങേയറ്റം പ്രാധാന്യം നൽകുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രങ്ങൾ തമ്മിലുള്ള ഇത്തരം കരാറുകൾ കാറ്റിൽ പറത്താൻ ഇസ്‌ലാം ഒരു നിലക്കും അനുവാദം നൽകുന്നില്ല.

സുലൈമിബ്നു ആമിർ പറഞ്ഞു: ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്ന മുആവിയക്കും റോമൻ സാമ്രാജ്യത്തിനുമിടയിൽ കാലപരിധി നിശ്ചയിച്ച് ഒരു സമാധാനകരാർ ഉണ്ടായിരുന്നു. ഈ കരാറിന്റെ കാലാവധി തീർന്നാൽ റോമുമായി യുദ്ധം നടത്താൻ തയ്യാറായി നിൽക്കുന്നതിന് അവരുടെ നാട്ടിലേക്ക് സൈന്യവുമായി നീങ്ങുകയായിരുന്നു മുആവിയ (റ). അപ്പോൾ ഒരാൾ കുതിരപ്പുറത്ത് വന്ന് ഇപ്രകാരം വിളിച്ചു പറഞ്ഞു: “അല്ലാഹു അക്ബർ, കരാർ പൂർത്തീകരിക്കുക. വഞ്ചിക്കരുത്.” അപ്പോൾ സൈന്യം അയാളെ നോക്കി. അത് പ്രവാചക ശിഷ്യൻ അംറിബ്നു അബസ (റ) ആയിരുന്നു. ഉടനെ മുആവിയ അദ്ദേഹത്തിനടുത്തേക്ക് ആളെ വിട്ട് കാര്യമന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ആരെങ്കിലും ഒരു സമൂഹവുമായി (കാലപരിധി നിശ്ചയിച്ച്) കരാർ ചെയ്താൽ ആ കരാറിന്റെ കാലപരിധി അവസാനിക്കുകയോ പ്രതിപക്ഷം കരാർ ലംഘിക്കുകയോ ചെയ്യും വരെ കരാർ മുറുക്കുകയോ അഴിക്കുകയോ ചെയ്യരുത്. (കരാർ ഒരു രൂപത്തിലും ലംഘിക്കരുത് എന്നർത്ഥം). (സുനനു അബൂദാവൂദ്: 2759, ജാമിഉ തുർമുദി: 1580)

ഈ ഹദീസിൽ നിന്നും രണ്ടു കാര്യങ്ങൾ മനസ്സിലാക്കാം:

ഒന്ന്, ഒന്നുകിൽ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കിൽ ജിസ്‌യ നൽകുക എന്ന തിരഞ്ഞെടുപ്പുകൾക്ക് പുറമെ വേറെയും തിരഞ്ഞെടുപ്പുകൾ ശത്രു രാജ്യങ്ങൾക്ക് ഇസ്‌ലാം നൽകിയിട്ടുണ്ട്. യുദ്ധ വർജ്ജന കരാർ (അൽ മുഹാദന المهادنة ), സമാധാന സന്ധി (അൽ മുആഹദ المعاهدة) എന്നിവയാണത്. (ഈ തിരഞ്ഞെടുപ്പിൽ ഏതാണ് ഇസ്‌ലാമിനോട് ശത്രുത വെച്ചുപുലർത്തുന്ന ഓട്ടോക്രാറ്റിക് ഭരണകൂടങ്ങൾക്ക് മുമ്പിൽ സമർപ്പിക്കേണ്ടത് എന്നത്, യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ട് സാമൂഹിക നന്മ എന്താണെന്ന് വിലയിരുത്തിയാണ് നിർണയിക്കപ്പെട്ടിരുന്നത്.) സാമൂഹിക നന്മക്ക് ഏതാണ് അനുയോജ്യം എന്നതിനനുസൃതമായി, ഈ യുദ്ധ വർജ്ജന കരാറും സമാധാന സന്ധിയും കാലപരിധി നിർണയിച്ചും അല്ലാതെയും എന്നെന്നേക്കുമായുമൊക്കെ നിശ്ചയിച്ചുറപ്പിക്കാവുന്നതാണ്.

രണ്ട്, ഇത്തരത്തിൽ കരാറുകളിൽ ഏർപ്പെട്ട രാഷ്ട്രങ്ങളേയോ അമുസ്‌ലിംകളേയോ ഒരു നിലക്കും ഉപദ്രവിക്കാനോ, അന്യായമായി കരാർ ഉപേക്ഷിക്കുവാനോ ലംഘിക്കുവാനോ ഇസ്‌ലാം അനുവാദം നൽകുന്നില്ല.

പ്രവാചകൻ (സ) പറഞ്ഞു: “സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല.” (സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166)

സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: ‘അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുകയോ, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയോ, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുകയോ ചെയ്താൽ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ അവനുമായി (ആ അമുസ്‌ലിമിന്റെ അവകാശങ്ങളുടെ കാര്യത്തിൽ) തര്‍ക്കത്തിലേര്‍പെടും. (അബൂദാവൂദ്: 3052).

(തുടരും)

No comments yet.

Leave a comment

Your email address will not be published.