ഇസ്‌ലാമിന്റെ തണുപ്പ് അയല്‍വാസിയും അനുഭവിക്കണം

//ഇസ്‌ലാമിന്റെ തണുപ്പ് അയല്‍വാസിയും അനുഭവിക്കണം
//ഇസ്‌ലാമിന്റെ തണുപ്പ് അയല്‍വാസിയും അനുഭവിക്കണം
ഖുർആൻ / ഹദീഥ്‌ പഠനം

ഇസ്‌ലാമിന്റെ തണുപ്പ് അയല്‍വാസിയും അനുഭവിക്കണം

Print Now

അബൂദറ് (റ) നിവേദനം: നബി (സ) പറഞ്ഞു: അബൂദറേ നീ കറി പാകം ചെയ്യുമ്പോള്‍ വെള്ളം അധികരിപ്പിക്കുക. നിന്റെ അയല്‍വാസിക്കും അതില്‍ നിന്ന് നീ നല്‍കുക. (മുസ്‌ലിം)

”ബന്ധങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്, ബന്ധങ്ങളില്ലെങ്കില്‍ മനുഷ്യനില്ല.” വളരെ അര്‍ത്ഥവത്തായ ആപ്ത വാക്യമാണിത്. ബന്ധങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിന് ആനന്ദവും അര്‍ത്ഥവും സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെ ബന്ധങ്ങള്‍ക്ക് ഇസ്‌ലാം വളരെയേറെ പ്രാധാന്യം നല്‍കിയതായി കാണാന്‍ സാധിക്കും. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് അയല്‍പക്ക ബന്ധം. ബന്ധങ്ങള്‍ക്കിടയില്‍ മതിലുകള്‍ പണിയുന്ന ഈ ആധുനിക കാലഘട്ടത്തില്‍ ഒരു മുസ്‌ലിമിന്റെ അയല്‍പക്ക ബന്ധം എങ്ങനെയാവണമെന്ന് വളരെ ലളിതമായി പ്രവാചകന്‍ (സ) ഈ ഹദീഥിലൂടെ വരച്ചു കാണിക്കുകയാണ്. ദാനധര്‍മങ്ങള്‍ നല്‍കിയും, മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുത്തും നിന്റെ അയല്‍ക്കാരനെ സന്തോഷിപ്പിക്കാനുള്ള സാമ്പത്തികശേഷി നിനക്കില്ലെങ്കിലും, നീ പാകം ചെയ്യുന്ന കറിയില്‍ അല്‍പം വെള്ളം അധികരി പ്പിച്ച് നിന്റെ അയല്‍വാസിക്ക് നല്‍കാന്‍ സാധിക്കണമെന്നാണ് നബി തിരുമേനി (സ) പഠിപ്പിക്കുന്നത്. അബൂദറേ എന്ന വിളി അബൂദററുല്‍ ഗിഫാരിയോട് മാത്രമല്ല, മറിച്ച് മുഴുവന്‍ മുസ്‌ലിംകളോടുമാണ്.

അയല്‍വാസികളോട് നല്ലനിലയില്‍ വര്‍ത്തിക്കാനുള്ള ക്വുര്‍ആനിന്റെ ശാസന കാണുക. ”മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥ കളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക.” (4:36) രക്തബന്ധത്തിന് തുല്യമായാണ് അയല്‍ പക്ക ബന്ധത്തെ ഇസ്‌ലാം കാണുന്നത്. നബി (സ) പറയുന്നു: ”അയല്‍വാസിക്ക് നന്മ ചെയ്യാന്‍ ജിബ്‌രീല്‍ എന്നെ ഉപദേശിച്ചു കൊണ്ടേ യിരുന്നു. അവസാനം അയല്‍വാസിക്ക് അനന്തരസ്വത്തും നല്‍കേണ്ടി വരുമോ എന്നു ഞാന്‍ വിചാരിച്ചുപോയി.” (ബുഖാരി, മുസ്‌ലിം).

അവിചാരിതമായി വീട്ടിലേക്ക് അതിഥികള്‍ കയറി വന്നാല്‍ അയല്‍പക്കത്തെ ആയിശത്താന്റെയും അമ്മിണിയമ്മയുടെയും വീട്ടിലേക്ക് ഓടുന്ന ഒരു മലയാളിത്തനിമ നമുക്കുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധങ്ങള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ന്നുവന്നു. അയല്‍വാ സികള്‍ അന്യരായി, അടുത്തവര്‍ അകന്നുപോയി, അകലങ്ങള്‍ കൂടിക്കൂടി വരുന്നു. നാം രണ്ട് നമുക്കൊന്ന് എന്ന മുദ്രാവാക്യവുമായി സ്വന്തം വീടിനകത്ത് ഭാര്യയും മക്കളുമായി നാം ഒതുങ്ങിക്കൂടുന്നു. അതല്ല ഇസ്‌ലാം പഠിപ്പിക്കുന്ന സാമൂഹികജീവിതം. മറിച്ച് കൊണ്ടും, കൊടുത്തും, സ്‌നേഹിച്ചും, സ്‌നേഹിക്കപ്പെട്ടും, ഇണങ്ങിയും, ഇഷ്ടപ്പെട്ടും മുന്നോട്ട് പോകേണ്ടതാണ് മുസ്‌ലിമിന്റെ ജീവിതം. നബി തിരുമേനി (സ) പറയുന്നു: ”അല്ലയോ മുസ്‌ലിം സ്ത്രീകളേ, നിങ്ങളുടെ അയല്‍ക്കാരികള്‍ക്ക് ഒരു ആടിന്റെ കുളമ്പ് കൊടുക്കുന്നതുപോലും നിങ്ങള്‍ നിസാരമായി കാണരുത്. (ബുഖാരി, മുസ്‌ലിം)

അയല്‍ക്കാരുടെ കൂട്ടത്തില്‍ നാം പ്രഥമ പരിഗണന നല്‍കേണ്ടത് കുടുംബക്കാര്‍ക്കാണ്. പിന്നീട് അടുത്ത അയല്‍വാസികള്‍ക്ക്, പിന്നീട് അകന്നവര്‍ക്കും. ”ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ തന്റെ അയല്‍വാസിയോട് നല്ലനിലയില്‍ വര്‍ത്തിച്ചുകൊള്ളട്ടെ.” (മുസ്‌ലിം) മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു: ”അല്ലാഹുവാണെ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ വിശ്വാസിയാവുകയില്ല, അല്ലാഹുവാണെ വിശ്വാസിയാവുകയില്ല. അനുചരന്‍മാര്‍ ചോദിച്ചു: നബിയേ ആരാണ് വിശ്വാസിയാവാത്തത്? പ്രവാചകന്‍ (സ) പ്രതിവചിച്ചു: തന്റെ അയല്‍ക്കാരനെ ഉപദ്രവിക്കുന്നവന്‍ സത്യവിശ്വാസിയാവുകയില്ല.” (ബുഖാരി, മുസ്‌ലിം). നന്മ നിറഞ്ഞ മനസ്സുമായി അയല്‍വാസിയുടെ വീട്ടിലേക്ക് നടന്നുനീങ്ങുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള പാതയിലാണ്. അയല്‍ക്കാര്‍ക്ക് കൊടുത്തും അവരില്‍നിന്ന് വാങ്ങിയുമുള്ള ജീവിതം പ്രവാചകചര്യയാണ്; പ്രവാചകന്‍ (സ) പറയുന്നു: ”അല്ലാഹുവിന്റെ അടുത്ത കൂട്ടുകാര്‍ തന്റെ കൂട്ടുകാര്‍ക്ക് നന്മ ചെയ്യുവന്നരാണ്. അല്ലാഹുവിന്റെ അടുത്ത അയല്‍ക്കാര്‍ തന്റെ അയല്‍ക്കാര്‍ക്ക് നന്മ ചെയ്യുവന്നരാണ്.” (തിര്‍മിദി)

1 Comment

  • 👍

    Mubashira N 26.08.2019

Leave a comment

Your email address will not be published.