ഇസ്‌ലാമിനെ തെറി പറയാം; എനിക്കല്പം പ്രസിദ്ധി തരാമോ?

//ഇസ്‌ലാമിനെ തെറി പറയാം; എനിക്കല്പം പ്രസിദ്ധി തരാമോ?
//ഇസ്‌ലാമിനെ തെറി പറയാം; എനിക്കല്പം പ്രസിദ്ധി തരാമോ?
ആനുകാലികം

ഇസ്‌ലാമിനെ തെറി പറയാം; എനിക്കല്പം പ്രസിദ്ധി തരാമോ?

Print Now

സ്‌ലാമിനെക്കുറിച്ച് ഭയമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടുള്ള ഒരു യുക്തിവാദി സഹോദരിയുടെ പോസ്റ്റ് കണ്ടപ്പോൾ സഹതാപമാണ് തോന്നിയത്. വെറും പ്രസിദ്ധിക്കുവേണ്ടി മനുഷ്യർക്ക് ഇങ്ങനെയെല്ലാം തരം താഴാൻ കഴിയുമോ?! ചിലർ അങ്ങനെയാണ്! പ്രസിദ്ധിക്കുവേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവർ! മലയാളികൾ ഇവരെ കേൾക്കാൻ തുടങ്ങിയത് പൊതു വേദികളിൽ വെച്ച് മുഖമക്കനയിട്ട ഒരു സ്ത്രീ ഹദീഥുകളെ തെറിപറയുന്നുവെന്ന വൈചിത്ര്യം മുതലാണ്; ക്വുർആൻ മാത്രമാണ് ഇസ്‌ലാമിന്റെ പ്രമാണമെന്ന് പ്രസംഗിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. ക്വുർആൻ സൊസൈറ്റിക്കാരൊഴികെ ആരും അപ്പോൾ അവരെ കാര്യമായി ശ്രദ്ധിച്ചില്ല. ചേകന്നൂർ മൗലവിക്ക് ശേഷം കേരളം കണ്ട മഹാവിപ്ലവകാരിയായി ഹദീഥ് നിഷേധികളിൽ ചിലർ അവരെ വാഴ്ത്തിയെങ്കിലും പൊതുസമൂഹത്തിന് അവരെ വേണ്ടായിരുന്നു. പള്ളിയിൽ ജുമുഅഃക്ക് നേതൃത്വം വഹിച്ചുകൊണ്ട് മാധ്യമങ്ങളിൽ തന്നെക്കുറിച്ച് ചർച്ചയുണ്ടാക്കാൻ ശ്രമിച്ചുകൊണ്ട് കേരളത്തിലെ ആമിനാ വദൂദായി സ്വയം ചമയുവാനായിരുന്നു പിന്നീടുള്ള ശ്രമം. അപ്പോഴും മുസ്‌ലിം സമൂഹം അവരെ തീരെ ശ്രദ്ധിച്ചില്ല. സമുദായം അവരെ കണ്ടതായിപ്പോലും ഭാവിച്ചില്ല. അവരെ ആരോ കൊല്ലാൻ നടക്കുന്നുവെന്നെല്ലാം പറഞ്ഞ് പബ്ലിസിറ്റിയുണ്ടാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതും സഹാതാപകരമായി പൊട്ടി. ഇപ്പോൾ ഇസ്‌ലാമിനെയും നബി(സ)യെയും നാല് തെറി പറഞ്ഞ് പ്രസിദ്ധിക്ക് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. അതിന് കയ്യിലുള്ള ആയുധമാകട്ടെ, വെറും കട്ട് ആൻറ് പേസ്റ്റ് ഉരുപ്പടികളും! അതിൽ ഉള്ളത് മുഴുവൻ മുസ്‌ലിം പണ്ഡിതന്മാർ നിരവധി തവണ മറുപടി പറഞ്ഞ പുളിച്ച ആരോപണങ്ങൾ മാത്രം !! ഇസ്‌ലാംഭീതി വളർത്താനായി ശമ്പളം കിട്ടി പണിയെടുക്കുന്നവരുടെ ബ്ലോഗുകളിൽ നിന്ന് കട്ട് ചെയ്ത് പോസ്റ്റ് ചെയ്യുമ്പോൾ അതിലെ അക്ഷരത്തെറ്റുകളെങ്കിലും ആവർത്തിക്കാതിരിക്കാമായിരുന്നു! പബ്ലിസിറ്റിക്കുവേണ്ടിയുള്ള ഈ പരക്കം പാച്ചിലിനിടയിൽ അതിനെല്ലാം എവിടെ നേരം!!??

ഇസ്‌ലാമോഫോബിയയും പ്രവാചകനിന്ദയും അരങ്ങു തകർക്കുന്ന സമകാലിക സാഹചര്യത്തിൽ, ഇസ്‌ലാമിനെ കിട്ടിയ ആയുധങ്ങളുപയോഗിച്ച് കടന്നാക്രമിക്കുവാനും അതുവഴി പൊതു ജനശ്രദ്ധ നേടാനും മത്സരിക്കുകയാണ് ഈ സഹോദരിയെപ്പോലെയുള്ള പലരും. യാതൊരടിസ്ഥാനവുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾ ഇങ്ങ് കേരളത്തിലും “യുക്തിവാദ”ത്തിൻ്റെ ലേബലിൽ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമോഫോബിയ വളർത്താനും അതുവഴി കേരളത്തിൻ്റെ മതസൗഹാർദ്ദാന്തരീക്ഷത്തെ തകർക്കാനും കിണഞ്ഞ് പരിശ്രമിക്കുന്നവരിൽ പലരും കേരളീയ പൊതു സമൂഹത്തിന്നിടയിലുള്ള പബ്ലിസിറ്റിക്ക് വേണ്ടിയും ദേശീയ അന്തർദേശീയ യുക്തിവാദി സംഘടനകളിൽ നിന്നുള്ള സർവ്വാംഗീകാരം നേടുന്നതിന് വേണ്ടിയും നടത്തുന്ന പ്രവാചകനിന്ദാ പ്രകടനങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു പരിശോധിക്കേണ്ടതുണ്ട്. തങ്ങളുടെ എഴുത്തുകളിലൂടെയും സംസാരങ്ങളിലൂടെയും നിരന്തരം തെറ്റുധാരണകൾ വളർത്തി ജനങ്ങളുടെ മനസ്സിൽ പരസ്പര വിദ്വേഷത്തിൻ്റെ വിത്ത് വിതക്കാൻ ശ്രമിക്കുന്ന ഇത്തരം നിന്ദ്യമായ നുണപ്രചാരണങ്ങളോട് പ്രതികരിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ്, അവഗണന മാത്രമേ അവർ അർഹിക്കുന്നുള്ളൂവെങ്കിലും, ഇപ്പോൾ അല്പം സംസാരിക്കേണ്ടി വരുന്നത്.

ഇസ്‌ലാമിനെ വിമർശിക്കുകയും പ്രവാചകനെ നിന്ദിക്കുകയും ചെയ്തു കൊണ്ട് പ്രസിദ്ധിദാഹിയായ സഹോദരിയെഴുതിയ ലേഖനം മുഴുവനും പച്ചക്കള്ളമാണെന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ക്വുർആനിന്റെ ആയത്ത് നമ്പറും ഹദീഥ് നമ്പറുമടക്കം ഉദ്ധരിക്കുന്നുണ്ടെങ്കിലും, മുൻ വിധികൾ കൂടാതെ അതേ ടെക്സ്റ്റുകൾ വായിക്കുന്ന ഏവർക്കും അവയിലുള്ളതെന്താണെന്ന പരമാർത്ഥം മനസ്സിലാകും. മഹാപണ്ഡിതയായി വേഷമിടുന്ന താൻ പറയുന്നതെല്ലാം കളവാണെന്നതിന് അവർ തന്നെയാണ് ഏറ്റവും നല്ല തെളിവ്. മുസ്‌ലിംകളല്ലാത്തവരുടെയെല്ലാം പിരടിക്ക് വെട്ടിക്കൊല്ലാനാണ് ക്വുർആൻ പഠിപ്പിക്കുന്നതെന്നാണ് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. താൻ വർഷങ്ങളോളം ക്വുർആനും നബിചര്യയും ഒരു ഇസ്‌ലാമികകോളേജിൽ നിന്ന് പഠിച്ചുവെന്നാണ് അവരുടെ അവകാശവാദം. ഒന്ന് ചോദിച്ചോട്ടെ… ക്വുർആനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എത്ര പേരെ ഈ കാലയളവിനുള്ളിൽ സഹോദരി പിരടിക്ക് വെട്ടി? സഹോദരിയെ ക്വുർആൻ പഠിപ്പിച്ച അധ്യാപകർ എത്രപേരെ വീതം വെട്ടിക്കൊന്നു? വർഷങ്ങളോളമുള്ള ക്വുർആൻ പഠനത്തിനുശേഷവും ഒരാളുടെയും പിരടിക്ക് വെട്ടാൻ സഹോദരിക്കോ അധ്യാപകർക്കോ തോന്നിയിട്ടില്ലെങ്കിൽ ക്വുർആനിനല്ല കുഴപ്പമെന്ന് വ്യക്തം. പിന്നെ ആർക്കാണെന്ന് എല്ലാവർക്കും മനസ്സിലാവും; പ്രസിദ്ധിലഹരിയുടെ മത്ത് പിടിക്കാതെ കാര്യങ്ങൾ അപഗ്രഥിക്കണമെന്ന് മാത്രം !!

യുദ്ധരംഗത്തുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങളെയാണ് അവർ വളച്ചൊടിക്കാൻ ശ്രമിക്കുന്നത്. അപ്രകാരം, വിമർശിക്കാനായി മാത്രം പേനയും പേപ്പറുമായിരുന്നാൽ ഏത് മത ഗ്രന്ഥത്തെയും വളച്ചൊടിക്കാൻ വളരെ എളുപ്പമാണല്ലോ! ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് യുദ്ധം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അതും തൻ്റെ ഗുരുജനങ്ങൾക്കും ബന്ധുക്കൾക്കുമെതിരിൽ. ഈയൊരു പശ്ചാത്തലത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത്, ‘ഗീതയിൽ ഗുരു ജനങ്ങൾക്കും ബന്ധുക്കൾക്കുമെതിരിൽ യുദ്ധം ചെയ്യാൻ ആഹ്വാനമുണ്ട്’ എന്ന് പറയുന്നത് എത്രത്തോളം അബദ്ധജഡിലമാണ്! ബൈബിൾ പഴയ നിയമത്തിൽ യുദ്ധവുമായി ബന്ധപ്പെട്ട വചനങ്ങളിൽ ഇസ്റാഈല്യരല്ലാത്തവരെ മുഴുവൻ കൊന്നൊടുക്കാൻ ആജ്ഞാപിക്കുന്നുണ്ട്. ഈ ഭാഗം പൂർണാർത്ഥത്തിൽ മനസ്സിലാക്കാതെ, യേശു പഠിപ്പിക്കുന്നത് ഇസ്റാഈൽ വംശീയതയാണെന്നും നിർദാക്ഷിണ്യം എല്ലാവരെയും കൊന്നൊടുക്കണമെന്നുമാണെന്ന് പ്രചരിപ്പിക്കുന്നത് എത്രത്തോളം വിഡ്ഢിത്തമാണ് !

യഥാർഥത്തിൽ, ലോകർക്ക് കാരുണ്യമായിക്കൊണ്ടും സമാധാന സന്ദേശമായിക്കൊണ്ടും കടന്നു വന്ന ഇസ്‌ലാമിൻ്റെ സാധാരണ നിലയിലുള്ള നിലപാട് വിശുദ്ധ ക്വുർആൻ 60: 8 ൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. “മതകാര്യങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു വിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (60: 8)

ഇതാണ് മുസ്‌ലിംകളല്ലാത്തവരോടുള്ള ഇസ്‌ലാമിൻ്റെ നിലപാട്. ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വരുന്നവരോട് യുദ്ധം ചെയ്യുക. അല്ലാത്തവരോട് സ്നേഹത്തിലും സൗഹാർദ്ദത്തിലും വർത്തിക്കുക. ഇതല്ലേ വിശാലമായ നിലപാട്? ശരിയായ രീതി? നമ്മോട് യുദ്ധം ചെയ്യുന്നവരുടെ മുന്നിൽ കയ്യും കെട്ടി നിൽക്കണമെന്ന് യുക്തിവാദികൾക്ക് അഭിപ്രായമുണ്ടോ? ഇങ്ങോട്ട് ആയുധമെടുത്ത് നമ്മെ നശിപ്പിക്കാൻ വരുന്നവരെ സായുധമായിത്തന്നെ തുരത്തണമെന്ന് ക്വുർആൻ ഇസ്‌ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരികളോട് കല്പിക്കുന്നുണ്ട്. അതാണ് സഹോദരി ഉദ്ധരിച്ച ആയത്തുകളിലും ഹദീഥുകളിലുമെല്ലാം ഉള്ളത്.

പതിനാല് നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകൾ അനുവർത്തിച്ചു പോരുന്നതും ഈ നിലപാടാണ്. അതിന് ക്വുർആൻ വചനങ്ങളെയും ഹദീഥുകളെയും തന്നെ പരിശോധിക്കണമെന്നില്ല. കേരള മുസ്‌ലിംകളുടെ ഗതകാല ചരിത്രം മാത്രം നോക്കിയാൽ മതി. സമൂഹത്തിലെ എല്ലാവർക്കും നന്മയും നീതിയും നൽകി സൗഹൃദത്തോടെ നിലനിൽക്കുകയെന്ന ഈ നിലപാടിൻ്റെ സുന്ദരമായ സാക്ഷാത്കാരങ്ങൾ ഒരു പാട് കാണാൻ കഴിയും, കേരളചരിത്രത്തിൽ. കേരളത്തിലെ ഇസ്‌ലാമിക ആവിർഭാവത്തിൻ്റെ ചരിത്രം വ്യക്തമാക്കുന്ന സൈനുദ്ദീൻ മഖ്ദൂമിൻ്റെ ‘തുഹ്ഫത്തുൽ മുജാഹിദീൻ’ ഒന്ന് വായിച്ചുനോക്കുക.. ബഹുസ്വരതയുടെ പ്രഖ്യാപനമായിരുന്നു ഇവിടേക്ക് വന്ന മുസ്‌ലിം നിർവഹിച്ചത്. ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി കേരള തീരത്തെത്തിയ മുസ്‌ലിംകളും ഇവിടുത്തെ അമുസ്‌ലിം ഭരണാധികാരികളും ജനങ്ങളും ഊഷ്മളമായ ബന്ധമാണ് കാത്തു സൂക്ഷിച്ചിരുന്നത്. പിരടികൾ വെട്ടിയിട്ടോ കഴുത്തറുത്തിട്ടോ അല്ല ഇവരാരും പ്രബോധനം ചെയ്തത്. അന്നു മുതൽ ഇന്ന് വരെ കേരളത്തിലെ അമുസ്‌ലിം സഹോദരങ്ങളുമായി ഇവിടുത്തെ മുസ്‌ലിംകൾ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ആരെത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും കേരളചരിത്രം അത് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. സൗഹൃദത്തിൻറെ ഈ കേരളീയമാതൃക തകർക്കാനാണ് ഇസ്‌ലാമോഫോബുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുക്തിവാദത്തിലേക്ക് മതപരിവർത്തനം ചെയ്തുവെന്ന് പറയുന്ന സഹോദരി പ്രസിദ്ധിക്കുവേണ്ടി വൃത്തികെട്ട ഈ ഇസ്‌ലാംഭീതിക്കാരുടെ ആയുധമായിത്തത്തീരുകയാണ്.

കേരളീയമായ സൗഹൃദാന്തരീക്ഷത്തെ മുച്ചൂടും തകർത്ത്, കേരളത്തെ വർഗീയവത്ക്കരിക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവകളാണ് ഇവിടെയുള്ള യുക്തിവാദികൾ. മതനിരാസമെന്ന പേരിൽ ഇസ്‌ലാമിക ദർശനത്തെ യുക്തിരഹിതമായ രീതിയിൽ കരിവാരിത്തേക്കാനും മുഹമ്മദ് നബി(സ)യെ യാതൊരടിസ്ഥാനവുമില്ലാതെ നിന്ദിക്കാനും ഇക്കൂട്ടർക്ക് യാതൊരു മടിയുമില്ല. അതുവഴി ഉണ്ടാവുന്നത് ഇസ്‌ലാം ഭീതി മാത്രമാണെന്ന് ഈ പബ്ലിസിറ്റിസീക്കേഴ്സ് മനസ്സിലാക്കിയെങ്കിൽ! ഇസ്‌ലാംഭീതി എത്ര വലിയ മനോരോഗമാണെന്ന് ന്യൂസ്‌ലാന്റിലെ മുസ്‌ലിംപള്ളിയിൽ പോയി വെടിവെപ്പ് നടത്തിയയാളുടെ മൊഴികളിൽ നിന്ന് മനസ്സിലാവും. അതേ സ്ഥിതി കേരളത്തിലും ഉണ്ടാക്കാൻ ശ്രമിക്കണമോയെന്നാണ് പൊതുസമൂഹം യുക്തിവാദത്തിന്റെ കുപ്പായമിട്ട മലയാളികളായ ഇസ്‌ലാമോഫോബുകളോട് ചോദിക്കേണ്ടത്. അങ്ങനെ ചെയ്യല്ലേ എന്നാണ് നാടിനെ സ്നേഹിക്കുന്നവർക്ക് ഈ പ്രസിദ്ധിദാഹികളോട് അഭ്യർത്ഥിക്കാനുള്ളത്..

തങ്ങളുടെ മതമാണ് ശരിയെന്ന് മുസ്‌ലിംകൾ വാദിക്കുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിൻ്റെ മറുപടി വളരെ വ്യക്തമാണ്.. ഇസ്‌ലാമാണ് സത്യമെന്ന് തന്നെയാണ് അതിനുള്ള മറുപടി. അതിനിയും ഉറക്കെ പ്രഖ്യാപിക്കുക തന്നെ ചെയ്യും. അത് മുസ്‌ലിംകളുടെ മതമായതിനാലോ, മുഹമ്മദ് നബി (സ) കൊണ്ടുവന്ന ആദർശമാണെന്നതിനാലോ അല്ല. മറിച്ച് വിശുദ്ധ ക്വുർആൻ ദൈവികമായ വചനങ്ങളായതിനാലാണ്. ലോകത്തിൽ വ്യത്യസ്ത കാലങ്ങളിലായി, വിവിധ പ്രദേശങ്ങളിലായി പ്രബോധനം ചെയ്ത പ്രവാചകന്മാരും മഹാപുരുഷന്മാരും പഠിപ്പിച്ചു തന്ന ആദർശമാണിത്. വിമർശനത്തിന് മുന്നിട്ടിറങ്ങുമ്പോൾ മനുഷ്യത്വത്തിൻ്റെ പേരിലെങ്കിലും, മുസ്‌ലിം മത വികാരത്തെ വ്രണപ്പെടുത്താത്ത രീതിയിൽ, വിമർശിക്കാനും വിമർശന വിധേയമാക്കുന്ന ടെക്സ്റ്റുകൾ ഒരു തവണയെങ്കിലും സുബോധത്തോടെ വായിക്കാനും ഇവർ തയ്യാറാവുന്നില്ല എന്നത് സങ്കടകരമാണ്‌. സ്വയം ദൈവീകമെന്ന് വിശേഷിപ്പിച്ച ഒരേയൊരു വേദഗ്രന്ഥമേയുള്ളൂ, അത് വിശുദ്ധ ക്വുർആനാണ്‌. വിമർശിക്കുന്നതിന് മുമ്പ് അതിലെ ആയത്തുകളെ ഒരു തവണയെങ്കിലും പഠിക്കാൻ ശ്രമിക്കുക എന്നതാണ് മാന്യത. ചർവ്വിത ചർവ്വണങ്ങളായ വിമർശനങ്ങൾ ഒരു ജല്പനം കണക്കെ ഉരുവിട്ടു കൊണ്ടിരിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം.

നിങ്ങളെല്ലാവരും ചേർന്ന് ഇസ്‌ലാമെന്ന പ്രഭയെ ഊതിക്കെടുത്താൻ ശ്രമിച്ചാലും അല്ലാഹു ആ പ്രഭ പൂർത്തീകരിക്കുക തന്നെ ചെയ്യും.

ഇസ്‌ലാമാണ് ശരി എന്ന് പറയുന്നതും പ്രചരിപ്പിക്കുന്നതും ഇതര ആദർശങ്ങളെ തകർക്കാനോ തളർത്താനോ അല്ല. വിശുദ്ധ ക്വുർആനിലെവിടെയും അങ്ങനെ പറയുന്നുമില്ല. അതേ സമയം, കേരള യുക്തിവാദി പ്രസ്ഥാനത്തിന്റെ ‘മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ’ എന്നാണ്. ഈ മുദ്രാവാക്യം വിളിച്ചു പറയുന്നത് മത വിശ്വാസികളോടുള്ള അവരുടെ അസഹിഷ്ണുതയാണ്. അതിന്റെ അർത്ഥം കേരളത്തിലെ ഭൂരിഭാഗം വരുന്ന മത വിശ്വാസികളും അധമരും മൃഗതുല്യരുമാണെന്നല്ലേ? തങ്ങളെല്ലാത്തവരൊന്നും മനുഷ്യരല്ലെന്ന് പറയുന്ന നിരീശ്വരവാദികൾ ഇസ്‌ലാമാണ് സത്യമെന്ന് പഠിപ്പിക്കുന്നവരെ അസഹിഷ്ണുക്കളായി മുദ്രകുത്തുന്നത് കാണുമ്പോൾ തമാശയാണ് തോന്നുന്നത്. എല്ലാ മതവിശ്വാസികളെയും മാനിക്കാനും മനുഷ്യരെയെല്ലാം മതത്തിന്റെ ലേബൽ നോക്കാതെ ആദരിക്കാനും പഠിപ്പിക്കുന്ന മത ദർശനത്തിന്റെ വക്താക്കളെയാണ്, വെറുപ്പിന്റെയും അഹങ്കാരത്തിന്റെയും പ്രത്യയശാസ്ത്രമായ യുക്തിവാദത്തിന്റെ പ്രചാരകർ മനുഷ്യത്വം പഠിപ്പിക്കുന്നത്. എന്തൊരു വിരോധാഭാസം.!

പൊതുജന ശ്രദ്ധയാകർഷിക്കാനും പബ്ലിസിറ്റി കൂട്ടാനും ചെയ്തു കൂട്ടുന്ന പ്രവാചകനിന്ദയുടെയും കപടമായ വിമർശന നാട്യങ്ങളുടെയും പിന്നിലെ ഒളിയജണ്ടകൾ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുകയും വിശ്വപ്രസിദ്ധമായ നമ്മുടെ മതസൗഹാർദ്ദ പാരമ്പര്യത്തെ തകർക്കാൻ ശ്രമിക്കുന്നത് ആര് തന്നെയായാലും അവരെ ഒറ്റപ്പെടുത്തുകയും വേണമെന്ന് മാത്രമേ പറയാനുള്ളൂ. യുക്തിവാദികൾ ദൈവമില്ലെന്ന അവരുടെ ആശയം പ്രചരിപ്പിക്കട്ടെ. അതിന് ആരും എതിരല്ല. ദൈവമുണ്ടെന്ന് മതവിശ്വാസികൾ സ്ഥാപിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്യട്ടെ. അങ്ങനെ ഗുണപരമായ രീതിയിൽ ആശയ സമരം നടക്കട്ടെ. ഇസ്‌ലാമിനില്ലാത്ത ആശയങ്ങളെ ഇസ്‌ലാമിന്റെ തലയിൽ കെട്ടിവെച്ച് സമൂഹത്തിൽ മുസ്‌ലിംകളോട് വെറുപ്പും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്നവർ ചെയ്യുന്നത് യുക്തിവാദപ്രചാരണമല്ല; മറിച്ച്, ബഹുസ്വരതയുടെ നമ്മുടെ മഹിതപാരമ്പര്യത്തെ തകർക്കാൻ ശ്രമിക്കുകയാണ്. സൗഹൃദത്തിന്റെ നൂലിഴകൾ തകർന്നാൽ പിന്നെ സർവ്വനാശമായിരിക്കുമെന്ന് മനസ്സിലാക്കാൻ കഴിയുന്നവരൊന്നും ഈ യുക്തിവാദികളുടെ കൂട്ടത്തിലില്ലേ.? വാൽമീകി മഹർഷി പറഞ്ഞതുപോലെ നാം, കേരളീയർക്ക് ഒറ്റക്കെട്ടായി അവരോട് പറയാം… മാ നിഷാദ…..

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

4 Comments

 • Masha Allah 👌👌

  Abdulsalam 14.06.2019
 • ماشاءالله

  abduljaleel Eriyadan 14.06.2019
 • JAZAAKALLA

  MUNEER 19.06.2019
 • ദർശനം ഇല്ലാത്ത നാസ്തികരുടെ നിലനിൽപ്പ് തന്നെ തെറിയഭിഷേകത്തിലാണല്ലോ.

  Muhsin 06.07.2019

Leave a comment

Your email address will not be published.