ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -16

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -16
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -16
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -16

Print Now
ബനൂ ഖുറൈദ: നബിനടപടിയുടെ മാനവികത

ഖന്‍ദഖിന്റെ ഭാഗം പടയൊഴിഞ്ഞ വെറും പറമ്പായി മാറിയത് നിമിഷനേരം കൊണ്ടാണ്. ഇപ്പോഴാണ് മുസ്‌ലിംകള്‍ക്ക് ശ്വാസം നേരെ വീണത്. ഇത്രയും നാള്‍ അവര്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് നടന്നിരുന്നത്.

എന്നാല്‍ ശത്രുവിന്റെ കൂടെ ഒറ്റുകാരായി പണിയെടുക്കുന്ന ഒരു കൂട്ടരുണ്ട് അവിടെ. ബനൂ ഖുറൈദ എന്ന യഹൂദ കുടുംബം. ശത്രുവിന്റെ കൂടെ ചേര്‍ന്ന് മുസ്‌ലിംകളെ വകവരുത്താന്‍ അവര്‍ ചെയ്തതെന്തായിരുന്നുവെന്ന് നാം കണ്ടു. അതുമാത്രമാണോ? അവര്‍ യുദ്ധക്കോപ്പുകള്‍ കൂടി സംഭരിച്ചിരുന്നു. അതെന്തെല്ലാമെന്നല്ലേ. ആയിരത്തിഅഞ്ഞൂറു വാള്‍, രണ്ടായിരം കുന്തം, മുന്നൂർ അങ്കി, അഞ്ഞൂർ പരിച.

ഖന്‍ദഖിലെ തീയണഞ്ഞതില്‍പിന്നെ പ്രവാചകന്‍ (സ) അല്ലാഹുവിന്റെ നിര്‍ദേശാനുസാരം പോയത് ബനൂ ഖുറൈദയുടെ വാസസ്ഥലത്തേക്കാണ്. വേണമെങ്കില്‍ അവര്‍ക്ക് കുറേനാള്‍ പിടിച്ചു നില്‍ക്കാമായിരുന്നു. പക്ഷേ അതിനവര്‍ക്ക് പടച്ചതമ്പുരാന്‍ അവസരം കൊടുത്തില്ല. അതങ്ങനെയാണ് ചിലപ്പോള്‍. എല്ലാം പെട്ടെന്നാകും സംഭവിക്കുക.

പ്രവാചകന്‍ (സ) അവരെ ഉപരോധിച്ചു. ഉപരോധം മുറുകി. എന്തു മാത്രം കൊടുംചതിയാണ് തങ്ങള്‍ ചെയ്തതെന്ന് യഹൂദര്‍ക്കറിയാമല്ലോ. സ്വയം ന്യായീകരിക്കാന്‍ അവര്‍ക്കുതന്നെയും സാധിക്കുമായിരുന്നില്ല. നേരത്തെ ബനൂ നദീര്‍ എന്ന യഹൂദഗോത്രനായകനായിരുന്ന ഹുയയ്യുബ്‌നു അഖ്തബിന്റെ വലയില്‍പെട്ട് പ്രവാചകനുമായുള്ള കരാര്‍ ലംഘനത്തിന് നേതൃത്വം നല്‍കിയ കഅ്ബുബ്‌നു ഉസൈര്‍ ബനൂ ഖുറൈദക്കാരോട് പറഞ്ഞു: അയാളായിരുന്നുവല്ലോ അവരുടെ നേതാവ്:

”ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, മുഹമ്മദിന്റെ മതത്തില്‍ ചേരുക. എങ്കില്‍ ജീവനും സമ്പത്തും കുടുംബത്തെയുമൊക്കെ രക്ഷിക്കാം. അയാള്‍ ഇത്രകൂടി പറഞ്ഞു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമാണെന്നും നിങ്ങളുടെ വേദത്തില്‍ പരാമര്‍ശിച്ചുകാണുന്ന പ്രവാചകനാണെന്നും നിങ്ങള്‍ക്കറിയാം. അത് സാധ്യമല്ലെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുക, എന്നിട്ട് വാളെടുത്ത് മുഹമ്മദിനെയും ആളുകളെയും നേരിടുക. ഒന്നുകില്‍ വിജയിക്കാം. അല്ലെങ്കില്‍ യുദ്ധം ചെയ്തു മരിക്കാം. അതും സാധ്യമല്ലെങ്കില്‍ മൂന്നാമതൊരു മാര്‍ഗമുണ്ട്. സബ്ബത്ത് ദിവസം നിങ്ങള്‍ യുദ്ധത്തിനു മുതിരുകയില്ലെന്ന് മുഹമ്മദും ആളുകളും ഉറപ്പിച്ചിരിക്കുന്ന ദിവസമാണ്. അന്ന് ഓര്‍ക്കാപ്പുറത്ത് അവരെ കടന്നാക്രമിക്കുക.

ബനൂ ഖുറൈദക്കാര്‍ കഅ്ബിന്റെ മൂന്നു നിര്‍ദേശവും തള്ളിക്കളഞ്ഞു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്:

”ഉമ്മമാര്‍ പെറ്റ ദിവസം മുതല്‍ ഇന്നുവരെ ഒരുറച്ച തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ് നിങ്ങള്‍.”

പിന്നെ അവര്‍ക്കുമുമ്പില്‍ അവശേഷിച്ചത് ഒരേയൊരു മാര്‍ഗം മാത്രമായിരുന്നു. പ്രവാചകന്റെ തീരുമാനമെന്തോ അതിനു വിധേയപ്പെടുക. അവര്‍ ഒരാവശ്യമുന്നയിച്ചു പ്രവാചകന്റെ മുമ്പില്‍. നേരത്തെ അവരുടെ സഖ്യകക്ഷിയായിരുന്ന ഔസ് ഗോത്രത്തിലെ ആരെങ്കിലും ഇടപെടുക. അദ്ദേഹം എന്തു തീരുമാനിക്കുന്നുവോ അതംഗീകരിക്കുക.

പ്രവാചകന് വേണമെങ്കില്‍ ആ ആവശ്യം തള്ളിക്കളയാം. അത്രയക്ക് വലിയ കൊടുംവഞ്ചനയാണ് അവര്‍ കാണിച്ചത്. എന്നിട്ടും അവരുടെ അഭ്യര്‍ത്ഥന മാനിച്ചു. അവര്‍ ആവശ്യപ്പെട്ടതുപോലെ അബൂ ലുബാബയെ അയച്ചുകൊടുത്തു. അവര്‍ അദ്ദേഹത്തെ ആദരിച്ചിരുത്തി. പെണ്ണുങ്ങളും കുട്ടികളും തങ്ങളകപ്പെട്ട ഊരാക്കുരുക്കിനെ ശപിച്ച് വാവിട്ടുകരയാന്‍ തുടങ്ങി. അവര്‍ അദ്ദേഹത്തോട് ചോദിച്ചു:

”അബൂ ലുബാബ, എന്തുചെയ്യണം, ഞങ്ങള്‍ മുഹമ്മദിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് കോട്ട വിട്ടിറങ്ങുകയോ?”

അദ്ദേഹം പറഞ്ഞു: ”അതെ, അതുതന്നെ” ആ തീരുമാനം എന്നായിരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കഴുത്തിലേക്കു ചൂണ്ടി.

പ്രവാചകന്‍ അദ്ദേഹത്തോട് തീരുമാനമൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന് അങ്ങനെ തോന്നി. അതദ്ദേഹം അവരോട് സൂചിപ്പിച്ചു. അത്രതന്നെ.

താന്‍ ചെയ്തത് ശരിയായില്ലെന്നും അത് പ്രവാചകനെ വഞ്ചിച്ചതിന് തുല്ല്യമായിപ്പോയെന്നും തോന്നുകയാല്‍ അദ്ദേഹം പിന്നെ പ്രവാചകനെ മുഖം കാണിക്കാതെ പോയത് മസ്ജിദുന്നബവിയിലേക്കാണ്. അവിടെ ഒരു തൂണില്‍ സ്വയം ബന്ധിച്ചുനിന്ന അദ്ദേഹം ശപഥം ചെയ്തു: പ്രവാചകന്‍ (സ) വന്ന് തന്റെ കെട്ടഴിച്ചുവിടും വരെ താന്‍ ഈ നിലയില്‍ തുടരും. ഇനി ഒരിക്കലും ബനൂ ഖുറൈദക്കാരുടെ അടുത്തേക്കില്ലെന്നും അദ്ദേഹം തീരുമാനിച്ചു.

വിവരമറിഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ”അദ്ദേഹം എന്റെയടുത്ത് വന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാമായിരുന്നു. അദ്ദേഹം ഇങ്ങനെ ഒരു തീരുമാനമെടുത്ത സ്ഥിതിക്ക് ഇനി അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കട്ടെ, എന്നിട്ടാവാം.”

അബൂ ലുബാബ അങ്ങനെ സൂചിപ്പിച്ചെങ്കിലും അവര്‍ പ്രവാചകന്റെ(സ) തീരുമാനം അംഗീകരിച്ചു കൊണ്ട് കോട്ടവിട്ടു പുറത്തുവരാന്‍ തയ്യാറായി. ഒരു ദീര്‍ഘകാല ഉപരോധം താങ്ങാന്‍ അവര്‍ക്കാവുമായിരുന്നു. കോട്ട ഭദ്രമാണ്. വെള്ളം കോട്ടക്കുള്ളില്‍ സമൃദ്ധമാണ്. ഭക്ഷ്യവസ്തുക്കളും വേണ്ടത്രയുണ്ട്. കടിച്ചുകീറുന്ന തണുപ്പ് കാലമാണ് വരാന്‍ പോകുന്നത്. ആ തണുപ്പ് സഹിച്ച് വല്ലാതെയൊന്നും പിടിച്ചുനില്‍ക്കാന്‍ മുസ്‌ലിംകള്‍ക്കാവുകയില്ല. പോരെങ്കില്‍ അവര്‍ എല്ലാ നിലയ്ക്കും പരിക്ഷീണിതരാണ്. അങ്ങനെയൊക്കെയായിട്ടും ബനൂ ഖുറൈദക്കാര്‍ക്ക് നില്‍പ്പുറക്കുന്നില്ല. ആകെ പിരിമുറുക്കമാണ്.

ആയിടക്കാണ് ഔസ് ഗോത്രക്കാര്‍ പ്രവാചകനെ(സ) സമീപിക്കുന്നത്. അവര്‍ പറഞ്ഞു:

”അല്ലാഹുവിന്റെ ദൂതരേ, ബനൂ ഖൈനുഖാഅ് ഗോത്രക്കാര്‍ അങ്ങേക്കറിയാവുന്നതുപോലെ ഞങ്ങളുടെ സഹോദരന്‍മാരായ ഖസ്‌റജ് ഗോത്രക്കാരുടെ സഖ്യകക്ഷികളായിരുന്നുവല്ലോ. അവരുടെ കാര്യത്തില്‍ അങ്ങ് കൈക്കൊണ്ട നിലപാടും അങ്ങേക്കറിയാം. ഇവര്‍ ഞങ്ങളുടെ സഹകാരികളാണ്. അതിനാല്‍ അവരുടെ കാര്യത്തിലും അല്‍പം മൃദുസമീപനം കൈക്കൊണ്ടാലും!”

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്, ഔസും ഖസ്‌റജും രണ്ട് അറബി ഗോത്രങ്ങളാണ്. അവരിലെ മിക്കവാറും ആളുകള്‍ മുസ്‌ലിംകളും. അവരുടെ സഖ്യകക്ഷികളെന്നു പറയുന്ന ബനൂ ഖൈനുഖാഉം ബനൂ ഖുറൈദയും രണ്ടു യഹൂദ ഗോത്രങ്ങളാണ്. ഈ യഹൂദര്‍ വഞ്ചനയിലും കരാര്‍ ലംഘനത്തിലും ഏര്‍പ്പെട്ടതിന്റെ ലക്ഷ്യമെന്തായിരുന്നു. ഔസിലും ഖസ്‌റജിലുമുള്‍പ്പെട്ട ഇപ്പോള്‍ ഇവര്‍ക്കുവേണ്ടി പ്രവാചകനോട് ശുപാര്‍ശ നടത്തുന്ന മുസ്‌ലിംകളെക്കൂടി അപായപ്പെടുത്തുക. എന്നിട്ടും അതൊക്കെയും മറന്നും ഈ മുസ്‌ലിംകള്‍ ഒറ്റുകാരും വഞ്ചകരും രാജ്യദ്രോഹികളുമായ യഹൂദര്‍ക്കുവേണ്ടി ശുപാര്‍ശ നടത്തുന്നു. ഒരു വിഭാഗത്തിന്റെ വിശാല മനസ്സും മറ്റവരുടെ ഇടുങ്ങിയ മനസ്സും തുലനം ചെയ്യേണ്ടത് ഇവിടെയാണ്.

അതിരിക്കട്ടെ, ബനൂ ഖുറൈദക്കാര്‍ക്കുവേണ്ടി ഔസ് ഗോത്രം നടത്തിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട് പ്രവാചകന്റെ(സ) പ്രതികരണമെന്തായിരുന്നു. ശുപാര്‍ശ സ്വീകാര്യമല്ലെന്നു പറഞ്ഞില്ല, ശുപാര്‍ശകരോട് കയര്‍ത്തു സംസാരിച്ചില്ല. ഇത്രമാത്രം ചോദിച്ചു:

”ആട്ടെ, അവരുടെ കാര്യത്തില്‍ നിങ്ങളില്‍പെട്ട ഒരാള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് നിങ്ങള്‍ക്കു സമ്മതമാണോ?

അവര്‍: ”അതെ.”

പ്രവാചകന്‍: ”എങ്കില്‍ അത് സഅ്ദുബ്‌നു മുആദ് ആവട്ടെ!”

അവര്‍ പറഞ്ഞു: ”ഞങ്ങള്‍ തൃപ്തരാണ്.”

സഅ്ദ് ഈ ഘട്ടത്തില്‍ മദീനയിലാണുള്ളത്. അദ്ദേഹം ഖന്‍ദഖില്‍വെച്ച് കൈക്ക് അമ്പേറ്റ് ഞരമ്പറ്റ് കിടപ്പിലാണ്. പ്രവാചകന്‍ (സ) അദ്ദേഹത്തെ ആളയച്ചു വിളിച്ചുവരുത്തി. വരുംവഴിയില്‍ സ്വന്തക്കാര്‍ അദ്ദേഹത്തോടു പറഞ്ഞു: ”താങ്കളെയാണ് അല്ലാഹുവിന്റെ ദൂതര്‍ (സ) താങ്കളുടെ സഹകാരികളുടെ കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. അവരുടെ കാര്യത്തില്‍ മൃദുസമീപനം കൈകൊള്ളുക.”

അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. അവര്‍ വല്ലാതെ ശല്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു:

”ആരുടെയും ആക്ഷേപത്തിന് ചെവിയോര്‍ക്കാന്‍ സഅ്ദിന് സമയമില്ല.”

ഇവിടെ സഅ്ദിനെ തങ്ങളുടെ സഖ്യകക്ഷികള്‍ക്കുവേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചത് മുസ്‌ലിംകളില്‍ ചിലര്‍ തന്നെയാണ്. എന്നാല്‍ പ്രവാചകന്‍ (സ) അദ്ദേഹത്തെ സ്വാധീനിക്കാന്‍ വല്ല ശ്രമവും നടത്തിയോ? അവിടത്തേക്ക് അതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? വേണമെങ്കില്‍ സ്വന്തമായി ഒരു പ്രഖ്യാപനം നടത്തി ഒറ്റുകാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രവാചകന് (സ) വല്ല തടസ്സവുമുണ്ടായിരുന്നുവോ? ഇല്ലെന്നുറപ്പ്. എന്നിട്ടും ആ ഉത്തരവാദിത്തം അവര്‍ക്കിഷ്ടപ്പെട്ട ഒരാള്‍ക്കു വിട്ടുകൊടുക്കാന്‍ അവിടുന്ന് തയ്യാറായി.

സഅ്ദ് പ്രവാചകചാരത്തെത്തി. അദ്ദേഹത്തിനു പരിഗണന നല്‍കിക്കൊണ്ട് അവിടന്ന് പറഞ്ഞു: ‘നേതാവിനെ ആദരിക്കുക.”

സഅ്ദ് എന്ത് തീരുമാനിക്കാന്‍ പോകുന്നു എന്ന് പ്രവാചകനറിയില്ല. തന്റെ ഇംഗിതമെന്താണെന്ന് അവിടുന്ന് ആരോടും സൂചിപ്പിക്കുകപോലും ചെയ്തുമില്ല. സഅ്ദിനും അറിയില്ല അത് സംബന്ധിച്ച് യാതൊന്നും. ഒരു സങ്കീര്‍ണ പ്രശ്‌നത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സ്വന്തം ആളുകള്‍ തൃപ്തിപ്പെട്ട ബനൂ ഖുറൈദക്കാര്‍ക്കും അത് സമ്മതമാണ്. ഒരു നേതാവിന് നല്‍കുന്ന അംഗീകാരവും പരിഗണനയുമാണ് ഇവിടെ പ്രവാചകന്‍ (സ) നല്‍കിയിരിക്കുന്നത്. ”നേതാവിനെ ആദരിക്കുക.”
അവിടെ കൂടിയിരുന്ന മറ്റുള്ളവരും അദ്ദേഹത്തോട് പറഞ്ഞു:

”സഅ്ദ്, ഈ കൂട്ടര്‍ താങ്കളുടെ തീര്‍പ്പനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്.”

സഅ്ദ് ചോദിച്ചു: ”എന്റെ തീരുമാനം അവരില്‍ നടപ്പാവുമോ?”

അവര്‍ പറഞ്ഞു: ”അതെ”

അദ്ദേഹം: ”മുസ്‌ലിംകളും എല്ലാവരും അംഗീകരിക്കുമോ?”

അവര്‍: ”അതെ.”

പ്രവാചകനെ സൂചിപ്പിച്ചുകൊണ്ട് എന്നാല്‍ അവിടുത്തെ അഭിമുഖീകരിക്കാതെ ”ഈ ഭാഗത്തുള്ളവര്‍ക്കും സ്വീകാര്യമാണോ?”

പ്രവാചകന്‍: ”അതെ, എനിക്കും സമ്മതമാണ്.”

ഒറ്റുകാരുടേതടക്കം എല്ലാവരുടെയും സമ്മതം വാങ്ങിയശേഷം അദ്ദേഹം പറഞ്ഞു:

”എന്റെ തീരുമാനം ഇതാണ്. പുരുഷന്‍മാരെ മുഴുവന്‍ കൊല്ലുക.

സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുക. സമ്പത്ത് വീതം വെക്കുക.”

സഅ്ദിന്റെ ഈ തീര്‍പ്പനുസരിച്ചാണ് അവരിലെ പുരുഷന്‍മാരെ വധശിക്ഷക്ക് വിധേയരാക്കിയത്. അവര്‍ അറുന്നൂറോ എഴുന്നൂറോ ആളുകളാണുണ്ടായിരുന്നത്.

ഇതാണ് എണ്ണൂറോളം വരുന്ന ജൂതപുരുഷന്മാരെ കഴുത്തറുത്ത് കൊന്നു എന്നു പറയുന്നത്. കൊല്ലുക എന്നത് പ്രവാചകന്റെ(സ) തീരുമാനമായിരുന്നില്ല. അവരുടെ തന്നെ സഖ്യകക്ഷികളില്‍പെട്ട അവര്‍ കൂടി അംഗീകരിച്ച ഒരു മൂന്നാം കക്ഷിയുടെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ഇവിടെ പ്രവാചകന്‍ (സ) ചെയ്തത്. കൊല്ലുക എന്നത് പ്രവാചകന്‍ (സ) ഒരു ഹോബിയായി സ്വീകരിച്ചിരുന്നുവെങ്കില്‍ മുന്‍പ് വിവരിച്ച രണ്ടു യഹൂദഗോത്രങ്ങളില്‍ ഒരാളെ പോലും കൊല്ലാതെ വിട്ടത് എന്തുകൊണ്ടായിരുന്നു? മാത്രവുമല്ല പുരുഷന്മാരെ മാത്രമാണ് ഇവിടെ കൊന്നത്. അതാവട്ടെ യുദ്ധക്കുറ്റവാളികളെ ആധുനിക സംസ്‌കൃത ജനാധിപത്യരാഷ്ട്രങ്ങള്‍ പോലും ചെയ്യുന്ന രീതിയാണത്. അന്താരാഷ്ട്ര കോടതിയടക്കം ചെയ്യുന്ന രീതി. സ്ത്രീകളില്‍ ഒരാളെ മാത്രമാണ് കൊന്നത്. കാരണം, ഖല്ലാദുബ്‌നു സുവൈദ് എന്ന മുസ്‌ലിമിന്റെ തലയില്‍ മേലെനിന്ന് ആസുകല്ലെടുത്തിട്ട് കൊന്നതിനു പകരമായി. മറ്റൊരു സ്ത്രീയെയും കൊന്നില്ല, അവരില്‍ ഒരാള്‍ പോലും ബലാത്സംഗത്തിനിരയായില്ല. സ്ത്രീകളെയോ കുട്ടികളെയോ മര്‍ദിച്ചില്ല. മതം മാറ്റിയില്ല.

ശത്രുക്കളുമായി നടത്തിയ ഉപജാപങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനിന്ന ഒരാളുണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. അദ്ദേഹത്തെ കൊന്നില്ല. ഥാബിതുബ്‌നു ഖൈസ് തന്റെ സ്‌നേഹബന്ധത്തില്‍പെട്ട സുബൈറുബ്‌നു അര്‍നാതിനെയും കുടുംബത്തെയും തനിക്ക് കൈമാറണമെന്നാവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍ (സ) യാതൊരു വൈമനസ്യവും പ്രകടിപ്പിച്ചില്ല. അദ്ദേഹത്തിനു കൈമാറി. ഇക്കാര്യം ഥാബിത് സുബൈറിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ താങ്കളെ എനിക്ക് കൈമാറിയിരിക്കുന്നു. താങ്കളെ മാത്രമല്ല, താങ്കളുടെ കുടുംബത്തെയും സ്വത്തുമെല്ലാം. അതത്രയും താങ്കള്‍ എടുത്തുകൊള്ളുക.” തന്റെ ആളുകളൊക്കെ വധിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ സുബൈര്‍ പറഞ്ഞു:

”ഥാബിത്, താങ്കള്‍ക്ക് ഞാനുമായുള്ള ബന്ധം കണക്കിലെടുത്ത് എന്റെ ഇഷ്ടജനത്തിനടുത്ത് എന്നെ എത്തിച്ചുതരണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.” എന്നെ കൊന്നുതരണമെന്ന്. അപ്പോള്‍ മാത്രമാണ് ഥാബിത് അദ്ദേഹത്തെ കൊന്നത്. സുബൈറിന്റെ മകന്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ചു.

നജ്ജാര്‍ കുടുംബാംഗമായ ഉമ്മുല്‍ മുന്‍ദിര്‍, രിഫാഅതുബ്‌നു സംവാലിനെ ആവശ്യപ്പെട്ടു. അദ്ദേഹത്തെ അവര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു. അദ്ദേഹവും പിന്നീട് ഇസ്‌ലാം സ്വീകരിച്ചു.

ഒറ്റുകാരും കൊടുംവഞ്ചകരുമായ ഒരു വിഭാഗത്തെ എന്തുചെയ്യണമായിരുന്നു എന്നാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് പറയാനുള്ളത്. അവരെ ഹാരമണിയിച്ച് അഭിനന്ദിക്കണമായിരുന്നു എന്നാണോ? എത്ര മാന്യമായും നീതിപൂര്‍വ്വകമായുമാണ് പ്രവാചകന്‍ (സ) അവരുടെ കാര്യം കയ്യാളിയത്!

അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കിയില്ലേ എന്നാവും ചോദ്യം. യഥാര്‍ത്ഥത്തില്‍ അത്തരമൊരു പതനത്തില്‍ സ്വന്തം സ്ത്രീകളെയും കുട്ടികളെയും കൊണ്ടെത്തിച്ചതാരാണ്? അവരുടെ നായകന്‍ കഅബുബ്‌നു അസദ് ഹുയയ്യിനോട് അയാൾ കരാര്‍ ലംഘിക്കാനും മുസ്‌ലിംകളുടെ ശത്രുക്കളെ സഹായിക്കാനും ആവശ്യപ്പെട്ടു വന്നപ്പോള്‍ പറഞ്ഞതെന്തായിരുന്നു. ”മുഹമ്മദ് സത്യസന്ധനാണ്, കരാര്‍ പാലിക്കുന്നവാണ്. പെയ്‌തൊഴിഞ്ഞ കാറുമായാണ് താങ്കള്‍ വന്നിരിക്കുന്നത്. അതില്‍ ഒരു നന്മയുമില്ല. എന്നെ വിട്ടേക്ക്, ഞാനായി എന്റെ പാടായി.”

ഉപരോധത്തിലകപ്പെട്ടപ്പോള്‍ അയാള്‍ സ്വന്തക്കാരോട് പറഞ്ഞതോ, ”മുഹമ്മദ് യഥാര്‍ത്ഥ ദൈവദൂതനാണെന്ന് നിങ്ങള്‍ക്കറിയാം, നിങ്ങളുടെ വേദത്തില്‍ അതുണ്ട് താനും.”

എല്ലാം അറിയാമായിരുന്നിട്ടും, തങ്ങള്‍ക്കുശേഷം സ്വന്തം ഭാര്യമാരും കുട്ടികളും അടിമകളാക്കപ്പെടുമെന്നതടക്കം അതൊക്കെയും അവഗണിച്ച ഒരു വിഭാഗം യാതൊരു പരിഗണനയും ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല എന്നതാണ് വസ്തുത. അതാണ് ലോകനീതി.

പിന്നെ അടിമകളാക്കുക എന്നതാണെങ്കില്‍ അതുതുടങ്ങിവെച്ചത് പ്രവാചകനോ(സ) മുസ്‌ലിംകളോ അല്ല. ഇത്രയും ആളുകളെ മറ്റൊരുവിധത്തില്‍ സംരക്ഷിക്കാവുന്ന അവസ്ഥയിലായിരുന്നില്ല മുസ്‌ലിംകള്‍. സാമൂഹ്യമായും സാമ്പത്തികമായുമൊന്നും. മൊത്തം സമൂഹം അംഗീകരിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ചില തത്ത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിയാതെ വരും. അടിമത്തം തന്നെയാണ് അതിന്റെ ഏറ്റവും നല്ല ഉദാഹരണം. അത് നമുക്ക് വഴിയേ ചര്‍ച്ച ചെയ്യാം.
പ്രവാചകന്‍ (സ) അതില്‍ ഒരു സ്ത്രീയെ കയ്യേറ്റിരുന്നു; റൈഹാനയെ. അവരെ പ്രവാചകന്‍ (സ) വിവാഹം ചെയ്തിരുന്നുവോ എന്നതുസംബന്ധിച്ച് ചരിത്രകാരന്‍മാര്‍ രണ്ടു പക്ഷമാണ്. ഒരു വിഭാഗം വിവാഹം ചെയ്തു എന്നുപറയുമ്പോള്‍ മറ്റേ വിഭാഗം പറയുന്നത് വിവാഹം നടന്നില്ലെന്നാണ്. രണ്ടായാലും വിടവാങ്ങല്‍ ഹജ്ജില്‍ അവരും പ്രവാചകനോടൊപ്പം പങ്കെടുത്തിരുന്നു. മദീനയിലേക്കുള്ള മടക്കയാത്രയില്‍ അവര്‍ മരണമടയുകയായിരുന്നു.

No comments yet.

Leave a comment

Your email address will not be published.