ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -8

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -8
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -8
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -8

Print Now
സ്വര്‍ഗ-നരകങ്ങള്‍

ഇഹലോക ജീവിതം മാത്രമല്ല മനുഷ്യന്റെ മരണാനന്തര ജീവിതവും ഇസ്‌ലാം ഗൗരവത്തില്‍, അല്ല, അതീവഗൗരവത്തില്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് അവനോട് സ്വര്‍ഗ-നരകങ്ങളെക്കുറിച്ച്, അവിടുത്തെ രക്ഷാശിക്ഷകളെക്കുറിച്ച് പറയേണ്ടി വരുന്നത്. അവിടെയും ഇസ്‌ലാമിന് ഒളിച്ചുവെക്കലില്ല. ഉള്ളത് ഉള്ളതുപോലെ തുറന്നുപറയുകയാണ് അത് ചെയ്യുന്നത്. അത് മനുഷ്യനെ വഞ്ചിക്കാനുദ്ദേശിക്കുന്നില്ല. വഞ്ചന ഏതു ഭാഗത്തുനിന്നായാലും അത് അത്യന്തം വെറുക്കുന്ന ഒന്നാണ്. മുഖത്തുനോക്കി കാര്യം വെട്ടിത്തുറന്നു പറയുക എന്ന ഒന്നുണ്ടല്ലോ. അതുകൊണ്ടാണ് മുസ്‌ലിമേ സ്വര്‍ഗത്തില്‍ പോകൂ, കാഫിറിന് ലഭിക്കാനിരിക്കുന്നത് നരകമാണ് എന്നു പറയുന്നത്. മുസ്‌ലിം ആരാണ്, കാഫിര്‍ ആരാണ് എന്നൊക്കെ വഴിയേ പറയാം.

സ്വര്‍ഗ-നരകങ്ങള്‍ ഇസ്‌ലാമിന്റെ മാത്രം കണ്ടുപിടുത്തമല്ല. അല്ലെങ്കില്‍ ഇസ്‌ലാമിന്റെ മുഹമ്മദീയന്‍ പതിപ്പിന്റെ മാത്രം കണ്ടുപിടുത്തമല്ല. ആദിമമനുഷ്യന്‍ മുസ്‌ലിം ആയിരുന്നു. അയാളുടെ മതം ഇസ്‌ലാമായിരുന്നു. അയാളോടും ഇസ്‌ലാം സ്വര്‍ഗ-നരകങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ക്വുര്‍ആന്‍ ആദമിനോട് പറയുന്നുണ്ടല്ലോ: ”എന്റെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം വന്നുകിട്ടും. എന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റിയവര്‍ക്ക് ഭയക്കാനില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. എന്റെ നിര്‍ദേശങ്ങള്‍ നിഷേധിക്കുകയും കള്ളം എന്നുപറഞ്ഞ് തള്ളുകയും ചെയ്തവര്‍, അവര്‍ നരകക്കാരാവും. അതിലെ ശാശ്വതവാസികളും അവരാവും.” (2: 38,39)

അതുകൊണ്ടത്രെ മതങ്ങളുടെയൊക്കെ അധ്യാപനങ്ങളില്‍ സ്വര്‍ഗ-നരകങ്ങള്‍ ഇടംപിടിച്ചത്. ബൈബിളില്‍ അവിടവിടെയായി സ്വര്‍ഗനരകങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലുമുണ്ട് ഈ രണ്ടു ലോകത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളമായി. ക്വുര്‍ആനില്‍ നരകത്തെപ്പറ്റി പറഞ്ഞപ്പോള്‍ അതിന് ഏഴു കവാടങ്ങളുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്.

“നരകമാണ് അവരുടെയൊക്കെ വാഗ്ദത്ത സ്ഥലം. അതിന് ഏഴു കവാടങ്ങളുണ്ട്. ഓരോ കവാടത്തിനുമുണ്ട് അവരില്‍ നിശ്ചിത സംഘം.” (15: 43,44)

സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുള്ളതായി ഹദീഥില്‍ കാണാം. ഇബ്‌നുല്‍ മുബാറക്ക് റഖാഇഖില്‍ ഉദ്ധരിച്ചിട്ടുള്ള ഹദീഥ് ഇപ്രകാരമാണ്. ഹസന്‍ (റ) പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതന്‍ (സ) പറഞ്ഞു ഞാന്‍ കേട്ടു. സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുണ്ട്. അതിലെ കവാടങ്ങളുടെ കതകുകള്‍ക്കിടയിലുള്ള അകലം നാല്‍പത് വര്‍ഷത്തെ വഴിദൂരമാണ്.”

അബൂദാവൂദും ഇതേ എണ്ണം ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌നദ് അഹ്ദിലും ഇതേ എണ്ണം ഉദ്ധരിച്ചുകാണാം.

എന്നാല്‍ ഹൈന്ദവ കാഴ്ചപ്പാട് അനുസരിച്ച് നരകത്തിന്റെ എണ്ണം 28 ആണ്. അത് ഇങ്ങനെ വായിക്കാം.

”കാലനാണ് പിതൃലോകത്തിന്റെ നാഥന്‍. നീതിന്യായത്തില്‍ ഏറ്റവും ധര്‍മനിഷ്ഠനായതിനാല്‍ കാലന് യമധര്‍മനെന്നും പേരുണ്ട്. അദ്ദേഹം അവിടെ ഇരുന്ന് തന്റെ കിങ്കരന്‍മാര്‍ കൊണ്ടുവരുന്ന ജന്തുക്കള്‍ക്കെല്ലാം അവരവര്‍ ചെയ്ത പാപപുണ്യങ്ങള്‍ കണക്കാക്കി ശരിയായ ശിക്ഷ കല്‍പ്പിക്കുന്നു. പാപപുണ്യങ്ങള്‍ തിട്ടപ്പെടുത്തി അതിനു ശരിയായ ശിക്ഷ നിശ്ചയിക്കുന്നതിനല്ലാതെ ശിക്ഷാനിയമത്തെയോ ശിക്ഷാസമ്പ്രദായത്തെയോ ഭേദപ്പെടുത്തുവാന്‍ ധര്‍മരാജന് അധികാരമില്ല. തെറ്റു ചെയ്തവന്റെ തെറ്റിന്റെ സ്വഭാവമനുസരിച്ച് യമധര്‍മന്‍ വിവിധ തരത്തിലുള്ള നരകങ്ങളിലേക്കയക്കുന്നു. നരകങ്ങളെപ്പറ്റി പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.” (പുരാണിക്ക് എന്‍സൈക്ലോപീഡിയ, കാലന്‍ എന്ന ഭാഗം നോക്കുക. പേജ് 256)

നരകങ്ങളും അവയില്‍ പ്രവേശിക്കുന്നവരും.

1) താമിസ്രം: അന്യന്റെ ധനം, ഭാര്യ, ശിശു എന്നിവ അപഹരിക്കുന്നവന്‍.
2) അന്ധതാമിസ്രം: ഭര്‍ത്താവിനെ വഞ്ചിച്ച് ഭക്ഷണം കഴിക്കുന്ന ഭാര്യയും ഭാര്യയെ വഞ്ചിച്ച് ഭക്ഷണം കഴിക്കുന്ന ഭര്‍ത്താവും.
3) രൗരവം: പ്രാണിദ്രോഹക്കുറ്റം ചെയ്തവന്‍.
4) മഹാരൗരവം: സ്വത്ത് അവകാശികള്‍ക്ക് നല്‍കാതെ അനുഭവിക്കുന്നവര്‍.
5) കുംഭീപാക്കം: മൃഗപക്ഷ്യാദികളെ കൊന്നുതിന്നുന്നവര്‍.
6) കാലസൂത്രം: ഗുരുജനങ്ങളെയും അമ്മ, അച്ഛന്‍, പ്രായം ചെന്നവര്‍ എന്നിവരെയും ബഹുമാനിക്കാത്തവര്‍.
7) അസിപത്രം/അസിതപത്രം: സ്വധര്‍മം ഉപേക്ഷിച്ച് പരധര്‍മം കൊക്കൊള്ളുന്നവര്‍.
8) സൂകരമുഖം: ധര്‍മം വെടിഞ്ഞ് അപമര്യാദയായി രാജ്യപരിപാലനം ചെയ്യുന്ന രാജാക്കന്‍മാര്‍.
9) അന്ധകൂപം: ബ്രാഹ്മണരെയോ മറ്റു ഈശ്വരന്‍മാരെയോ സാധുക്കളെയോ ഹിംസിക്കുന്നവന്‍.
10) കൃമിഭോജനവും സംദംശനവും: അതിഥിപൂജ, ദേവപൂജ തുടങ്ങിയുള്ള പഞ്ചയജ്ഞങ്ങള്‍ ചെയ്യാതെ ഭോജനം കഴിക്കുന്ന അധമദ്വിജന്‍മാര്‍.
11) തപ്തമൂര്‍ത്തി: അന്യന്റെ സ്വര്‍ണം, രത്‌നം, ആഭരണം, പണം എന്നിവ ബലാല്‍ക്കാരമായി അപഹരിക്കുന്നവന്‍.
12) ശാല്‍മലി: തനിക്കു സ്വീകരിക്കാന്‍ അര്‍ഹതയില്ലാത്ത പുരുഷനെ അല്ലെങ്കില്‍ സ്ത്രീയെ സ്വീകരിച്ചവന്‍.
13) വജ്രകണ്ടകശാലി: പശു ആദിയായ ശാന്തമൃഗങ്ങളെ വ്യഭിചരിക്കുന്നവര്‍.
14) വൈതരണി: ശാസ്ത്രവിധികളെ ഉല്ലംഘിച്ച് വര്‍ത്തിക്കുന്ന രാജാക്കന്‍മാരും ജാരപുരുഷന്‍മാരും.
15) പൂയോദകം: ആചാരവും ലജ്ജയും വെടിഞ്ഞ് നാനാജാതിയിലുള്ള സ്ത്രീകളെ സ്വീകരിക്കുന്ന ബ്രാഹ്മണാദികള്‍. ഉത്തരവാദിത്തമില്ലാതെ ഉരുത്തിരിയുന്നരും.
16) പ്രാണരോധം: നായ, കഴുത മുതലായ ഹീനജന്തുക്കളെ വളര്‍ത്തിയും നിരന്തരം വേട്ടയാടിയും മൃഗങ്ങളെ വധിച്ചും ജീവിക്കുന്ന ബ്രാഹ്മണന്‍.
17) വിശസനം: പണത്തിന്റെ കൊഴുപ്പുകൊണ്ട് പ്രതാപത്തിനുവേണ്ടി പശുക്കളെ കൊന്നു യാഗം കഴിക്കുന്നവര്‍.
18) ലാലാഭക്ഷം: കാമലോലുപര്‍.
19) സാരമേയാശനം: വീട് മുതലായവ തീവെക്കുക, വിഷം കൊടുക്കുക, കൂട്ടക്കൊല നടത്തുക, രാജ്യങ്ങള്‍ നശിപ്പിക്കുക തുടങ്ങി പൊതുജന ദ്രോഹം ചെയ്യുന്നവര്‍.
20) അവീചി: കള്ളസാക്ഷി പറയുന്നവന്‍, കള്ള സത്യം ചെയ്യുന്നവന്‍, കള്ളനാമം സ്വീകരിക്കുന്നവന്‍.
21) അയഃഹനം: ബ്രാഹ്മണാധി മൂന്നു വര്‍ണങ്ങള്‍, സോമപാനം, സുരാപാനം മുതലായവ ചെയ്താല്‍.
22) ക്ഷാരകര്‍ദ്ദമം: വമ്പുപറഞ്ഞു നടക്കുന്നവരും ഉന്നതകുലജാതരെ പരിഹസിക്കുന്നവരും.
23) രക്ഷോഭക്ഷം: മാംസം ഭക്ഷിക്കുന്നവര്‍, മനുഷ്യരെ ബലി കഴിക്കുന്നവര്‍, നരമാംസം ഭക്ഷിക്കുന്നവര്‍ അവര്‍ക്കൊക്കെ പ്രത്യേകം പ്രത്യേകം ഇടങ്ങളുണ്ടിവിടെ.
24) ശൂലപ്രേതം: തനിക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ലാത്തവരെ നിഗ്രഹിക്കുന്നവര്‍. കാട്ടില്‍വെച്ചോ നാട്ടില്‍വെച്ചോ അസത്യം പറഞ്ഞു വിശ്വസിപ്പിച്ചും ചതി പ്രയോഗിച്ചും ശൂലമോ മറ്റു യന്ത്രങ്ങളോ ഉപയോഗിച്ച് നിഗ്രഹിക്കുന്നവര്‍.
25) ദന്ദശൂകം: സദാ ജന്തുക്കളെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നവര്‍.
26) വടാരോധം: പര്‍വ്വതശൃംഗങ്ങളിലും വന്‍കാടുകളിലും കൂടുകളിലും മരപ്പൊത്തുകളിലും ജീവിക്കുന്ന ജന്തുക്കളെ ഉപദ്രവിക്കുന്നവര്‍.
27) പര്യാവര്‍ത്തനുകം: ഭക്ഷണനേരം വരുന്ന അതിഥിയെ അയാള്‍ക്കും ഭക്ഷണം നല്‍കേണ്ടി വരും എന്ന കാരണത്താല്‍ കുപിതനായി അയാളെ ചീത്ത വിളിക്കുന്നവന്‍.
28) സൂചിമുഖം: വലിയ നാട്യത്തോടെ ആവശ്യത്തിനുപോലും പണം ചെലവഴിക്കാത്ത പിശുക്കന്‍.
(വിശദവിവരത്തിന് പുരാണിക്ക് എന്‍സൈക്ലോപീഡിയ, കാലന്‍ എന്ന ഭാഗം നോക്കുക.)

ഈ വിവരണമനുസരിച്ച് ഒരു മനുഷ്യനും നരകത്തില്‍ നിന്ന് രക്ഷപെടുക സാധ്യമല്ല. സ്വര്‍ഗത്തെ സംബന്ധിച്ചും ഹൈന്ദവ വേദങ്ങളും മറ്റു ഗ്രന്ഥങ്ങളും പലപ്പോഴായി പ്രതിപാദിക്കുന്നതുകാണാം.

ചുരുക്കത്തില്‍ സ്വര്‍ഗ-നരകങ്ങളെക്കുറിച്ച് പ്രതിപാദിക്കാത്ത ഒരു മതവുമില്ല എന്നുവേണം കരുതാന്‍. ഇത് കാണിക്കുന്നത് ഈ മതങ്ങളത്രയും ഒരേ ഉറവയില്‍നിന്ന് നിര്‍ഗളിച്ച നദികളാണെന്നതാണ്. പക്ഷേ ഈ നദികളില്‍ ഒന്നൊഴികെ മറ്റുള്ളതെല്ലാം വിഷവസ്തുക്കളും മാലിന്യങ്ങളും കുമിഞ്ഞുകൂടി കാളിയന്റെ വിഷമേറ്റ കാളിന്ദീനദിക്ക് സമാനം അപകടം പതിയിരിക്കുന്നവയായി മാറി. ആ വിശുദ്ധ നദി ഏതെന്നു കണ്ടെത്തേണ്ട ബാധ്യത മനുഷ്യന്റെതാണ്.

No comments yet.

Leave a comment

Your email address will not be published.