ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -2

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -2
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -2
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -2

Print Now
മുഹമ്മദ് നബിയെ (സ) അറിയുക

പ്രവാചകജീവിതം, അതിലെ ഓരോ പ്രവൃത്തിയും പിന്തുടരേണ്ടതാണോ? അതോ അവയ്ക്കിടയില്‍ വല്ല വേര്‍തിരിവുമുണ്ടോ? അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്, ദൂതരെ അനുസരിക്കുക, ദൂതരെ പിന്തുടരുക, തങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന ഏതു പ്രശ്‌നത്തിലും ദൂതരെ വേണം അവര്‍ വിധികര്‍ത്താവായി സമീപിക്കുന്നത്. അല്ലാഹുവോ അവന്റെ ദൂതനോ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ വിശ്വാസിക്കും വിശ്വാസിനിക്കും സ്വാഭീഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. അല്ലാഹുവിനെയും ദൂതനെയും ധിക്കരിക്കുന്നന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടു എന്നൊക്കെ പറയുന്നതിന്റെ താല്‍പര്യമെന്താണ്? ഇങ്ങനെ ചില ചോദ്യങ്ങളുണ്ട്.

ഈ ചോദ്യങ്ങള്‍ക്കൊക്കെ ഹൃദ്യവും വ്യക്തവുമായ മറുപടി ലഭിക്കണമെങ്കില്‍ മുഹമ്മദ് എന്ന മനുഷ്യന്റെ വ്യക്തിത്വത്തെ നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ അദ്ദേഹത്തെ എങ്ങനെ പരിചയപ്പെടുത്തുന്നു എന്നുനോക്കാം:

1. അദ്ദേഹം ഒരു മനുഷ്യനാണ്. “പറയുക: ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്.” (18:110, 41:6)
2. അദ്ദേഹം ഒരു ദൂതനാണ്. “മുഹമ്മദ് അല്ലാഹുവിന്റെ ദൂതനത്രെ.” (48:29). “മുഹമ്മദ് ഒരു ദൂതന്‍ മാത്രമാണ്.” (3:144). “മനുഷ്യര്‍ക്കുള്ള ദൂതനായാണ് നിന്നെ നാം നിയോഗിച്ചിരിക്കുന്നത്.” (4:79). “ഞാന്‍ ഒരു മനുഷ്യദൂതനല്ലെയോ!” (17:93)
3. അനുഗ്രഹം: “ലോകര്‍ക്ക് അനുഗ്രഹമായിട്ടാണ് നാം നിന്നെ നിയോഗിച്ചിരിക്കുന്നത്.” (21:107)
4. അത്യുന്നത സ്വഭാവമഹിമയുള്ളവന്‍: “നിശ്ചയം, താങ്കള്‍ അത്യുന്നത സ്വഭാവമഹിമയുളളവനത്രെ.” (68:4)
5. സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും: “സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനുമായിട്ടാണ് നാം നിന്നെ നിയോഗിച്ചിരിക്കുന്നത്.” (2:219, 17:105, 25:56, 33:45, 34:18, 35:14, 48:8)
6. പ്രബോധകന്‍: “അല്ലാഹുവിലേക്കു അവന്റെ നിര്‍ദേശാനുസരണം പ്രബോധനം ചെയ്യുന്നവനുമായാണ് നാം നിന്നെ നിയോഗിച്ചിരിക്കുന്നത്.”
7. “ഭദ്രദീപവും പ്രകാശം ചൊരിയുന്നവനുമായും.” (33:46)
8. ഭരണാധികാരി, ശാസകന്‍, സൈന്യാധിപന്‍, ന്യായാധിപന്‍, മാര്‍ഗനിര്‍ദേശം നല്‍കുന്നവന്‍ എല്ലാമായിരുന്നു.
“സത്യസമേതം നാമാണ് ഈ ഗ്രന്ഥം താങ്കള്‍ക്കവതരിപ്പിച്ചിട്ടുള്ളത്. അല്ലാഹു കാണിച്ചുതരുന്നതെന്തോ അതനുസരിച്ച് താങ്കള്‍ തീര്‍പ്പ് കല്‍പിക്കാന്‍.” (4:105)
“ഇല്ല, നിന്റെ നാഥന്‍ തന്നെയാണെ സത്യം; തങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന ഏതുവിഷയത്തിലും താങ്കളെ വിധികര്‍ത്താവാക്കുകയും, പിന്നെ താങ്കളെടുക്കുന്ന തീര്‍പ്പില്‍ വിമ്മിട്ടപ്പെടാതിരിക്കുകയും പൂര്‍ണമനസ്സോടെ അതംഗീകരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.” (4:65).

അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നതോ? ഒരു ഭാഗത്ത് പ്രബോധനത്തിന്റെ ഭാഗമെന്ന നിലയ്ക്ക് അവരെ ഖുര്‍ആന്‍ കേള്‍പ്പിക്കുക, വിശ്വാസിസമൂഹത്തെ സംസ്‌കരിക്കുക, അവര്‍ക്ക് വേദവും അതിന്റെ പ്രയോഗരീതിയും പഠിപ്പിക്കുകയും നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും നല്ല വസ്തുക്കള്‍ അനുവദിക്കുകയും മ്ലേച്ഛമായത് നിഷിദ്ധമാക്കുകയും ഭാരം ഒഴിവാക്കി കൊടുക്കുകയും വിലങ്ങുകൾ അഴിച്ചുമാറ്റുകയും ചെയ്യുക.

ഖുര്‍ആനിന്റെ ഈ പരാമര്‍ശമത്രയും മുമ്പില്‍ വെച്ചുവേണം മുഹമ്മദ് എന്ന വ്യക്തിയെ വിലയിരുത്താന്‍. ആ വിലയിരുത്തലിനനുസരിച്ചുവേണം അദ്ദേഹത്തിന്റെ ചൊല്ലും ചെയ്തിയും വേര്‍തിരിച്ചു മനസ്സിലാക്കാനും സചിരസ്ഥായിയായി മാതൃകയാക്കേണ്ടത് ഏതാണ്, മാതൃകയാക്കേണ്ടതില്ലാത്തത് ഏതാണ് എന്നൊക്കെ തീരുമാനിക്കാന്‍. അപ്പോള്‍ ആ വ്യക്തിത്വത്തെ നമുക്ക് ഇങ്ങനെയൊക്കെ കാണാം.

1. അദ്ദേഹം ഒരു മനുഷ്യനായിരുന്നു. ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് മറ്റേതൊരു മനുഷ്യനെയും പോലെ അദ്ദേഹം പറഞ്ഞതും ചെയ്തതുമൊന്നും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതില്ല. ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നു. അങ്ങാടിയിലൂടെയും അല്ലാതെയും നടന്നിരുന്നു. വാഹനപ്പുറത്ത് സഞ്ചരിച്ചിരുന്നു. തന്റെ ചുറ്റുപാടിനനുസരിച്ച വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. അവിടുത്തെ രീതിയനുസരിച്ചുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. അന്നത്തെ രീതിയനുസരിച്ചുള്ള വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്… ഈവക കാര്യങ്ങളിലൊന്നും അദ്ദേഹത്തെ മാതൃകയാക്കേണ്ടതില്ല. എന്നല്ല അങ്ങനെ മാതൃകയാക്കാന്‍ തുനിഞ്ഞാല്‍ തുനിയുന്നവര്‍ക്ക് അത് പ്രയാസം സൃഷ്ടിക്കുകയേ ഉള്ളൂ.

2. അദ്ദേഹം ദൈവദൂതനാണ്. ദൈവദൂതന്‍ എന്ന നിലയ്ക്ക് അല്ലാഹുവിന്റെ നിര്‍ദേശമാവും അദ്ദേഹം ജനങ്ങളെ കേള്‍പ്പിക്കുന്നത്.

3. ദൈവദൂതന്‍ എന്ന നിലയ്ക്ക് അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനാണ് അദ്ദേഹം. 4. അല്ലാഹു തന്നെ ഏൽപിച്ചപോലെ(5) ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുകയും അവര്‍ക്ക് (6) താക്കീത് നല്‍കുകയും ചെയ്യുന്നവനുമാണ്. അല്ലാഹുവിലേക്കുള്ള അദ്ദേഹത്തിന്റെ ക്ഷണത്തിന് ഉത്തരം നല്‍കാന്‍ മറ്റുള്ളവര്‍ ബാധ്യസ്ഥരാണ്. അദ്ദേഹം നല്‍കുന്ന സുവാർത്തക്കും താക്കീതിനും വിലകല്‍പ്പിക്കാനും അവര്‍ ബാധ്യസ്ഥരാണ്. അവിടെ അവര്‍ അദ്ദേഹത്തെ അനുസരിച്ചേ പറ്റൂ. ഒപ്പം അദ്ദേഹത്തെ അവര്‍ മാതൃകയാക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ടുള്ള ഖുര്‍ആനിന്റെ പ്രയോഗങ്ങള്‍ പോലും ശ്രദ്ധേയമാണ്. ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: “അല്ലാഹുവിന്റെ നിര്‍ദേശത്തിനൊത്ത് അനുസരിക്കപ്പെടാന്‍ തന്നെയാണ് നാം ഏതൊരു ദൂതനെയും നിയോഗിച്ചിട്ടുള്ളത്.” (4:64)
“നിങ്ങള്‍ക്ക്, അല്ലാഹുവിനെയും പരലോകത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ കൂടുതലായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക്. അല്ലാഹുവിന്റെ ദൂതരില്‍ മാതൃകയുണ്ട്.” (33:21)
“അല്ലാഹുവോ അവന്റെ ദൂതനോ ഒരു കാര്യം തീരുമാനിച്ചാല്‍ തങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും വിശ്വാസിക്കോ വിശ്വാസിനിക്കോ സ്വാഭീഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവര്‍ വ്യക്തമായും മാര്‍ഗഭ്രംശം സംഭവിച്ചവര്‍ തന്നെ.” (33:36)
“പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നവരെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമല്ലോ. പറയുക: അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുവിന്‍. നിങ്ങള്‍ പിന്‍വാങ്ങിപ്പോവുന്നുവെങ്കില്‍ നിഷേധികളെ അല്ലാഹുവിന് ഇഷ്ടമല്ല.” (3:31,32)

7. മുഹമ്മദ് ഒരു രാഷ്ട്രനായകനാണ്, 8. സൈന്യാധിപനാണ്, 9. ന്യായാധിപനാണ്
നടേപറഞ്ഞ കാര്യങ്ങളിലത്രയും ഭൗതികം (ദുനിയാവ്) എന്നതിലേറെ മതപരമായ കാര്യത്തിനാവും ഊന്നല്‍. മതപരമായ വിഷയങ്ങളില്‍ സംശയനിവാരണം വരുത്തുന്ന ആള്‍ എന്ന ഒമ്പതാമത്തെ സവിശേഷത കൂടിയുണ്ട് അദ്ദേഹത്തിന്. സംശയനിവാരണം വരുത്തിക്കൊണ്ടുള്ള ചോദ്യം ഖുര്‍ആന്‍ പതിനഞ്ചിടത്ത് എടുത്തുദ്ധരിക്കുന്നന്നുണ്ട്. ”അവര്‍ നിന്നോട് ചോദിക്കുന്നു” എന്നാണ് അതിലേറെയുമുള്ളത് -2:189, 215, 217, 219, 220, 222, 5:4, 7:187, 8:1, 17:85, 18:83, 20:105, 79:42. (2:219, 220, 7:187 സൂക്തങ്ങളില്‍ അത് രണ്ടുതവണ ആവര്‍ത്തിക്കുന്നുണ്ട്).

ഉദ്ദേശലക്ഷ്യങ്ങള്‍

രാഷ്ട്രനായകന്‍, ന്യായാധിപന്‍, സൈനികനായകന്‍ എന്നീ നിലകളില്‍ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിശ്വാസം, ജീവന്‍, അഭിമാനം, വംശം, സമ്പത്ത്, പരലോകം എന്നിവ സംരക്ഷിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. മതനായകന്‍ എന്ന നിലയ്ക്കും വിശ്വാസവും അനുഷ്ഠാനങ്ങളും വിശ്വാസിയുടെ പരലോകവും സംരക്ഷിക്കേണ്ട ബാധ്യതയും അദ്ദേഹത്തിന്റേതാണ്. ഇതിനെ ഇസ്‌ലാമിന്റെ സാങ്കേതിക വ്യവഹാരമനുസരിച്ച് ‘മഖാസിദുശ്ശരീഅഃ’ (ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍) എന്നുപറയുന്നു.

മതനായകന്‍, ദൈവദൂതന്‍, പ്രബോധകന്‍, സുവിശേഷകന്‍, താക്കീതുകാരന്‍ സംശയനിവാരണം നടത്തുന്നവന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സമീപനം ക്ഷമയുടേതായിരുന്നു. സഹനത്തിന്റെതായിരുന്നു. ക്ഷമാ-സഹനങ്ങളുടെ മകുടം എന്നോ പര്യായം എന്നോ ഒക്കെ പറയാവുന്നവിധം അത്യാകര്‍ഷകവും പ്രശംസാര്‍ഹവും മാതൃകായോഗ്യവും. അദ്ദേഹം ഭൂമിയോളം ക്ഷമിച്ചു; സഹിച്ചു. മക്കയിലെ അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ പതിമൂന്നു വര്‍ഷം പരിശോധിക്കുക. അവിടെ അദ്ദേഹം എല്ലാം ക്ഷമിക്കുകയായിരുന്നു; സഹിക്കുകയായിരുന്നു. തിരിച്ചടിക്കുന്നതിനെപ്പറ്റി മാത്രമല്ല ശത്രുവിനെതിരില്‍ ശാപപ്രാര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചുപോലും അദ്ദേഹം ചിന്തിച്ചതേയില്ല. ഈ ഘട്ടത്തിലുടനീളം ഖുര്‍ആന്‍ അദ്ദേഹത്തിനുനല്‍കുന്ന സന്ദേശം ക്ഷമിക്കാനാണ്. ഏകദേശം ക്വുര്‍ആനില്‍ ക്ഷമയെക്കുറിച്ചു പരാമര്‍ശിച്ചതില്‍ ഏറിയകൂറും ഈ ഘട്ടത്തിലവതരിച്ചതാണ്. തങ്ങള്‍ക്കനുകൂലമായും ശത്രുവിന് പ്രതികൂലമായും പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ട അനുയായികളെ സാന്ത്വനപ്പെടുത്തി ആശ്വാസവചനങ്ങള്‍ നല്‍കി തിരിച്ചയക്കുകയല്ലാതെ ശത്രുവിന്റെ മുഖത്തുനോക്കി പല്ലിളിക്കാന്‍ പോലും അദ്ദേഹം നിര്‍ദേശിച്ചില്ല. ഖുര്‍ആന്‍ അദ്ദേഹത്തിനു നല്‍കിയ നിര്‍ദേശം ഇതാണ്:
“നിനക്ക് ലഭിച്ച ദിവ്യബോധനം പിന്‍പറ്റുക. അല്ലാഹു ഒരു തീരുമാനമുണ്ടാക്കുംവരെ ക്ഷമിക്കുകയും.” (10:109)
“അവര്‍ പുലമ്പുന്നതില്‍ ക്ഷമിച്ചേക്കുക.” (20:130)
“ക്ഷമിക്കുക, അല്ലാഹുവിന്റെ വാഗ്ദാനം പുലരാനുള്ള സത്യം തന്നെയാണ്.” (30:60)
അനുയായികള്‍ക്കുള്ള നിര്‍ദേശവും അതുതന്നെയായിരുന്നു.
“വിശ്വാസിച്ചവരേ, ക്ഷമിക്കുക, ക്ഷമയില്‍ പരിശീലനം നേടുക.” (3:200)

No comments yet.

Leave a comment

Your email address will not be published.