ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -1

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -1
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -1
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -1

Print Now
യുക്തിവാദികള്‍, മോഡേണിസ്റ്റുകള്‍, ഹദീഥ് നിഷേധികള്‍, സര്‍വമത സത്യവാദികള്‍, സര്‍വവേദ സത്യവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, ഹിന്ദുത്വവാദികള്‍… ഒരു കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്; ഇസ്‌ലാമിനെ എതിര്‍ക്കുന്ന കാര്യത്തില്‍. ലക്ഷ്യം ഒന്ന്, മാര്‍ഗം പലത്. അത്രയേ വ്യത്യാസമുള്ളൂ. അതിനാല്‍ തന്നെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിച്ചുകൊണ്ടിരിക്കും.

ഒരേലക്ഷ്യത്തിനുവേണ്ടി പലവഴി സ്വീകരിച്ചവര്‍ എന്നു പറയുമ്പോഴും അവര്‍ തമ്മില്‍ വേറെയും വ്യത്യാസങ്ങളുണ്ട്. ഇസ്‌ലാമിനുപകരം പ്രത്യേകലക്ഷ്യം മുന്നോട്ടുവെക്കുന്നവരും അല്ലാത്തവരും അവരിലുണ്ട്. യുക്തിവാദികള്‍, മോഡേണിസ്റ്റുകള്‍, ഹദീഥ് നിഷേധികള്‍, സര്‍വമത-സര്‍വവേദ സത്യവാദികള്‍ ഇവരെ അരാജകവാദികളായി വേണം കാണാന്‍. അവര്‍ക്ക് പ്രത്യേക ലക്ഷ്യമൊന്നുമില്ല. നിര്‍മാണാത്മകലക്ഷ്യം ഒന്നുമില്ല. ഇസ്‌ലാമിനെ കരിവാരിത്തേക്കുക എന്ന നിഷേധാത്മകലക്ഷ്യം മാത്രമേയുള്ളൂ. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ഹിന്ദുത്വവാദികള്‍ക്കും നിഷേധാത്മകം മാത്രമല്ല, അവരുടെതായ നിര്‍മാണാത്മകലക്ഷ്യം കൂടിയുണ്ട്. ഒരു കൂട്ടര്‍ക്ക് കമ്മ്യൂണിസത്തിലധിഷ്ഠിതമായ സോഷ്യലിസം സ്ഥാപിക്കലാണ് ലക്ഷ്യമെങ്കില്‍ മറ്റേ കൂട്ടര്‍ക്ക് മനുസിദ്ധാന്തത്തിലധിഷ്ഠിതമായ ബ്രാഹ്മണവ്യവസ്ഥ സ്ഥാപിക്കലാണ് ലക്ഷ്യം. എന്നാല്‍ മേല്‍ എടുത്തുപറഞ്ഞവരോ അല്ലാത്തവരോ ആയ ഒരു വിഭാഗത്തിനും ഈ ഇസ്‌ലാംവിരുദ്ധ പ്രചാരണത്തില്‍ വിജയിക്കാനാവില്ല എന്നതാണ് സത്യം. ചിലരെ ഇസ്‌ലാമില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ അവര്‍ക്കായേക്കും. എന്നാല്‍ ഇസ്‌ലാമിനെ തകര്‍ക്കാനാവില്ല. എന്നല്ല അപ്പോഴും ഇസ്‌ലാം താഴോട്ടടിച്ച റബ്ബര്‍ പന്തുപോലെ പിന്നെയും പിന്നെയും ഉയര്‍ന്നു വരുന്നതുകാണാം. ഖുര്‍ആന്‍ പറഞ്ഞുവല്ലോ:

“അല്ലാഹുവിന്റെ പ്രകാശത്തെ സ്വന്തം വായകള്‍ കൊണ്ട് ഊതിക്കെടുത്താമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ശത്രുക്കള്‍ക്ക് അരോചകമെങ്കിലും അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ണതയിലെത്തിച്ചിരിക്കും.” (9:32, 61:8)

എന്നാല്‍ ഈ ആക്രമണം സംബന്ധിച്ച് നബി (സ) നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. അതിനാല്‍ തന്നെ അതില്‍ ആശങ്കപ്പെടാനൊന്നുമില്ല. ഭക്ഷണത്തളികയില്‍ കയ്യിട്ടുവാരുന്ന മട്ടിലുള്ള ഈ ആക്രമണം അനവരതം തുടര്‍ന്നുകൊണ്ടിരിക്കും. ആ ഹദീഥ് ഇങ്ങനെ വായിക്കാം:

“പ്രവാചകന്റെ വിമോചിത അടിമ സൗബാനിൽ(റ) നിന്ന്, നബി (സ) പറഞ്ഞു: ഉണ്ണാനിരിക്കുന്നവര്‍ ഭക്ഷണത്തളികയ്ക്ക് ചുറ്റുമെന്ന പോലെ ഇതരസമൂഹങ്ങള്‍ നിങ്ങൾക്കെതിരിൽ ഒന്നിച്ചുചേരും.”

ചോദ്യം വന്നു: ഞങ്ങള്‍ അന്ന് എണ്ണത്തില്‍ കുറവായതായിരിക്കുമോ കാരണം? നബി (സ) പറഞ്ഞു: അല്ല. നിങ്ങള്‍ അന്ന് ഒഴുക്കുവെള്ളത്തിലെ ചവറുകള്‍ക്ക് സമാനമായതാകും കാരണം. നിങ്ങളുടെ ഹൃദയങ്ങളില്‍ ‘വഹ്ൻ’ സ്ഥാനം പിടിച്ചിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ ഹൃദയങ്ങളില്‍ നിന്ന് ഭയം എടുത്തുമാറ്റപ്പെട്ടിരിക്കും. ദുനിയാവിനോടുള്ള നിങ്ങളുടെ പ്രതിപത്തിയും മരണത്തോടുള്ള വെറുപ്പുമാവും കാരണം.” (അബൂദാവൂദ്)

ശത്രുക്കളുടെ ദൗര്‍ബല്യത്തെ നമുക്ക് ഇങ്ങനെ നോക്കിക്കാണാം. ഒരേലക്ഷ്യമല്ല അവര്‍ക്കുള്ളത്. പലരും പല ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സത്യസന്ധത നന്നേ കുറവാണെന്നു മാത്രമല്ല തെല്ലും ഇല്ലെന്നു തന്നെ പറയാം. ഒരു നിശ്ചിത പോയന്റില്‍ നിന്നുകൊണ്ട് സംസാരിക്കാന്‍ തയ്യാറല്ല. സുതാര്യവും നേര്‍ക്കുനേരെയുള്ളതുമായ ചര്‍ച്ചക്ക് തയ്യാറാവുകയില്ല. ആരോപണങ്ങള്‍ ഉന്നയിക്കുമെന്നതല്ലാതെ മറുപടി കേള്‍ക്കാന്‍ തയ്യാറാവുകയില്ല. ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒന്നും തന്നെ വസ്തുതാപരമോ സത്യസന്ധമോ ആയിരിക്കില്ല. ഇസ്‌ലാമിന്റെ പക്ഷത്തുനിന്ന് പലപ്പോഴും മറുപടി നല്‍കിക്കഴിഞ്ഞ ആരോപണങ്ങള്‍ അതേപടി വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ടിരിക്കുക മാത്രമാണ് അവര്‍ ചെയ്യുക.

ആരോപണങ്ങള്‍ ചിലത് മതപരമാണെങ്കില്‍ മറ്റുചിലത് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരിക്കും. ആരോപകര്‍ അവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ തയ്യാറല്ല. അങ്ങനെ വിവേചിക്കുമ്പോള്‍ മാത്രമേ ഓരോന്നും ശരിയായി ഗ്രഹിക്കാനാവൂ. പക്ഷേ, അതില്‍ അവര്‍ക്ക് താല്‍പര്യമില്ല. കാരണം അവരുടെ ലക്ഷ്യം സാധിക്കണമെങ്കില്‍ എല്ലാം കൂട്ടിക്കുഴക്കണം. അവരുടെ ദൃഷ്ടിയില്‍ ഖുര്‍ആന്‍ കേവലം ഒരു മതഗ്രന്ഥമാണ്, പ്രവാചകന്‍ ഒരു മതനേതാവും. ഒരു മതഗ്രന്ഥത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടാകാമോ? ഒരു മതനേതാവ് ഇങ്ങനെയൊക്കെ പറയാമോ? ചെയ്യാമോ? ഇതാണ് വിമര്‍ശനത്തിന്റെ രീതി. ചിലപ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന രീതിയുമുണ്ട്. അതുകൊണ്ടുതന്നെ മറ്റു മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ പാടേ നിഷേധിക്കുകയും ഇതൊക്കെ ഖുര്‍ആനില്‍ മാത്രമേ കാണൂ, അതിനാല്‍ ഖുര്‍ആന്‍ ഒന്നിനും കൊള്ളില്ല എന്നു വിളിച്ചുകൂവുകയും ചെയ്യും. ഒരു ഉദാഹരണം പറയാം.

ഒരു മഹതി എഴുതുന്നു: “മുസ്‌ലിമല്ലാത്തതവരെ പിരടിക്ക് വെട്ടിക്കൊല്ലാന്‍ മറ്റൊരുമതവും പറയുന്നില്ല. മറ്റൊരു ഗ്രന്ഥത്തിലും സ്വന്തം മതത്തിലല്ലാത്തവനെ ഉറ്റമിത്രങ്ങളാക്കരുതെന്ന് പറഞ്ഞിട്ടില്ല. ഉപനിഷത്തുകള്‍, വേദങ്ങള്‍, ബൈബിള്‍…. ഇവയിലൊന്നും അന്യന്റെ കഴുത്തില്‍ കത്തിവെക്കാന്‍ പറയുന്നില്ല.” (വാട്ട്‌സാപ്പില്‍ വന്നത്)

എന്തുമാത്രം സത്യവിരുദ്ധവും പ്രകോപനകരവുമായ പ്രസ്താവന!

മുസ്‌ലിമല്ലാത്തവന്റെ പിരടിക്ക് വെട്ടാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നു, അന്യന്റെ കഴുത്തില്‍ കത്തി വെക്കാനാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. അന്യമതസ്തരെ ഉറ്റമിത്രങ്ങളാക്കരുതെന്ന് ഇസ്‌ലാം മാത്രമേ പറയുന്നുള്ളൂ. അതിനാല്‍ കരുതിയിരിക്കുക, ഇസ്‌ലാം തീവ്രതയാണ് പഠിപ്പിക്കുന്നത്! അതിനാല്‍ അവരെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്! ഇതാണ് മേല്‍ഉദ്ധരണിയുടെ ഉള്ളടക്കം.

ഈ വരികള്‍ ആ ‘മഹതി’യുടേത് സ്വന്തമല്ല എന്നത് കട്ടായം. മറ്റെവിടെനിന്നോ മോഷ്ടിച്ചതാണ്. എന്നുപറഞ്ഞാല്‍ മറ്റാരുടെയോ ചിന്തയില്‍ കുരുത്ത വിഷലിപ്തമായ വാക്കുകള്‍ കടമെടുത്ത് പ്രചരിപ്പിക്കുക. യുക്തിവാദികളുള്ള വേദികളിലാണ് സാധാരണ ഇത്തരം ആരോപണങ്ങള്‍ ചേര്‍ത്തുവെക്കുക.

വാക്കുകള്‍ക്ക് അര്‍ത്ഥവും ആശയവും ലഭിക്കുന്നത് അവ മറ്റുവാക്കുകളുമയി കൂടിച്ചേരുമ്പോഴും അത് പ്രയോഗിച്ച പശ്ചാത്തലവുമായി ബന്ധപ്പെടുത്തുമ്പോഴുമാണ്. പശ്ചാത്തലങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് പ്രയോഗിച്ചാല്‍ ശരിയായ ആശയം നഷ്ടപ്പെടും. ഉദാഹരണം പറയാം: ഒന്നിനുപോയവന്‍ രണ്ടും കഴിഞ്ഞ് വെള്ളം തൊടാതെ പുറത്തുവന്നു.”

ഹനുമാന് നിര്‍വഹിക്കാനുള്ളത് ഒരു കാര്യമാണ്. സീതയെ രക്ഷിക്കുക എന്ന ഒരേയൊരു കാര്യം. അതിന് ലങ്കയിലെത്തണം. അതിനു തടസ്സം പരപരാ പരന്നുകിടക്കുന്ന സാഗരമാണ്. ഹനുമാന്‍ കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഒറ്റച്ചാട്ടതിന് സമുദ്രം കടന്ന് ലങ്കയില്‍ചെന്നു. ലങ്കയെ ദഹിപ്പിച്ചു. സീതയെ രക്ഷിച്ചു. രണ്ടു കാര്യം നടന്നു. ഇതാണ് ഒന്നിനു പോയവന്‍ രണ്ടും കഴിഞ്ഞ് വെള്ളം തൊടാതെ തിരിച്ചുവന്നതിന്റെ സാരം.

മൂത്രമൊഴിക്കാന്‍ കക്കൂസില്‍ കയറിയവന്‍ മലവിസര്‍ജ്ജനം കൂടി നടത്തി വെള്ളം തൊടാതെ തിരിച്ചുപോന്നവനെപ്പറ്റിയും ഇത് പ്രയോഗിക്കാം. ഒന്ന് ധീരവും അതീവശ്ലാഘനീയവുമായ കാര്യമാണെങ്കില്‍, രണ്ടാമത്തേത് വൃത്തികെട്ടതും ഗർഹണീയവുമായ കാര്യമാണ്. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് വാക്കുകളോ വാക്യങ്ങളോ പ്രയോഗിച്ചാല്‍ സംഭവിക്കുന്ന ജുഗുപ്‌സയാണത്. ഇങ്ങനെ അടര്‍ത്തിമാറ്റി വാക്കുകള്‍ പ്രയോഗിക്കുന്നവരെ യുക്തിവാദി എന്നു പറയുന്നതിലുമില്ലേ അന്തക്കേട്?

വൈജ്ഞാനികവും ബുദ്ധിപരവുമായ സത്യസന്ധത പുലര്‍ത്തുന്നവര്‍ ചെയ്യേണ്ട കാര്യം ഇതാണ്. ഏതുഗ്രന്ഥവുമാകട്ടെ അതിലെ പദങ്ങള്‍ പരിശോധിക്കണം. ഒരേപദം എവിടെയൊക്കെ പ്രയോഗിച്ചു, ഏതൊക്കെ സാഹചര്യത്തില്‍ പ്രയോഗിച്ചു, പ്രയോഗിച്ച ഇടങ്ങളിലത്രയും അത് ഒരേ അര്‍ത്ഥത്തിലാണോ ഉപയോഗിച്ചിരിക്കുന്നത്, അല്ലെങ്കില്‍ ഏതൊക്കെ സാഹചര്യത്തില്‍ ഏതൊക്കെ അര്‍ത്ഥത്തിലാണ് അതുപയോഗിച്ചിരിക്കുന്നത്? മറ്റു ഗ്രന്ഥങ്ങളുടെ കാര്യത്തിലെന്ന പോലെ ഖുര്‍ആനിന്റെ കാര്യത്തിലും ഈ പരിശോധന വേണ്ടതുണ്ട്. ബൈബിളിലെ ഒരു പ്രയോഗമുണ്ടല്ലോ: “ഇസ്രാഈല്‍ സമൂഹത്തിലെ കാണാതെപോയെ കുഞ്ഞാടുകളുടെ അടുത്തേക്കാണ് എന്നെ നിയോഗിച്ചിട്ടുള്ളത്.” യേശുവിന്റെ പ്രസ്താവനയായിട്ടാണ് ബൈബിള്‍ പുതിയനിയമം ഇതുദ്ധരിക്കുന്നത്. ഇവിടെ കുഞ്ഞാടുകള്‍ ആരാണ്? യഥാര്‍ത്ഥ ആടുകള്‍ തന്നെയാണോ, അതോ ഇത് മനുഷ്യരെ സംബന്ധിച്ചുള്ള പ്രയോഗമാണോ? യുക്തിവാദി പറയുക, യഥാര്‍ത്ഥ ആടുകളെക്കുറിച്ചാണ് അപ്പറഞ്ഞിരിക്കുന്നത് എന്നാകും. അതിനാല്‍ യേശു ഒരു ആട്ടിടയന്‍ മാത്രമായിരുന്നു, അദ്ദേഹം പ്രവാചകനായിരുന്നില്ല, അങ്ങനെ അദ്ദേഹം വാദിച്ചിരുന്നുമില്ല!

എന്നാല്‍ ഒരു വേദവിശ്വാസി പറയുക, അവിടെ കുഞ്ഞാടുപ്രയോഗം ഭാഷാര്‍ത്ഥത്തിലല്ല എന്നായിരിക്കും. അതൊരു ആലങ്കാരിക പ്രയോഗമാണ്. അതിനാല്‍തന്നെ അത് ഇസ്രാഈല്‍ സമൂഹത്തിലെ സന്മാര്‍ഗഭ്രംശം വന്നുപോയ ആളുകളെക്കുറിച്ചുള്ള പ്രയോഗമാണ്. അവരെ സന്മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യവുമായാണ് യേശു നിയുക്തനായിട്ടുള്ളത്. അതാണ് സത്യസന്ധമായ ബൈബിള്‍ വായന. ഇത് തന്നെയാണ് ഖുര്‍ആനിന്റെ കാര്യത്തിലും കൈക്കൊള്ളേണ്ട നിലപാട്. അപ്പോള്‍ ഖുര്‍ആനില്‍ പ്രയോഗിച്ച കാഫിര്‍, മുശ്‌രിക്ക് എന്ന പദങ്ങളിലും മറ്റും പ്രയോഗിച്ച സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിവേണം മനസ്സിലാക്കാന്‍.

1 Comment

  • അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

    Shaheen 09.02.2020

Leave a comment

Your email address will not be published.