ഇസ്‌ലാം കാലാതിവര്‍ത്തിയായ ആദര്‍ശം

//ഇസ്‌ലാം കാലാതിവര്‍ത്തിയായ ആദര്‍ശം
//ഇസ്‌ലാം കാലാതിവര്‍ത്തിയായ ആദര്‍ശം
ആനുകാലികം

ഇസ്‌ലാം കാലാതിവര്‍ത്തിയായ ആദര്‍ശം

Print Now
ഇസ്‌ലാം ഒരു മതമാണ്. ദൈവികമാണത്. മനുഷ്യന് അവന്‍റെ സ്രഷ്ടാവില്‍ നിന്നും ലഭിച്ച ജീവിത വഴി. ഭൂമിയില്‍ ഹൃസ്വകാല ജീവിതം മാത്രം അനുവദിച്ചു കിട്ടിയിട്ടുള്ള മനുഷ്യന്, ആ ജിവിതത്തെ വിജയകരമായും സന്തുഷ്ടമായും മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഇസ്‌ലാമിന്‍റെ ദൗത്യം. ആ ദൗത്യനിര്‍വഹണത്തിനാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തോട് അല്ലാഹു ആഹ്വാനം ചെയ്യാനാവശ്യപ്പെടുന്ന ഒരു സുപ്രധാന സന്ദേശം ഇപ്രകാരമാണ്:

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. (അന്‍ഫാല്‍/24).

ഇസ്‌ലാമിന്‍റെ ക്ഷണം യഥാര്‍ത്ഥ ജീവനിലേക്കാണ്, ജീവിതത്തിലേക്കാണ്. പ്രസ്തുത ജീവിതത്തെ സംബന്ധിച്ച കൃത്യമായ ചിത്രം ഖുര്‍ആനിലൂടെയും പ്രവാചക വിശദീകരണങ്ങളിലൂടെയും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിനെ അനുധാവനം ചെയ്യേണ്ടത് അന്ധമായല്ല, തികഞ്ഞ ആലോചനയിലൂടെയുള്ള ഉറപ്പോടെയാകണം. അതിന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ സമര്‍പ്പിക്കുന്ന ആഹ്വാനങ്ങളും ദൃഷ്ടാന്തങ്ങളും സന്ദേശങ്ങളും സത്യാന്വേഷണ ത്വരയോടെ ചിന്തക്കെടുക്കേണ്ടിവരും. അപ്പോഴാണ് ഇസ്‌ലാമിന്‍റെ അന്തസ്സും ചന്ദസ്സും വിവേകമതികള്‍ക്ക് ബോധ്യപ്പെടുക.

പ്രപഞ്ച സ്രഷ്ടാവ് ഏകനാണ്. അവന്‍ മാത്രമാണ് ആകെലോകത്തിന്‍റേയും നിയന്ത്രകന്‍. അവനെ മാത്രമാണ് മനുഷ്യന്‍ ആരാധിക്കേണ്ടത്. അവനല്ലാത്തവരെ ദൈവമായി സ്വീകരിക്കുയും ആരാധിക്കുകയും ചെയ്യുന്നത് യഥാര്‍ത്ഥ ദൈവത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത അപരാധമാണ്. മനുഷ്യ ജിന്ന് വര്‍ഗ്ഗങ്ങള്‍ക്ക് ദൈവവചനങ്ങള്‍ ഉദ്ബോധിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). അദ്ദേഹം ലോകത്തിന് സമര്‍പ്പിച്ച ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും വിശ്വസിച്ചാചരിക്കുന്നതു വഴിയാണ് മനുഷ്യ ജീവിതം സാര്‍ത്ഥകമാകുന്നത്. പരലോക ജീവിതമാണ് യഥാര്‍ത്ഥമെന്നറിഞ്ഞ് അവിടുത്തെ വിജയത്തിനായി ധര്‍മ്മനിഷ്ഠയോടെ ജീവിക്കുക എന്നതാണ് മനുഷ്യരുടെ ജീവിത ധര്‍മ്മം. ഇപ്പറഞ്ഞതൊക്കെയും ഇസ്‌ലാമിന്‍റെ മൗലികമായ ആദര്‍ശപാഠങ്ങളില്‍പ്പെട്ടതാണ്. ഇവ മുഴുവനും കഴിയുന്നത്ര പാലിച്ചു ജീവിക്കുന്ന ദൈവദാസന്മാര്‍ക്ക് ശാന്തിയുടെ ഭവനം അഥവ സ്വര്‍ഗ്ഗജീവിതമാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്.

അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (യൂനുസ്/26)

പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവിനെ അറിഞ്ഞും അംഗീകരിച്ചും തന്‍റെ മുഴുവന്‍ ജീവിതാവസ്ഥകളും നിയന്ത്രിക്കുന്ന ആ നാഥന് കീഴ്‌പെട്ടും വണങ്ങിയും ജീവിക്കാന്‍ ഓരോ മനുഷ്യനും തയ്യാറാകുന്നത് അവനിലെ ബുദ്ധിയേയും വിവേകത്തേയുമാണ് സൂചിപ്പിക്കുന്നത്. ഇസ്‌ലാം മനുഷ്യനിലെ നന്മകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും, തിന്മകളും അതിന്‍റെ പരിതാപകരമായ പരിണതികളും അറിയിച്ചു കൊടുക്കുകയും അതില്‍ നിന്ന് മാറിനില്‍ക്കാന്‍ മനുഷ്യനെ ഉദ്ബോധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഓരോ വ്യക്തിയുടേയും സംശുദ്ധ ജീവിതത്തിന് വഴിയൊരുക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത് എന്നര്‍ത്ഥം.

മനുഷ്യ സമൂഹത്തെ മുഴുവന്‍ പരിഗണിക്കുന്ന മതമാണ് ഇസ്‌ലാം. മനുഷ്യപ്പറ്റുള്ള മതം. എല്ലാവിഭാഗം ജനങ്ങളേയും അതുള്‍ക്കൊള്ളുന്നുണ്ട്. രാജ്യാതിര്‍ത്തികളോ നിറഭേദങ്ങളൊ ഭാഷാവൈവിധ്യങ്ങളൊ ലിംഗവ്യത്യാസങ്ങളൊ സാമ്പത്തികമായ ഉച്ചനീചത്വങ്ങളൊ ഇസ്‌ലാമിന്‍റെ പരിഗണനയിലില്ല. അതുകൊണ്ടു തന്നെ മാനവികമായ ആദര്‍ശങ്ങളും നിയമസംഹിതകളുമാണ് ഇസ്‌ലാം ലോകത്തിന്‍റെ മുന്നില്‍ വെച്ചിട്ടുള്ളത്. സമൂഹത്തില്‍ നിര്‍ബന്ധമായും നിലനിന്നു കാണേണ്ട സ്നേഹം സഹിഷ്ണുത സാഹോദര്യം സഹവര്‍ത്തിത്വം തുടങ്ങിയ എല്ലാ മാനുഷിക ഗുണങ്ങളും ഇസ്‌ലാം പരിപോഷിപ്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഇസ്‌ലാം സമാധാനത്തിന്‍റെ സംജ്ഞയാണ്. മുസ്‌ലിം സമാധനം കാംക്ഷിക്കുന്നവനും വ്യാപിപ്പിക്കുന്നവനുമാകണം എന്ന് മുഹമ്മദു നബി (സ്വ) ഉപദേശിച്ചിട്ടുണ്ട്. ജീവിക്കുന്ന ചുറ്റുപാടില്‍ സമാധാനത്തിന്‍റെ വാഹകനാകാന്‍ ഒരാള്‍ക്ക് ആകുന്നില്ലഎങ്കില്‍ ശരിയായ മുസ്‌ലിമാകാന്‍ അവന്ന് സാധിച്ചിട്ടില്ല എന്നാണര്‍ത്ഥം. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുക, മനുഷ്യന്‍റെ ജീവനും സ്വത്തിനും ആപത്തു വരുത്തുക, നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുക, ഭയാന്തരീക്ഷമുണ്ടാക്കുക തുടങ്ങിയവയൊക്കെ ഇസ്‌ലാം ഗൗരപൂര്‍വ്വം എതിര്‍ക്കുന്ന മാനവവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ലോകജനതയെ മുഴുവന്‍ ഒരു മാതാവിന്‍റേയും പിതാവിന്‍റേയും മക്കളായി കാണുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാംമിന്ന് കലഹങ്ങളോടും കലാപങ്ങളോടും പ്രതിപത്തിയുണ്ടാകുമെന്ന് കരുതാന്‍ വിവേകമുള്ള ഒരാള്‍ക്കു സാധ്യമല്ല.

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഹുജുറാത്ത്/13)

അല്ലാഹുവിന് ഇഷ്ടം ധര്‍മ്മനിഷ്ടരെയാണ്; സ്വയം നന്നാകുകയും മറ്റുളളവരില്‍ നന്മയുണ്ടാകാന്‍ കൊതിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളെ. ഇസ്‌ലാം എല്ലാവരേയും ക്ഷണിക്കുന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ സാഹോദര്യത്തിലേക്കും നന്മയിലേക്കുമാണ്. അതിന്‍റെ പ്രമാണങ്ങള്‍ എന്‍റെയും നിങ്ങളുടേയും മുന്നില്‍ തുറന്നു വെക്കപ്പെട്ടരിക്കുന്നു എന്നതാണ് ഇസ്‌ലാംമിന്‍റെ പ്രത്യേകത. പഠനാര്‍ത്ഥമൊ വിമര്‍ശനാര്‍ത്ഥമൊ ആര്‍ക്കും സമീപിക്കാവുന്ന വിധം ഏറെ സുതാര്യമാണ് അതിലെ ഓരോ സന്ദേശവും. ഇസ്‌ലാം ആരേയും മുസ്‌ലിമാകാന്‍ ശഠിക്കുന്നില്ല. മനുഷ്യന്‍റെ ചിന്താശേഷിയേയും വിവേചനബുദ്ധിയേയും ആദരിക്കുന്ന ഇസ്‌ലാം പ്രാപിഞ്ചക ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാണിച്ച്, ദൈവത്തിലേക്കെത്തിക്കും വിധം മനുഷ്യനെ ചിന്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (ആലു ഇംറാന്‍/190, 191)

മനുഷ്യ സമൂഹത്തിന്‍റെ മൊത്തം വിജയവും അവരുടെ സന്തോഷവും കാംക്ഷിക്കുന്നവരെന്ന നിലക്കാണ് മുസ്‌ലിംകള്‍ ഈ മതത്തെ എല്ലാ സഹോദരങ്ങളുടേയും മുമ്പാകെ പ്രാമാണികമായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സഹജീവികളോടുള്ള ഗുണകാംക്ഷ എന്ന നിലക്ക്. ഇസ്‌ലാമിനെ ദൂരെനിന്ന് പഠിക്കാതെ അടുത്തു നിന്നറിയാന്‍ ശ്രമിക്കുന്നതാണ്, അതിനെ സംബന്ധിച്ചുള്ള സത്യാവസ്ഥ ബോധ്യപ്പെടാനും തെറ്റുധാരണകള്‍ നീങ്ങാനും അനുയോജ്യമായിട്ടുള്ളത്. സത്യാന്വേഷികളും ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കുന്നവരുമായ വിവേകികള്‍ ഇസ്‌ലാമിനെ പഠിക്കാനും മനനം ചെയ്യാനും തുനിഞ്ഞതിന്‍റെ ഫലമായിത്തന്നെയാണ് ഇസ്‌ലാമിന്‍റെ വ്യാപനം ലോകത്തുണ്ടായിട്ടുള്ളത്. ഇസ്‌ലാം ഭീകരവാദമാണ് എന്ന പ്രൊപഗണ്ടകള്‍ അതിന്‍റെ ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴും ഇസ്‌ലാമിലേക്കുള്ള മനുഷ്യരുടെ ഒഴുക്ക് അനുദിനം തുടരുകയാണ്. ഇത് ഇസ്‌ലാം വിമര്‍ശകരില്‍ കുറച്ചൊന്നുമല്ല അത്ഭുതമുണ്ടാക്കുന്നത്.

നിരീശ്വര നിര്‍മ്മതവാദികള്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത്, അതിന്‍റെ പ്രമാണങ്ങളേയും പ്രമാണങ്ങള്‍ നല്‍കുന്ന മൗലികമായസന്ദേശത്തേയും വിശകലന വിധേയമാക്കിയിട്ടല്ല. മറിച്ച്, പ്രമാണങ്ങളിലെ ചില സാന്ദര്‍ഭിക പ്രസ്താവനകളേയും മുസ്‌ലിംകളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സ്കലിതകങ്ങളേയും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. ശാസ്ത്രമാണ് മനുഷ്യജീവതത്തിന്‍റെ അവസാന കോടതിയെന്ന, ബാലിശവും രേഖാരഹിതവുമായ സങ്കല്‍പമാണ് നിലവില്‍ യുക്തിവാദം എന്നത്. ഇന്ന് ഇതൊരു ട്രന്‍റായി മാറിയിട്ടുണ്ട്. അടുത്ത കാലത്ത് നിരീശ്വര വാദികളുടെ മുഴുസമയ മത്സ്യബന്ധനശ്രമവും മുസ്‌ലിംകള്‍ക്കിടയിലാണ് നടക്കുന്നത്. അതിന്നായി ചില ആണ്‍പെണ്‍ വായാടികളേയും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ അതിജീവിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. കോടിക്കണക്കിന് ആളുകളെ സ്വധീനിച്ച ആദര്‍ശമാണ് അതിലെ സന്ദേശം. മനുഷ്യനിലെ ഉല്‍കൃഷ്ടമായ മാനുഷിക ഗുണങ്ങളെ മുഴുവന്‍ ഉത്തേജിപ്പിക്കുന്നു എന്നതാണ് അതിന്‍റെ സവിശേഷത. ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന ജീവിത വീക്ഷണത്തെ വെല്ലാവുന്ന ഒന്നും ഒരാള്‍ക്കും ഇന്നുവരെ നല്‍കാനായിട്ടില്ല എന്നതാണ് അതിന്‍റെ അജയ്യത. ഈ അജയ്യതയെ അതിജയിക്കാവുന്ന ബൗദ്ധികമൊ ശാസ്ത്രീയമൊ ആയ ഒരുതരത്തിലുള്ള ശേഷിയും യുക്തിവാദികള്‍ക്കില്ല എന്നതാണ് വാസ്തവം.

സത്യത്തില്‍ ഇസ്‌ലാമിന്‍റെ മുന്നില്‍ നിരീശ്വരവാദികള്‍ ഒന്നുമല്ല. ചിതല്‍തിന്നു വികൃതമായ പരിണാമവാദമാണ് അവരുടെ ആയുധം. നൂറുക്കണക്കിന് നരവംശ ശാസ്ത്രജ്ഞന്മാരുടെ ആധികാരികമായ വിമര്‍ശനങ്ങള്‍ക്കു വിധേയമായ പഴഞ്ചന്‍ പരിണാമ വാദവും കൊണ്ടാണ് നിരീശ്വന്മാര്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത് എന്നത് വലിയൊരു തമാശയാണ്. ഇസ്‌ലാമിന്‍റെ മൗലിക സൗന്ദര്യം ഉള്‍ക്കൊള്ളാനാകാത്തതു പോലെ, അവരുടെ ഈ തമാശയേയും ഉള്‍ക്കൊള്ളാന്‍ യുക്തിവാദികളില്‍ ബുദ്ധിവളര്‍ച്ച വന്നിട്ടില്ല എന്നതാണ് ഇതിലെ മഹാദുരന്തം!

ഇവിടെ ഇസ്‌ലാമിക പ്രബോധകര്‍ക്കും മുസ്‌ലിംകള്‍ക്ക് മുഴുവനും വലിയൊരു ഉത്തരവാദിത്തമുണ്ട്. മനുഷ്യനെ അവന്‍റെ സ്രഷ്ടാവിലേക്ക് നയിച്ച് അവന്‍റെ ഐഹിക ജീവിതവും പാരത്രക ജീവിതവും സാര്‍ത്ഥകമാക്കിത്തീര്‍ക്കാനുള്ള സന്ദേശം എന്ന നിലക്ക് ഇസ്‌ലാമിനെ ഗൗരവപൂര്‍വ്വം സമീപിക്കുകയും അതിന്‍റെ സത്യസന്ധമായ പ്രബോധനവും മാതൃകയും സമൂഹത്തില്‍ വ്യാപിപ്പിക്കുക എന്നതാണത്. മുസ്‌ലിം യുവത നിരീശ്വര വാദത്തിലേക്ക് ഒഴുകുന്നു എന്നത് വസ്തുതയാണ്. ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങളുടെ ശരിയായ പഠിപ്പിക്കലുകളും, മുസ്‌ലിംകളില്‍ ശരിയായ ജീവിത മാതൃകകളും യുവതക്ക് ലഭിക്കാതെ വരുമ്പോള്‍ സത്യത്തില്‍ അവര്‍ ചില ഓപ്ഷണുകള്‍ സ്വീകരിക്കുകയാണ്. പ്രസ്തുത ഓപ്ഷണുകളില്‍ ഒന്നുമാത്രമാണ് നിരീശ്വരവാദം എന്നത്. ഇത് വെറുമൊരു പ്രസ്താവനയല്ല. കമ്മ്യൂണിസ്റ്റ്പച്ച പോലെ വളര്‍ന്ന് പന്തലിക്കുന്ന ത്വരീഖത്തു സംഘങ്ങളിലും സൂഫീ വഴികളിലും ചേക്കേറിക്കൊണ്ടിരിക്കുന്നതും മുസ്‌ലിം യുവാക്കള്‍ തന്നെയാണ് എന്ന് നാം മനസ്സിലാക്കണം. പ്രവാചകന്‍ (സ്വ) പഠിപ്പിച്ചു തന്ന ഇസ്‌ലാമികാദര്‍ശമല്ലാത്ത മറ്റേത് ഓപ്ഷണ്‍ ഒരു മുസ്‌ലിം സ്വീകരിക്കുന്നുവൊ, അവയൊക്കെയും നാശകരമാണ്, പരലോകത്ത് പരാജയമുണ്ടാക്കുന്നതാണ് എന്ന പ്രബോധനം സജീവമാക്കുകയാണ് വേണ്ടത്. അതാകട്ടെ ക്ഷമയോടെയും വിവേകത്തോടെയുമാകണം.

എല്ലാ കാര്യത്തിലും പരീക്ഷണം യുവതയുടെ സ്വഭാവമാണ്. ധരിക്കുന്ന വസ്ത്രങ്ങളിലും, കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലും, ഉപയോഗിക്കുന്ന വാഹനങ്ങളിലുമൊക്കെ ചോയ്സുകളും പരീക്ഷണങ്ങളും യൗവന കാലജ്വരമാണ്. അതുപോലെത്തന്നെയാണ് വിശ്വാസ രംഗത്ത് ചോയ്സുകളും പരീക്ഷണങ്ങളും യുവാക്കള്‍ ഉപയോഗപ്പെടുത്തുന്നത്. ത്വരീഖത്തുകളും, സൂഫീവഴികളും, ഗസല്‍സംഘങ്ങളും, നിരീശ്വര ചിന്തകളും അങ്ങനെയുള്ളവയാണ്. അതേ സമയം, ഒരു നീണ്ടകാലത്തെ സ്ഥിരബാന്ധവം ഏതുമായും അവര്‍ക്ക് നിലനിര്‍ത്താനാകില്ല എന്നതാണ് ഈ രംഗത്ത് നാം ശ്രദ്ധിക്കേണ്ട മര്‍മ്മം. ആ മര്‍മ്മത്തെ കണക്കിലെടുത്തു കൊണ്ടുള്ള ഇസ്‌ലാമികബോധനം നിര്‍വഹിക്കാന്‍ പ്രബോധകന്മാര്‍ ശ്രമിക്കുമെങ്കില്‍ സ്ഥായിയായ മതജീവിതത്തിലേക്ക് അവരെയൊക്കെ കൈപിടിച്ചു കൊണ്ടുവരാന്‍ സാധിക്കുന്നതാണ്.

No comments yet.

Leave a comment

Your email address will not be published.