ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -6

//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -6
//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -6
ആനുകാലികം

ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -6

ഒരുപാട് വിവാദങ്ങൾക്ക് വിധേയമായ മറ്റൊരു സംഭവം ഇതാണ്.

ഇബ്നു ഔൻ പറഞ്ഞു: ഞാൻ (യുദ്ധത്തിന് മുമ്പ് ഇസ്‌ലാമിലേക്ക് ക്ഷണിക്കേണ്ടതുണ്ടോ എന്നു ചോദിച്ചു കൊണ്ട് ) നാഫിഇന് കത്തെഴുതി. അദ്ദേഹം എനിക്ക് (തിരിച്ച് മറുപടി എഴുതി): പ്രവാചകൻ (സ) ബനൂ മുസ്ത്വലക്ക് ഗോത്രക്കാരെ അവർ അശ്രദ്ധരായിരിക്കെ ആക്രമിക്കുകയുണ്ടായി; അവരുടെ കാലികൾ ജലാശയത്തിനടുത്ത് വെള്ളം കുടിപ്പിക്കപ്പെടുകയായിരിക്കെ. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും അവരിലെ ബന്ദികളെ പിടികൂടുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി: 2541)

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്ത്വലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. (യുദ്ധാനന്തരം) കുറെ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. (ഭാര്യമാരുമായുള്ള വേർപാട് വളരെ ദീർഘിച്ചതിനാൽ) ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി.
(ഒരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു:)
ഞങ്ങളിൽ ചിലർ (അടിമസ്ത്രീകളെ) ഭാര്യമാരായി സ്വീകരിക്കാൻ ഉദ്ദേശിച്ചു. ഞങ്ങളിൽ ചിലർ അവരുമായി ബന്ധപ്പെടാനും അവരെ വിൽക്കാനും ഉദ്ദേശിച്ചു. (മുസ്നദ് അഹ്‌മദ്: 11602 )

(മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു:)
ഞങ്ങൾ മോചനദ്രവ്യം (ലഭിക്കാൻ) ആഗ്രഹിച്ചു (മുസ്നദ് അഹ്‌മദ്: 11036)

“അസ്ൽ” (സംയോഗവേളയിൽ ബീജം തെറ്റിക്കൽ) ചെയ്യാൻ ഞങ്ങളാഗ്രഹിച്ചു. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി:
“നിങ്ങൾ ശരിക്കും അപ്രകാരം ചെയ്യാറുണ്ടോ ?” (സഹീഹുല്‍ ബുഖാരി:2229)

“നിങ്ങളത് ചെയ്തിട്ട് ഒരു കാര്യവുമില്ല. ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സ്വഹീഹുല്‍ ബുഖാരി: 1590)

“നിങ്ങളത് ചെയ്തിട്ട് എന്ത് കാര്യം? ലോകാവസാനം വരേയ്ക്കും സൃഷ്ടിക്കപ്പെടേണ്ടത് എന്താണെന്ന് അല്ലാഹു വിധിച്ചിട്ടുണ്ട്; (വിധിച്ചത് സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും).”
(മുസ്നദ് അഹ്‌മദ്: 11602)

“എല്ലാ ബീജ തുള്ളിയും സന്താനത്തെ ഉണ്ടാക്കുകയില്ല. അല്ലാഹു ഒന്നിനെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ ഒന്നും അതിനെ (ഉണ്ടാകുന്നതിൽ നിന്ന്) തടയില്ല.”
(മുസ്നദ് അഹ്‌മദ്: 11036)

“യുദ്ധത്തിന്റെ പ്രകോപനം ഒന്നും ഇല്ലെങ്കിലും അപ്രതീക്ഷിതമായി യുദ്ധം നടത്താം” എന്ന തലക്കെട്ടോടെയാണ് ഇസ്‌ലാം വിമർശകർ സംഭവം ഉദ്ധരിക്കുന്നത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണ്.

1. ഹിജ്റാബ്ദം അഞ്ചിന് ബനൂ മുസ്ത്വലക് ഗോത്രക്കാരുമായി നടന്ന യുദ്ധമാണ് ഇതിവൃത്തം. ഖുസാഅ ഗോത്രത്തിന്റെ ഉപഗോത്രക്കാരായിരുന്നു അവർ. മക്കയോട് അടുത്തു താമസിച്ചിരുന്ന ബനൂ മുസ്ത്വലക് ഗോത്രക്കാരുടെ നാട്ടിലൂടെയായിരുന്നു ഖുറൈശികളുടെ കച്ചവട യാത്രാമാർഗ്ഗം. മതപരവും ഭൗതീകവുമായ പല ലക്ഷ്യങ്ങളും നേട്ടങ്ങളും പരിഗണിച്ച് മക്കക്കാരോടായിരുന്നു അവരുടെ കൂറ്. ഉഹ്ദ് യുദ്ധത്തിൽ മക്കക്കാരുടെ സൈന്യത്തോടൊപ്പം ബനൂ മുസ്ത്വലക്കുകാരും ഉണ്ടായിരുന്നു എന്ന് മാത്രമല്ല മറ്റു പല ഗോത്രങ്ങളേയും യുദ്ധത്തിൽ പങ്കെടുപ്പിക്കുക കൂടി ചെയ്തു. (മശാരിക്കിൽ അൻവാർ അലാ സ്വിഹാഹിൽ ആസാർ: 1/176)
ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾക്ക് നേരിട്ട പരാജയം അവരെ പുളകിതരാക്കി. ബനൂ മുസ്ത്വലക്കുകാരുടെ നേതാവായ ഹാരിസ് ഇബ്നു അബൂ ളിറാറിനെ ഖുറൈശികൾ യുദ്ധത്തിനായി പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഖുറൈശികളുമൊത്ത് മറ്റൊരു യുദ്ധത്തിനു കൂടി സഖ്യം ചേരാൻ അദ്ദേഹം തയ്യാറായി. (അൽ കാമിൽ ഫി താരീഖ്: ഇബ്നുൽ അസീർ: 2/76) ഉഹ്ദ് യുദ്ധത്തിൽ മക്കക്കാരുടെ സൈന്യത്തോടൊപ്പം നിന്നതിന് പ്രവാചകൻ (സ) പകരം ചോദിക്കുമെന്ന ഭീതിയും ഒരു സമഗ്ര യുദ്ധത്തിന് തയ്യാറെടുക്കാനുള്ള മറ്റൊരു പ്രേരണയായി എന്ന് ചരിത്രകാരൻ വാക്വിദി പറയുന്നു. (അൽ മഗാസി: 1/ 200)
അങ്ങനെ മുസ്‌ലിംകളോട് യുദ്ധം ചെയ്യാൻ അവർ പദ്ധതിയിട്ടു. ഈ വിവരം പ്രവാചകന്റെ അടുക്കൽ എത്തി. (താരീഖു ത്വബ്‌രി: 2 / 604)

തനിക്ക് ലഭിച്ച വിവരം സത്യമാണോ എന്ന് അന്വേഷിച്ചറിയാൻ ബുറൈദത്തിബ്നു ഹസ്വീബ് അൽ അസ്‌ലമിയെ അവരുടെ നാട്ടിലേക്ക് പ്രവാചകൻ (സ) നിയോഗിച്ചു. അദ്ദേഹം ബനൂ മുസ്ത്വലക്കുകാരുടെ നേതാവായ ഹാരിസിനോട് നേരിട്ട് സംസാരിക്കുക കൂടി ചെയ്തു.

ബുറൈദ തിരികെ വന്ന് യുദ്ധത്തെ പറ്റിയുള്ള വാർത്ത സത്യമാണെന്ന് വിവരമറിയിച്ചു. അപ്പോൾ, അവരിങ്ങോട്ട് യുദ്ധം നടത്തുന്നതിന് മുമ്പ് അങ്ങോട്ട് ചെന്ന് ആക്രമിക്കാൻ പ്രവാചകൻ (സ) തീരുമാനിച്ചു. അതിനായി സന്നാഹങ്ങൾ തയ്യാറാക്കി. (അൽ ബിദായ വന്നിഹായ: 4/156)

പ്രവാചകന്റെ യുദ്ധ പുറപ്പാട് അറിഞ്ഞപ്പോൾ ഹാരിസ് ഇബ്നു അബൂ ളിറാറും കൂട്ടരും ഭയപ്പാടിലായി. അദ്ദേഹത്തോടൊപ്പം സഖ്യം പ്രഖ്യാപിച്ച പല അറബ് ഗോത്രങ്ങളും ഉൾവലിഞ്ഞു. (സാദുൽ മആദ്: ഇബ്നുൽ ഖയ്യിം: 3/229)

ഇതാണ് യുദ്ധത്തിലേക്ക് നയിച്ച സംഭവികാസങ്ങൾ. അപ്പോൾ “യുദ്ധത്തിന്റെ പ്രകോപനം ഒന്നും ഇല്ലാതെയായിരുന്നു ബനൂ മുസ്ത്വലക് യുദ്ധം” എന്നത് കളവാണ്. യുദ്ധചരിത്രത്തിലെ ഒരു ചെറിയ നിവേദനം എടുത്തു വെച്ച് ഭാവനയും നുണയും ചേർത്ത് ഇസ്‌ലാമിനെതിരെ കുതിര കയറുകയാണ്. “അപ്രതീക്ഷിതമായി യുദ്ധം നടത്തി” എന്നതും ശരിയല്ല. കാരണം പ്രവാചകൻ യുദ്ധത്തിനായി തയ്യാറെടുക്കുന്ന വിവരം ബനൂ മുസ്ത്വലക്കുകാർക്ക് അറിയാമായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങൾ തെളിയിക്കുന്നു.

2. മുസ്‌ലിംകൾ യുദ്ധത്തിനായി വരുന്നുണ്ട് എന്ന ഒരു പൊതുവായ വിവരം ബനൂ മുസ്ത്വലക്കുകാർക്ക് അറിയാമായിരുന്നു. എന്നാൽ എപ്പോഴാണ് ബനൂ മുസ്ത്വലക്കുകാർ യുദ്ധത്തിന് വരിക എന്ന് മുസ്‌ലിംകൾക്ക് അറിയില്ലായിരുന്നു എന്നതു പോലെ മുസ്‌ലിംകൾ എപ്പോഴാണ് യുദ്ധത്തിന് വരിക എന്ന് ബനൂ മുസ്ത്വലക്കുകാർക്കും അറിയില്ലായിരുന്നു എന്നു മാത്രം. അഥവാ യുദ്ധത്തിന്റെ തുടക്കം വിളംബരം ചെയ്തില്ല. ചില സവിശേഷ സാഹചര്യങ്ങളിൽ യുദ്ധത്തിന്റെ തുടക്കം വിളംബരം ചെയ്യേണ്ടതില്ല എന്നത് ഒരു യുദ്ധ നയതന്ത്രത്തിന്റെ ഭാഗമായി എല്ലാ സൈന്യങ്ങളും സ്വീകരിക്കുന്ന നിലപാടാണ്. അവർ അശ്രദ്ധരായിരിക്കെ അവരെ ആക്രമിച്ചത് അവരുടെ ഉന്മൂല നാശത്തിനായോ രക്തപ്പുഴ ഒഴുക്കാനോ ആയിരുന്നില്ല, അതിന് നേർ വിപരീതമായിരുന്നു ലക്ഷ്യം. വധിച്ചത് ‘അവരിലെ യോദ്ധാക്കളെ’ മാത്രമാണെന്ന് ഹദീസിൽ തന്നെയുണ്ട്. കൂടാതെ പ്രവാചകൻ (സ) സ്വീകരിച്ച ‘പൊടുന്നനെയുള്ള ആക്രമണം’ എന്ന നയതന്ത്രത്തിന്റെ ഫലമായി ശത്രു സൈന്യത്തിൽ നിന്നും വെറും പത്തുപേരും മുസ്‌ലിംകളിൽ നിന്നും കേവലം ഒരാളും മാത്രമാണ് കൊല്ലപ്പെട്ടത്. (ഫത്ഹുൽ ബാരി: 7/143, സീറത്തു ഇബ്നു ഹിശാം: 3/228, സീറത്തു ഇബ്നു ഇസ്ഹാക്: 439, താരീഖു ത്വബ്‌രി: 2/119, ബൈഹകി: സുനനുൽ കുബ്റാ: 4/46)

അതൊരു യുദ്ധമായിരുന്നില്ല; ക്ഷണിക നേരം നീണ്ടു നിന്ന ഒരു ആക്രമണം മാത്രമായിരുന്നുവെന്ന് ഇമാം ഇബ്നുൽ ഖയ്യിം പറയാൻ കാരണമതാണ്. അപ്പോഴേക്കും അവർ കീഴടങ്ങി. ബാക്കിയുള്ള സ്ത്രീ പുരുഷന്മാരെ ബന്ദികളാക്കുകയാണുണ്ടായത്. (ആ ബന്ദികളെയെല്ലാം പ്രവാചകൻ (സ) തന്നെ പിന്നീട് മോചിപ്പിക്കുകയുമുണ്ടായി: മുസ്വന്നഫ് അബ്ദുർറസാഖ്: 13118)

പ്രവാചകൻ (സ) സ്വീകരിച്ച ഈ നയതന്ത്രത്തിന്റെ ഫലമായി രക്തരൂക്ഷിതമായ ഒരു യുദ്ധമാകേണ്ടിയിരുന്ന സംഭവം പെട്ടെന്നു തന്നെ കെട്ടൊടുങ്ങി.

3. ബന്ദികളായി പിടിക്കപ്പെട്ട സ്ത്രീകളുടെ കാര്യമാണ് അടുത്തത്. യുദ്ധത്തിനായി ഒരുപാട് കാലം ഭാര്യമാരിൽ നിന്നും വിട്ടു നിന്ന ചിലർ ഈ സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് കരുതി. എന്നാൽ വിവാഹം കഴിക്കുമ്പോൾ സ്ത്രീക്കു നൽകേണ്ട മഹർ (വിവാഹമൂല്യം) നൽകാനില്ലാത്ത, ഈ സ്ത്രീകളുടെ കൂടി ബാധ്യത ഏറ്റെടുക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത ദരിദ്രരായ ചിലർ ഈ സ്ത്രീകളുമായി അവരുടെ സമ്മതത്തോടെ ലൈംഗിക ബന്ധം സ്ഥാപിക്കുവാനും പിന്നീട് യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകൾക്കും മറ്റും വേണ്ടി അവരെ വിൽക്കാനും ചിന്തിച്ചു. (അന്ന് യുദ്ധം ചെയ്തവർക്ക് ശമ്പളമൊന്നും ഇല്ലായിരുന്നു എന്നത് മുമ്പ് സൂചിപ്പിച്ചുവല്ലൊ). പക്ഷെ ഒരു അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം അവളെ മറ്റാർക്കെങ്കിലും വിറ്റാൽ ഗർഭിണിയാകുന്നതോടെ അവളുടെ സന്താനവും വാങ്ങിയ വ്യക്തിയുടെ കീഴിൽ അടിമയാക്കപ്പെട്ടാലോ എന്നവർ ഭയപ്പെട്ടു. (ഫത്‌ഹുൽ ബാരി: 9/218) അത് അവർക്ക് നീതി നിഷേധിക്കലാകുമല്ലൊ. ഈ പ്രശ്നം പരിഹരിക്കാൻ എന്തുണ്ട് മാർഗം ? സംയോഗം ചെയ്യുമ്പോൾ ബീജ സ്ഖലന സമയത്ത് ലിംഗം നീക്കി ബീജം പുറത്തൊഴുക്കുന്ന പ്രവർത്തനമായ ‘അസൽ’ (العزل) ഗർഭത്തെ തടയുമെന്ന് പണ്ടു മുതലേ അവർ വിശ്വസിച്ചു പോന്നിരുന്നു. അത് ഒരു മാർഗമായി സ്വീകരിച്ചാലോ എന്ന് ചിലർ കരുതി. അവരുടെ ഈ ചിന്തകളും നിലപാടുകളും മനക്കോട്ടകളും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. അത് പറഞ്ഞു കൊണ്ട് ഇസ്‌ലാമിനെ എതിർക്കുന്നതിൽ യാതൊരു ന്യായവുമില്ല. പ്രവാചകന് അവരുടെ ഈ ചിന്തകളും നിലപാടും പ്രവർത്തിയുമൊന്നും അറിയുമായിരുന്നില്ലെന്ന് ഹദീസിൽ തന്നെ പറയുന്നുണ്ട്: “നിങ്ങൾ ശരിക്കും അപ്രകാരം ചെയ്യാറുണ്ടോ?” എന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്. അതുകൊണ്ട് തന്നെ അവരുടെ ഈ ചിന്തകളും നിലപാടുകളും ഇസ്‌ലാമിക നിയമമായി വ്യാഖ്യാനിച്ച് ഇസ്‌ലാമിനെ എതിർക്കുന്നതിൽ യാതൊരു ന്യായവുമില്ല. അതിനോടുള്ള പ്രവാചകന്റെ പ്രതികരണമാണ് ഇസ്‌ലാമിന്റെ ഇവ്വിഷയകമായ നിലപാട്.

പ്രവാചകൻ അവരോട് പറഞ്ഞത് ഇപ്രകാരമെല്ലാമാണ്:
“നിങ്ങൾ ശരിക്കും അപ്രകാരം ചെയ്യാറുണ്ടോ? നിങ്ങളത് ചെയ്തിട്ട് ഒരു കാര്യവുമില്ല. ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.
നിങ്ങളത് ചെയ്തിട്ട് എന്ത് കാര്യം? ലോകാവസാനം വരേയ്ക്കും സൃഷ്ടിക്കപ്പെടേണ്ടത് എന്താണെന്ന് അല്ലാഹു വിധിച്ചിട്ടുണ്ട്; (വിധിച്ചത് സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും).
എല്ലാ ബീജ തുള്ളിയും സന്താനത്തെ ഉണ്ടാക്കുകയില്ല. അല്ലാഹു ഒന്നിനെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ ഒന്നും അതിനെ (ഉണ്ടാകുന്നതിൽ നിന്ന്) തടയില്ല.”

പോരാത്തതിന് സന്താനോൽപാദനത്തെ ഭയന്ന് അപ്രകാരം പ്രവർത്തിക്കുന്നത് “ഗോപ്യമായ ശിശുഹത്യയാണ്” ذلك الوأد الخفي (സ്വഹീഹു മുസ്‌ലിം:3501) എന്ന് മറ്റു ചില ശിഷ്യരോട് അദ്ദേഹം അരുളുകയും ചെയ്തു.

ഇതിൽ നിന്നും പ്രവാചകൻ അവരുടെ നിലപാട് അംഗീകരിച്ചില്ല എന്നല്ലെ മനസ്സിലാക്കേണ്ടത്. അവരുടെ പ്രവർത്തനം നിഷ്ഫലമാണെന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇല്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി കൊടുത്തു. “എല്ലാ ബീജ തുള്ളിയും സന്താനത്തെ ഉണ്ടാക്കുകയില്ല. അല്ലാഹു ഒന്നിനെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ അസ്ൽ അതിനെ (ഉണ്ടാകുന്നതിൽ നിന്ന്) തടയില്ല.” എന്ന ഭ്രൂണശാസ്ത്ര വസ്തുത ആയിരത്തി നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ (സ) പ്രസ്ഥാവിച്ചതിനെ പറ്റിയാണ് നാം അത്‌ഭുതപ്പെടേണ്ടത്.

“ഞങ്ങൾ അസ്ൽ ചെയ്യാറുണ്ടായിരുന്നെന്നും പ്രവാചകൻ അത് അറിഞ്ഞിട്ടും വിലക്കിയില്ല” എന്നൊക്കെ ചില നിവേദനങ്ങളിൽ വന്നിട്ടുള്ളത് മുകളിൽ സൂചിപ്പിച്ച സന്ദർഭത്തിലോ സാഹചര്യത്തിലോ അല്ല. ഇടവിടാത്ത പ്രസവം നിമിത്തം സ്ത്രീകൾ ദുരിതമനുഭവിക്കാതിരിക്കാനും മുല കുടിക്കുന്ന കുഞ്ഞിന് മാതാവിന്റെ ഗർഭധാരണം ദോഷം ചെയ്യാതിരിക്കാനുമെല്ലാം -വളരെ അനിവാര്യമായ ഘട്ടങ്ങളിൽ – ഒരു താൽകാലിക ഗർഭനിരോധന മാർഗ്ഗമായി അസ്‌ലിനെ ആരെങ്കിലും പരിഗണിച്ചാൽ അതു മാത്രമാണ് പ്രവാചകൻ (സ) മൗനത്തിലൂടെ അനുവദിച്ചത്.
(ഫത്ഹുൽ ബാരി)
അവിടെയും അസ്ൽ കൊണ്ടുള്ള ഫലം ഒന്നു തന്നെ.

4. ലോകത്തെ എല്ലാ സമൂഹങ്ങളും അടിമത്ത സമ്പ്രദായം തങ്ങളുടെ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി സ്വീകരിച്ച ഒരു കാലഘട്ടത്തിൽ, ആ കാലഘട്ടത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും മാനവികവും നീതിയുക്തവുമായ അടിമത്ത വ്യവസ്ഥ ആവിഷ്കരിക്കുകയാണ് ഇസ്‌ലാം ചെയ്തതെന്ന് നാം പറഞ്ഞു. ഏകപക്ഷീയമായി അടിമത്തം പൂർണമായും നിരോധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിമത്തത്തെ ഘട്ടംഘട്ടമായി അവസാനിപ്പിക്കുവാനുള്ള പദ്ധതിയാണ് ഇസ്‌ലാം മുന്നോട്ടു വെച്ചത്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇസ്‌ലാം സ്വപ്നം കണ്ട അടിമത്ത വിരുദ്ധ ലോകം യാഥാർത്ഥ്യമായി. ലോകം മറ്റൊരു വ്യവസ്ഥയിലേക്ക് വഴിമാറുകയും അടിമത്ത സമ്പ്രദായം -താത്വികമായെങ്കിലും – കൈയ്യൊഴിയുകയും ചെയ്തു. അതോടെ ലോകത്തെ എല്ലാ സമൂഹങ്ങളിലും അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെട്ടതും ആവിഷ്ക്കരിക്കപ്പെട്ടതുമായ നിയമങ്ങളും നയനിലപാടുകളും കാലഹരണപ്പെട്ടു. ഒരു മുസ്‌ലിമിന്റെ കർമ്മശാസ്ത്രത്തിലോ മതത്തിന്റെ സമകാലിക വൃത്തത്തിലോ ഇനി അതിന് സ്ഥാനമില്ല;
ഇമാം ശാത്വിബി പറഞ്ഞതു പോലെ:
ഒരു വിശ്വാസിയുടെ ജീവിതത്തിൽ രണ്ടു തരം കർമ്മങ്ങൾ ഉണ്ടായിരിക്കും. മനസ്സ് കൊണ്ട് ആചരിക്കേണ്ടവയും ശരീരാവയവങ്ങൾ കൊണ്ട് അനുഷ്ടിക്കേണ്ടവയും. ഈ രണ്ടുതരം കർമ്മങ്ങളുമായി ബന്ധപ്പെടാത്ത ഒരു വിഷയത്തെ സംബന്ധിച്ച് ചർച്ചകളും ചർവ്വിത ചർവണങ്ങളും മതപരമായി പ്രോത്സാഹിപ്പിക്കപ്പെടാത്തതും ബാലിശവുമാണ്.
(അൽ മുവാഫകാത്ത്: 1/42)

പിന്നെ കാലഹരണപ്പെട്ട അല്ലെങ്കിൽ പൂർണമായും ദുർബലമാക്കപ്പെട്ട ഒരു വിഷയം (അടിമത്തം) പൊക്കി കൊണ്ട് വരുന്നതിൽ എന്തർത്ഥമാണുള്ളത് ?! ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നിന്നുകൊണ്ട് അത്തരം വിഷയങ്ങളെ പുനർവിചിന്തനം നടത്തുന്നതിന് എന്ത് പ്രസക്തിയാണുള്ളത് ?! ഗവേഷണമര്യാദയില്ലാത്ത ‘ചായക്കട നിരൂപണ’മല്ലാതെ മറ്റൊന്നുമല്ല ഈ വിമർശനങ്ങൾ.

ഭാവിയിൽ ജയിലുകളും തടവറകളുമില്ലാത്ത ഒരു നീതിന്യായ വ്യവസ്ഥ ലോകം മുഴുവൻ നിലവിൽ വന്നു എന്ന് കരുതുക. അന്ന്, മനുഷ്യർക്ക് തടവറകൾ പണിതത് പൗരാണിക ക്രൂരതകളിലൊന്നായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?!
ഇന്ന് മനുഷ്യ ധിഷണക്ക് എത്തിച്ചേരാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നീതിയുക്തമായ ഒരു മാർഗ്ഗമായാണ് തടവറയെ ഇന്ന് പൊതു സമൂഹം കാണുന്നത്. നാളത്തെ മനുഷ്യസമൂഹങ്ങൾ അതിനേക്കാൾ ഉചിതമായ ഒരു സാമൂഹിക വ്യവസ്ഥയെ സ്വീകരിച്ചാൽ അതാണ് അക്കാഘട്ടത്തിലെ സാമൂഹിക നീതി എന്നതിലപ്പുറം മറ്റെന്തർത്ഥമാണ് അതിന് വകവെച്ച് കൊടുക്കേണ്ടത്?!

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.