ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -5

//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -5
//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -5
ആനുകാലികം

ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -5

Print Now
മൊത്തതിൽ ഇസ്‌ലാം അടിമത്തത്തിന് എതിരായിരുന്നു. ഒരു അനിവാര്യത എന്ന നിലക്ക് പൂർണമായും നിരോധിച്ചില്ലെങ്കിലും അത് ഇല്ലാതാക്കാനുള്ള മാർഗങ്ങൾ ലോകത്തിന് സമ്മാനിച്ചു. അതിനായി ഇസ്‌ലാം സ്വീകരിച്ച നടപടികള്‍ ഇവയാണ്:

1. അടിമ മോചനത്തെ പ്രോത്സാഹിപ്പിച്ചു. പുണ്യപ്രവര്‍ത്തനങ്ങളിലും മഹാ സൽകർമ്മങ്ങളിലും അതിനെ ഉൾപ്പെടുത്തി.

“എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ ? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. അടുത്ത ബന്ധുവായ അനാഥയ്ക്ക്. അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്‌.”
(ഖുർആൻ: 90: 11-16)

(وعن أبي هريرة عن رسول الله صلى الله عليه وسلم قال: من أعتق رقبة، أعتق الله بكل عضو منها عضوًا من أعضائه من النار، حتى فرْجَه بفَرْجِه)

അബൂഹുറൈറ (റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: ആരെങ്കിലും ഒരു അടിമയെ മോചിപ്പിച്ചാൽ അടിമയുടെ ഓരോ അവയവം കൊണ്ട് മോചിപ്പിച്ചവന്റെ ഓരോ അവയവവും നരകാഗ്‌നിയിൽ നിന്ന് അല്ലാഹു മോചിപ്പിക്കും; ഗുഹ്യാവയവത്തിന് പകരമായി ഗുഹ്യാവയം വരെ.
(സ്വഹീഹുൽ ബുഖാരി: 2332, സ്വഹീഹു മുസ്‌ലിം: 2776)

روى البراء بن عازب –رضي الله عنه- أن أعرابيا جاء إلى المصطفى –صلى الله عليه وسلم- فقال: علمني عملا يدخلني الجنة، قال: “لئن كنت أقصرتَ الخطبة لقد أعرضت المسألة، أعتق النسمة، وفك الرقبة”، قال: أليسا واحدا؟ قال: “لا، عتق النسمة أن تنفرد بعتقها، وفك الرقبة أن تعين على عتقها” رواه الطيالسي.

സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന പ്രവർത്തനം പഠിപ്പിച്ച് തരാൻ ആവശ്യപ്പെട്ട ഗ്രാമീണനോട് അടിമയെ മോചിപ്പിക്കുക, മോചനത്തെ സഹായിക്കുക എന്ന രണ്ട് കർമ്മങ്ങൾ പ്രവാചകൻ വിധിച്ചു.
(സ്വഹീഹു ഇബ്നുഹിബ്ബാൻ: 374)

പ്രവാചക ശിഷ്യന്മാരായ ഇബ്നു ഉമർ (റ) ആയിരത്തിലധികവും ഹകീമുബ്നു ഹുസാം നൂറ് അടിമകളേയും മോചിപ്പിക്കുകയുണ്ടായി. സ്വന്തം അടിമകളും മറ്റുള്ളവരുടെ അടിമകളെ വിലക്കു വാങ്ങിയുമാണ് ഈ മോചനം.

കഅ്ബ ഏഴ് തവണ ത്വവാഫ് ചെയ്ത് രണ്ട് റക്അത്ത് നമസ്ക്കരിച്ചാൽ ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്. (ബൈഹഖി)
വെള്ളി, പാൽ, ഇടവഴി എന്നിവ സമ്മാനം നൽകുന്നവന് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്. (സ്വഹീഹ് ഇബ്നു ഹിബ്ബാൻ). രാവിലേയും വൈകുന്നേരവും പത്തു തവണ لا إله إلا الله وحده لا شريك له، له الملك وله الحمد، يحي ويميت، وهو على كل شيء قدير
എന്ന പ്രാർത്ഥന ചൊല്ലുന്നവന് പത്ത് അടിമകളെ മോചിപ്പിച്ച പ്രതിഫലമുണ്ട് എന്നെല്ലാമുള്ള പ്രവാചകന്റെ (സ) തിരുമൊഴികൾ അടിമ മോചനം പുണ്യകർമ്മമാണെന്ന് പ്രഖ്യാപിക്കുന്നു.

2. സക്കാത്ത് നൽകേണ്ട എട്ട് വിഭാഗത്തിൽ ഒന്ന് അടിമ മോചനത്തിനായി നീക്കിവെച്ചു.

“സകാത്ത് ദരിദ്രർക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാർക്കും ‎മനസ്സിണങ്ങിയവർക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവർക്കും ‎ദൈവമാർഗ്ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കർക്കും മാത്രമുള്ളതാണ്.”
(ഖുർആൻ: 9: 60)

3. പാപങ്ങളിൽ പലതിനുമുള്ള പ്രായശ്ചിത്തമായി അടിമ മോചനം നിശ്ചയിച്ചു.

അപ്പോള്‍ അതിന്‍റെ (ശപഥങ്ങൾ ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. (ഖുർആൻ: 5: 89)

തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌.
(ഖുർആൻ: 58: 3)

4. മോചനപത്രമെഴുതി സ്വാതന്ത്രനാകാനുള്ള അവകാശം അടിമകൾക്ക് നൽകി.

അടിമത്തത്തിന്റെ ഏറ്റവും മാനുഷികവും നീതിപൂർവ്വവുമായ വ്യവസ്ഥയെ കർശനമായി ഇസ്‌ലാം നിലനിർത്തി.
തെളിവുകൾ സഹിതം കാണുക:

സ്വന്തത്തിനും കുടുംബത്തിനും കഴിക്കാന്‍ ഭക്ഷണമില്ലെങ്കില്‍ പോലും യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ വിശപ്പ് സഹിച്ചും ഭക്ഷണം കഴിപ്പിക്കണമെന്നും ഖുർആൻ പറയുന്നു:
“ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ദിതനും നല്‍കുന്നു.” (ഖുർആൻ: 76:8)

ഈ വചനത്തെ വ്യാഖ്യാനിച്ച് ഇമാം ഖുർത്തുബി പറയുന്നു:
ബഹുദൈവാരാധകരായ യുദ്ധാനന്തര ബന്ദികൾക്ക് ഭക്ഷണം നൽകൽ ഈ വചനപ്രകാരം ദൈവത്തോട് അടുപ്പിക്കുന്ന പുണ്യകർമ്മമാണ്.
(ജാമിഉ അഹ്കാമിൽ ഖുർആൻ)

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ : 36 )

عَنْ أَبِي عَزِيزِ بْنِ عُمَيْرِ ابْنِ أَخِي مُصْعَبِ بْنِ عُمَيْرٍ قَالَ: كُنْتُ فِي الأُسَارَى يَوْمَ بَدْرٍ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((اسْتَوْصُوا بِالأُسَارَى خَيْرًا))، وَكُنْتُ فِي نَفَرٍ مِنَ الأَنْصَارِ، فَكَانُوا إِذَا قَدِمُوا غَدَاءَهُمْ، أَوْ عَشَاءَهُمْ أَكَلُوا التَّمْرَ، وَأَطْعَمُونِي الْخُبْزَ بِوَصِيَّةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِيَّاهُمْ.

അബൂ അസീസ് ഇബ്നു ഉമൈർ (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം (ശത്രു പക്ഷത്ത് നിന്ന്) ബന്ദികളാക്കപ്പെട്ടവരിൽ ഞാനും ഉണ്ടായിരുന്നു. (അദ്ദേഹം പിന്നീടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്) അപ്പോൾ അല്ലാഹുവിന്റെ ദൂതർ മുസ്‌ലിംകളോട് കൽപ്പിച്ചു: “ബന്ദികളോട് നന്മ ചെയ്യാൻ ഞാൻ നിങ്ങളോട് അനുശാസനം നല്‍കുന്നു”. ഞാൻ അൻസ്വാരികളുടെ ഒരു കൂട്ടത്തിലാണ് (ബന്ധനസ്ഥനായ നിലക്ക്) ഉണ്ടായിരുന്നത്. രാവിലേയും വൈകുന്നേരവും അവരുടെ അടുക്കൽ ഭക്ഷണം കൊണ്ടു വരപ്പെടുമ്പോഴെല്ലാം -ബന്ദികളോട് നന്മ ചെയ്യാനുള്ള പ്രവാചകന്റെ അനുശാസനം പരിഗണിച്ച് – അവർ ഈത്തപഴം ഭക്ഷിക്കുകയും എനിക്ക് റൊട്ടി നൽകുകയും ചെയ്യുമായിരുന്നു. (ത്വബ്റാനി: മുഅ്ജമു സ്വഗീർ: 409, അൽ ഖബീർ: 977, മജ്മഉ സവാഇദ്: 10007)

وعَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ: كَانَ نَاسٌ مِنْ الْأَسْرَى يَوْمَ بَدْرٍ لَمْ يَكُنْ لَهُمْ فِدَاءٌ فَجَعَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِدَاءَهُمْ أَنْ يُعَلِّمُوا أَوْلَادَ الْأَنْصَارِ الْكِتَابَةَ قَالَ: فَجَاءَ يَوْمًا غُلَامٌ يَبْكِي إِلَى أَبِيهِ، فَقَالَ: مَا شَأْنُكَ، قَالَ: ضَرَبَنِي مُعَلِّمِي، قَالَ: الْخَبِيثُ يَطْلُبُ بِذَحْلِ [ثأر] بَدْرٍ، وَاللَّهِ لَا تَأْتِيهِ أَبَدًا.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം ബന്ദികളാക്കപ്പെട്ടവരിൽ ചിലർക്കു മോചനദ്രവ്യം നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. അൻസ്വാരികളുടെ കുട്ടികൾക്ക് എഴുത്ത് പഠിപ്പിക്കൽ മോചന മാർഗമായി അല്ലാഹുവിന്റെ ദൂതൻ അവർക്ക് നിശ്ചയിച്ച് കൊടുത്തു. ഒരിക്കൽ ഒരു കുട്ടി തന്റെ പിതാവിന്റെ അടുക്കൽ കരഞ്ഞു കൊണ്ട് വന്നു. കാര്യം തിരക്കിയപ്പോൾ (ബന്ദികളിൽപ്പെട്ട) അദ്ധ്യാപകൻ തന്നെ തല്ലിയെന്ന് കുട്ടി പറഞ്ഞു. പിതാവ് കുട്ടിയോട് പറഞ്ഞു: ബദറിലെ പകയാണ് ആ ദുഷിച്ചവൻ (നിന്നെ തല്ലുകവഴി) വീട്ടുന്നത്. അല്ലാഹുവാണേ, ഇനി ഒരിക്കലും അയാളുടെ അടുത്തേക്ക് പോകേണ്ട.
(മുസ്നദ് അഹ്മദ്: 2217)

وعن علي رضي الله عنه قال: أصبت جارية من السبي معها ابن لها فأردت أن أبيعها وأمسك ابنها فقال لي رسول الله صلى الله عليه وسلم: ((بعهما جميعاً أو أمسكهما جميعا))

അടിമയെ വാങ്ങുമ്പോളോ വിൽക്കുമ്പോളോ മാതാപിതാക്കളെ സന്താനങ്ങളിൽ നിന്ന് വേർപ്പെടുത്തരുത് എന്ന് പ്രവാചകൻ (സ) നിഷ്കർഷിച്ചു (സുനനുൽ ബൈഹക്വി : 18087)

وعن أبي أسيد الأنصاري أنه قدم بسبي من البحرين فصفوا فقام رسول الله صلى الله عليه وسلم فنظر عليهم فإذا امرأة تبكي فقال: ((ما يبكيك؟)) فقالت: بيع ابني في بني عبس، فقال رسول الله صلى الله عليه وسلم لأبي أسيد: ((لتركبن فلتجئين به)) فركب أبو أسيد فجاء به.

അബൂ അസ്‌യദ് അൽ അൻസ്വാരി (റ) പറയുന്നു: (യുദ്ധത്തിൽ പിടിക്കപ്പെട്ട) ബഹ്റൈനിൽ നിന്നുള്ള ബന്ദികളെ ഞാൻ കൊണ്ട് വന്ന് അണിനിരത്തിയപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) അവരെ നോക്കി. അപ്പോൾ ഒരു സ്ത്രീയതാ കരയുന്നു. പ്രവാചകൻ (സ) ചോദിച്ചു: എന്താണ് നിന്നെ കരയിക്കുന്നത് ? അവർ പറഞ്ഞു: എന്റെ മകൻ ബനൂ അബ്സുകാർക്കിടയിൽ വിൽക്കപ്പെട്ടു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) അബൂ അസ്‌യദിനോട് പറഞ്ഞു: “താങ്കൾ സഞ്ചരിച്ച് അവനെ കൊണ്ടുവരിക തന്നെ ചെയ്യണം. “അങ്ങനെ അബൂ അസ്‌യദ് യാത്ര ചെയ്ത് ആ സ്ത്രീയുടെ സന്താനത്തെ കൊണ്ടുവന്നു.
(ഹാകിം: 6193, ബൈഹക്വി : 18771)

അടിമക്ക് / ബന്ദിക്ക് നിരുപാധിക മത സ്വാതന്ത്ര്യം ഇസ്‌ലാം വകവെച്ചു കൊടുത്തു.

ഖൈബറിൽ ബന്ദിയാക്കപ്പെട്ടിരുന്ന സ്വഫിയ്യയോട് പ്രവാചകൻ ഇപ്രകാരം പറയുകയുണ്ടായി:
ﺇﻥْ ﺃَﻗَﻤْﺖ ﻋﻠﻰ ﺩﻳﻨﻚ ﻟَﻢْ ﺃُﻛْﺮِﻫْﻚ، ﻭَﺇِﻥْ اﺧْﺘَﺮْﺕ اﻟﻠﻪَ ﻭَﺭَﺳُﻮﻟَﻪُ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَﻚ.

‘നിന്റെ പഴയ മതത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിക്കുകയില്ല.’
(അൽ മഗാസി: വാഖിദി: 2/675)

وعن أبي هريرة عن رسول الله صلى الله عليه وسلم قال: ((من أعتق رقبة، أعتق الله بكل عضو منها عضوًا من أعضائه من النار، حتى فرْجَه بفَرْجِه))

അബൂഹുറൈറ (റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: ആരെങ്കിലും ഒരു അടിമയെ മോചിപ്പിച്ചാൽ അടിമയുടെ ഓരോ അവയവം കൊണ്ട് മോചിപ്പിച്ചവന്റെ ഓരോ അവയവവും നരകാഗ്‌നിയിൽ നിന്ന് അല്ലാഹു മോചിപ്പിക്കും; ഗുഹ്യാവയവത്തിന് പകരമായി ഗുഹ്യാവയം വരെ.
(സ്വഹീഹുൽ ബുഖാരി: 2332, സ്വഹീഹു മുസ്‌ലിം: 2776)

وَعَنْ سَهْلِ بْنِ حُنَيْفٍ : أَنَّ رَسُولَ اللَّهِ ﷺ قَالَ: مَنْ أَعَانَ مُجَاهِدًا فِي سَبِيلِ اللَّهِ، أَوْ غَارِمًا فِي عُسْرَتِهِ، أَوْ مُكَاتَبًا فِي رَقَبَتِهِ، أَظَلَّهُ اللَّهُ يَوْمَ لَا ظِلَّ إِلَّا ظِلُّهُ.

സഹ്‌ലിബ്നു ഹുനൈഫിൽ (റ) നിന്ന്: അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരം നടത്തുകയൊ, കടം കൊണ്ട് പ്രയാസപ്പെടുകയോ, അടിമത്തത്തിൽ നിന്നും മോചന കരാർ എഴുതുകയോ ചെയ്തവരെ ആർ സഹായിക്കുന്നുവോ അവന് അല്ലാഹുവിന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത ദിവസത്തിൽ അല്ലാഹു തണൽ നൽകും.
(മുസ്നദു അഹ്‌മദ്: 15557)

، عَنْ أَبِي بَكْرٍ الصِّدِّيقِ قَالَ: قَالَ رَسُولُ اللَّهِ ﷺ: لَا يَدْخُلُ الْجَنَّةَ سَيِّئُ مَلَكَةِ

അബൂബക്കർ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതനതാ ﷺ പറയുന്നു: താൻ ഉടമപ്പെടുത്തിയവരോട് (അടിമകളോട്) മോശമായി പെരുമാറുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല…
(മുസ്നദു അബൂ യഅ്ലാ: 96)

عن أبي مسعود البدري قال: كنت أضرب غلاماً لي بسوط، فسمعت صوتاً من خلفي: “اعلم أبا مسعود” فلم أفهم الصوت من الغضب، قال: فلما دنا مني إذا هو رسول الله صلى الله عليه وسلم فإذا هو يقول: “اعلم أبا مسعود، اعلم أبا مسعود” قال: فألقيت السوط من يدي، فقال: “اعلم أبا مسعود أن الله أقدر عليك منك على هذا الغلام” قال: فقلت: لا أضرب مملوكاً بعده أبداً. رواه مسلم.4396

അബൂ മസ്ഊദ് (റ) പറഞ്ഞു: ഞാൻ എന്റെ അടിമയെ ചാട്ടവാർ കൊണ്ട് അടിക്കുകയായിരുന്നു. അപ്പോൾ എന്റെ പിറകിൽ നിന്ന് ഒരു ശബ്ദം ഞാൻ കേട്ടു:
“അബൂ മസ്ഊദേ, നീ അറിയണം… “കോപത്താൽ ആ ശബ്ദം എനിക്ക് വ്യക്തമായി മനസ്സിലായില്ല. എന്റെ അടുത്തേക്ക് വന്നപ്പോൾ (എനിക്ക് ആ ശബ്ദം മനസ്സിലായി) അല്ലാഹുവിന്റെ ദൂതനതാ ﷺ പറയുന്നു: ” അബൂ മസ്ഊദേ, നീ അറിയണം…”. എന്റെ കൈകളിൽ നിന്നും ചാട്ടവാർ നിലത്ത് വീണു. “അബൂ മസ്ഊദേ, നീ അറിയണം… ഈ പയ്യനു മേൽ നിനക്കുള്ള അധികാരത്തേക്കാൾ നിന്റെ മേൽ അല്ലാഹുവിന് അധികാരമുണ്ട്. ഞാൻ പറഞ്ഞു: ഇനിമേൽ ഒരു അടിമയേയും ഞാൻ തല്ലില്ല.”

والحديث في صحيح مسلم وغيره عن أبي ذر رضي الله عنه. وقال صلى الله عليه وسلم: “لا يدخل الجنة سيئ الملكة” فقال رجل: يا رسول الله أليس أخبرتنا أن هذه الأمة أكثر الأمم مملوكين وأيتاماً؟ قال: “بلى، فأكرموهم كرامة أولادكم، وأطعموهم مما تأكلون” والحديث في المسند وغيره عن أبي بكر الصديق.

അബൂബക്കർ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതനതാ ﷺ പറയുന്നു: അടിമകളോട് നിങ്ങളുടെ സന്താനങ്ങളോട് ഔദാര്യം കാണിക്കുന്നത് പോലെ ഉദാരത കാണിക്കുക…
(മുസ്നദു അഹ്‌മദ്: 75)

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ، قَالَ : سَمِعْتُ أَبَا القَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَنْ قَذَفَ مَمْلُوكَهُ ، وَهُوَ بَرِيءٌ مِمَّا قَالَ ، جُلِدَ يَوْمَ القِيَامَةِ ، إِلَّا أَنْ يَكُونَ كَمَا قَالَ

ആരെങ്കിലും തന്റെ ഉടമസ്ഥതയിലുള്ളവനെ (അടിമ) സംബന്ധിച്ച് അവൻ നിരപരാധിയായിരിക്കെ അപവാദം പറഞ്ഞാൽ അന്ത്യനാളിൽ അയാൾക്ക് (ശിക്ഷയായി) അടി നൽകപ്പെടും.
(സ്വഹീഹുൽ ബുഖാരി: 6497)

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْ قَتَلَ عَبْدَهُ قَتَلْنَاهُ وَمَنْ جَدَعَهُ جَدَعْنَاهُ»

അല്ലാഹുവിന്റെ ദൂതൻ ﷺ പറയുന്നു:
വല്ലവനും തന്റെ അടിമയെ വധിച്ചാൽ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താൽ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാൽ നാം അവനെയും ഷണ്ഡീകരിക്കും.
(സുനനു ഇബ്നു മാജ: 2765, സുനനു അബൂ ദാവൂദ്: 3977, സ്വഹീഹു മുസ്‌ലിം)

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «لَا يَقُولَنَّ أَحَدُكُمْ عَبْدِي وَأَمَتِي، كُلُّكُمْ عَبِيدُ اللَّهِ، وَكُلُّ نِسَائِكُمْ إِمَاءُ اللَّهِ، وَلَكِنْ لِيَقُلْ غُلَامِي وَجَارِيَتِي وَفَتَايَ وَفَتَاتِي»

അബൂഹുറൈറ (റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: നിങ്ങളിലാരും “എന്റെ ദാസാ, ദാസീ” എന്ന് വിളിക്കുക തന്നെ ചെയ്യരുത്. നിങ്ങൾ എല്ലാവരും അല്ലാഹുവിന്റെ ദാസന്മാരാണ്. മറിച്ച് എന്റെ ജോലിക്കാരാ അല്ലെങ്കില്‍ ജോലിക്കാരീ എന്നോ എന്റെ കുട്ടി അല്ലെങ്കില്‍ എന്റെ പെൺകുട്ടി എന്നോ വിളിക്കണം.
(സ്വഹീഹു മുസ്‌ലിം: 4295)

അടിമകളോട് ഉടമയെ ‘നാഥൻ’ എന്ന് വിളിക്കുന്നത് വിലക്കി കൊണ്ട് ഉടമകളോട് അമിതമായ വിധേയത്വം വകവെച്ച് കൊടുക്കുന്നത് പ്രവാചകൻ (സ) ഇല്ലാതാക്കി. (സ്വഹീഹുൽ ബുഖാരി: 2414 )

عن المعرور بن سُوَيْد، قال: لَقِيْتُ أبا ذر بالرَّبَذَة، وعليه حُلَّةٌ، وعلى غلامه حُلَّة، فسألتُه عن ذلك، فقال: إني سابَبْتُ رجلا فعَيَّـرْتُه بأمِّه، فقال لي النبي صلى الله عليه وسلم: «يا أبا ذَرٍّ أعيّـرْتَهُ بأمِّه؟ إنَّك امرؤ فيكَ جاهلية، إخوانُكم خَوَلُكُم، جَعَلَهُم اللهُ تحت أيديِكم، فمن كان أخوه تحت يده، فلْيُطْعِمه مما يأكلُ، ولْيَلْبِسُه مما يَلْبَسُ، ولا تكلُفُوهم ما يَغْلِبُهم، فإنْ كَلَفْتُمُوهم فَأَعِيْنُوهُم»
صحيح البخاري 1/ 15 رقم 30، صحيح مسلم 3/ 1282 رقم 1661.

മഅ്റൂർ ഇബ്നു സുവൈദ് പറഞ്ഞു: ഞാൻ റബ്ദയിൽ (പ്രവാചകാനുചരൻ) അബൂ ദർറിനെ (റ) കണ്ടുമുട്ടി. അദേഹവും അദ്ദേഹത്തിന്റെ അടിമയും ഒരു പോലെയുള്ള വസ്ത്രം ധരിച്ചതായി ഞാൻ കണ്ടു. അതിനെ സംബന്ധിച്ച് ഞാൻ അദ്ദേഹത്തോട് ആരാഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഒരു വ്യക്തിയുമായി ഞാൻ വഴക്കു കൂടിയപ്പോൾ അയാളുടെ (അടിമയായിരുന്ന) മാതാവിനെ ചീത്തവിളിച്ച് അപമാനിച്ചു. (ഇതറിഞ്ഞപ്പോൾ ) പ്രവാചകൻ ﷺ എന്നോട്ട് ചോദിച്ചു: “അദ്ദേഹത്തിന്റെ മാതാവിനെ താങ്കൾ അധിക്ഷേപിച്ചുവോ? തീർച്ചയായും ജാഹിലിയ്യ (ദുസ്വഭാവം ഇപ്പോഴും വിട്ടൊഴിഞ്ഞ് പോയിട്ടില്ലാത്ത) വ്യക്തിയാണ് താങ്കൾ !
നിങ്ങളുടെ സഹോദരന്‍മാരും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള സഹോദരന് താന്‍ ഭക്ഷിക്കുന്നത് പോലുള്ള ആഹാരവും ധരിക്കുന്നത് പോലുള്ള വസ്ത്രവും നല്‍കേണ്ടതാണ്. അവര്‍ക്ക് അസാധ്യമായ കാര്യം അവരെ ഏല്‍പ്പിക്കരുത്. അഥവാ പ്രയാസകരമായ വല്ല ജോലിയും അവരെ ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങളും അവരെ സഹായിക്കുക” (സ്വഹീഹുൽ ബുഖാരി: 30, സ്വഹീഹു മുസ്‌ലിം:1282)

عن أبى هريرة ـ رضي الله عنه ـ قال : قال رسول الله ﷺ : ( ما اسْتَكْبَرَ مَنْ أكلَ مَعَهُ خَادِمُهُ ، و رَكِبَ الحِمارَ بِالأَسْوَاقِ ، و اعْتَقَلَ الشَّاةَ فَاحْتَلَبَها

അബൂഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ ﷺ പറയുകയുണ്ടായി: തന്റെ ഭൃത്യനോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും, ചന്തകളിൽ കഴുതപ്പുറത്ത് സഞ്ചരിക്കുകയും, ആടിനെ കെട്ടിയിട്ട് (മറ്റാരെകൊണ്ടും ചെയ്യിക്കാതെ സ്വന്തമായി) അതിന്റെ പാൽ കറന്നെടുക്കുകയും ചെയ്തവൻ അഹങ്കാരിയായിട്ടില്ല.
(അദബുൽ മുഫ്റദ് : 550, ശുഅ്ബുൽ ഈമാൻ: ബൈഹഖി: 8188)

من لطم مملوكًا له أو ضرَبه ؛ فكفارتُه أن يُعتِقَه

തന്റെ ഉടമസ്ഥതയിൽ ഉള്ളവരെ ആരെങ്കിലും തല്ലുകയോ അടിക്കുകയോ ചെയ്താൽ അതിനുള്ള പ്രായശ്ചിത്തം അവനെ (അടിമയെ) മോചിപ്പിക്കലാണ്.
(സ്വഹീഹു തർഗീബ്: 2278)

من كانت عنده جارية فعلمها وأحسن تعليمها وأحسن إليها ثم أعتقها وتزوجها فله أجران

“തന്റെ കീഴിലുള്ള അടിമ സ്‌ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവൾക്ക്‌ ഏറ്റവും നന്നായി വിദ്യാഭ്യാസം നൽകുകയും പിന്നീട്‌ അവളെ മോചിപ്പിച്ച്‌ സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്‌” (ബുഖാരി: 5083).

وصية رسول الله – صلى الله عليه وسلم – قبيل وفاته بلحظات: «اتَّقوا الله فيما ملكتْ أيمانكم، أطعموهم مما تأكلون، واكسُوهم مما تلبسون، ولا تكلِّفوهم من العمل ما لا يُطِيقون، ولا تعذِّبوا خلق الله، فإن الله ملكَّكم إياهم، ولو شاء لملكهم إياكم»

മരണാസന്നനായ നിലയിൽ പ്രവാചകൻ ﷺ തന്റെ അനുചരന്മാർക്ക് നൽകിയ അന്ത്യോപദേശം ഇതായിരുന്നു:
“നിങ്ങളുടെ വലം കൈകൾ ഉടമപ്പെടുത്തിയവരുടെ (അടിമകൾ) കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങളുടെ സഹോദരന്‍മാരും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള സഹോദരന് താന്‍ ഭക്ഷിക്കുന്നത് പോലുള്ള ആഹാരവും ധരിക്കുന്നത് പോലുള്ള വസ്ത്രവും നല്‍കേണ്ടതാണ്. അവര്‍ക്ക് അസാധ്യമായ കാര്യം അവരെ ഏല്‍പ്പിക്കരുത്. അഥവാ പ്രയാസകരമായ വല്ല ജോലിയും അവരെ ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങളും അവരെ സഹായിക്കുക. അല്ലാഹുവിന്റെ സൃഷ്ടികളെ നിങ്ങൾ ശിക്ഷിക്കരുത്.
(സ്വഹീഹുൽ ബുഖാരി: 30, സ്വഹീഹു മുസ്‌ലിം: 4326, മുസ്വന്നഫ് അബ്ദുർ റസാഖ്:17965)

اﺗﻘﻮا اﻟﻠﻪ ﻓﻲ اﻟﺼﻼﺓ ﻭﻣﺎ ﻣﻠﻜﺖ ﺃﻳﻤﺎﻧﻜﻢ

“നമസ്ക്കാരത്തിന്റെയും നിങ്ങളുടെ വലതു കൈ ഉടമപ്പെടുത്തിയവരുടെ (അടിമകളുടെ) കാര്യത്തിലും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. “എന്ന അന്ത്യോപദേശം മരണ കാരണമായ രോഗശയ്യയിൽ പ്രവാചകൻ ﷺ ഉരുവിട്ടു കൊണ്ടിരുന്നു.
(താരീഖു ബഗ്ദാദ്: 10/169)

، عَنْ عَائِشَةَ، قَالَتْ مَا ضَرَبَ رَسُولُ اللَّهِ صلى الله عليه وسلم شَيْئًا قَطُّ بِيَدِهِ وَلاَ امْرَأَةً وَلاَ خَادِمًا إِلاَّ أَنْ يُجَاهِدَ فِي سَبِيلِ اللَّهِ

ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ സമരത്തിലേർപ്പെട്ട അവസ്ഥയിലല്ലാതെ അല്ലാഹുവിന്റെ തിരുദൂതൻ ﷺ ആരെയും തന്റെ കൈ കൊണ്ട് ഒരിക്കലും മർദ്ധിച്ചിട്ടില്ല; ഒരു സ്ത്രീയെ പോലും, ഒരു ഭൃത്യനെ പോലും.
(സ്വഹീഹു മുസ്‌ലിം:6195)

അടിമക്ക് നേതൃത്വ പദവിയും ഭരണാധികാരത്തിനുള്ള അവകാശവുമുണ്ടെന്ന് ലോകത്താദ്യമായി പ്രഖ്യാപിച്ച മതം ഇസ്‌ലാമായിരിക്കും.

وَالسَّمْعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ

“നിങ്ങളുടെ നേതാവായി വരുന്നത്‌ ഒരു അടിമയാണെങ്കിലും നിങ്ങൾ അയാളെ കേൾക്കുകയും അനുസരി ക്കുകയും വേണം”. (സുനനു തുർമുദി: 266)

أبو بكر سيدنا، وأعتق سيدنا

അടിമയായിരുന്ന ബിലാലിനെ ഖലീഫ ഉമർ “ഞങ്ങളുടെ നേതാവ്” എന്ന് അഭിസംബോധനം ചെയ്യുമായിരുന്നു. (സ്വഹീഹുൽ ബുഖാരി : 3754)

അവർക്ക് വിവാഹത്തിന് താൽപര്യമുണ്ടെങ്കിൽ അതിനവരെ സഹായിക്കുക.
“നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.” (ഖുർആൻ: 24:32).

അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക്‌ നിർബന്ധിക്കുന്ന സമ്പ്രദായത്തെ ഖുർആൻ വിലക്കി. “ചാരിത്ര്യശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട്‌ നിങ്ങൾ വേശ്യാവൃത്തിക്ക്‌ നിർന്ധിക്കരുത്.‌ (ഖുർആൻ: 24:33)

عن أبي المهزم عن أبي هريرة أنه رأى رجلا على دابته وغلاما يسعى خلفه فقال يا عبدالله احمله فإنما هو أخوك روحه مثل روحك فحمله.

വാഹനത്തിന്റെ പിറകില്‍ അടിമയെ നടത്തി വാഹനത്തില്‍ യാത്രചെയ്യുന്ന ഒരാളോട് പ്രവാചകന്റെ അനുയായി ആയിരുന്ന അബൂഹുറൈറ (റ) പറഞ്ഞു: ‘നിന്റെ പിറകില്‍ അവനേയും കയറ്റൂ. നിന്റെ സഹോദരനാണവന്‍. നിന്റേത് പോലുള്ള ആത്മാവ് അവനുമുണ്ട്.’
(അസ്സുഹ്‌ദ്: ഇബ്നുൽ മുബാറക്: 2/395)

ഖൈബറിലെ കോട്ടകളില്‍നിന്ന് ബനൂ നദീറുകാരായ ഏതാനും സ്ത്രീകളെ പുറത്തേക്കുകൊണ്ടുവരുന്ന സമയത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ട അവരുടെ ചില പുരുഷന്‍മാരെ അവര്‍ കാണാനിടയായെന്ന് അറിഞ്ഞ നബി (സ) സ്ത്രീകളെ കോട്ടകള്‍ക്കുള്ളില്‍നിന്ന് കൂട്ടിവന്ന അനുചരന്‍ ബിലാലിനോട് (റ) ക്ഷുഭിതനായി ചോദിച്ചത്, “ബിലാല്‍ നിനക്ക് കാരുണ്യമില്ലേ?” എന്നാണ്.
(താരീഖു ത്വബ്‌രി: 3/14)

അബ്ദുല്ലാഹിബ്നു അംറ് (റ) പറയുന്നു:
ഒരാൾ പ്രവാചകന്റെ ﷺ അടുക്കൽ വന്നു ചോദിക്കുകയുണ്ടായി: ഒരു ഭൃത്യന് ഞങ്ങളെത്ര മാപ്പ് നൽകണം ?
….” നീ അയാൾക്ക് ദിനേന എഴുപത് തവണ മാപ്പ് നൽകുക” എന്ന് പ്രവാചകൻ ﷺ മറുപടി നൽകി.
(സുനനു അബൂദാവൂദ് :5164)

أَنَّ رَجُلًا أَتَى رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، إِنَّ لِي خَادِمًا يُسِيءُ وَيَظْلِمُ أَفَأَضْرِبُهُ، قَالَ: ( تَعْفُو عَنْهُ كُلَّ يَوْمٍ سَبْعِينَ مَرَّةً )

മറ്റൊരാൾ പ്രവാചക സന്നിധിയിൽ വന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒരു ഭൃത്യനുണ്ട്. അയാൾ മോശമായി പെരുമാറുകയും പല ദ്രോഹങ്ങൾ ചെയ്യുകയുമാണ്. അയാളെ എനിക്ക് മർദ്ദിക്കാമോ? അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “നിങ്ങൾ അവർക്ക് ദിനേന എഴുപത് തവണ മാപ്പ് നൽകുക”
(മുസ്നദു അഹ്‌മദ്: 5635)

സ്വന്തത്തിനും കുടുംബത്തിനും കഴിക്കാന്‍ ഭക്ഷണമില്ലെങ്കില്‍ പോലും യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ വിശപ്പ് സഹിച്ചും ഭക്ഷണം കഴിപ്പിക്കണമെന്നും ഖുർആൻ കൽപ്പിക്കുന്നു.

ബന്ദികളോട് നന്മ ചെയ്യാൻ പ്രവാചകൻ (സ) അനുശാസനം നല്‍കുന്നു. അദ്ദേഹത്തിന്റെ അനുശാസനം പരിഗണിച്ച് അനുചരന്മാർ ഈത്തപഴം ഭക്ഷിക്കുകയും ബന്ദികൾക്ക് റൊട്ടി നൽകുകയും ചെയ്യുന്നു.

മോചനദ്രവ്യം നൽകാൻ കഴിവില്ലാത്ത ബന്ദികൾക്ക് കുട്ടികൾക്ക് എഴുത്ത് പഠിപ്പിക്കൽ മോചന മാർഗമായി അല്ലാഹുവിന്റെ ദൂതൻ ﷺ അവർക്ക് നിശ്ചയിച്ച് കൊടുക്കുന്നു. പകവീട്ടാൻ തങ്ങൾ പഠിപ്പിക്കുന്ന മുസ്‌ലിം കുട്ടികളെ തല്ലിയിട്ടും പ്രവാചകൻ ﷺ അവരെ ശിക്ഷിക്കുകയോ മോചനക്കരാർ റദ്ദാക്കുകയോ ചെയ്തില്ല.

അടിമയെ വാങ്ങുമ്പോളോ വിൽക്കുമ്പോഴോ മാതാപിതാക്കളെ സന്താനങ്ങളിൽ നിന്ന് വേർപ്പെടുത്തരുത് എന്ന് നിഷ്കർഷിച്ചു. ബന്ദികളുടെ കൂട്ടത്തിലെ ഏതോ ഒരു സ്ത്രീ മകനോട് വേർപെടുത്തപ്പെട്ടതിൽ കരഞ്ഞപ്പോൾ മകനെ കൂട്ടി കൊണ്ട് വരാൻ ദിവസങ്ങൾ നീളുന്ന യാത്ര ചെയ്യാൻ അനുചരനോട് പ്രവാചകൻ ﷺ പ്രഖ്യാപിക്കുന്നു.

ഒരു അടിമയെ മോചിപ്പിച്ചാൽ അടിമയുടെ ഓരോ അവയവം കൊണ്ട് മോചിപ്പിച്ചവന്റെ ഓരോ അവയവവും നരകാഗ്‌നിയിൽ നിന്ന് അല്ലാഹു മോചിപ്പിക്കുമെന്നും മോചന കരാർ എഴുതിയ അടിമയെ സഹായിക്കുന്നവന് അന്ത്യനാളിൽ അല്ലാഹു തണൽ നൽകുമെന്നും അടിമകളോട് മോശമായി പെരുമാറുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല എന്നുമെല്ലാം അറിയിച്ചു.

സന്താനങ്ങളോട് ഔദാര്യം കാണിക്കുന്നത് പോലെ അടിമകളോടും ഉദാരത കാണിക്കണമെന്നും, അവരുടെ കാര്യത്തിൽ അല്ലാഹുവെ സൂക്ഷിക്കണമെന്നും മരണാസന്നനായിരിക്കുമ്പോൾ പോലും ജനങ്ങളെ ഉണർത്തി.

അടിമകളെ സംബന്ധിച്ച് അപവാദം പ്രചരിപ്പിക്കുന്നതിന് ശിക്ഷയുണ്ടെന്നും അവരെ കൊല്ലുകയോ അംഗവിഛേദം ചെയ്യുകയോ ചെയ്താൽ തുല്യമായ ശിക്ഷക്ക് വിധേയമാകുമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അവരെ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്ന സംസാരങ്ങൾ ജാഹിലിയ്യ സ്വഭാവമാണെന്ന് വ്യക്തമാക്കി.

അവർക്ക് ഒരു ദിവസം എഴുപത് തവണ വിട്ടുവീഴ്ച്ച ചെയ്യണമെന്നും അവരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കണമെന്നും, താങ്ങാനാകാത്ത ജോലികൾ ഏൽപ്പിക്കരുതെന്നും, തങ്ങൾ കഴിക്കുന്ന ഭക്ഷണവും വസ്ത്രവുമെല്ലാം അവർക്കും ലഭ്യമാക്കണമെന്നും, അവരെ വേശ്യാവൃത്തിക്ക് ഉപയോഗിക്കരുതെന്നും, വിവാഹത്തിന് താൽപര്യമുള്ളവർക്ക് വിവാഹത്തിന് ഒത്താശ ചെയ്യണമെന്നും കൽപ്പിച്ചു.

ബന്ദികളായ സ്ത്രീകളുടെ മനസ്സ് വിഷമിപ്പിക്കാതിരിക്കാൻ അവരുടെ പുരുഷന്മാരുടെ മുതദേഹം കാഴ്ച്ചയിൽ പെടുത്താതിരിക്കാൻ അനുചരന്മാരോട് കൽപ്പിച്ചു.

ഉടമസ്ഥതയിലുള്ള അടിമസ്ത്രീക്ക് വിദ്യാഭ്യാസവും സംസ്കാരവും പഠിപ്പിക്കുകയും അവരെ മോചിപ്പിക്കുകയും എന്നിട്ടവരെ വിവാഹം ചെയ്യുകയും ചെയ്യുന്നതിന് ഇരട്ടി കൂലിയുണ്ടെന്നുമൊക്കെ സുവിശേഷമറിയിച്ചു.

ഇത്രയൊക്കെ കാരുണ്യവും ദയയും മനുഷ്യത്വവും അവരോട് പുലർത്തണമെങ്കിലും അവരെ ബലാൽസംഗം ചെയ്യാം, അതും ഭർത്താക്കന്മാരുടെ മുമ്പിൽ വെച്ച് !!? ഇതാണ് വിമർശകരുടെ വാദഗതിയിലെ മഹാ വൈരുദ്ധ്യം. മുമ്പ് സൂചിപ്പിച്ചത് പോലെ ഇസ്‌ലാം അനുവദിച്ച അടിമത്തത്തിന്റെ പ്രകൃതിയും സ്വഭാവവും മനസ്സിലാക്കാൻ കഴിയാത്തതും മറ്റു നാഗരികതകളിലും മത- മതേതര സമൂഹങ്ങളിലും സമുദായങ്ങളിലും നിലനിന്നിരുന്ന അടിമത്ത സമ്പ്രദായങ്ങളിലെ അതിക്രൂരവും നിഷ്ഠൂരവുമായ പ്രകൃതിയിലാണ് ഇസ്‌ലാമിക സമൂഹത്തിലും അടിമത്തം നിലനിന്നിരുന്നത് എന്ന ചിന്തയാണ് പ്രശ്നം.

ഇസ്‌ലാമിനു മുമ്പുള്ള അറബ്, അറബിതര സമൂഹങ്ങൾ അടിമകളോട് – പ്രത്യേകിച്ചും അടിമ സ്ത്രീകളോട് -ചെയ്തിരുന്നതെന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്ന ഒരുവന് ഇസ്‌ലാം കൊണ്ട് വന്ന അടിമത്ത നിയമങ്ങൾ നവീകരണവും (Upgrade) അടിമകൾക്ക് ആശ്വാസദായകവുമായിരുന്നുവെന്ന് ബോധ്യപ്പെടുന്നതാണ്. സ്വാഭാവികമായും അന്ന് മുസ്‌ലിംകളുടെ അടുക്കൽ ബന്ദികളാക്കപ്പെട്ട സ്ത്രീകളോട് അന്നത്തെ കാലഘട്ടത്തിലെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടുള്ള ഏറ്റവും മാനവികവും നീതിയുക്തവുമായ വ്യവഹാരവും സമീപനവുമാണ് ഇസ്‌ലാം സ്വീകരിച്ചത്.

അത് ഇതര സമൂഹങ്ങൾ അവർക്ക് നിഷേധിച്ച ഒന്നായിരുന്നു എന്നതിനാൽ തന്നെ ഇസ്‌ലാമിക സമൂഹത്തിന്റെ സമീപനം അവർ ആശ്വാസകരമായാണ് കണ്ടത്.

(തുടരും)

No comments yet.

Leave a comment

Your email address will not be published.