ഇമ്തിയാസ് ധാക്കറുടെ പർദ്ദയും മുസ്‌ലിം സ്ത്രീയും

//ഇമ്തിയാസ് ധാക്കറുടെ പർദ്ദയും മുസ്‌ലിം സ്ത്രീയും
//ഇമ്തിയാസ് ധാക്കറുടെ പർദ്ദയും മുസ്‌ലിം സ്ത്രീയും
ആനുകാലികം

ഇമ്തിയാസ് ധാക്കറുടെ പർദ്ദയും മുസ്‌ലിം സ്ത്രീയും

മുസ്‌ലിം വനിതകളുടെ വേഷവിധാനത്തെ വിമർശിക്കുന്ന സാഹിത്യ ശകലങ്ങൾക്ക് വലിയ തോതിലുള്ള ജന സ്വീകാര്യത ലഭിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളേറെയായി. ഇസ്‌ലാമിലെ സ്ത്രീകളുടെ വസ്ത്രത്തെ പരിഹസിക്കുന്ന കൃതികൾക് പിന്നിലെ പാശ്ചാത്യൻ സ്വാധീനവും നിസ്സാരമല്ല. കേരള സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് ബിരുദാന്തര ബിരുദ വിദ്യാർത്ഥികളുടെ ജന്റർ സ്റ്റഡീസ് പേപ്പറിലുൾപ്പെട്ടിരിക്കുന്ന ഇമ്തിയാസ് ധാക്കറുടെ പർദ്ദ I എന്ന കവിത ഇക്കൂട്ടത്തിൽ സുപ്രധാന സ്ഥാനമലങ്കരിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ടാണ് ഇമ്തിയാസ് ധാക്കർ പർദ്ദ എന്ന കവിത പൂർത്തിയാക്കിയത്.

പാക്കിസ്ഥാനിൽ ജനിച്ച് ഒന്നാം വയസ്സിൽ മാതാപിതാക്കളോടൊപ്പം സ്കോട്ട്ലണ്ടിലേക്ക് കുടിയേറുകയും വർഷങ്ങൾക്കിപ്പുറം അനിൽ ധാക്കർ എന്ന ഇന്ത്യൻ ഹിന്ദുവംശജനെ വിവാഹം കഴിക്കുകയും ചെയ്ത എഴുത്തുകാരി, ഏത് അനുഭവസമ്പത്തിന്റെ പേരിലാണ് ഇത് രചിച്ചതെന്നാണ് സംശയം!. എന്തായാലും അസ്വാതന്ത്ര്യത്തിന്റെ ഉമിത്തീയിൽ വെന്തു നീറി അലറിക്കരയുന്ന സ്ത്രീകൾക്ക് വേണ്ടി ചലിച്ച ധാക്കറുടെ തൂലിക ലോകമൊട്ടാകെ കൈയ്യടി നേടി. ‘Unveiling the veil :Critical Study of the Poems ‘Purdhah I&II’ of Imthiaz Dharkar’ എന്ന അജയ് കുമാറിന്റെ നിരൂപണം കൂടി വായിക്കുമ്പോഴേ അർത്ഥം പൂർണമാകുന്നുള്ളൂ. ധാക്കറുടെ പർദ്ദ സംസാരിക്കുന്നത് ലോകമൊട്ടാകെയുള്ള പർദ്ദ ധരിക്കുന്ന സകലമാന മുസ്‌ലിം സ്ത്രീകളെക്കുറിച്ചുമാണ്. പ്രസ്തുത വേഷത്തിന്‍റെ അധികാര വ്യവസ്ഥിതിയുടെ ആഭ്യന്തര രാഷ്ട്രീയമാണ് ഒന്നും രണ്ടും ഭാഗത്തിലൂടെ കവിത ചർച്ച ചെയ്യുന്നതെന്നാണ് ആധുനിക ഭാഷ്യം. വളർച്ചയുടെ ഘട്ടങ്ങളിൽ മുസ്‌ലിം സമൂഹത്തിലെ പെൺകുട്ടികൾ നേരിടേണ്ടിവരുന്ന അനുഭവങ്ങളെ എഴുത്തുകാരി സഹതാപപൂർവ്വം ആദ്യഭാഗത്തിൽ കുറിക്കുന്നു.

രചയിതാവിന്റെ കണ്ണിൽ പർദ്ദ എന്നാൽ ഇസ്‌ലാമിലെ പുരുഷാധിപത്യ സമൂഹം, സ്ത്രീ അബലയും ആശ്രിതയുമാണെന്ന ചിന്ത അവളിൽ വരുത്തി തീർക്കാൻ വേണ്ടി അവൾക്ക് നെയ്തുകൊടുത്ത അരക്ഷിതാവസ്ഥയുടെ കുപ്പായമാണ്. പുരുഷന്റെ കാമകണ്ണുകളിൽ നിന്നുള്ള സുരക്ഷയാണ് ആ വസ്ത്രമെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ലിംഗവിവേചനത്തിന്റെ ‘അ’നീതികളാണ് എന്നും അത് ഇസ്‌ലാമിലെ സർവ്വ സ്ത്രീകളെയും ശ്വാസം മുട്ടിക്കുന്നു എന്ന വാദവും ഇതിൽ കാണാം. അടിച്ചമർത്തലിന്റെയും, കീഴ്‌പ്പെടുത്തലിന്റെയും, കീഴൊതുക്കലിന്റെയും പ്രതീകമാണ് പർദ എന്ന വാദം പടിഞ്ഞാറിന്റെ പൊള്ളയായ പ്രചരണങ്ങളിൽ നിന്ന് കടമെടുത്തതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഈ പരാമർശങ്ങളെല്ലാം മുതലാളിത്ത വ്യവസ്ഥിതിയുടെതാണ്. പെൺമയുടെ അവകാശങ്ങളെയും അഭിമാനത്തെയും അന്തരാത്മാവിന്റെ ആഗ്രഹചോദനകളേയും നിഷേധിക്കുന്ന നടപടിയായി ധാക്കരുടെ വീക്ഷണത്തിൽ പ്രസ്തുത വേഷവിധാനം മാറുന്നു. ഇപ്പോഴും വീടിന്റെ ഉള്ളറകൾക്കുള്ളിൽ പോലും മൂടുപടം ധരിച്ചു കൊണ്ടാണ് അവൾ സഞ്ചരിക്കുന്നതെന്ന് എഴുത്തുകാരി പ്രസ്താവിക്കുന്നു. ഖബറടക്കിയ മനസ്സോടെ മരിച്ചു ജീവിക്കുന്ന തകർന്നടിഞ്ഞ മനുഷ്യജീവിയാണ് മുസ്‌ലിം പെണ്ണെന്നും, ഇസ്‌ലാമിലെ സർവ്വവനിതകളുടെയും ഹൃദയത്തിൽ നിന്നുയരുന്ന തീവ്രമായ ഒച്ചപ്പാടുകൾ നാവിൽ നിന്ന് പുറന്തള്ളുമ്പോൾ നിശബ്ദതയുടെ പ്രതിധ്വനിയായി മാറുന്നു എന്നും ധാക്കർ പരാമർശിക്കുന്നു. മാത്രമല്ല മുസ്‌ലിം പുരുഷന്മാർ ലൈംഗിക വസ്തുക്കളായി മാത്രം സ്ത്രീകളെ പരിഗണിക്കുന്നുവെന്ന വാദവും രചയിതാവ് ഉയർത്തുന്നുണ്ട്. ഇവിടം കൊണ്ടൊന്നും മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള ഇമ്തിയാസ് ധാക്കറുടെ വേവലാതികളൊടുങ്ങുന്നില്ല. എന്നാൽ ഇതെല്ലാം ഇസ്‌ലാമെന്ന മതവുമായി യാഥാലൊരു വിധ ബന്ധവുമില്ലാത്ത വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണെന്നതാണ് സത്യം.

രണ്ടാം ഭാഗം തുടങ്ങുന്നത് തന്നെ നൂറ്റാണ്ടുകളായി മുസ്‌ലിംങ്ങൾ പാലിച്ചു പോരുന്ന പരിശുദ്ധമായ ബാങ്കൊലിയുടെ പവിത്ര വചനങ്ങളോടെയാണ്. പക്ഷേ അല്ലാഹു അക്ബർ എന്ന പരിശുദ്ധ വചനങ്ങൾ പാശ്ചാത്യ സമൂഹത്തിന്റെ മനസ്സുകളിൽ നിറയ്ക്കുന്നത് വെറുപ്പിന്റെ കരിനിഴലാണ്. അവിടന്നങ്ങോട്ട് ഒരു സമൂഹത്തിന്റെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയുമെല്ലാം ഒന്നടങ്കം വികൃതവൽക്കരിച്ച് തെറ്റിദ്ധാരണ പടർത്തുന്നുണ്ട്. മാത്രമല്ല ഇസ്‌ലാമിലെ വിവാഹ ഉടമ്പടി പെണ്ണിനെ വാണിജ്യവൽക്കരിക്കപ്പെടുന്ന ഒരു സമ്പ്രദായമായിട്ടാണ് എഴുത്തുകാരി ആവിഷ്കരിക്കുന്നത്. വിവാഹത്തിലൂടെ പെണ്ണ് വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യുന്ന ചരക്കായിട്ടാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. നിശബ്ദതയുടെ അന്ധകാരത്തിൽ അവരുടെ ശബ്ദം പോലും നേർത്ത നിശ്വാസങ്ങൾ മാത്രമായി അമർച്ച ചെയ്യപ്പെടുന്നു എന്നും പറയുന്നുണ്ട്. പക്ഷെ വ്യക്തിത്വം പോലും ഹനിക്കപ്പെടുന്നവരാണ് ആഗോള മുസ്‌ലിം സ്ത്രീകൾ എന്ന ധാരണ ലോകത്തിനു മുന്നിൽ കൊടുക്കുന്ന, നാവും തൂലികയും പടവാളാക്കിയ ധീരരായ എഴുത്തുകാരോട് വിശ്വാസികളായ സ്ത്രീകൾക്ക് തോന്നുന്നത് ആദരവോ സ്നേഹമോ ഒന്നുമല്ല. വിശ്വാസി സമൂഹം ഇതിനെ നോക്കി കാണുന്നത് തീർത്തും വിമർശന വിധേയമായ ചെയ്തികൾ മാത്രമായിട്ടാണ്.

ഇസ്‌ലാമിലെ ലിംഗ വിവേചനത്തിന്റെ അനീതികളെക്കുറിച്ച് വാചാലരാകുന്ന പരിഷ്കൃതാദികളോട് പറയാനുള്ളത് ഇസ്‌ലാമിക ചരിത്രം പഠിക്കണമെന്ന് മാത്രമാണ്. പ്രവാചകനോടൊപ്പം സദസ്സിലിരുന്ന സ്വഹാബിയുടെ അടുക്കൽ അദ്ദേഹത്തിന്റെ മകനും മകളും കടന്നു വന്നപ്പോൾ, മകനെ ചുംബിക്കുകയും മകളെ ചേർത്ത് പിടിച്ച് അടുത്തിരുത്തുകയും ചെയ്ത സ്വഹാബിയോട് പ്രവാചകൻ പറഞ്ഞത് എന്തുകൊണ്ട് നീ മകൾക്ക് ചുംബനം നൽകിയില്ല, നാളെ ഇതിന്റെ പേരിൽ പടച്ചവന്റെ അടുക്കൽ നീ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നാണ്. പെണ്ണിന്റെ സമ്മതം തേടാതെയുള്ള വിവാഹങ്ങളെ വിവാഹബന്ധങ്ങളായി ഇസ്‌ലാം പരിഗണിക്കുന്നില്ല. ഇഷ്ടമില്ലാത്ത വിവാഹത്തിന് പെൺകുട്ടിയെ വൈകാരികമായ ഭീഷണികളുയർത്തി വിവാഹം കഴിപ്പിക്കുന്നത് നിഷിദ്ധമായ പ്രവർത്തനമാണ്. ഇമ്തിയാസ് ധാക്കറുടെ ‘purdah and other poems’ എന്ന ആദ്യ കവിത സമാഹാരം പുറത്തിറങ്ങിയത് 1988 ലാണ്. ആഗോള മുസ്‌ലിം സ്ത്രീകളുടെയെല്ലാം ധീര ശബ്ദങ്ങൾ ദീനരോദനങ്ങളായി മാറുന്നു എന്ന് എഴുത്തുകാരി അവകാശപ്പെടുമ്പോൾ ഇതേ വർഷം പാക്കിസ്ഥാനിലെ പ്രധാനമന്ത്രി പദവി അലങ്കരിച്ചിരുന്നത് ബേനസീർ ഭൂട്ടോ എന്ന മുസ്‌ലിമായി പിറന്ന ഇസ്‌ലാം മതത്തിൽ വിശ്വസിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു. നൂറ്റാണ്ടുകൾ മുതൽ ഇന്ന് വരെ തുടർന്നുപോരുന്ന ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾക്കും മത വിമർശന പരമ്പരകൾക്കും അക്കമിട്ട് നിരത്തി “Reconciliation: Islam, Democracy and the West ‘എന്ന ഗ്രന്ഥത്തിൽ ഖുർആനും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് അവർ തന്നെ മറുപടി നൽകിയിട്ടുണ്ട്.

ശൈഖ് അഖ്റം നദുവി എഴുതിയ പുസ്തകപ്രകാരം ആയിരക്കണക്കിന് വരുന്ന മുസ്‌ലിം പണ്ഡിതരിൽ 8000ത്തിലധികം മുസ്‌ലിം പണ്ഡിതകളുമുണ്ടായിരുന്നു. ഇസ്‌ലാമിക ഭരണത്തിന്റെ പ്രാരംഭ കാലഘട്ടത്തിൽ പോലും ഭരണനേതൃത്വത്തിൽ സ്ത്രീകൾ പദവി അലങ്കരിച്ചിട്ടുണ്ട്. ഖലീഫ ഉമറി(റ)ന്റെ ഭരണസഭയിൽ രാഷ്ട്രീയ ഉപദേശകരായും, ന്യായാധിപരായും, വിദേശകാര്യ മന്ത്രിമാരായുമൊക്കെ സ്ത്രീകളുണ്ടായിരുന്നു. ഖുർആൻ കഴിഞ്ഞാൽ പിന്നെ ഇസ്‌ലാമിക ലോകത്തിന്റെ ഏറ്റവും വല്ല്യ പ്രമാണം ഹദീസാണ്. ആ ഹദീസുകളിൽ 40% മഹതി ആയിഷ(റ)യിലൂടെയാണ് നിവേദനം ചെയ്യപ്പെട്ടത്. ഇസ്‌ലാമിക ചരിത്രത്തിലെ നാവികസേനയിലും സൈന്യത്തിലും നിയമശാസ്ത്ര നിർമ്മാണത്തിലും സ്ത്രീ പ്രാധിനിദ്ധ്യമുണ്ടായിരുന്നു. പ്രവാചക ദൗത്യത്തിന് വേണ്ടി പോരാടിയവരിൽ ആദ്യം രക്തസാക്ഷിത്വം വഹിച്ചതും ഒരു പെണ്ണ് തന്നെ. 1516 ലാണ് ഒരു സ്ത്രീ ഭരണാധികാരി ബ്രിട്ടന്റെ ചരിത്രത്തിൽ കിരീടമണിയുന്നത്. എന്നാൽ അതിനും മൂന്നു നൂറ്റാണ്ട് മുമ്പ് ഒരു മുസ്‌ലിം സ്ത്രീയായ റസിയ സുൽത്താന ഇന്ത്യ ഭരിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ സർവകലാശാല സ്ഥാപിച്ചതും ഒരു മുസ്‌ലിം വനിതയാണെന്ന സത്യം ഇവർക്കാർക്കും അറിയാത്തതോ അതോ അറിയില്ലെന്ന് നടിക്കുന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൊറോക്കോയിലെ ഫെസ്സിൽ എ.ഡി. 859 ൽ ഫാത്തിമ ഹിഫ്രിയ അൽ ഖറാവിയ്യൻ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് തനിക്ക് ലഭിച്ച അനന്തരാവകാശ സ്വത്ത് ഉപയോഗിച്ചാണ്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങൾ ഇന്ന് ചൂട് പിടിച്ച ചർച്ചയാണ്. പക്ഷെ ഇസ്‌ലാമിന്റെ കടന്നുവരവിന് മുമ്പ് സ്ത്രീകൾക്ക് സ്വത്തവകാശം തന്നെ ലഭിച്ചിരുന്നില്ല. എന്തിനധികം പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും പാരമ്യതയെന്നോണം ലോകമുറ്റു നോക്കുന്ന യൂറോപ്പ്യൻ സംസ്കാരത്തിൽ പോലും അക്കാലഘട്ടങ്ങളിൽ അനന്തര സ്വത്ത് എന്നൊരു സാധ്യത തന്നെ സ്ത്രീകൾക്കുണ്ടായിരുന്നില്ല. വിക്ടോറിയൻ നോവലിസ്റ്റായിരുന്ന ജെയിൻ ഓസ്റ്റിന്റെ നോവലുകളുടെ പ്രധാന പ്രതിപാദ്യം ഇംഗ്ലണ്ടിൽ അക്കാലത്ത് നിലനിന്നിരുന്ന അനന്തരവകാശ സ്വത്തിനെ സംബന്ധിച്ചായിരുന്നു. എന്തിനുമേതിനും മാതൃകയെന്നോണം വിലയിരുത്തപ്പെടുന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് 1918ൽ മാത്രമാണ്. അതിനും 10 വർഷങ്ങൾക്കുശേഷമാണ് 21 വയസ്സിന് മുകളിലുള്ള യുവതികൾക്ക് കൂടി വോട്ടവകാശം കിട്ടിയത്. ഡിവോഴ്സ്നുള്ള അനുമതി അവർക്ക് ലഭിച്ചിട്ട് മുന്നൂറോ നാനൂറോ കൊല്ലങ്ങളായിട്ടുണ്ടാവും. എന്നാൽ ഇതിനൊക്കെയുമുള്ള അധികാരവും അവകാശവും സ്വാതന്ത്ര്യവും പരിശുദ്ധ മതം ഏഴാം നൂറ്റാണ്ടിൽ തന്നെ പെണ്ണിന് നൽകിയിരുന്നു. ഇന്ന് യൂറോപ്പിന്റെ നിയമവ്യവസ്ഥിതിയുടെ തലപ്പത്ത് ശിരോവസ്ത്രധാരിണികളായ സ്ത്രീകൾ വിഹരിക്കുന്നു. കുഴിച്ചുമൂടപ്പെട്ടിരുന്നവളിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് സ്ത്രീ വ്യക്തിത്വങ്ങളെ സംഭാവന ചെയ്തതിൽ ഇസ്‌ലാമിനോളം പങ്കുവഹിക്കുന്ന മറ്റൊരു മതമോ മുന്നേറ്റങ്ങളോ ഇല്ല എന്നതാണ് വസ്തുത. അത് തിരിച്ചറിയണമെങ്കിൽ പ്രവാചകന് മുന്നേയുള്ള അറേബ്യയുടെ ചരിത്രം ഒന്ന് പരിശോധിക്കേണ്ടി വരും.

വർഷങ്ങളായി മുസ്‌ലിം സ്ത്രീകൾ ഏറെ സൗകര്യപ്രദമായി ധരിച്ചു പോരുന്നൊരു വസ്ത്രമാണ് പർദ്ദ. പർദ്ദ മാത്രമാണ് ഇസ്‌ലാമിക വേഷം എന്നാരും പറയുന്നില്ല. പക്ഷേ അത് ധരിക്കുമ്പോൾ പെണ്ണിന് ലഭിക്കുന്ന ആനന്ദപ്രദമായ അനുഭൂതിയെക്കുറിച്ച് വിവരിക്കാൻ ഒരു പക്ഷേ വാക്കുകൾ മതിയാകാതെ വരും. പെണ്ണുടലുകളെ വാണിജ്യവൽക്കരിക്കുന്ന, സ്ത്രീ സൗന്ദര്യത്തെ പരമാവധി പ്രക്ഷേപണം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥിതിക്കെതിരെയുള്ള പെൺമയുടെ പ്രതിരോധമാണ് പർദ്ദ. അടിച്ചു മെഴുക്കി ശരീരത്തിന്റെ അഴകളവുകളെ പ്രദർശിപ്പിക്കുന്ന വസ്ത്രത്തെക്കുറിച്ചല്ല പറഞ്ഞത്, മറിച്ചു ശരീരഭാഗങ്ങളെ മറച്ചുകൊണ്ടണിയുന്ന ഒഴുക്കൻ മട്ടിലുള്ള വസ്ത്രത്തെപ്പറ്റിയാണ്!

print

3 Comments

  • Barakallah❤

    Mariyam s 16.05.2023
  • ♥️♥️👍

    Sulthana 19.05.2023
  • Masha Allah

    Haris 13.06.2023

Leave a comment

Your email address will not be published.