ഇമാം ബുഖാരിയെ കണ്ണടച്ച് സ്വീകരിക്കാമോ ?

//ഇമാം ബുഖാരിയെ കണ്ണടച്ച് സ്വീകരിക്കാമോ ?
//ഇമാം ബുഖാരിയെ കണ്ണടച്ച് സ്വീകരിക്കാമോ ?
ഖുർആൻ / ഹദീഥ്‌ പഠനം

ഇമാം ബുഖാരിയെ കണ്ണടച്ച് സ്വീകരിക്കാമോ ?

Print Now

ഈജിപ്തിൽ കൈറോവിലുള്ള പ്രസിദ്ധമായ ഖസറുൽ ഐനി മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയയാളാണ് ഡോ: മുഹമ്മദ് തൗഫീഖ് സിദ്‌ക്വി. ചെറുപ്പത്തിലേ ക്വുർആൻ മനഃപ്പാഠമാക്കിയ ഭക്തൻ. തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ പ്രസിദ്ധ പണ്ഡിതനായ റഷീദ് റിദയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന അൽമനാറിൽ ‘മതം ശുദ്ധയുക്തിയുടെ വെളിച്ചത്തിൽ’ (അദ്ദീനു ഫീ നദ്വറിൽ അഖ്‌ലി സ്സ്വഹീഹ്) എന്ന ലേഖനമെഴുതി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ വ്യക്തിത്വം. 1905 നവംബർ ഇരുപത്തിയെട്ടിന് പുറത്തിറങ്ങിയ അൽമനാറിൽ പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനത്തിൽ ക്രിസ്തുമതത്തെയും അതിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ നിർമിച്ച വിശുദ്ധ പൗലോസിനെയും വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നത് വായിക്കുന്നവർക്കൊന്നും അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം സമ്മതിക്കാതിരിക്കാനാവില്ല. ഖുർആനും അന്നത്തെ ശാസ്ത്രീയമായ വിവരങ്ങളും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹമെഴുതിയ ലേഖനങ്ങൾ ‘സൃഷ്ടിസ്വഭാവങ്ങളിലെ പാഠങ്ങൾ ‘(ദുറൂസു സുനനിൽ കാഇനാത്ത്),’ശാസ്ത്രീയവും വൈദ്യശാസ്ത്രപരവും ഇസ്‌ലാമികവുമായ പ്രഭാഷണങ്ങൾ’ (മുഹാദ്വറാത്ത് അത്വിബ്ബിയ്യ അൽ ഇൽമിയ്യ അൽ ഇസ്‌ലാമിയ്യ) എന്നീ രണ്ട് വാള്യങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. 1920ൽ, തന്റെ മുപ്പത്തിയൊമ്പതാമത്തെ വയസ്സിൽ ടൈഫസ് പനി ബാധിച്ച് മരണപ്പെടുന്നതിന് മുമ്പ് ഇസ്‌ലാമിനെ ബുദ്ധിപരമായി അവതരിപ്പിക്കുന്നതും ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് മറുപടി പറയുന്നതുമായ നിരവധി ചെറുരചനകൾ നടത്താൻ കഴിഞ്ഞ ധിഷണാശാലിയാണ് സിദ്‌ക്വി.

ഈജിപ്തിൽ രൂപം പ്രാപിച്ച ആധുനിക മുസ്‌ലിം ലോകത്തെ ഹദീഥ് നിഷേധ പ്രവണതകളുടെ തുടക്കക്കാരനായി ഗണിക്കപ്പെടുന്നത് ഡോ: മുഹമ്മദ് തൗഫീഖ് സിദ്‌ക്വിയെയാണ്. ‘ഇസ്‌ലാമെന്നാൽ ക്വുർആൻ മാത്രമാണ്’ (അൽ ഇസ്‌ലാമു ഹുവൽ ക്വുർആനു വഹ്ദഹു) എന്ന തലക്കെട്ടിൽ അൽമനാറിൽ അദ്ദേഹം എഴുതിയ ലേഖനമാണ് പിന്നീട് അറബ് ലോകത്തുണ്ടായ ഹദീഥ് നിഷേധികൾക്കെല്ലാം പ്രചോദനമായി വർത്തിച്ചത്. സിദ്‌ക്വിക്ക്‌ മുമ്പ് തന്നെ ഇന്ത്യയിൽ അബ്ദുല്ല ചക്രാലവിയുടെയും ഖാജാ അഹ്‌മദുദ്ദീൻ അമൃതസരിയുടെയും ഗുലാംഅഹ്മദ് പർവേസിന്റെയും നേതൃത്വത്തിൽ അഹ്‌ലുൽ ഖുർആൻ പ്രസ്ഥാനം ആരംഭിക്കുകയും ഹദീഥ് നിഷേധം പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും അതിന് അറബ്‌ലോകത്ത് കാര്യമായ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല. സിദ്‌ക്വിയുടെ പാത പിൻപറ്റിക്കൊണ്ട് മഹ്മൂദ് അബൂറയ്യ 1958ല്‍ എഴുതിയ ‘അദ്‌വാഉൻ അല സ്‌സുന്നത്തില്‍ മുഹമ്മദിയ്യ’ (മുഹമ്മദിന്റെ ചര്യയിലേക്കുള്ള പ്രകാശങ്ങള്‍) മുസ്‌ലിം ലോകത്ത് ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയ പുസ്തകമാണ്. ക്വുര്ആനും അതിന്റെ യുക്തിപൂര്ണകമായ വ്യാഖ്യാനവും മുതവാത്തിറായ ഹദീഥുകളും മാത്രമാണ് ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ എന്ന് സമർത്ഥിക്കുന്ന അബൂ റയ്യയുടെ പുസ്തകത്തിനുള്ള മറുപടിയാണ് ഡോക്ടര്‍ മുസ്തഫ സ്‌സബാഇ എഴുതിയ ‘അസ്‌സുന്നത്തു വ മകാനത്തുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി’ എന്ന ഗ്രന്ഥം. സിറിയയിൽ ഇഖ്‌വാനുൽ മുസ്‌ലിമീൻ സ്ഥാപിച്ച ഡോ. മുസ്വ്തഫ സ്സിബാഈ രചിച്ച ഹദീഥ് നിഷേധത്തിനെതിരെയുള്ള പ്രസ്തുത ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രസിദ്ധ ക്വുർആൻ വ്യാഖ്യാതാവായ മുഹമ്മദ് അമാനി മൗലവിയാണ്. ‘സുന്നത്തും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും’ എന്ന തലക്കെട്ടിൽ 1974ൽ കേരളാ നദ്‌വത്തുൽ മുജാഹിദീൻ ആണ് അത് പ്രസിദ്ധീകരിച്ചത്.വിമർശനങ്ങളിൽ നിന്ന് ഹദീഥുകളെ പ്രതിരോധിക്കുന്ന വിഷയത്തിൽ അഹ്‌ലുസുന്ന എക്കാലത്തും ഒറ്റക്കെട്ടായിരുന്നുവെന്ന വസ്തുത ഇത് വ്യക്തമാക്കുന്നുണ്ട്.

ഭിഷഗ്വരനായി ബിരുദം നേടി പുറത്ത് വന്നയുടനെ, ഭക്തനും ബുദ്ധിമാനുമായ ഡോ:സിദ്‌ക്വിയെ ഹദീഥ് നിഷേധിയാക്കിയത് സ്വഹീഹുൽ ബുഖാരിയിലെ ഒരേ ഒരു ഹദീഥാണ്. ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ത്വിബ്ബിൽ അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം ചെയ്ത ഈച്ചയുടെ ചിറകിൽ ഔഷധവുമുണ്ടെന്ന് പറയുന്ന ഹദീഥ് തനിക്ക് ദഹിക്കുന്നില്ലെന്നതാണ് ഹദീഥുകളെ ചോദ്യം ചെയ്തുകൊണ്ട് അൽ മനാറിൽ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ ഇതിവൃത്തം. പ്രസ്തുത ഹദീഥിന്റെ സാരം ഇങ്ങനെയാണ്. “അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: നിങ്ങളിലാരുടെയെങ്കിലും പാത്രത്തിൽ ഈച്ച വീണാൽ അതിനെ പൂർണമായും മുക്കിയ ശേഷം പുറത്തെടുത്ത് കളയുക; അതിന്റെ ഒരു ചിറകിൽ രോഗമാണുള്ളതെങ്കിൽ മറ്റേ ചിറകിൽ രോഗശമനമാണുള്ളത്”. തികച്ചും അശാസ്ത്രീയമാണെന്ന് തനിക്കറിയാവുന്ന ഇത്തരം വചനങ്ങൾ മുഹമ്മദ് നബിയിൽ (സ) നിന്നുള്ളതാവാൻ യാതൊരു സാധ്യതയുമില്ലെന്നും ഇസ്‌റാഈല്യര്ക്കി ടയില്‍ പ്രചാരണത്തിലുണ്ടായിരുന്ന കള്ളക്കഥകളും അശാസ്ത്രീയമായ അറബ് ഗ്രാമീണവിജ്ഞാനീയങ്ങളുമാണ് ഹദീഥുകളുടെ ഉള്ളടക്കമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും അതിനാല്‍ കുറേയധികം പേര്‍ കുറേയേറെ പരമ്പരകളിലൂടെനിവേദനം ചെയ്ത മുതവാത്തിറായ ഹദീഥുകള്‍ മാത്രമെ സ്വീകാര്യയോഗ്യമാവൂയെന്നുമാണ് ഡോക്ടര്‍ സിദ്‌ക്വി അഭിപ്രായപ്പെട്ടത്.

ഈച്ചയുടെ ചിറകിലെ രോഗശമനത്തെക്കുറിച്ച് പറയുന്ന ഹദീഥ് നിഷേധിച്ച ആദ്യത്തെയാളല്ല ഡോക്ടർ സിദ്‌ക്വി. ഇമാം ഹസനുൽ ബസ്വരി (റ) യുടെ ശിഷ്യനായിരുന്ന, ഹിജ്‌റ 131ൽ അന്തരിച്ച വാസിൽ ബിൻ അത്വാഅ് തുടങ്ങി വെച്ച മുഅതസ്‌ലിയാ പ്രസ്ഥാനത്തിന്റെ വക്താക്കളാണ് ഈ ഹദീഥ് ആദ്യമായി നിഷേധിച്ചത്. ഒരേ ഈച്ചയിൽ തന്നെ രോഗവും രോഗശമനവുമുണ്ടാവുക എന്നത് അസാധ്യമാണ് എന്നാണ് മനുഷ്യയുക്തി പറയുന്നത് എന്ന് വാദിച്ചു കൊണ്ടാണ് അവർ ഈ ഹദീഥിനെ നിഷേധിച്ചത്. സിദ്‌ക്വി മനസ്സിലാക്കിയതു പോലെ ഈച്ചയുടെ ഹദീഥിൽ ശാസ്ത്രീയമായ അബദ്ധങ്ങളുണ്ടെന്ന് പറയുവാൻ മുഅതസ്‌ലിയാക്കളുടെ കാലത്ത് ശാസ്ത്രം വളർന്ന് വികസിച്ചിട്ടുണ്ടായിരുന്നില്ലല്ലോ.

യഥാർത്ഥത്തിൽ, ഡോ: സിദ്‌ക്വി ഈച്ച ഹദീഥിനെ വിമർശിച്ചുകൊണ്ട് അതിൽ നിന്ന് ഹദീഥ് നിഷേധം നിർധാരണം ചെയ്യുന്ന കാലത്ത് തന്നെ പ്രസ്തുത ഹദീഥിൽ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഗവേഷണങ്ങൾ പാശ്ചാത്യ ലോകത്ത് നടക്കുന്നണ്ടായിരുന്നു. താൻ പഠിച്ച മെഡിക്കൽ പുസ്തകങ്ങൾക്കപ്പുറവും ശാസ്ത്രജ്ഞാനമുണ്ടെന്ന് ഉൾക്കൊള്ളുവാനും അവ മനസ്സിലാക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെങ്കിൽ ആധുനിക കാലത്തെ ഹദീഥ് നിഷേധത്തിന്റെ പിതാവ് എന്ന ‘ഖ്യാതി’ക്ക് അദ്ദേഹം അർഹമാവുമായിരുന്നില്ല. 1915ൽ ഇംഗ്ലീഷുകാരനായ ഫ്രഡറിക് ടോർട്ടും 1917ൽ ഫ്രഞ്ച്-കനേഡിയനായ ഫെലിക്സ് ഡി ഹെറെല്ലയും വികസിപ്പിച്ചെടുത്ത ഫേജ് ചികിത്സ(Phage therapy)യുടെ അടിസ്ഥാനം തന്നെ എവിടെയെല്ലാം രോഗകാരികളായ ബാക്ടീരിയകളുണ്ടോ അവിടെയെല്ലാം അവയെ നശിപ്പിക്കുന്ന ബാക്ടീരിയാ ഫേജുകൾ എന്ന് വിളിക്കുന്ന വൈറസുകളുമുണ്ട് എന്ന കണ്ടെത്തലാണ്. ആന്റിബയോട്ടിക് ചികിത്സകൾ ഫലപ്രദമാകാത്തിടങ്ങളിൽ പോലും ഫേജ് ചികിത്സ ഫലപ്രദമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിൽ പ്രസ്തുത ചികിത്സാസമ്പ്രദായം പല രാജ്യങ്ങളിലും തിരിച്ചു വരുന്നതെങ്ങനെയെന്ന് അറിയണമെങ്കിൽ 2011 മെയ് മാസം ഇരുപതിന് പുറത്തിറങ്ങിയ ‘ഡിസ്കവർ’ മാഗസിനിൽ ശാസ്ത്ര രചയിതാവായ കാൾ സിമ്മെർ എഴുതിയ “Eaters of bacteria: Is phage therapy ready for the big time?” എന്ന ലേഖനം വായിച്ചാൽ മതി. രോഗകാരികൾക്കുള്ള മറുമരുന്ന് അവയുള്ള ഇടങ്ങളിൽ നിന്ന് തന്നെ പ്രകൃതി നിർധാരണം വഴി വളർത്തിയെടുക്കുന്നതിനെക്കുറിച്ച പഠനത്തിനാണ് ഫ്രാൻസിസ് എച്ച് ആർനോൾഡ്, ജോർജ് പി സ്മിത്ത്, സർ ഗ്രിഗറി പി വിന്റർ എന്നിവർക്ക് 2018 ലെരസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതെന്ന വസ്തുത കൂടി ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. നമ്മുടെ അറിവോ യുക്തിയോ മാത്രമുപയോഗിച്ച് വെളിപാടുകളെ അപഗ്രഥിച്ച് സ്വീകരിക്കുവാനും തിരസ്കരിക്കുവാനും കഴിയുമെന്ന് കരുതിയവരെയെല്ലാം പിൽക്കാല അറിവുകൾ തിരുത്തിയിട്ടുണ്ടെന്ന വസ്തുത വ്യക്തമാക്കുന്നതാണീ സംഭവങ്ങൾ.

സിദ്‌ക്വിയെയും അബൂറയ്യയെയുമെല്ലാം ഇപ്പോൾ ഓർക്കാൻ കാരണം സ്വഹീഹുൽ ബുഖാരിയുമായി ബന്ധപ്പെട്ട് അറബ് ലോകത്ത് ഈയിടെയായി നന്ന ചില ചർച്ചകളാണ്. ‘ഇമാറാത്തി വനിതകൾ; ഷെയ്ഖ് സായിദിന്റെ കാലടികൾ പിൻപറ്റിക്കൊണ്ടുള്ള ആഗോള നേതൃത്വം’ എന്ന പ്രമേയത്തിൽ 2019 മാർച്ച് ആറിന് ബുധനാഴ്ച അബുദാബിയിൽ വെച്ച് നടന്ന രണ്ടാമത് ഇമാറാത്തി വനിതാ സമ്മേനത്തിൽ അവിടെയുള്ള ഒരു വനിതാനേതാവായ മൗസ ഗാബേഷ് ബുഖാരിയെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് ഇപ്പോഴുള്ള ചർച്ചകളുടെ കേന്ദ്രം. ‘കഴിഞ്ഞ പതിനാലു നൂറ്റാണ്ട് കാലമായി മുസ്‌ലിം വനിതകളെ ബുഖാരിയെന്ന പിന്നാക്കഗ്രൻഥം ബന്ധനസ്ഥരാക്കി വെച്ചിരിക്കുകയാണ്’ എന്നാണ് മന്ത്രിയായ നഹ്യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ സന്നിഹിതനായ വേദിയിൽ വെച്ച് മൗസ പറഞ്ഞത്. അവരുടെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് ടെലിവിഷൻ അവതാരകനായ വസീം യൂസഫ് കൂടി വന്നതോടെയാണ് അത് ഏറെ ചർച്ച ചെയ്യപ്പെട്ടത്. പ്രവാചകന്മാർക്കല്ലാതെ മറ്റാർക്കും അപ്രമാദിത്വം കല്പിക്കുന്നത് അല്ലാഹുവിന്റെ മതത്തിനെതിരാണെന്നും ബുഖാരിയടക്കമുള്ള എല്ലാവർക്കും തെറ്റു പറ്റാമെന്നും അത് അംഗീകരിക്കാതെ ബുഖാരി പറഞ്ഞതെല്ലാം കണ്ണടച്ച് സ്വീകരിക്കണമെന്ന് പറയുന്നത് മതത്തിൽ അതിരു കവിയലാണെന്നുമെല്ലാം മാർച്ച് പതിമൂന്നിന് ട്വിറ്ററിൽ കുറിച്ചു കൊണ്ടാണ് മൗസയുടെ പ്രസ്താവനയെ വസീം യൂസഫ് ന്യായീകരിച്ചിരിക്കുന്നത്.

ഇസ്‌ലാമിനെക്കുറിച്ച അപകർഷതാബോധം വളർത്തി മുസ്‌ലിംകളെ മാനസികമായി മതത്തിനെതിരാക്കുകയെന്ന ഓറിയന്റലിസ്റ്റുകളിൽ നിന്ന് തുടങ്ങി സാമ്രാജ്യത്വമീഡിയ തുടരുന്ന തന്ത്രത്തിന്റെ ഇരകളാണ് യഥാർത്ഥത്തിൽ ബുഖാരീവിമർശനത്തിന്റെ മറവിൽ ഹദീഥുകളെ പ്രതിക്കൂട്ടിലാക്കുന്ന മുസ്‌ലിംകൾ. അവരുടെ കലിപ്പ് ബുഖാരിയോടോ മുസ്‌ലിമിനോടോ മറ്റേതെങ്കിലും ഹദീഥ്സമാഹർത്താക്കളോടോ അല്ല, പ്രത്യുത പ്രവാചകനിൽ നിന്നുള്ളതായി നിവേദനം ചെയ്യപ്പെട്ട ചില ഹദീഥുകളോടാണ്. തങ്ങളുടെ മനസ്സുകളിൽ വിഗ്രഹങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന പാശ്ചാത്യൻ മൂല്യങ്ങളെ പ്രസ്തുത ഹദീഥുകൾ നിഷേധിക്കുന്നുവെന്നതാണ് ആ കലിപ്പിന് കാരണം. തങ്ങൾക്കിഷ്ടമില്ലാത്ത ഹദീഥുകൾ നിവേദനം ചെയ്തുവെന്നതാണ് അവരുടെ വീക്ഷണത്തിൽ ബുഖാരി ചെയ്ത തെറ്റ്. നബിജീവിതത്തെ അടുത്ത തലമുറകളിലേക്ക് പകർന്നു നൽകുകയെന്ന മഹാദൗത്യം നിർവഹിച്ച ഇമാം ബുഖാരിയെപ്പോലെയുള്ള മഹാപണ്ഡിതന്മാർ ഹദീഥ് നിദാനശാസ്ത്രം പഠിക്കേണ്ടിയിരുന്നത് ഓറിയന്റലിസ്റ്റുകളിൽ നിന്നായിരുന്നുവെന്ന രൂപത്തിലുള്ളതാണ് അവരുടെ വിമർശനം. നബി (സ) പറഞ്ഞതെന്താണോ അത് അതേപോലെ വരും തലമുറകളിലേക്ക് കൈമാറുകയെന്ന ദൗത്യത്തിനപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാതെ ഹദീഥുകളെ സമാഹരിച്ചവർക്ക് മതത്തിനോടുണ്ടായിരുന്ന ആത്മാർത്ഥതയുടെ നൂറിലൊരംശം ഇവർക്കുണ്ടായിരുന്നെകിൽ പാശ്ചാത്യൻ മൂല്യങ്ങൾക്കനുസരിച്ച് മതത്തെ മുറിക്കണം എന്നവർ ആവശ്യപ്പെടുമായിരുന്നില്ല.

ഇമാം ബുഖാരി(റ)ക്കോ മറ്റേതെങ്കിലും ഹദീഥ് പണ്ഡിതന്മാർക്കോ തെറ്റു പറ്റുകയില്ല എന്നൊരു വാദം മുസ്ലിംലോകത്ത് ആർക്കും തന്നെയില്ല. പ്രവാചകന്മാർക്കൊഴിച്ച് മറ്റാർക്കും തെറ്റു പറ്റാം എന്ന് തന്നെയാണ് അഹ്‌ലു സുന്നത്തി വൽ ജമാഅത്തിന്റെ ആശയം. ദൈവദൂതന്മാർക്ക് മാത്രമേ പാപസുരക്ഷിതത്വമുള്ളൂവെന്നും എത്ര വലിയ മനുഷ്യരാണെങ്കിലും അവർക്ക് അബദ്ധങ്ങൾ പറ്റാമെന്നും പ്രവാചകശിഷ്യന്മാർ പോലും ഇതിന്നപവാദമല്ലെന്നും കരുതുന്നവർക്കെങ്ങനെയാണ് പ്രവാചകന്റെ പ്രത്യേക പ്രശംസക്ക് പാത്രമായ മൂന്നു തലമുറകൾക്കുശേഷം മാത്രം ജീവിക്കാൻ കഴിഞ്ഞ ഇമാം ബുഖാരിക്കും ഇമാം മുസ്ലിമിനുമൊന്നും(റ) തെറ്റുപറ്റുകയില്ലെന്ന് പറയാൻ കഴിയുക?! ‘ആര് പറയുന്നതിലും കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാവും; ഈ ഖബറിടത്തിലുള്ളയാളുടേതൊഴികെ’ യെന്ന പ്രവാചകന്റെ ഖബറിടത്തെ ചൂണ്ടിയുള്ള ഇമാം മാലിക്കി(റ)ന്റെ പ്രസ്താവന പ്രസിദ്ധമാണ്. ഇമാമുമാരായ ബുഖാരിയോ മുസ്ലിമോ മറ്റാരെങ്കിലുമോ(റ) പറഞ്ഞുവെന്നത് കൊണ്ട് മാത്രം എന്തെങ്കിലും സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യണമെന്ന് അഹ്‌ലുസുന്നയുടെ ആരും തന്നെ കരുത്തുന്നില്ലെന്നർത്ഥം.

ഇമാം ബുഖാരി(റ)യുടേതായി അറിയപ്പെടുന്ന രണ്ട് ഹദീഥ് ഗ്രന്ഥൻഥങ്ങളാണ് ഇന്ന് ഉപലബ്ധമായിട്ടുള്ളത്. ഇസ്‌ലാമികമായ മര്യാദകളെക്കുറിച്ച ഹദീഥുകൾ വിഷയക്രമത്തിൽ ക്രോഡീകരിച്ച ‘അൽ അദബുൽ മുഫ്റദ്’ ആണ് ഒന്നാമത്തേത്. 644 അധ്യായങ്ങളിലായി ആദാബുൽ മുഫ്റദിൽ ക്രോഡീകരിക്കപ്പെട്ട 1322 ഹദീഥുകളിൽ ഇരുനൂറിലധികം ദുർബലമായ പരമ്പരയോട് കൂടിയുള്ളതാണെന്ന് ശെയ്ഖ് നാസ്വിറുദ്ദീൻ അൽബാനി (റ), തന്റെ ‘സ്വഹീഹുൽ അദബിൽ മുഫ്റദി’ൽ വ്യക്തമാക്കിയിട്ടുണ്ട്. അൽബാനിക്കു മുൻപും ഇക്കാര്യം പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളതാണ്. ഇമാം ബുഖാരി (റ) പറഞ്ഞുവെന്നത് കൊണ്ട് മാത്രം അഹ്‌ലു സുന്നയുടെ പണ്ഡിതന്മാർ ഒരു ഹദീഥിനെയും സ്വീകാര്യമായി കരുതുന്നില്ല എന്നാണല്ലോ ഇതിനർത്ഥം. ബുഖാരിയുടെയും മുസ്‌ലിമിന്റെയും (റ) സ്വഹീഹുകളിലെ ഹദീഥുകൾ സ്വീകരിക്കുന്നത് അവർക്ക് അപ്രമാദിത്വമുള്ളതുകൊണ്ടല്ല, മറിച്ച് അവർ സ്വഹീഹായ ഹദീഥുകളാണ് അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നത് കൊണ്ടാണ് എന്ന അൽബാനിയുടെ അഭിപ്രായം ഇതോട് ചേർത്ത് വായിക്കുക. (ശറഹുൽ അക്വീദത്തി ത്ത്വഹാവിയ്യ 27, 28 പുറങ്ങൾ).

‘അൽ ജാമിഉൽ മുസ്നദ് അസ്വഹീഹ്‌ അൽ മുഖ്തസർ ബി ഉമൂരി റസൂലില്ലാഹി വ സുന്നത്തിഹി വ അയ്യാമിഹി’ (ദൈവദൂതന്റെ കാലത്തെയും ചര്യയെയും കുറിക്കുന്ന അദ്ദേഹം വരെ മുറിയാതെ നീളുന്ന വിശ്വസനീയമായ നിവേദനങ്ങളുടെ സംക്ഷിപ്ത ശേഖരം) എന്നാണ് സ്വഹീഹായ നിവേദനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് താൻ രചിച്ച ഗ്രന്ഥത്തിന് ഇമാം ബുഖാരി (റ) നൽകിയ പേര്. ഹദീഥ് പഠനരംഗത്തെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കരിക്കുകയും പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രം ശേഖരിച്ച് മുസ്‌ലിംലോകത്തിന് നല്‍കുകയും ചെയ്ത മഹാ പ്രതിഭാശാലിയാണ് ഹിജ്‌റ 256ൽ മരണപ്പെട്ട മുഹമ്മദ് ബ്ന്‍ ഇസ്മായീല്‍ അല്‍ ബുഖാരി എന്ന വസ്തുത ഹദീഥ് പഠനരംഗത്തുള്ള എല്ലാവരും അംഗീകരിക്കുന്നതാണ്. ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലി(റ)ന്റെ ശിഷ്യനാകുവാന്‍ അവസരം ലഭിച്ച ഇമാം ബുഖാരി(റ), തന്റെ പതിനാറാമത്തെ വയസ്സില്‍ ഹജ്ജ് നിര്‍വഹിച്ചശേഷം തുടങ്ങിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്വഹീഹായ ഹദീഥുകളുടെ മാത്രമായുള്ള ഒന്നാമത്തെ സമാഹാരം മുസ്‌ലിംലോകത്തിന് ലഭിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ യാത്രകളിലൂടെ ഹദീഥുകളറിയാവുന്ന ആയിരത്തിലധികം പേരുമായി ആശയക്കൈമാറ്റം നടത്തിക്കൊണ്ട് അദ്ദേഹം ശേഖരിച്ച ഏഴു ലക്ഷത്തോളം ഹദീഥുകളില്‍നിന്ന് ഇസ്‌നാദ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 7397 ഹദീഥുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബുഖാരി തന്റെ അല്‍ജാമിഉ സ്‌സ്വഹീഹ് രചിച്ചത്. ഇതില്‍ തന്നെ പല ഹദീഥുകളും ഒരേ പ്രവാചകചര്യയുടെ തന്നെ വ്യത്യസ്ത രൂപത്തിലുള്ള ആവര്‍ത്തനങ്ങളാണ്. ആകെ 2602 പ്രവാചകവചനങ്ങള്‍ വ്യത്യസ്ത നിവേദകരിലൂടെ കടന്നുവന്നവയാണ് ബുഖാരിയിലുള്ള ഹദീഥുകളെന്ന് അതിന്റെ വ്യാഖ്യാതാവായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ) വ്യക്തമായിട്ടുണ്ട്.

സ്വഹീഹുൽ ബുഖാരിയിലെ ഹദീഥുകളെല്ലാം സ്വീകാര്യമാണെന്ന് പറയുന്നത് ഇമാം ബുഖാരിയുടെ അപ്രമാദിത്വം കൊണ്ടല്ല, പ്രത്യുത ഒരു ഹദീഥ് സ്വഹീഹാണോയെന്ന് പരിശോധിക്കാൻ അദ്ദേഹമുപയോഗിച്ച മാനദണ്ഡങ്ങൾ കുറ്റമറ്റതാണ് എന്നതുകൊണ്ടാണ്. പ്രസ്തുത മാനദണ്ഡങ്ങളിലെവിടെയെങ്കിലും പിഴവുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുവാനും അതിനേക്കാൾ നല്ല മാനദണ്ഡങ്ങൾ ഹദീഥ് പരിശോധനക്ക് ഉപയോഗിക്കാവുന്നതാണെന്ന് സമർത്ഥിക്കാനുമെല്ലാം വിഷയം പഠിച്ചവർക്ക് അവകാശമുണ്ടെന്ന് അഹലുസ്സുന്ന അംഗീകരിക്കുന്നു. മാനദണ്ഡങ്ങളിൽ പിഴവ് സമർത്ഥിക്കാൻ സന്നദ്ധമാകാതെ തങ്ങൾക്ക് ഇഷ്ടമില്ലാത്തതോ തങ്ങളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാനാകാത്തതോ ആണ് ഹദീഥിലുള്ളത് എന്നത് കൊണ്ട് മാത്രം ഒരു ഹദീഥിനെ നിഷേധിക്കുകയെന്നാൽ സുന്നത്തിനെ മൊത്തത്തിൽ നിഷേധിക്കുന്നതിന് സമമാണ് എന്നതാണ് സത്യം.

പ്രവാചകനിൽ നിന്നുള്ളതാണെന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന ഏത് ഹദീഥും നിഷേധിക്കുവാൻ ഏത് മുസ്‌ലിമിനും, അയാൾ ആ വിഷയത്തിൽ വിവരമുള്ളവനാണെങ്കിൽ, അവകാശമുണ്ട്; നിഷേധിക്കുന്നതിന് മുൻപ് അത് പ്രവാചകനിൽ നിന്നുള്ളതാണെന്നതിന് ഹദീഥ് പണ്ഡിതന്മാർ നിരത്തിയ തെളിവുകൾ ശരിയല്ലെന്ന് സ്ഥാപിക്കണമെന്ന് മാത്രമേയുള്ളൂ. നിഷേധത്തിന് കാരണം അത് നബിയിൽ നിന്നുള്ളതാണെന്ന് അയാൾക്ക് ബോധ്യപ്പെടുന്നില്ലെന്നതാകണം. പ്രസ്തുത ബോധ്യപ്പെടായ്മയുടെ അടിസ്ഥാനം തന്റെ ബുദ്ധിയോ യുക്തിയോ മാത്രമാവരുത്; പ്രത്യുത, നബിയിൽ നിന്നുള്ളതായാണെന്നതിന് ഹദീഥ് പണ്ഡിതന്മാർ നിരത്തിയ തെളിവുകളും ന്യായങ്ങളും അബദ്ധങ്ങൾ ഉൾക്കൊള്ളുന്നവയാണെന്ന അറിവായിരിക്കണം. ഹദീഥ് സ്വീകരിക്കുവാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ അബദ്ധമുക്തമല്ലെന്നതിന് തെളിവുകൾ നിരത്താൻ കഴിഞ്ഞാൽ ഇമാമുമാരായ ബുഖാരിയോ മുസ്‌ലിമോ മറ്റാരെങ്കിലുമോ(റ) സ്വീകരിച്ച ഏത് ഹദീഥും ഒരാൾക്ക് അസ്വീകാര്യമാണെന്ന് തീരുമാനിക്കാവുന്നതാണ്. അത് അഹ്‌ലുസുന്ന അംഗീകരിക്കുന്ന ഹദീഥ് നിരാകരണരീതിയാണ്; അത് ചെയ്യേണ്ടത് ഹദീഥ് നിദാനശാസ്ത്രത്തിൽ അവഗാഹമുള്ള പണ്ഡിതന്മാരാകണമെന്ന് മാത്രമേയുള്ളൂ. ഇമാം ബുഖാരിക്കോ മറ്റേതെങ്കിലും ഹദീഥ് പണ്ഡിതന്മാർക്കോ അപ്രമാദിത്വമുണ്ടെന്ന് അഹ്‌ലുസുന്നയിലെ ഒരാളും കരുതുന്നില്ലെന്ന വസ്തുതയാണ് ഈ നിലപാടിൽ നിന്ന് മനസ്സിലാവുന്നത്.

സ്വഹീഹുൽ ബുഖാരിയിലെ ഹദീഥുകളെല്ലാം സ്വീകാര്യമാണെന്ന് പറയുന്നവർ ചെയ്യുന്നത് ഇമാം ബുഖാരിയെ ആദരിക്കുകയും അദ്ദേഹം ഉപയോഗിച്ച രീതിശാസ്ത്രം അംഗീകരിക്കുകയുമാണ്; അല്ലാതെ അദ്ദേഹത്തെ അന്ധമായി പിൻപറ്റുകയല്ല. അദ്ദേഹമുപയോഗിച്ച രീതിശാസ്ത്രത്തിന്റെ അരിപ്പയിലൂടെ നബിയിൽ നിന്നുള്ളതല്ലാത്ത യാതൊരു ചര്യയും പുറത്ത് വരികയില്ലെന്ന് അത് പരിശോധിക്കുന്ന ആർക്കും ബോധ്യമാവും. എന്നാൽ ഇമാം ബുഖാരിയും മുസ്‌ലിമുമെല്ലാം തങ്ങളുടെ രീതിശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ച് ചില ഹദീഥുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പണ്ഡിതന്മാരിൽ ചിലർ വിമർശിച്ചിട്ടുണ്ട്. അവരിൽ പ്രധാനിയാണ് ഹിജ്‌റ 385ൽ അന്തരിച്ച ഇമാം അബുൽ ഹസൻ അലി അദ്ദാറഖുത്‌നി(റ). ഇമാമുമാർ ബുഖാരിയും മുസ്‌ലിമും അവർ സ്വഹീഹാണെന്ന് വിധിച്ച മറ്റു ഹദീഥുകൾ സ്വീകരിക്കുവാനുപയോഗിച്ച മാനദണ്ഡങ്ങൾ സ്വീകരിക്കാതെ ചില ഹദീഥുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ അവയെ പ്രബലമായി കാണാൻ കഴിയില്ലെന്നും സമർത്ഥിച്ചുകൊണ്ട് ഇമാം ദാറഖുത്‌നി(റ) എഴുതിയ ഗ്രന്ഥമാണ് ‘അൽ ഇൽസാമാത്തു വത്തതബ്ബുഅ്. ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകൾക്കെതിരേയുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് അവയുടെ വ്യാഖ്യാതാക്കളായ ഇമാമുമാർ ഇബ്നു ഹജർ അൽ അസ്ഖലാനിയും നവവിയും (റ) എണ്ണിയെണ്ണി മറുപടി പറയുകയും ചെയ്തിട്ടുണ്ട്. വിമർശനം രീതിശാസ്ത്രത്തിലെ പിഴവുകൾ ഉന്നയിച്ചുകൊണ്ടായിരുന്നുവെന്നതിനാൽ പിഴവുകളായി ദാറഖുത്‌നി(റ) സൂചിപ്പിച്ചവയൊന്നും യഥാർത്ഥത്തിൽ പിഴവുകളല്ലെന്ന് സമർത്ഥിച്ചുകൊണ്ടാണ് അസ്ഖലാനിയും നവവിയുമെല്ലാം അവയ്ക്ക് മറുപടി പറഞ്ഞിരിക്കുന്നത്.

ആധുനിക കാലത്തെ ഹദീഥ് പണ്ഡിതന്മാരിൽ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി(റ)യെപ്പോലെയുള്ള ചിലരും ബുഖാരിയുടെയും മുസ്‌ലിമിലെയും ചില ഹദീഥുകൾ സ്വീകരിക്കുന്നതിൽ അവരുടെ രീതിശാസ്ത്രം സൂക്ഷ്മമായി പാലിക്കപ്പെട്ടിട്ടില്ലെന്നും പദങ്ങൾ സൂക്ഷ്മമായി നിവേദനം ചെയ്യുന്നതിൽ ചെറിയ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും സമർത്ഥിച്ചിട്ടുണ്ട്. അവയ്ക്ക് പണ്ഡിതലോകത്ത് നിന്ന് തന്നെ വ്യക്തമായ മറുപടികളും വന്നിട്ടുണ്ട്. വിമർശനങ്ങളും അവയ്ക്കുള്ള പ്രതികരണങ്ങളുമെല്ലാം ഹദീഥ് വ്യവച്ഛേദനത്തിന് അവരുപയോഗിച്ച രീതിശാസ്ത്രം അംഗീകരിച്ചുകൊണ്ടുള്ളതാണ്. ഹദീഥുകൾ ക്രോഡീകരിച്ച പണ്ഡിതന്മാർ അവയെ സ്വീകരിക്കുവാൻ ഉപയോഗിച്ച അതെ രീതിശാസ്ത്രം തന്നെയാണ് അവരിൽ സംഭവിച്ചതായി പിൽക്കാല പണ്ഡിതന്മാർക്ക് തോന്നിയ സൂക്ഷ്മമായ സ്ഖലിതങ്ങൾ ചൂട്ടിക്കാണിക്കാനും ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. സ്വഹീഹാണെന്ന് വിധിക്കപ്പെട്ട ചില ഹദീഥുകളുടെ കാര്യത്തിൽ ഹദീഥ്സ്വീകരണത്തിന് പണ്ഡിതന്മാർ വെച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചെറിയ ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടോ ഇല്ലേയെന്ന കാര്യത്തിൽ മാത്രമാണ് പണ്ഡിതലോകത്ത് ചർച്ചകൾ നടന്നിട്ടുള്ളത്. അവർ സ്വീകരിച്ച ഏതെങ്കിലും ഹദീഥുകളിലെ ആശയങ്ങൾ തങ്ങളുടെ യുക്തിക്കോ ബുദ്ധിക്കോ നിരക്കാത്തതായതിനാൽ തള്ളിക്കളയേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വിമർശനവും അഹ്‌ലുസുന്നയിൽ നിന്നുണ്ടായിട്ടില്ലെന്ന കാര്യം എടുത്ത് പറയേണ്ടതാണ്.

ഏതെങ്കിലും ഹദീഥ് പണ്ഡിതന്മാർക്ക് അപ്രമാദിത്വം കൽപിച്ച് അവർ പറഞ്ഞു എന്നതു കൊണ്ട് മാത്രം ഹദീഥുകൾ സ്വീകരിക്കുന്ന രീതി അഹ്‌ലുസുന്നത്തിന് പരിചയമില്ലാത്തതാണെന്ന് വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഇത്രയും പറഞ്ഞത്. അതുകൊണ്ട് തന്നെ ഇമാം ബുഖാരി(റ)യാണ് മുസ്‌ലിം പെണ്ണിനെ അടിമത്തത്തിൽ തളച്ചത് എന്ന പരാമർശം അത് പറഞ്ഞയാളുടെ വിവരക്കേടിന്റെ ആഴമല്ലാതെ മറ്റൊന്നും വ്യക്തമാക്കുന്നില്ല. ഹദീഥുകളെന്ന പേരിൽ ഇമാം ബുഖാരി(റ) സ്വന്തമായി യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. നബി(സ)യുടേതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ക്രോഡീകരിച്ചത്. അവ നബി(സ)യിൽ നിന്നുള്ളതല്ലെന്ന് സ്ഥാപിക്കുവാൻ കഴിഞ്ഞാൽ അവ സ്വീകരിക്കണമെന്ന് ആരും നിർബന്ധം പിടിക്കുകയില്ല. അങ്ങനെ ചെയ്യാതെ, നബിയിൽ നിന്നുള്ളതാണെന്ന് ഉറപ്പുള്ള വചനകളിലേതെങ്കിലും പെണ്ണവകാശങ്ങളെ ഹനിക്കുന്നുവെന്നാണ് വിമർശനമെങ്കിൽ അത് ഇമാം ബുഖാരിക്കെതിരെയുള്ള വിമർശനമല്ല; പ്രത്യുത നബി(സ)ക്കെതിരെയുള്ള വിമർശനമാണ്. അന്തിമപ്രവാചകൻ പറഞ്ഞതെന്തെങ്കിലും കാലഹരണപ്പെട്ടതാണെന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അവർ രണ്ടാമത്തെ ശഹാദത്തിനെയാണ് നിഷേധിക്കുന്നത്. ആ നിഷേധം പുറത്ത് പറയാൻ മടിയുള്ളതുകൊണ്ടാവാം ബുഖാരീവിമർശനത്തിന്റെ തോടിനുള്ളിലിരുന്ന് ചിലർ ഇസ്‌ലാമികനിയമങ്ങൾക്കെതിരെ വാളോങ്ങുന്നത്.

പ്രവാചകനിൽ(സ) നിന്നുള്ളതാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന വചനങ്ങളിലൊന്നും യുക്തിവിരുദ്ധമോ ശാസ്ത്രത്തിനെതിരോ ഖുർആൻ വചനങ്ങളുമായി പൊരുത്തപ്പെടാത്തതോ ആയ യാതൊരു ആശയവുമുണ്ടാവുകയില്ലെന്നുറപ്പാണ്. എന്തുകൊണ്ടെന്നാൽ, യുക്തിയും ശാസ്ത്രജ്ഞാനവും നൽകുകയും ഖുർആൻ അവതരിപ്പിക്കുകയും ചെയ്ത് മനുഷ്യരെ അനുഗ്രഹിച്ച അല്ലാഹുവിൽ നിന്നുള്ള ബോധനപ്രകാരം മാത്രമാണ് നബി(സ) സംസാരിച്ചത്. “തന്നിഷ്ടമനുസരിച്ച് അദ്ദേഹം സംസാരിക്കുന്നുമില്ല; ദിവ്യസന്ദേശമായി അദ്ദേഹത്തിന് ലഭിക്കുന്ന ഒരു ഉല്‍ബോധനം മാത്രമാണത്.” (53:3,4) എന്ന ഖുർആൻ വചനം പറഞ്ഞുതരുന്ന വസ്തുത അതാണല്ലോ. ദൈവികബോധനപ്രകാരം നബി(സ) പറഞ്ഞതെന്നുറപ്പുള്ള കാര്യങ്ങളിലേതെങ്കിലും തന്റെ യുക്തിക്കെതിരാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അയാളുടെ സ്ഥാനം ഇസ്‌ലാമിന്റെ വൃത്തത്തിനകത്തല്ലെന്നുറപ്പാണ്. പിന്നെ എവിടെയാണെന്ന് തീരുമാനിക്കേണ്ടത് അയാൾ തന്നെയാണ്, മറ്റാരുമല്ല.

സ്വഹീഹാണെന്ന് സ്ഥിരീകരിക്കപ്പെട്ട ഏതെങ്കിലും ഒരു ഹദീഥ് ആരുടെയെങ്കിലും യുക്തിക്ക് നിരക്കുന്നില്ലെങ്കിൽ ആ യുക്തിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്; നിലനിൽക്കുന്ന ശാസ്ത്രജ്ഞാനത്തിനെതിരാണ് സ്വഹീഹായ ഏതെങ്കിലും ഹദീഥുകളിലെ പരാമർശമെന്ന് തോന്നുന്നുണ്ടെങ്കിൽ ഹദീഥിനെ സ്ഥിരീകരിക്കുന്ന പുതിയ അറിവുകളുമായി വരുന്ന ശാസ്ത്രത്തെ കാത്തിരിക്കുകയാണ് വേണ്ടത്; ഖുർആനിലെ ഏതെങ്കിലും പരാമർശങ്ങൾക്കെതിരാണ് സ്വഹീഹായ ഹദീഥുകളെന്ന് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ തോന്നുന്നവരുടെ ഖുർആൻവിജ്ഞാനീയമാണ് പരിശേധനക്ക് വിധേയമാക്കേണ്ടത്.; ആരുടെയെങ്കിലും അവകാശങ്ങൾക്കെതിരാണ് ഹദീഥുകളിലെ പരാമർശങ്ങളെന്ന് തോന്നുന്നുവെങ്കിൽ അവ യാഥാർത്‌ഥത്തിൽ അവകാശങ്ങളല്ലെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. നബി(സ)യുടെതാണെന്ന് ഉറപ്പുള്ള പരാമർശങ്ങളിലെ ശരിതെറ്റുകൾ വ്യവച്ഛേദിക്കുവാൻ അല്ലാഹു ആർക്കും അവകാശം നൽകിയിട്ടില്ല. നബി(സ)യെ കണ്ണടച്ച് അനുസരിക്കണമെന്ന് തന്നെയാണ് മുഅമിനുകളോടുള്ള അല്ലാഹുവിന്റെ കല്പന. “ഇല്ല; നിന്‍റെ നാഥൻ തന്നെയാണ്! അവര്‍ വിശ്വാസികളാവുകയേയില്ല; അവര്‍ക്കിടയിലുള്ള ഭിന്നതയിൽ താങ്കളെയവർ വിധികര്‍ത്താവാക്കുകയും, താങ്കൾ കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു പ്രയാസവുമില്ലാതിരിക്കുകയും, അത്‌ പൂര്‍ണ്ണമയി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ.” (ഖുർആൻ 4:65 )

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

18 Comments

 • ഇമാം ബുഖാരിയെ സംബന്ധിച്ചും അദ്ദേഹത്തിന്റെ വിമർശകരെ സംബന്ധിച്ചും വിരചിതമായ സൂക്ഷ്മവും വിശകലനാത്മകവുമായ പഠനമാണ് ലേഖനം. സ്വഹീഹ് ബുഖാരിയക്കുറിച്ച് ഏറെ അറിവുകൾ നൽകുന്ന സൃഷ്ടി.

  Kabeer M. Parali 02.04.2019
 • In depth analysis of the current hadith-denial syndrome. ماشاء الله you always amaze me in your multi-angular approach in answering questions. I feel you must devote your time in starting an english webchannel too which would benefit immensely the much less-cynical crowd than malayalees. I am sure, as you answer patiently, displaying all proofs to the most cynical people of the planet in malayalam, the job in English will be much easier but reach will be global benefitting millions of others. May Allah reward you here and hereafter…

  Habeeb 02.04.2019
 • Good Article

  Muhammed Zakir 02.04.2019
 • The confusion about some statement said by others about sahih al buquari is solved , Heartly thankful to snehasamvadham WebZine

  Muhyadheen 02.04.2019
 • ഇസ്ലാമിനെയും അതിന്റെ പ്രമാണങ്ങളെയും കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥി എന്ന നിലയിൽ, സമ കാലികവും അങ്ങേയറ്റം ഗൗരവതരമായ “ഹദീസ് നിഷേധവും അതിന്റെ ചരിത്രവും വസ്തുതകളും” എന്ന വിഷയത്തിൽ എന്റെ പഠനങ്ങൾക്ക് ഏറെ പ്രയോജന പ്രദമാകും വിധത്തിലുളള ധാരാളം അറിവുകളും പഠന രീതികളുടെ വ്യക്തവും ക്രത്യവുമായ അവലംബങ്ങളും ഉൾകൊളളുന്ന ഈ ഒരു ബ്രഹത്തായ ലേഖനം…

  Mishab hussain 02.04.2019
 • Informative article

  Noushad 02.04.2019
 • Informative article. Expecting more articles on this topic.

  Umm maryam 03.04.2019
 • My question is that is there any body in the world to criticise bukhari and muslim

  Ahammed saeed 03.04.2019
 • പഠനാർഹമായ ലേഖനം . ഹദീസ് വിജ്ഞാനത്തിൽ അക്കാദമിക പഠനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  Abdussalam 03.04.2019
 • Good Article

  BASHEER NOORUKANDAN 03.04.2019
 • ബുഖാരി മുസ്‌ലിമിലെ ഹദീഥുകളെ അഹ്ൽ സുന്നത്ത് കാർ ദഈഫാക്കിയിട്ടുണ്ട് എന്ന് ഈ ലേഖനം തെളിയിക്കുന്നു. അങ്ങനെ ദഈഫാക്കിയവരെ ആരും ഹദീഥ് നിഷേധിയാക്കിയിട്ടുമില്ല. അവർക്ക് പില്കാലക്കാർ ഖണ്ഡനം നടത്തിയിരുന്നു എന്ന് മാത്രമേ ഈ ലേഖനം തെളിയിക്കുന്നുള്ളൂ. വിമർശനവും ഖണ്ഡനവും പുറത്തു വിട്ടാൽ മാത്രമേ സത്യാവസ്ഥ പഠിക്കാൻ പറ്റു. മുജാഹിദ്കൾ പരിപാടി നടത്തിയാൽ അതിന് ഖണ്ഡനം മറുവിഭാഗം നടത്താറുണ്ട്. അതുകൊണ്ട് മുജാഹിദ് കൾ പറഞ്ഞത് തെറ്റായിരുന്നു എന്ന് തെളിയുന്നില്ല. അതേപോലെ ഖണ്ഢനം പില്കാലക്കാർ നടത്തി എന്നതുകൊണ്ട് പൂർവികർ നടത്തിയ ബുഖാരി വിമർശനം തെറ്റാകുന്നില്ല.

  ഷാഹിദ് മുവ്വാറ്റുപുഴ 04.04.2019
 • Very much informative. Jazak Allah Khair!

  Mohamed Maksood 05.04.2019
 • USEFUL ARTICLE

  ABDUL AZEEZ 08.04.2019
 • കാലം ആവശ്യപ്പെടുന്ന പഠനാര്‍ഹമായ ലേഖനം. മാഷാ ആല്ലാഹ് ..

  Afsal Malayil 15.04.2019
 • Very disappointing from MM Akbar sahib.
  The whole heart of this subject is omitted or not being mentioned in this article.
  “Imam Bukahri ye kannadach vishwasikamo” is the topic. Just by mentioning Abu Rayya and Sidqi he can’t wind this up simply. Who is following Sidqi or Abu Rayya??? Did the muhaddiths or people who reject some Hadeeth of Bukhari say that they are rejecting because Rayya or Sidqi did? This is so naiive from Akbar Sahib

  He did not focus on the “reasons” on why several Imams rejected or opposed Bukhari Imam’s method. For example Imam Muslim’s some objection, different opinion on some usuli methods. Imam Ibn Hajar Askalani’s criticism on some Bukhari Imam’s Hadeeth. Nasiruddin Albany(r) correcting few Hadeeth of saheehul Bukhari. WHY DID THESE IMAMS HAVE THIS OPINION?? WHAT WAS THIER REASON FOR OBJECTJNG ??
  This should have been the main focal point of this article, which makes us understand if we can “kannadach vishwasikamo” . Rather he swayed from these and talks about Abu Rayya and Sidqi who nobody cares about.

  Further he is stating one really weird fact.
  “Bukhari imam nu thettu pattam, thettu pattulann aarum paranjitilla” .. then interestingly he justfies saying “pakshe adhehathin urappaya karyam mathraman sahaeehil ulpadthiyeth” .
  Imam Bukhari(r) de ee “urappikkal” il thettu pattam ennalle paranjath, allathe kachodam kanakkil “thett pattam” ennallalo avar parayunnath.

  There is a limit of how you much you can sway from the topic, especially a reputable figure like him. Really sad.

  Salih Ebrahim 09.05.2019
  • you said it….

   Anas Edavanakad 25.08.2019
 • Swaheehul buhari pdf roopathil kittan valla vazhiyum undo?? Njaan orupad annweshichu. Kittunnilla. Pls help me

  Afeef Bin Basheer 24.06.2019
 • ശൈഖ് അൽബാനി (റ), സ്വ. ബുഖാരിയിലേയും സ്വ.മുസ്ലിമിലേയും ചില ഹദീസുകളെ ദുർബലപ്പെടുത്തിയതിന് സൈഫുദ്ദീൻ അഹമ്മദ് നെ പോലുള്ള ചില യാഥാസ്ഥിതിക പണ്ഡിതന്മാർ അദേഹത്തെ ഹദീസ് നിഷേധിയാക്കി ചിത്രീകരിക്കുന്നുണ്ട്. അവർ എഴുതിയ “Al Albani Unveiled”. എന്ന ഗ്രന്ഥം താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
  http://www.masud.co.uk/ISLAM/misc/al50errs.htm
  എന്നാൽ സലഫികളിൽ ഉൾപ്പെട്ട അൽബാനിയുടെ ശിഷ്യന്മാർ തന്നെ ഇതിന് മറുപടി എഴുതിയതായി കാണുവാൻ കഴിയും. അതിന്റെ link താഴെ കൊടുക്കുന്നു.
  https://archive.org/details/bookoffalsehood
  രണ്ടും ചേർത്ത് വച്ച് വായിക്കുന്നത് ഉൾക്കാഴ്ച നൽകും.
  ചുരുക്കത്തിൽ അക്ബർ സാറിന്റെ ലേഖനത്തിൽ നിന്നും മനസ്സിലാവുക ” സ്വ.ബുഖാരിയെ കണ്ണടച്ച് സ്വീകരിക്കുവാൻ പാടില്ല ” എന്നതാണ് അഹ് ലുസുന്നയിലെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരുടെ നിലപാട് എന്നതാണ്. അത് കേവലം നൂറോളം ഹദീസുകൾക്ക് വിമർശനം ഉന്നയിച്ച ദാറഖുത്നി(റ)ൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് ഇമാം മാലിക്ക് , അബ്ദുൽ ബർറ്, ഇമാം നവവി , അബൂ ശാമ , ഇമാം ഗസ്സാലി, അബൂമൂസൽ മദീനി, ഇമാം കർമ്മാനി, ഇമാം തുർമുദി, ഇമാം അബൂബക്കർ ബൽ സഞ്ചി, ദാവദി, ഹറമൈനി, ഇബ്നുബ ത്വാൽ , ഇബ്നു ജൗസി, ഇബ്നു ഖയ്യിം….. അങ്ങിനെ തുടങ്ങി അൽബാനിയിൽ വന്നു നിൽക്കുന്നു. ബുഖാരിയിലെ ഏതെങ്കിലും ഹദീസിനെ ദുർബലമാക്കിയതിന്റെ പേരിൽ ഇവരെയാരും തന്നെ ഹദീസ് നിഷേധിയും, മുഅതസിലിയും, ചേകന്നൂരിയും ആക്കിയിട്ടില്ല എന്നത് സത്യമാണ്.

  “വിശുദ്ധ ഖുർആനിലെ ഒരായത്തിനെ നിഷേധിച്ചാൽ ഖുർആനിനെ മുഴുവൻ നിഷേധിച്ചതിനു തുല്യമാണ്. അതുപോലെ തന്നെ ബുഖാരിയിലെ ഒരു ഹദീസിനെ നിഷേധിച്ചാൽ ബുഖാരിയെ മുഴുവൻ നിഷേധിച്ചതിനു തുല്യമാണ് ” എന്ന് പ്രസംഗിക അക്ബർ സാഹിബ് ഈ മേൽപറഞ്ഞവരെ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത് എന്നറിയാൻ താൽപര്യമുണ്ട്.

  Anas Edavanakad 25.08.2019

Leave a comment

Your email address will not be published.