ഇമാം ബുഖാരിക്കെന്താ, തെറ്റ് പറ്റിക്കൂടേ ?

//ഇമാം ബുഖാരിക്കെന്താ, തെറ്റ് പറ്റിക്കൂടേ ?
//ഇമാം ബുഖാരിക്കെന്താ, തെറ്റ് പറ്റിക്കൂടേ ?
ആനുകാലികം

ഇമാം ബുഖാരിക്കെന്താ, തെറ്റ് പറ്റിക്കൂടേ ?

Print Now
“ഇമാം ബുഖാരിക്കെന്താ കൊമ്പുണ്ടോ? അയാൾക്കെന്താ തെറ്റ് പറ്റിക്കൂടെ? നബിയുടെ പേരിൽ അയാൾ എഴുതി വെച്ച പലതും ശരിയല്ലെന്ന് ബുഖാരിയിലെ ഹദീഥുകൾ വായിക്കുന്ന ആർക്കും മനസ്സിലാകും. ബുഖാരി എഴുതി വെച്ച യുക്തിക്ക് നിരക്കാത്ത ഹദീഥുകൾ നിഷേധിക്കുമ്പോൾ നിങ്ങൾക്കെന്തിനാണ് ഹാലിളകുന്നത്? ബുഖാരിയെന്താ മഅ്സൂമാണോ ?”

ഒരു ഭക്തന്റേതാണ് ചോദ്യം. ഇമാം ബുഖാരി (റ) എഴുതി വെച്ചതെല്ലാം ചോദ്യം ചെയ്യാതെ അന്ധമായി സ്വീകരിക്കണമെന്ന് മുസ്‌ലിംകളിൽ പെട്ട ആരൊക്കെയോ പറയുന്നുണ്ടെന്നാണ് ചോദ്യകർത്താവിന്റെ ധാരണ. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വെറും ഊഹമാമാണത്. ഹിജ്‌റ 196 ൽ ഇന്നത്തെ ഉസ്ബെക്ക്കിസ്ഥാനിലുള്ള ബുഖാറയിൽ ജനിക്കുകയും 256 ൽ മരണപ്പെടുകയും ചെയ്ത ഇമാം മുഹമ്മദ് ബ്ന്‍ ഇസ്മായീല്‍ അല്‍ ബുഖാരി(റ) തെറ്റുപറ്റാത്തയാളാണെന്ന് അഹ്‌ലുസുന്നയിൽ പെട്ട വിഭാഗങ്ങളൊന്നും വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് എന്തെങ്കിലും രൂപത്തിലുള്ള അമാനുഷികസിദ്ധിയോ അബദ്ധങ്ങൾ സംഭവിക്കാത്ത രീതിയിലുള്ള പാപസുരക്ഷിതത്വമോ ഉള്ളതായി മുസ്‌ലിംകളൊന്നും കരുതുന്നുമില്ല.

പിന്നെയെന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യമുണ്ടാകുന്നത് ? ഇമാം ബുഖാരിയടക്കമുള്ള ഹദീഥ് സമാഹർത്താക്കൾക്കെല്ലാം നബിജീവിതത്തിലെ സംഭവങ്ങളെ നിവേദനം ചെയ്യുന്നതിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നും അതിനാൽ അവർ ക്രോഡീകരിച്ച ഹദീഥുകൾ വിശ്വാസയോഗ്യമല്ലെന്നും അവയെ പ്രമാണങ്ങളായി കരുതാൻ നിർവ്വാഹമില്ലെന്നും വരുത്തുന്നതിന് വേണ്ടിയുള്ളതാണ് ചോദ്യം. ഹദീഥ് സമാഹർത്താക്കൾക്ക് തെറ്റ് പറ്റാമെങ്കിൽ അവർ ക്രോഡീകരിച്ച ഹദീഥുകളെയെങ്ങനെ വിശ്വസിക്കുമെന്ന നിഷ്കളങ്കമെന്ന് കരുതാവുന്ന ചോദ്യത്തിൽ നിന്ന് തുടങ്ങുന്നവർ അവസാനം എത്തിച്ചേരുക, തെറ്റുപറ്റാവുന്നവർ ക്രോഡീകരിച്ച ഹദീഥുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിക കർമ്മശാസ്ത്രത്തിന് യാതൊരു അടിത്തറയുമില്ല എന്ന തീർപ്പിലാണ്. ഈ ചോദ്യമുന്നയിക്കുന്നവരിൽ ചിലർ നിർവ്വഹിക്കുന്ന നമസ്കാരവും നോമ്പും സകാത്തും ഉംറയും ഹജ്ജുമെല്ലാം ഊഹങ്ങളുടെ മാത്രം അടിത്തറയിലുള്ള കർമ്മങ്ങളാണെന്ന തീർപ്പ്. ദൈവിക വെളിപാടുകളാൽ സ്ഥാപിക്കപ്പെട്ട, നിലനിൽക്കുന്ന ഒരേയൊരു കർമ്മശാസ്ത്രമായ ഇസ്‌ലാമികഫിഖ്ഹിനെ തകർത്താൽ ഇസ്‌ലാമിനെത്തന്നെ തകർക്കാമെന്ന് കരുതുന്നവരുടെ കൈകളിലെ പാവകളായിത്തീരുകയാണ് തങ്ങളെന്നറിയാതെയാണ് പല പാവങ്ങളും ഈ ചോദ്യമുന്നയിക്കുന്നത് !

ഒന്നുകൂടി വ്യക്തമാക്കട്ടെ; ഇമാം ബുഖാരി(റ)ക്കോ മറ്റേതെങ്കിലും ഹദീഥ് പണ്ഡിതന്മാർക്കോ തെറ്റു പറ്റുകയില്ല എന്നൊരു വാദം അഹ്‌ലു സുന്നയിൽ പെട്ട ആർക്കും തന്നെയില്ല. പ്രവാചകന്മാർക്കൊഴിച്ച് മറ്റാർക്കും തെറ്റു പറ്റാം എന്ന് തന്നെയാണ് അഹ്‌ലു സുന്നത്തി വൽ ജമാഅത്തിന്റെ ആശയം. ദൈവദൂതന്മാർക്ക് മാത്രമേ പാപസുരക്ഷിതത്വമുള്ളൂവെന്നും എത്ര വലിയ മനുഷ്യരാണെങ്കിലും അവർക്ക് അബദ്ധങ്ങൾ പറ്റാമെന്നും പ്രവാചകശിഷ്യന്മാർ പോലും ഇതിന്നപവാദമല്ലെന്നും കരുതുന്നവർക്കെങ്ങനെയാണ് ഇമാമുമാരായ ബുഖാരിക്കും മുസ്‌ലിമിനുമൊന്നും തെറ്റുകൾ പറ്റുകയില്ലെന്ന് പറയാൻ കഴിയുക?!! പ്രവാചക(സ)ന്റെ പ്രത്യേകമായ പ്രശംസക്ക് പാത്രമായ ആദ്യത്തെ മൂന്നു തലമുറകളിലുള്ളവർ പോലും പാപസുരക്ഷിതരല്ലെന്ന് വിചാരിക്കുന്നവർക്കെങ്ങനെയാണ് അതിന്നു ശേഷം ജീവിച്ച ഇമാം ബുഖാരിക്കും ഇമാം മുസ്‌ലിമിനുമൊന്നും(റ) അബദ്ധങ്ങൾ സംഭവിക്കുകയില്ലെന്ന് അവകാശപ്പെടാനാവുക?! ‘ആര് പറയുന്നതിലും കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാവും; ഈ ഖബറിടത്തിലുള്ളയാളുടേതൊഴികെ’ യെന്ന പ്രവാചക(സ)ന്റെ ഖബറിടത്തെ ചൂണ്ടിയുള്ള ഇമാം മാലിക്കി(റ)ന്റെ പ്രസ്താവന പ്രസിദ്ധമാണ്. അതാണ് അഹ്‌ലുസ്സുന്നയുടെ വീക്ഷണം. ഇമാമുമാരായ ബുഖാരിയോ മുസ്‌ലിമോ മറ്റാരെങ്കിലുമോ(റ) പറഞ്ഞുവെന്നത് കൊണ്ട് മാത്രം എന്തെങ്കിലും വർത്തമാനം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യണമെന്ന് അഹ്‌ലുസുന്നയിലുള്ള ആരും തന്നെ കരുതുന്നില്ല; പറയുന്നുമില്ല. ഈ സത്യം മനസ്സിലാക്കാതെയോ മറച്ചുപിടിച്ചുകൊണ്ടോ ആണ് സ്വഹീഹായ ഹദീഥുകളെ സ്വീകരിക്കണമെന്ന് പറയുന്നവർ ഇമാം ബുഖാരിയെയും മുസ്‌ലിമിനേയുമെല്ലാം അന്ധമായി പിന്തുടരുന്നവരാണെന്ന് ചിലർ ആരോപിക്കുന്നത്.

ഇമാം ബുഖാരി(റ)യുടേതായി അറിയപ്പെടുന്ന രണ്ട് ഹദീഥ് ഗ്രന്ഥൻഥങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഇമാമിന്റെ ‘അത്താരീഖുല്‍ കബീര്‍’, ‘കിതാബുദ്ദ്വുഅഫാഇല്‍ കബീര്‍’ എന്നീ ഗ്രന്ഥങ്ങളിൽ ചില ഹദീഥുകൾ ഉദ്ധരിക്കുന്നുണ്ടെങ്കിലും ഹദീഥ് നിദാനശാസ്ത്രത്തിലെ നിവേദകരുടെ ചരിത്രവും വിശ്വാസ്യതയും പരിശോധിക്കുന്ന വൈജ്ഞാനികശാഖയായ ഇൽമുർ രിജാലുമായി ബന്ധപ്പെട്ടാണ് അവ വ്യവഹരിക്കപ്പെടുന്നത്. ഇസ്‌ലാമികമായ മര്യാദകളെക്കുറിച്ച ഹദീഥുകൾ വിഷയക്രമത്തിൽ ക്രോഡീകരിച്ച ‘അൽ അദബുൽ മുഫ്റദ്’ ആണ് ഇമാം ബുഖാരിയുടെ ഹദീഥ് സമാഹാരങ്ങളിൽ ഒന്നാമത്തേത്. 644 അധ്യായങ്ങളിലായി 1322 ഹദീഥുകളാണ് അദബുൽ മുഫ്റദിൽ ക്രോഡീകരിച്ചിരിക്കുന്നത്. ഇവയിൽ ഇരുനൂറിലധികം ദുർബലമായ പരമ്പരയോട് കൂടിയുള്ളതാണെന്ന് ശെയ്ഖ് നാസ്വിറുദ്ദീൻ അൽബാനി (റ), തന്റെ ‘സ്വഹീഹുൽ അദബിൽ മുഫ്റദി’ൽ വ്യക്തമാക്കിയിട്ടുണ്ട്. അൽബാനിക്കു മുൻപും ഇക്കാര്യം പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളതാണ്. ഇമാം ബുഖാരി (റ) നിവേദനം ചെയ്തുവെന്നത് കൊണ്ട് മാത്രം അഹ്‌ലു സുന്നയുടെ പണ്ഡിതന്മാർ ഒരു ഹദീഥിനെയും സ്വീകാര്യമായി കരുതുന്നില്ല എന്നാണല്ലോ ഇതിനർത്ഥം. ‘ബുഖാരിയുടെയും മുസ്‌ലിമിന്റെയും (റ) സ്വഹീഹുകളിലെ ഹദീഥുകൾ സ്വീകരിക്കുന്നത് അവർക്ക് തെറ്റുപറ്റുകയില്ലെന്ന് കരുതുന്നത് കൊണ്ടല്ല, മറിച്ച് അവർ സ്വഹീഹായ ഹദീഥുകളാണ് അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നത് കൊണ്ടാണ്’ എന്ന അൽബാനിയുടെ (ശറഹുൽ അക്വീദത്തി ത്ത്വഹാവിയ്യ 27, 28 പുറങ്ങൾ) പ്രസ്താവനയിൽ നിന്ന് അഹ്‌ലുസ്സുന്നയുടെ ഇവ്വിഷയകമായ നിലപാടെന്തെന്ന് മനസ്സിലാവുന്നുണ്ട്.

‘അൽ ജാമിഉൽ മുസ്നദ് അസ്വഹീഹ്‌ അൽ മുഖ്തസർ ബി ഉമൂരി റസൂലില്ലാഹി വ സുന്നത്തിഹി വ അയ്യാമിഹി’ (ദൈവദൂതന്റെ കാലത്തെയും ചര്യയെയും കുറിക്കുന്ന അദ്ദേഹം വരെ മുറിയാതെ നീളുന്ന വിശ്വസനീയമായ നിവേദനങ്ങളുടെ സംക്ഷിപ്ത ശേഖരം) എന്നാണ് സ്വഹീഹായ നിവേദനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് താൻ രചിച്ച ഗ്രന്ഥത്തിന് ഇമാം ബുഖാരി (റ) നൽകിയ പേര്. ഹദീഥ് പഠനരംഗത്തെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കരിക്കുകയും പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രം ശേഖരിച്ച് മുസ്‌ലിംലോകത്തിന് നല്‍കുകയും ചെയ്ത മഹാ പ്രതിഭാശാലിയാണ് ഇമാം ബുഖാരി. ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലി(റ)ന്റെ ശിഷ്യനാകുവാന്‍ അവസരം ലഭിച്ച അദ്ദേഹം തന്റെ പതിനാറാമത്തെ വയസ്സില്‍ ഹജ്ജ് നിര്‍വഹിച്ചശേഷം തുടങ്ങിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്വഹീഹായ ഹദീഥുകളുടെ മാത്രമായുള്ള ഒന്നാമത്തെ സമാഹാരം മുസ്‌ലിംലോകത്തിന് ലഭിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ യാത്രകളിലൂടെ ഹദീഥുകളറിയാവുന്ന ആയിരത്തിലധികം പേരുമായി ആശയക്കൈമാറ്റം നടത്തിക്കൊണ്ട് അദ്ദേഹം ശേഖരിച്ച ഏഴു ലക്ഷത്തോളം ഹദീഥുകളില്‍നിന്ന് ഇസ്‌നാദ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 7397 ഹദീഥുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബുഖാരി തന്റെ അല്‍ജാമിഉ സ്‌സ്വഹീഹ് രചിച്ചത്. ഇതില്‍ തന്നെ പല ഹദീഥുകളും ഒരേ പ്രവാചകചര്യയുടെ തന്നെ വ്യത്യസ്ത രൂപത്തിലുള്ള ആവര്‍ത്തനങ്ങളാണ്. ആകെ 2602 പ്രവാചകവചനങ്ങള്‍ വ്യത്യസ്ത നിവേദകരിലൂടെ കടന്നുവന്നവയാണ് ബുഖാരിയിലുള്ള ഹദീഥുകളെന്ന് അതിന്റെ വ്യാഖ്യാതാവായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ) വ്യക്തമാക്കിയിട്ടുണ്ട്.

സ്വഹീഹുൽ ബുഖാരിയിലെ ഹദീഥുകളെല്ലാം സ്വീകാര്യമാണെന്ന് പറയുന്നവർ ചെയ്യുന്നത് ഇമാം ബുഖാരി ഉപയോഗിച്ച രീതിശാസ്ത്രം അംഗീകരിക്കുകയാണ്; അല്ലാതെ അദ്ദേഹത്തെ അന്ധമായി പിൻപറ്റുകയല്ല. അദ്ദേഹമുപയോഗിച്ച രീതിശാസ്ത്രത്തിന്റെ അരിപ്പയിലൂടെ നബിയിൽ നിന്നുള്ളതല്ലാത്തതൊന്നും പുറത്ത് വരികയില്ലെന്ന് അത് പരിശോധിക്കുന്ന ആർക്കും ബോധ്യമാവും. അത്രയ്ക്കും സൂക്ഷ്മവും കൃത്യവുമാണത്. കുറ്റമറ്റതും സൂക്ഷ്മവും കൃത്യവുമായ ആ രീതിശാസ്ത്രത്തെക്കുറിച്ച് അല്ലാഹു അനുഗ്രഹിച്ചാൽ അല്പം വിശദമായിത്തന്നെ നാം പിന്നീട് ചർച്ച ചെയ്യുന്നുണ്ട്. കുറ്റമറ്റ ആ രീതിശാസ്ത്രത്തെയാണ് അഹ്‍ലുസ്സുന്ന അംഗീകരിക്കുന്നത്. വ്യക്തികൾ തെറ്റുപറ്റാത്തവരായതുകൊണ്ടല്ല രീതിശാസ്ത്രം കുറ്റമറ്റതായതുകൊണ്ടാണ് ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകൾ സ്വീകാര്യമാണെന്ന് പറയുന്നത്.

ഇമാം ബുഖാരിയും മുസ്‌ലിമുമെല്ലാം ഹദീഥ് അപഗ്രഥനത്തിനുപയോഗിച്ച രീതിശാസ്ത്രത്തെ ചോദ്യം ചെയ്യാതെ അംഗീകരിച്ച ചില പണ്ഡിതന്മാർ ആ രീതിശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചാണ് ബുഖാരിയും മുസ്‌ലിമും ചില ഹദീഥുകൾ സ്വീകരിച്ചിട്ടുള്ളതെന്ന് വിമർശിച്ചിട്ടുണ്ട്. അവരിൽ പ്രധാനിയാണ് ഹിജ്‌റ 385ൽ അന്തരിച്ച ഇമാം അബുൽ ഹസൻ അലി അദ്ദാറഖുത്‌നി (റ). ഇമാമുമാർ ബുഖാരിയും മുസ്‌ലിമും അവർ സ്വഹീഹാണെന്ന് വിധിച്ച മറ്റു ഹദീഥുകൾ സ്വീകരിക്കുവാനുപയോഗിച്ച മാനദണ്ഡങ്ങൾ സ്വീകരിക്കാതെ ചില ഹദീഥുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ അവയെ പ്രബലമായി കാണാൻ കഴിയില്ലെന്നും സമർത്ഥിച്ചുകൊണ്ട് ഇമാം ദാറഖുത്‌നി (റ) എഴുതിയ ഗ്രന്ഥമാണ് ‘അൽ ഇൽസമാത്തു വത്തതബ്ബുഅ്. ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് അവയുടെ വ്യാഖ്യാതാക്കളായ ഇമാമുമാർ ഇബ്നു ഹജർ അൽ അസ്ഖലാനിയും നവവിയും (റ) എണ്ണിയെണ്ണി മറുപടി പറയുകയും ചെയ്തിട്ടുണ്ട്. വിമർശനം രീതിശാസ്ത്രത്തിലെ പിഴവുകൾ ഉന്നയിച്ചുകൊണ്ടായിരുന്നുവെന്നതിനാൽ പിഴവുകളായി ദാറഖുത്‌നി (റ) സൂചിപ്പിച്ചവയൊന്നും യഥാർത്ഥത്തിൽ പിഴവുകളല്ലെന്ന് സമർത്ഥിച്ചുകൊണ്ടാണ് അസ്ഖലാനിയും നവവിയുമെല്ലാം അവയ്ക്ക് മറുപടി പറഞ്ഞിരിക്കുന്നത്. ഇമാം ദാറഖുത്‌നി(റ)യുടെ വിമർശനവും ഇമാമുമാർ അസ്ഖലാനിയുടെയും നവവിയുടെയും (റ) മറുപടികളുമെല്ലാം ഒരേ ഭൂമികയിൽ നിന്നുകൊണ്ടുള്ളതാണ്; ഇമാം ബുഖാരിയുടെ അപഗ്രഥനരീതി കുറ്റമറ്റതാണെങ്കിലും അതുപയോഗിക്കുന്നതിൽ അദ്ദേഹത്തിന് തെറ്റ് പറ്റാം എന്നതാണ് ആ ഭൂമിക. ഹദീഥ് സമാഹർത്താക്കളെയൊന്നും തെറ്റ് പറ്റാത്തവരായി അഹ്‌ലുസുന്ന കരുതുന്നില്ലെന്ന് വ്യക്തിമാക്കുന്നതാണീ ഭൂമിക.

ആധുനിക കാലത്തെ ഹദീഥ് പണ്ഡിതന്മാരിൽ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി(റ)യെപ്പോലെയുള്ള ചിലരും ബുഖാരിയുടെയും മുസ്‌ലിമിലെയും ചില ഹദീഥുകൾ സ്വീകരിക്കുന്നതിൽ അവരുടെ രീതിശാസ്ത്രം സൂക്ഷ്മമായി പാലിക്കപ്പെട്ടിട്ടില്ലെന്നും പദങ്ങൾ സൂക്ഷ്മമായി നിവേദനം ചെയ്യുന്നതിൽ ചെറിയ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും സമർത്ഥിച്ചിട്ടുണ്ട്. അവയ്ക്ക് പണ്ഡിതലോകത്ത് നിന്ന് തന്നെ വ്യക്തമായ മറുപടികളും വന്നിട്ടുണ്ട്. വിമർശനങ്ങളും അവയ്ക്കുള്ള പ്രതികരണങ്ങളുമെല്ലാം ഹദീഥ് വ്യവച്ഛേദനത്തിന് അവരുപയോഗിച്ച രീതിശാസ്ത്രം അംഗീകരിച്ചുകൊണ്ടുള്ളതാണ്. ഹദീഥുകൾ ക്രോഡീകരിച്ച പണ്ഡിതന്മാർ അവയെ സ്വീകരിക്കുവാൻ ഉപയോഗിച്ച അതേ രീതിശാസ്ത്രം തന്നെയാണ് അവരിൽ സംഭവിച്ചതായി പിൽക്കാല പണ്ഡിതന്മാർക്ക് തോന്നിയ സൂക്ഷ്മമായ സ്ഖലിതങ്ങൾ ചൂണ്ടിക്കാണിക്കാനും ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. സ്വഹീഹാണെന്ന് വിധിക്കപ്പെട്ട ചില ഹദീഥുകളുടെ കാര്യത്തിൽ ഹദീഥ്സ്വീകരണത്തിന് പണ്ഡിതന്മാർ വെച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചെറിയ ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടോ ഇല്ലേയെന്ന കാര്യത്തിൽ മാത്രമാണ് പണ്ഡിതലോകത്ത് ചർച്ചകൾ നടന്നിട്ടുള്ളത്. അവർ സ്വീകരിച്ച ഏതെങ്കിലും ഹദീഥുകളിലെ ആശയങ്ങൾ തങ്ങളുടെ യുക്തിക്കോ ബുദ്ധിക്കോ നിരക്കാത്തതായതിനാൽ തള്ളിക്കളയേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വിമർശനവും അഹ്‌ലുസുന്നയിൽ നിന്നുണ്ടായിട്ടില്ലെന്ന കാര്യം എടുത്ത് പറയേണ്ടതാണ്.

സ്വഹീഹുൽ ബുഖാരിയിലെ ഹദീഥുകളെല്ലാം സ്വീകാര്യമാണെന്ന് പറയുന്നത് ഇമാം ബുഖാരിയുടെ അപ്രമാദിത്വം കൊണ്ടല്ല, പ്രത്യുത ഒരു ഹദീഥ് സ്വഹീഹാണോയെന്ന് പരിശോധിക്കാൻ അദ്ദേഹമുപയോഗിച്ച മാനദണ്ഡങ്ങൾ കുറ്റമറ്റതാണ് എന്നതുകൊണ്ടാണ്. പ്രസ്തുത മാനദണ്ഡങ്ങളിലെവിടെയെങ്കിലും പിഴവുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുവാനും അതിനേക്കാൾ നല്ല മാനദണ്ഡങ്ങൾ ഹദീഥ് പരിശോധനക്ക് ഉപയോഗിക്കാവുന്നതാണെന്ന് സമർത്ഥിക്കാനുമെല്ലാം വിഷയം പഠിച്ചവർക്ക് അവകാശമുണ്ടെന്ന് അഹ്‌ലുസ്സുന്ന അംഗീകരിക്കുന്നു. ബുഖാരിയോ മുസ്‌ലിമോ മറ്റേതെങ്കിലും ഹദീഥ് പണ്ഡിതന്മാരോ ഹദീഥ് സ്വീകരണത്തിന് ഉപയോഗിച്ച മാനദണ്ഡങ്ങളിൽ പിഴവ് പറ്റിയിട്ടുണ്ടെന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അത് സമർത്ഥിക്കാനാണ് അവർ സന്നദ്ധമാകേണ്ടത്. ഹദീഥ്സമാഹർത്താക്കൾ സ്വീകരിച്ച നിവേദകരിൽ ആരെങ്കിലും അസ്വീകാര്യരാണെങ്കിൽ അക്കാര്യവും നിവേദക ശൃംഖലയിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അക്കാര്യവും തെളിവുകളുപയോഗിച്ച് സ്ഥാപിച്ചുകൊണ്ടാണ് അക്കാര്യം സമർത്ഥിക്കേണ്ടത്. അതാണ് പണ്ഡിതോചിതമായ രീതി. അതിന് സന്നദ്ധമാകാതെ തങ്ങൾക്ക് ഇഷ്ടമില്ലാത്തതോ തങ്ങളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാനാകാത്തതോ ആണ് ഹദീഥിലുള്ളത് എന്ന കാരണം മാത്രം പറഞ്ഞ് ഒരു ഹദീഥിനെ നിഷേധിക്കുകയെന്നാൽ ഹദീഥ് നിദാനശാസ്ത്രത്തെ മൊത്തത്തിൽ തള്ളിക്കളയുകയെന്നാണർത്ഥം. സുന്നത്തിനെ മൊത്തത്തിൽ നിഷേധിക്കുന്നതിന് സമമാണത്.

നേരായ മാർഗത്തിലൂടെ സമൂഹത്തെ നയിക്കാനാണ് പടച്ചവൻ പ്രവാചകന്മാരെ പറഞ്ഞയച്ചത്. അവരെ പടച്ചവൻ നിയോഗിച്ചതാണെന്ന് നിയോഗിക്കപ്പെട്ട സമൂഹത്തിലെ മുഴുവൻ പേർക്കും മനസ്സിലാക്കാനാകുന്ന തരത്തിലുള്ള തെളിവുകളും ദൃഷ്ടാന്തങ്ങളും അവൻ നൽകി. ദൈവദൂതന്മാരാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാൽ പിന്നെ അവരിലൂടെയുണ്ടാകുന്ന വെളിപാടുകളെ ചോദ്യം ചെയ്യാതെ അനുസരിക്കുകയാണ് അങ്ങനെ ബോധ്യപ്പെട്ടവരുടെ ബാധ്യത. പ്രവാചകന്മാരിലൂടെയുണ്ടാവുന്ന ദൈവികവെളിപാടുകളുടെ സ്വീകരണത്തിനും തിരസ്കരണത്തിനുമെല്ലാം ഓരോരുത്തരുടെയും യുക്തിയെയും ബുദ്ധിയെയും മാനദണ്ഡമാക്കുകയാണെങ്കിൽ പിന്നെ പ്രവാചകത്വത്തിനെന്താണ് പ്രസക്തി!? യുക്തിയും ബുദ്ധിയുമുപയോഗിച്ച് വെളിപാടുകളെ അപഗ്രഥിക്കുകയും ഓരോരുത്തർക്കും ബോധ്യപ്പെട്ടത് മാത്രം സ്വീകരിക്കുകയും ചെയ്യുകയാണ് വേണ്ടതെങ്കിൽ ധർമ്മാധർമ്മങ്ങൾ വ്യവച്ഛേദിച്ച് പഠിപ്പിക്കാൻ പ്രവാചകന്മാരെ പറഞ്ഞയച്ചതെന്തിനാണ്? ശരി-തെറ്റുകൾ വ്യവച്ഛേദിക്കുവാൻ യുക്തിക്ക് മാത്രമായി കഴിയുമായിരുന്നുവെങ്കിൽ ഓരോരുത്തരെയും അവർക്ക് ശരിയെന്ന് തോന്നുന്നതനുസരിച്ച് ജീവിക്കുവാൻ വിട്ടാൽ മതിയായിരുന്നില്ലേ? ധർമ്മാധർമ്മങ്ങൾ പഠിപ്പിക്കാനായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ; അതനുസരിച്ച് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാനായി നിയോഗിക്കപ്പെട്ട ദൂതനാണ് മുഹമ്മദ് നബി (സ). ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണെങ്കിൽ നബിജീവിതം അല്ലാഹുവിന്റെ നിർദേശപ്രകാരമുള്ള ജീവിതമാണ്. രണ്ടും ദൈവികബോധനങ്ങൾ തന്നെ. ശരിതെറ്റുകള്‍ തീരുമാനിക്കുവാൻ നമുക്ക് കഴിയില്ലെന്ന് മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിന്നായി പടച്ചവൻ നൽകിയ സ്രോതസ്സുകളെ ചോദ്യം ചെയ്യാതെ അനുധാവനം ചെയ്യുകയാണ് യഥാർത്ഥ യുക്തി. ഖുർആൻ പറയുന്നതെന്തെങ്കിലും ഒരാളുടെ യുക്തിക്ക് ബോധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് തള്ളിക്കളയാനാകില്ലെങ്കിൽ മുഹമ്മദ് നബി(സ)യിൽ നിന്നുള്ളതാണെന്ന് ഉറപ്പുള്ള വർത്തമാനങ്ങളുടെ സ്ഥിതിയും അതുതന്നെയാണ്. സ്വഹീഹായ ഹദീഥുകളിൽ യുക്തിക്കെതിരിലുള്ള പരാമർശങ്ങളൊന്നുമുണ്ടാവുകയില്ലെന്നും അങ്ങനെയുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അയാളുടെ യുക്തിയെയാണ് ചോദ്യം ചെയ്യേണ്ടതെന്നും പറയുന്നത് അതുകൊണ്ടാണ്.

പ്രവാചകനിൽ(സ) നിന്നുള്ളതാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന വചനങ്ങളിലൊന്നും യുക്തിവിരുദ്ധമോ ശാസ്ത്രത്തിനെതിരോ ഖുർആൻ വചനങ്ങളുമായി പൊരുത്തപ്പെടാത്തതോ ആയ യാതൊരു ആശയവുമുണ്ടാവുകയില്ലെന്നുറപ്പാണ്. എന്തുകൊണ്ടെന്നാൽ, യുക്തിയും ശാസ്ത്രജ്ഞാനവും നൽകുകയും ഖുർആൻ അവതരിപ്പിക്കുകയും ചെയ്ത് മനുഷ്യരെ അനുഗ്രഹിച്ച അല്ലാഹുവിൽ നിന്നുള്ള ബോധനപ്രകാരം മാത്രമാണ് നബി(സ) സംസാരിച്ചത്. “തന്നിഷ്ടമനുസരിച്ച് അദ്ദേഹം സംസാരിക്കുന്നുമില്ല; ദിവ്യസന്ദേശമായി അദ്ദേഹത്തിന് ലഭിക്കുന്ന ഒരു ഉല്‍ബോധനം മാത്രമാണത്.” (53:3,4) എന്ന ഖുർആൻ വചനം പറഞ്ഞുതരുന്ന വസ്തുതയതാണ്. ദൈവികബോധനപ്രകാരം നബി (സ) പറഞ്ഞതെന്നുറപ്പുള്ള കാര്യങ്ങളിലേതെങ്കിലും തന്റെ യുക്തിക്കെതിരാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അയാളുടെ സ്ഥാനം ഇസ്‌ലാമിന്റെ വൃത്തത്തിനകത്തല്ലെന്നുറപ്പാണ്. പിന്നെ എവിടെയാണെന്ന് തീരുമാനിക്കേണ്ടത് അയാൾ തന്നെയാണ്, മറ്റാരുമല്ല.

ഇമാം ദാറഖുത്‌നി(റ)ക്കും ശൈഖ് അൽബാനിക്കുമെല്ലാം ബുഖാരിയെയും മുസ്‌ലിമിനെയും വിമർശിക്കാമെങ്കിൽ ഞങ്ങള്‍ക്ക് എന്തുകൊണ്ട് വിമർശിച്ചുകൂടാ എന്ന് ചോദിക്കുന്നവരുണ്ട്. നിങ്ങൾക്കും വിമർശിക്കാം എന്ന് തന്നെയാണ് അതിനുള്ള ഉത്തരം; വിമർശിക്കുന്നതിന് മുമ്പ് അതിനുള്ള അർഹത നേടിയെടുക്കണമെന്ന് മാത്രമേയുള്ളൂ. ഏത് വിഷയത്തിലാണെങ്കിലും വിമർശനമുന്നയിക്കണമെങ്കിൽ ആ വിഷയത്തിലുള്ള അറിവുണ്ടാകണം. അറിവാണ് വിമർശനത്തിനുള്ള അർഹത നൽകുന്നത്. പ്രവാചകനിൽ നിന്നുള്ളതാണെന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന ഏത് ഹദീഥും നിഷേധിക്കുവാൻ ഏത് മുസ്‌ലിമിനും, അയാൾ ആ വിഷയത്തിൽ വിവരമുള്ളവനാണെങ്കിൽ, അവകാശമുണ്ട്; നിഷേധിക്കുന്നതിന് മുൻപ് അത് പ്രവാചകനിൽ നിന്നുള്ളതാണെന്നതിന് ഹദീഥ് പണ്ഡിതന്മാർ നിരത്തിയ തെളിവുകൾ ശരിയല്ലെന്ന് സ്ഥാപിക്കണമെന്ന് മാത്രമേയുള്ളൂ. നിഷേധത്തിന് കാരണം അത് നബിയിൽ നിന്നുള്ളതാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ അയാൾക്ക് ബോധ്യപ്പെടുന്നില്ലെന്നതാകണം. പ്രസ്തുത ബോധ്യപ്പെടായ്മയുടെ അടിസ്ഥാനം തന്റെ ബുദ്ധിയോ യുക്തിയോ മാത്രമാവരുത്; പ്രത്യുത, നബിയിൽ നിന്നുള്ളതാണെന്നതിന് ഹദീഥ് പണ്ഡിതന്മാർ നിരത്തിയ തെളിവുകളും ന്യായങ്ങളും അബദ്ധങ്ങൾ ഉൾക്കൊള്ളുന്നവയാണെന്ന കണ്ടെത്തലായിരിക്കണം. ഹദീഥ് സ്വീകരിക്കുവാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ അബദ്ധമുക്തമല്ലെന്നതിന് തെളിവുകൾ നിരത്താൻ കഴിഞ്ഞാൽ ഇമാമുമാരായ ബുഖാരിയോ മുസ്‌ലിമോ മറ്റാരെങ്കിലുമോ(റ) സ്വീകരിച്ച ഏത് ഹദീഥും ഒരാൾക്ക് അസ്വീകാര്യമാണെന്ന് തീരുമാനിക്കാവുന്നതാണ്. അത് അഹ്‌ലുസുന്ന അംഗീകരിക്കുന്ന ഹദീഥ് നിരാകരണരീതിയാണ്; അത് ചെയ്യേണ്ടത് ഹദീഥ് നിദാനശാസ്ത്രത്തിൽ അവഗാഹമുള്ള പണ്ഡിതന്മാരാകണമെന്ന് മാത്രമേയുള്ളൂ. ഇമാം ബുഖാരിക്കോ മറ്റേതെങ്കിലും ഹദീഥ് പണ്ഡിതന്മാർക്കോ തെറ്റ് സംഭവിക്കുകയില്ലെന്ന് അഹ്‌ലുസുന്നയിലെ ഒരാളും കരുതുന്നില്ലെന്ന വസ്തുതയാണ് ഈ നിലപാടിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ഏതെങ്കിലും ഹദീഥ് പണ്ഡിതന്മാർക്ക് അപ്രമാദിത്വം കൽപിച്ച് അവർ പറഞ്ഞു എന്നതു കൊണ്ട് മാത്രം ഹദീഥുകൾ സ്വീകരിക്കുന്ന രീതി അഹ്‌ലുസ്സുന്നക്ക് പരിചയമില്ലാത്തതാണെന്ന് വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഇത്രയും പറഞ്ഞത്. ഹദീഥുകളെന്ന പേരിൽ ഇമാം ബുഖാരി (റ) സ്വന്തമായി യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. നബി(സ)യുടേതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ക്രോഡീകരിച്ചത്. അവ നബി(സ)യിൽ നിന്നുള്ളതല്ലെന്ന് സ്ഥാപിക്കുവാൻ കഴിഞ്ഞാൽ അവ സ്വീകരിക്കണമെന്ന് ആരും നിർബന്ധം പിടിക്കുകയില്ല. അങ്ങനെ ചെയ്യാതെ, നബിയിൽ നിന്നുള്ളതാണെന്ന് ഉറപ്പുള്ള വചനകളിലേതെങ്കിലും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതാണെന്നാണ് വിമർശനമെങ്കിൽ അത് ഇമാം ബുഖാരിക്കെതിരെയുള്ള വിമർശനമല്ല; പ്രത്യുത നബി(സ)ക്കെതിരെയുള്ള വിമർശനമാണ്. മതമെന്ന രൂപത്തിൽ അന്തിമപ്രവാചകൻ പറഞ്ഞതെന്തെങ്കിലും കാലഹരണപ്പെട്ടതാണെന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അവർ രണ്ടാമത്തെ ശഹാദത്തിനെയാണ് നിഷേധിക്കുന്നത്.

യുക്തി മാത്രമുപയോഗിച്ച് ഹദീഥിനെ അപഗ്രഥിക്കുകയും തനിക്ക് ബോധ്യപ്പെടുന്നില്ലെന്ന കാരണത്താൽ മാത്രം ഒരു ഹദീഥിനെ തള്ളിക്കളയുകയും ചെയ്യുന്നവർ എത്തിച്ചേരുന്ന പതനത്തെക്കുറിച്ചറിയാൻ അറബ് ലോകത്തെ ഹദീഥ് നിഷേധത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ: മുഹമ്മദ് തൗഫീഖ് സിദ്‌ക്വിയുടെ ഹദീഥ് വിമർശനത്തെക്കുറിച്ച് മനസ്സിലാക്കിയാൽ മതി. ഈജിപ്തിൽ കൈറോവിലുള്ള പ്രസിദ്ധമായ ഖസറുൽ ഐനി മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഭിഷഗ്വരൻ; ചെറുപ്പത്തിലേ ക്വുർആൻ മനഃപ്പാഠമാക്കിയ ഭക്തൻ; തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ പ്രസിദ്ധ പണ്ഡിതനായ റഷീദ് റിദയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന അൽമനാറിൽ ‘മതം ശുദ്ധയുക്തിയുടെ വെളിച്ചത്തിൽ’ (അദ്ദീനു ഫീ നദ്വറിൽ അഖ്‌ലി സ്സ്വഹീഹ്) എന്ന ലേഖനമെഴുതി പണ്ഡിതന്മാരുടെ പ്രശംസ പിടിച്ചു പറ്റിയ വ്യക്തിത്വം; ഖുർആനിലെ പരാമർശങ്ങളെയും അന്നത്തെ ശാസ്ത്രീയമായ വിവരങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ‘സൃഷ്ടിസ്വഭാവങ്ങളിലെ പാഠങ്ങൾ ‘(ദുറൂസു സുനനിൽ കാഇനാത്ത്),’ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവും ഇസ്‌ലാമികവുമായ പ്രഭാഷണങ്ങൾ’ (മുഹാദ്വറാത്ത് അത്വിബ്ബിയ്യ അൽ ഇൽമിയ്യ അൽ ഇസ്‌ലാമിയ്യ) എന്നീ രണ്ട് പുസ്തകങ്ങളെഴുതിയ ബുദ്ധിജീവി. പക്ഷെ, ഈജിപ്തിൽ രൂപം പ്രാപിച്ച ആധുനിക മുസ്‌ലിം ലോകത്തെ ഹദീഥ് നിഷേധ പ്രവണതകളുടെ തുടക്കക്കാരനായി അറിയപ്പെടാനാണ് അദ്ദേഹത്തിന്റെ വിധി. ‘ഇസ്‌ലാമെന്നാൽ ക്വുർആൻ മാത്രമാണ്’ (അൽ ഇസ്‌ലാമു ഹുവൽ ക്വുർആനു വഹ്ദഹു) എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ ലേഖനമാണ് പിന്നീട് അറബ് ലോകത്തുണ്ടായ ഹദീഥ് നിഷേധികൾക്കെല്ലാം പ്രചോദനമായി വർത്തിച്ചത്; നബി (സ) ഒരു മിത്താണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഓറിയന്റലിസ്റ്റുകൾ അവരുടെ രചനകളുടെ പുസ്തകസൂചിയിൽ പ്രധാനമായും ഉൾപ്പെടുത്തിയതും ആ ലേഖനം തന്നെ!

ഭക്തനും ബുദ്ധിമാനുമായ ഡോ: സിദ്‌ക്വിയെ ഹദീഥ് നിഷേധിയാക്കിയത് സ്വഹീഹുൽ ബുഖാരിയിലെ ഒരേ ഒരു ഹദീഥാണ്. ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ത്വിബ്ബിൽ അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം ചെയ്ത ഈച്ചയുടെ ചിറകിൽ ഔഷധവുമുണ്ടെന്ന് പറയുന്ന ഹദീഥ് തനിക്ക് ദഹിക്കുന്നില്ലെന്നതാണ് ഹദീഥുകളെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം എഴുതിയ ലേഖനത്തിന്റെ ഇതിവൃത്തം. പ്രസ്തുത ഹദീഥിന്റെ സാരം ഇങ്ങനെയാണ്. “അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: നിങ്ങളിലാരുടെയെങ്കിലും പാത്രത്തിൽ ഈച്ച വീണാൽ അതിനെ പൂർണമായും മുക്കിയ ശേഷം പുറത്തെടുത്ത് കളയുക; അതിന്റെ ഒരു ചിറകിൽ രോഗമാണുള്ളതെങ്കിൽ മറ്റേ ചിറകിൽ രോഗശമനമാണുള്ളത്”. തികച്ചും അശാസ്ത്രീയമാണെന്ന് തനിക്കറിയാവുന്ന ഇത്തരം വചനങ്ങൾ മുഹമ്മദ് നബിയിൽ (സ) നിന്നുള്ളതാവാൻ യാതൊരു സാധ്യതയുമില്ലെന്നും ഇസ്‌റാഈല്യർക്കിടയില്‍ പ്രചാരണത്തിലുണ്ടായിരുന്ന കള്ളക്കഥകളും അശാസ്ത്രീയമായ അറബ് ഗ്രാമീണ വിജ്ഞാനീയങ്ങളുമാണ് ഹദീഥുകളുടെ ഉള്ളടക്കമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും അതിനാല്‍ കുറേയധികം പേര്‍ കുറേയേറെ പരമ്പരകളിലൂടെ നിവേദനം ചെയ്ത മുതവാത്തിറായ ഹദീഥുകള്‍ മാത്രമെ സ്വീകാര്യയോഗ്യമാവൂയെന്നുമാണ് ഡോക്ടര്‍ സിദ്‌ക്വി അഭിപ്രായപ്പെട്ടത്.

ഈച്ചയുടെ ചിറകിലെ രോഗശമനത്തെക്കുറിച്ച് പറയുന്ന ഹദീഥ് നിഷേധിച്ച ആദ്യത്തെയാളല്ല ഡോക്ടർ സിദ്‌ക്വി. ഹിജ്‌റ 131ൽ അന്തരിച്ച വാസിൽ ബിൻ അത്വാഅ് തുടങ്ങി വെച്ച മുഅതസ്‌ലിയാ പ്രസ്ഥാനത്തിന്റെ വക്താക്കളാണ് ഈ ഹദീഥ് ആദ്യമായി നിഷേധിച്ചത്. ഒരേ ഈച്ചയിൽ തന്നെ രോഗവും രോഗശമനവുമുണ്ടാവുക എന്നത് അസാധ്യമാണ് എന്നാണ് മനുഷ്യയുക്തി പറയുന്നതെന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ നിഷേധം. സിദ്‌ക്വി മനസ്സിലാക്കിയതു പോലെ ഈച്ചയുടെ ഹദീഥിൽ ശാസ്ത്രീയമായ അബദ്ധങ്ങളുണ്ടെന്ന് പറയുവാൻ മുഅതസ്‌ലിയാക്കളുടെ കാലത്ത് ശാസ്ത്രം വളർന്ന് വികസിച്ചിട്ടുണ്ടായിരുന്നില്ലല്ലോ. മുഅതസ്‌ലിയാക്കൾ യുക്തിയെയും സ്വിദ്‌ഖിയും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരും ശാസ്ത്രത്തേയുമുപയോഗിച്ച് നിഷേധിച്ച ഈച്ചയുടെ ഹദീഥ് വലിച്ചെറിഞ്ഞിടത്തുനിന്ന് മുങ്ങിത്തപ്പേണ്ട ഗതികേടിലാണ് ഇന്ന് അവരുടെ പിൻഗാമികൾ. ആ ഹദീഥിലെ ആശയങ്ങളെ ശാസ്ത്രലോകം ഇന്നെങ്ങനെയാണ് വിലയിരുത്തുന്നതെന്ന വിവരമെങ്കിലും പരിമിതമായ തന്റെ തലച്ചോറിന് ഉൾക്കൊള്ളാനാവുന്നില്ല എന്ന കാരണത്താൽ മാത്രം ഹദീഥുകളെ നിഷേധിക്കാനൊരുമ്പെടുന്നവർക്ക് വെളിച്ചമാകേണ്ടതാണ്.

ഈച്ചയുടെ ഹദീഥ് എത്രത്തോളം ശാസ്ത്രീയമാണെന്ന് പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ അപഗ്രഥിക്കുന്ന “ഫേജ് ഡിസ്‌പ്ലേയും ഈച്ചയുടെ ഹദീസും” എന്ന ശബാബിലെ ലേഖനം വായിച്ചാൽ ശാസ്ത്രത്തിന്റെയും യുക്തിയുടെയും മാത്രം അടിസ്ഥാനത്തിൽ നബിയിൽ നിന്നുള്ളതാണെന്ന് സ്ഥിരപ്പെട്ട ഹദീഥുകൾ നിഷേധിക്കുന്നവർ എത്ര വലിയ അന്ധകാരത്തിലാണെന്ന് മനസ്സിലാവും. ശാസ്ത്രവിഷയങ്ങൾ അവഗാഢമായി കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ അനുഗ്രഹീത തൂലികകാരാൻ ടി. പി. എം. റാഫി എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗം വായിക്കുക:

“ഒട്ടേറെ രോഗങ്ങള്‍ക്ക് ഹേതുവായ പരശ്ശതം സൂക്ഷ്മജീവികളുടെ വാഹകരാണ് ഈച്ചകളെന്ന് ആധുനിക ഷട്പദ വിജ്ഞാനീയം വെളിപ്പെടുത്തുന്നു. ഈ അറിവിന് അത്രയൊന്നും പഴക്കമായിട്ടില്ല. ശക്തിയേറിയ സൂക്ഷ്മദര്‍ശിനികളുടെ ആവിര്‍ഭാവത്തോടെയും മറ്റു സങ്കേതിക മുന്നേറ്റത്തോടെയുമാണ് ഈ വസ്തുത നാമറിയുന്നത്. മലേറിയ, ടൈഫോയ്ഡ്, കോളറ, ഗുരുതരമായ കരള്‍രോഗങ്ങള്‍ തുടങ്ങിയവ പരത്തുന്ന രോഗാണുക്കള്‍ ഈച്ചയുടെ ദേഹത്ത് കുടികൊള്ളുന്നുണ്ട്. ഇതേ രോഗാണുക്കള്‍ക്കെതിരെ പൊരുതുന്ന ബാക്ടീരിയോഫേജ് വൈറസുകളും ഫംഗസുകളും ഈച്ചയുടെ ദേഹത്തും ചിറകുകളിലും നിവസിക്കുന്നുണ്ടെന്ന കണ്ടെത്തല്‍, ഏതായാലും, വളരെ പുതിയതാണ്.

ഈച്ചയെക്കുറിച്ചുള്ള ഈ രണ്ടു ശാസ്ത്രവസ്തുതകളും അനാവരണം ചെയ്യുന്ന, അബൂ സഈദ് അല്‍ ഖുദ്‌രിയും(റ) അബൂഹുറയ്‌റ(റ)യും നിവേദനം ചെയ്യുന്ന നബിവചനങ്ങള്‍ സ്വീഹീഹുല്‍ ബുഖാരിയിലും മറ്റു പ്രമുഖ ഗ്രന്ഥങ്ങളിലും പ്രബല ഹദീസുകളായി എടുത്തുദ്ധരിക്കുന്നുണ്ട്. ”ഈച്ച (ഭക്ഷണപാനീയങ്ങളുടെ) പാത്രത്തില്‍ വീഴുകയാണെങ്കില്‍ അതിനെ പുറത്തേക്ക് കളയുന്നതിനു മുമ്പായി പൂര്‍ണമായൊന്ന് മുക്കിയെടുക്കണം. കാരണം, അതിന്റെ ഒരു ചിറകിനടിയില്‍ ദൂഷ്യവും മറ്റേ ചിറകിനടിയില്‍ അതിനുള്ള പ്രത്യൗഷധവും ഉണ്ട്”.
അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള നിവേദനത്തില്‍ ഇത്രകൂടി വിശദീകരിക്കുന്നുണ്ട്: ”എന്തെന്നാല്‍, ഈച്ച തന്റെ ചിറകിലെ രോഗവാഹകരില്‍നിന്ന് സ്വയം രക്ഷ നേടുന്നുവല്ലോ. അതിനാല്‍ പൂര്‍ണമായി അതിനെ മുക്കിയെടുക്കേണ്ടതാണ്”.
അബൂദാവൂദില്‍ ഇങ്ങനെ കാണാം: ”സെയ്ദ് ബ്‌നു ഖാലിദ്(റ) പറയുകയുണ്ടായി: ”ഞാന്‍ അബൂസലമയുടെ അടുത്ത് വിരുന്നുചെന്നു. അദ്ദേഹം വെണ്ണയും കാരക്കവിഭവങ്ങളും കൊണ്ടുവന്നു. ഒരീച്ച അതില്‍ വീണുപോയി. അബൂസലമ അതിനെ വിരല്‍കൊണ്ട് മുക്കിയെടുത്തു. ഞാന്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് കാട്ടുന്നത്? അദ്ദേഹം പറഞ്ഞു: ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ പ്രത്യൗഷധവും നിലനില്‍ക്കുന്നതായി അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിട്ടുള്ളതായി അബൂസഈദില്‍ ഖുദ്‌രി എന്നോട് പറഞ്ഞിട്ടുണ്ട്”.
ശാഹ് വലിയുല്ലാ ദഹ്‌ലവി ഈ ഹദീസിനെ ഇങ്ങനെ വിലയിരുത്തുന്നു: ”ഈച്ച തന്റെ ശരീരത്തില്‍ രോഗവും പ്രത്യൗഷധവും വഹിക്കുന്നുണ്ടെന്ന അറിവ് അക്കാലത്ത് ദൈവദത്തമായിത്തന്നെ കിട്ടണം. ഒട്ടേറെ രോഗാണുക്കളെ വഹിക്കുന്നുവെങ്കിലും ആ രോഗങ്ങളോട് ഈച്ചയ്ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിയുന്നുവെന്നത് പഠിക്കപ്പെടേണ്ട സംഗതിയാണ്”.

കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഷട്പദശാസ്ത്ര (Entomology) സംബന്ധിയായ വെബ്‌സൈറ്റില്‍ വിവരിക്കുന്നത് ഇങ്ങനെ: ”ഈച്ചകള്‍ (Musca Domestica) രോഗാണുവാഹകര്‍ മാത്രമല്ല, അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ ജീവനശക്തിയുള്ള പ്രാണികളുമാണ്. ഈച്ചയിലെ ഈ സവിശേഷമായ മൈക്രോബയോട്ട രൂപപ്പെടുന്നത് ബാക്ടീരിയോ ഫേജുകളില്‍ നിന്നാണ്. ഭൂമുഖത്ത് ഏതാണ്ട് 87,000 സ്പീഷിസുകളുണ്ട്, ഈച്ചകള്‍ക്ക്. അഴുകിയ ഭക്ഷണപദാര്‍ഥങ്ങളിലും മാലിന്യങ്ങളിലും കഴിഞ്ഞുകൂടുന്ന ഇവയുടെ ശരീരത്തില്‍, ബാക്ടീരിയ, വൈറസ് പോലുള്ള എണ്ണമറ്റ രോഗാണുക്കള്‍ പറ്റിപ്പിടിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ശാസ്ത്രപഠനങ്ങള്‍ ഇക്കാര്യം തെളിയിച്ചതുമാണ്. ഈച്ചയുടെ ചിറകില്‍ മാരകമായ രോഗാണുക്കള്‍ മാത്രമാണുള്ളതെങ്കില്‍ അവ ഭൂമുഖത്തുനിന്ന് എന്നേ നാമാവശേഷമായിപ്പോയേനെ! എന്നാല്‍ 87,000 സ്പീഷിസുകളിലായി കോടാനുകോടി ഈച്ചകള്‍ എക്കാലത്തും സജീവ സാന്നിധ്യമായി ഇവിടെ നിലനില്‍ക്കുന്നുണ്ടുതാനും. എന്തായിരിക്കും കാരണം?

ജലദോഷം, അഞ്ചാംപനി, മുണ്ടിവീക്കം, പൊട്ടി, മഞ്ഞപ്പനി, അരിമ്പാറ തുടങ്ങി മാരകമായ കരള്‍ രോഗങ്ങള്‍ക്കുവരെ ഹേതുവാകുന്ന വൈറസുകള്‍ ഇവയുടെ ചിറകില്‍ സമൃദ്ധമായുള്ളതായി ഗവേഷകര്‍ വ്യക്തമാക്കിയതുമാണ്. എന്നിട്ടും എന്തേ ഈച്ച ചത്തുപോകാത്തത്?

ബാക്ടീരിയോഫേജ് വൈറസുകളിലെ ഭീകരവാദികള്‍ ബാക്ടീരിയയുടെ കോശത്തെ ചുരുങ്ങിയ സമയംകൊണ്ട് ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. എന്നാല്‍ മിതവാദികളായ വൈറസുകളാകട്ടെ, ആതിഥേയ കോശത്തില്‍ നുഴഞ്ഞുകയറി കുടിയിരുന്നു പെരുകുന്നുവെന്നല്ലാതെ നശിപ്പിക്കാന്‍ മുതിരുന്നില്ല. അത്തരം സാഹചര്യത്തില്‍ ബാക്ടീരിയയുടെ കോശത്തില്‍ അതേ തരത്തിലുള്ള വൈറസുകളെ ചെറുത്തുതോല്‍പ്പിക്കാനുള്ള പ്രതിരോധശേഷി രൂപപ്പെട്ടു തുടങ്ങുന്നു. അത്തരം ബാക്ടീരിയാകോശങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നൈസര്‍ഗികമായ ജീവനശക്തി കൈവരുന്നുവെന്നര്‍ഥം.

ചുരുക്കത്തില്‍, ഈച്ചയുടെ ശരീരത്തില്‍ രോഗാതുരമായ ബാക്ടീരിയകോശങ്ങളും അത്രതന്നെ അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ പാകത്തില്‍ പ്രതിരോധ ശേഷിയാര്‍ജിച്ച ബാക്ടീരിയകോശങ്ങളുമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. “ഈച്ചകള്‍ രോഗാണുവാഹകര്‍ മാത്രമല്ല, ആ രോഗങ്ങളെ ചെറുക്കുന്ന മൈക്രോബയോട്ടയും അവ ഒപ്പം കൊണ്ടുനടക്കുന്നുവെന്ന വസ്തുതയും നമ്മളറിയണം” -ആധുനിക ശലഭശാസ്ത്രം ബോധ്യപ്പെടുത്തുകയാണ്.

ഈച്ചയുടെ ചിറകുകളില്‍ കാണുന്നതു പോലുള്ള ബാക്ടീരിയോഫേജുകളെ പരീക്ഷണശാലകളില്‍ കൃത്രിമമായി വളര്‍ത്തിയെടുത്ത് മനുഷ്യരിലെ മാരകമായ വൈറസ്‌രോഗങ്ങള്‍ക്കെതിരെ പൊരുതുന്ന ജൈവ ആന്റിബയോട്ടിക്കുകള്‍ നിര്‍മിക്കാനായി എന്നതാണ് ഈ വര്‍ഷത്തെ നൊബേല്‍സമ്മാന ജേതാക്കളുടെ നേട്ടം. ഹദീസില്‍ ഒളിഞ്ഞിരിക്കുന്ന ഈച്ചയിലെ ബാക്ടീരിയോഫേജ് പ്രതിരോധപ്രവര്‍ത്തന തത്ത്വം പ്രയോജനപ്പെടുത്തി ഭാവിയില്‍ ഭീതിപരത്തുന്ന എയ്ഡ്‌സ് പോലുള്ള മഹാമാരികള്‍ക്കെതിരെ പ്രത്യൗഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുവെങ്കിലും അത്ഭുതപ്പെടേണ്ടതില്ല.” (ശബാബ് വരിക, 2020 മെയ് 20)

ഈച്ചയുടെ ചിറകിൽ രോഗമുള്ളതുപോലെ ശമനവുമുണ്ടെന്ന ഹദീഥ് ഒൻപതാം നൂറ്റാണ്ടിലുള്ള ചിലർക്ക് യുക്തിവിരുദ്ധമായി തോന്നി; ഇരുപതാം നൂറ്റാണ്ടിലുള്ള മറ്റു ചിലർക്ക് ശാസ്ത്രവിരുദ്ധമായി തോന്നി; അവരിൽ ചിലർ നബിയെ യുക്തിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ ആശയങ്ങൾ പ്രചരിപ്പിച്ചയാളായി പരിഹസിച്ചു. പരിഹാസികൾ സ്വയം മതനിഷേധികളെന്ന് വിളിച്ചു. യുക്തിയോടും ശാസ്ത്രത്തോടും ആരാധന തോന്നുന്നുണ്ടെങ്കിലും നബിയെ അംഗീകരിക്കുന്നവരാണ് തങ്ങളെന്ന് ആണയിടുന്ന മറ്റു ചിലർ ഈ ഹദീഥുകൾ നിവേദനം ചെയ്ത ഇമാം ബുഖാരിയെ തെറി പറഞ്ഞു; ഭത്സിച്ചു; നബി പറയാത്തത് നിവേദനം ചെയ്ത ദുഷ്ടനായി ചിത്രീകരിച്ചു; ജൂതചാരനായി മുദ്ര കുത്തി; അതിന്റെ പേരിൽ ബുഖാരി നിവേദനം ചെയ്തതൊന്നും സ്വീകാര്യമല്ലെന്ന് വിധിച്ചു; ചിലരെല്ലാം ഹദീഥുകളാവശ്യമില്ലാത്ത മതം നിർമ്മിക്കാനായി ജീവിതം വ്യർത്ഥമാക്കി. കാലം കറങ്ങി. ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോൾ ഹദീഥിലുള്ളത് സത്യമാണെന്ന് മനുഷ്യർ കണ്ടെത്തി. ബാക്ടീരിയകളെ ആക്രമിക്കുന്ന വൈറസുകളായ ബാക്ടീരിയോഫേജുകളെ പ്രയോജനപ്പെടുത്തി, വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാനും ചെറുത്തുതോല്‍പ്പിക്കാനും കഴിയുന്ന ആന്റിബോഡികളെ നിര്‍മിച്ചെടുക്കുന്ന ഫേജ് ഡിസ്‌പ്ലേക്ക് ജോര്‍ജ് സ്മിത്ത്, ഗ്രിഗറി വിന്റർ എന്നീ അമേരിക്കൻ ശാസ്ത്രജ്ഞർക്ക് 2018ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടി. ഈച്ചയുടെ ചിറകിൽ രോഗഗശമനവുമുണ്ടെന്ന് അപ്പോൾ ലോകം അറിഞ്ഞു; ഉറക്കെപ്പറഞ്ഞു; ശാസ്ത്രം അംഗീകരിച്ചു. നബിയെ പരിഹസിച്ച യുക്തിവാദികളെവിടെ? നബിസ്നേഹത്തിന്റെ കുപ്പായമിട്ട് ഇമാം ബുഖാരിയെ തെറി വിളിച്ചവരെവിടെ ?! ഒരൊറ്റ ഈച്ചഹദീഥിന്റെ മറവിൽ കഠിനാധ്വാനത്തിലൂടെ പണ്ഡിതന്മാർ വികസിപ്പിച്ചെടുത്ത ഉസൂലുൽ ഹദീഥിനെ മുഴുവൻ തള്ളിപ്പറഞ്ഞവരെവിടെ?! അവർക്കെല്ലാം ന്യായീകരണത്തിന്റെ പുതിയ മാളങ്ങളിലേക്ക് വലിയാം. ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ത്വിബ്ബിൽ അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഹദീഥിലെ ആശയത്തിന്റെ ഫലങ്ങൾ ഇനി ശാസ്ത്രജ്ഞരുടെ പരീക്ഷണശാലകളിൽ നിന്നാണ് ലോകം അറിയുക. “ഈച്ചയുടെ ഒരു ചിറകിൽ രോഗമാണുള്ളതെങ്കിൽ മറ്റേ ചിറകിൽ രോഗശമനമാണുള്ളത്” എന്ന ആശയത്തിന്റെ വിശദീകരണം സനദൊന്നും നോക്കാതെ സ്വീകരിക്കാൻ കഴിയുന്ന ശാസ്ത്രജേർണലുകളിലാണ് നമ്മളെല്ലാം ഇനി വായിക്കുക. നബിയുടേതെന്ന് ഉസൂലുൽ ഹദീഥ് ഉറപ്പ് പറയുന്ന വാക്കും പ്രവൃത്തിയുമൊന്നും കേവലമായ യുക്തിയുടെയും നിലനിൽക്കുന്ന ശാസ്ത്രത്തിന്റെയും മാത്രം അടിസ്ഥാനത്തിൽ തള്ളിക്കളയാൻ പാടില്ലെന്ന പാഠം പഠിക്കാൻ ഇനിയും ഉദാഹരണങ്ങളാവശ്യമുണ്ടോ?!! അങ്ങനെ ശ്രമിച്ചവരുടെ ആശയങ്ങളെയാണ്, ഹദീഥുകളെയല്ല, പുതിയ പഠനങ്ങളും ഗവേഷണങ്ങളും ചവറ്റുകൊട്ടയിലെക്ക് വലിച്ചെറിഞ്ഞിട്ടുള്ളതെന്ന് മനസ്സിലാക്കാൻ ഇനി സംഭവവിവരണങ്ങൾ ആവശ്യമുണ്ടോ?

ഈ അനുഭവം നമ്മെ പഠിപ്പിക്കേണ്ടതെന്താണ് ? സ്വഹീഹാണെന്ന് സ്ഥിരീകരിക്കപ്പെട്ട ഏതെങ്കിലും ഒരു ഹദീഥ് ആരുടെയെങ്കിലും യുക്തിക്ക് നിരക്കുന്നില്ലെങ്കിൽ ആ യുക്തിയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്ന പാഠം; നിലനിൽക്കുന്ന ശാസ്ത്രജ്ഞാനത്തിനെതിരാണ് സ്വഹീഹായ ഏതെങ്കിലും ഹദീഥുകളിലെ പരാമർശമെന്ന് തോന്നുന്നുണ്ടെങ്കിൽ ഹദീഥിനെ സ്ഥിരീകരിക്കുന്ന പുതിയ അറിവുകളുമായി വരുന്ന ശാസ്ത്രത്തെ കാത്തിരിക്കുകയാണ് വേണ്ടതെന്ന പാഠം; ഖുർആനിലെ ഏതെങ്കിലും പരാമർശങ്ങൾക്കെതിരാണ് സ്വഹീഹാണെന്ന് ഉറപ്പുള്ള ഹദീഥുകളെന്ന് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ തോന്നുന്നവരുടെ ഖുർആൻവിജ്ഞാനീയമാണ് പരിശേധനക്ക് വിധേയമാക്കേണ്ടതെന്നല്ലേ ഇത് വ്യക്തമാക്കുന്നത്? ഖുർആനിക വിജ്ഞാനീയങ്ങൾ കലക്കിക്കുടിച്ച മുൻഗാമികൾക്കൊന്നും മനസ്സിലാകാത്ത ഖുർആൻവിരുദ്ധത സ്വഹീഹാണെന്ന് ഉറപ്പുള്ള ഹദീഥുകളിൽ ആർക്കെങ്കിലും അനുഭവപ്പെടുന്നുവെങ്കിൽ അവർക്ക് ഒന്നുകിൽ ഖുർആൻ മനസ്സിലായിട്ടില്ല; അല്ലെങ്കിൽ ഹദീഥുകൾ മനസ്സിലായിട്ടില്ല; അതുമല്ലെങ്കിൽ രണ്ടും മനസ്സിലായിട്ടില്ല എന്നതല്ലേ സത്യം?! ഒരു വർത്തമാനം നബി(സ)യിൽ നിന്നുള്ളതാണോയെന്ന് ഉറപ്പിക്കാനുള്ളതാണ് ഉസൂലുൽ ഹദീഥ്. നബിയിൽ നിന്നുള്ളതാണ് എന്ന് ഉറപ്പ് ലഭിച്ചു കഴിഞ്ഞാൽ അത് അനുസരിക്കുകയാണ് വിശ്വാസിയുടെ ബാധ്യത. നബി(സ)യുടെതാണെന്ന് ഉറപ്പുള്ള പരാമർശങ്ങളിലെ ശരിതെറ്റുകൾ വ്യവച്ഛേദിക്കുവാൻ അല്ലാഹു ആർക്കും അവകാശം നൽകിയിട്ടില്ല. നബി(സ)യെ കണ്ണടച്ച് പിൻപറ്റണമെന്ന് തന്നെയാണ് മുഅ്മിനുകളോടുള്ള അല്ലാഹുവിന്റെ കല്പന. “ഇല്ല; നിന്‍റെ നാഥൻ തന്നെയാണെ! അവര്‍ വിശ്വാസികളാവുകയേയില്ല; അവര്‍ക്കിടയിലുള്ള ഭിന്നതയിൽ താങ്കളെയവർ വിധികര്‍ത്താവാക്കുകയും, താങ്കൾ കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു പ്രയാസവുമില്ലാതിരിക്കുകയും, അത്‌ പൂര്‍ണ്ണമയി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ.” (ഖുർആൻ 4:65 )

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • بارك الله

    أبو عبد الله محمد شبيب 25.11.2021

Leave a comment

Your email address will not be published.