ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം സാന്നിധ്യം

//ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം സാന്നിധ്യം
//ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം സാന്നിധ്യം
ആനുകാലികം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം സാന്നിധ്യം

_ഇരുളിന്റെ ബന്ധനങ്ങളിൽനിന്നും മോചനത്തിന്റെ ആദ്യാക്ഷരങ്ങൾ പകുത്തുനൽകിയ ധീരദേശാഭിമാനികൾ കാത്തുവെച്ച സമ്മാനമാണ് നമ്മുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യ സങ്കല്പത്തിന്റെ അണിയറയിൽ പോരാടിയ പല ധീരനേതാക്കളുടെയും നാമങ്ങൾ ചരിത്രത്തിന്റെ ഏടുകളിൽ നിന്നും മായ്ച്ചുകളയാൻ ശ്രമിക്കുകയാണ് ചില നിഗൂഢശക്തികൾ.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം സാന്നിധ്യം പറഞ്ഞറിയിക്കുന്നതിലുമപ്പുറമാണ്. പറങ്കിപ്പടയെ ചെറുത്തുനിൽക്കുന്നതിലും ബ്രിട്ടീഷുകാരെ തുടച്ചു നീക്കുന്നതിലും അവർ വഹിച്ച പങ്ക് എത്രയോ വലുതാണ്.

1799ൽ ടിപ്പുസുൽത്താന്റെ മരണത്തോടുകൂടി മുസ്‌ലിം പോരാട്ടവീര്യം അവസാനിച്ചുവെന്ന് കരുതി ആശ്വസിച്ചിരുന്ന വെള്ളപ്പട്ടാളക്കാരന്റെ ചിന്തകളെ അസ്തമിപ്പിച്ചു കൊണ്ട് ചോരാത്ത പോരാട്ടവീര്യവുമായി വീണ്ടും നൂറ്റാണ്ടുകളോളം വൈദേശിക ആധിപത്യത്തിന്റെ തല പുളയ്പ്പിച്ചവരാണ് ഇവിടുത്തെ മുസ്‌ലിംകൾ. വാസ്കോഡഗാമയുടെ അധിനിവേശത്തെ പ്രതിരോധിക്കുവാൻ സാമൂതിരിയുടെ നേതൃത്വത്തിൽ ആർജ്ജവത്തോടെ മുന്നിൽനിന്നും നയിച്ച നാവികപ്പടയുടെ നേതാക്കൾ മരക്കാർമാരായിരുന്നു. 1931ൽ ഭാരതത്തെ പ്രതിനിധീകരിച്ചുകൊണ്ട് 81 രാജ്യങ്ങൾ അടക്കിഭരിക്കുന്ന ബ്രിട്ടീഷ് ചക്രവർത്തിയെ സമീപിക്കുവാൻ വട്ടമേശാ സമ്മേളനത്തിലേക്ക് ഗാന്ധിജി വിട്ടത് മൗലാനാ മുഹമ്മദലി ജൗഹറിനെയായിരുന്നു. അദ്ദേഹം അന്നവിടെവെച്ച് നടത്തിയ പ്രസംഗം ലോകത്തിലെതന്നെ സുവർണ്ണ ചരിത്രരേഖകളിൽ നാഴികക്കല്ലായി കൊത്തിക്കുറിക്കപ്പെട്ടിരിക്കുന്നു. ബിരുദ പഠനത്തിനായി വിദേശത്ത് പഠിക്കുകയായിരുന്ന അദ്ദേഹത്തെ നാട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇഖ്ബാൽ കുറിച്ച കത്തിന്റെ വരികളിൽ, “ഗർജിക്കുന്ന സിംഹമേ വന്നാലും ഇവിടെ ഓരിയിടാൻ കുറേ ഓരിക്കുറുക്കന്മാരുണ്ട്.. ഇവിടെ ചാടി നടക്കാൻ കുറെ ചെന്നായക്കൂട്ടങ്ങളുമുണ്ട്.. ഗർജിക്കാനൊരു സിംഹത്തിന്റെ കുറവുണ്ട്..” എന്ന് എഴുതിയത് കാണാൻ സാധിക്കും.

മൗലാനാ മുഹമ്മദലിയും മൗലാനാ ഷൗക്കത്തലിയും ചേർന്ന് നടത്തിയ ഖിലാഫത് പ്രസ്ഥാനം ഭാരതത്തെ സ്വതന്ത്രമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഭാരതീയരുടെ ഇടനെഞ്ചിൽ താളം കൊട്ടുന്ന ‘സാരേ ജഹാൻ സെ അച്ഛാ..’ എന്ന അതിമനോഹരഗാനത്തിന് ജന്മം നൽകിയത് ഇഖ്ബാലായിരുന്നു. ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ മുൻനിരപ്പോരാളിയായിരുന്നു അബുൽ കലാം ആസാദ് തന്റെ അവസാനശ്വാസംവരെ ഈ രാജ്യത്തിനായി നിലകൊണ്ടു. വെള്ളക്കാരുടെ വിഭജനനയങ്ങൾക്കെതിരെ വിരൽചൂണ്ടിക്കൊണ്ടദ്ദേഹം ഹിന്ദുവിനെയും മുസൽമാനെയും തോളോടുതോൾചേർത്തു സമരപ്പന്തലിൽ എത്തിച്ചു. ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിൽ നിന്നും പൊട്ടിമുളച്ച മലബാർ കലാപത്തിൽ മുൻപന്തിയിൽ അണിനിരന്നത് മലബാറിലെ മാപ്പിളമാരായിരുന്നു. ആലി മുസ്‌ല്യാർ, വാര്യൻകുന്നത്ത് കുഞ്ഞമ്മദ് ഹാജി, സീതി കോയ തങ്ങൾ തുടങ്ങിയ ധീരയോദ്ധാക്കൾ അതിന്റെ നേതൃത്ത്വനിരയിലുണ്ടായിരുന്നു.

ഭാരതത്തിന്റെ പോരാട്ടഭൂമിയിൽ അടിയുറച്ച വിശ്വാസത്തോടെനിന്ന എണ്ണിയാൽതീരാത്ത മുസ്‌ലിംകളുടെ കഥകൾ പറയാനുണ്ട് കാലത്തിന്റെ കയ്യൊപ്പ് പകർത്തിയ ചരിത്രപുസ്തകത്താളുകൾക്ക്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്തുവാൻ ബ്രിട്ടീഷുകാരുടെ മുന്നിൽ തടസ്സം നിന്നവരായിരുന്നു ഇവിടുത്തെ മുസ്‌ലിംകൾ. ബന്ധനങ്ങളിൽ നിന്നും മോചനത്തിന്റെ വാതിലുകൾ തുറന്നിട്ടവരാണവർ. അവർ ആഗ്രഹിച്ചത് സ്വാതന്ത്ര്യമായിരുന്നു. അവർ സ്വപ്നംകണ്ടത് വാനിൽപാറുന്ന ത്രിവർണ്ണപതാകയെ ആയിരുന്നു. മരണത്തെ മുഖാമുഖം കാണുമ്പോഴും അവർക്ക് പ്രതീക്ഷകളായിരുന്നു. കാരണം രക്തസാക്ഷികൾക്ക് മരണമില്ല അവർ അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. രക്തസാക്ഷികൾക്കേറ്റ ഓരോ മുറിവിൽനിന്നും കസ്തൂരിയുടെ സുഗന്ധം പരത്തിക്കൊണ്ടായിരിക്കും അവർ നാളെ പ്രതിഫലദിനത്തിൽ കടന്നുവരിക എന്ന പ്രവാചക വചനത്തെ നെഞ്ചിലേറ്റിയവരായിരുന്നു അവർ. പിറന്ന മണ്ണിനായി അവർ ചെയ്ത സംഭാവനകൾ മാനത്തെ അസ്തമനശോഭപോലെ തെളിഞ്ഞുനിൽക്കുന്നതാണ്. അത് ആയിരങ്ങളുടെ മനസ്സിന്റെ കണ്ണാടിയിൽ തങ്ങിനിൽക്കുന്നു. അത് നിഷേധിക്കുന്നവർ സമുദ്രജലത്തിലെ ഏതാനും മലിനതുള്ളികളാണ്. ഗാന്ധിജി പറഞ്ഞതുപോലെ, “സമുദ്ര ജലത്തിലെ ഏതാനും തുള്ളികൾ മലിനമായാൽ സമുദ്രം മുഴുവനും മലിനമാകില്ല. മനുഷ്യനും മനുഷ്യവംശവും അതുപോലെയാണ്!

print

2 Comments

  • 🤍

    Fayiz 15.08.2021
  • ഗഹനമായ പഠനം നടത്തി മലയാളത്തിൽ ഒരു ഗ്രന്ഥം തന്നെ ഇറക്കാൻ ലേഖകന് സാധിക്കട്ടെ

    Shameem 21.08.2021

Leave a comment

Your email address will not be published.