ഇന്ത്യൻ മാരേജ് ആക്ടിന്റെ സൗകര്യങ്ങൾ !!

//ഇന്ത്യൻ മാരേജ് ആക്ടിന്റെ സൗകര്യങ്ങൾ !!
//ഇന്ത്യൻ മാരേജ് ആക്ടിന്റെ സൗകര്യങ്ങൾ !!
ആനുകാലികം

ഇന്ത്യൻ മാരേജ് ആക്ടിന്റെ സൗകര്യങ്ങൾ !!

ശരീഅത്ത് നിയമത്തെ നിഷേധിക്കുകയും ഇന്ത്യൻ മാരേജ് ആക്ടും ഹിന്ദു സക്സഷൻ ആക്റ്റുമെല്ലാം സ്വീകരിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കാവുന്ന നിരവധി സൗകര്യങ്ങളുണ്ട്. വിശ്വാസികൾ ആ സൗകര്യങ്ങൾ വേണ്ടെന്ന് വെക്കുന്നത് അല്ലാഹുവും അവന്റെ ദൂതനും വെറുത്തവയാണ് അവയെന്നതുകൊണ്ടാണ്. ശരീഅത്തിന്റെ വരുതിയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സൗകര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന് ) ഹിന്ദു സക്സഷൻ ആക്റ്റ് പ്രകാരം ഒരാൾക്ക് മറ്റൊരാളുടെ അനന്തര സ്വത്ത് ലഭിക്കുന്നത് അയാളുടെ ഔദാര്യം കൊണ്ടാണ്. തന്റെ സ്വത്ത് താൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി അനന്തരമായി നൽകാൻ അത് പൗരനെ അനുവദിക്കുന്നു. തന്റെ ഇഷ്ടക്കാർക്കായി നൽകിയ ശേഷം വല്ലതും ബാക്കിവെക്കാൻ അയാൾ ഔദാര്യം കാണിച്ചാൽ മാത്രമേ അതിൽ നിന്ന് അയാളുടെ പിൻഗാമികൾക്ക് വല്ലതും ലഭിക്കുകയുള്ളൂ

അനന്തര സ്വത്ത് ലഭിക്കുകയെന്നത് ഓരോരുത്തരുടെയും അവകാശമായാണ് ശരീഅത്ത് കാണുന്നത്. ജന്മം വഴിയോ വൈവാഹികബന്ധം വഴിയോ വന്നുഭവിക്കുന്ന ഈ അവകാശത്തെ തടയാൻ ആർക്കും കഴിയില്ല. താൻ സമ്പാദിച്ച സ്വത്താണെങ്കിലും അനന്തരാവകാശമായി തനിക്ക് ലഭിച്ച സ്വത്താണെങ്കിലും ഒരാൾ മരണപ്പെടുമ്പോൾ അയാളുടെ കൈവശമുള്ള സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനും നിർണ്ണയിക്കപ്പെട്ട കൃത്യമായ അവകാശികളുണ്ട്. അത് ലഭിക്കുക അവരുടെ അവകാശമാണ്.

രണ്ട്) ഒരാളുടെ സ്വത്ത് മുഴുവനായും അയാൾക്ക് ഇഷ്ടപ്പെട്ടവർക്കായി മാത്രം അയാളുടെ മരണശേഷം ലഭിക്കുന്ന രൂപത്തിൽ ഒസ്യത്ത് ചെയ്യാൻ ഹിന്ദു സക്സഷൻ ആക്റ്റ് അവസരം നൽകുന്നു. മാതാപിതാക്കൾക്കോ ഭാര്യാഭർത്താക്കന്മാർക്കോ മക്കൾക്കോ ഒന്നും ലഭിക്കാത്ത രൂപത്തിലുള്ളതാണ് ഒസ്യത്തെങ്കിൽ പോലും ഒസ്യത്ത് പ്രകാരമാണ് സ്വത്ത് വീതിക്കപ്പെടുക.

ഒരാൾക്ക് തന്റെ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഒസ്യത്തായി നൽകാൻ ഇസ്ലാമികശരീഅത്ത് അനുവദിക്കുന്നുള്ളൂ. ബാക്കി അനന്തരാവകാശികൾക്ക് നിർബന്ധമായും ലഭിക്കണമെന്നാണ് ശരീഅത്ത് നിയമം.

മൂന്ന്) സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതനാവുന്ന പുരുഷന് ഒരേ സമയം ഒരു ഭാര്യയെ മാത്രമേ വെച്ചുകൊണ്ടിരിക്കാൻ കഴിയൂ. എന്നാൽ അയാൾക്ക് എത്ര കാമുകിമാരുമായും ബന്ധം സ്ഥാപിക്കാവുന്നതാണ്. കാമുകിമാരുമായുള്ള ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധം വിലക്കുകയോ അവരുടെ എണ്ണത്തിന് പരിധി നിർണ്ണയിക്കുകയോ സ്പെഷ്യൽ മാരേജ് ആക്ട് ചെയ്യുന്നില്ല. ഭർത്താക്കന്മാരുള്ളവരോ ഇല്ലാത്തവരോ ആയ എത്രയും കാമുകിമാരെ വെച്ചുകൊണ്ടിരിക്കാൻ അനുവദിക്കുന്ന ഈ നിയമം പക്ഷെ അങ്ങനെ ബന്ധപെടുന്നവർക്ക് പുരുഷനിൽ എന്തെങ്കിലും അവകാശങ്ങളുണ്ടെന്ന് പറയുന്നില്ല.

കുടുംബബന്ധം സ്ഥാപിച്ചുകൊണ്ടുള്ളതല്ലാതെയുള്ള എല്ലാ തരം ലൈംഗികബന്ധങ്ങളെയും ശരീഅത്ത് വിലക്കുന്നു. അനിവാര്യമായ സാഹചര്യത്തിൽ നാല് വരെ ഇണകളെ സ്വീകരിക്കുവാൻ ശരീഅത്ത് പുരുഷനെ അനുവദിക്കുന്നുണ്ട്. അങ്ങനെ സ്വീകരിക്കുന്ന ഇണകളെയെല്ലാം തുല്യമായി പരിഗണിക്കണമെന്നും നീതിയോടെ വർത്തിക്കണമെന്നും ശരീഅത്ത് നിഷ്കർഷിക്കുന്നു. ഇണകളെന്ന നിലയിലുള്ള പൂർണ്ണപരിഗണന നൽകുമെന്ന് ഉറപ്പ് നൽകുകയും എല്ലാവിധ അവകാശങ്ങളും നൽകുകയും ചെയ്തുകൊണ്ടല്ലാതെയുള്ള വൈകാരിക-ശാരീരികബന്ധങ്ങളെയൊന്നും ശരീഅത്ത് അനുവദിക്കുന്നില്ല.

നാല്) ഭാര്യയും മക്കളും കാമുകിയുമുള്ള ഒരാൾക്ക് അയാൾ സമ്പാദിച്ച സ്വത്ത് മുഴുവനായും വേണമെങ്കിൽ കാമുകിക്ക് മാത്രമായി ലഭിക്കുന്ന രൂപത്തിൽ ഒസ്യത്തെഴുതാൻ ഹിന്ദു സക്സഷൻ ആക്റ്റിൽ വ്യവസ്ഥയുണ്ട്. അങ്ങനെ തന്റെ മരണത്തോടെ ഇഷ്ടമില്ലാത്ത ഭാര്യയെ വഴിയാധാരമാക്കുകയും ഇഷ്ടപ്പെട്ട കാമുകിയെ മാത്രം മുഴുവൻ സ്വത്തിനും അവകാശിയാക്കിത്തീർക്കുകയും ചെയ്യാൻ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതനാവുന്ന ഒരാൾക്ക് സാധിക്കും.

ശരീഅത്ത് പ്രകാരം ഭാര്യക്കുള്ള അനന്തരാവകാശം നിർണ്ണിതമാണ്. ഭർത്താവിന് ഇഷ്ടമുള്ളവളാണെങ്കിലും അല്ലെങ്കിലുമെല്ലാം അവളുടെ ഭർത്താവായിക്കൊണ്ടാണ് അയാൾ മരണപ്പെട്ടതെങ്കിൽ അവൾക്കുള്ള അവകാശം ഉറപ്പായും നൽകേണ്ടതായി വരും. കാമുകിമാർക്കോ മറ്റോ അവൾക്കുള്ള അവകാശത്തെ തടയാൻ ശരീഅത്ത് പ്രകാരം വ്യവസ്ഥയൊന്നുമില്ല.

അഞ്ച്) ഒന്നിലധികം മക്കളുള്ള ഒരാൾക്ക് വേണമെങ്കിൽ താൻ ഇഷ്ടപ്പെടുന്ന ഒരു മകനോ മക്കൾക്കോ മാത്രം മുഴുവൻ സമ്പാദ്യവും ലഭിക്കുന്ന രൂപത്തിൽ ഒസ്യത്തെഴുതി വെക്കാൻ ഹിന്ദു സക്സഷൻ ആക്റ്റ് പ്രകാരം കഴിയും. അങ്ങനെയാകുമ്പോൾ ആ മകനോ മക്കൾക്കോ മാത്രമായിരിക്കും മുഴുവൻ സ്വത്തിലും അവകാശം ലഭിക്കുക. മറ്റുള്ള മക്കളെയും ഭാര്യയെയും മാതാപിതാക്കളെയുമെല്ലാം വഴിയാധാരമാക്കുവാൻ ഇത് വഴി സാധിക്കും.

തന്റെ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ശരീഅത്ത് പ്രകാരം ഒരാൾക്ക് ഒസ്യത്തായി നൽകാൻ കഴിയുക. അനന്തരാവകാശികൾക്ക് ഒസ്യത്തില്ല എന്നാണ് ശരീഅത്ത് നിയമം. മകനോ മക്കൾക്കോ ഭാര്യക്കോ മാതാപിതാക്കൾക്കോ വേണ്ടി ഒസ്യത്ത് എഴുതിയാൽ അത് ശരീഅത്ത് നിയമപ്രകാരം സാധുവാകുകയില്ല. അനന്തരാവകാശികളായി നിശ്ചയിക്കപ്പെട്ടവരല്ലാത്ത തന്റെ സഹായമാവശ്യമുള്ള മറ്റുള്ളവർക്കായുള്ളതാണ് ശരീഅത്ത് പ്രകാരമുള്ള വസിയ്യത്ത്. ഒരാൾ ഒസ്യത്തെഴുതിവെച്ചിട്ടുണ്ടെങ്കിൽ അത് പ്രകാരമുള്ള മൂന്നിലൊന്നൊഴിച്ച് ബാക്കി മൂന്നിൽ രണ്ട് ഭാഗവും അനന്തരാവകാശികൾക്കിടയിൽ തന്നെ വീതിക്കണമെന്നാണ് ശരീഅത്തിന്റെ അനുശാസന. ഇഷ്ടപ്പെട്ടവരാണെങ്കിലും അല്ലെങ്കിലും മക്കൾക്കിടയിൽ അനന്തരസ്വത്ത് വീതിക്കപ്പെടുക ഒരേപോലെയായിരിക്കും.

ആറ്) സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതനാവുന്ന പുരുഷനും സ്ത്രീക്കും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒന്നും തന്നെ പിതാക്കൾക്ക് ലഭിക്കാതെ സംരക്ഷിക്കാൻ കഴിയും. ഹിന്ദു സക്സഷൻ ആക്റ്റ് പ്രകാരം പിതാക്കൾ മക്കളുടെ സമ്പാദ്യങ്ങൾക്ക് നേർക്ക് നേരെ അവകാശികളാകുന്നില്ല. മരിച്ചയാൾക്ക് മക്കളും ഭാര്യയും മാതാവുമൊന്നും ഇല്ലെങ്കിൽ മാത്രമാണ് പിതാക്കൾക്ക് അനന്തരാവകാശമുണ്ടാവുക. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതനാവുന്നയാൾ മരണപ്പെട്ടാൽ വൃദ്ധനായ അയാളുടെ പിതാവ് വഴിയാധാരമാവുകയാണ് ചെയ്യുക.

ശരീഅത്ത് പ്രകാരം പിതാക്കൾക്ക് കൃത്യവും നിർണ്ണിതവുമായ അവകാശമുണ്ട്. മാതാപിതാക്കൾക്കും ഇണകൾക്കുമുള്ള നിർണിതമായ അവകാശം മാറ്റി വെച്ച ശേഷമാണ് മക്കൾക്ക് അനന്തരസ്വത്ത് വീതിക്കേണ്ടതെന്നാണ് ശരീഅത്തിലെ നിഷ്കർഷ. തങ്ങൾക്ക് ഇഷ്ടമുള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും മാതാപിതാക്കൾക്ക് മക്കളുടെ സ്വത്തിൽ നിർണിതമായ അവകാശമുണ്ടെന്നാണ് ശരീഅത്ത് നിയമം വിധിക്കുന്നത്. ശരീഅത്ത് നിയമ പ്രകാരം വിവാഹിതരാകുന്നവരുടെ അനന്തരാവകാശികളിൽ ഒന്നമത്തെയാളുകൾ മാതാപിതാക്കളാണ്. അവരുടെ അവകാശം നൽകാതിരിക്കാൻ ഒരു കാരണവശാലും കഴിയുകയില്ല; വൃദ്ധരെ വഴിയാധാരമാക്കുകയോ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിക്കുകയോ ചെയ്യുന്നില്ല ശരീഅത്ത് നിയമം.

ഏഴ്) ഭർത്താവ് ഭാര്യക്ക് നൽകുന്ന സമ്മാനങ്ങളുടെയും സ്വത്തുക്കളുടെയുമെല്ലാം ആത്യന്തികമായ അവകാശം അയാൾക്കും അയാളുടെ കുടുംബത്തിനുമാക്കിത്തീർക്കാൻ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതനാവുന്ന ഒരാൾക്ക് കഴിയും. ഹിന്ദു സക്സഷൻ ആക്റ്റ് പ്രകാരം മക്കളില്ലാത്ത വിധവ മരണപ്പെട്ടാൽ അവർക്ക് ഭർത്താവ് നൽകിയ സ്വത്തുക്കളുടെയും സമ്മാനങ്ങളുടെയുമെല്ലാം അവകാശം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമാണ്. മരണപ്പെട്ടയാളുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ആ സ്വത്തിൽ യാതൊരു അവകാശവുമുണ്ടാവുകയില്ല.

ഭർത്താവ് ഭാര്യക്ക് നൽകുന്ന സമ്മാനങ്ങളുടെയും സ്വത്തുക്കളുടെയുമെല്ലാം അവകാശം അവൾക്ക് മാത്രമാണെന്നാണ് ശരീഅത്തിന്റെ വിധി. നൽകുന്നതോടെ അവ അവളുടേത് മാത്രമായിത്തീരുന്നു. അവളുടേതായിത്തീർന്ന ആ സമ്പത്ത് മറ്റുള്ള അവളുടെ സ്വത്തുക്കളോടോപ്പം അവളുടെ മരണശേഷം വീതിക്കേണ്ടത് അവളുടെ അനന്തരാവകാശികൾക്കാണ്. മക്കളില്ലെങ്കിൽ അത് ലഭിക്കുക മാതാപിതാക്കൾക്ക് മാത്രമാണ്. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ അതിന്റെ അവകാശം മരിച്ചയാളുടെ സഹോദരങ്ങൾക്കായിരിക്കുമെന്നാണ് ശരീഅത്തിന്റെ വിധി. ഭർത്താവിന്റെ ബന്ധുക്കൾക്കൊന്നും അവളുടെ സ്വത്തിൽ യാതൊരുവിധ അനന്തരാവകാശവും ശരീഅത്ത് നൽകുന്നില്ല.

എട്ട്) മരണപ്പെട്ടയാളുടെ ഒസ്യത്ത് പ്രകാരമുള്ള സ്വത്തുക്കൾ നൽകിയ ശേഷം ബാക്കിയുള്ള സമ്പത്ത് തുല്യമായി വീതിച്ച് അവകാശികൾക്ക് നൽകുകയെന്നതാണ് ഹിന്ദു സക്സഷൻ ആക്റ്റിന്റെ രീതി. മാതാവിനും ഭാര്യക്കും മക്കൾക്കുമെല്ലാം ലഭിക്കുന്ന സ്വത്ത് തുല്യമായിരിക്കും. മരണം വഴി ഉണ്ടാവുന്ന ഉത്തരവാദിത്തങ്ങളെയോ ദുരിതങ്ങളെയോ പരിഗണിക്കാത്ത രീതിയാണിത്. മകന്റെ മരണം മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുകയും ബാധ്യതകൾ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന പിതാവിനെ അത് തീരെ പരിഗണിക്കുന്നില്ല. മാതാവിനെയും ഭാര്യയെയും മക്കൾ ഓരോരുത്തരെയും ഒരേ രീതിയിലാണ് അത് പരിഗണിക്കുന്നത്. മക്കളുടെ എണ്ണക്കൂടുതലിനനുസരിച്ച് ഭാര്യക്കും മാതാവിനും ലഭിക്കുന്ന അവകാശത്തിൽ കുറവ് സംഭവിക്കുകയും ചെയ്യും.

മരണപ്പെട്ടയാളുമായുള്ള ബന്ധം, മരണം വഴി ഉണ്ടാകുന്ന ഉത്തരവാദിത്തങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടാണ് ശരീഅത്ത് അനന്തരാവകാശികൾക്കുള്ള വിഹിതം നിശ്ചയിച്ചിരിക്കുന്നത്. നേർക്ക് നേരെയുള്ള അവകാശികൾക്ക് തന്നെ വ്യത്യസ്ത അനുപാതത്തിലുള്ള വിഹിതം ലഭിക്കുന്നത് അതുകൊണ്ടാണ്. മാതാപിതാക്കൾക്കും ഭാര്യക്കുമുള്ള വിഹിതം എപ്പോഴും കൃത്യമായിരിക്കും. മക്കളുടെ എണ്ണക്കൂടുതലോ കുറവോ ആ വിഹിതത്തെ ബാധിക്കുകയില്ല. മരണത്തോടെ അയാളുടെ പെൺകുട്ടികളെയും ഭാര്യയെയും മാതാവിനെയും (വിധവയും മറ്റ് ആണ്മക്കളില്ലാത്തയാളുമാണെങ്കിൽ) സംരക്ഷിക്കേണ്ടത് മരിച്ചയാളുടെ ആണ്മക്കളുടെ ഉത്തരവാദിത്തമായതിനാൽ അത്തരം ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത പെൺകുട്ടികൾക്കുള്ളതിന്റെ ഇരട്ടി അവകാശം അവർക്ക് ലഭിക്കും. സാമ്പത്തികമായ ഉത്തരവാദിത്തങ്ങളൊന്നും സ്ത്രീയെ ഏൽപ്പിക്കാത്തതുകൊണ്ടുള്ളതാണ് സ്വത്തവകാശത്തിലെ ഈ വ്യത്യാസം. എത്ര സാമ്പത്തിക ശേഷിയുള്ളവളാണെങ്കിലും, മാതൃത്വമെന്ന വലിയ ഉത്തരവാദിത്തമേറ്റെടുക്കേണ്ട സ്ത്രീയെ കുടുംബസന്ധാരണത്തിന്റെ ബാധ്യത ഏൽപ്പിച്ച് പ്രയാസപ്പെടുത്തരുതെന്നാണ് ശരീഅത്തിന്റെ അനുശാസന.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.