ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -4

//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -4
//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -4
ആനുകാലികം

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -4

Print Now
ദീഥുകളിലെ പേര്‍ഷ്യ, ഭൂമിശാസ്ത്രപരമായി ഇന്നത്തെ ഇറാന്‍, ഇറാഖ് തുടങ്ങിയ ദേശരാഷ്ട്രങ്ങളാണ്. റോം, ബൈസന്റൈന്‍ റോമാണ്; പ്രധാനമായും അന്ന് അറബിയില്‍ ‘ശാം’ എന്നു വിളിക്കപ്പെട്ടിരുന്ന വിശാലമായ ഭൂപ്രദേശം -ഇന്നത്തെ സിറിയ, ജോര്‍ദാന്‍, ഫിലസ്ത്വീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെയൊക്കെ അന്ന് അതുള്‍ക്കൊണ്ടിരുന്നു. റോമിന്റെയും പേര്‍ഷ്യയുടെയും ആസന്നമായ തകര്‍ച്ചകളെക്കുറിച്ചോ അവിടങ്ങളിലെ അറബ് ഇസ്‌ലാമിക സൈനിക ജൈത്രയാത്രകളെക്കുറിച്ചോ ഉള്ള പ്രവാചക പ്രസ്താവനകള്‍ ഇറാനോടും ഇറാഖിനോടും സിറിയയോടും ജോര്‍ദാനോടും ഫിലസ്ത്വീനിനോടും ഈജിപ്തിനോടും മുസ്‌ലിംകള്‍ക്ക് മതപരമായ ശത്രുതയുണ്ടെന്നോ പ്രസ്തുത രാജ്യങ്ങളെ തകര്‍ക്കല്‍ മുസ്‌ലിംകള്‍ പുണ്യമായി കരുതുന്നുവെന്നോ സ്ഥാപിക്കുവാനുള്ള ‘തെളിവുകള്‍’ ആയി ഹാജരാക്കുന്ന ഒരാളുടെ ചരിത്രജ്ഞാനവും ലോകവിവരവും എത്ര ദയനീയമല്ല! ഈ പറയപ്പെട്ട ദേശരാഷ്ട്രങ്ങളൊന്നും നബി(സ)യുടെ കാലത്ത് നിലനിന്നിട്ടേയില്ല; നബി (സ) സൂചിപ്പിച്ച റോം, പേര്‍ഷ്യ തുടങ്ങിയ രാഷ്ട്രീയ ഏകകങ്ങളൊന്നും ഇന്ന് നിലവിലില്ല താനും. റോമും പേര്‍ഷ്യയും മാത്രമല്ല, നബി (സ) ഈ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നു പറയുന്ന ഇസ്‌ലാമിക സാമ്രാജ്യവും ഇന്നില്ല. സാമ്രാജ്യങ്ങളുടെ കാലം ചരിത്രത്തിലേക്ക് മറഞ്ഞു, നാം ദേശരാഷ്ട്രങ്ങളുടെ നവലോകക്രമത്തിലേക്ക് പ്രവേശിച്ചു. ഇന്ന് ചരിത്രപരമായി മാറിക്കഴിഞ്ഞിട്ടുള്ള ഒരു കാലഘട്ടത്തിന്റെ കാര്യമാണ് നബി(സ)യില്‍ നിന്നുള്ള ഈ ഹദീഥുകളിലൊക്കെയുള്ളത്. ലോകത്തിന്റെ രാഷ്ട്രീയ വ്യാകരണം സാമ്രാജ്യവ്യാപനമായിരുന്ന മധ്യകാലഘട്ടത്തില്‍ പ്രവാചകന്‍ (സ) സ്ഥാപിച്ച ഇസ്‌ലാമിക രാജ്യം, അദ്ദേഹത്തിന്റെ മരണശേഷം അന്നത്തെ സ്വാഭാവിക രാജ്യനൈതികത പ്രകാരം സാമ്രാജ്യമായി വളരുമെന്നും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്തുന്ന റോമോ, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ കടപുഴക്കുമെന്നും ആണ് നബി (സ) പ്രവചിച്ചത്. ആ പ്രവചനങ്ങളൊക്കെയും, അപാരമായ കൃത്യതയോടെ ഖലീഫ ഉമറിന്റെ (റ) കാലത്ത് പുലരുകയും ചെയ്തു. അവിടെ തീരുന്നതാണ് അതിലെ വിഷയം.

നബി (സ) മുസ്‌ലിംകളോട് യുദ്ധത്തിലേര്‍പ്പെടുമെന്ന് പറഞ്ഞ ഈ സാമ്രാജ്യങ്ങളുടെ പ്രവിശ്യകളൊക്കെയും അന്ന് മുസ്‌ലിം സമൂഹങ്ങളുടെ സാന്നിധ്യങ്ങളില്ലാത്ത, ഇസ്‌ലാമിക സാമ്രാജ്യത്തെ തകര്‍ക്കാന്‍ ആവേശം കാണിച്ചിരുന്ന ശത്രുനാടുകളായിരുന്നു. നബി(സ)യുടെ പ്രവചനപൂര്‍ത്തിയായി സംഭവിച്ച സൈനിക മുന്നേറ്റങ്ങളോടെ അവയൊക്കെ വമ്പിച്ച ഇസ്‌ലാമിക സമൂഹങ്ങളുടെ സാന്നിധ്യമുള്ള പുതിയ ചരിത്രഘട്ടത്തിലേക്ക് കടന്നു. ഇപ്പോഴത്തെ ഇറാനോടും ഇറാഖിനോടും സിറിയയോടും ഫിലസ്ത്വീനിനോടും ജോര്‍ദാനോടും ഈജിപ്തിനോടും യുദ്ധം ചെയ്യണമെന്നാണ് ഈ ഹദീഥുകളുടെ സന്ദേശമെന്ന് ആരെങ്കിലും ആത്മാര്‍ത്ഥമായി കരുതുന്നുണ്ടെങ്കില്‍, അവര്‍ ആ ഹദീഥുകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ; അവ സംസാരിക്കപ്പെട്ട സ്ഥലകാലത്തിന്റെ ആഖ്യാന ഭാഷയില്‍ അവര്‍ പ്രാവീണ്യം നേടിയിട്ടില്ല, അവയിലെ പ്രവചനങ്ങള്‍ ചരിത്രത്തില്‍ സഫലമായതും ശത്രുതകൾ അപ്രസക്തമായതും അവര്‍ അറിഞ്ഞിട്ടില്ല, അവയുടെ രാഷ്ട്രീയ യുക്തി ബാധകമായ കാലം അവസാനിച്ചതും അവര്‍ ശ്രദ്ധിച്ചിട്ടില്ല. എന്തിനേറെ പറയുന്നു, ഈ രാജ്യങ്ങളൊക്കെ ഇന്ന് വന്‍ മുസ്‌ലിം ജനാവലികളെയാണുള്‍ക്കൊള്ളുന്നതെന്ന ലളിത വസ്തുത പോലും അവരുടെ ആലോചനയിലേക്കു വന്നിട്ടില്ല!

റോമിനെയും പേര്‍ഷ്യയെയും പോലെ, ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ സൈനിക വികാസം സ്പര്‍ശിക്കുന്ന ഒരു ഭൂപ്രദേശമായി ഇന്‍ഡ്യയെയും നബി (സ) സൂചിപ്പിച്ചുവെന്നാണ് ഥൗബാനില്‍ (റ) നിന്നുള്ള ഹദീഥ് വ്യക്തമാക്കുന്നത്. ഇന്‍ഡ്യ എന്നു പരിഭാഷപ്പെടുത്തുന്നത് ‘അല്‍ ഹിന്ദ്’ എന്ന അറബി പ്രയോഗത്തെയാണ്. 1947 ഓഗസ്റ്റ് 15ന് നിലവില്‍ വന്ന, നമ്മളുടെയൊക്കെ മാതൃരാജ്യമായ ഇന്നത്തെ ഇന്‍ഡ്യയല്ല നബി(സ)യുടെ കാലത്തെ അറബിയിലെ അല്‍ ഹിന്ദ്. അറബികള്‍ക്ക് സിന്ധും ഹിന്ദും മിക്കവാറും കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിനു പുറമെ, ഇന്നത്തെ മലേഷ്യയുടെയും ഇന്‍ഡോനേഷ്യയുടെയും വരെ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന, ലോകത്തിന്റെ കിഴക്കേ ‘അറ്റത്ത്’ വ്യാപിച്ചുകിടന്നിരുന്ന ഒരു അമൂര്‍ത്ത സങ്കല്‍പമായിരുന്നു.(26) ഇന്നത്തെ ദേശരാഷ്ട്രങ്ങള്‍ വെച്ചുപറഞ്ഞാല്‍, പാക്കിസ്ഥാനും ഇന്‍ഡ്യയും ബംഗ്ലാദേശും മലേഷ്യയും ഇന്‍ഡോനേഷ്യയും ഒക്കെ ഉള്‍പ്പെടുന്ന സൂചകമാണ് മധ്യകാല അറബിയിലെ അല്‍ ഹിന്ദ്. ഇത് വ്യക്തമാകുന്നതോടുകൂടിത്തന്നെ ഇവ്വിഷയകമായ സംഘ് ആവേശം ഉറഞ്ഞുപോകേണ്ടതാണ്. കാരണം, ഇന്‍ഡ്യാ യുദ്ധ ഹദീഥുകള്‍ എന്നുപറയുന്നത് സിന്ധ്/ഹിന്ദ് യുദ്ധ ഹദീഥുകളെക്കുറിച്ചാണ്. അവയില്‍ നിന്ന് ഇന്‍ഡ്യാവിരുദ്ധത നിര്‍ധരിക്കുന്ന അതേ അളവുകോലുകള്‍വെച്ച് പാക്കിസ്ഥാന്‍ വിരുദ്ധതയും ബംഗ്ലാദേശ് വിരുദ്ധതയും മലേഷ്യന്‍ വിരുദ്ധതയും ഇന്‍ഡോനേഷ്യന്‍ വിരുദ്ധതയുമൊക്കെ നിര്‍ധരിക്കാനാകും. മുസ്‌ലിംകള്‍ ഈ രാജ്യങ്ങള്‍ക്കൊക്കെ -പ്രത്യേകിച്ച് പാക്കിസ്ഥാന്- വിരുദ്ധരാണെന്ന ഒരു സിദ്ധാന്തം ഹിന്ദുത്വം എന്തായാലും മെനയാനുദ്ദേശിക്കുന്നില്ലല്ലോ. ഇസ്‌ലാമിന്റെ ആഗോളവ്യാപനത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍, പേര്‍ഷ്യയെയും റോമിനെയും അപേക്ഷിച്ച് അറേബ്യയില്‍നിന്ന് അല്‍പംകൂടി വിദൂരമാണെങ്കിലും നിരവധി യുദ്ധോത്സുകരായ രാജാക്കന്‍മാരും ഇസ്‌ലാമിനെക്കുറിച്ച് അറിയാനിടവന്നിട്ടില്ലാത്ത ജനസമൂഹങ്ങളും അധിവസിക്കുന്ന, കരയും കടലും ദ്വീപുകളുമൊക്കെ അടങ്ങിയ അതികിഴക്കന്‍ ഭൂവിഭാഗത്തെക്കുറിച്ചുകൂടി സൂചിപ്പിക്കുകയും അതിലെ ചില പ്രവിശ്യകളിലേക്കും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ സൈനികര്‍ പ്രവേശിക്കുന്ന കാലം വരുമെന്ന് പ്രവചിക്കുകയും ഇസ്‌ലാമിക യുദ്ധങ്ങള്‍ക്കുള്ള പുണ്യം കൊണ്ട് പ്രസ്തുത സൈനികനീക്കവും അനുഗ്രഹിക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്തുകൊണ്ടുള്ള ഹദീഥ്, ഇസ്‌ലാമിക സാമ്രാജ്യവികാസത്തിന്റെ വളരെ സ്വാഭാവികമായ ഒരു ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത് എന്നുചുരുക്കം.

പേര്‍ഷ്യയുടെയും റോമിന്റെയും കാര്യത്തിലെന്നപോലെ, ആ ഘട്ടവും മധ്യകാല ഇസ്‌ലാമിക ചരിത്രത്തില്‍ പിന്നിട്ടിട്ടുണ്ട്. ആദ്യകാല ഇസ്‌ലാമിക സൈനിക മുന്നേറ്റങ്ങള്‍ ‘ഹിന്ദ്’ പ്രവിശ്യകളിലെത്തിയ ആ സന്ദര്‍ഭങ്ങളിലേക്കാണ് ഹദീഥ് വെളിച്ചം വീശുന്നത്; ആധുനിക ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിനോ ആധുനിക മുസ്‌ലിംകള്‍ക്കോ ബാധകമായ യാതൊന്നുമല്ല അതിലുള്ളത്. ‘അല്‍ ഹിന്ദ്’ എന്ന പ്രയോഗത്തെ ചിലപ്പോള്‍ ‘അസ്സിന്‍ദു വല്‍ ഹിന്ദ്’ എന്ന് വിപുലീകരിച്ച് പറയുന്ന ശൈലിയും മധ്യകാല അറബിയിലുണ്ടായിരുന്നു. ‘അല്‍ ഹിന്ദ്’ കൊണ്ട് സൂചിപ്പിക്കപ്പെടുന്ന അതിവിശാലമായ ഭൂപ്രദേശങ്ങളില്‍ സിന്ധൂനദിയുടെ പടിഞ്ഞാറുള്ളവയെ അസ്സിന്‍ദ് എന്നും സിന്ധൂനദിയുടെ കിഴക്കുഭാഗത്തേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെ ഹിന്ദ് എന്നും ദ്യോതിപ്പിച്ചുകൊണ്ടുള്ള പ്രയോഗരീതിയായിരുന്നു ഇത്. അറേബ്യയില്‍നിന്ന് കരമാര്‍ഗം വരുമ്പോള്‍ സിന്ധു നദി വരെയുള്ള ‘ഹിന്ദി’നെ – ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധ്- ‘സിന്‍ദ്’ എന്ന് പ്രത്യേകമായി വിളിക്കുന്ന ഈ ശൈലിയുടെ പ്രതിഫലനമാണ് ‘സിന്ധും ഹിന്ദും കീഴടക്കും’ എന്ന ദുര്‍ബലമായ ഹദീഥില്‍ കാണുന്നത്. ഥൗബാനില്‍നിന്നുള്ള ഹദീഥില്‍ ‘ഹിന്ദ്’ എന്നു പ്രയോഗിച്ചത് സിന്ധ് കൂടി ഉള്‍പ്പെടുന്ന വിശാല ഹിന്ദ് എന്ന അര്‍ത്ഥത്തിലായാലും സിന്ധ് ഒഴികെ ബാക്കിയുള്ള ഹിന്ദ് എന്ന അര്‍ത്ഥത്തിലായാലും ഹദീഥില്‍ പറഞ്ഞതുപ്രകാരമുള്ള ഇസ്‌ലാമിക സൈനിക മുന്നേറ്റങ്ങള്‍ വളരെ പ്രസിദ്ധമായ രീതിയില്‍ തന്നെ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്.

(തുടരും)

കുറിപ്പുകൾ

26. S.Q Fatimi, ‘Two letters from the maharaja to the khalifah: a study in the early history of islam in the east’, Islamic Studies, vol. 2, No. 1 (March 1963), pp.121-40.

2 Comments

  • അൽ ഹിന്ദ് എന്ന ഉദ്ദേശം ഇന്ത്യ തന്നെയാണെങ്കിൽ തന്നെ മുഗളന്മാരിലൂടെ അതും സംഭവിച്ചു എന്ന് വേണ്ടേ കരുതാൻ…?

    ANFAL A BASHEER 16.05.2020
  • തീർച്ചയായും, അങ്ങിനെ വേണം കരുതുവാൻ, കാരണം മക്കയ്ക്കെതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനവും ഇതും കൂടി കൂട്ടിവായിക്കണം… അല്ലാഹു അഅ്ലം, എന്തായാലും ഇസ്ലാം ഓരോ കുടിലിലു, കൊട്ടാരത്തിലും എത്തുന്ന കാലം വിദൂരമല്ല…

    عبدالقادر ‏بن ‏محمد 29.05.2020

Leave a comment

Your email address will not be published.