ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദൈവവും

//ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദൈവവും
//ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദൈവവും
ആനുകാലികം

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദൈവവും

മുമ്പോട്ടും പുറകോട്ടും ഒരു പോലെ വായിക്കാവുന്ന പദത്തിനോ വാക്യത്തിനോ ആണ് ഇംഗ്ലീഷിൽ ‘പാലിൻഡ്രോം’ എന്ന് പറയുക. ഉദാഹരണത്തിന് noon, refer, race car പോലെയുള്ളവയെ ‘പാലിൻഡ്രോം’ എന്ന് വിളിക്കാം. ‘malayalam’ എന്ന വാക്കും ഒരു പാലിൻഡ്രോമാണെന്ന അറിവോടെ തന്നെ ഞാൻ ചാറ്റ് ജി.പി.ടി ചാറ്റ്ബോട്ടിനോടൊരു ചോദ്യം ചോദിച്ചു:

“My country is India, and the name of my state’s language is a palindrome. Can you guess the capital of my state?”
“Thiruvananthapuram” എന്ന അതിന്റെ കൃത്യമായ മറുപടി വളരെയധികം ആശ്ചര്യത്തോടെയാണ് ഞാൻ വായിച്ചത്. ചാറ്റ് ജി.പി.ടി ആദ്യമായി ഉപയോഗിച്ച ദിവസം അതിന്റെ ബുദ്ധിയെ ടെസ്റ്റ് ചെയ്യുകയായിരുന്നു ഞാൻ. മറുവശത്തു വേറൊരു മനുഷ്യനിരുന്ന് ചാറ്റ് ചെയ്യുകയാണെന്ന് തോന്നിപ്പിക്കും വിധം നിർമ്മിത ബുദ്ധി ശരിക്കുമൊരു ‘ബുദ്ധി’ തന്നെയായി വളർന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്നത് അന്നുതൊട്ടാണ്. വെള്ളത്തിൽ പലതരം കായികാഭ്യാസങ്ങൾ കാഴ്ചവെക്കുന്ന ഡോൾഫിനുകളുടെയും ‘ചെറിയ വായിൽ വലിയ കാര്യങ്ങൾ’ സംസാരിക്കുന്ന കുട്ടികളുടേയുമൊക്കെ പ്രതീക്ഷക്കപ്പുറത്തുള്ള ബുദ്ധിസാമർത്ഥ്യത്തെ വളരെ കൗതുകത്തോടെ വീക്ഷിക്കാറുള്ള എനിക്ക്, ജീവന്റെ ഒരു തുടിപ്പുമില്ലാത്ത ഒരു സംവിധാനത്തിൽ നല്ല സംവേദനക്ഷമതയുള്ള ‘വിശേഷബുദ്ധി’യുടെ സാന്നിദ്ധ്യം അനുഭവിച്ചപ്പോഴുണ്ടായ അത്ഭുതം ഒട്ടും ചെറുതായിരുന്നില്ല. പിന്നീടങ്ങോട്ട് എന്റെ ചിന്ത പോയത് ചാറ്റ് ജി.പി.ടിയെ രൂപപ്പെടുത്താൻ പണിയെടുത്തവരുടെ വൈദഗ്ദ്യത്തിലേക്കും സ്വച്ഛന്ദമായ ഒരു പുതുബുദ്ധിയെ തന്നെ സൃഷ്ടിക്കുന്നതിലേക്ക് എത്തപ്പെട്ട മനുഷ്യരുടെ വളർച്ചയിലേക്കുമൊക്കെ ആയിരുന്നു.

നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മനുഷ്യബുദ്ധി വികാസം പ്രാപിക്കുന്നത് മനുഷ്യരിൽ സങ്കല്പനങ്ങൾ മെനയാനുള്ള കഴിവുടലെടുത്തത് മുതലാണ്. ശിലകൾ കൊണ്ട് ആയുധങ്ങൾ നിർമ്മിക്കുന്നതിൽ തുടങ്ങിയ മനുഷ്യരുടെ കണ്ടുപിടുത്തങ്ങളിൽ വലിയൊരു വഴിത്തിരിവായി മാറുന്നത് കൃഷിയുടെ കണ്ടുപിടുത്തമാണെന്നാണ് അവരുടെ പക്ഷം. നാടോടികളായി ജീവിച്ച മനുഷ്യർ കൃഷി കണ്ടുപിടിച്ചതോടെ ഒരു പ്രദേശത്ത് സ്ഥിരതാമാസമാക്കാനും ഭക്ഷണമുല്പാദിപ്പിക്കാനും തുടങ്ങിയതോടെ കൂടുതൽ ഭാവനാത്മകമായി ചിന്തിക്കാനുള്ള സാഹചര്യങ്ങളുണ്ടായി. അതോടെ ചിന്തകൾ കൂടുതൽ സങ്കീർണ്ണമാവാനും മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാനുമൊക്കെ തുടങ്ങിയതായി പറയപ്പെടുന്നു. മൂന്നുലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്ന ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് കൃഷി കണ്ടുപിടിക്കുന്നത് വെറും പതിനായിരം വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. ഈ അവസാന അറുനൂറു വർഷങ്ങൾക്കകത്താണ് വിജ്ഞാനപ്രസരണത്തിന് കാരണമായ അച്ചടിയന്ത്രത്തിന്റെയും വ്യവസായിക വിപ്ലവത്തിന് വഴിവെച്ച ആവിയന്ത്രത്തിന്റെയുമൊക്കെ കണ്ടുപിടുത്തങ്ങൾ നടക്കുന്നത്. കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ രംഗപ്രവേശനം ചെയ്തിട്ട് ഒരു നൂറ്റാണ്ടു പോലുമായിട്ടില്ല എന്നതാണ് വാസ്തവം. വളരെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ശാസ്ത്ര-സാങ്കേതിക രംഗത്ത് ഈ അവസാന നൂറ്റാണ്ടുകളിൽ ഉണ്ടായതെങ്കിലും ഇത്തരം കണ്ടുപിടുത്തങ്ങൾക്ക് തുടക്കമിട്ട കൃഷി തൊട്ടു നോക്കിയാൽ പതിനായിരം വർഷങ്ങളെടുത്താണ് മനുഷ്യർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് എത്തുന്നത് എന്ന് കാണാം.

മെഷീനുകളിലെ ബുദ്ധി പ്രയോഗികമാണെന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി അറിയപ്പെടുന്ന അലൻ ട്യൂറിംഗ് എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ്. 1950ൽ പ്രസിദ്ധീകരിച്ച ‘Computing Machinery and Intelligence’ എന്ന പ്രബന്ധത്തിലൂടെ, ലഭ്യമായ അറിവും യുക്തിയും ഉപയോഗിച്ചാണ് മനുഷ്യർ പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നും അതിനെ അനുകരിച്ചുകൊണ്ട് ബുദ്ധിയുള്ള മെഷീനുകളെ നിർമ്മിക്കാൻ കഴിയുമെന്നും സമർത്ഥിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രഥമ ആശയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ എ.ഐ സംവിധാനങ്ങളുടെ പ്രവർത്തനരീതികൾ കൂടുതൽ പുരോഗതി പ്രാപിച്ചതും സങ്കീർണ്ണവുമാണ്. ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടി, ഗൂഗിളിന്റെ ജെമിനി പോലെയുള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെ പ്രവർത്തനതത്ത്വം ഏറ്റവും ലളിതമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ, വാക്യങ്ങളിൽ നിന്നും വാക്കുകളുടെ പശ്ചാത്തലവും അവ തമ്മിലുള്ള പരസ്പര ബന്ധവും നോക്കി അർത്ഥം ഗ്രഹിക്കാൻ കഴിവുള്ള അവയിലെ ട്രാൻസ്ഫോമറുകൾക്ക്, കുറെയേറെ പുസ്തകങ്ങളിലെയും ലേഖനങ്ങളിലെയും ഇൻറർനെറ്റിലേയുമൊക്കെയുള്ള വളരെ ഭീമമായ അളവിലുള്ള ടെക്സ്റ്റ് ഡേറ്റ നൽകി, ആ ഡേറ്റയിൽ നിന്നും കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയ ശേഷം ഏറ്റവും ഉചിതമായ വാചകങ്ങൾ പ്രവചിക്കാൻ പരിശീലിപ്പിക്കുകയും അതുവഴി കൂടുതൽ യുക്തിപൂർവമായ സംഭാഷണം സാധ്യമാക്കുകയുമാണു ചെയ്യുന്നത് എന്നറിയാൻ സാധിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മനുഷ്യരുമായി സമീകരിച്ചു കൊണ്ടുള്ള കുറെയേറെ ചർച്ചകളും വാർത്തകളും ഇന്ന് സജീവമാണെങ്കിലും പൂർണ്ണാർത്ഥത്തിൽ അവയെ മനുഷ്യബുദ്ധിയുമായി താരതമ്യപ്പെടുത്താൻ സാധ്യമല്ല എന്നതാണ് വാസ്തവം. മനുഷ്യൻെറ മാത്രം പ്രത്യേകതയായ ‘ബോധം’ എന്ന പ്രതിഭാസം മനുഷ്യരെ എ.ഐയിൽ നിന്നും വേറിട്ടു നിർത്തുന്നു. ബോധത്തിന്റെ ഉപോല്പന്നമായി വർത്തിക്കുന്ന ധാർമ്മികത, വൈകാരികത, സ്വത്വബോധം പോലെയുള്ള മനസികാവസ്ഥകളുള്ള ഹ്യുമനോയിഡുകളും റോബോട്ടുകളും ഇന്നും സിനിമകളിലും സയൻസ് ഫിക്ഷനുകളിലും മാത്രമേയുള്ളൂ. ബുദ്ധിശക്തിയുള്ള മെഷീനുകളിൽ അവയിലെ ചിന്താപ്രക്രിയയുടെ ഒരു ആവിർഭാവ ഗുണമായി ബോധത്തിന്റെ സാന്നിധ്യവുമുണ്ടാകാം എന്ന ചർച്ചകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്നും അങ്ങനെയൊന്ന് കാര്യമായി തെളിയിക്കപ്പെട്ടതായി അറിവില്ല. “മെഷീനുകളിലെ ബോധത്തെ പരീക്ഷിക്കുന്ന പ്രക്രിയയിൽ ബോധത്തെ എങ്ങനെ നിർവചിക്കും എന്നതാണ് ഏറ്റവും വലിയ കടമ്പ” എന്ന് നേച്വർ മാഗസിനിൽ വന്ന ഒരു ഓൺലൈൻ ലേഖനത്തിൽ ലേഖകൻ അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം പറഞ്ഞത് പോലെ ബോധമെന്ന പ്രതിഭാസം ശരിക്കുമൊരു സമസ്യ തന്നെയാണല്ലേ? എന്നെങ്കിലും ബോധത്തെ പറ്റി കാര്യമായൊന്ന് പര്യാലോചിച്ചു നോക്കിയിട്ടുണ്ടോ?
മൊബൈലിൽ ഓൺലൈൻ ചെസ്സ് കളിക്കാറുള്ള എന്റെ രണ്ടു സുഹൃത്തുക്കളിൽ ഒരാൾ എന്നും കളി തോൽക്കുക പതിവായിരുന്നു. ഒരു തവണയെങ്കിലും ജയിച്ചു കാണിക്കാനായി ഒരുനാൾ അവനൊരു സൂത്രമൊപ്പിച്ചു. കളി തുടങ്ങുന്നതിനു മുമ്പേ തന്നെ, തന്റെ ഓഫീസ് പി.സിയിൽ ഒരു ചെസ്സ് ഗെയിം ഓപ്പണാക്കി വെച്ചു. എന്നിട്ട് മൊബൈലിലെ തന്റെ എതിരാളിയായ കൂട്ടുകാരന്റെ ഓരോ കരുനീക്കങ്ങളും നോക്കി അതേപടി അവൻ കമ്പ്യൂട്ടറിനെതിരെ നീക്കി. കമ്പ്യൂട്ടറിന്റെ മറുപടി നീക്കം നോക്കി കൂട്ടുകാരനെതിരെയും. അങ്ങനെയവസാനം ആദ്യമായി അവനന്ന് കളി ജയിച്ചു. നടന്ന ഈ സംഭവം ഞാൻ ഓർത്തെടുത്തത് അമേരിക്കൻ തത്ത്വചിന്തകനായ John Searle 1980ൽ അവതരിപ്പിച്ച ‘Chinese Room’ എന്ന ചിന്താപരീക്ഷണം വായിച്ചപ്പോഴാണ്. ‘ബുദ്ധിപൂർവ്വം’ നമ്മോട് സംവദിക്കുന്ന കംപ്യൂട്ടറുകളുടെ പ്രതികരണങ്ങളൊന്നും തന്നെ അവയുടെ ബോധപൂർവ്വമോ അറിവോടെയോ ഉള്ളതല്ലെന്നും കേവലം നൽകപ്പെട്ട നിർദേശങ്ങൾ അനുസരിക്കുക മാത്രമാണവ ചെയ്യുന്നതെന്നും കാണിക്കാനായിരുന്നു അദ്ദേഹം ആ ചിന്താപരീക്ഷണം മുന്നോട്ടു വെച്ചത്. ഈ ചിന്താപരീക്ഷണത്തിന് നേരത്തെ പറഞ്ഞ സുഹൃത്തുക്കളുടെ ചെസ്സ് ഗെയിമിനോട് സമാനതകളുണ്ട്. ജയിച്ച കളിയായിരുന്നിട്ട് പോലും, ജയിച്ചവന്റെ ഒരു നീക്കം പോലും ബോധപൂർവമായിരുന്നില്ല മറിച്ച് കമ്പ്യൂട്ടർ ഗെയിമിനെ അവൻ അന്ധമായി അനുകരിക്കുകയായിരുന്നു എന്ന് നമ്മൾ കണ്ടതാണല്ലോ.

ഇനി വിഷയത്തിന്റെ രണ്ടാം ഭാഗത്തേക്ക് വരാം. ബുദ്ധിശക്തിക്ക് പുറമെ അതിസങ്കീർണ്ണ ഘടനയും ബോധവുമൊക്കെയുമുള്ള മനുഷ്യമസ്തിഷ്കം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രലോകത്ത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉത്തരം പരിണാമ സിദ്ധാന്തമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇനി മുകളിൽ വിസ്തരിച്ച കാര്യങ്ങളുടെ സംഗ്രഹത്തെ പരിണാമവാദവുമായി ചേർത്തുവെക്കുമ്പോൾ ഉയർന്നു വരുന്ന കുറച്ചു സന്ദേഹങ്ങളെ നമുക്ക് പരിശോധിക്കാം.

ചുരുങ്ങിയത് പതിനായിരം വർഷങ്ങൾ നീണ്ട മനുഷ്യധിഷണയുടെ വളരെ ‘ബോധപൂർവ്വമായ’ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്നൊന്ന് സാധ്യമായിട്ടുള്ളുവെങ്കിൽ, ഏതെങ്കിലുമൊരു ഏജൻസിയുടെ ഒരല്പം പോലും ഇടപെടലുകളില്ലാതെ മനുഷ്യബുദ്ധിക്ക് നിദാനമായ മനുഷ്യമസ്തിഷ്കം താനേ പരിണമിച്ചുണ്ടാവാനുള്ള സാധ്യത എത്രത്തോളമായിരിക്കാം?

കോടാനുകോടി വർഷങ്ങളിലൂടെ പല ഘട്ടങ്ങൾ താണ്ടിയ പരിണാമത്തെ ഒറ്റയിരിപ്പിലിരുന്ന് മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം സന്ദേഹങ്ങൾ ജനിക്കുന്നത് എന്നാണ് പൊതുവെ ഉന്നയിക്കപ്പെടാറുള്ള ഒരു വാദം. പരിണാമ വാദക്കാരുടെ അഭിപ്രായത്തിൽ മനുഷ്യമസ്തിഷ്ക പരിണാമത്തിന്റെ നാന്നൂറ് കോടി വർഷങ്ങൾ നൂറുശതമാനം ആകസ്മികം മാത്രമാണ്. അങ്ങനയെങ്കിൽ, ആകസ്മികതയുടെ ആ നാന്നൂറ് കോടി വർഷങ്ങളെ, നിർമ്മിത ബുദ്ധിയിലേക്കെത്തിയ പരിപൂർണ്ണ ബോധത്തോടെയുള്ള കഠിന പരിശ്രമങ്ങളുടെ പതിനായിരം വർഷങ്ങളോട് ഒട്ടും താരതമ്യപ്പെടുത്താനൊക്കില്ല എന്നു തന്നെയാണോ?

അജൈവ വസ്തുക്കൾക്ക് വിഭിന്നമായി ജൈവപഥാർത്ഥങ്ങൾക്ക് സ്വയം പെരുകാനും പകർപ്പെടുക്കാനും അതിനിടയിൽ യാദൃച്ഛികമായി സംഭവിക്കാൻ സാധ്യതയുള്ള ഉൾപരിവർത്തനങ്ങൾ വഴി പ്രയോജനകരമായ സ്വഭാവവിശേഷങ്ങൾ ആർജ്ജിക്കാനുമൊക്കെയുള്ള നൈസർഗികമായ ചോതനയുള്ളതിനാൽ ഒരു ഏജൻസിയുടെയും സഹായമില്ലാതെ തന്നെ സങ്കീർണ്ണഘടനയുള്ള ജൈവവസ്തുക്കളിലേക്ക് വികസിക്കാൻ അവയ്ക്ക് കഴിയുമെന്നതാണ് മറ്റൊരു വാദം. പരിണാമവഴിയിലെ ഒരു ഘട്ടത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള ഒരു ‘ഉദ്ദേശ്യവും’ കൂടാതെയുള്ള കോടാനുകോടി ചുവടുവെപ്പുകളുടെ ആകെത്തുകയാണ് നാമിന്നു അനുഭവിച്ചു കൊണ്ടിരിക്കുന്ന നാമെന്ന അസ്തിത്വമെന്ന് ഉറപ്പിച്ചു പറയപ്പെടുമ്പോൾ അതിലെ യുക്തിയെ സംശയക്കണ്ണോടെ നോക്കുന്നത് ശാസ്ത്രീയ മനോഭാവമില്ലായ്മയാണോ?

“യുക്തിപരതയും ജാഗ്രത്തായ ചിന്തയും ആവശ്യമായ ശാസ്ത്ര ശാഖയിൽ, പദാർത്ഥത്തിൻെറ പഠനത്തിൽ, ജീവിതകാലം മുഴുവൻ സമർപ്പിച്ച ഒരാളെന്ന നിലയിൽ, അണുവിനെ പറ്റയുള്ള എൻെറ ഗവേഷണ ഫലത്തിൻെറ വെളിച്ചത്തിൽ എനിക്കു ഇത്ര മാത്രം പറയാൻ കഴിയും: “പദാർത്ഥമെന്നൊന്നില്ല” എന്ന്. എല്ലാ പദാർത്ഥങ്ങളും ഉത്ഭവിക്കുന്നതും നിലനിൽക്കുന്നതും ഒരു ശക്തിയിലാണ്. അതാണ് അണുവിന്റെ കണികകൾക്ക് കമ്പനശക്തി നൽകുന്നതും അതിന്റെ ഈ അതിസൂക്ഷ്മ സൗരയൂഥ വ്യവസ്ഥയെ ഒന്നിച്ചു പിടിച്ചു നിർത്തുന്നതും. ഈ ശക്തിക്ക് പിന്നിൽ ബുദ്ധിയും ബോധവുമുള്ള ഒരു അസ്തിത്വത്തെ നാം അനുമാനിക്കണം. എല്ലാ വസ്തുക്കളുടേയും പ്രഭവകേന്ദ്രം ഈ അസ്തിത്വമത്രെ.”

ഇത് പറഞ്ഞത് ആധുനിക ഭൗതിക ശാസ്ത്രത്തിന് അടിത്തറ പാകിയ ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ മാക്സ് പ്ലാങ്ക് ആണ്.

മനുഷ്യബുദ്ധിയുടെ സൃഷ്ടിക്ക് പിന്നിൽ വേറൊരു ബുദ്ധിശക്തിയുണ്ടെകിൽ ആ ബുദ്ധിശക്തിയുടെ സൃഷ്ടിക്ക് പിന്നിലാരാണ്? അതിന്റെയും പിന്നിലാരാണ്? എന്നിങ്ങനെ നീണ്ടുപോകുന്ന ഒരു ചോദ്യം വീണ്ടും നിലനിൽക്കുന്നുണ്ട്. ഫിലോസഫിയിലെ ‘Contingency Argument’ ഈ ചോദ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഒരു ഉദാഹരണത്തിലൂടെ അതിങ്ങനെ മനസിലാക്കാം. മറ്റൊരാൾ തന്നതാണെന്ന് പറഞ്ഞു നിങ്ങൾക്കൊരാൾ ഒരു ഉപഹാരം തന്നെന്നു കരുതുക. രണ്ടാമത്തെയാളോട് ചോദിച്ചപ്പോൾ അയാൾ വേറൊരാളുടെ പേര് പറഞ്ഞു. അതങ്ങനെ അഞ്ചോ ആറോ പേരോട് ചോദിച്ചിട്ടും ആരാണെന്നു കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ലെന്നു വെക്കുക. കുറെയേറെ ചോദ്യങ്ങൾക്ക് ശേഷവും ആളെ കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽപോലും, നിങ്ങളുടെ തിരച്ചിൽ അനന്തതയിൽ ചെന്നവസാനിക്കില്ല; കാരണം, നിങ്ങളുടെ കയ്യിലൊരു ഉപഹാരമിരിപ്പുണ്ടെങ്കിൽ ആരോ ഒരുതവണ അത് വാങ്ങിച്ചിട്ടുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നതുപോലെ സൃഷ്ടികർമ്മത്തിന്റെ നൈരന്തര്യത്തിൽ പുറകോട്ടു സഞ്ചരിച്ചാൽ, ഒരിക്കലും സൃഷ്ടിക്കപ്പെടാതെ എന്നെന്നും നിലനിന്നിരുന്നതായ ഒരസ്തിത്വത്തിൽ ചെന്നവസാനിക്കണമെന്നുള്ളത് ഒരനിവാര്യതയായി വരുന്നതായി കാണാം. അപ്പോൾ ബാക്കിയാവുന്ന ഏറ്റവും പ്രസക്തമായ ചോദ്യം എന്താണ് ആ അസ്തിത്വം എന്നുള്ളതാണ്. മതവിശ്വാസികൾ ആ അസ്തിത്വത്തെ ‘ദൈവം’ എന്ന് വിളിക്കുന്നു.

print

7 Comments

  • Insightful content. 👍

    Mumthasir 02.09.2024
  • മാഷാ അല്ലാഹ് എൻറെ സഹോദരൻ എത്ര മനോഹരമായാണ് ദൈവം എന്ന സത്യത്തിലേക്ക് വായനക്കാരെ നയിക്കുന്നത്

    saeed 02.09.2024
  • Nice one.

    mohammed shaheer 02.09.2024
  • 👏

    Haseeb 02.09.2024
  • Well explained

    Noushad 04.09.2024
  • 👍👍

    Farzeen Abdulla 05.09.2024
  • jazakallah

    shefin 06.09.2024

Leave a comment

Your email address will not be published.