ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -2

//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -2
//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -2
ആനുകാലികം

ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -2

ബ്ലൂ വയാഗ്രയുടേയും പിങ്ക് വയാഗ്രയുടേയും കഥ

1978-ൽ സോഷ്യൽ സൈക്കോളജിസ്റ്റ് എലെയ്ൻ ഹാറ്റ്ഫീൽഡ് (Elaine Hatfield), “A New Look at Love” എന്ന പേരിൽ ഒരു പുസ്തകം എഴുതി, വികാരാധീനവും സഹജീവിപരവുമായ പ്രണയത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ മുഴുവൻ അതിൽ സംഗ്രഹിച്ചു. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ നാഷണൽ മീഡിയ അവാർഡ് ഈ ഗ്രന്ഥത്തിന് ലഭിച്ചു. ലൈംഗികാഭിനിവേശത്തെയും പ്രണയത്തെയും കുറിച്ച് അവർ നൂറിലധികം അക്കാദമിക പ്രബന്ധങ്ങൾ രചിച്ചു. പ്രണയം, ലൈംഗികത, അടുപ്പം എന്നിവ പോലെയുള്ള നല്ല സ്വീകാര്യതയുള്ള മറ്റ് ശാസ്ത്ര പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചു, കൂടാതെ Vengeance Is Mine പോലുള്ള നിരവധി ഡിറ്റക്ടീവ് നോവലുകളിൽ ഹ്യൂമൻ സൈക്കോളജിയെക്കുറിച്ചുള്ള അവരുടെ അറിവ് ഉപയോഗപ്പെടുത്തി. എന്നാൽ ദീർഘകാലം വിവാദങ്ങൾ സൃഷ്ടിച്ച ഹാറ്റ്ഫീൽഡിന്റെ പ്രസിദ്ധീകരണം അവരുടെ ഏറ്റവും ചെറിയ ഒരു കൃതി ആയിരുന്നു – സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികാഭിനിവേശങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു മനഃശാസ്ത്ര ഗവേഷണ പ്രബന്ധമായിരുന്നു അത്…

ഒരു ദിവസം ഉച്ചതിരിഞ്ഞ്, ഹാറ്റ്ഫീൽഡും സഹ മനശാസ്ത്രജ്ഞനായ റസ്സൽ ക്ലാർക്കും ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജ് കാമ്പസിലേക്ക് ഒമ്പത് ഗവേഷണ സഹായികളെ അയച്ചു. ഒരു മനഃശാസ്ത്ര ബിരുദ ക്ലാസിലെ കാഷ്വൽ വസ്ത്രം ധരിച്ച നാല് യുവാക്കളും അഞ്ച് യുവതികളുമായിരുന്നു ഗവേഷണ സഹായികൾ. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികളെ സമീപിക്കാൻ പുരുഷ കോൺഫെഡറേറ്റുകൾക്ക് നിർദ്ദേശം നൽകി. പുരുഷ വിദ്യാർത്ഥികളെ സമീപിക്കാൻ വനിതാ കോൺഫെഡറേറ്റുകൾക്കും നിർദ്ദേശം നൽകി. ഓരോ കോൺഫെഡറേറ്റും അവൻ അല്ലെങ്കിൽ അവൾ ലക്ഷ്യം വെക്കുന്ന വിദ്യാർത്ഥികളോട് മൂന്ന് ചോദ്യങ്ങളിൽ ഒന്ന് ചോദിച്ചു:

1. ഇന്ന് രാത്രി നിങ്ങൾ എന്നോടൊപ്പം ഒരു ഡേറ്റ് എന്നോണം പുറത്തുപോകുമോ?

2. നിങ്ങൾ ഇന്ന് രാത്രി എന്റെ അപ്പാർട്ട്മെന്റിലേക്ക് വരുമോ?

3. ഇന്ന് രാത്രി നിങ്ങൾ എന്നോടൊപ്പം ഉറങ്ങാൻ വരുമോ?

ഈ ചോദ്യങ്ങളോട് ആൺകുട്ടികളും പെൺകുട്ടികളും എങ്ങനെ പ്രതികരിച്ചതെന്നാണ് നിങ്ങൾ കരുതുന്നത്? ഫലങ്ങൾ കാണുന്നതിന് മുമ്പ്, ഊഹിക്കാൻ ശ്രമിക്കുക. ആകർഷകയായ എന്നാൽ തികച്ചും അജ്ഞാതയായ ഒരു അപരിചിതയിൽ നിന്നുള്ള ലൈംഗിക അഭ്യർത്ഥനയ്ക്ക് എത്ര ശതമാനം പുരുഷന്മാരാണ് “അതെ” എന്ന് പറയുമെന്ന് നിങ്ങൾ കരുതുന്നത്?

ഇതാണ് പഠനത്തിന്റെ ഫലങ്ങൾ:

1. ഇന്ന് രാത്രി നിങ്ങൾ എന്നോടൊപ്പം ഒരു ഡേറ്റ് എന്നോണം പുറത്തുപോകുമോ?

“അതെ” എന്ന് പറഞ്ഞ പുരുഷന്മാർ: 50%

2. നിങ്ങൾ ഇന്ന് രാത്രി എന്റെ അപ്പാർട്ട്മെന്റിലേക്ക് വരുമോ?

“അതെ” എന്ന് പറഞ്ഞ പുരുഷന്മാർ: 69%

3. ഇന്ന് രാത്രി നിങ്ങൾ എന്നോടൊപ്പം ഉറങ്ങാൻ വരുമോ?

“അതെ” എന്ന് പറഞ്ഞ പുരുഷന്മാർ: 75%

പുരുഷന്മാർ ഒരു സ്ത്രീയുമായി ഡേറ്റിംഗ് നടത്തുന്നതിനേക്കാൾ അവളോടൊപ്പം ഉറങ്ങാൻ കൂടുതൽ പ്രേരിതരാണ് എന്ന് കാണുന്നു. എന്നാൽ സ്ത്രീകളുടെ കാര്യമോ? കാമ്പസിൽ അവളുടെ അടുത്തേക്ക് നടന്ന് വന്ന ആകർഷകനായ ഒരു കോളേജ് പയ്യനുമായി വീട്ടിലേക്ക് പോകാനുള്ള അവന്റെ ക്ഷണത്തിന് എത്ര ശതമാനം കോളേജ് സ്ത്രീകൾ “അതെ” എന്ന് പറയുമെന്നാണ് നിങ്ങൾ കരുതുന്നത്?

1. ഇന്ന് രാത്രി നിങ്ങൾ എന്നോടൊപ്പം ഒരു ഡേറ്റ് എന്നോണം പുറത്തുപോകുമോ?

“അതെ” എന്ന് പറഞ്ഞ സ്ത്രീകൾ: 56%

2. നിങ്ങൾ ഇന്ന് രാത്രി എന്റെ അപ്പാർട്ട്മെന്റിലേക്ക് വരുമോ?

“അതെ” എന്ന് പറഞ്ഞ സ്ത്രീകൾ: 6%

3. ഇന്ന് രാത്രി നിങ്ങൾ എന്നോടൊപ്പം ഉറങ്ങാൻ വരുമോ?

“അതെ” എന്ന് പറഞ്ഞ സ്ത്രീകൾ: 0%

ഏതാണ്ട് ഒരു പതിറ്റാണ്ടോളം ഹാറ്റ്ഫീൽഡിനും ക്ലാർക്കിനും ഈ നാടകീയമായ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ചില ജേണൽ എഡിറ്റർമാർ ഇത് ഫ്ലോറിഡ സ്റ്റേറ്റിന്റെ മാത്രം പ്രത്യേകതകളിൽ ഒന്നായിരിക്കാമെന്ന് നിർദ്ദേശിച്ചു-ഒരുപക്ഷേ ചൂടുള്ള കാലാവസ്ഥ കാരണമാവാം എന്ന് വാദിച്ചു. ജേർണൽ എഡിറ്റർമാർ ഗവേഷണത്തിൽ അവിശ്വാസം പ്രകടിപ്പിച്ചു, അവർ ഈ ഗവേഷണത്തെ അശാസ്ത്രീയവും ബാലിശവും അല്ലെങ്കിൽ വളരെ പ്രകോപനപരവുമാണെന്ന് പറഞ്ഞു കൊണ്ട് നിന്ദിച്ചു. ഒരു പത്രാധിപർ എഴുതി, “ഈ പ്രബന്ധം ഏതെങ്കിലും പണ്ഡിത ജേണലിൽ സമർപ്പിക്കാനുള്ള സാധ്യതയേയില്ലാതെ നിരസിക്കപ്പെടേണ്ടതാണ്. കോസ്‌മോപൊളിറ്റൻ ഇത് പ്രിന്റ് ചെയ്യുന്നില്ലെങ്കിൽ പെന്റ്‌ഹൗസ് ഫോറം അത് ഇഷ്ടപ്പെട്ടേക്കാം.” എന്ന് പരിഹസിച്ചു.

എന്നാൽ അപ്പോഴേക്കും ഹാറ്റ്ഫീൽഡ് അത്തരം തിരിച്ചടികൾ ശീലിച്ചു കഴിഞ്ഞിരുന്നു. അവരും ക്ലാർക്കും ഫ്ലോറിഡ സ്റ്റേറ്റിൽ ഇതേ പഠനം ആവർത്തിച്ചു. അവർക്ക് സമാനമായ ഫലങ്ങൾ തന്നെ ലഭിച്ചു: ഇത്തവണ, പുരുഷ ഗവേഷണ കോൺഫെഡറേറ്റിനൊപ്പം വീട്ടിലേക്ക് പോകാൻ ഒരു സ്ത്രീയും സമ്മതിച്ചില്ല. ഫലങ്ങൾ ഒടുവിൽ 1989-ൽ ജേണൽ ഓഫ് സൈക്കോളജി ആൻഡ് ഹ്യൂമൻ സെക്ഷ്വാലിറ്റിയിൽ പ്രസിദ്ധീകരിച്ചു. ഇന്ന്, ഈ പേപ്പർ ഒരു സോഷ്യൽ സൈക്കോളജി ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു.

2000-ങ്ങളിൽ, ഹാറ്റ്ഫീൽഡ് – ക്ലാർക്ക് പഠനം ബെൽജിയം, ഡെന്മാർക്ക്, ജർമ്മനി എന്നിവിടങ്ങളിൽ സമാനമായ ഫലങ്ങളോടെ ആവർത്തിക്കപ്പെട്ടു.

ഓൺലൈൻ ഡേറ്റിംഗ് സൈറ്റായ OkCupid-ലെ 6 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ പ്രതികരണങ്ങളും ഈ ഫലങ്ങളെ ശക്തിപ്പെടുത്തി. അംഗങ്ങൾ സൃഷ്‌ടിച്ച ചോദ്യങ്ങൾക്കുള്ള അംഗങ്ങളുടെ ഉത്തരങ്ങളാണ് OkCupid-ന്റെ ഒരു പ്രാഥമിക സവിശേഷത. അത്തരത്തിലുള്ള ഒരു ചോദ്യം ഇങ്ങനെയായിരുന്നു, “ആരെങ്കിലും നിങ്ങൾക്ക് ഒരു ടെക്‌സ്‌റ്റ് മെസേജ് അയച്ച്… പെട്ടെന്ന് ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?” ഈ ചോദ്യത്തിനുള്ള പ്രതികരണങ്ങളിൽ വലിയ ലിംഗ വ്യത്യാസം ഉണ്ടായിരുന്നു: 60 ശതമാനം പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ 15 ശതമാനം സ്ത്രീകൾ മാത്രമാണ് അനുകൂലമായി പ്രതികരിക്കുമെന്ന് പറഞ്ഞത്. മറ്റൊരു ചോദ്യം ഇപ്രകാരമായിരുന്നു, “ഒന്നാമത്തെ കൂടിക്കാഴ്ചയിൽ തന്നെ ഒരാളുടെ കൂടെ ഉറങ്ങുന്നത് നിങ്ങൾ പരിഗണിക്കുമോ?” മിക്ക സ്ത്രീകളും ഇല്ല എന്ന് പറഞ്ഞു. മിക്ക പുരുഷന്മാരും അതെ എന്ന് പറഞ്ഞു. ഈ കൗതുകകരമായ ഫലങ്ങൾ സൂചിപ്പിക്കുന്നത് പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികാഭിനിവേശങ്ങളുടേയും പ്രകൃതത്തിന്റെയും വ്യത്യസ്തത തന്നെയാണ്.

(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire: Page: 98)

പുരുഷന്റെ ലൈംഗികത ശാരീരികമായ, ശരീരാസക്തി കേന്ദ്രീകൃതമായ ഒരു പ്രക്രിയയാണെങ്കിൽ സ്ത്രീകളുടെ ലൈംഗികത മാനസികമായ, മനോവികാര കേന്ദ്രീകൃതമായ ഒരു പ്രക്രിയയാണ് എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

കാനഡയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസറാണ് മെറിഡിത്ത് ചിവേഴ്സ് (Meredith Chivers). യൂണിവേഴ്സിറ്റിയിലെ സെക്ഷ്വാലിറ്റി ആൻഡ് ജെൻഡർ ലബോറട്ടറിയുടെ ഡയറക്ടർ എന്ന നിലയിൽ, സ്ത്രീകളുടെ ലൈംഗികാഭിനിവേശത്തിന്റെ ന്യൂറോ സൈക്കോളജിയിൽ ലോകത്തെ പ്രമുഖ ഗവേഷകരിൽ ഒരാളാണ് അവർ. 2004-ൽ ചിവേഴ്സ്, സ്ത്രീകളെ ലൈംഗികമായി ഉണർത്തുന്നത് എന്താണെന്ന് കണ്ടെത്താൻ ഒരു തന്ത്രപരമായ പരീക്ഷണം നടത്തി.

മനസ്സിന്റെ ബോധപൂർവമായ ലൈംഗീകോത്തേജനവും (the conscious arousal of the mind) ശരീരത്തിന്റെ അബോധാവസ്ഥയിലുള്ള (അല്ലെങ്കിൽ അർദ്ധബോധാവസ്ഥയിലുള്ള) ലൈംഗീകോത്തേജനവും (the unconscious or semiconscious) arousal of the body) തമ്മിൽ വളരെ വലിയ ഒരു വ്യത്യാസം ഉണ്ടായിരുന്നു എന്ന് പരീക്ഷണത്തിൽ അവർ കണ്ടെത്തുകയുണ്ടായി. പുരുഷ അംഗങ്ങളെ വെച്ചു അതേ പരീക്ഷണം നടത്തിയപ്പോൾ, മാനസികവും ശാരീരികവുമായ രണ്ട് തരത്തിലുള്ള ലൈംഗികോത്തേജനങ്ങൾക്കുമിടയിൽ ഫലത്തിൽ യാതൊരു വിയോജിപ്പും ഉണ്ടായിരുന്നില്ല. ഒരു പുരുഷനെ ശാരീരികമായി – ലൈംഗികമായി – ഓണാക്കിയാൽ, അവൻ മാനസികമായും ഓണാക്കപ്പെട്ടു. എന്നാൽ ഒരു സ്ത്രീയെ ശാരീരികമായി – ലൈംഗികമായി – ഓണാക്കിയാൽ പോലും, അവൾ മാനസികമായും ഓണാക്കപ്പെടുന്നില്ല. മനസ്സും ശരീരവും തമ്മിലുള്ള കൗതുകകരമായ ഈ വിഘടനം സ്ത്രീകൾക്കിടയിലുള്ള നിരന്തരമായി നിശ്ശബ്ദമാക്കപ്പെട്ട ഒരു പൊതു അനുഭവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. എന്തുകൊണ്ടാണ് സ്ത്രീകൾ പോണോഗ്രഫി കാണാത്തത് എന്ന വിഷയത്തെ അഭിസംബോധന ചെയ്യുന്ന ഒരു ലേഖനത്തിന് മറുപടിയായി Salon.com-ൽ ഒരു സ്ത്രീ ഇപ്രകാരം എഴുതുകയുണ്ടായി: “(ബൗദ്ധികമായി) ഓൺ ചെയ്യപ്പെടുന്നതിനും (ബൗദ്ധികമായി) ഓഫ് ചെയ്യപ്പെടുന്നതിനും ഇടയിലുള്ള ദ്വന്ദ്വത്തെക്കുറിച്ച് എഴുതിയ സ്ത്രീകൾക്ക് നന്ദി. ഇന്നലെ രാത്രി എന്റെ ഭർത്താവ് അദേഹത്തോടൊപ്പം പോൺ കാണാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു, ഏകദേശം 10 മിനിറ്റിന് ശേഷം ഞാൻ ഓൺ ആവുന്നതിന് പകരം ഓഫാവുകയാണ് ചെയ്യുന്നത് എന്ന് ഭർത്താവിനോട് വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു (അഥവാ എന്റെ ഒരു ഭാഗം ഉത്തേജിതമായാൽ പോലും -അത് ആസ്വദിക്കാൻ മറ്റേതോ ഭാഗം എന്നെ അനുവദിക്കുന്നില്ല). പോണിന്റെ കാര്യത്തിൽ ഒരു പുരുഷനാകുന്നത് എളുപ്പമാണെന്ന് ഞാൻ കരുതുന്നു- കാരണം പോണിൽ എന്റെ തലച്ചോറിനും ശരീരത്തിനും ചുറ്റും പറക്കുന്ന ഈ പരസ്പരവിരുദ്ധമായ കാര്യങ്ങളെല്ലാം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു…”

ഇതേ ഓൺലൈൻ ചർച്ചയിൽ, ശാരീരികമായി ഉത്തേജിപ്പിക്കപ്പെടാനും മാനസികമായി വെറുപ്പനുഭവപ്പെടാനും സാധ്യതയുണ്ടെന്ന കാര്യത്തിൽ നിരവധി പുരുഷന്മാർ അവിശ്വാസം പ്രകടിപ്പിച്ചപ്പോൾ, സ്ത്രീകൾ അനുകൂലമായി പ്രതികരിച്ചു.

ചിലർക്കെല്ലാം പ്രകോപനപരമായ തന്റെ ഗവേഷണ ഫലങ്ങൾ ലഭിച്ചതിന് ശേഷം, 1969 നും 2007 നും ഇടയിൽ പ്രസിദ്ധീകരിച്ച 132 വ്യത്യസ്ത ലബോറട്ടറി പഠനങ്ങൾ ചിവേഴ്സ് അവലോകനം ചെയ്തു. ശാരീരികവും മാനസികവുമായ ഉത്തേജനത്തെക്കുറിച്ച് അന്വേഷിക്കുന്ന -ചിവേഴ്സിന്റെ പഠനത്തിന് സമാന്തരമായി നടന്ന- പഠനങ്ങളായിരുന്നു അവ. ഫലങ്ങൾ വളരെ വ്യക്തമായിരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ലൈംഗികമായ ഉത്തേജനം തമ്മിൽ ശക്തമായ ബന്ധം പുരുഷന്മാരിൽ പുലർത്തുന്നുണ്ടെങ്കിലും സ്ത്രീകളിൽ അതില്ല. വാസ്തവത്തിൽ, സ്ത്രീകളിലെ ശാരീരികവും മാനസികവുമായ ലൈംഗിക ഉത്തേജനം തമ്മിലുള്ള പരസ്പരബന്ധം വളരെ കുറവായിരുന്നു. ഒരു സ്ത്രീയുടെ യോനിയിലെ ലൂബ്രിക്കേഷൻ അവൾക്ക് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന വികാരവുമായി ബന്ധമില്ല എന്ന് പോലും വേണമെങ്കിൽ പറയാം. വാസ്തവത്തിൽ, പല സ്ത്രീകളും ആഗ്രഹമില്ലാതെയും, നിർബന്ധിതവുമായ ലൈംഗിക ബന്ധത്തിൽ പങ്കെടുക്കപ്പെടുമ്പോൾ വരെ ലൂബ്രിക്കേഷനും ചിലപ്പോൾ ശാരീരികമായ രതി പ്രതികരണം പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നു: അഥവാ ഒരു സ്ത്രീയുടെ മനസ്സ് ഒരു ലൈംഗിക ബന്ധത്തെ വെറുക്കുമ്പോൾ പോലും അവളുടെ ശരീരം അനുകൂലമായി യാന്ത്രികമായി പ്രതികരിച്ചെന്ന് വരാം. അതേസമയം, ഒരു പുരുഷന് ലിംഗോദ്ധാരണം സംഭവിക്കുകയാണെങ്കിൽ, അവന്റെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ചു നിങ്ങൾക്ക് വളരെ ന്യായമായ ഊഹങ്ങൾ നടത്താൻ കഴിയും. ചിവേഴ്സിന്റെ ചരിത്ര പ്രസക്തമായ ഗവേഷണത്തിൽ നിന്നുള്ള ഒഴിവാക്കാനാവാത്ത നിഗമനങ്ങൾ ഇവയാണ്: മാനസികവും ശാരീരികവുമായ ലൈംഗിക ഉത്തേജനം സാധാരണയായി പുരുഷന്മാരിൽ ഒരുമിച്ച് ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ സ്ത്രീകളിൽ അത് വിച്ഛേദിക്കപ്പെട്ടു കിടക്കുന്നു. ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്നുള്ള ലൈംഗിക സിഗ്നലുകൾ അവളുടെ ബോധപൂർവമായ അവബോധത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എങ്ങനെയൊ വിച്ഛേദിക്കപ്പെടുന്നത് പോലെയാണ് ഇത്. പുരുഷ ലൈംഗികത, ഇതിന് വിപരീതമായി, knee-jerk റിഫ്ലെക്സ് പോലെയാണ്. ശരീരത്തിന്റെ ഉത്തേജന സന്ദേശം തൽക്ഷണ മാനസിക അഭിലാഷം ഉണർത്തുന്നു.

പുരുഷന്മാരുടെയും സ്ത്രീകളുടെയും മസ്തിഷ്ക സോഫ്റ്റ് വെയറിലെ അഗാധമായ വ്യത്യാസമാണിത് സൂചിപ്പിക്കുന്നത്. പെൺ വയാഗ്രയ്‌ക്കായുള്ള ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ അന്വേഷണം എല്ലായ്‌പ്പോഴും വഴിമുട്ടുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. യോനിയെയോ നട്ടെല്ലിനെയോ ഉത്തേജിപ്പിക്കുന്നത് സ്ത്രീകളുടെ ബോധമനസ്സിൽ ആഗ്രഹം ഉണർത്തുന്നില്ല. പകരം, ലൈംഗിക ഉത്തേജനത്തിന് സ്ത്രീകൾക്ക് മാനസിക ഉത്തേജനം അനുഭവപ്പെടണം.
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire)

സ്ത്രീകളെ ചൂഷണോപാധികളാക്കി തങ്ങളുടെ ലൈംഗിക അഭിനിവേശങ്ങൾക്ക് അനുകൂലവും ഉപയുക്തവുമാക്കുക എന്ന ലക്ഷ്യം ഒളിപ്പിച്ചു വെച്ച് പ്രവർത്തിക്കുന്ന തൽപരകക്ഷികളെ സംബന്ധിച്ചിടത്തോളം സ്ത്രീ പുരുഷ ലൈംഗികത്വവും ലൈംഗികതയും തമ്മിലുള്ള അസമാനമായ അന്തരം നികത്തുകയും നിരാകരിക്കുകയും ചെയ്യുക എന്നത് ഒരു സ്വാഭാവിക പ്രതികരണമാണ്. പുരുഷന്മാരെ പോലെ സ്ത്രീകളുടെ പ്രകൃതിയും ലൈംഗികതയും പുനർ നിർമ്മിക്കാൻ സാധിച്ചാൽ അത് തങ്ങൾക്ക് സമ്മാനിച്ചേക്കാവുന്ന കൊള്ള ലാഭ കണക്കുകൾ മെസാജനിസ്റ്റിക് മുതലാളിത്വത്തിന് നന്നായി അറിയാം. സ്ത്രീത്വത്തെ പുരുഷന്മാരുടെ കാമാഭിലാഷങ്ങൾക്കനുസൃതമായി പുനർ വ്യാഖ്യാനിക്കുകയും പുരുഷ വൃന്ദത്തിന്റെ ലൈംഗിക താൽപര്യങ്ങൾക്കനുസരിച്ച് സ്ത്രീകളെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് മുഖ്യ ലക്ഷ്യം. ലൈംഗിക മേഖയിൽ പുരുഷൻമാരുടെ ആഭിമുഖ്യം മുതലെടുത്ത് സമ്പത്ത് വാരി കൂട്ടുന്നതു പോലെ സ്ത്രീകളേയും പുരുഷ സമാനമായ ലൈംഗിക പ്രകൃതിയിലേക്ക് വലിച്ചിഴച്ച് സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

അതിനാൽ തന്നെ സ്ത്രീ പുരുഷ ലൈംഗികതയെ തുല്യവൽകരിക്കുകയും അവ തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയും ചെയ്യുക എന്നത് സ്ത്രീവിരുദ്ധ മുതലാളിത്വത്തിന്റെ എന്നത്തേയും ചിര ദൗത്യമാണ്. ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി എക്കാലഘട്ടത്തിലും വ്യത്യസ്ത മാധ്യമങ്ങളും മേഖലകളും ഉപയോഗിച്ച് അവർ പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ ലൈംഗികതയെ തുല്യവൽകരിക്കാനായി പല പരീക്ഷണങ്ങൾക്കും ഉദ്യമങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവയെല്ലാം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, സ്ത്രീ പുരുഷ ലിംഗത്വവും ലൈംഗികതയും തമ്മിലുള്ള അന്തരത്തിന്റേയും വ്യതിരിക്തതകളുടേയും അർത്ഥവും ആഴവും വ്യാപ്തിയും കൂടുതൽ വെളിപ്പെടുത്തുകയും തെളിയിക്കുകയുമാണ് ഈ പരീക്ഷണങ്ങൾ ചെയ്തത്.
രണ്ട് ഉദാഹരണങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കാം:

“Pfizer എന്ന മരുന്നു കമ്പനി 1998-ൽ, പുരുഷന്മാരുടെ ലിംഗോദ്ധാരണത്തെ ശക്തിപ്പെടുത്തുന്ന വയാഗ്ര (Viagra) എന്ന ഗുളിക പുറത്തിറക്കിയപ്പോൾ, ദിവസങ്ങൾക്കുള്ളിൽ അതിന്റെ ഓഹരി വില ഇരട്ടിയായി. അതിനുശേഷം, ഈ ചെറിയ നീല ഗുളിക കോടിക്കണക്കിന് ഡോളർ പണം തരുന്ന കറവപശുവായി മാറി, ദശലക്ഷക്കണക്കിന് മധ്യവയസ്കരുടെ ലൈംഗിക ജീവിതത്തെ മാറ്റിമറിച്ചു. അപ്പൊൾ പിന്നെ ‘പൂവന്’ നല്ലത് ‘പിട’ക്കും തീർച്ചയായും നല്ലതാവുമല്ലൊ എന്ന് കമ്പനി ചിന്തിച്ചു. ഉടൻ തന്നെ, ഫൈസറും മറ്റ് ബിഗ് ഫാർമ ബഹുരാഷ്ട്ര കമ്പനികളും സ്ത്രീകളുടെ ലൈംഗിക ഉദ്ധാരണത്തെ കൈകാര്യം ചെയ്യുന്ന ഒരു ഗുളികയായ “പിങ്ക് വയാഗ്ര” (Pink Viagra) വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ലോകമെമ്പാടും, അത്യാധുനിക ബയോടെക് ലാബുകൾ ഫലപ്രദമായ സ്ത്രീ ലൈംഗികോത്തേജക മരുന്ന്-മുൻ കാലഘട്ടങ്ങളിൽ “spanish fly” എന്നറിയപ്പെടുന്ന മിഥ്യയായിരുന്നു അത്- വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്താണ് ഈ ഗവേഷണത്തിനുള്ള സമ്മാനം?
“ലൈംഗികാഭിനിവേശ വൈകല്യങ്ങൾ” അനുഭവിക്കുന്നവരായി പുരുഷന്മാരേക്കാൾ ഇരട്ടി സ്ത്രീകൾ ഉള്ളതിനാൽ, പിങ്ക് വയാഗ്രയിൽ നിന്നുള്ള ലാഭം ഭീമമായിരിക്കും എന്ന കണക്കു കൂട്ടൽ തന്നെ. കാലിഫോർണിയ ആസ്ഥാനമായുള്ള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ വിവസ്, പുരുഷ ലൈംഗിക പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള മരുന്നുകൾ രൂപകൽപ്പന ചെയ്തു. രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്ന വയാഗ്ര പോലുള്ള മരുന്ന് പരീക്ഷിക്കാൻ തുടങ്ങി, ഇത് വാസോഡിലേറ്റർ എന്നറിയപ്പെടുന്നു. യോനിയിലേയ്‌ക്കുള്ള രക്തപ്രവാഹം വർദ്ധിക്കുന്നത് പുരുഷന്മാരെപ്പോലെ സ്ത്രീകളിലും ഉത്തേജനം വർദ്ധിപ്പിക്കുമെന്ന് കമ്പനി ന്യായമായി പ്രതീക്ഷിച്ചു. സ്ത്രീകളിൽ ലൈംഗിക ആവേശം ഉത്തേജപ്പിക്കുന്നതിന് അനുഗുണമായ രൂപത്തിലുള്ള അശ്ലീല സിനിമകൾ നിർമ്മിക്കാൻ ഒരു ഡോക്യുമെന്റേറിയനെ പോലും നിയമിച്ചു. എന്നാൽ ഡസൻ കണക്കിന് പരീക്ഷണങ്ങൾക്കും 10 മില്യൺ ഡോളർ ചെവുകൾക്കും ശേഷം വിവസ് വാസോ-ഡിലേറ്റർ, സ്ത്രീകളുടെ ലൈംഗികോത്തേജനം വർധിപ്പിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. ഫൈസർ കമ്പനിയും തന്നെ സമാനമായ പ്രശ്നങ്ങൾ നേരിട്ടു. ഈസ്ട്രജൻ കുറവുള്ള ഇരുന്നൂറോളം സ്ത്രീകൾ ഉൾപ്പെടെ എഴുനൂറിലധികം സ്ത്രീകളിൽ പിങ്ക് വയാഗ്ര തന്നെ അവർ പരീക്ഷിച്ചു നോക്കി. പലരും തലവേദന റിപ്പോർട്ട് ചെയ്‌തെങ്കിലും ആ സ്ത്രീകൾക്കൊന്നും തന്നെ കൂടുതൽ ലൈംഗികോത്തേജനം അനുഭവപ്പെട്ടില്ല. അടുത്തതായി, യോനിയിലെ രക്തയോട്ടം നിയന്ത്രിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സംയുക്തമായ വാസോ ആക്റ്റീവ് ഇൻറ്റസ്റ്റൈനൽ പെപ്റ്റൈഡ് (വി.ഐ.പി) ഫൈസർ പരീക്ഷിച്ചു. സ്ത്രീ ലിബിഡോയിൽ എന്തെങ്കിലും പുരോഗതി കാണിക്കുന്നതിൽ ഇത് പരാജയപ്പെട്ടു. വാസ്തവത്തിൽ, “പെരിഫറൽ ആക്ടിംഗ് ഏജന്റുകളിലൂടെ” സ്ത്രീകളുടെ ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതിനുള്ള മിക്കവാറും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. വയാഗ്ര, സെല, ലെവിറ്റിൻ എന്നിവ വരുത്തുന്ന ശാരീരിക മാറ്റങ്ങളോട് പുരുഷ മസ്തിഷ്കം ലൈംഗിക താൽപ്പര്യത്തോടെ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ത്രീ മസ്തിഷ്കം സമാനമായി പ്രതികരിക്കുന്നില്ല. എന്നു വെച്ചാൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പെരുമാറ്റം മാത്രമല്ല വ്യത്യസ്തം, അവരുടെ തലച്ചോറും വ്യത്യസ്തമാണ് എന്നർത്ഥം. എന്തുകൊണ്ടാണ് ഇത്രയധികം ബിഗ് ഫാർമ, ബയോടെക് കമ്പനികൾ പെൺ വയാഗ്ര കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത്? ഈ ചോദ്യത്തിന്റെ ഉത്തരവും ഹാറ്റ്ഫീൽഡിന്റെയും ക്ലാർക്കിന്റെയും നാടകീയമായ ഗവേഷണ ഫലങ്ങൾ തന്നെയാണ് തെളിയിക്കുന്നത്. സ്ത്രീ പുരുഷ ലൈംഗികതയും മാനസികവും ശാരീരികവുമായ പ്രതികരണവും തമ്മിലുള്ള അന്തരമാണ് ഈ പഠനങ്ങളിലെല്ലാം വ്യക്തമാക്കപ്പെടുന്നത്…
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire)

“1970-കളുടെ തുടക്കത്തിൽ, നിശാക്ലബ് ഉടമ ഡഗ്ലസ് ലാംബെർട്ടിന് ഒരു പുതിയ ആശയം തലയിലുദിച്ചു. നഗ്ന മോഡലുകളെ അവതരിപ്പിക്കുന്ന പെന്റ്ഹൗസ്, ഹസ്‌ലർ, പ്ലേബോയ് എന്നിവ തുടങ്ങി പുരുഷന്മാരുടെ മാസികകളുടെ ഒരു പ്രളയം തന്നെ ഉണ്ടെങ്കിലും അത്തരത്തിൽ സ്ത്രീകൾക്കായി ഒരൊറ്റ നഗ്ന മാസിക പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ, സ്ത്രീകൾക്കുള്ള ഫാഷൻ, വിനോദ മാഗസിൻ ആയ കോസ്മോപൊളിറ്റൻ മാസിക പരക്കെ വിൽകപ്പെടുന്നു. കോസ്‌മോയും പ്ലേബോയും ഒരൊറ്റ പാക്കേജിലേക്ക് സംയോജിപ്പിക്കാനുള്ള അവസരം അദ്ദേഹം കണ്ടു. അങ്ങനെ അദ്ദേഹം playgirl എന്ന മാസിക സ്ഥാപിച്ചു. മൂന്ന് സ്ട്രിപ്പ് ക്ലബ്ബുകളുടെ ഉടമ എന്നതിനുപകരം, ഒരു ജെൻഡർ ആക്ടിവിസ്റ്റിനെപ്പോലെ നടിച്ചു കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു: “സ്ത്രീകൾ വളരെക്കാലം ആയി ലൈംഗികമായി അടിച്ചമർത്തപ്പെട്ടു കഴിയുകയാണ്. അവർക്ക് ഒരു നഗ്നമായ പുരുഷ ശരീരം കാണൽ ആരോഗ്യകരമാണ്”. മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കാൻ ലാംബെർട്ട് ഒരു “മിതവാദി ഫെമിനിസ്റ്റ്” എന്ന് സ്വയം വിശേഷിപ്പിച്ച മരിൻ സ്കോട്ട് മിലാമിനെ നിയമിച്ചു. ദൃശ്യ ഉത്തേജനം ആസ്വദിക്കുന്നത് പുരുഷന്മാർ മാത്രമാണെന്ന തെറ്റായ ധാരണ ഉണ്ടാവാൻ കാരണം സ്ത്രീകൾക്കുള്ള നഗ്ന മാസികകളുടെ അഭാവമാണെന്ന് മരിൻ സ്കോട്ട് മിലം വിശ്വസിച്ചു. “സ്ത്രീകൾ പുരുഷ നഗ്നചിത്രങ്ങൾ കാണാൻ കൂടുതൽ ആഗ്രഹിക്കുന്നു, അവർ അത് ഇഷ്ടപ്പെടുന്നു,” അവൾ ആവേശത്തോടെ പറയുന്നുണ്ട്. “സ്ത്രീകൾ മാസികകളിൽ പുരുഷ നഗ്നത ആവേശത്തോടെ സ്വീകരിക്കുന്നില്ല എന്നത് ശരി തന്നെയാണ്, ഇത് പക്ഷെ ഒരു പഠന പ്രക്രിയയാണ്. സ്ത്രീകൾ വർഷങ്ങളായി പരിശീലിച്ചു വന്ന സ്വഭാവത്തോട് പ്രതികരിച്ചു വരികയാണ്” എന്നും അവർ കൂട്ടിച്ചേർത്തു.

പൂർണമായി നഗ്നരായ പുരുഷന്മാരുടെ ഉയർന്ന നിലവാരമുള്ള ഗ്രാഫിക് ചിത്രങ്ങൾ സഹിതം, പ്ലേബോയിയുടെ ഒരു പ്രതിബിംബം ആയി പ്ലേഗേൾ അവതരിപ്പിക്കപ്പെട്ടു. (എങ്കിലും ആദ്യ ലക്കത്തിൽ ലിംഗങ്ങൾ തന്നെ ഉണ്ടായിരുന്നില്ല, പിന്നീട്‌ വർഷങ്ങളോളം, ഉദ്ധരിക്കപ്പെട്ട ലിംഗങ്ങളുടെ ചിത്രങ്ങളും ഇല്ലായിരുന്നു).

1973 പ്രിവ്യൂ ലക്കത്തിൽ കണ്ട്രീ മ്യൂസിക്‌ ഷോ ആയ hee haw ൽ നിന്നുള്ള ഇരട്ടസഹോദരന്മാർ ജിം, ജോണ് എന്നിവരെ വെച്ചു ഒരു നടുപ്പേജ് (മുഴുവൻ നഗ്നചിത്രം) അവതരിപ്പിച്ചു. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ എല്ലാ മോഡലുകളെയും തിരഞ്ഞെടുത്തതിനാൽ ഈ മാഗസിൻ സ്ത്രീ ലൈംഗികതയെ ആകർഷിക്കുമെന്ന് ഒരാൾ ആത്മവിശ്വാസത്തോടെ പ്രവചിച്ചേക്കാം. എന്നാൽ കാര്യങ്ങൾ അല്പം വ്യത്യസ്തമായി ആണ് നടന്നത്. ആദ്യം, Playgirl-ന്റെ സബ്‌സ്‌ക്രിപ്‌ഷനുകളുടെ എണ്ണം വളരെ കുറവായിരുന്നു; പ്ലേബോയ് സബ്‌സ്‌ക്രിപ്‌ഷനുകളുടെ എണ്ണത്തിന്റെ ഒരു അംശം മാത്രം. playboy ക്ക് അതിന്റെ മേഖലയിൽ എതിരാളികളുടെ ഒരു പട തന്നെ ഉണ്ട്, പക്ഷെ പ്ലേഗേളിന് വിപണിയിൽ ഏതാണ്ട് കുത്തകയുണ്ടായിരുന്നു എന്ന് ഓർക്കണം. അപ്രതീക്ഷിതമായി കിട്ടിയ ഒരു കൂട്ടം ഉപഭോക്താക്കൾ ഇല്ലായിരുന്നു എങ്കിൽ ഇത്തരം അവസ്ഥയിൽ സത്യത്തിൽ ഈ “സ്ത്രീകൾക്കുള്ള മാഗസിൻ” ആദ്യ വർഷത്തിൽ തന്നെ വിപണിയിൽ നിന്ന് മറഞ്ഞു പോവുമായിരുന്നു. അതായത് നഗ്ന പുരുഷന്മാരെ അവതരിപ്പിക്കുന്ന പ്ലേഗേൾ സ്ത്രീകളിൽ താൽപര്യം സൃഷ്ടിച്ചില്ലെങ്കിലും സ്വവർഗാനുരാഗികളായ പുരുഷന്മാർ അവ വാങ്ങാൻ തുടങ്ങി.

മാൻഡേറ്റ്, ഡേവിഡ് എന്നിവ പോലെ, സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് സ്വന്തമായി അശ്ലീല മാസികകൾ ഉണ്ടായിരുന്നെങ്കിലും, പ്ലേഗേൾ വാങ്ങാൻ അവർക്ക് എളുപ്പമായിരുന്നു. കൂടാതെ അവ സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള -സ്വവർഗ്ഗാനുരാഗി അല്ലാത്ത പുരുഷന്മാരായ- മോഡലുകളെ ആണ് അവതരിപ്പിക്കുന്നത്.
1999-ൽ, മുൻ പ്ലേഗേൾ എഡിറ്റർ ഇൻ ചീഫ് ക്ലെയർ ഹാർത്ത് ഈ സത്യം സമ്മതിച്ചു:
“70-കളുടെ തുടക്കത്തിൽ പ്ലേഗേൾ ആരംഭിച്ചതുമുതൽ, അതിലെ പൂർണ്ണ നഗ്നചിത്രങ്ങളും ചൂടൻ ചിത്രങ്ങളും ആവേശത്തോടെ ആകർഷിച്ചത് ഒരു കൂട്ടം ഗേ പുരുഷന്മാരെയാണ്”. “ഞാൻ മാസികയിൽ ജോലി ചെയ്യുന്ന സമയത്ത്, പ്ലേഗേളിന്റെ സെക്‌സ് അപ്പീലിന്റെ ഈ ഇരട്ട സ്വഭാവത്തെക്കുറിച്ചും സ്ത്രീകൾക്കുള്ള വിനോദം എന്ന പേര് നിലനിൽക്കെ തന്നെ അതിൽ ഉൾപ്പെട്ടിരിക്കുന്ന അതിലോലമായ ബാലൻസിങ് പ്രവർത്തനത്തെക്കുറിച്ചും ഞാൻ നിരന്തരം ബോധവതിയായിരുന്നു”. തങ്ങളുടെ 400,000 സർക്കുലേഷനിൽ ഭൂരിഭാഗത്തിനും ഗേ പുരുഷന്മാരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് പ്ലേഗേൾ ജീവനക്കാർക്ക് നന്നായി അറിയാമായിരുന്നു. ഞങ്ങൾ ഒരു വശത്ത് മാഗസിൻ ഒരു hetrosexual വിഭാഗത്തിനെ ഉദ്ദേശിച്ചാണ് എന്ന് കരുതുന്ന തരത്തിൽ രൂപപ്പെടുത്തി എങ്കിലും, ഞങ്ങളുടെ വിശ്വസ്തരായ, ഈ പുരുഷ വായനക്കാരെ പരിഗണിക്കുന്ന കാര്യം ഞങ്ങൾ ഉറപ്പു വരുത്തി.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire : 200-201)

“Playgirl.com-ൽ സ്വവർഗരതി കാണിക്കുന്നില്ലെങ്കിലും അതിൽ വരുന്ന പരസ്യങ്ങൾ പ്രധാനമായും സ്വവർഗ്ഗാനുരാഗ സൈറ്റുകളുടെയും പീനസ് പമ്പുകളുടെയും ആണ്. “സ്ത്രീകളുടെ ലൈംഗിക ചോദന തൃപ്തിപ്പെടുത്താൻ നഗ്നരായ പുരുഷന്മാർ” എന്ന ‘പ്ലേഗേൾ’ന്റെ ബിസിനസ് മോഡൽ അനുകരിക്കാൻ മറ്റു ചില സംരംഭങ്ങൾ ശ്രമിച്ചിട്ടുണ്ട്. കോസി ഫ്രോഗ് എന്നറിയപ്പെടുന്ന, അഡൾട്ട് വെബ്‌മാസ്റ്റർമാർക്കുള്ള റിസോഴ്‌സ് സൈറ്റ് സ്വന്തമായുള്ള, അഡൾട്ട് വ്യവസായ പ്രമുഖയായ Titmowse ഉറപ്പിച്ചു പറയുന്നു, “എന്റെ 11 വർഷത്തെ ഈ ബിസിനസ്സ് പരിചയം മുമ്പിൽ വെച്ചു, വിജയകരമായി പ്രവർത്തിക്കുന്ന സ്ത്രീകൾക്കുള്ള പോൺ സൈറ്റുകൾ എന്റെ ഒരു കൈ കൊണ്ട് എനിക്ക് എണ്ണാൻ സാധിക്കും. അങ്ങനെ ഞാൻ വിരലിൽ എണ്ണിയാൽ എന്റെ മൂന്ന് വിരലുകൾ ബാക്കി അവശേഷിക്കും”.

സ്ത്രീകൾക്ക് സോഫ്റ്റ് കോർ പോൺ ആണോ ഹാർഡ് കോർ porn ആണോ ഇഷ്ടം? അല്ലെങ്കിൽ അവർക്ക് സ്ത്രീയും – സ്ത്രീയും ലൈംഗികതയിൽ ഏർപ്പെടുന്ന സീനുകൾ ആണോ താല്പര്യം അതോ സ്ത്രീയും – പുരുഷനും ലൈംഗികതയിൽ ഏർപ്പെടുന്ന സീനുകൾ ആണോ എന്നൊക്കെ പുരുഷന്മാർ പലപ്പോഴും ചിന്തിക്കാറുണ്ട്. പുരുഷൻമാർ അവരുടെ കാമുകിമാരെ ലൈംഗികമായി ഉണർത്താനും ചൂട് പിടിപ്പിക്കാനും ഏറ്റവും നല്ല പോൺ സൈറ്റ് ഏതാണെന്നു മറ്റു പുരുഷൻമാരോട് ടിപ്പ് ചോദിക്കാറുണ്ട്. എന്നാൽ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള മനഃശാസ്ത്രവും സ്ത്രീകൾക്കിടയിൽ പ്ലേഗേളിന്റെ പരാജയപ്പെട്ട ശ്രമവും ഈ ചോദ്യങ്ങൾ തന്നെ അടിസ്ഥാനപരമായി തെറ്റാണെന്ന് മനസ്സിലാക്കി തരുന്നതാണ്.

Salon.com-ൽ ഇസബെൽ എന്ന മധ്യവയസ്കയായ സ്ത്രീ വിലപിക്കുന്നു: “പോൺ അവിശ്വസനീയമാം വിധം വൃത്തികെട്ടതാണ്, വൃത്തികെട്ടതാണ്, വൃത്തികെട്ടതാണ്” അവർ തന്റെ അഭിപ്രായം തുറന്നെഴുതുന്നു: “ഞാൻ സ്ത്രീകൾക്കായി നിർമ്മിച്ച പോൺ കണ്ടു നോക്കി, അപ്പോഴും അത് വൃത്തികെട്ടതാണ്, വൃത്തികെട്ടതാണ്, വൃത്തികെട്ടതാണ്.”

പല സ്ത്രീകളേയും പോൺ അസ്വസ്ഥരാക്കുന്നു, മറ്റുള്ള സ്ത്രീകൾക്ക് ആണെങ്കിൽ അത് തികച്ചും കുറ്റകൃത്യമായി തോന്നുന്നു. “പോണോഗ്രഫി സിദ്ധാന്തമാണ്. ആ സിദ്ധാന്തത്തിന്റെ പ്രാവർത്തിക രൂപമാണ് ബലാത്സംഗം” എന്ന് – Playgirl ആദ്യമായി മുഴുവൻ വർഷവും അച്ചടിച്ച അതേ വർഷം-1974 ൽ ഫെമിനിസ്റ്റ് റോബിൻ മോർഗൻ എഴുതിയത് പ്രസിദ്ധമാണ്. മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, പോണിനെ സംബന്ധിച്ച സ്ത്രീ വികാരങ്ങൾ ചെറുതായി മാത്രമേ മയപ്പെട്ടിട്ടുള്ളൂ. 2010-ൽ നെബ്രാസ്ക സർവകലാശാലയിൽ പോൺ താരം റോൺ ജെറമിയുമായി ആന്റിപോൺ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് സൂസൻ കോൾ സംവാദം നടത്തി. “പോണോഗ്രഫി, അത് നിർമ്മിക്കുന്നവർക്ക് മാത്രമല്ല, മറിച്ചു സമൂഹത്തിനാകമാനം ദോഷം വരുത്തുന്നതും, കൂടാതെ ആളുകളുടെ വ്യക്തിഗത ലൈംഗികതയെ ദുഷിപ്പിക്കുകയും ചെയ്യുന്നു” എന്ന് കോൾ വാദിച്ചു. 2010ൽ ആപ്പിൾ തങ്ങളുടെ ഐഫോണിൽ പോൺ ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു. “നിന്ദ്യവും ആക്ഷേപകരവുമാണ് ഉള്ളടക്കം എന്ന് സ്ത്രീ ഉപഭോക്താക്കളിൽ നിന്നുള്ള പരാതികൾ ലഭിക്കുന്ന ഘട്ടത്തിലേക്ക് ഇത് എത്തി തുടങ്ങി”; ആപ്പിൾ വിശദീകരിച്ചു.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire : 209)

ഗണിതശാസ്ത്ര ഉപകരണങ്ങളും സിദ്ധാന്തങ്ങളും മസ്തിഷ്ക പ്രവർത്തനത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി ഉപയോഗിക്കുന്ന പഠന മേഖലയാണ് കമ്പ്യൂട്ടേഷണൽ ന്യൂറോ സയൻസ് (Computational neuroscience).
ഈ ശാസ്ത്ര മേഖലയിൽ പ്രവീണ്യരായ ഡോ.ഒഗി ഒഗാസ്, ഡോ.സായ് ഗദ്ദം എന്നീ ന്യൂറോ സയന്റിസ്റ്റുകൾ സ്ത്രീ പുരുഷ ലൈംഗികതയെ സംബന്ധിച്ച അവരുടെ ഗവേഷണ പഠനത്തിനായി അവലംബിച്ചത് – മുമ്പ് സൂചിപ്പിച്ചതു പോലെ – കോടിക്കണക്കിന് സ്ത്രീ പുരുഷന്മാരുടെ സ്വതന്ത്രമായ ഇന്റർനെറ്റ് – വെബ് പ്രവർത്തനങ്ങളേയും അന്വേഷണങ്ങളേയുമാണ്. സ്ത്രീ പുരുഷ ലൈംഗികതയും മാനസികവും ശാരീരികവുമായ പ്രതികരണവും തമ്മിലുള്ള അന്തരം തന്നെയാണ് ഇവിടെയും പ്രകാശിതമാവുന്നത് എന്ന് ആവർത്തിക്കട്ടെ.

“2009 ജൂലൈ മുതൽ 2010 ജൂലൈ വരെ ഡോഗ്‌പൈൽ സെർച്ച് എഞ്ചിനിലേക്ക് പ്രവേശിച്ച ഏകദേശം 400 ദശലക്ഷം വ്യത്യസ്ത സെർച്ചുകൾ ഞങ്ങൾ (ഡോ.ഒഗി ഒഗാസ്, ഡോ.സായ് ഗദ്ദം) ശേഖരിച്ചു. സ്‌ക്രാപ്പിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഞങ്ങൾ ഈ സെർച്ചുകൾ ശേഖരിച്ചത്: ഡോഗ്‌പൈൽ നടത്തുന്ന വെബ്‌സൈറ്റായ SearchSpy-യിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെർച്ചുകൾ ക്യാപ്‌ചർ ചെയ്യാൻ ഞങ്ങൾ ഒരു പ്രോഗ്രാം ഉണ്ടാക്കി. ഡോഗ്‌പൈൽ സെർച്ച് എഞ്ചിനിൽ ആളുകൾ നോക്കിയ യഥാർത്ഥ സെർച്ചുകൾ തത്സമയം പ്രദർശിപ്പിക്കുന്നു. നിങ്ങൾ SearchSpy സന്ദർശിക്കുകയാണെങ്കിൽ, അത് ഒരു ജാലകത്തിലൂടെ മനുഷ്യ ബോധത്തിന്റെ ഒരു ഗ്രഹ പ്രവാഹത്തിലേക്ക് നോക്കുന്നത് പോലെയാണ് – മാത്രമല്ല അതിന്റെ ലൈംഗിക വശം കാണാൻ നിങ്ങൾ കൂടുതൽ നിമിഷങ്ങൾ കാത്തിരിക്കേണ്ടതില്ല. ഞങ്ങൾ ശേഖരിച്ച 400 ദശലക്ഷം സെർച്ചുകളിൽ, ഏകദേശം 55 ദശലക്ഷം (ഏകദേശം 13 ശതമാനം) ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉള്ളടക്കത്തിനായുള്ള സെർച്ചുകളായിരുന്നു. ഈ ലൈംഗിക സെർച്ചുകൾ ഏകദേശം 2 ദശലക്ഷം ആളുകളുടെ ആഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. ചില ഉപയോക്താക്കൾ ഇന്ത്യ, നൈജീരിയ, കാനഡ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ളവരാണെങ്കിലും മൂന്നിൽ രണ്ട് പേരും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ളവരാണ്. അടുത്തതായി, ഈ ലൈംഗിക സെർച്ചുകളെല്ലാം ഞങ്ങൾ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു. ഉദാഹരണത്തിന്, “hot latino ass”, “bootylicious babes”, “sexy guys with bubble butts ” എന്നിവയെ ഞങ്ങൾ നിതംബങ്ങളോടുള്ള കാമാഭിനിവേശത്തിന് ഉദാഹരണങ്ങളായി തരംതിരിച്ചു.”

(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire: Page: 36)

“വെബിൽ, പുരുഷന്മാർ സ്ത്രീകളുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നു. സ്ത്രീകൾ കഥകളാണ് ഇഷ്ടപ്പെടുന്നത്. പുരുഷന്മാർ ഗ്രാഫിക് (പച്ചയായ പ്രദർശന സ്വഭാവത്തിലുള്ള) സെക്സാണ് ഇഷ്ടപ്പെടുന്നത്. സ്ത്രീകൾ ബന്ധങ്ങളും പ്രണയവുമാണ് ഇഷ്ടപ്പെടുന്നത്. ഇൻറർനെറ്റിൽ എന്ത് ലൈംഗിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ചോദ്യ രൂപത്തിൽ പഠനം നടത്തിയപ്പോഴും സ്ത്രീകളുടെയും പുരുഷന്മാരുടെയും വ്യത്യസ്ത പ്രതികരണങ്ങളിലും ഈ പ്രകൃതം തന്നെ പ്രതിഫലിക്കുന്നു.

തങ്ങളുടെ കമ്പ്യൂട്ടർ സ്‌ക്രീനിന്റെ അജ്ഞാതതയ്‌ക്ക് പിന്നിൽ അവർക്കാവശ്യമുള്ള എന്തും തിരയാൻ പുരുഷന്മാരും സ്ത്രീകളും സ്വാതന്ത്ര്യമുള്ളപ്പോൾ, അവർ വ്യത്യസ്ത താൽപ്പര്യങ്ങൾ മാത്രമല്ല അന്വേഷിക്കുന്നത്. അവർ ഉത്തേജനത്തിന്റെ വ്യത്യസ്ത രീതികൾ തേടുന്നു. പുരുഷന്മാർ കാണാൻ ഇഷ്ടപ്പെടുന്നു, സ്ത്രീകൾ വായിക്കാനും ചർച്ച ചെയ്യാനും ഇഷ്ടപ്പെടുന്നു. ലൈംഗികതാൽപ്പര്യങ്ങളിലെ ഈ അടിസ്ഥാനപരമായ ദ്വന്ദ്വത ഏറ്റവും സ്വാധീനമുള്ള ലൈംഗിക ശാസ്ത്രജ്ഞരിൽ ഒരാളായ ഡൊണാൾഡ് സൈമൺസിന്റെ പ്രവചനങ്ങളെ സ്ഥിരീകരിക്കുന്നു.
“അശ്ലീലതയുടെ പുരുഷ ഫാന്റസി മണ്ഡലത്തിൽ, ലൈംഗികത, പ്രണയമോ പ്രതിബദ്ധതയോ ദൃഢമായ ബന്ധങ്ങളോ ഇണചേരൽ പ്രയത്നമോ ഇല്ലാത്ത കേവല കാമവും ശാരീരിക സംതൃപ്തിയുമാണ്. അശ്ലീല വീഡിയോകളിൽ ഏറ്റവും കുറച്ചേ പ്ലോട്ട് അടങ്ങിയിരിക്കുന്നുള്ളു, പകരം ലൈംഗികതയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ത്രീ ശരീരങ്ങളുടെ പ്രദർശനത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു, പ്രത്യേകിച്ച് (വികാര പ്രകടന) മുഖഭാവങ്ങൾ, സ്തനങ്ങൾ, ജനനേന്ദ്രിയങ്ങൾ എന്നിവയുടെ ക്ലോസ്-അപ്പുകളാണ് പുരുഷന്മാർക്ക് ആവശ്യം” സൈക്കോളജിസ്റ്റ് ആയ കാതറിൻ സാൽമണും സൈമൺസും അവരുടെ “വാരിയർ ലവേഴ്സ്” എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു: “റൊമാന്റോപ്പിയയുടെ സ്ത്രീ ഫാന്റസി മണ്ഡലം തികച്ചും വ്യത്യസ്തമാണ്. ഒരു റൊമാൻസ് നോവലിലെ നായികയുടെ ലക്ഷ്യം ഒരിക്കലും വെറും ലൈംഗികതക്ക് വേണ്ടി ഉള്ള ലൈംഗികതയല്ല, അപരിചിതരുമായുള്ള വ്യക്തിത്വരഹിതമായ ലൈംഗികത തീരെ അല്ല. ഒരു റൊമാൻസ് നോവലിന്റെ ഇതിവൃത്തം ഒരു പ്രണയകഥയാണ്, അതിൽ നായിക തനിക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തുകയും ഹൃദയം കീഴടക്കുകയും ഒടുവിൽ വിവാഹം കഴിക്കാനുള്ള പ്രതിബന്ധങ്ങളെ മറികടക്കുകയും ചെയ്യുന്നു.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire: Page: 41, 42)

“പുരുഷന്മാരുടെ ലൈംഗിക ഫാന്റസികൾ സ്ത്രീകളേക്കാൾ കൂടുതൽ ദൃശ്യപരമാണ്, കൂടാതെ ലൈംഗിക അനുഭവങ്ങളിൽ നിന്നുള്ള ദൃശ്യ വിശദാംശങ്ങൾ പുരുഷന്മാർ സ്ത്രീകളേക്കാൾ കൂടുതൽ ഓർമ്മിക്കുന്നു. സ്ത്രീകളെഴുതിയ കഥകളേക്കാൾ കൂടുതൽ വിഷ്വൽ വിവരണങ്ങൾ ഉപയോഗിക്കുന്നത് പുരുഷന്മാർ എഴുതിയ ലൈംഗികകഥകളിലാണ്.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire: Page: 74)

“സ്ത്രീ മസ്തിഷ്കത്തേക്കാൾ ലൈംഗിക ഉത്തേജനങ്ങളോട് കൂടുതൽ ദൃശ്യപരമായി പ്രതികരിക്കുന്ന തരത്തിലാണ് പുരുഷ മസ്തിഷ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷന്റെ ഉത്തേജനം തന്നെ സബ്കോർട്ടെക്സിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഘടനകളെ ആശ്രയിക്കുന്നു: അമിഗ്ഡാലയും ഹൈപ്പോതലാമസ്സും. വ്യക്തമായ, ബോധപൂർവമല്ലാതെ പ്രവർത്തിക്കുന്ന ചെറിയ ഘടനകളാണിവ. വൈകാരിക പ്രതികരണങ്ങൾക്ക് അമിഗ്ഡാല ഉത്തരവാദിയാണ്. ലൈംഗിക ഉത്തേജനത്തിന്റെ എഞ്ചിനാണ് ഹൈപ്പോതലാമസ്. സ്ത്രീകളും പുരുഷന്മാരും പോൺ വീക്ഷിച്ചു കൊണ്ടു നടത്തിയ പഠനങ്ങളിൽ, അമിഗ്ഡാലയും ഹൈപ്പോതലാമസും പുരുഷന്മാരിൽ സ്ത്രീകളേക്കാൾ കൂടുതൽ ശക്തമായി സജീവമാവുന്നതായി കണ്ടെത്തി. സ്ത്രീകൾ പുരുഷന്മാരേക്കാൾ ശക്തമായ ഉത്തേജനം റിപ്പോർട്ട് ചെയ്യുമ്പോൾ പോലും (ഇത് അപൂർവ്വമായെ സംഭവിക്കു) അമിഗ്ഡാലയും ഹൈപ്പോതലാമസും പുരുഷന്മാരിൽ തന്നെയാണ് സ്ത്രീകളേക്കാൾ കൂടുതൽ ശക്തമായി സജീവമാവുന്നത്. അമിഗ്ഡാലയും ഹൈപ്പോതലാമസും ചേർന്ന്, ഒരു മനുഷ്യനെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു: നോക്കൂ…ആ രൂപലാവണ്യം കൊള്ളാമല്ലോ! ”

“കാഴ്ച്ച പുരുഷന്മാരിൽ ആഗ്രഹം ഉണർത്തുന്നു. ഒരു ചിത്രം ഉത്തേജനം ഉണ്ടാക്കുന്നതാണെന്ന് ഒരു മനുഷ്യന്റെ മസ്തിഷ്കം തീരുമാനിക്കുകയാണെങ്കിൽ, അയാൾക്ക് ശാരീരികവും മാനസികവുമായ ഉത്തേജനം വേഗത്തിൽ അനുഭവപ്പെടുന്നു. ലൈംഗിക ഉദ്ദീപനങ്ങളുമായുള്ള സമ്പർക്കം ഉണ്ടായ ഉടനെ ഉദ്ധാരണത്തിന് കാരണമാകുന്ന മസ്തിഷ്ക മേഖലകൾ സജീവമാകുന്നു. സ്ത്രീകളെ അപേക്ഷിച്ച്, പുരുഷന്മാരുടെ ഉയർന്ന സെക്‌സ് ഡ്രൈവിന്റെ ഭാഗികമായ കാരണം അവരുടെ ലൈംഗിക പ്രേരണാ പാതകൾക്ക് സബ്‌കോർട്ടിക്കൽ റിവാർഡ് സിസ്റ്റവുമായി കൂടുതൽ ബന്ധങ്ങൾ ഉള്ളതിനാൽ ആണെന്ന് പറയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെക്കാലമായി സംശയിച്ചിരുന്നത് ശരിയാണ്: പുരുഷന്മാരുടെ തലച്ചോറ് രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്ത്രീകളെ പദാർത്ഥവൽക്കരിച്ചു കാണാനാണ്. സ്ത്രീകളെ വെറും ലൈംഗികതയ്ക്കുള്ള ശരീരങ്ങൾ ആയി കാണുന്ന ഈ പ്രവണത ചരിത്രാതീതകാലത്തിലേക്ക് ആഴത്തിൽ വ്യാപിക്കുന്നുണ്ട്.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire)

print

No comments yet.

Leave a comment

Your email address will not be published.