ആകാശത്ത് താരങ്ങളെ വിതറിയവന്‍!

//ആകാശത്ത് താരങ്ങളെ വിതറിയവന്‍!
//ആകാശത്ത് താരങ്ങളെ വിതറിയവന്‍!
ശാസ്ത്രം

ആകാശത്ത് താരങ്ങളെ വിതറിയവന്‍!

Print Now
തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ എപ്പോഴെങ്കിലും എണ്ണാന്‍ ശ്രമിച്ചിട്ടുണ്ടോ?

ശരാശരി മനുഷ്യരുടെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവുക ഏകദേശം അയ്യായിരം നക്ഷത്രങ്ങളെയാണ്.

നമ്മുടെ നക്ഷത്രമാണ് സൂര്യന്‍; ഭൂമിയടക്കമുള്ള സൗരയൂഥത്തിന്റെ കേന്ദ്രം. 1392000 കിലോമീറ്ററാണ് സൂര്യന്റെ വ്യാസം. ഭൂമിയുടെ 109 ഇരട്ടി. 13 ലക്ഷം ഭൂമികളെ ഉള്‍ക്കൊള്ളാനാവുന്ന വ്യാപ്തം. ഹൈഡ്രജനും ഹീലിയവുമാണ് അതിലുള്ള വാതകങ്ങള്‍. ലക്ഷക്കണക്കിന് ഹൈഡ്രജന്‍ ബോംബുകള്‍ അനുനിമിഷം പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന ഒരു വാതകഗോളമാണതെന്നു പറയാം. സൂര്യന്റെ ഉപരിതലോഷ്മാവ് 5538 ഡിഗ്രി സെല്‍ഷ്യസാണ്. തിളക്കുന്ന വെള്ളത്തിന്റെ 55 ഇരട്ടി ചൂട്! സൗരകേന്ദ്രത്തിനാകട്ടെ ഒന്നര കോടി സെല്‍ഷ്യസ് ചൂടുണ്ട്. തിളച്ചുമറിയുന്ന ഒരു ഹൈഡ്രജന്‍ സമുദ്രം!

സൂര്യന്‍ ഒരു ഇടത്തരം നക്ഷത്രമാണ്. അതിന്റെ പത്തിലൊന്നു മാത്രം വലിപ്പമുള്ള നക്ഷത്രങ്ങളുണ്ട്. നൂറുകണക്കിന് ഇരട്ടി വലിപ്പമുള്ളവ യുമുണ്ട്. ഭൂമിയില്‍ നിന്നുകാണാവുന്ന ഏറ്റവും പ്രഭയുള്ള നക്ഷത്രമായ സിറിയസ് യഥാര്‍ത്ഥത്തില്‍ രണ്ടു നക്ഷത്രങ്ങളുള്‍ക്കൊള്ളുന്ന ഒരു യുഗ്മ നക്ഷത്രമാണ്. പ്രധാന നക്ഷത്രമായ ‘സിറിയസ് എ’യുടെ വ്യാസം 24 ലക്ഷം കിലോമീറ്ററാണ്. സൂര്യനേക്കാള്‍ 70 ശതമാനം വലുത്. അതിന്റെ യുഗ്മനക്ഷത്രമായ ‘സിറിയസ് ബി’ 11800 കിലോമീറ്റര്‍ മാത്രം വ്യാസാര്‍ധമുള്ള ഒരു വെള്ളക്കുളളന്‍ (White dwarf) നക്ഷത്രമാണ്. ഭൂമിയില്‍ നിന്നു കാണാവുന്ന നക്ഷത്രങ്ങളില്‍ സാമാന്യം വലുപ്പമുള്ള ഒരു ചുവന്ന ഭീമനാണ് (Red Giant) ബെറ്റല്‍ഗ്യൂസ് (Betelgeuse). നമ്മില്‍ നിന്ന് 642.5 പ്രകാശവര്‍ഷങ്ങള്‍ ദൂരെയുള്ള ഇതിന്റെ വ്യാസം സൂര്യന്റേതിന്റെ എഴുന്നൂറ് ഇരട്ടിയാണ്. അഥവാ 164.3 കോടി കിലോ മീറ്റര്‍. അഥവാ അറുപത് ലക്ഷം സൂര്യന്‍മാരെ കൊള്ളുന്ന വ്യാപ്തം. ഈ ഭീമന്‍ ചുവപ്പുനക്ഷത്രം സൂപ്പര്‍ നോവയെന്ന നക്ഷത്രമരണം കാത്തുകിടക്കുകയാണ്.

നമ്മുടെ സൂര്യനുള്ളതുപോലെയുള്ള ഗ്രഹങ്ങള്‍ മറ്റ് നക്ഷത്രങ്ങള്‍ക്കുമുണ്ട്. ഭൂമിക്കും വ്യാഴത്തിനും ഉള്ളതുപോലെയുള്ള ഉപഗ്രങ്ങള്‍ പ്രസ്തുത ഗ്രഹങ്ങള്‍ക്കുമുണ്ടാകും. അയ്യായിരം നക്ഷത്രങ്ങള്‍ നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയുന്നവയാണ്. ഇതേപോലെയുള്ള പതിനാ യിരം കോടിയോളം നക്ഷത്രങ്ങളുള്‍ക്കൊള്ളുന്ന താരാപഥമാണ് നമ്മുടെ ക്ഷീരപഥ ഗ്യാലക്‌സി (Milkyway Galaxy). മനുഷ്യര്‍ക്ക് അന്വേ ഷിച്ചു കണ്ടെത്താന്‍ കഴിയുന്ന പ്രപഞ്ചത്തില്‍ എത്ര ഗ്യാലക്‌സികളുണ്ടെന്ന് ഖണ്ഡിതമായി പറയാന്‍ വാനശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുപതിനായിരം കോടി മുതല്‍ രണ്ടു ലക്ഷം കോടി വരെ കണക്കാക്കുന്ന ശാസ്ത്രജ്ഞന്‍മാരുണ്ട്. ഇത് അന്വേഷണാത്മക പ്രപഞ്ചത്തിന്റെ (Observable Universe) വ്യാപ്തിയാണ്. പ്രപഞ്ചവികാസത്തിന്റെ തോത് കണക്കാക്കിയാല്‍ പ്രപഞ്ച തുടക്കം മുതല്‍ കഴിഞ്ഞ 13807 കോടി വര്‍ഷങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ മനുഷ്യര്‍ എത്ര പുരോഗമിച്ചാലും അവര്‍ക്ക് കണ്ടെത്താനാകുന്ന ഗോളത്തി ന്റെ വ്യാസം 9200 കോടി പ്രകാശവര്‍ഷമാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണക്കാക്കിയിട്ടുള്ളത്. അതിനപ്പുറത്തെ പ്രപഞ്ചത്തെ ഒരിക്കലും അറിയാനാവില്ലെന്നു സാരം.

പ്രപഞ്ചത്തെക്കുറിച്ച പഠനത്തിന് മനുഷ്യനോളം പഴക്കമുണ്ടെന്നു പറയാം. ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അരി സ്റ്റോട്ടില്‍ എന്ന ഗ്രീക്ക് തത്വചിന്തകന്‍ തന്റെ ‘ഓണ്‍ ദ ഹെവന്‍സ്’ എന്ന ഗ്രന്ഥത്തില്‍ ഭൂമി ഒരു ഉരുണ്ട ഗോളമാണെന്നതിന് രണ്ടു വാദങ്ങള്‍ നിരത്തിവെക്കുന്നുണ്ട്. ഭൂമി ചന്ദ്രനും സൂര്യനും മദ്ധ്യേ വരുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത്. ചന്ദ്രനില്‍ പതിക്കുന്ന ഭൂമിയുടെ നിഴല്‍ എല്ലായ്‌പ്പോഴും വട്ടത്തിലാണ്. ഭൂമി ഗോളാകൃതിയിലാവുമ്പോള്‍ മാത്രമേ ഇത് ശരിയാവുകയുള്ളൂ. ഗ്രീക്കുകാര്‍ അവരുടെ സമുദ്രയാ ത്രകളില്‍ ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം നിരീക്ഷിച്ചതില്‍ നിന്ന് ലഭിച്ച തെളിവുകളാണ് അരിസ്റ്റോട്ടില്‍ രണ്ടാമതായി നിരത്തുന്നത്. ഭൂമി ഗോളാകൃതിയിലാണെന്ന് മനസ്സിലാക്കിയ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചസങ്കല്പം ഇങ്ങനെയായിരുന്നു: ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം. അത് നിശ്ചലമായി മറ്റു ആകാശവസ്തുക്കള്‍ക്കു നടുവില്‍ നില്‍ക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഭൂമിക്കു ചുറ്റും വൃത്താകൃതിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.

അരിസ്റ്റോട്ടിലിന്റെ പ്രപഞ്ച സങ്കല്‍പത്തെ വികസിപ്പിച്ചെടുത്ത് സമഗ്രമായ ഒരു പ്രപഞ്ചമാതൃക അവതരിപ്പിച്ചയാളാണ് ടോളമി. ക്രിസ്താ ബ്ദം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച അദ്ദേഹം അലക്‌സാണ്‍ഡ്രിയയിലെ പ്രഗത്ഭനായ ശാസ്ത്രജ്ഞനായിരുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്രമായി അദ്ദേഹവും പരിഗണിച്ചത് ഭൂമിയെയായിരുന്നു. നിശ്ചലമായി നില്‍ക്കുന്ന ഭൂമിക്ക് ചുറ്റുമുള്ള എട്ടു ഗോളങ്ങളിലായി സ്ഥാപിക്കപ്പെട്ടിരി ക്കുകയാണ് മറ്റു പ്രപഞ്ച വസ്തുക്കള്‍ എന്നാണ് അദ്ദേഹം സങ്കല്‍പിച്ചത്. ഒന്നാമത്തെ ഗോളത്തില്‍ ചന്ദ്രനും രണ്ടാമത്തേതില്‍ ബുധനും
മൂന്നാമത്തേതില്‍ ശുക്രനും നാലാമത്തേതില്‍ സൂര്യനും അഞ്ചാമത്തേതില്‍ ചൊവ്വയും ആറാമത്തേതില്‍ വ്യാഴവും ഏഴാമത്തേതില്‍ ശനിയും അവസാനത്തെ ഗോളത്തില്‍ നക്ഷത്രങ്ങളും സ്ഥാപിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പം.കുറേ കാലം ചര്‍ച്ചിന്റെ അംഗീകാരത്തോടെ ശാസ്ത്രലോകത്ത് നിലനിന്ന പ്രപഞ്ച മാതൃക ടോളമിയുടെതായിരുന്നു.

ടോളമിയുടെ പ്രപഞ്ചമാതൃക ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത് മുസ്‌ലിം ലോകത്താണ്. ആയിരത്തിലധികം വര്‍ഷം ഭൂമിയാണ് പ്രപഞ്ച ത്തിന്റെ കേന്ദ്രമെന്ന (geocentric universe) സിദ്ധാന്തത്തെ യൂറോപ്പ് അള്ളിപിടിച്ചിരുന്നപ്പോള്‍ അതല്ല ശരിയെന്നും സൂര്യനാണ് കേന്ദ്രമെന്നു മുള്ള അഭിപ്രായങ്ങള്‍ മുസ്‌ലിം ലോകത്ത് എട്ടാം നൂറ്റാണ്ടില്‍ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇമാം ജഅ്ഫര്‍ സ്വാദിഖ് (ക്രി. 702-765) ഭൗമകേന്ദ്ര സിദ്ധാന്തത്തെ നിരാകരിക്കുകയും സൂര്യനാണ് കേന്ദ്രമെന്ന് പറയുകയും ചെയ്ത ആദ്യകാല പണ്ഡിതന്മാരിലൊരാളാണ്. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ജഅ്ഫറുബിന്‍ മുഹമ്മദ് അല്‍ ബല്‍ഖിയുടെ (ക്രി. 787-886) ഗ്രഹചലനങ്ങളുടെ മോഡലില്‍ നിന്ന് അദ്ദേഹവും വിശ്വസിച്ചിരുന്നത് സൗരകേന്ദ്ര പ്രപഞ്ച (helio-centric universe) ത്തിലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. പത്താം നൂറ്റാണ്ടില്‍ ഇറാഖിലെ ബസറയില്‍ ജീവിച്ച മുസ്‌ലിം ചിന്തകന്മാരുടെ കൂട്ടായ്മയായ ഇഖ്‌വാനു സ്സഫായുടെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ‘റസാഇല്‍ ഇഖ്‌വാനുസ്സഫാ വ ഖിനാനല്‍ വഫാ’ യില്‍ ‘രാജ്യത്തിന്റെ തലസ്ഥാനം രാഷ്ട്ര കേന്ദ്രത്തിലായതു പോലെ, രാജകൊട്ടാരം പട്ടണകേന്ദ്രത്തിലായതുപോലെ, അല്ലാഹു സൂര്യനെ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ അന്തലൂസില്‍ ജീവിച്ച മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞന്മാര്‍ ടോളമിയുടെ പ്രപഞ്ച മാതൃകയിലുള്ള അബദ്ധങ്ങള്‍ ചൂണ്ടി കാണിക്കുകയും അതിന്റെ വിശ്വാസ്യ തയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു റുഷ്ദ് ടോളമിയുടെ മോഡല്‍ തെറ്റാ ണെന്ന് സ്ഥാപി ക്കുകയും തന്റേതായ ഒരു പ്രപഞ്ച മാതൃകക്ക് രൂപം നല്‍കുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മുആയുദ്ദീന്‍ ഉറുദി, നാസ്വി റുദ്ദീന്‍ അല്‍ ത്വൂസി തുടങ്ങിയവര്‍ ടോളമിയുടെ പ്രപഞ്ചമാതൃകക്ക് ഭേദഗതികള്‍ നിര്‍ദേശിക്കുകയും പ്രസ്തുത ഭേദ ഗതികള്‍ പ്രകാരം ഗ്രഹചലനങ്ങളെയും സ്ഥാനത്തെയും കൃത്യമായി നിര്‍ണ്ണയിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളോളം യൂറോപ്പില്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്ന ടോളമിയുടെ പ്രപഞ്ച മാതൃകയെ ചോദ്യം ചെയ്യുവാന്‍ ധൈര്യം കാണി ച്ച ശാസ്ത്രജ്ഞനാണ് നിക്കോളാസ് കോപ്പര്‍ നിക്കസ്. അദ്ദേഹം തന്റെ പ്രപഞ്ച മാതൃകക്ക് നിദാനമായ ആശയങ്ങള്‍ സ്വീകരിച്ചത് നാസ്വി റുദ്ദീന്‍ അത്തൂസിയുടെ ടോളമി വിമര്‍ശനങ്ങളില്‍ നിന്നായിരുന്നു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി  സൂര്യനെ ചുറ്റിക്കൊ ണ്ടിരിക്കുകയാണെന്നും അദ്ദേഹം സമര്‍ഥിച്ചു. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ജ്യോതിശാസ്ത്രത്തെ ഉപകരണങ്ങളുമായി ബന്ധപ്പെടുത്തുകയും തത്വശാസ്ത്രത്തില്‍ പരീക്ഷണാത്മക നിലപാടിന് തിരികൊളുത്തുകയും ചെയ്ത മഹാനാണ് ഗലീലിയോഗലീലി. രണ്ടു ലെന്‍സുകള്‍ ഒരു കുഴലിനോട് ഘടിപ്പിച്ചു കൊണ്ട് അദ്ദേഹം നിര്‍മ്മിച്ച ആദ്യത്തെ ദൂരദര്‍ശി നിയിലൂടെ വസ്തുക്കളെ ഒമ്പതു മടങ്ങ് വലുതാക്കിക്കാണിക്കാന്‍ കഴിഞ്ഞു. ദൂരദര്‍ശിനിയിലൂടെ ചന്ദ്രന്റെ പരുപരുത്ത പ്രതലത്തെയും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെയും ആകാശഗംഗയിലെ ഒട്ടനവധി നക്ഷത്രങ്ങളെയും കണ്ട അദ്ദേഹം സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നുവെന്നും വാദിച്ചു. അതിനാല്‍ അദ്ദേഹവും ചര്‍ച്ചിന്റെ കോപത്തിന് പാത്രമായി. താന്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് ‘ഇന്‍ക്വിസിഷന്‍ കോര്‍ട്ടി’ന് മുമ്പില്‍ മൊഴികൊടുത്തുകൊണ്ട് മാപ്പിരക്കേണ്ടിവന്നു അദ്ദേഹത്തിന്ഡച്ചുകാര നായ ജോഹന്നാസ് കെപ്ലറാണ് ഗ്രഹങ്ങളുടെ ചലനത്തെ സംബന്ധിച്ച് വ്യക്തമായ അടിസ്ഥാന നിയമങ്ങളുണ്ടാക്കിയത്. ചൊവ്വയുടെ ഭ്രമണപഥം വൃത്താകാരമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന്, എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നത് ദീര്‍ഘവൃത്താകാര പഥങ്ങൡലാണെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹം ആവിഷ്‌കരിച്ച മൂന്ന് ഗ്രഹചലന നിയമങ്ങളാണ് ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായി ഭവിച്ചത്.

തന്റെ സാര്‍വത്രിക ഗുരുത്വനിയമ (Universal Law of Gravitation)ത്തിലൂടെ അന്ന് അറിയപ്പെട്ടിരുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്കെല്ലാം വിശദീകരണം നല്‍കാന്‍ ഒരു പരിധിവരെ കഴിഞ്ഞയാളാണ് സര്‍ ഐസക് ന്യൂട്ടണ്‍. ‘ന്യൂട്ടന്റെ ചലന നിയമങ്ങള്‍’ എന്നറിയപ്പെടുന്ന മൂന്നു നിയമങ്ങള്‍ പ്രപഞ്ചത്തില്‍ ആകമാനം പ്രായോഗികമാണെന്നാണ് തന്റെ ഫിലോസഫിയ നാച്ചുറാലിസ് പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം സമര്‍ഥിക്കുന്നത്.

ന്യൂട്ടന്റെ നിയമങ്ങളാണ് പ്രപഞ്ചത്തെക്കുറിച്ച ആധുനിക സങ്കല്‍പങ്ങള്‍ക്ക് അടിത്തറ പണിതത്. ന്യൂട്ടനുശേഷം വന്ന, എക്കാലഘട്ടത്തി ലെയും ഏറ്റവും വലിയ ബുദ്ധിജീവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്ഥലകാല നൈരന്തര്യത്തിന്റെതായ തികച്ചും സമഗ്രമായ ഒരു പ്രപഞ്ച സങ്കല്‍പം അവതരിപ്പിച്ചു. പ്രസ്തുത പ്രപഞ്ച സങ്കല്‍പമാണ് ആധുനിക പ്രപഞ്ച മോഡലുകള്‍ക്കും പ്രപഞ്ചോല്‍ പത്തി സിദ്ധാന്തങ്ങള്‍ക്കും സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കി കൊടുത്തിരിക്കുന്നത്.

ഖഗോളവസ്തുക്കളെക്കുറിച്ച പഠനത്തില്‍ ന്യൂട്ടണ്‍ വരെയുള്ള ശാസ്ത്രജ്ഞന്മാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് സൗരയൂഥത്തി ലായിരുന്നു. സൂര്യനു ചുറ്റും പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ ചലനവും നിലനില്‍പുമെല്ലാം വിശദീകരിക്കാനാണ് കെപ്ലറും ന്യൂട്ടനുമെല്ലാം പരിശ്രമിച്ചത്. എന്നാല്‍ ഇന്നു നമുക്കറിയാം അതിബൃഹത്തായ പ്രപഞ്ച വ്യൂഹത്തിലെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് നമ്മളുള്‍ക്കൊള്ളുന്ന സൗരയൂഥമെന്ന്. അതുകൊണ്ടുതന്നെ സൗരയുഥത്തെക്കുറിച്ച പഠനം പ്രപഞ്ചത്തെക്കുറിച്ച പൂര്‍ണമായ അറിവു നല്‍കുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് വിശദീകരിക്കുന്നതിന്നുവേണ്ടി താരസമൂഹങ്ങളെയും അവയിലെ മാറ്റങ്ങളെയും കുറിച്ചാണ് ഇന്ന് ശാസ്ത്രജ്ഞന്മാര്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ നക്ഷത്രമായ സൂര്യന്‍ ഭൂമിയില്‍ നിന്ന് എട്ടു പ്രകാശമിനുട്ട് അകലെയാണ് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍ നിന്നു പുറപ്പെടുന്ന പ്രകാശം എട്ടുമിനുട്ട് കഴിഞ്ഞു മാത്രമെ ഭൂമിയിലെത്തൂവെന്ന് സാരം. നമ്മുടെ അയല്‍വാസിയായ-സൗരയൂഥത്തിന് ഏറ്റവുമടുത്തുള്ള-നക്ഷത്രമായ പ്രോക്‌സിമാ സെന്റ്യൂറി നമ്മില്‍ നിന്ന് നാലു പ്രകാശവര്‍ഷം അകലെയാണ്. ഏകദേശം 37×1012 കിലോമീറ്റര്‍. നാം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുന്ന നക്ഷത്രങ്ങളെല്ലാം നൂറും അതിലധികവും പ്രകാശവര്‍ഷങ്ങള്‍ ദൂരെയാണു സ്ഥിതിചെയ്യുന്നത്. സന്ധ്യാ സമയത്ത് കാണുന്ന നക്ഷത്രങ്ങളെല്ലാം പൊതുവായ ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെടുന്നതെന്ന് നമ്മുടെ പൂര്‍വികന്മാര്‍ മനസ്സിലാക്കി യിരിക്കുന്നു. ഈ താരസമൂഹത്തിന് അവര്‍ ക്ഷീരപഥ (Milky way) മെന്ന് നാമകരണം ചെയ്തു. നാം കാണുന്ന നക്ഷത്രങ്ങളെല്ലാം ഒരു പ്രത്യേക ബെല്‍ട്ടി നുള്ളിലാണെന്നും സര്‍പിളാകൃതിയിലുള്ള പ്രസ്തുത ബെല്‍ട്ടിന്റെ ഒരു ഭാഗത്താണ് സൗരയൂഥവും നമ്മളുമെല്ലാമെന്ന ആശയം പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ജ്യോതിശാസ്ത്രജ്ഞന്മാര്‍ വെച്ചുപുലര്‍ത്തിയിരുന്നു. ഒട്ടനേകം നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും അകലങ്ങളും കഠിനപ്രയ ത്‌നത്തിലൂടെ ഗണിച്ചെടുത്ത സര്‍ വില്യം ഹെര്‍ഷല്‍ ഈ ആശയത്തെ സ്ഥിരീകരിച്ചുവെങ്കിലും ഇതിന് സമ്പൂര്‍ണ സ്വീകാര്യത ലഭിച്ചത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മാത്രമാണ്.

നാം ഉള്‍ക്കൊള്ളുന്ന ഒരു താരസമൂഹം (Galaxy) മാത്രമല്ല ഉള്ളതെന്നും ഒന്നിലധികം താരസമൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും 1924ല്‍ എഡ്‌വിന്‍ ഹബ്ള്‍ സ്ഥാപിച്ചതു മുതല്‍ക്കാണ് നമ്മുടെ ആധുനിക പ്രപഞ്ച ചിത്രം ആരംഭിക്കുന്നത്. ഒന്നിലധികം ഗാലക്‌സികളുണ്ടെന്ന് സ്ഥാപിക്കുവാന്‍ വേണ്ടി മറ്റു ഗാലക്‌സികളിലേക്കുള്ള അകലങ്ങള്‍ ഗണിക്കുവാന്‍ ഹബ്ള്‍ നിര്‍ബന്ധിതനായി. നക്ഷത്രങ്ങളുടെ ദീപ്തിയും പ്രത്യക്ഷ ജ്യോതിതീവ്രതയും അളന്നുകൊണ്ട് നമ്മില്‍ നിന്ന് എത്ര ദൂരത്തിലാണ് അവ സ്ഥിതിചെയ്യുന്നതെന്ന് മനസ്സിലാക്കാനാവും. ഈ തത്വം ഗാലക്‌സികളിലേക്ക് പ്രയോഗിച്ചുകൊണ്ട് എഡ്‌വിന്‍ ഹബ്ള്‍ ഒമ്പത് വ്യത്യസ്ത ഗാലക്‌സികളുടെ ദൂരങ്ങള്‍ കണക്കാക്കി. ഒപ്പം തന്നെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതും ഹബ്ള്‍ തന്നെയാണ്.

പ്രപഞ്ചം വികസിക്കുന്നു

പ്രകാശത്തിന്റെ വ്യത്യസ്ത ആവൃത്തി (Frequency) യിലുള്ള തരംഗങ്ങളെയാണ് നാം വ്യത്യസ്ത നിറങ്ങളായി കാണുന്നത്. ഒരു സെക്ക ന്റില്‍ നാനൂറു മുതല്‍ എഴുനൂറ് വരെ ദശോപലക്ഷം തരംഗങ്ങള്‍ ആണ് പ്രകാശത്തിന്റെ ആവൃത്തി. ഇതില്‍ ഏറ്റവും കുറഞ്ഞ ആവൃത്തിയിലുള്ളവ വര്‍ണരാജിയുടെ ചുവപ്പ് അറ്റത്തും കൂടുതല്‍ ആവൃത്തിയുള്ളവ അതിന്റെ നീല അറ്റത്തുമാണുണ്ടാവുക. ഒരു പ്രകാശസ്രോതസ്സ് നമ്മിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ അതിന്റെ വര്‍ണരാജി നീല അറ്റത്തേക്കും അത് നമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണെങ്കില്‍ വര്‍ണരാജി ചുവപ്പ് അറ്റത്തേക്കും നീങ്ങും. ഡോപ്ളര്‍ പ്രഭാവം (Doppler effect) എന്നു വിളിക്കുന്ന ഒരു പ്രതേ്യക പ്രതിഭാസം മൂലമാണിത് സംഭവിക്കുന്നത്. വളരെ സരളമായ ഒരു പ്രതിഭാസമാണിത്. ഒരു സ്രോതസ്സ് നമ്മില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണെങ്കില്‍ അതില്‍ നിന്ന് നമ്മിലെത്തുന്ന തരംഗങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും (ആവൃത്തികുറയുന്നു) അടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ആവൃത്തി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നതാണിത്. നിശ്ചലനായി നില്‍ക്കുന്ന ഒരു നിരീക്ഷകന്നടുത്തേക്ക് ഓടിവരുന്ന കാറിന്റെ എഞ്ചിന്‍ ശബ്ദം കൂടിവരുന്നതായും അകന്നുകൊണ്ടി രിക്കുമ്പോള്‍ അതിന്റെ ശബ്ദം കുറഞ്ഞുവരുന്നതായും അയാള്‍ക്ക് അനുഭവപ്പെടുന്നത് ഡോപ്ലര്‍ പ്രഭാവം കൊണ്ടാണ്.

പ്രകാശത്തെ സംബന്ധിച്ചിടത്തോളം സ്രോതസ്സ് അകലുമ്പോള്‍ ആവൃത്തി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നു പറഞ്ഞാല്‍ അതിന്റെ വര്‍ണരാജി ചുവപ്പ് അറ്റത്തേക്ക് നീങ്ങുന്നുവെന്നും തിരിച്ചാവുമ്പോള്‍ നീല അറ്റത്തേക്ക് നീങ്ങുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. ഇവയെ അരുണഭ്രംശം (Redshift) എന്നും പീതഭ്രംശം (Blue Shift) എന്നും വിളിക്കുന്നു. നിരീക്ഷിക്കപ്പെടുന്ന സ്രോതസ്സ് – നക്ഷത്രമോ ഗ്യാലക്‌ സിയോ മറ്റോ- അരുണഭ്രംശമോ പീതഭ്രംശമോ ഏതാണ് കാണിക്കുന്നതെന്നു നോക്കി അത് നമ്മളോട് അടുക്കുകയോ അകലുകയോ ചെയ്യുന്നതെന്ന് മനസ്സിലാക്കാനാവും.

താന്‍ കണ്ടെത്തിയ ഗാലക്‌സികളുടെ വര്‍ണരാജിയെ നിരീക്ഷിച്ച എഡ്‌വിന്‍ ഹബ്ള്‍ അത്ഭുതപ്പെട്ടു. ഗാലക്‌സികള്‍ അടുക്കും ചിട്ടയുമില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്നും അതുകൊണ്ടുതന്നെ പീതഭ്രംശവും അരുണഭ്രംശവും ഒരേ നിരക്കില്‍ കാണപ്പെടുമെന്നും പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഗാലക്‌സികളെ നിരീക്ഷിച്ചത്. പ്രതീക്ഷക്ക് വിപരീതമായി എല്ലാ ഗാലക്‌സികളും അരുണഭ്രംശമാണു കാണിച്ചത്. ഇതിനര്‍ഥമെന്താണ്? എല്ലാ ഗാലക്‌സികളും നമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഹബ്ള്‍ ഈ വിഷയത്തെപ്പറ്റി വിശദമായി പഠിച്ചു. 1929ല്‍ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബൗദ്ധിക വിപ്ലവത്തിന് തിരികൊളുത്തി. അദ്ദേഹം പ്രഖ്യാപിച്ചു: ‘പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു.’ ഒരു ബലൂണിലെ കുത്തുകള്‍ ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അകന്നുകൊണ്ടിരിക്കുന്നതുപോലെ ഗാലക്‌സികള്‍ അകന്നുകൊണ്ടിരിക്കുകയാണ് എന്നു പറയുക മാത്രമല്ല ഹബ്ള്‍ ചെയ്തത്; പ്രപഞ്ച വികാസത്തിന്റെ ഗണിതസൂത്രവാക്യം നിര്‍ധരിച്ചെടുക്കുക കൂടി ചെയ്തു അദ്ദേഹം. ഒരു ഗാലക്‌സി നമ്മില്‍ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നതിന്റെ വേഗത ആ ഗാലക്‌സിയും നമ്മളും തമ്മിലുള്ള അകലത്തിന് ആനുപാതികമായിരിക്കും എന്നതാണ് ഹബ്ള്‍ നിയമം (Hubble’s Law). ഗാലക്‌സിയുടെ വേഗത Vയും അതിന് നമ്മില്‍ നിന്നുള്ള ദൂരം Rഉമാണെങ്കില്‍ V=Hor ആയിരിക്കുമെന്നാണ് ഹബ്ള്‍ നിയമം പറയുന്നു. ഇതില്‍ ഒീ ഹബ്ള്‍ നിയതാങ്കമാണ്. (20 കിലോമീറ്റര്‍/ സെക്കന്റ്/ദശലക്ഷം പ്രകാശവര്‍ഷം). പ്രപഞ്ച വികാസത്തെപ്പറ്റി കൃത്യമായ വിവരം നല്‍കുന്നഗ്രന്ഥമാണു ക്വുര്‍ആന്‍. പ്രപഞ്ചസൃഷ്ടിക്കുശേഷം അല്ലാഹു അതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. ”ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.” (51:47)

മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം

‘മാറ്റമില്ലാത്ത പ്രപഞ്ചം’ എന്ന ആശയത്തെ അടിവേരോടെ തകര്‍ക്കുകയാണ് തന്റെ പ്രപഞ്ചവികാസതത്വത്തിലൂടെ ഹബ്ള്‍ ചെയ്തത്. യഥാര്‍ഥത്തില്‍ ഐന്‍സ്റ്റയിനിന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തവും ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തവുമെല്ലാം ‘മാറ്റമില്ലാത്ത പ്രപഞ്ചം’ എന്ന ആശയത്തെ തകര്‍ക്കുവാനാവശ്യമായ കോപ്പുകളുണ്ടാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത ആശയം വളരെയധികം രൂഢമൂലമായതിനാല്‍ ആ ആശയത്തിനുസൃതമായി തങ്ങളുടെ  സിദ്ധാന്തങ്ങളെ വ്യാഖ്യാനിക്കുകയാണ് പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാ രെല്ലാം ചെയ്തത്. ഐന്‍സ്റ്റയിന്‍ തന്റെ സമീകരണങ്ങളില്‍ പ്രാപഞ്ചിക സ്ഥിരാങ്കം (cosmological constant) ഉള്‍പ്പെടുത്തിക്കൊണ്ടാണ് മാറ്റമില്ലാത്ത പ്രപഞ്ചം എന്ന ആശയത്തെ സ്ഥിരീകരിക്കുവാന്‍ വേണ്ടി ശ്രമിച്ചത്. സ്ഥലകാല നൈരന്തര്യത്തിന് വികാസ സഹജമായ ഒരു ത്വരയുണ്ടെന്നും ഇതാണ് പ്രപഞ്ചത്തിലെ ദ്രവ്യമാനങ്ങളുടെയെല്ലാം ആകര്‍ഷണത്തെ തുലനം ചെയ്യുന്നതെന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യം സ്ഥാപിക്കുന്നതിനുവേണ്ടി മറ്റു ബലങ്ങളില്‍ നിന്നു വ്യത്യസ്തമായതും ഒരു പ്രത്യേക സ്രോതസ്സില്‍ നിന്നല്ലാതെ സ്ഥലകാല നൈരന്തര്യത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ഉരുത്തിരിയുന്നതുമായ പ്രതിഗുരുത്വ ബലം (Antigravity force) എന്ന ഒരു ബലത്തെ അദ്ദേഹം സങ്കല്‍പിക്കുകയും ചെയ്തു. ഇതെല്ലാം ‘മാറ്റമില്ലാത്ത പ്രപഞ്ചം’ എന്ന ആശയത്തെ സ്ഥിരീകരിക്കുവാന്‍ വേണ്ടിയായിരുന്നു. ഹബ്‌ളിന്റെ കണ്ടുപിടുത്തത്തോടു കൂടി മാറ്റമില്ലാത്ത പ്രപഞ്ചമെന്ന ആശയത്തിന് പ്രസക്തി നഷ്ടപ്പെടുകയും ആപേക്ഷികതാ സിദ്ധാന്തം കലര്‍പ്പില്ലാതെ അവതരിപ്പിക്കുവാന്‍ സാധ്യമാവുകയും ചെയ്തു.

എഡ്‌വിന്‍ ഹബ്ള്‍ പ്രപഞ്ച വികാസത്തെക്കുറിച്ച് പറയുന്നതിന്ന് അര ദശാബ്ദങ്ങള്‍ക്കു മുമ്പ് റഷ്യന്‍ ശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ പ്രപഞ്ചം മാറ്റമില്ലാത്തതല്ലെന്ന നിഗമനത്തിലെത്തിയിരുന്നു. നാം ഏതു ദിശയില്‍ നിന്ന് പ്രപഞ്ചത്തെ നോക്കിയാലും അത് ഒരേ രൂപത്തിലാണ് കാണപ്പെടുകയെന്ന വസ്തുതയില്‍ നിന്നാണ് ഫ്രീഡ്മാന്‍ തന്റെ നിഗമനങ്ങള്‍ തുടങ്ങുന്നത്. ഇത് ഭൂമിയില്‍ നിന്നു നോക്കു മ്പോള്‍ മാത്രമുള്ളതല്ല; പ്രത്യുത, പ്രപഞ്ചത്തില്‍ എവിടെ നിന്നു നോക്കിയാലും അത് ഒരേ രീതിയില്‍ തന്നെയാണ് കാണപ്പെടുകയെന്ന ലളിതമായ ഒരു അനുമാനത്തിലെത്തുകയാണ് പിന്നെ ഫ്രീഡ്മാന്‍ ചെയ്തത്. ഈ രണ്ട് അനുമാനങ്ങളുടെ വെളിച്ചത്തില്‍ പ്രപഞ്ചം മാറ്റമില്ലാത്തതല്ലെന്ന നിഗമനത്തിലെത്തി, അദ്ദേഹം.

മഹാവിസ്‌ഫോടന സിദ്ധാന്തം

പ്രപഞ്ചം വികസിക്കുന്നുവെന്ന കണ്ടെത്തലില്‍ നിന്ന് ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്ന സ്വാഭാവികമായ ഒരു നിഗമനമായിരുന്നു മഹാ വിസ്‌ഫോടനം (Big Bang) എന്ന ആശയം. ഗാലക്‌സികള്‍ തമ്മിലുള്ള അകലം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, കാലത്തിലൂടെ പുറകോട്ടുപോയാല്‍, അവ തമ്മിലുള്ള അകലം പൂജ്യമായിരിക്കുന്ന ഒരു സമയമുണ്ടായിരിക്കുമല്ലോ. ഗാലക്‌സികളിലെ ദ്രവ്യം മുഴുവന്‍ ഒരു പ്രത്യേക കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്ന സമയം. പ്രപഞ്ച വികാസത്തിന്റെ തോതു കണ്ടെത്തിയാല്‍ ഇത് എത്ര വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നുവെന്ന് കണക്കാക്കാന്‍ കഴിയും. ഏകദേശം രണ്ടായിരം കോടി കൊല്ലങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം ആദിമ ഭ്രൂണാവസ്ഥ (Primordial nucleus)യിലായിരുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്. പ്രപഞ്ചത്തിലെ ദ്രവ്യമെല്ലാം ഒരുമിച്ചുകൂടി വമ്പിച്ച ഗുരുത്വാകര്‍ഷണത്തിന് വിധേയമായി നിലനിന്നിരുന്ന അവസ്ഥയാണിത്. ആദിമ ഭ്രൂണാവസ്ഥയിലുണ്ടായിരുന്ന പ്രപഞ്ചത്തിന് 22 കിലോമീറ്റര്‍ വ്യാസാര്‍ധ മുണ്ടായിരുന്നു. ഈ അവസ്ഥയിലെ പദാര്‍ഥത്തിന്റെ ഒരു ഘന സെന്റീമീറ്റര്‍ അളവിന്റെ ഭാരം 25 കോടി ടണ്‍ ആയിരുന്നു. അപ്പോഴാണ് മഹാവിസ്‌ഫോടനമുണ്ടായത്. ഒരു പൊട്ടിത്തെറി! ശക്തമായ ഈ സ്‌ഫോടനത്തില്‍ ദ്രവ്യം നാലുപാടും ചിതറി. ഇങ്ങനെ ചീറ്റിച്ചാടിയ പദാര്‍ഥം വികിരണത്തിന്റെ ഉല്‍സര്‍ജനത്തിലൂടെ ക്രമേണ തണുത്തു. പ്രത്യേക രീതിയിലുള്ള സമ്മര്‍ദങ്ങളുടെ ഫലമായി ചിലതെല്ലാം കൂട്ടംകൂടിയും മറ്റും നക്ഷത്രങ്ങളും നെബുലകളും ഗാലക്‌സികളുമുണ്ടായി. ഇതാണ് മഹാ വിസ്‌ഫോടന സിദ്ധാന്ത (Big Bang Theory) ത്തിന്റെ സംക്ഷിപ്തം.

ഹബ്‌ളിന്റെ പ്രപഞ്ചവികസന തത്വത്തിന്റെ അടിസ്ഥാനത്തില്‍ 1927ല്‍ ബെല്‍ജിയംകാരനായ എഡ്‌വേര്‍ഡ് ലെമെയ്‌ത്രേയാണ് മഹാ വിസ്‌ഫോടന സിദ്ധാന്തം അവതരിപ്പിച്ചത്. അലക്‌സാണ്ടര്‍ ഫ്രീഡ്മാന്റെ വിദ്യാര്‍ത്ഥിയായിരുന്ന ജോര്‍ജ് ഗാമോവും എഡിങ്ടനും
കൂടി ഈ സിദ്ധാന്തത്തെ വികസിപ്പിച്ചെടുത്തു. മഹാവിസ്‌ഫോടനം എന്ന ആശയം ശരിയാണെങ്കില്‍ ആദ്യകാല പ്രപഞ്ചം വളരെയേറെ ചൂടേറിയതും ഘനത്വമുള്ളതും തപ്തദീപ്തവുമായിരിക്കണമെന്നും അങ്ങനെയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ മഹാ വിസ്‌ഫോടനമെന്ന ആശയം അംഗീകരിക്കുവാന്‍ സൈദ്ധാന്തികമായ തടസ്സങ്ങളൊന്നുമുണ്ടാവുകയില്ലെന്നും ജോര്‍ജ് ഗാമോവ് അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിലെ വിദൂര ഭാഗങ്ങളില്‍ നിന്ന് വരുന്ന പ്രകാശ രശ്മികളില്‍ ചിലവ  പ്രപഞ്ചോല്‍പത്തികാലത്തുള്ളവയായി രിക്കുമെന്നും അവ ഇപ്പോള്‍ മാത്രമേ നമ്മിലെത്തിച്ചേരുന്നുള്ളൂവെന്നതിനാല്‍ ആദ്യകാല പ്രപഞ്ചത്തിന്റെ ദീപ്തി നമുക്ക് ഇപ്പോഴും കാണാന്‍ കഴിയണമെന്നും ഗാമോവിന്റെ ശിഷ്യന്മാരായ ബോബ്ഡിക്കിയും ജിംപിള്‍സും വാദിച്ചു. പ്രപഞ്ചം വികസിച്ചുകൊണ്ടി രിക്കുന്നുവെന്നതിനാല്‍ വിദൂരത്തുനിന്നും വരുന്ന പ്രകാശരശ്മികള്‍ വളരെയേറെ അരുണഭ്രംശത്തിന് വിധേയമാവുമെന്നും അത് നമുക്ക് മൈക്രോവേവ് വികിരണമായിട്ടായിരിക്കും അനുഭവപ്പെടുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. 1965ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരായ അര്‍നോപെന്‍സിയാസും റോബര്‍ട്ട് വില്‍സണും കൂടി ഇത്തരത്തിലുള്ള മൈക്രോവേവ് വികിരണങ്ങള്‍ കണ്ടെത്തി. ഇത് മഹാവിസ്‌ഫോ ടനസിദ്ധാന്തത്തിന്റെ സ്ഥിരീകരണത്തിന് കാരണമായി. 1978ല്‍ പെന്‍സിയാസിനും വില്‍സണും പ്രപഞ്ചോല്‍പത്തി സിദ്ധാന്തത്തിന് നല്‍കിയ സംഭാവനയെ മാനിച്ചുകൊണ്ട് നോബല്‍ സമ്മാനം നല്‍കപ്പെട്ടു. പ്രാപഞ്ചികവസ്തുക്കളെല്ലാം ഒന്നായിരുന്നുവെന്നും അല്ലാഹു അവയെ വേര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും പരിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. മഹാവിസ്‌ഫോടനത്തെക്കുറിച്ച പുതിയ അറിവുകള്‍ ക്വുര്‍ആന്‍ പറഞ്ഞിടത്തേക്കാണ് ശാസ്ത്രജ്ഞരെ കൊണ്ടുപോകുന്നത് എന്നര്‍ത്ഥം; ”ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതാ യിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?” (21:30)

മഹാ വിസ്‌ഫോടന വൈചിത്ര്യം

രണ്ടായിരം കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായി എന്ന് കരുതപ്പെടുന്ന മഹാ വിസ്‌ഫോടനത്തിനു മുമ്പ് ഗാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായിരുന്നുവെന്നാണ് മഹാ വിസ്‌ഫോടന സിദ്ധാന്തം പറയുന്നത്. അപ്പോള്‍ പ്രപഞ്ചത്തിന്റെ ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തമായിരിക്കണം. അന്തസംഖ്യകളെ കൈകാര്യം ചെയ്യാന്‍ ഗണിതത്തിനാവുകയില്ല. ഇതിനര്‍ത്ഥം ആദിമ ഭ്രൂണാവസ്ഥ യെന്ന പ്രപഞ്ച ബിന്ദുവില്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം തകരുന്നുവെന്നാണ്. എല്ലാ സിദ്ധാന്തങ്ങളുടെയും അടിത്തറ ഗണിത ത്തിലാണെന്നതിനാല്‍ ആപേക്ഷികതാ സിദ്ധാന്തം മാത്രമല്ല, എല്ലാ ഗണിത സൂത്രവാക്യങ്ങളും ഈ ബിന്ദുവില്‍ അപ്രസക്തമാവുന്നു. ഗണിതശാസ്ത്രജ്ഞന്മാര്‍ വൈചിത്ര്യം (Singularity) എന്നു വിളിക്കുന്നത് ഇത്തരം ബിന്ദുക്കളെയാണ്. മഹാ വിസ്‌ഫോടനം നടന്നിട്ടുണ്ടെങ്കില്‍ ആ സംഭവത്തിന് മുമ്പുള്ള കാര്യങ്ങള്‍ നമുക്ക് നിര്‍ണയിക്കാന്‍ കഴിയില്ല എന്നാണ് ഇതിനര്‍ത്ഥം. ആദിമ ഭ്രൂണാവസ്ഥയിലുള്ള പ്രപഞ്ചം നമ്മുടെ വിശദീകരണങ്ങള്‍ക്ക് വഴങ്ങുന്നതല്ല. അതുകൊണ്ടുതന്നെ മഹാ വിസ്‌ഫോടനത്തിനു മുമ്പ് എന്തായിരുന്നുവെന്ന് അനുമാനിക്കു വാന്‍ നമുക്ക് സാധ്യമല്ല. ആദിമ ഭ്രൂണാവസ്ഥയെ നിയന്ത്രിച്ചിരുന്ന വല്ല നിയമങ്ങളുമുണ്ടായിരുന്നെങ്കില്‍ മഹാ വിസ്‌ഫോട നത്തോടെ പ്രസ്തുത നിയമങ്ങള്‍ തകര്‍ന്നിരിക്കണം. അതുകൊണ്ട് പ്രപഞ്ച മാതൃകയില്‍ മഹാ വിസ്‌ഫോടനത്തിന് മുമ്പുള്ള കാര്യങ്ങള്‍ കടന്നുവരുന്നേയില്ല. അതിന്റെ ആവശ്യവുമില്ല. മഹാ വിസ്‌ഫോടനത്തോടെയാണ് ഇന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ‘കാലം’ മഹാവിസ്‌ഫോടനത്തോടെയാണ് തുടങ്ങുന്നതെന്ന് നാം വ്യവഹരിക്കുന്നു. നമ്മുടെ കാലസങ്കല്‍പത്തിന് ആസ്പദമായ നിയമങ്ങള്‍ മഹാവിസ്‌ഫോടനത്തോടെയാണ് ആരംഭിക്കുന്നതെന്നു സാരം.

സ്ഥിരസ്ഥിതി സിദ്ധാന്തം

കാലത്തിന് ഒരു തുടക്കമുണ്ട് എന്ന ആശയം അംഗീകരിക്കുവാന്‍ പലരും ആദ്യം വൈമനസ്യം പ്രകടിപ്പിച്ചു. എന്നാല്‍ കത്തോലിക്കാ ചര്‍ച്ചി ന്റെ സമീപനം വളരെയേറെ രസാവഹമായിരുന്നു. ഇന്‍ക്വിസിഷനുകളുടെ ഉപജ്ഞാതാക്കള്‍ എന്ന പള്ളിമേധാവികളുടെ യശസ്സിലു ണ്ടായ കറുത്ത പുള്ളി നീക്കം ചെയ്യാനായിരിക്കണം, ശാസ്ത്രലോകം പോലും പൂര്‍ണമായി അംഗീകരിക്കുന്നതിനു മുമ്പ് മഹാ വിസ്‌ഫോ ടന സിദ്ധാന്തം പൂര്‍ണമായും ബൈബിളിന് അനുസൃതമാണെന്ന് പ്രചരിപ്പിക്കുകയും 1951ല്‍ ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിക്കു കയും ചെയ്തു. ശാസ്ത്രലോകത്ത് പള്ളിയോടുള്ള വിരോധം മൂര്‍ഛിച്ചിരുന്ന സമയത്തായിരുന്നു ഇത്. അതിനാല്‍ തന്നെ ചര്‍ച്ച് പറയുന്ന തു തെറ്റാണെന്ന് സ്ഥാപിക്കുവാനുള്ള ഒരു ത്വര ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ക്കുണ്ടായി. അങ്ങനെയാണ് സ്ഥിരസ്ഥിതി സിദ്ധാന്തം (Steady state theory) പിറക്കുന്നത്. 1948ല്‍ ഹെര്‍മന്‍ ബോണ്ടിയും തോമസ് ഗോള്‍ഡും ഫ്രെഡ്‌ഹോയലും കൂടിയാണ് ഈ സിദ്ധാന്തം രൂപീകരിച്ചത്. പ്രപഞ്ചത്തിന്റെ വികാസമെന്ന ആശയം അംഗീകരിച്ചുകൊണ്ടുതന്നെ സമയാനുസൃതമായി പ്രപഞ്ചത്തിനു മാറ്റമില്ല എന്നു സ്ഥാപിക്കുക യാണ് ഈ സിദ്ധാന്തം ചെയ്യുന്നത്. ഗാലക്‌സികള്‍ അന്യോന്യം അകന്നുപോവുമ്പോള്‍ അനുസ്യുതം സൃഷ്ടിക്കപ്പെടുന്ന പുതിയ ദ്രവ്യമാന ത്തില്‍ നിന്ന്, അവ തമ്മിലുള്ള വിടവുകളില്‍ നിരന്തരമായി പുതിയ ഗാലക്‌സികള്‍ രൂപം കൊണ്ടിരിക്കുന്നുവെന്നും ഇതുമൂലം പ്രപഞ്ചം ഏകദേശം എല്ലാ സ്ഥലകാല ബിന്ദുക്കളിലും ഒരേപോലെ കാണപ്പെടുന്നുവെന്നും സ്ഥിരസ്ഥിതി സിദ്ധാന്തം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. 1960ല്‍ കേംബ്രിഡ്ജിലെ ഒരുപറ്റം ജ്യോതിശാസ്ത്രജ്ഞന്മാര്‍ റേഡിയോ സ്രോതസ്സുകളെക്കുറിച്ചു  നടത്തിയ  പഠനങ്ങള്‍ സ്ഥിരസ്ഥിതി സിദ്ധാന്ത ത്തിന്റെ പ്രവചനങ്ങള്‍ തെറ്റിക്കുന്ന ഫലങ്ങളാണ് നല്‍കിയത്. 1965ല്‍ പെന്‍സിയാസും വില്‍സണും കൂടി മൈക്രോവേവ് വികിരണം കണ്ടുപിടിച്ചതോടുകൂടി സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രെഡ്‌ഹോയില്‍ തന്നെ മഹാ വിസ്‌ഫോടനമെന്ന ആശയം അംഗീകരിച്ചു.

1965ല്‍ തന്നെ മഹാ വിസ്‌ഫോടനമെന്ന ആശയത്തെ സ്ഥിരീകരിക്കുന്ന മറ്റു ചില കണ്ടുപിടുത്തങ്ങളുമുണ്ടായി. റഷ്യന്‍ ശാസ്ത്രജ്ഞന്മാരായ ഇവഗനിലിഫ് ഷിറ്റ്‌സും ഐസക് യെലാതിനികോവും മഹാവിസ്‌ഫോടനമെന്ന ആശയത്തെ നിരാകരിക്കുന്നതിനു വേണ്ടി ശ്രമിച്ചവരാ യിരുന്നു. മഹാവിസ്‌ഫോടന വൈചിത്ര്യമെന്ന ആശയത്തോടനുബന്ധമായി വരുന്ന ‘കാലത്തിന്റെ തുടക്കം’ എന്ന സങ്കല്‍പത്തെ ഇല്ലാതാക്കുവാനാണ് 1963 മുതല്‍ അവര്‍ ശ്രമമാരംഭിച്ചത്. പക്ഷെ, തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ തങ്ങളിച്ഛിക്കുന്ന രീതിയിലുള്ള ഫലങ്ങളല്ല നല്‍കുന്നതെന്നു കണ്ട അവര്‍ 1970ല്‍ ആ ശ്രമം ഉപേക്ഷിക്കുകയും പൊതുആപേക്ഷികതാ സിദ്ധാന്തം ശരിയാണെങ്കില്‍ പ്രപഞ്ചത്തിന് ഒരു മഹാവിസ്‌ഫോടനവൈചിത്ര്യം ഉണ്ടായിരുന്നിരിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സ്രഷ്ടാവിനെ നിഷേധിക്കാമോ?

നമുക്കറിയാന്‍ കഴിയുന്ന പ്രപഞ്ചം എത്രത്തോളം ബൃഹത്താണെന്ന് നാം മനസ്സിലാക്കി. അതില്‍ തന്നെ ഒന്നിനുശേഷം ഇരുപത്തിനാല് പൂജ്യങ്ങള്‍ വരുന്ന സംഖ്യ (ആയിരം കോടി കോടി കോടി ) നക്ഷത്രങ്ങളുണ്ടെന്നാണു ശാസ്ത്രജ്ഞന്മാരുടെ കണക്ക്. അറിയാന്‍ കഴിയാത്ത പ്രപഞ്ചം എത്രമാത്രം ബൃഹത്താണെന്ന് നമുക്ക് ഊഹിക്കാന്‍പോലും കഴിയില്ല.

മഹാവിസ്‌ഫോടന വൈചിത്ര്യത്തില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ ആരംഭമെന്ന ആശയം മനുഷ്യന്റെ കഴിവുകളുടെയും ധിഷണയുടെയും അറിവിന്റെയുമെല്ലാം പരിധിയെയും പരിമിതികളെയും കുറിച്ച് നമ്മെ ഒരിക്കല്‍കൂടി ബോധവാന്മാരാക്കുന്നു. മഹാവിസ്‌ഫോടനം നടക്കുന്നതിനു മുമ്പ് പ്രപഞ്ചത്തിന്റെ അവസ്ഥയെന്തായിരുന്നുവെന്ന് നമുക്ക് ഒരിക്കലും ഗണിച്ചെടുക്കുവാന്‍ കഴിയില്ലെന്നാണ് പ്രപഞ്ചോ ല്‍പത്തിയെക്കുറിച്ച ഏറ്റവും പുതിയ സിദ്ധാന്തം പറയുന്നത്. ആദിമ ഭ്രൂണാവസ്ഥയെന്നു വിളിക്കപ്പെടുന്ന വിസ്‌ഫോടനത്തിനു മുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥയെ സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഭൗതിക ശാസ്ത്രം അശക്തമാണ്. കാരണം അത്തരമൊരവസ്ഥ ഭൗതിക ത്തിന്റെ വിഭാവനകള്‍ക്ക് അതീതമാണ്. ഗാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായിരുന്ന അവസ്ഥയെയാണല്ലോ നാം വൈചിത്ര്യം എന്നു വിളിക്കുന്നത്. പ്രപഞ്ചത്തിന്റെ ഘനത്വവും സ്ഥല- കാലങ്ങളുടെ വക്രതയും അനന്തമായിരുന്ന അവസ്ഥയാണത്. അനന്ത സംഖ്യക ളെ കൈകാര്യം ചെയ്യാന്‍ ഗണിതത്തിനാവുകയില്ലെന്നതിനാല്‍ എല്ലാ സൂത്രവാക്യങ്ങളും അത്തരമൊരു ആദിമ ഭ്രൂണബിന്ദുവില്‍ തകര്‍ന്നു തരിപ്പണമാകും. മഹാവിസ്‌ഫോടനം നടന്നിട്ടുണ്ടെങ്കില്‍ ആ സംഭവത്തിനു മുമ്പുള്ള കാര്യങ്ങള്‍ നമുക്ക് ഒരിക്കലും നിര്‍ണയിക്കുവാന്‍ കഴിയില്ല. ആദിമ ഭ്രൂണാവസ്ഥയിലുള്ള പ്രപഞ്ചം നമ്മുടെ വിശദീകരണങ്ങള്‍ക്ക് വഴങ്ങുന്നതല്ല. അഥവാ, പ്രപഞ്ചം എങ്ങനെയാണുണ്ടാ യതെന്ന് നമുക്ക് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ല. പ്രപഞ്ചം എങ്ങനെയുണ്ടായി എന്നു പ്രവചിക്കണമെങ്കില്‍ കാലത്തിന്റെ തുടക്കത്തിലും നിലനില്‍ക്കുന്ന നിയമങ്ങള്‍ ആവശ്യമാണ്. അത്തരം നിയമങ്ങള്‍ നമുക്ക് ഒരിക്കലും ഊഹിച്ചെടുക്കുവാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് ഖണ്ഡിതമായിപ്പറയാന്‍ ശാസ്ത്രത്തിന് ഒരിക്കലും കഴിയുകയില്ല. പ്രപഞ്ചം ഉണ്ടായതിനു ശേഷം എന്തു സംഭവിച്ചുവെന്നു മാത്രമേ മഹാവിസ്‌ഫോടന സിദ്ധാന്തം പ്രവചിക്കുന്നുള്ളൂവെന്നര്‍ത്ഥം.

പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ച മനുഷ്യധിഷണയുടെ അന്വേഷണത്തെ സംബന്ധിച്ച ചര്‍ച്ചയുടെ അന്ത്യത്തില്‍ നമുക്ക് ബോധ്യപ്പെടു ന്നതെന്താണ്? ഏറ്റവും  ആധുനികമായ സങ്കേതങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത സിദ്ധാന്തം പറയുന്നത് പ്രപഞ്ചോല്‍പത്തി യെക്കുറിച്ച് നമുക്കൊന്നും അറിയാന്‍ കഴിയുകയില്ലെന്നാണ്. പ്രപഞ്ചോല്‍പത്തിക്കു മുമ്പ് എന്തായിരുന്നുവെന്ന ചോദ്യം ഭൗതികശാസ്ത്ര ത്തില്‍ അസംബന്ധമാണെന്ന് പറയുവാനുള്ള കാരണവും മറ്റൊന്നല്ല. സ്ഥല- കാല നൈരന്തര്യത്തിനകത്തെ കാര്യങ്ങളെക്കുറിച്ചു  മാത്രമെ  ഭൗതികത്തിന് വിശദീകരിക്കുവാനാവുകയുള്ളൂ. അതിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും നമുക്ക് കഴിയു കയില്ല. അതിനെക്കുറിച്ചറിയുക സ്ഥലകാലത്തിന് അതീതനായ ഒരുത്തനു മാത്രമായിരിക്കും. സ്രഷ്ടാവിന്റെ അജയ്യതയും മനുഷ്യന്റെ പരിമിതിയും നമ്മെ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുകയാണ് മഹാ വിസ്‌ഫോടന സിദ്ധാന്തം ചെയ്യുന്നത്.

പ്രപഞ്ചത്തെയും തന്നെയും കുറിച്ച മനുഷ്യന്റെ പഠനങ്ങള്‍ തുടരുകയാണ്. പ്രസ്തുത പഠനങ്ങളില്‍ നിന്ന് ചിന്താശക്തിയും വിവേകവും അതോടൊപ്പം വിനയവുമുള്ളവര്‍ സ്രഷ്ടാവിന്റെ അസ്തിത്വം അനുഭവിച്ചറിയുകയും അവന്റെ അപാരമായ കഴിവുകള്‍ക്ക് മുമ്പില്‍ നമ്രശിരസ്‌കരാവുകയും ചെയ്യുന്നു. എന്നാല്‍ തന്നെക്കാള്‍ വലിയൊരു അസ്തിത്വത്തെയും അംഗീകരിക്കുവാന്‍ അഹങ്കാരം സമ്മതിക്കാത്തയാളുകള്‍ ഏത് കാലഘട്ടത്തിലും പടച്ചതമ്പുരാന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിന് പുല്‍ക്കൊടികള്‍ തേടിയിട്ടുണ്ട്. ന്യൂട്ടന്‍ ചലനനിയമങ്ങളാവിഷ്‌കരിച്ചപ്പോള്‍ ഇനിയൊരു ദൈവത്തിന് പ്രസക്തിയില്ലെന്നു പറഞ്ഞവര്‍ പ്രപഞ്ചോല്‍പത്തിയെക്കുറിച്ച പുതിയ തത്വങ്ങളിലും ദൈവനിഷേധം പരതുന്നുണ്ട്. പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള  പഠനം മുന്‍ധാരണകളില്ലാത്തവരെ സ്രഷ്ടാവിന്റെ അസ്തിത്വമംഗീകരിക്കുന്നതിലെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കണ്ണും കാതും മനസ്സുമുപയോഗിക്കാതെ, തങ്ങളുടെ അഹങ്കാരത്തിന് അനുയോജ്യമല്ലെന്ന കാരണത്താല്‍ മാത്രം സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവര്‍ കഠിന ശിക്ഷയല്ലാതെ മറ്റെന്താണ് അര്‍ഹിക്കുന്നത്?”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പി
ഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.’ (7:179)

നക്ഷത്രങ്ങള്‍ പുകയില്‍ നിന്ന്

നക്ഷത്രങ്ങള്‍ക്കിടയിലുള്ള സ്ഥലത്തിന് ‘നക്ഷത്രാന്തരീയ സ്ഥലം’ (Inter Stellar Space) എന്നാണ് പറയുന്നത്. വളരെ കുറഞ്ഞ അളവിലായി നക്ഷത്രാന്തരീയ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കണങ്ങളാണ് നക്ഷത്രാന്തരീയ പൊടിപടലങ്ങള്‍ (Inter Stellar Dust). ഈ പൊടിപടലങ്ങളില്‍ പ്രധാനമായും ഹൈഡ്രജനാണുള്ളത്. ഈ കണങ്ങള്‍ സദാ ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ ചലനത്തിനിടയില്‍ ചില കണികകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും യോജിക്കുകയും ചെയ്യും. അത് വീണ്ടും മൂന്നാമതൊരു കണികയുമായി കൂട്ടിയിടിച്ച് യോജിക്കും. ഈ പ്രക്രിയ തുടര്‍ന്ന് തുടര്‍ന്ന് ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ കണങ്ങളുടെ വലിയൊരു ശേഖരമായി അത് പരിണമിക്കും. ഇത്തരം വലിയൊരു ശേഖരത്തെ മേഘപാളിയെന്നാണ് വിളിക്കുന്നത്. ഈ മേഘപാളി കൂടുതല്‍ കണികകളെ ശേഖരിച്ച് വളര്‍ന്നുകൊണ്ടിരിക്കും. മറ്റ് നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശംമൂലവും മറ്റ് വികിരണങ്ങള്‍ മൂലവും ഉണ്ടാകുന്ന മര്‍ദവും കണികകളുടെ സമാഹരണത്തെ സഹായിക്കുന്നു. ഇങ്ങനെയുണ്ടാവുന്ന മേഘപാളിക്കകത്ത് പെട്ടെന്നുണ്ടാകുന്ന ഏതെങ്കിലുമൊരു ആഘാത (Shock)ത്തിന്റെ ഫലമായി ഇതിന്റെ ഒരു ഭാഗം ഘനീഭവിച്ച് കൂടുതല്‍ സാന്ദ്രമാകും. അവിടെ ഘനത്വം വളരെ പെട്ടെന്ന് വര്‍ധിച്ച് നക്ഷത്രത്തിന്റെ ഭ്രൂണമായി (Stellar Nucleus) മാറുന്നു. ഈ ഭ്രൂണത്തിന് ആകര്‍ഷണശക്തി കൂടുതലുണ്ടായിരിക്കും. ചുറ്റുമുള്ള കണികകളെ ഭ്രൂണം തന്നിലേക്കാര്‍ഷിക്കും. കണികകള്‍ ഉരഞ്ഞുരഞ്ഞുകൊണ്ടാണ് നക്ഷത്രഭ്രൂണത്തിന്റെ കേന്ദ്രത്തിലേക്കുനീങ്ങുന്നത്. അത് അവിടത്തെ താപനില വര്‍ധിപ്പിക്കും. ഇങ്ങനെ താപനില കൂടിക്കൂടി വന്ന് കണങ്ങള്‍ തിളങ്ങാനാരംഭിക്കുന്നു. ഈ അവസ്ഥക്കാണ് പ്രാഗ് നക്ഷത്രം (Proto Star) എന്ന് പറയുന്നത്. പ്രാഗ് നക്ഷത്രം സ്വന്തം ഗുരുത്വാകര്‍ഷണംമൂലം ചുരുങ്ങിക്കൊണ്ടിരിക്കും. ഇത് താപനില വര്‍ധിപ്പിച്ച് 50,000 കെല്‍വിന്‍ വരെ ഉയര്‍ത്തും. ഈ താപനിലയില്‍ ഹൈഡ്രജന്‍ ആറ്റത്തിലെ ഇലക്‌ട്രോണുകള്‍ വേര്‍പെട്ട് സ്വതന്ത്രമാവും. ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളും ഇലക്‌ട്രോണുകളും വേറെ വേറെ സ്ഥിതിചെയ്യുന്ന പ്ലാസ്മാവസ്ഥയിലെത്തിച്ചേരും. ഈ വേളയിലും സങ്കോചം തുടരുകയും താപനില വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് താപനില ഒരുകോടി കെല്‍വിനിലധികമായി ഉയരും. ഈ ഉയര്‍ന്ന താപനിലയിലാണ് ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകള്‍ കൂടിച്ചേര്‍ന്ന് ഹീലിയമുണ്ടാവുന്ന പ്രക്രിയ അഥവാ അണുസംയോ ജനം (Atomic Fusion) നടക്കുന്നത്. ഇതാണ് നക്ഷത്രങ്ങളില്‍ നടക്കുന്ന വന്‍തോതിലുള്ള ഊര്‍ജോല്‍പാദനത്തിന് കാരണമാകുന്നത്.

ഈ അനുമാനങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ ഇന്ന് നമുക്ക് കഴിയില്ല. പക്ഷേ, ഒരുകാര്യം സംശയാതീതമായി തെളിയിക്കപ്പെ ട്ടിട്ടുണ്ട്. നക്ഷത്രാന്തരീയ സ്ഥലത്തെ പുകപടലങ്ങള്‍ അഥവാ നെബുലകളില്‍ നിന്നാണ് നക്ഷത്രത്തിന്റെ രൂപീകരണം നടക്കുന്നതെന്ന വസ്തു തയത്രെ അത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭൂമിയില്‍ നിന്ന് 1100 പ്രകാശവര്‍ഷങ്ങള്‍ ദൂരെയുള്ള MGC 1333 എന്ന നെബുലയില്‍ ഒരു പ്രാഗ് നക്ഷത്രത്തിന്റെ സൃഷ്ടി നടക്കുന്നത് കാണാന്‍ ഹവായിയിലെ മാക്‌സ്‌വെല്‍ ദൂരദര്‍ശിനിയിലൂടെ ഉപരിലോക ദര്‍ശനം നടത്തിക്കൊണ്ടി രുന്ന ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞു. ഈ പ്രാഗ് നക്ഷത്രം ഇനിയും ഊര്‍ജോല്‍പാദനം നടത്താനാരംഭിച്ചിട്ടില്ലെന്നാണ് എഡിന്‍ബര്‍ഗ് റോയല്‍ നിരീക്ഷണാലയത്തിലെ ഖഗോളജ്ഞന്മാരുടെ പക്ഷം. നെബുലകളാവുന്ന വാതക പടലങ്ങളില്‍ നിന്നു തന്നെയാണ് നക്ഷത്രത്തിന്റെ സൃഷ്ടി നടക്കുന്നതെന്ന സിദ്ധാന്തത്തിന് വസ്തുനിഷ്ഠമായ തെളിവുകളുടപിന്‍ബലമുണ്ടെന്നര്‍ഥം.

വാതക പടലങ്ങളില്‍നിന്നാണ് ആകാശ ഗോളങ്ങളുടെ സൃഷ്ടി നടക്കുന്നതെന്ന വസ്തുത പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സര്‍വലോക സ്രഷ്ടാവ് നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് നോക്കുക: ‘അതിന് പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്കുതിരിഞ്ഞു. അതൊരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു:
നിങ്ങള്‍ രണ്ടും അനുസരണപൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണയുള്ളവരായി വന്നിരിക്കുന്നു’. (41 : 11)

ആകാശത്തെക്കുറിച്ച പഠനം നാം തുടങ്ങിയത് അത്ഭുതങ്ങളില്‍നിന്നാണ്. കുറെ പഠിച്ചുകഴിഞ്ഞശേഷം വീണ്ടും അത്ഭുതങ്ങള്‍ അവശേ ഷിക്കുന്നു. റസ്സല്‍ പറഞ്ഞതെത്ര ശരി-‘ജ്യോതിശാസ്ത്രം തുടങ്ങുന്നത് അത്ഭുതങ്ങളില്‍നിന്നാണ്. കഴിയുംവിധം ജ്യോതിശാസ്ത്ര പഠനം പൂര്‍ത്തിയാക്കിക്കഴിയുമ്പോഴും അത്ഭുതങ്ങള്‍ നിലനില്‍ക്കുന്നു’.

സൃഷ്ടികളെക്കുറിച്ച് പഠിക്കുന്തോറും ദൈവത്തിന്റെ സൃഷ്ടിവൈഭവം നമുക്ക് കൂടുതല്‍ ബോധ്യമാകുന്നു. അവന്റെ ശക്തിക്ക് മുന്നില്‍ നാം
സാഷ്ടാംഗം നമിക്കുന്നു. ‘അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിട ത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ഉപരിലോകങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ’. (ക്വുര്‍ആന്‍ 30:27)

5 Comments

 • Great!

  Yunus 22.02.2019
 • جزاك الله خيرا

  رنشاد 23.02.2019
 • Masha allah

  Zakariya 08.03.2019
 • അസ്സലാമു അലൈക്കും
  ആദ്യത്തെ നാല് paragraph സാധാരണക്കാരനിക്ക് അള്ളാഹുവിനെ അറിയാൻ മനസ്സിലാക്കാൻ ഉതകുന്ന അറിവുകളാണ് .ഇത്രയും മഹത്തായ ഈ പ്രപഞ്ചം സ്രഷടിച്ച് സംവിധാനിച്ച നാഥനെ വിട്ടാണ് മനുഷ്യൻ തന്നെപ്പോലെ വിചാര വികാരങ്ങൾ ഉള്ള പോരാഴ്മയ്കളും ന്യൂനതകളും ഉള്ള മനുഷ്യരുടെ മുന്നിൽ പകലന്തിയോളം വരിനിൽക്കുന്നത് കാണുമ്പോൾ ഒരു ഖുർആൻ ആയത്ത് ഓർമ്മ വരികയാണ് “അത്യുന്നതനായ നിന്റെ രക്ഷിതാവിനെ വിട്ട് നിന്നെ വഞ്ചിച്ച് കളഞ്ഞതെന്താണ് മനുഷ്യാ “

  Noufal.EK 14.03.2019
 • Quran ഒരു അത്ഭുതമാണ് എന്നാണ് അത് വായിച്ച എനിക്ക് മനസ്സിലായത്

  christy 16.03.2019

Leave a comment

Your email address will not be published.