അയാൻ ഹിർസി അലി: അങ്ങനെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു!

//അയാൻ ഹിർസി അലി: അങ്ങനെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു!
//അയാൻ ഹിർസി അലി: അങ്ങനെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു!
ആനുകാലികം

അയാൻ ഹിർസി അലി: അങ്ങനെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു!

‘പ്രസിദ്ധ എക്സ് മുസ്‌ലിം അയാൻ ഹിർസി അലി ക്രിസ്‌ത്യാനിയായിരിക്കുന്നു !!’
മിനിയാന്നത്തെ ക്രിസ്ത്യൻ പോസ്റ്റിലെ വാർത്ത കണ്ടപ്പോൾ ഒരല്പം പോലും ഞെട്ടലുണ്ടായില്ല. ‘പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു’ എന്നാണ് മനസ്സ് പറഞ്ഞത്.

Why I am now a Christian: Atheism can’t equip us for civilizational war എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ഓൺലൈൻ മാഗസിൻ UnHerd ൽ നവംബർ 12 ന് അവരെഴുതിയ ലേഖനത്തിൽ വിശദമാക്കിയ മാറ്റത്തിന്റെ കഥ വായിച്ചപ്പോഴും തഥൈവ !

നവനാസ്തികതയുടെ നാല് മഹാകുതിരക്കാരോടൊപ്പം മതനിർമ്മൂലനത്തിനായി കച്ചകെട്ടിയിറങ്ങിയ മഹാനാസ്തിക ഇനി മുതൽ സുവിശേഷം പ്രസംഗിക്കും ! ക്രിസ്റ്റഫർ ഹിച്ചിൻസിന്റെയും റിച്ചാർഡ് ഡോക്കിന്സിന്റെയും രചനകളോടൊപ്പമുള്ളതെന്ന് കൊട്ടിഘോഷിക്കപ്പെട്ട ‘അവിശ്വാസി’(Infidel)യുടെ കർത്താവിൽ നിന്ന് ഇനി പാപപരിഹാരബലിയുടെ മഹത്വത്തെക്കുറിച്ച താത്വികരചനകൾ പ്രതീക്ഷിക്കാം.

ആൺവാരിയെല്ലിൽ നിന്ന് പടച്ചതാണ് സ്ത്രീ എന്ന മതവീക്ഷണം പെൺവിരുദ്ധമല്ലേ: അനുകമ്പയുള്ള ദൈവം അവിശ്വാസികളെ നരകത്തിലിടുന്നതെങ്ങനെ; സർവ്വശക്തനായ ദൈവത്തിനെന്തുകൊണ്ട് എല്ലാവരെയും വിശ്വാസികളാക്കിക്കൂടാ; അവിശ്വാസികളെ എന്തുകൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചുകൂടാ????????? എന്നീ യമണ്ടൻ ചോദ്യങ്ങളാണ് തന്നെ അവിശ്വാസിയാക്കിയതെന്ന് ആണയിടുന്ന അയാൻ അലി ക്രിസ്ത്യാനിയാകുന്നത് ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി കണ്ടെത്തിയതിന് ശേഷമായിരിക്കണം; അവ നമുക്ക് കാത്തിരുന്ന് കേൾക്കാം.

മതപ്രബോധകയായിരുന്ന താൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് നാസ്തികയായതെന്ന് പറയുന്ന അവരുടെ ഇസ്‌ലാമികജ്ഞാനം കേട്ടാൽ ഒന്നാം ക്ലാസുകാർ പോലും അത്ഭുതപരതന്ത്രരാവും ! മുഹമ്മദ് നബി(സ)യെ ആരാധിക്കുന്നവരാണ് മുസ്‌ലിംകളെന്ന് സമർത്ഥിക്കുന്ന Heretic: Why Islam Needs a Reformation Now വിലെയും സൂറത്തുൽ ഫാത്തിഹയെ ഖുർആനിലെ ഒരു ആയത്തായി പരിചയപ്പെടുത്തുന്ന Infidel: My Life ലെയും വാദഗതികൾ വിവരക്കേട് കൊണ്ട് ബുദ്ധിജീവനം നടത്തുന്ന നവനാസ്തികരുടെ അഞ്ചാം കുതിരക്കാരിയാകാൻ അവർക്ക് യോഗ്യത നൽകിയിരുന്നു. ഇനി അതെല്ലാം സഹിക്കേണ്ടത് ക്രൈസ്തവസുഹൃത്തുക്കളാണ്; വല്ലത്തൊരു വിധി !

ഇസ്‌ലാം അഥവാ ‘കാടത്ത’ത്തിനെതിരെയുള്ള സാംസ്കാരികയുദ്ധത്തെ സായുധമാക്കുവാൻ നാസ്തികതക്ക് കഴിയില്ലെന്നും അതിന്ന് കഴിയണമെങ്കിൽ ആത്മീയതയിലധിഷ്ഠിതമായ ദർശനം വേണമെന്നും അതാണ് ക്രിസ്തുമതത്തിൽ താൻ കണ്ടെത്തിയതെന്നുമാണ് അവരുടെ വെളിപ്പെടുത്തൽ !

പാശ്ചാത്യസംസ്കാരത്തിന്റെ സംരക്ഷണത്തിനായാണത്രെ ഈ മാമോദീസ! ഫലസ്തീനീ പൈതങ്ങളെ കൊന്നൊടുക്കുന്നതാണ് മാനവികതയെന്ന് കരുതുന്ന പാശ്ചാത്യസംസ്കാരത്തെ സംരക്ഷിക്കുവാൻ അയാന്റെ കുറവ് മാത്രമേയുണ്ടായിരുന്നുള്ളൂ. നിരീശ്വരവാദിയായിരിക്കുമ്പോൾ തന്നെ ഫലസ്തീനികളെ കൈകാര്യം ചെയ്യുന്ന ഇസ്‌റാഈലാണ് ലോകത്തെ ഏറ്റവും മാതൃകാപരമായ രാഷ്ട്രമെന്ന് പ്രഖ്യാപിച്ചയാളാണല്ലോ അയാൻ. ബെഞ്ചമിൻ നെതന്യാഹുവിന് നൊബേൽ സമ്മാനം നൽകണമെന്ന് പറഞ്ഞവരാണവർ!

സംരക്ഷിക്കപ്പെടേണ്ടത് പാശ്ചാത്യസംസ്കാരമാണെന്ന് സ്വന്തം ധാർമ്മികജീവിതത്തിലൂടെ തെളിയിച്ചവർക്ക് ജീവിതത്തിൽ ഇടപെടാത്ത ആത്മീയദർശനം തന്നെയാണ് പഥ്യം; അവിടെ ആത്മീയതയെന്നാൽ കുമ്പസാരക്കൂടുകളിൽ നടക്കുന്ന പാപവിടുതലും പള്ളികളിൽ നടക്കുന്ന പ്രാർത്ഥനകളും മാത്രമാണ്. മനുഷ്യജീവിതത്തിൽ ഇടപെടുന്ന മതത്തെ ഇവർക്കെല്ലാം വെറുപ്പാണ്; ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള ദല്ലാളന്മാരായി ചമയുന്നവരും വേണമെങ്കിൽ ദൈവത്തിന് ആരാധനാലയങ്ങൾ നൽകാമെന്ന് ഔദാര്യം കാണിക്കുന്നവരും ജീവിതം മുഴുവൻ ആരാധനയാക്കാമെന്ന് പഠിപ്പിക്കുന്ന മതത്തെ വെറുക്കുന്നത് സ്വാഭാവികം. അയാൻ നിരീക്ഷിച്ചത് പോലെ പാശ്ചാത്യസംസ്കാരത്തിന് മാത്രമല്ല, ചൂഷണത്തിന്റെ സകല സംസ്കാരങ്ങൾക്കുമെതിരാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ വിമോചനത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കുകയെന്ന ‘സേവന’ത്തിനായി സാമ്രാജ്യത്വവും മിഷനറിമാരും കൈകോർക്കുന്നത് സ്വാഭാവികമാണ്; ചൂഷണത്തിന്റെ പ്രയോജകരും കൂട്ടിക്കൊടുപ്പുകാരും ഒന്നിക്കുകയെന്ന സ്വാഭാവികത!

ഇസ്‌ലാംവിമർശനങ്ങളിലൂടെയും നിന്ദയിലൂടെയും മുസ്‌ലിംയുവതയുടെ ഉള്ളിൽ അപകർഷതാബോധം സൃഷ്ടിക്കുക; അവരെ ഇസ്‌ലാമിൽ നിന്ന് അകറ്റുക; അവരിൽ ചിലരെയെങ്കിലും ഇസ്‌ലാമിന്റെ ശത്രുക്കളാക്കിത്തീർക്കുക; അങ്ങനെ ശത്രുക്കളായവർ സ്വാഭാവികമായും അനുഭവിക്കുന്ന ആത്മീയദാരിദ്ര്യത്തിലേക്ക് രക്ഷകരായി സുവിശേഷകർ കടന്നുചെല്ലുക; മുസ്‌ലിംകൾക്കിടയിൽ പയറ്റുന്ന മിഷനറീപ്ലാനിന്റെ ഇരകളാണ് എക്സ് മുസ്‌ലിംകൾ എന്ന് അഭിമാനിക്കുന്നവർ എന്നറിയാവുന്നത് കൊണ്ടാണ് അവരുടെ അന്താരാഷ്ട്രനേതാവിന്റെ സുവിശേഷാലിംഗനവാർത്ത കേട്ട് ഞെട്ടാതിരുന്നത്. മലയാളനാട്ടിലും നാം അത്തരം വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളൂ! ഇസ്‌ലാം നിന്ദയിൽ പ്രാഗൽഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന ‘താത്ത’ മാരിലും ‘കാക്ക’മാരിലും നിന്ന് സുവിശേഷപ്രസംഗങ്ങൾ കേൾക്കാൻ മലയാളികൾക്ക് ‘ഭാഗ്യ’മുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. നമുക്ക് കാത്തിരിക്കുക !!

print

No comments yet.

Leave a comment

Your email address will not be published.