അബ്രഹാമിന്റെയും യേശുവിന്റെയും പാത

//അബ്രഹാമിന്റെയും യേശുവിന്റെയും പാത
//അബ്രഹാമിന്റെയും യേശുവിന്റെയും പാത
ആനുകാലികം

അബ്രഹാമിന്റെയും യേശുവിന്റെയും പാത

Print Now
ഹൂദരും ക്രൈസ്തവരും മുസ്‌ലിംകളും ഏറെ ആദരിക്കുന്ന ഒരു മഹത് വ്യക്തിത്വമാണ് അബ്രഹാം പ്രവാചകൻ അഥവാ ഇബ്രാഹീം നബി (അ). ബഹുദൈവാരാധനയിൽ മുഴുകിയിരുന്ന ആസറിന്റെ പുത്രനാണ് ഏകദൈവവിശ്വാസത്തിന്റെ പ്രവാചകനായ ഇബ്രാഹീം. സഹസ്രാബ്ദങ്ങൾക്കു മുമ്പ് വിഗ്രഹങ്ങളെയും സൂര്യ-ചന്ദ്ര-നക്ഷത്രാദി ഗോളങ്ങളെയുമെല്ലാം ആരാധിച്ചിരുന്ന തന്റെ ജനതയുമായി ഇബ്രാഹീം നബി (അ) യുക്തിപൂർവം സംവദിച്ച സംഭവം വിശുദ്ധ ഖുർആൻ വിവരിക്കുന്നു: “ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്‌? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന്‌ ഞാന്‍ കാണുന്നു. അപ്രകാരം ഇബ്രാഹീമിന്‌ നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്‌. അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട്കൊണ്ട്‌) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്‌) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട്‌ എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക്‌ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട്‌ തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട്‌ പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌? നിങ്ങള്‍ അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക്‌ യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട്‌ പങ്ക്‌ ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ്‌ നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍. വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.”(6:74-82)

നിഷ്‌കളങ്കമായ ഏകദൈവാരാധനയാണ് ഇബ്രാഹീം നബി (അ) പ്രബോധനം ചെയ്‌തത്‌. നമ്മെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും നമ്മുടെ മനസുകൾ മന്ത്രിക്കുന്നത് വരെ ഏറ്റവും കൃത്യമായി അറിയുകയും ചെയ്യുന്ന ഏകനായ സ്രഷ്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടത്-ലാ ഇലാഹ ഇല്ലല്ലാഹ്- എന്ന സന്ദേശമാണ് അബ്രഹാമും മോശെയും യേശുവുമുൾപ്പെടെ ദൈവത്താൽ നിയുക്തരായ മുഴുവൻ പ്രവാചകന്മാരും മാനവകുലത്തെ പഠിപ്പിച്ചത്. പ്രവാചകന്മാരിൽ അന്തിമനാണ് മുഹമ്മദ് നബി ﷺ. അല്ലാഹുവിനാൽ നിയുക്തരായ എല്ലാ പ്രവാചകന്മാരെയും ആദരിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഇക്കാര്യം പ്രതിപാദിക്കുന്ന വിശുദ്ധ വാക്യം കാണുക: “നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ (മോശെ), ഈസാ (യേശു) എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ (അല്ലാഹുവിന്ന്‌) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.” (ഖുർആൻ 2:136)

അല്ലാഹുവിനാൽ അയക്കപ്പെട്ട മഹോന്നതനായ ഒരു പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിനെയോ അദ്ദേഹത്തിന്റെ മാതാവ് മർയമിനെയോ അവിശ്വസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവൻ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്താണ്. യേശുവിന്റെയോ മർയമിന്റെയോ നാമം കേൾക്കുമ്പോൾ അലൈഹിസ്സലാം (അവരിൽ സമാധാനം ഭവിക്കട്ടെ) എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് യേശുവിന്റെ മാതാവ് മര്‍യമിനെയാണ് (3:42). വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ച ഏക വനിതയും മർയം തന്നെ. ഖുർആനിലെ പത്തൊൻപതാം അധ്യായത്തിന്റെ പേര് തന്നെ മർയം എന്നാണ്. മർയമിന്റെ പിതാവിന്റെ പേര് ഇംറാന്‍ എന്നാണെന്ന് ഖുർആൻ പറയുന്നു. ഖുർആനിലെ മൂന്നാം അധ്യായത്തിന് നൽകപ്പെട്ടിരിക്കുന്ന പേര് ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നാണ്. സത്യവിശ്വാസികൾക്ക് ഉത്തമ മാതൃകയായി വിശുദ്ധ ഖുർആൻ എടുത്ത് പറയുന്ന രണ്ടു സ്ത്രീകളിലൊന്ന് മർയം ആണ്. വിക്കിപീഡിയ പറയുന്നത് കാണുക: “ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർയം (Mary). വളരെ ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏകവനിതയാണ് മർയം. ബൈബിൾ പുതിയനിയമത്തേക്കാൾ കൂടുതൽ തവണ ഖുർആനിൽ ഇവരുടെ നാമം പരാമർശിക്കപ്പെടുന്നുണ്ട്.” (https://qrgo.page.link/12SnE)

യേശുവിനെയും മർയമിനെയും ആദരിക്കുന്നതോടൊപ്പം തന്നെ അവരെ ആരാധിക്കുകയോ അവരോട് പ്രാർത്ഥിക്കുകയോ ചെയ്യരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുകയെന്ന നിഷ്‌കളങ്കമായ ഏകദൈവാരാധനയുടെ മാർഗമാണ് മർയമും യേശുവും പിന്തുടർന്നത്. യേശു ദൈവപുത്രനാണെന്ന വാദത്തെയും ത്രിത്വ സങ്കൽപത്തെയുമെല്ലാം ഖുർആൻ ശക്തമായി എതിർക്കുന്നു (9:30, 5:73). യേശുവിന്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞ് കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയ ബിഷപ്പുമാരുടെ കൗൺസിലാണ്‌ ത്രിത്വസിദ്ധാന്തം രൂപീകരിച്ചത്‌. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ് യേശു പഠിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനം കാണുക. “മര്‍യമിന്‍റെ മകന്‍ മസീഹ്‌(മിശിഹാ) തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞതിതാണ്-‘ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല.”(ഖുർആൻ 5:72). യേശു ദൈവാംശമാണെന്ന ക്രൈസ്തവവാദത്തെ ഖുർആൻ ഖണ്ഡിക്കുന്നത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്’ എന്ന പ്രഖ്യാപനത്തിലൂടെയാണ്. മുഖ്യകൽപനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.”(മാർക്കോസ് 12:28-30). യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)

മുസ്‌ലിംകൾ ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ. എന്നാൽ, ഒരാൾ മുഹമ്മദ് നബിﷺയെ ആരാധിക്കുകയോ അദ്ദേഹത്തോട് പ്രാർത്ഥിക്കുകയോ ചെയ്‌താൽ അതോടെ അദ്ദേഹം ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്ത് പോകുന്നു. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് അബ്രഹാമും മോശെയും യേശുവും മുഹമ്മദ് നബിﷺയുമുൾപ്പെടെയുള്ള പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. ആകാശഗോളങ്ങളും മാലാഖമാരും പ്രവാചകന്മാരും വിഗ്രഹങ്ങളും ശവകുടീരങ്ങളുമെല്ലാം സൃഷ്ടികളാണ്. സൃഷ്ടിപൂജ നിരർത്ഥകമാണെന്ന് നമ്മുടെ സാമാന്യ ബുദ്ധി തന്നെ പറയുന്നു. ‘സ്രഷ്ടാവിനെ മാത്രം ആരാധിക്കുക’ എന്ന അത്യുന്നതമായ ആദർശത്തിലേക്കാണ് അബ്രഹാമും യേശുവുമെല്ലാം ലോകത്തെ ക്ഷണിച്ചത്. അതാണ് മോക്ഷത്തിന്റെ മാർഗം. ഏകദൈവാരാധനയിലേക്ക് ഖുർആൻ വിളിക്കുന്നു: “(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ഖുർആൻ 3:64)

‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ്(https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നു തന്നെയാണ് (https://www.thegospelcoalition.org/article/is-allah-god/). ഏകദൈവമല്ലാതെ ആരും ആരാധിക്കപ്പെടരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിനു മുമ്പിൽ തകർന്നു വീണത് വിഗ്രഹങ്ങളും ശവകുടീരങ്ങളും മാത്രമായിരുന്നില്ല; ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയിൽ ദല്ലാളന്മാരായി ചമഞ്ഞ പൗരോഹിത്യം കൂടിയായിരുന്നു. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മധ്യവർത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ദൈവങ്ങളുടെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ചൂഷണത്തിൽനിന്ന് മാനവസമൂഹത്തെ രക്ഷിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്. മനുഷ്യരേ, നിങ്ങൾ വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ഒഴിവാക്കി ഒരു അറേബ്യൻ ദൈവത്തെ ആരാധിച്ചുകൊള്ളുവിൻ എന്നോ കൃഷ്ണനെയും ക്രിസ്തുവിനെയുമെല്ലാം ഒഴിവാക്കി മുഹമ്മദ് നബിﷺയെ ആരാധിച്ചുകൊള്ളുവിൻ എന്നോ ഉള്ള തത്ത്വത്തിലേക്കല്ല; കൃഷ്ണനെയും ക്രിസ്തുവിനെയും മുഹമ്മദ് നബിﷺയെയുമെല്ലാം സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന മഹോന്നതമായ തത്ത്വത്തിലേക്കാണ് ഖുർആൻ മാനവകുലത്തെ ക്ഷണിക്കുന്നത്. സൃഷ്ടിപൂജയിൽ നിന്ന് മോചിതരായി സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക്.. “മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.”(ഖുർആൻ 2:21)

“അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.” (ഖുർആൻ 41:37)

“(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.” (ഖുർആൻ 112:1-4)

ഏകദൈവ വിശ്വാസത്തിന് മാത്രമേ മനുഷ്യമനസുകൾക്ക് നിർഭയത്വവും സമാധാനവും പ്രദാനം ചെയ്യുവാൻ സാധിക്കുകയുള്ളൂ. മനുഷ്യ പ്രകൃതിയുടെ തേട്ടമാണ് ശുദ്ധമായ ഏകദൈവാരാധന അഥവാ തൗഹീദ്. ബഹുദൈവാരാധനയിലേക്ക് നയിക്കുന്നതോ ബഹുദൈവാരാധനയുടെ നേരിയ ഒരു ലാഞ്ചനയെങ്കിലുമുള്ളതോ ആയ സർവ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നവനാണ് മുസ്‌ലിം. ഇസ്‌ലാമിലെ തൗഹീദ് (ഏകദൈവവിശ്വാസം) സത്യവിശ്വാസിക്ക് അതുല്യമായ സമാധാനവും ആത്മധൈര്യവും പ്രദാനം ചെയ്യുന്നു. അവൻ ആരാധിക്കുന്നത് ഏതെങ്കിലുമൊരു സൃഷ്ടിയെയല്ല; താനടക്കമുള്ള സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെയാണ്. ഹൃദയത്തിനകത്തുള്ളത് കൃത്യമായി അറിയുന്ന ആ സ്രഷ്ടാവിനോട് മാത്രമാണവൻ പ്രാർത്ഥിക്കുന്നത്. ഇതവനിൽ അനിർവചനീയമായ ആത്മാഭിമാനവും ധൈര്യവും സംതൃപ്തിയുമുളവാക്കുന്നു. തന്റെ ജനതയെ ഒട്ടും ഭയപ്പെടാതെ അവർക്ക് സത്യസന്ദേശമെത്തിക്കുവാനും താനാണ് ദൈവമെന്ന് സ്വയം വാദിച്ച നംറൂദ് എന്ന ചക്രവർത്തിയുമായി സധൈര്യം സംവദിക്കുവാനുമുള്ള ആത്മബലം ഇബ്രാഹീം നബി(അ)ക്ക് പ്രദാനം ചെയ്‌തതും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹൻ ആരുമില്ല) എന്ന അജയ്യമായ വിശ്വാസമായിരുന്നു. മനുഷ്യപ്രകൃതിയുടെ ഈ വിശ്വാസം യഥാർത്ഥ രൂപത്തിൽ സ്വീകരിക്കുകയും അതിനെ സൃഷ്ടിപൂജയുടെ അംശങ്ങളാൽ മലിനമാക്കാതിരിക്കുകയും ചെയ്യുന്നവർക്കാണ് നിർഭയത്വവും സമാധാനവും ലഭ്യമാവുക. “വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (ഖുർആൻ 6:82)

No comments yet.

Leave a comment

Your email address will not be published.