അന്ധവിശ്വാസങ്ങൾ കിളിർക്കുന്ന മാധ്യമ ഭൂമിക

//അന്ധവിശ്വാസങ്ങൾ കിളിർക്കുന്ന മാധ്യമ ഭൂമിക
//അന്ധവിശ്വാസങ്ങൾ കിളിർക്കുന്ന മാധ്യമ ഭൂമിക
ആനുകാലികം

അന്ധവിശ്വാസങ്ങൾ കിളിർക്കുന്ന മാധ്യമ ഭൂമിക

Print Now
നോരമ ഓൺലൈനിൽ സ്ഥിരമായ ജ്യോതിഷ പംക്തിയുണ്ട്. “സൂര്യഗ്രഹണം; ഈ നാളുകാർ ഉയർച്ചയിലേക്ക്, ഗ്രഹണഫലം” എന്ന ശീർഷകത്തിൽ ഒക്ടോബർ 26ന് മനോരമ പ്രസിദ്ധീകരിച്ച ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരിയുടെ ലേഖനത്തിന്റെ പൊരുൾ ശീർഷകത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് വിശദീകരിക്കുന്നില്ല.

https://www.manoramaonline.com/astrology/star-predictions/2022/10/25/effect-of-solar-eclipse-2022-in-each-birth-star.html

ഈയുള്ളവന്റെ അനിയൻ ഷെബിൻ 2005ൽ ബൈക്ക് അപകടത്തിലാണ് മരിച്ചത്. അതും കേവലം 17 വയസ്സുള്ളപ്പോൾ. അവന്റെ ജാതകത്തിൽ 78 വയസ്സ് വരെ ജീവിക്കുമെന്നും ബാങ്കിൽ ജോലി ചെയ്യുമെന്നും രേഖപ്പെടുത്തിയിരുന്നു. ജാതകം എഴുതിയ ജ്യോത്സ്യനോട് ഇതിനെ പറ്റി ആരാഞ്ഞപ്പോൾ ദുർമരണം പ്രവചിക്കാൻ കഴിയില്ലയെന്ന് മറുപടി ലഭിച്ചു! അപ്പോഴാണ് ജ്യോതിഷം തട്ടിപ്പാണെന്ന് മനസ്സിലായത്. ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരെ കിടക്കുന്ന നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും മനുഷ്യന്റെ ഭാവിയെ നിയന്ത്രിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ലയെന്ന സത്യം വൈകിയെങ്കിലും കണ്ടെത്തിയ സന്തോഷത്തിൽ അതിനെ പറ്റി എഴുതണമെന്ന് തോന്നി. അങ്ങനെയാണ് “ഭാവി, ജ്യോൽസ്യം, ഇസ്‌ലാം” (കെ.എൻ.എം. പബ്ലിക്കേഷൻസ്, 2012) എന്ന കൃതി രചിക്കുന്നത്. ഒരുപാട് പുസ്തകങ്ങൾ ഇതിനായി റെഫർ ചെയ്തു. അറബി ജ്യോതിഷം പോലെയുള്ള തട്ടിപ്പിനെയും പുസ്തകത്തിൽ ഖണ്ഡിക്കുന്നുണ്ട്. സാമ്പത്തിക ചൂഷണങ്ങൾ നിറഞ്ഞ ഇത്തരം തട്ടിപ്പുകൾക്ക് മറ പിടിക്കാൻ മതങ്ങളെ കൂട്ടുപിടിക്കുന്നത് ദൗർഭാഗ്യകരം തന്നെ.

ജ്യോതിഷത്തിലെ അബദ്ധങ്ങൾ നോക്കൂ. ജനന സമയമെന്ന സങ്കൽപം തന്നെ അബദ്ധമാണ്. കുട്ടി പല ഘട്ടങ്ങളിലൂടെ ജനിക്കുന്നത് ഗർഭപാത്രത്തിൽ വെച്ചാണ്. ജനനസമയത്തെ പുറത്തേക്ക് വരുന്ന സമയം മാത്രമായി പരിമിതപ്പെടുത്തുവാൻ കഴിയില്ല. ഇന്ന് സിസേറിയൻ പോലെയുള്ള സംവിധാനങ്ങൾ ഉള്ള കാലമാണെന്ന വസ്തുത മറക്കരുത്. പല ഇരട്ടകുട്ടികൾക്കും തന്റെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭാവിയാണ്. മറ്റൊരു കാര്യം. രാശിയുടെ ഷെയ്പ്പാണത്രെ അതിൽ ജനിക്കുന്നവരുടെ സ്വഭാവം നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന് ചിങ്ങ രാശിക്ക് സിംഹത്തിന്റെ രൂപമായതിനാൽ ആ രാശിയിൽ ജനിക്കുന്നവർ കാട്ടിലെ രാജാവായ സിംഹത്തെ പോലെ നേതാവാകുമത്രെ! ചൂടുള്ള ഗ്രഹമായ ചൊവ്വയെ യുദ്ധമായി ബന്ധപ്പെടുത്തിയാണ് പറയാറ്. അതിന്റെ സാന്നിധ്യം പട്ടാളക്കാരുടെ സ്വഭാവമായി ഗണിക്കുന്നു! ഇനിയും നിരത്താൻ പറ്റിയ ഉദാഹരണങ്ങളുണ്ട്. കൂട്ടമരണങ്ങൾ എടുത്തുനോക്കൂ. മരിച്ചവരുടെ മരണസമയങ്ങൾ ജാതകത്തിൽ പലതായിരിക്കുമല്ലോ. ജാതകത്തിൽ പറയുന്നതിൽ നിന്ന് മാറി എങ്ങനെ ഒരേ സമയത്ത് അവർ മരിക്കുന്നു? ഇതെല്ലാം തന്നെ ജ്യോതിഷം തട്ടിപ്പാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ നമ്മളെ സഹായിക്കുന്നു.

എന്താണ് സൂര്യഗ്രഹണം? സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്നതിനെയാണ് ‘സൂര്യഗ്രഹണം’ എന്ന് വിശേഷിപ്പിക്കുന്നത്. ഇതല്ലാതെ അതിന് ഭാഗ്യ നിർഭാഗ്യങ്ങളുമായി ഒരു ബന്ധവുമില്ല. സൂര്യഗ്രഹണം പോലെയുള്ള പ്രതിഭാസങ്ങളെ അന്ധവിശ്വാസത്തോടു കൂടി കണ്ട ജനതയെ അതിൽ നിന്ന് മോചിതരാക്കുകയാണ് ഇസ്‌ലാം ചെയ്തത്. വ്യക്തികളുടെ ജനനവും മരണവും മൂലമാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് ആ ജനത വിശ്വസിച്ചു. എന്നാൽ പ്രവാചകൻ (സ) അവരെ തിരുത്തി.

മുഗീറ(റ) നിവേദനം ചെയ്യുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ ഇപ്രകാരം കാണാം.

“മുഹമ്മദ് നബിﷺയുടെ ഇബ്രാഹീം എന്ന മകന്‍ മരണപ്പെട്ട ദിവസം സൂര്യഗ്രഹണം നടക്കുകയുണ്ടായി. അപ്പോള്‍, പ്രവാചക പുത്രന്റെ വിയോഗത്തിലുള്ള ദു:ഖം കാരണമാണ് സൂര്യന് ഗ്രഹണം ബാധിച്ചതെന്ന് ആളുകള്‍ക്കിടയില്‍ സംസാരമുണ്ടായി. ഇതറിഞ്ഞ പ്രവാചകന്‍ ﷺ ആളുകളുടെ പ്രസ്തുത ധാരണയെ തിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തങ്ങളാണ്. ഒരാളുടെയും മരണം മൂലമോ ജനനം മൂലമോ അവയ്‌ക്ക് ഗ്രഹണം ബാധിക്കുകയില്ല.”

മനോരമ പോലെയുള്ള മുഖ്യധാര മാധ്യമങ്ങൾ ജ്യോതിഷത്തെ പ്രൊമോട്ട് ചെയ്യുമ്പോൾ ശരാശരി മലയാളിക്ക് പോലും അത്ഭുതമില്ല. സമൂഹത്തിൽ അത്രയും രൂഢമൂലമായി അന്ധവിശ്വാസങ്ങൾ. വായനക്കാരെ കിട്ടുകയെന്നതാണല്ലോ ഇപ്പോൾ മാധ്യമ ധർമ്മം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വരും മാസങ്ങളിൽ മഴ കുറവായിരിക്കുമെന്ന് ഒരു പ്രസിദ്ധ ജ്യോതിഷൻ പ്രവചിക്കുകയും കേരളം പ്രളയത്തിന് സാക്ഷിയാകുകയും ചെയ്തത് മലയാളികൾ മറന്നിട്ടുണ്ടാവില്ല.

ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുൻപ് ക്വുർആൻ പറഞ്ഞത് തന്നെയാണ് കൃത്യം. ആ സത്യത്തെ പറിച്ചുകളയാൻ ആര് ശ്രമിച്ചാലും വിഫലം.

“ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ്‌ അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക്‌ തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ്‌ അശ്രദ്ധനല്ല.” (11: 123)

1 Comment

  • കാലം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.. പഴയതിലും പുതുമ കണ്ടെത്തുന്ന ഈ കാലത്തും ഇതെല്ലാം നില നിൽക്കുന്നു എന്നു അറിയുമ്പോൾ ….. അന്ധവിശ്വാസങ്ങൾ….

    ഇക്കയുടെ എഴുത്തിൽ ഇതു എല്ലാം തന്നെ പുസ്തകമായി വരുന്നതും കാത്ത് ഇരിക്കുന്നു..

    ജാമി.

    Jami 13.01.2023

Leave a comment

Your email address will not be published.