അനന്തരാവകാശ നിയമങ്ങളെ വിമർശിക്കുന്നവരോട്

//അനന്തരാവകാശ നിയമങ്ങളെ വിമർശിക്കുന്നവരോട്
//അനന്തരാവകാശ നിയമങ്ങളെ വിമർശിക്കുന്നവരോട്
ആനുകാലികം

അനന്തരാവകാശ നിയമങ്ങളെ വിമർശിക്കുന്നവരോട്

Print Now
സ്‌ലാമിലെ അനന്തരാവകാശവുമായി ബന്ധപ്പെട്ട് ഇസ്‌ലാംവിമർശകർ കാലങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെ ഏതാനും മുസ്‌ലിംസ്ത്രീകളുടെ പേരിൽ ലഘുലേഖയായി പുറത്തിറങ്ങിയത് കണ്ടു. ഇന്ത്യയിൽ നിലനിൽക്കുന്ന ശരീഅത്ത് ആപ്ലിക്കേഷൻ ആക്ടിൽ സർക്കാർ ഇടപെടുകയും മുസ്‌ലിംവ്യക്തിനിയമം പരിഷ്കരിക്കുകയും വേണമെന്നാണ് ആവശ്യം. അതിലെ വിമർശങ്ങനങ്ങളോട് മുസ്‌ലിംകളെന്ന നിലയിൽ നമുക്കുള്ള പ്രതികരണമാണ് താഴെ:

ഒന്ന്) ഇസ്‌ലാം അല്ലാഹുവിൽ നിന്നുള്ളതാണ്. പടച്ചവനിൽ വിശ്വസിക്കുകയും അവന്റെ വിധിവിലക്കുകളാണ് ഖുർആനിലും സുന്നത്തിലുമുള്ളതെന്ന് കരുതുകയും ചെയ്യുന്നവർക്ക് മാത്രമേ ഇസ്‌ലാമികനിയമങ്ങളെല്ലാം പൂർണ്ണമായും സ്വീകാര്യമായി അനുഭവപ്പെടൂ. തങ്ങളുടെ യുക്തിയേക്കാൾ വലിയത് അല്ലാഹുവിന്റെ യുക്തിയാണെന്ന് അവർ മനസ്സിലാക്കും. അതല്ലാത്തവർക്ക് അവരുടെ യുക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അപഗ്രഥിക്കുമ്പോൾ എന്തെങ്കിലുമെല്ലാം കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ കഴിഞ്ഞേക്കും. അത് അവരുടെ യുക്തിയുടെ പരിമിതിയും അവർ സ്വീകരിച്ചിരിക്കുന്ന നിലപാട് തറകളുടെ അപര്യാപ്‌തതയുമാണെന്നാണ് മുസ്‌ലിംകൾ മനസ്സിലാക്കുക.

രണ്ട്) ദായധനത്തിന്റെ കാര്യത്തിൽ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഇസ്‌ലാം പ്രദാനം ചെയ്യുന്നതെന്നുള്ളതാണ് സത്യം. അനന്തരാവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നത് സൂറത്തിന്നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയില്‍നിന്നും പ്രവാചകചര്യയില്‍നിന്നുമാണ് ദായധനത്തെക്കുറിച്ച ഇസ്‌ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്. പ്രസ്തുത സമീപനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ താഴെ പറയുന്നവയാണ്.

1. ഒരാളുടെ സ്വത്തില്‍ അയാളുടെ ജീവിതകാലത്ത് അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും യാതൊരവകാശവുമില്ല.

2. അയാളുടെ ജീവിതകാലത്ത് മരിച്ചുപോയ പിന്തുടര്‍ച്ചക്കാര്‍ക്ക് അയാളുടെ അനന്തരസ്വത്തില്‍ അവകാശമൊന്നുമില്ല. (അനന്തര സ്വത്ത് രൂപപ്പെടുന്നതുതന്നെ അയാള്‍ മരിക്കുന്നതോടുകൂടിയാണല്ലോ. അതിനുമുമ്പ് അത് അയാളുടെ സ്വത്തു മാത്രമാണ്. അനന്തരസ്വത്തല്ല).

3. അയാളുടെ മരണസമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടര്‍ച്ചക്കാര്‍ക്ക് മാത്രമേ അനന്തര സ്വത്തില്‍ അവകാശമുണ്ടാവുകയുള്ളൂ.

4. അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അടുത്ത ബന്ധമാണ്. വിവാഹബന്ധവും രക്തബന്ധവും ഇതില്‍ ഉള്‍പ്പെടുന്നു.

5. അയാളുടെ അടുത്ത ബന്ധുക്കള്‍ അതേ താവഴിയിലെ അകന്ന ബന്ധുക്കളുടെ അവകാശം തടയും. (മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, പുത്രപുത്രിമാര്‍ എന്നിവരാണ് അടുത്ത ബന്ധുക്കള്‍. ഇവരുടെ സാന്നിധ്യത്തില്‍ അതേ താവഴിയിലുള്ള മറ്റാരും അവകാശികളായി തീരുകയില്ല.)

6. വ്യക്തിയുടെ സാമ്പത്തികാവസ്ഥയോ അവശതയോ അല്ല, മരിച്ചയാളുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ് ദായധനവിഭജനത്തിലെ അംഗീകൃത മാനദണ്ഡം.

7. മരിച്ചയാളുടെ രക്തബന്ധുക്കളായി ഏറ്റവും അടുത്ത കണ്ണികളില്ലെങ്കില്‍ അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക് നീങ്ങുന്നു. പിതാവില്ലെങ്കില്‍ പിതാമഹനും പുത്രന്മാരൊന്നുമില്ലെങ്കിൽ പൗത്രന്മാർക്കും പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നത് ഇതുകൊണ്ടാണ്.

മൂന്ന്) ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കുടുംബസംവിധാനത്തിൽ സ്ത്രീ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളാണ്. പിതാവോ സഹോദരനോ ഭർത്താവോ അവളുടെ സംരക്ഷകരായി എപ്പോഴുമുണ്ടാവണമെന്നാണ് ഇസ്‌ലാമിന്റെ താല്പര്യം. പുരുഷന്മാരെന്ന നിലയിൽ തങ്ങളുടെ അധീനതയിലുള്ള സ്ത്രീളുടെ സംരക്ഷണം മുസ്‌ലിംപുരുഷന്റെ ഉത്തരവാദിത്തമാണ്. സംരക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സ്വത്തുണ്ടെങ്കിലും ഇല്ലെങ്കിലുമെല്ലാം അവരെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം പുരുഷനുണ്ട്. അനാഥകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഖുർആനിക നിയമങ്ങൾ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.

നാല്) പിതാവ്, മക്കൾ എന്നിവരെപ്പോലെത്തന്നെ സഹോദരങ്ങളും രക്തബന്ധത്തിൽ പെട്ടവരാണ്. അവരെ ശത്രുക്കളോ വിരോധികളോ ആയല്ല ഇസ്‌ലാം കാണുന്നത്. സഹോദരങ്ങൾ മരണപ്പെട്ടാൽ അതുവഴി അനാഥരാകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്നവരാണ് ജീവിച്ചിരിക്കുന്ന സഹോദരങ്ങൾ. ചില സാഹചര്യങ്ങളിൽ പിതാവിന്റെ സഹോദരങ്ങൾക്ക് പിതൃസ്വത്തിന്റെ ചെറിയൊരു ഭാഗം അനന്തരാവകാശമായി ലഭിക്കുമെന്നത് ഇസ്‌ലാമികസംസ്കാരമുള്ളവർക്കൊന്നും യാതൊരുവിധ വൈമനസ്യവുമുണ്ടാക്കുകയില്ല. പിതാവോ ആൺമക്കളോ ഇല്ലാതെ മരണപ്പെടുന്ന ഒരാളുടെ പെണ്മക്കൾ സ്വാഭാവികമായും അയാളുടെ സഹോദരങ്ങളുടെ സംരക്ഷണത്തിലായിരിക്കും. മരിച്ചയാളുടെ അനന്തരസ്വത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്ന വസ്തുത ഈ സംരക്ഷണബാധ്യതയെക്കുറിച്ച് അവർക്ക് കൂടിയ ബോധവും ബോധ്യവുമുണ്ടാക്കും.

അഞ്ച്) ഉത്തരവാദിത്വത്തിന്റെ സ്വാഭാവികമായ പരിണതിയാണ് അവകാശങ്ങൾ. പിതാവ് മരണപ്പെടുന്ന സ്ത്രീകൾക്ക് സഹോദരങ്ങളുണ്ടെങ്കിൽ അവരെ സംരക്ഷിക്കേണ്ടത് സഹോദരങ്ങളുടെ ധാർമ്മികമായ ഉത്തരവാദിത്തമാണ്. അപ്പോൾ ആ സഹോദരങ്ങൾക്ക് പിതാവിന്റെ അനന്തരസ്വത്തിൽ സഹോദരിയുടെ ഇരട്ടി അവകാശമുണ്ടാവും. പിതാവ് മരണപ്പെടുന്ന സ്ത്രീകൾക്ക് സഹോദരങ്ങളില്ലെങ്കിൽ അവരെ സംരക്ഷിക്കേണ്ടത് മരിച്ചയാൾക്ക് പിതാവുണ്ടെങ്കിൽ ആ പിതാവിന്റെ ഉത്തരവാദിത്തമാണ്. പിതാവിന്ന് മകന്റെ സ്വത്തിൽ സ്വാഭാവികമായി തന്നെ അനന്തരാവകാശമുണ്ട്. മരിച്ചയാൾക്ക് പിതാവോ ആൺമക്കളോ ഇല്ലെങ്കിൽ പെണ്മക്കളെ സംരക്ഷിക്കേണ്ടത് പിതാവിന്റെ സഹോദരങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർക്ക് ചെറിയ ഒരു അവകാശം ലഭിക്കും. ഉത്തരവാദിത്തത്തെ മാറ്റിവെച്ചുകൊണ്ട് ഈ അവകാശത്തെ മനസ്സിലാക്കാൻ കഴിയില്ല. ആരെങ്കിലും ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലങ്കിൽ അക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇസ്‌ലാമികരാഷ്ട്രത്തിൽ പെൺകുട്ടികൾക്ക് കോടതിയെ സമീപിക്കാൻ കഴിയും. ഇന്ത്യയിലും അത്തരം സംവിധാനങ്ങളുണ്ടാക്കുവാൻ നിലവിലുള്ള നിയമങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട് തന്നെ കഴിയും. മഹല്ലുസംവിധാനങ്ങൾ നിർവ്വഹിക്കേണ്ട ദൗത്യമതാണ്. അത് ഭംഗിയായി നിർവ്വഹിക്കുന്ന നിരവധി മഹല്ലുകൾ കേരളത്തിൽ തന്നെയുണ്ട്.

ആറ്) നിയമങ്ങൾ എത്ര തന്നെ കുറ്റമറ്റതാണെങ്കിലും അവ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ടാകാം. നിയമം ദുരുപയോഗം ചെയ്യുക വഴി ആർക്കെങ്കിലും പ്രയാസങ്ങളോ ദുരിതങ്ങളോ ഉണ്ടാവുന്നുണ്ടെങ്കിൽ അത് നിയമത്തിന്റെ കുറ്റമല്ല. അത്തരം ദുരുപയോഗങ്ങളെ ചൂണ്ടിക്കാട്ടി നിയമങ്ങളെ മാറ്റണമെന്ന് വാദിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഭരണഘടനയെല്ലാം ഓരോ ദിവസവും മാറ്റിയെഴുതേണ്ടതായി വന്നേക്കും. നിയമങ്ങളല്ല, നിയമങ്ങളെ ദുരുപയോഗിക്കുന്നവരാണ് പ്രതിക്കൂട്ടിൽ നിൽക്കേണ്ടത്. വിമർശിക്കുകയും ആവശ്യമെങ്കിൽ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അവരെയാണ്.

ഏഴ്) ദായധനത്തിന്റെ വിതരണത്തില്‍ എല്ലാവർക്കും തൃപ്തി നൽകുന്ന രീതിയിലുള്ള സമ്പൂർണ്ണ നീതി നടപ്പാക്കാന്‍ നിയമങ്ങളെക്കൊണ്ട് മാത്രമായി കഴിയുകയില്ല. ഒരു നിയമവ്യവസ്ഥക്കും ഇക്കാര്യത്തില്‍ നൂറു ശതമാനം നീതി നടപ്പാക്കാന്‍ കഴിയില്ല. ഈ വസ്തുതക്ക് ഉപോദ്ബലകമായി അവതരിപ്പിക്കാവുന്ന ഏതാനും മോഡലുകള്‍ കാണുക.

1. പരേതന് രണ്ടു മക്കള്‍. ഒരാള്‍ ഭിന്നശേഷിക്കാരൻ. മറ്റെയാള്‍ അരോഗദൃഢഗാത്രന്‍. ഒന്നാമത്തെയാള്‍ക്ക് അധ്വാനിക്കാനാവില്ല. രണ്ടാമന് അധ്വാനിച്ച് പണം സമ്പാദിക്കാം. എങ്ങനെ സ്വത്ത് ഓഹരിവെക്കും? അധ്വാനിക്കാന്‍ കഴിയുന്നവന് കുറച്ചും കഴിയാത്തവന് കൂടുതലുമായി ഓഹരിവെക്കുന്നതാണ് ശരിയെന്ന് നമുക്ക് തോന്നും. ഏതെങ്കിലും വ്യവസ്ഥകള്‍ക്ക് ഈ തോന്നലിനെ നിയമമാക്കുവാന്‍ കഴിയുമോ?

2. പരേതന് മൂന്നു മക്കള്‍. മൂത്തയാള്‍ നാല്‍പതുകാരന്‍. കച്ചവടക്കാരന്‍. പിതാവിന്റെ കച്ചവടത്തില്‍ സഹകാരിയായി തുടങ്ങി സ്വന്തമായി കച്ചവടത്തിലെത്തിച്ചേര്‍ന്നയാള്‍. രണ്ടാമത്തെയാള്‍ ഭിഷഗ്വരന്‍. പിതാവിന്റെ പണം ചെലവഴിച്ചുകൊണ്ടാണയാള്‍ പഠിച്ചത്. ഇന്നയാള്‍ പണം വാരുന്നു. മൂന്നാമന്‍ പതിനെട്ടുകാരന്‍. വിദ്യാര്‍ഥി. എവിടെയെങ്കിലുമെല്ലാം എത്തുന്നതിനുമുമ്പ് പിതാവ് മരിച്ചുപോയി. എങ്ങനെ സ്വത്ത് ഓഹരിവെക്കണം? മൂത്തവര്‍ രണ്ടും സ്വയം സമ്പാദിക്കുന്നവരാണ്. പിതാവിന്റെ സ്വത്തില്‍നിന്നാണവര്‍ സമ്പാദ്യം തുടങ്ങിയത്. ഇളയവനാകട്ടെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തില്‍നിന്ന് കാര്യമായി ഒന്നും ലഭിച്ചില്ല. അപ്പോള്‍ ദായധനമെങ്കിലും ഇളയപുത്രന് കൂടുതല്‍ ലഭിക്കണമെന്നതാണ് നമ്മുടെ മനസ്സ് പറയുന്നത്. പക്ഷേ, മനസ്സുപറയുന്ന നീതി നടപ്പാക്കുന്ന രീതിയില്‍ ദായധനം ഓഹരി വെക്കുന്നതിനാവശ്യമായ നിയമം ഉണ്ടാക്കുവാന്‍ കഴിയുമോ?

3. പരേതന് മൂന്നു മക്കള്‍. ഒരാള്‍ സമര്‍ഥന്‍. പണം കൊണ്ട് പണം വാരാന്‍ കഴിവുള്ളവന്‍. രണ്ടാമന്‍ സാമൂഹിക സേവകന്‍. പണം ചെലവഴിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍. അവസാനത്തെയാള്‍ മഠയന്‍. കിട്ടിയ പണം സൂക്ഷിച്ചുവെച്ച് അതില്‍നിന്ന് മാത്രമായി ചെലവ് കണ്ടെത്തുന്നവന്‍. മൂന്നു പേര്‍ക്കും പത്തു രൂപ വീതം നല്‍കിയാല്‍ ഒന്നാമന്‍ അത് ഇരുപത് രൂപയാക്കും. രണ്ടാമന്‍ തനിക്കും അയല്‍ക്കാരനായ ദരിദ്രനും കൂടി ഒരു നേരത്തെ ഭക്ഷണം ഒരുക്കും, മൂന്നാമന്‍ രണ്ടു നേരത്തെ ഭക്ഷണം കഴിക്കും. ഇവര്‍ക്ക് മൂന്നുപേര്‍ക്കും ദായധനം ഒരേ പോലെ വീതിക്കുകയല്ല വേണ്ടതെന്ന് നമ്മുടെ മനസ്സ് പറയും. പക്ഷേ, പ്രസ്തുത നീതി ഒരു നിയമക്രമത്തിലൂടെ നടപ്പാക്കുക പ്രായോഗികമല്ലെന്നു മാത്രം.

ദായധനത്തിന്റെയും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുടെയും കാര്യത്തില്‍ കേവല നിയമങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലുമുള്ള സമ്പൂര്‍ണ നീതി നടപ്പിലാക്കുവാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഇസ്‌ലാം ഇത്തരം പ്രശ്‌നങ്ങളില്‍ കേവല നിയമങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്. മനുഷ്യരുടെ ധര്‍മബോധത്തെ ഉത്തേജിപ്പിക്കുകയും പ്രയാസങ്ങളനുഭവിക്കുന്നവരോട് കരുണ കാണിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത്.
അത് കൂടി പരിഗണിക്കാതെ ഇസ്‌ലാമിലെ അനന്തരാവകാശനിയമങ്ങളുടെ മാനവികത മനസ്സിലാക്കാൻ കഴിയില്ല.

എട്ട്) ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങൾ മുസ്‌ലിംകൾക്ക് മാത്രം ബാധകമായവയാണ്. അത് ദൈവികമാണെന്നാണ് മുസ്‌ലിംകൾ കരുതുന്നത്. അങ്ങനെയല്ല എന്ന് വിശ്വസിക്കുവാനും ഞങ്ങൾക്ക് ആ നിയമങ്ങൾ വേണ്ട എന്ന് പറയാനും ആർക്കും അവകാശമുണ്ട്. ഇസ്‌ലാമാണ് സത്യമെന്ന് വിശ്വസിക്കുകയും അങ്ങനെ മരിക്കുകയും ചെയ്ത ഒരാളുടെ സമ്പത്ത് അയാൾ ശരിയെന്ന് കരുതിയ നിയമങ്ങൾ പ്രകാരം വീതിക്കുകയാണ് നീതിയും ധാർമ്മികതയും. അങ്ങനെ വേണ്ടെന്ന് തീരുമാനിക്കുവാനും ഇസ്‌ലാമിൽ നിന്ന് പുറത്തുപോയി തന്റെ സ്വത്തുക്കൾ പൊതു സിവിൽനിയമപ്രകാരം വീതിച്ചാൽ മതിയെന്ന് പ്രഖ്യാപിക്കുവാനുമുള്ള സ്വാതന്ത്ര്യത്തെ ആരും നിഷേധിക്കുന്നില്ല. ഇസ്‌ലാമികനിയമപ്രകാരം ജീവിച്ച് മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി മരിച്ച ഒരാളുടെ സ്വത്ത് അയാളുടെ വിശ്വാസപ്രകാരമായിരിക്കണം വീതിക്കേണ്ടത് എന്ന് മാത്രമാണ് മുസ്‌ലിംകൾ പറയുന്നത്. അങ്ങനെയല്ല വേണ്ടതെന്ന് ഏതെങ്കിലും മക്കൾക്ക് തോന്നുന്നുണ്ടെങ്കിൽ അക്കാര്യം അവർ ചർച്ച ചെയ്യേണ്ടത് ജീവിച്ചിരിക്കുമ്പോൾ സ്വന്തം മാതാപിതാക്കളോടാണ്. അല്ലാതെ മുസ്‌ലിംകൾക്ക് മൊത്തത്തിൽ ബാധകമായ ദൈവികനിയമങ്ങളിൽ കൈകടത്തണമെന്ന് നിയമകൂടങ്ങളോടോ ഭരണകൂടങ്ങളോടോ ആവശ്യപ്പെടുകയല്ല ചെയ്യേണ്ടത്. ഇന്ത്യയിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം സ്ത്രീ-പുരുഷന്മാർ ഇസ്‌ലാമികശരീഅത്ത് നൽകുന്ന ഉത്തരവാദിത്തങ്ങളിലും അവകാശങ്ങളിലും സംതൃപ്തരാണ്. സ്വന്തം മതമനുസരിച്ച് ജീവിക്കുവാനും ദൈവികമെന്ന് തങ്ങൾ വിശ്വസിക്കുന്ന നിയമങ്ങൾ പ്രകാരം ജീവിതവ്യവഹാരങ്ങൾ തീരുമാനിക്കാനുമുള്ള മുസ്‌ലിംകളുടെ അവകാശത്തെ ഹനിക്കാനുള്ള ഹിന്ദുത്വസർക്കാരിന്റെ പരിശ്രമങ്ങൾക്ക് കുഴലൂത്ത് നടത്തുന്നതിന് മുമ്പ് ഇസ്‌ലാമികനിയമങ്ങളുടെ മാനവികതയെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കുവാനും സന്നദ്ധമാവണമെന്നാണ് ലഘുലേഖ പുറത്തിറക്കിയ സഹോദരിമാരോട് വിനീതമായി അഭ്യർത്ഥിക്കുവാനുള്ളത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.