അടിമത്തം

//അടിമത്തം
//അടിമത്തം
ആനുകാലികം

അടിമത്തം

യുദ്ധക്കളത്തിൽ ബലാൽസംഗമോ?!

ഹുനൈൻ യുദ്ധമാണ് തുടക്കം. യുദ്ധത്തിൽ മുസ്‌ലിം സൈന്യം വിജയിച്ചു. ഇതിനിടയിൽ അറേബ്യായിലെ പ്രമുഖ ഗോത്രമായ ഹവാസിനിൽ നിന്ന് ഒരു സംഘം മാലിക് ബ്നു ഔഫ് നുസരിയുടെ നേതൃത്വത്തിൽ യുദ്ധരംഗം വിട്ടുപോവുകയും ത്വാഇഫിലെത്തുകയും ചെയ്യുന്നു. ത്വാഇഫിലെ സഖീഫ് ഗോത്രക്കാരും അവരോടു ചേരുന്നു; ഇരുവരും മക്കയിലേക്കുള്ള വഴിയിൽ ഔത്വാസ് എന്ന സ്ഥലത്ത് സൈനിക ഒരുക്കങ്ങളോടെ നിലയുറപ്പിക്കുന്നു; ഹുനൈനിൽ നിന്ന് മുസ്‌ലിം സേന തിരിച്ചുവരാത്ത സാഹചര്യത്തിൽ മക്ക ആക്രമിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. പുരുഷന്മാർക്കൊപ്പം ഹവാസിൻ ഗോത്രത്തിലെ നിരവധി വനിതായോദ്ധാക്കളും ഉണ്ടായിരുന്നു. നജ്ദ് മുതൽ ത്വാഇഫ് വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിൽ പരന്നുജീവിച്ചിരുന്ന ഹവാസിൻ ഗോത്രക്കാരുടെ ജനവാസപ്രദേശമായിരുന്നില്ല ഔത്വാസ് എന്നോർക്കണം; മക്ക ആക്രമിക്കാൻ സന്നദ്ധരായി സംഘടിച്ച സ്ത്രീ-പുരുഷ യോദ്ധാക്കളുടെ താത്കാലിക സൈനിക താവളമാണപ്പോൾ. വിവരമറിഞ്ഞ നബി സ്വ അബൂ ആമിർ അൽഅശ്അരി (റ) യുടെ നേതൃത്വത്തിൽ കുറച്ച് യോദ്ധാക്കളെ ഔത്വാസിലേക്കയച്ചു. അവർ ഔത്വാസിൽ സംഘടിച്ചവരെ തുരത്തിവിട്ടു; അമ്പു കൊണ്ട് അബൂ ആമിർ കൊല്ലപ്പെട്ടപ്പോൾ പിതൃവ്യപുത്രൻ അബൂമൂസ സൈനിക നേതൃത്വമേറ്റെടുത്തു. സഖ്യസേനയുടെ കാപ്റ്റൻ ദുറൈദ് അടക്കം ശത്രുക്കളിൽ നിരവധി യോദ്ധാക്കൾ കൊല്ലപ്പെട്ടു; ധാരാളം പേർ ഓടി രക്ഷപ്പെട്ടു. ശത്രുക്കളുപേക്ഷിച്ചുപോയ കാലികളും ആയുധങ്ങളും മുസ്‌ലിംകൾ ശേഖരിച്ചു; സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി. അപ്പോഴേക്കും നബി സ്വ യും ഹുനൈൻ പോരാളികളും അങ്ങോട്ടെത്തിയിരുന്നു. ഹുനൈനിലെയും ഔത്വാസിലേയും യുദ്ധബന്ദികൾ അടക്കമുള്ള ‘ഗ്വനീമത്ത്’ പോരാളികൾക്കിടയിൽ വിതരണം ചെയ്യാതെ മക്ക- ത്വാഇഫ് റൂട്ടിലെ ജിഅറാനയിൽ പതിമൂന്ന് ദിവസം നബി സ്വ തങ്ങി. ഹവാസിൻ ഗോത്രം കീഴടങ്ങാനും ഇസ്‌ലാം സ്വീകരിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് കാത്തിരിപ്പ്. പക്ഷേ, ഓടിപ്പോയവരാരും തിരിച്ചു വന്നില്ല; യുദ്ധ ബന്ദികളായ ഭാര്യമാരെയും കുട്ടികളെയും മോചിപ്പിക്കാനുള്ള നയതന്ത്ര നടപടികൾക്കും ആരെയും കണ്ടില്ല. പതിനാലാം ദിവസം യുദ്ധമുതൽ നബി സ്വ പോരാളികൾക്ക് ഓഹരിവെക്കുന്നു. മക്ക ഫത്ഹിനെത്തുടർന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്ന മക്കക്കാരായ നിരവധിപേർ ഹുനൈൻ-ഔത്വാസ് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ലഭിച്ച ഓഹരികളുമായി പോരാളികൾ അവരവരുടെ വ്യവഹാരങ്ങളിലേക്ക് പിരിഞ്ഞുകഴിഞ്ഞ സമയത്താണ് ഹവാസിനിലെ വ്യത്യസ്ത തറവാടുകളിലുള്ള പതിനാല് പേരടങ്ങുന്ന സംഘം ഇസ്‌ലാമാശ്ലേഷണ പ്രഖ്യാപനവുമായി നബി സ്വ യെ സമീപിക്കുന്നത്. പിടിക്കപ്പെട്ട തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും തിരിച്ചുനൽകാൻ അവരപേക്ഷിക്കുന്നു. യോദ്ധാക്കൾക്കിടയിൽ ഓഹരിവെക്കപ്പെട്ട അവരെ എങ്ങനെ തിരികെക്കിട്ടാൻ?! നബി സ്വ കുഞ്ഞായിരിക്കുമ്പോൾ മുലയൂട്ടിയ ഹലീമത്തുസ്സഅദിയ്യയുടെ കുടുംബത്തിൽ പെട്ട സുഹൈർ ബ്നു സ്വർദ് നബിയുടെ അരികിലെത്തി, ‘അല്ലാഹുവിൻ്റെ ദൂതരേ, തളച്ചിട്ടിരിക്കുന്ന ബന്ധികൾക്കിടയിൽ അങ്ങയെ പരിപാലിച്ചിരുന്ന അമ്മായിമാരും ഇളയമ്മ-മൂത്തമ്മമാരും മടിയിൽ താലോലിച്ചിരുന്നവരുമെല്ലാം ഉണ്ട്; അവരെ പരിഗണിക്കണം’ എന്ന് സെന്റിമെന്റിറക്കുന്നു. “എല്ലാം ഓഹരിവെക്കപ്പെട്ടുകഴിഞ്ഞു; നിങ്ങളെ ഞാൻ ദിവസങ്ങളോളം കാത്തിരുന്നതായിരുന്നു” എന്ന് പറഞ്ഞ്, നബി സ്വ ഉടനെ എഴുന്നേറ്റ് ചുറ്റുമുള്ള അനുയായികളോട് കൊച്ചു പ്രസംഗം തുടങ്ങി. നമ്മുടെ സഹോരങ്ങളിതാ പശ്ചാത്താപരായി വന്നിരിക്കുന്നു. ഞാൻ എൻ്റെയും അബ്ദുൽ മുത്വലിബ് സന്താനങ്ങളായിട്ടുള്ള എല്ലാവരുടെയും ഓഹരി വിട്ടുകൊടുക്കുന്നതായി അറിയിക്കുന്നു; താല്പര്യപ്പെടുന്നവരെല്ലാം അവർക്ക് ലഭിച്ചവ തിരിച്ചുകൊടുക്കുക”. ഏതാനും പേരൊഴികെ മുഴുവൻ യോദ്ധാക്കളും അവർക്ക് ലഭിച്ച ഓഹരി നബി സ്വ യുടെ താല്പര്യത്തിനുവേണ്ടി മാത്രം തിരിച്ചു നൽകുന്നു. വിശദ വായനയ്ക്ക് സ്വഹീഹുൽ ബുഖാരിയിലെ 2539, 2540, 2607, 2608, 3131, 3132, 4318, 4319, 4326, 7176, 7177 എന്നീ നമ്പറുകളിലുള്ള ഹദീസുകൾ ചേർത്തുവെക്കുക.

“ഔത്വാസിൽ പിടിക്കപ്പെട്ട സ്ത്രീകളെ യുദ്ധക്കളത്തിൽ വെച്ച് ഭർത്താക്കന്മാരുടെ മുന്നിലിട്ട് ബലാൽസംഗം ചെയ്യാൻ കാട്ടറബികൾക്ക് അനുവാദം നൽകിയ മുഹമ്മദ്” എന്ന് ഇസ്‌ലാം വിരോധം തലക്കുപിടിച്ച ചിലർ പറഞ്ഞുനടക്കുന്ന സംഭവത്തിൻ്റെ ചുരുക്കമിതായിരുന്നു. നബി സ്വ യുടെ കാരുണ്യത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരിഷ്കൃതമനസിൻ്റെയും ഉത്തമോദാഹരണമായ ഒരു സംഭവത്തെ എങ്ങനെ പരമാവധി ഭീകരമാക്കാമെന്നതിൻ്റെ ഉദാഹരണം കൂടിയാണിത്.

യുദ്ധബന്ദികളായ സ്ത്രീകളെ മൈതാനത്തിട്ട് ബലാൽസംഗം ചെയ്യാമോ?

യഥാർത്ഥത്തിൽ ബന്ദികളെ സംഗം ചെയ്യാൻ തന്നെ ധാരാളം നിബന്ധനകളുണ്ട്; എന്നാൽ ബലാൽസംഗം ചെയ്യാൻ യാതൊരനുവാദവുമില്ല എന്ന സത്യം മറച്ചുവെച്ച് ഇസ്‌ലാമിനെയും ഖുർആനെയും പ്രവാചകനെയും ആക്ഷേപിക്കുകമാത്രമാണ് വിരോധികൾ. സൂറ നിസാ 24 ൻ്റെ അവതരണ പശ്ചാത്തലമാണ് ഇസ്‌ലാം വിരോധികൾ തെറ്റിദ്ധരിപ്പിക്കാറുള്ളത്. ഭർത്താക്കന്മാരുള്ള ബന്ദി സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ഈ സൂക്തത്തിൽ അനുവദിക്കുന്നുണ്ടെന്നാണ് വിരോധികൾ പ്രചരിപ്പിക്കുന്നത്.

ഹിജ്‌റ എട്ടാം വർഷം ശഅബാനിൽ മുശ്‌രിക്കുകളുമായുള്ള ഔത്വാസ് പോരാട്ടത്തിൽ യുദ്ധബന്ദികളായി ഏതാനും സ്ത്രീകൾ പിടിക്കപ്പെട്ടിരുന്ന സംഭവം മുകളിൽ വിവരിച്ചുവല്ലോ. നബി സ്വ യുടെ ദൗത്യ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ മുശ്രിക് സ്ത്രീകളെ ബന്ദികളായി പിടിക്കുന്നതും അവർ പോരാളികളുടെ ഓഹരിയിൽ ഉൾപ്പെടുന്നതും. അന്ന് നടപ്പിലുള്ള യുദ്ധരീതിയനുസരിച്ച്, ശത്രുപക്ഷത്തുള്ള യോദ്ധാവിനെയും സ്ത്രീകളെയും കുട്ടികളെയും മറ്റു യുദ്ധമുതലുകളുമെല്ലാം യോദ്ധാക്കൾക്ക് ഇഷ്ടാനുസരണം എന്തും ചെയ്യാമായിരുന്നു. ശത്രുസ്ത്രീകളെ യുദ്ധഘട്ടത്തിലും അല്ലാതെയും ബലാൽസംഗം ചെയ്യുകയെന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്; ലോകത്തെവിടെയും ആധുനിക നിയമം അംഗീകരിക്കുന്നില്ലെങ്കിലും ഇപ്പോഴും ലോകത്തെങ്ങും പട്ടാളക്കാർ ചെയ്തുകൊണ്ടിരിക്കുന്ന സംഗതിയാണിത്. Carmen M. Argibay യുടെ Sexual Slavery and the Comfort Women of World War II, Yvonne Park Hsu യുടെ Comfort women from Korea: Japan’s World War II sex slaves and the legitimacy of their claims for reparations, BÜLENT DIKEN AND CARSTEN BAGGE LAUSTSEN തയ്യാറാക്കിയ Becoming Abject: Rape as a Weapon of War തുടങ്ങിയ നിരവധി പഠനങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ റഷ്യൻ-ഉക്രൈൻ യുദ്ധ റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നു.

എന്നാൽ, ഖുർആനും നബി സ്വ യും നിലവിലെ സമ്പ്രദായങ്ങളെയും സിസ്റ്റത്തെയും അടിമുടി പരിഷ്കരിച്ചുവരികയായിരുന്നു. സ്വഹാബികൾ യുദ്ധമര്യാദകൾ കൂടുതൽ കൂടുതൽ മാനുഷികമാക്കി ശീലിച്ചുവരുന്നുണ്ടായിരുന്നു. യുദ്ധാവസരങ്ങളിൽ സംഭവിച്ചുപോയ ‘പഴയശരി’കളോരോന്നും നബി സ്വ തിരുത്തുകയും ശാസിക്കുകയും പാപപരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടയിൽ വിവാഹ- ലൈംഗിക നിയമങ്ങൾ പലതും പരിഷ്കരിച്ചു കഴിഞ്ഞിരുന്നു. വേദക്കാരായ ജൂദ ക്രൈസ്തവസ്ത്രീകളെയല്ലാതെ മുശ്രിക്കുസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം എല്ലാ നിലയിലും നിരോധിച്ചിരുന്നു. വിവാഹമായാലും ‘വലംകൈ ഉടമാവകാശത്തിലൂടെ ആയാലും. വേദാസ്ത്രീകളും മുസ്‌ലിമായിരിക്കണം എന്ന നിലപാടുള്ളവർ മുന്നോട്ടുവെക്കുന്നവരുണ്ട്; അവരുടെ തെളിവുകൾക്കാണ് പ്രാബല്യം. ഏതെല്ലാം സ്വതന്ത്ര സ്ത്രീകളെ വിവാഹം ചെയ്യാമോ അതേ ഗണത്തിൽ പെട്ട സ്ത്രീകളെ മാത്രമേ വലതുകരമുടമത്വത്തിലൂടെയും പരിണയിക്കാൻ പാടുള്ളൂ എന്നാണ് നിയമം. മുശ്രിക്ക് സ്ത്രീകൾ ഇസ്‌ലാം പ്രഖ്യാപിച്ചാലേ അവരുമായുള്ള സംസർഗ്ഗം പാടുള്ളൂ എന്ന കാര്യത്തിൽ ശങ്കയില്ല. രണ്ടുവർഷം മുമ്പ്, ഹുദൈബിയ്യയുടെ പശ്ചാത്തലത്തിൽ സ്വഹാബികൾ ഈ പാഠം പഠിച്ചതാണ്. സൂറ മുംതഹിന പത്താം വാക്യത്തിൽ ഈ നിയമം പഠിപ്പിച്ചിട്ടുണ്ട്. ഈ നിയമം വന്നപ്പോൾ ഭാര്യമാരായി ഉണ്ടായിരുന്ന മുശ്രിക്ക് സ്ത്രീകളെ സ്വഹാബികൾ പലരും ത്വലാഖ് ചെയ്തതും അവരുടെ നേരനുഭവമാണ്. ഉമർ റ ഖരീബയെയും ഉമ്മു കുൽസൂമിനെയും, ത്വൽഹ റ അർവായെയും വിവാഹമോചനം ചെയ്തതും അവരെ യഥാക്രമം മുശ്രിക്ക് പക്ഷത്തായിരുന്ന മുആവിയ, അബൂ ജഹ്മ്, ഖാലിദ് ബ്നു സഈദ് എന്നിവർ വിവാഹം ചെയ്തതും അറിയാത്ത സ്വഹാബികളാരും ഉണ്ടാകാനിടയില്ല. ഭാര്യ ഭർത്താക്കന്മാരിലൊരാൾ മുസ്‌ലിമായി മാറിയാൽ പഴയ വിവാഹബന്ധം നിലനിൽക്കില്ല എന്നും അവർക്കറിയാം.

ഈ പശ്ചാത്തലത്തിലാണ് മുശ്രിക്കുകളായ ഔത്വാസ് സ്ത്രീകൾ ബന്ദികളാകുന്നത്. യുദ്ധാനന്തരം, പതിമൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ബന്ദികളെ നബി സ്വ പോരാളികൾക്കിടയിൽ ഓഹരിവെച്ചത്. ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികൾക്ക് അവരാരും അത്രയും നാൾ രംഗത്തുവന്നില്ല. അവരുടെ ഭർത്താക്കന്മാരെല്ലാം ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഓടിപ്പോയവരോ ആണ്. അന്നത്തെ യുദ്ധരീതിയനുസരിച്ച് പിടിക്കപ്പെട്ടാൽ മോചിപ്പിക്കുന്നില്ലെങ്കിൽ അടിമയാക്കപ്പെടും എന്നറിയാത്തവരായിരുന്നോ അവർ?! ഓടിപ്പോയ ഭർത്താക്കന്മാർ മുസ്‌ലിം പട്ടാളം പിടികൂടിയ തങ്ങളുടെ പത്നിമാരെ മോചിപ്പിക്കാനുള്ള നയതന്ത്ര നടപടികൾ ചെയ്യാതിരുന്നതെന്ത് കൊണ്ടായിരുന്നു?

വിവാഹിതരായ സ്ത്രീകൾ യുദ്ധാർജ്ജിത ഓഹരിയിൽ ലഭിച്ച സ്വഹാബികൾക്ക് പിന്നെയും ആശങ്ക. ഹിജ്‌റ എട്ടാം വർഷമായപ്പോഴേക്കും മുസ്‌ലിം പോരാളികൾ ഒരുപാട് മാറിക്കഴിഞ്ഞിരുന്നുവെന്നർത്ഥം. “യുദ്ധാർജ്ജിത ഓഹരിയായ ലഭിച്ച വിവാഹിതകളായ സ്ത്രീകളെ സംഗം ചെയ്യാൻ പറ്റുമോ?” എന്നു ചോദിച്ചറിയാൻ മാത്രം അവർ പരിഷ്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആ സ്ത്രീകൾ മുസ്‌ലിംകളായി മാറണമെന്ന സംഗതിയിലോ, വിവാഹത്തിലിരിക്കുന്ന സ്ത്രീ മുസ്‌ലിമായാൽ അവിശ്വാസിയായ ഭർത്താവുമായുള്ള വിവാഹബന്ധം മുറിഞ്ഞുപോകുമെന്ന സംഗതിയിലോ അല്ലായിരുന്നു അവരുടെ ആശങ്ക. മറ്റൊരു ഭർത്താവിൻ്റെ കൂടെ ജീവിച്ചവരായിരുന്നതിനാൽ, അവരെ ജീവിത പങ്കാളിയാകാൻ മറ്റെന്തെങ്കിലും ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു സ്വഹാബികളുടെ ആശങ്ക. അതവർ നബിയുമായി പങ്കുവെച്ചു. അടിമയാക്കപ്പെട്ട സ്ത്രീകളെ- അവർ വിവാഹിതർ ആണെങ്കിലും, യോദ്ധാവിന് സംഗം ചെയ്യാവുന്നതാണെന്ന് അനുവദിച്ചുകൊണ്ട് സൂറ നിസാഇലെ ഇരുപത്തിനാലാം സൂക്തം അവതരിച്ചു. നിബന്ധനകളോടെയെന്ന് നബി സ്വ കൂട്ടിച്ചേർക്കുകയും ചെയ്തു. മറ്റു നിബന്ധനകൾക്ക് പുറമേ, ആ സ്ത്രീകൾ മരണപ്പെട്ട/ഓടിപ്പോയ പഴയ ഭർത്താവിൽ നിന്ന് ഗർഭിണിയാണോ എന്നറിയണം. ആണെങ്കിൽ പ്രസവിച്ചു ശുദ്ധിയാകുന്നതുവരെ സംഗം അനുവദിക്കില്ല. ഗർഭത്തിൻ്റെ പ്രത്യക്ഷ അടയാളങ്ങൾ കാണുന്നില്ലെങ്കിൽ, ഉറപ്പുവരുത്താൻ അടുത്ത മെൻസസ് വരെ കാത്തിരിക്കണം. അതായിരുന്നു ഔത്വാസ് പശ്ചാത്തലത്തിൽ പഠിപ്പിച്ച നിയമം.

യുദ്ധത്തിൽ പങ്കെടുത്തവരും ബന്ദി മോചനത്തിന് ഭർത്താവോ മറ്റു ബന്ധുക്കളോ വരാത്ത പശ്ചാത്തലത്തിൽ അടിമയാക്കപ്പെട്ടവരുമായ ആ സ്ത്രീകൾ, അടിമ മോചന കരാർ ആവശ്യപ്പെട്ട് തങ്ങളുടെ ഭർത്താക്കന്മാരുടെ അരികിലേക്ക് തിരിച്ചുപോകാൻ താല്പര്യം കാണിക്കാതിരുന്നതെന്തുകൊണ്ടായിരുന്നു എന്ന ചോദ്യവും പ്രസക്തമാണ്. അതിനുള്ള ചാൻസും ഇസ്‌ലാമികനിയമത്തിൽ ഉണ്ടെന്ന് ആർക്കാണറിയാത്തത്? ബനുൽ മുസ്ത്വലഖ് യുദ്ധത്തിൽ പിടിക്കപ്പെട്ട് അടിമയാക്കപ്പെട്ട ജുവൈരിയ്യ മോചനകരാർ എഴുതിയും കരാർ പൂർത്തിയാക്കാൻ നബി സ്വ യോട് സഹായം അഭ്യർത്ഥിച്ചുമാണല്ലോ രക്ഷപ്പെട്ടത്. ഔത്വാസിൽ പിടിക്കപ്പെട്ട ഹവാസിൻ ഗോത്രജകൾക്ക് തങ്ങളുടെ പുരുഷന്മാരിൽ പ്രതീക്ഷയില്ലായിരുന്നു എന്നർത്ഥം.

ചുരുക്കത്തിൽ, യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ സംഗം ചെയ്യുവാൻ യോദ്ധാവിന് അനുവാദം ലഭിക്കുവാൻ നാല് ഘട്ടങ്ങൾ പിന്നിടണം.

1. യുദ്ധം അവസാനിച്ച് ബന്ദികളെ അമീറിന് മുന്നിലെത്തിക്കണം.

2. ബന്ദികളെ മോചിപ്പിക്കാൻ ശ്രമമില്ലെന്നോ, ശ്രമിച്ചാലും വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നോ വരണം. അങ്ങനെ അവരെ യോദ്ധാക്കൾക്ക് ഓഹരിവെക്കണം. ഔത്വാസിൽ യുദ്ധം കഴിഞ്ഞ് പതിമൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഓഹരി വെക്കുന്നത്.

3. അടിമയാക്കപ്പെട്ട സ്ത്രീകൾ മുശ്രിക്കുകൾ ആണെങ്കിൽ അവർ ഇസ്‌ലാം ദീൻ സ്വീകരിക്കണം. ഇസ്‌ലാം സ്വീകരിക്കാതെയിരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാം സ്വീകരിക്കുന്നതോടെ പഴയ വിവാഹ ബന്ധം അവസാനിക്കുന്നു. ഇതാണ് നിയമമെങ്കിലും, ഔത്വാസിലെ സ്ത്രീകൾ ഈ ഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സ്വഹാബികളാരും അവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ല. ഗോത്രപ്രതിനിധി സംഘം ഇസ്‌ലാം സ്വീകരണമറിയിച്ചുകൊണ്ട് നബിയുടെ അടുത്തെത്തിയ ശേഷം, ബന്ദികളെ വിട്ടയയച്ചതിനെത്തുടർന്ന് ഗോത്രം മുഴുവൻ ഇസ്‌ലാമിലേക്ക് വരികയായിരുന്നു. അടിമകളാക്കപ്പെട്ട സ്ത്രീകൾ അവരുടെ ബന്ധുക്കളുമായി പോവുകയും ചെയ്തു.

4. ഇസ്‌ലാമിലേക്ക് കടന്നുവന്നത് മാത്രം പോരാ; ആ സ്ത്രീ ഗർഭിണിയല്ലെന്ന് ഉറപ്പുവരുത്താൻ അടുത്ത മെൻസസ് കഴിഞ്ഞ് ശുദ്ധിയാകും വരെ കാത്തിരിക്കണം; ഗർഭിണി ആണെങ്കിൽ പ്രസവം കഴിഞ്ഞ് ശുദ്ധിയാകുന്നതുവരേയ്ക്കും.
لا توطأ حامل حتى تضع ، ولا غير ذات حمل حتى تحيض حيضة ” . رواه أبو داود ( 2157 )

ഇതാണ് വസ്തുത. ശത്രു സ്ത്രീകളെ യുദ്ധസന്ദർഭത്തിലോ യുദ്ധ മൈതാനത്തോ ബലാൽസംഗം ചെയ്യാൻ മുസ്‌ലിം പോരാളികൾക്ക് സാധിക്കില്ല; അതിനുവേണമെങ്കിൽ മറ്റേതെങ്കിലും സൈന്യത്തിൽ ചേരേണ്ടിവരും.

print

No comments yet.

Leave a comment

Your email address will not be published.