യുദ്ധ ബന്ധികൾ: മുഹമ്മദ് നബിക്കുമുമ്പ്
അടിമത്തത്തിന് വിവിധ രൂപങ്ങൾ ഉണ്ടായിരുന്നകാലത്ത് അവയിൽ രണ്ടുതരം അടിമത്തം ഒഴികെ മറ്റെല്ലാം ഇസ്‌ലാം നിരോധിച്ചു. അവ രണ്ടും ഇല്ലായ്മചെയ്യാനുള്ള മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഒന്ന്: നിലവിൽ അടിമയായി വിനിമയം ചെയ്യപ്പെടുന്നവർ. അവരങ്ങനെ തുടരുന്നതായി കണക്കാക്കുന്നതോടൊപ്പം അവർക്ക് സ്വാതന്ത്രരാകാനുള്ള, അവരെ സ്വാതന്ത്രരാക്കാനുള്ള ധാരാളം നിർബന്ധിത/ ഐച്ഛിക വഴികൾ നിർദ്ദേശിച്ചു.
രണ്ട്: യുദ്ധബന്ധികളായി പിടിക്കപ്പെടുന്ന യോദ്ധാക്കളും അവർക്കൊപ്പം വരുന്ന സ്ത്രീകളും കുട്ടികളും. ഫ്രീയായോ, നിബന്ധനകളോടെയോ, ധനമോ മറ്റോ പകരമായോ വിട്ടയക്കുന്നില്ലെന്ന് ‘അമീർ’ തീരുമാനിക്കുന്നതോടെ അവരെ അടിമകളായി കണക്കാക്കുന്നു. എന്തുവേണമെന്നത് അമീറാണ് തീരുമാനിക്കേണ്ടത്. ബന്ധികളെ അടിമയാക്കുക എന്ന ലോകമാകെ നടന്നുവന്നിരുന്ന നടപടിയെ ഇസ്‌ലാം പാടേ നിരുത്സാഹപ്പെടുത്തുകയും തുടർനടപടികളിൽ അവസാനത്തേത് മാത്രമാക്കുകയും ചെയ്തു. ഇതുസംബന്ധമായ നിർദ്ദേശങ്ങൾ സൂറ മുഹമ്മദ് നാലാം വചനത്തിലാണ് നൽകിയിട്ടുള്ളത്. അതിൽ ‘ബന്ധികളെ വെറുതെ വിടുക’ എന്ന നിർദ്ദേശമാണ് ആദ്യമായി നൽകുന്നത്; അതിനു പറ്റിയ സാഹചര്യമല്ലാത്തപ്പോൾ ‘മോചനദ്രവ്യം’ ആവശ്യപ്പെടാം. രാജ്യത്തിന് അതും അപകടമാണെന്ന് കാണുന്ന സന്ദർഭത്തിൽ അവരെ നിത്യബന്ധികൾ അഥവാ അടിമകൾ ആക്കാമെന്ന കാര്യം നിർദ്ദേശിക്കുക പോലും ചെയ്യാതെ മൗനം പാലിച്ചു. വിശുദ്ധ ഖുർആനിലെ മാനവികതയും പ്രായോഗികതയും സമ്മേളിച്ച ഈ ഉപദേശമാണ് പ്രവാചകനും ശേഷമുള്ള മുസ്‌ലിം നേതാക്കളും ചെയ്തുപോന്നതെന്ന് ചരിത്രം സാക്ഷിയാണ്. പ്രവാചകർ സ്വ യുടെ കാലത്ത് പിടിക്കപ്പെട്ട യുദ്ധബന്ധികളിൽ എത്രപേരെ അടിമകളാക്കി എന്ന് പരിശോധിക്കൂ. അതിനു ശേഷം മുസ്‌ലിം ഖലീഫമാരുടെ വലിയ വലിയ വിജയങ്ങളുടെ സമയത്തും അവർ യുദ്ധബന്ധികളെ മോചിപ്പിക്കുകയോ ദ്രവ്യം വാങ്ങി വിട്ടയക്കുകയോ ആയിരുന്നു കൂടുതൽ സന്ദർഭങ്ങളിലും ചെയ്തുപോന്നത്.
പുതിയ അടിമ രൂപപ്പെടാനുള്ള സകല വഴികളും നിരോധിച്ച ഇസ്‌ലാം, യുദ്ധബന്ധികളെ അടിമയാക്കുന്ന സാഹചര്യം മാത്രം നിരോധിച്ചില്ലെന്നും, യുദ്ധ ബന്ധികളെ അടിമകളാക്കുന്ന രീതി മുഹമ്മദ് നബി തുടങ്ങിയതല്ലെന്നും അത് ചരിത്രകാലം മുതൽക്കേ നടന്നുവരുന്നതാണെന്നും ആധുനിക ലോകത്തും യുദ്ധബന്ധികൾ ഉണ്ടെന്നുമുള്ള സത്യം, ഇസ്‌ലാം വിരോധികളുടെ ഉറക്കം കെടുത്താൻ മതിയായതാണ്. ഇപ്പോൾ അവർ പുതിയൊരു കണ്ടെത്തലുമായി വന്നിരിക്കുകയാണ്. “യുദ്ധ ബന്ധികളെ അടിമകളാക്കുന്ന സമ്പ്രദായം മുൻകഴിഞ്ഞ പ്രവാചകന്മാർ ആരും കാണിച്ചിട്ടില്ലെന്നും അത് മുഹമ്മദ് നബിയായിട്ട് തുടങ്ങിയതാകുന്നു” എന്നുമാണ് ആരോപണം. സ്വഹീഹുൽ ബുഖാരി 335 ൽ وَأُحِلَّتْ لِيَ المَغانِمُ وَلَمْ تَحِلَّ لأَحَدٍ قَبْلِي = “എനിക്ക് യുദ്ധാർജ്ജിത മുതൽ അനുവദിക്കപ്പെട്ടിരിക്കുന്നു; എനിക്ക് മുമ്പുള്ള ആർക്കും അതനുവദിക്കപ്പെട്ടില്ലായിരുന്നു” എന്ന നബി വചനത്തെ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആണ് ചെയ്യുന്നത്. ഇവിടെ പരാമർശിച്ച ‘മഗാനിം’/ ‘ഗനായിം’ എന്ന പദം നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു UMBRELLA TERM ആണ്. യുദ്ധസമയത്ത് പിടിച്ചെടുക്കപ്പെടുന്ന മൃഗങ്ങൾ ആയുധങ്ങൾ, യുദ്ധം അവസാനിച്ച ശേഷം ലഭിക്കുന്ന വസ്തുക്കൾ, പിടിക്കപ്പെടുന്ന യോദ്ധാക്കൾ, യുദ്ധാനന്തരം തടഞ്ഞുവെക്കപ്പെടുന്ന അവരുടെ സ്ത്രീകളും കുട്ടികളും എല്ലാം ഗനീമത്ത് എന്ന വിശാല പദത്തിൽ ഉൾപ്പെടുത്താമെങ്കിലും, മുൻകഴിഞ്ഞ പ്രവാചകന്മാർക്ക് അനുവാദമില്ലെന്ന് പറഞ്ഞ ‘മഗാനിം’ യുദ്ധ ബന്ധികൾ ഉൾപ്പെടില്ല എന്നകാര്യം വിമർശകർ മനസ്സിലാക്കിയില്ല. മുൻകഴിഞ്ഞ പ്രവാചകന്മാർക്ക് അനുവാദമില്ലാത്ത മഗാനിം എന്തൊക്കെയായിരുന്നെന്ന് ബുഖാരി 4124 ൽ വ്യക്തമാണ്.
പൂർവ്വ പ്രവാചകന്മാരുടെ കാലത്ത്, ശത്രുക്കൾ തോറ്റോടുകയും അവരുടെ മുതലുകൾ ഇട്ടേച്ചുപോവുകയും ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം അവ അഗ്നി തിന്നുകയാണ് പതിവെന്ന് ഹദീസുകളിൽ വിവരണമുണ്ട്. ബൈബിളിൽ പലേടത്തും ചർച്ച ചെയ്യുന്നതും ഖുർആൻ ആലു ഇമ്രാൻ 183 ൽ പരാമർശിക്കുന്നതുമായ ഹോമയാഗം പോലെ, ജിഹാദിലെ ആത്മാർത്ഥതയും സത്യസന്ധതയും അല്ലാഹു സ്വീകരിച്ചുവെന്നതിൻ്റെ അടയാളമായിട്ടായിരുന്നു യുദ്ധമുതൽ അഗ്നിഭക്ഷിക്കുന്ന രീതി മുമ്പ് നടന്നിരുന്നത്. ബുഖാരി 4124 ൽ ഇത്തരമൊരു സന്ദർഭം വിവരിക്കുന്നുണ്ട്. മുമ്പത്തെ ഒരു നബി യുദ്ധം ജയിച്ചു; ഗനീമത്തുകളെല്ലാം ഒരുമിച്ചുകൂട്ടി; പക്ഷേ അഗ്നിയവ ഭക്ഷിച്ചില്ല. യോദ്ധാക്കളിലാരോ യുദ്ധമുതൽ പൂഴ്ത്തിവെച്ചതായിരുന്നു കാരണം. തൊണ്ടി പിടിച്ചെടുത്ത് ഗനീമത്തിലിട്ടപ്പോൾ അഗ്നി വിഴുങ്ങുകയും ചെയ്തു. ബൈബിൾ പഴയവേദത്തിലെ കഥാപാത്രവും മുഖ്യ പോരാളിയുമായ യോശുവാ പ്രവാചകൻ (യൂശഅ് നബി)/ ഖുർആൻ അൽ കഹ്ഫ് സൂറത്തിൽ അറുപതാം വചനത്തിൽ സൂചിപ്പിക്കുന്ന മൂസാനബിയുടെ സഹചാരിയാണ് ബുഖാരി 4124 ൽ പരാമർശിക്കപ്പെട്ട യോദ്ധാവും ജേതാവുമായ നബിയെന്ന് ഹദീസ് വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നു. മുൻ പ്രവാചകന്മാർക്ക് അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഗനീമത്ത്, യുദ്ധമുതലുകൾ മാത്രമായിരുന്നു എന്ന് ഈ ഹദീസിൽ വ്യക്തമാണ്. പിടിക്കപ്പെടുന്ന യോദ്ധാക്കളോ അവരോടൊപ്പം യുദ്ധത്തിനെത്തുന്ന സ്ത്രീകളും കുട്ടികളോ അനുവദനീയമല്ലാത്തതും അഗ്നിക്ക് വിട്ടുകൊടുക്കേണ്ടതുമായ ഗനീമത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ, അഗ്നിക്ക് ഭക്ഷിക്കാനുള്ള യാഗവസ്തുക്കളായി ജീവനുള്ള ആ മനുഷ്യരും ഉണ്ടായിരുന്നതായി പറയേണ്ടിവരും. അതായത്, മുൻകഴിഞ്ഞ പ്രവാചകന്മാരെല്ലാം യുദ്ധ ബന്ധികളെ ഒന്നിച്ചുകൂട്ടി അഗ്നിക്കിരയാക്കുകയായിരുന്നു എന്ന പുതിയ ചരിത്രം ഉണ്ടാക്കേണ്ടിവരും. യുദ്ധമുതലുകൾ എടുക്കാനുള്ള അനുവാദം ലഭിക്കുന്ന പ്രവാചകൻ വരാനുണ്ടെന്ന ബൈബിൾ പ്രവചനത്തിൻ്റെ പൂർത്തീകരണമാണ് നബി സ്വ യിൽ നാം കാണുന്നത്. യെശയ്യാ 53:12 പ്രവചിക്കുന്നു: “അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും”. (Note: യുദ്ധ മുതലിനെ ബൈബിൾ മലയാള പരിഭാഷക്കാർ കൊള്ള എന്നാണ് പരിഭാഷപ്പെടുത്താറ്).
യുദ്ധബന്ധികളെ അടിമകളാക്കുവാനുള്ള ആഹ്വാനം ബൈബിളിലും കാണാവുന്നതാണ്. ബൈബിളിൻ്റെ യുദ്ധനയവും രീതിയും ആവർത്തനാപുസ്തകം ഇരുപതാം അധ്യായത്തിലെ പത്തുമുതൽ പതിനെട്ടുവരെ വചനങ്ങളിൽ വായിക്കാം.
10 നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയേണം. 11 സമാധാനം എന്നു മറുപടി പറങ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവെലക്കാരായി സേവചെയ്യേണം. 12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം. 13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം. 14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. 15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ലാ പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. 16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ. 17ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം. 18 അവർ തങ്ങളുടെ ദേവ പൂജയിൽ ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്‍വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.”
“എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം” എന്ന ഭാഗം ഇവിടെ പ്രത്യേകം വായിക്കേണ്ടതാണ്.
യുദ്ധബന്ധികളെ അടിമകളാക്കുകയെന്ന സംഗതി എല്ലാ ജനതയിലും നടപ്പുള്ള കാര്യമായിരുന്നു. യുദ്ധത്തിൽ പിടിക്കപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുന്ന രീതി മുഹമ്മദ് നബി ജീവിച്ചുവളർന്ന അറേബ്യായിലും നടപ്പുണ്ടായിരുന്നു. അവരുമായാണ് മുഹമ്മദ് നബി നേർക്കുനേർ യുദ്ധത്തിലെത്തുന്നത്. അറബികളുടെ ഭീഷണിശൈലി തന്നെ ‘സ്ത്രീകളെ പിടിച്ചുകൊണ്ടുപോകും’ എന്നതായിരുന്നു. മുഹമ്മദ് നബിക്കും അനുയായികൾക്കും അഭയം നൽകിയ മദീനക്കാരെപ്പോലും ഇസ്‌ലാം വിരോധികളായ മക്കക്കാർ ഭീഷണിപ്പെടുത്തിയത്, ”സ്ത്രീകളെ പിടികൂടി അടിമകളാക്കും” എന്നായിരുന്നു. മദീനയിലെ തങ്ങളുടെ മിത്രങ്ങളോടായിരുന്നു സ്വസ്ഥമായ ഇസ്‌ലാമിക ജീവിതത്തിന് നബിയും അനുചരന്മാരും മദീനയിൽ അഭയം തേടിയ സന്ദര്ഭത്തിലാണീ ഭീഷണി എന്നോർക്കണം.
ഈ ഭീഷണി എന്നോർക്കണം. അബൂ ദാവൂദ് 3004 ൽ ഇങ്ങനെ വായിക്കാം:
وَإِنَّا نُقْسِمُ بِاللَّهِ لَتُقَاتِلُنَّهُ أَوْ لَتُخْرِجُنَّهُ أَوْ لَنَسِيرَنَّ إِلَيْكُمْ بِأَجْمَعِنَا حَتَّى نَقْتُلَ مُقَاتِلَتَكُمْ وَنَسْتَبِيحَ نِسَاءَكُمْ
“ഞങ്ങളുടെ എതിരാളി മുഹമ്മദിനും സംഘത്തിനും നിങ്ങൾ അഭയം നല്കിയിരിക്കുകയാണല്ലേ, ദൈവത്തെ ആണയിട്ട് നിങ്ങളോട് പറയാനുള്ളതിതാണ്: ഒന്നുകിൽ അവനുമായി നിങ്ങൾ യുദ്ധം ചെയ്യണം; അല്ലെങ്കിൽ നാട്ടിൽ നിന്ന് പുറത്താക്കണം. അല്ലാത്തപക്ഷം, ഞങ്ങളൊന്നടങ്കം അങ്ങോട്ട് വരുന്നുണ്ട്; നിങ്ങളിലെ ഓരോ യോദ്ധാവിനെയും ഞങ്ങൾ വധിച്ചുകളയും; നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ സ്വന്തമാക്കി ഉപയോഗിക്കും”.
യുദ്ധത്തിൽ പിടികൂടിയ സ്ത്രീകളെ ‘നസീഅ:’ എന്നായിരുന്നു അറബികൾ വിളിച്ചിരുന്നത്. നാടുകളിൽ ഇരച്ചുകയറി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി അടിമകളാകുന്നതിൽ കുപ്രസിദ്ധി നേടിയവരായിരുന്നു അറേബിയയിലെ സബാ ഭരണകൂടമെന്നും (ഖുർആനിൽ മുപ്പത്തിനാലാം സൂക്തത്തിൽ പരാമർശിക്കുന്ന ഭരണകൂടം) ‘അബ്ദു ശംസ്’ എന്ന യഥാർത്ഥ നാമം നഷ്ടപ്പെട്ട് ‘സബാ’ എന്ന അപരനാമം അവർക്ക് ലഭിച്ചതുപോലും ‘സബ് യ്’ (= സ്ത്രീകളെയും കുട്ടികളെയും പിടികൂടൽ) എന്ന പദത്തിൽ നിന്നാണെന്നും അഭിപ്രായപ്പെട്ട ചരിത്രകാരന്മാരുണ്ട്. അറബികളുടെ യുദ്ധസംഭവങ്ങളെ ‘അൽ അയ്യാം’ എന്നാണ് അവർ വിളിക്കുക. അയ്യാമിൽ സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന കഥകൾ അയവിറക്കുന്നത് അവരുടെ മജ്‌ലിസുകളിലെ ഹരമായിരുന്നു. ബനൂ സുലൈം ബനൂ അസദിനെ തോല്പിച്ച് സ്ത്രീകളെ പിടിച്ചുകൊണ്ടുവന്നതും, ഹവാസിൻ ഗോത്രം ബനൂ ലൈസിനെ കീഴടക്കി സ്ത്രീകളെ അടിമകളാക്കിയതും ‘അൽ അയ്യാം’ അനുസ്മരണത്തിലെ ഇതിവൃത്തങ്ങളായിരുന്നു. ശത്രുക്കളുടെ സ്ത്രീകളെ പിടിച്ചെടുത്ത് അടിമകളാക്കുകയെന്നതായിരുന്നു ശത്രുവിൻ്റെ അഭിമാനം തകർത്ത് തോൽപ്പിക്കാനുള്ള അവരുടെ ഏറ്റവും പ്രചരിതമായ യുദ്ധരീതി. പിടിച്ചുകൊണ്ടുപോയ സ്ത്രീകളെ തിരിച്ചുപിടിക്കാനുള്ള ജീവൻ ബലിയർപ്പിച്ചുള്ള യുവാക്കളുടെ പോരാട്ടമാണ് അറേബിയയിലെ ഏറ്റവും സാഹസികമായ പോരാട്ട കഥകൾ. ഇത് അറേബിയയിലെ കാര്യം മാത്രമല്ല; ലോകത്തെല്ലായിടത്തും ഇതേ രീതിയായിരുന്നു നടന്നിരുന്നത്. പെൺകുട്ടികളെ കുഴിച്ചുമൂടി കൊല്ലുന്ന അക്രമം ചില ഗോത്രങ്ങളിൽ ഉണ്ടായിത്തീർന്നതിനുപിന്നിൽ, പിടിച്ചുകൊണ്ടുപോകപ്പെടുന്ന പെൺകുട്ടികൾ സ്വന്തം ഗോത്രത്തിനുണ്ടാക്കുന്ന അപമാനം ഒരു പ്രചോദനമായി എണ്ണപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെടുന്ന പെൺകുട്ടികൾ പിടിച്ചധീരയുവാവിൽ ആകൃഷ്ടരാവുകയും അവരോടൊപ്പം ജീവിക്കാൻ താല്പര്യം കാണിക്കുകയും ചെയ്തതും, മതി, ഇനീ പെൺകുട്ടികൾ’ എന്ന തീരുമാനത്തിലേക്ക് നയിച്ചുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇത്രത്തോളം വ്യാപകമായിരുന്നു, യുദ്ധത്തിൽ സ്ത്രീകളെ പിടികൂടുന്ന സമ്പ്രദായം അറബികൾക്കിടയിൽ.
No comments yet.