
ചോക്ലേറ്റ് സ്ലേവറി
നാം സ്നേഹപൂർവ്വം നമ്മുടെ ഇഷ്ടക്കാർക്ക് നൽകാറുള്ള ചോക്കലേറ്റ് മിഠായി പോലും ആധുനിക അടിമത്തത്തിൻ്റെ ഉല്പന്നമാണെന്ന് എത്രപേർക്കറിയാം? ആഹ്ളാദച്ചിരിയോടെ ചോക്ലേറ്റ് മിഠായി കടിച്ചു രസിക്കുമ്പോൾ, ചോക്ലേറ്റ് മിഠായിയുടെ നിർമ്മാണത്തിൽ പങ്കെടുത്ത ദശലക്ഷം ബാലികാബാലന്മാരുടെ തേങ്ങൽ നാം കേൾക്കുന്നില്ല. “ചോക്ലേറ്റ് സ്ലേവറി” യുടെ കഥ ഭീകരമാണ്. ചോക്ലേറ്റ് കമ്പനികൾ ബാലഅടിമത്തത്തിൻ്റെ കൂടി കമ്പനികളായിരുന്നു; ഇപ്പോഴും. 2000 ൽ ബിബിസി Kevin Bales ബാല അടിമത്തത്തെക്കുറിച്ച് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തിരുന്നുവെങ്കിലും അതിനെത്തുടർന്നുവന്ന 2001 ലെ A Taste of Slavery: How Your Chocolate May be Tainted എന്ന റിപ്പോർട്ടിലൂടെയാണ് ചോക്ലേറ്റ് സ്ലേവറിയുടെ ഭീകരത ലോകം തിരിച്ചറിയുന്നത്. 2002 ലാണ് The International Cocoa Initiative സ്ഥാപിതമാകുന്നത്. https://www.cocoainitiative.org/. Kevin Bales തന്നെയായിരുന്നു ഫൗണ്ടർ. അടിമത്ത വിരുദ്ധ സംഘങ്ങളും പ്രമുഖ ചോക്ലേറ്റ് കമ്പനികളും ഒന്നിച്ചുള്ള ജനീവ ആസ്ഥാനമായി ആരംഭിച്ച ഈ സംരംഭം, ചോക്ലേറ്റ് വ്യവസായത്തിൽ അരങ്ങേറുന്ന അടിമത്തരീതിയെ ചെറുക്കുന്നതിനായിട്ടായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ കോക്കോ വളരുന്ന കോറ്റ് ഡി ഐവയർ, ഘാന പ്രദേശങ്ങളിലെ പകുതിയോളം കുട്ടികൾ ബാലവേലയ്ക്ക് വിധേയരാണെന്നാണ് സംഘടനയുടെ വെബ്സൈറ്റ് പറയുന്നത്. ലോകത്തിലെ 60 ശതമാനം കൊക്കോ ഉത്പാദനം ഇവിടെയാണ് നടക്കുന്നത്. പ്രമുഖ ചോക്ലേറ്റ് കമ്പനികളിൽ നിന്ന് അത്തരം അടിമത്ത നീക്കങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു The International Cocoa Initiative. പക്ഷേ, ഇത്തരം സംഘടനകളും ആധുനിക യജമാനന്മാരുടെ ഒരടവ് നയം മാത്രമാണ്.
ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ NORC (National Opinion Research Center) 2020 ഒക്ടോബറിൽ പബ്ലിഷ് ചെയ്ത ഒരു റിപ്പോർട്ടിൽ, കോറ്റ് ഡി ഐവയർ, ഘാന പ്രദേശങ്ങളിലെ 1.56 മില്യൺ കുട്ടികൾ 2018-2019 വർഷങ്ങളിലെ കൊക്കോ ഉത്പാദന തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് കാണിക്കുന്നത്. ഇവരിൽ 1.48 മില്യൺ കുട്ടികളും “hazardous child labor”നു വിധേയമായവരാണത്രെ. The International Cocoa Initiative ജീവനോടെ ഉള്ളപ്പോഴാണിത് നടക്കുന്നത്. 2021 ഫെബ്രുവരിയിൽ ബിസിനസ് ഇൻസൈഡറിൽ, The International Rights Advocates എന്ന മനുഷ്യാവകാശ സംഘടന, 7 ചോക്ലേറ്റ് നിർമ്മാതാക്കൾ ബാലവേലയ്ക്കും കൊക്കോ കച്ചവടത്തിനും കൂട്ടുനിന്നുവെന്നാരോപിച്ച് നൽകിയ കേസിനെക്കുറിച്ചുള്ള ഒരു വാർത്ത വന്നിരുന്നു. Nestle, Cargill, Mars, Mondelez, Hershey, Barry Callebaut, Olam എന്നീ ചോക്ലേറ്റ് കമ്പനികൾക്കെതിരെയായിരുന്നു കേസ്. അമേരിക്കൻ കമ്പനിയായ Mars ൻ്റെ പ്രോഡക്റ്റ് ആണ് നമ്മുടെ നാട്ടിൽ കിട്ടുന്ന സ്നിക്ക്ചേഴ്സ്. IRAdvocates ൻ്റെ പരാതിപ്രകാരം, “കുട്ടി അടിമകൾ വിളവെടുക്കുന്ന ‘വിലകുറഞ്ഞ’ കൊക്കോയുടെ ലാഭം അനുഭവിക്കുന്നവരാണ്” പ്രമുഖ കമ്പനികൾ. ചോക്ലേറ്റ് മേഖലയിലെ കിംഗ് ആയി അറിയപ്പെടുന്ന Cadbury ക്കെതിരെയും ബാല അടിമത്ത പരാതിയുണ്ട്. 2022 ൽ Cadbury യുടെ Mondelēz International എന്ന കൊക്കോ കമ്പനിയിൽ നടക്കുന്ന ബാല വേലയെക്കുറിച്ച് ടിവി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. Channel 4 ൽ വന്ന അന്വേഷണ റിപ്പോർട്ടിലൂടെ, ”വിവിധ കൂട്ടായ്മയുടെ പ്രവർത്തനഫലമായി അടുത്തകാലങ്ങളിൽ ചോക്ലേറ്റ് വ്യവസായത്തിലെ ബാലാടിമത്തം നടക്കുന്നില്ലെന്ന” പ്രചാരണത്തിൻ്റെ ഉള്ളുകള്ളികൾ പുറത്തുവന്നു. Slave Free Chocolate പ്രസ്ഥാന സ്ഥാപകൻ Ayn Riggs വാർത്തയയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു: It’s horrifying to see these children using these long machetes, which are sometimes half their height. Chocolate companies promised to clean this up over 20 years ago. They knew they were profiting from child labour and have shirked their promises.” കാഡ്‌ബറിയുടെ ചോക്ലേറ്റ് ക്രീം എഗ്ഗ്‌സ് പ്രതിവർഷം 330 മില്യനാണ് വിറ്റഴിക്കപ്പെടുന്നത്.
ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും ചോക്ലേറ്റ് ഉത്പാദന മേഖലയിൽ തുടരുന്ന ബാല അടിമത്തത്തെ ഓർമ്മപ്പെടുത്താൻ ‘കയ്പേറിയ രസം’ എന്നാണ് ചോക്ലേറ്റ് ഉത്പന്നങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്.
മോഡേൺ സ്ലേവറി യുടെ മറ്റൊരു രൂപമാണ് ബാലവേലയും ബാല അടിമത്തവും. ഭാരമേറിയതും കഠിനമായതുമായ വേലകൾ ചെയ്യാൻ നിർബന്ധിതരാകുന്ന കുട്ടികൾക്ക്, തുലോം ചെറിയ ‘കൂലി’ മാത്രം നൽകി ‘സംതൃപ്തിപ്പെടുത്തുന്ന’ ഈ രീതി ലോകത്തിലെ സകല നാടുകളിലും വ്യാപകമാണ്. കുട്ടികളുടെ വിദ്യാഭ്യാസാവകാശവും വളരാനുള്ള അവകാശവും തടയപ്പെടുക മാത്രമല്ല, ശാരീരിക ദൗർബ്ബല്യം പിടിപെട്ട് , ചെറുപ്രായത്തിലേ രോഗങ്ങൾക്കടിമപ്പെട്ട് അവർ തകരാനിടയാക്കുന്ന ക്രൂരതയുടെ ആധുനിക രൂപമാണിത്; ലൈംഗിക ചൂഷണങ്ങൾ പുറമെയും.
പേരുമാറി അവതരിച്ച ആധുനിക അടിമത്തത്തിൻ്റെ പ്രതീകമാണ് ഇന്ന് ചോക്ലേറ്റ്..
No comments yet.